ഓരോ വളർച്ചയിലും ഞാനവളുടെ കൂടെ നിന്നു എനിക്കുപതിനഞ്ചു വയസായപ്പോൾ അമ്മാവൻ്റ വീട്ടിൽ നിന്ന് അവളുടെ കൈയും പിടിച്ച് ആ പടികളിറങ്ങി

എന്താ ഇച്ചായാ രാവിലെ തന്നെ ഒരു അലോചന രാവിലെ തന്ന ചായപോലും കുടിച്ചിട്ടില്ലാലോ

പൂമുഖത്ത് കസേരയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന റോണിയുടെ അടുത്ത് വന്ന് റോണിയുടെ മുടിയിൽ തലോടികൊണ്ട് നിമ്മി ചോദിച്ചു.

ഏയ് ഒന്നും ഇല്ല

ഒന്നും ഇല്ലാതില്ല എന്തോ സങ്കടം ഇച്ചായൻ്റെ മനസ്സിൽ ഉണ്ട് അത് ഈ ഇരിപ്പും ഇച്ചായൻ്റെ മുഖവും കണ്ടാൽ എനിക്ക് അറിയാം

ഒന്നും ഇല്ലടി റോണി ദീർഘശ്വാസം വിട്ടു കൊണ്ടു പറഞ്ഞു.

എന്തേലും സങ്കടം ഉണ്ടെങ്കിൽ ഇച്ചായൻ അതെന്നോടു കൂടി ഷെയർ ചെയ്യ് എനിക്ക് ഇച്ചായനെ സഹായിക്കാൻ പറ്റിയാലോ?

നിമ്മി ഞാൻ അവളെ കുറിച്ചോർത്തിരുന്നു പോയതാ ഇന്നലെ അവളെ കണ്ട് വന്നതിൽ പിന്നെ അവളുടെ മുഖം മാത്രമാണ് മനസ്സിൽ അവളുടെ അവസ്ഥ എത്ര ശോചനിയമാണന്നോ അതോർക്കുമ്പോൾ തന്നെ എനിക്ക് വിശപ്പും ദാഹവും തോന്നുന്നില്ല

നിനക്കറിയോ അവളെനിക്ക് അനിയത്തി മാത്രമായിരുന്നില്ല മൂന്നു വയസുള്ള അവളെ എന്നെ ഏൽപ്പിച്ച് പപ്പയും മമ്മയും ഈ ലോകത്തു നിന്ന് വിട പറഞ്ഞ അന്നു മുതൽ അവളെനിക്ക് മോളായിരുന്നു ഈ നെഞ്ചിൽ കിടന്നാ അവളു വളർന്നത്. എട്ടു വയസ്സുള്ള ഞാൻ ഒരേ സമയം ഞാനവളുടെ അമ്മയായും അച്ഛനായും ഏട്ടനായും വേഷം കെട്ടി അവളുടെ ഓരോ വളർച്ചയിലും ഞാനവളുടെ കൂടെ നിന്നു എനിക്കുപതിനഞ്ചു വയസായപ്പോൾ അമ്മാവൻ്റ വീട്ടിൽ നിന്ന് അവളുടെ കൈയും പിടിച്ച് ആ പടികളിറങ്ങി അതിനു കാരണം അമ്മാവൻ്റെ അമ്മായി കാരണമില്ലാതെ അവളെ വഴക്കു പറയുന്നതും കുറ്റപെടുത്തുന്നതും കേൾക്കുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറത്തായപ്പോളാണ്

അങ്ങനെ കൂലിവേല ചെയ്തും ഓട്ടോ ഓടിച്ചും ഞാൻ അവളെ പഠിപ്പിച്ചു. എത്ര വേണമെങ്കിലും പഠിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നു. എനിക്കോ പഠിക്കാൻ പറ്റിയില്ല അതിൻ്റെ സങ്കടം ഇപ്പോഴും എനിക്കുണ്ട്. അവളെ പഠിപ്പിച്ച് ജോലിക്കാരിയാക്കണം എന്നതായിരുന്നു എൻ്റെ സ്വപ്നം എന്നാൽ എൻ്റെ പ്രതീക്ഷകൾക്കും അപ്പുറം അവൾ വളർന്നു എന്ന് ഞാനറിയുന്നത് ഒരു ദിവസം കോളേജ് വിട്ട് പതിവ് സമയം കഴിഞ്ഞിട്ടും അവള് വീട്ടിൽ എത്താതിരുന്നപ്പോളാണ് എൻ്റെ കുട്ടിക്ക് എന്തെങ്കിലും ആപത്ത് പറ്റിയിട്ടുണ്ടാകും എന്ന ആശങ്കയിലാണ് ഞാൻ വീടും പൂട്ടി അവളെ അന്വേഷിച്ചിറങ്ങുന്നത്. അവളുടെ കൂട്ടുകാരുടെ വീടുകൾ കയറിയിറങ്ങി അന്വേഷിച്ചിട്ടും യാതൊരു വിവരവും കിട്ടാതെ വന്നപ്പോളാണ് പോലീസ്സ്റ്റേഷനിൽ എത്തി ഞാൻ പരാതി കൊടുത്തത്.

എൻ്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തരുതേ എന്ന് കുരിശുപള്ളിയിൽ പോയി ഒരു കൂട്മെഴുകുതിരിയും കത്തിച്ച് വീട്ടിലെത്തി കതകു തുറന്നപ്പോൾ എന്തോ ഒരു ശൂന്യത വന്നെന്നെ മൂടി ആ രാത്രി കണ്ണ് അടയ്ക്കാൻ ഞാൻ ഭയപ്പെട്ടു ഞാൻ കണ്ണ് അടച്ചാൽ എൻ്റെ കുട്ടിക്ക് ആപത്ത് വരും എന്ന് ഞാൻ ഭയപ്പെട്ടു. ഉണ്ണാതെ ഉറങ്ങാതെ ഞാൻ നേരം വെളുപ്പിച്ചു.

പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. മോളെ കണ്ടു കിട്ടി ഉടനെ സ്റ്റേഷനിൽ എത്തണം എന്ന്. എൻ്റെ കുട്ടിക്ക് ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വാസത്തോടെയാണ് ഞാനാ പോലീസ് സ്റ്റേഷൻ്റെ പടികൾ കയറി ചെന്നത്. കുടിവെള്ളത്തിനായി ദാഹിച്ചുവലഞ്ഞ പരവേശമായിരുന്നു മോളെ കാണാഞ്ഞിട്ട് മോളെ കാണാനായിട്ട് ഓടി ചെന്ന ഞാൻ കണ്ടത് മറ്റൊരുവൻ്റെ കൈയും പിടിച്ചു നിൽക്കുന്നതാണ്. എനിക്ക് വിശ്വാസിക്കാനായില്ല. ഞാനെൻ്റെ കണ്ണുകൾ വീണ്ടും വീണ്ടും അടച്ചു തുറന്നു ഞാൻ കണ്ടതു സത്യം തന്നെ

അവൾക്ക് അവൻ്റെ കൂടെ പോകണം എന്നു പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവളെ അവൻ്റെ കൈയിൽ പിടിച്ചേൽപ്പിച്ച് നിറകണ്ണുകളോടെയാണ് ഞാൻ ആ പോലീസ് സ്റ്റേഷൻ്റെ പടികളിറങ്ങിയത്

അച്ഛൻ്റെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും അവൾക്കെഴുതി കൊടുത്ത് കൂട്ടുകാരൻ അയച്ചു തന്ന വിസയിൽ ഞാൻ ഇവിടെ നിന്നും കടലുകടന്നു കണ്ണകന്നിട്ടും മനസ്സ് അകന്നില്ല അവളു ഓരോ ആവശ്യം പറഞ്ഞു വിളിക്കുമ്പോഴും അവളു ചോദിച്ചതിനേക്കാളും അയച്ചുകൊടുക്കുമായിരുന്നു

ഇടക്ക് നാട്ടിൽ വന്നപ്പോളാണ് നിന്നെ കണ്ടുമുട്ടിയത് നിന്നെ കണ്ടുമുട്ടിയപ്പോഴാണ് ഞാനുമൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയത്.പിന്നത്തെ കാര്യം നിനക്ക് അറിയാമല്ലോ ബാങ്കിൽ നിന്ന് ലോണെടുത്താണ് ഈ വീടും സ്ഥലവും വാങ്ങിയത്.പിന്നെ നീ എൻ്റെ ജീവിതത്തിലേക്കും വന്നു. ഇതിനിടയിൽ അവളെ സാമ്പത്തികമായി സഹായിക്കാൻ എനിക്കു പറ്റിയില്ല വീണ്ടും ഞാൻ സന്തോഷം എന്താണന്ന് അറിഞ്ഞു തുടങ്ങിയതേയുള്ളു ജീവിക്കാൻ തുടങ്ങിയതേയുള്ളു.

അവൾ എന്നെ കാണണം എന്നു പറഞ്ഞ് വിളിച്ചപ്പോൾ പിന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല ലീവെടുത്ത് ഞാനോടിയത്തിയത് അവളെ ഈ നിലയിൽ കാണാൻ ആയിരുന്നെന്ന് ഞാൻ അറിഞ്ഞില്ല നിമ്മി.

എന്നെ പോലും കൂടെ കൂട്ടാതെ ഇച്ചായൻ വന്നതേ അവളെ കാണാൻ പോയില്ലേ അതിലെനിക്ക് ചെറിയ സങ്കടമുണ്ടായിരുന്നു അതാ ഇച്ചായൻ തിരികെ എത്തിയിട്ടും ഞാനൊന്നും ചോദിക്കാതെ ഇരുന്നത്. എന്താ ഇച്ചായാ അവൾക്ക് എന്താ പറ്റിയത്.

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവന് പണത്തിനോട് മാത്രമായിരുന്നു സ്നേഹം കൊടുത്തതെല്ലാം വിറ്റുതുലച്ചു. അവൻ നിർബന്ധിച്ചിട്ടായിരുന്നു അവൾ ഓരോ പ്രാവശ്യവും പണം ചോദിച്ചിരുന്നത്. അതിലവൾക്ക് സങ്കടവും ഉണ്ടായിരുന്നു. പോകെ പോകെ അവൻ്റെ ആവശ്യങ്ങൾ കൂടി കൂടി വന്നു. അതിനെ അവൾ എതിർത്തു.ആ സമയത്തെല്ലാം അവൻ അവളെ ഉപദ്രവിക്കുമായിരുന്നു. എന്നോട് പറഞ്ഞ് എന്നെ സങ്കടപ്പെടുത്തണ്ടല്ലോ എന്നോർത്ത് അവളെല്ലാം സഹിച്ചു.

തുടർച്ചയായുള്ള പനിയും ശ്വാസം മുട്ടലും അവളെ അലട്ടികൊണ്ടിരുന്നു. അടുത്തുള്ള ഹോമിയോ ആശുപത്രിയിലും ആയുർവേദ ആശുപത്രിയിലും പോയി മരുന്നു വാങ്ങി കഴിച്ചു കൊണ്ടിരുന്നു. അവളെ ‘ നല്ലൊരാശുപത്രിയിൽ കൊണ്ടു പോകാനോ വിശദമായ ചെക്കപ്പുകൾ നടത്താനോ അവൻ മിനക്കെട്ടില്ല

ഹോമിയോ ആശുപത്രിയിലെ ഡോക്ടറാണ് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞതും നിർബദ്ധിച്ച് പറഞ്ഞു വിട്ടതും. അതിനായിരിക്കും അവൾ ഈയിടെ കുറച്ച് പൈസ അയച്ചുകൊടുക്കാമോ എന്നു ചോദിച്ചത്. ഞാൻ അവളു ചോദിച്ച പൈസ അയച്ചുകൊടുത്തു. ഒരാഴ്ച കഴിഞ്ഞൊരു ദിവസം അവളെന്നെ വിളിച്ചു അവൾക്ക് എന്നെ ഉടൻ കാണണം എന്ന് ഏട്ടൻ വരാൻ വൈകുന്ന ഓരോ ദിവസവും ഏട്ടനെ കാണാനുള്ള സാധ്യതയും കുറഞ്ഞു വരുകയാണന്ന് പറഞ്ഞപ്പോൾ ആ വാക്കുകളിൽ എന്തോ പന്തികേടു തോന്നി അതാണ് ഞാനോടി വന്നത്.

ഇന്നലെ അവൾ പറഞ്ഞതു കേട്ട് ഞാൻ നടുങ്ങി പോയി അവൾക്ക് ലൂക്കിമിയ ആണന്ന് അതറിഞ്ഞ് അവൻ പറഞ്ഞൂന്ന്. അവന് അവളെ വേണ്ടന്ന്. ചികിത്സിക്കാൻ അവൻ്റെ കൈയിൽ പണമില്ലന്ന് .ഞാനെന്താ നിമ്മി അവളോട് പറയുക അവളേയും കൂട്ടി ഇങ്ങോട് വരാന്നു വെച്ചാൽ ഞാനും ഇവിടെ ഇല്ലാത്ത സ്ഥിക്ക് നിനക്കതൊരു ബുദ്ധിമുട്ടായാലോ അവളും അതു തന്നെ പറഞ്ഞു.

ഇച്ചായൻ ഈ നിമ്മിയെ അങ്ങനെ ആണോ മനസ്സിലാക്കിയിരിക്കുന്നത് ഇച്ചായൻ എഴുന്നേറ്റ് ഫ്രഷ് ആയിക്കേ ഞാനും ഒരുങ്ങി വരാം നമുക്കു പോയി അവളേയും കൂട്ടി നല്ലൊരാശുപത്രിയിൽ പോകാം ആദ്യം എന്നിട്ട് തീരുമാനിക്കാം ബാക്കി എന്തു വേണമെന്ന്‌

നിമ്മി പറഞ്ഞതു കേട്ട് റോണി വിശ്വാസം വരാതെ നിമ്മിയുടെ മുഖത്തേക്കു നോക്കി

നോക്കി ഇരിക്കാതെ വേഗം റെഡി ആവാൻ നോക്ക്. ഞാനും റെഡി ആവട്ടെ

നിമ്മിയും റോണിയും ഒരുങ്ങി ഇറങ്ങി. ഹാളിലെത്തിയ നിമ്മി പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ റൂമിലേക്ക് കയറി പോയി. തിരികെ എത്തിയപ്പോൾ നിമ്മിയുടെ കൈയിൽ തൻ്റെ ആഭരണങ്ങൾ സൂക്ഷിച്ചു വെച്ചിരുന്ന ജുവൽ ബോകസും ഉണ്ടായിരുന്നു.

ഇച്ചായാ ഇതു വിൽക്കുകയോ പണയം വെയ്ക്കുകയോ എന്താന്നു വെച്ചാൽ ചെയ്തോ പണം ഇല്ലാത്തതിൻ്റെ പേരിൽ അവളുടെ ജീവൻ നഷ്ടപെടരുത്.

നിമ്മി .. ഇതു നിൻ്റെ അച്ഛൻ നിനക്കായിട്ടു തന്നതാണ്. അതെടുത്ത് അലമാരയിൽ വെയ്ക്ക്

ഇച്ചായാ പണവും സ്വർണവും ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാ ഇപ്പോ ഇതിന് ആവശ്യം വന്നിരിക്കുകയാണ്

നിമ്മി നിൻ്റെ നല്ല മനസ്സിന് എങ്ങനാ നിന്നോട് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇപ്പോ ഇത് നീ അലമാരയിൽ വെച്ചു പൂട്ടിയിട്ടു വാ ആവശ്യം വരുമ്പോൾ ഇനി മടിക്കാതെ എനിക്ക് നിന്നോട് ചോദിക്കാലോ ഇപ്പോ ‘ആവശ്യത്തിനുള്ള പൈസ എൻ്റെ കൈയിൽ ഉണ്ട് ഇതുകൊണ്ടു പോയി വെച്ചിട്ട് വാതിലും പൂട്ടി ഇറങ്ങ്.

നിമ്മി ആ ജുവൽ ബോക്സ് കൊണ്ടുപോയി അലമാരയിൽ വെച്ച് വീടും പൂട്ടി ഇറങ്ങി ഒരു ഓട്ടോ പിടിച്ച് അവളുടെ വീടിന് മുന്നിലിറങ്ങി അവളേയും ഒരുക്കി അവിടെ നിന്നും ഒരു ടാക്സിയും പിടിച്ച് നല്ലൊരു ഹോസ്പിറ്റലിൽ എത്തി.

അവിടെ നിന്നും ട്രീറ്റ്മെൻ്റ് ആരംഭിച്ചു. ബ്ലഡ് ടെസ്റ്റുകൾ മുതൽ പലവിധ ടെസ്റ്റുകൾക്ക് വേണ്ടി അവളെ അവിടെ അഡ്മിറ്റ് ചെയ്തു്

കീമോ വേണമെന്നറിയിച്ചതിനെ തുടർന്ന് ആശുപത്രിക്കടുത്തു തന്നെ റും എടുത്ത് താമസം തുടങ്ങി. നിമ്മി തൻ്റെ സഹോദരിയെ പോലെ അല്ല ഒരു മകളെ പോലെ അവളെ പരിചരിച്ചു. ഭർത്താവിൻ്റെ ജീവനായ ഭർത്താവിൻ്റെ അനിയത്തിയെ ശുശ്രുഷിക്കുന്നതിൽ നിമ്മി ഒരു മടിയും കാണിച്ചില്ല

ആദ്യത്തെ കീമോ കഴിഞ്ഞ അന്ന് അവളുടെ വേദന കണ്ട് നിമ്മിയുടെ കണ്ണും നിറഞ്ഞു. കീമോയുടെ ഫലമായി അവൾ ശർദ്ധിച്ചതു കോരുമ്പോൾ നിമ്മിക്ക് യാതൊരു അറപ്പും തോന്നിയില്ല. അവളൊന്ന് മയങ്ങിയ നേരം നോക്കി നിമ്മി കുളിക്കാൻ കയറി കുളി കഴിഞ്ഞ് ഇറങ്ങി മുടി ഉണക്കി കൊണ്ടിരിക്കുമ്പോളാണ് അപ്പുറത്തെ മുറിയിൽ നിന്ന് റോണിയും അവളും സംസാരിക്കുന്നതു കേട്ടത്. വെറുതെ ആ സംസാരം ഒന്നു ശ്രദ്ധിക്കാൻ തോന്നി.

ഏട്ടാ ഏട്ടന് കിട്ടിയ പുണ്യമാണ് ഏട്ടത്തിയമ്മ ആഏട്ടത്തിയമ്മക്ക് ഞാനൊരു ശല്യമാണോ ഏട്ടാ ഒരു മടിയും കുടാതെ ഒരമ്മയെ പോലെ എന്നെ പരിപാലിക്കുന്നതു കാണുമ്പോൾ കുഞ്ഞിലെ നഷ്ടമായ നമ്മുടെ അമ്മ അടുത്തു വന്നതു പോലെയാ എനിക്കും തോന്നുന്നത്.

നിനക്ക് മാത്രമല്ല മോളെ ആ തോന്നൽ ഉള്ളത്. അവൾ എൻ്റെ ജീവിതത്തിലേക്കു വന്ന നാൾ എനിക്കും തോന്നുന്നതാ ചിലപ്പോ തോന്നും അവളെൻ്റെ അമ്മയാണന്ന് ചില സമയം എൻ്റെ സഹോദരിയായി തോന്നും. മകളായും കാമുകിയായും തോന്നും ശരിക്കും അവളെനിക്ക് ആരാണന്നു പോലും എനിക്ക് ഇതുവരെ അറിയില്ല .

ഏട്ടൻ ഭാഗ്യം ചെയ്തവനാ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ അവരുടെ സ്നേഹവും കൂടി തന്ന് എന്നെ വളർത്തിയിട്ട് ഞാൻ ഏട്ടനെ സങ്കടപ്പെടുത്തിയില്ലേ അതിനുള്ള ശിക്ഷയാണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്‌. ഏട്ടൻ അന്നു എന്നെ ശപിച്ചിട്ടുണ്ടാകുമല്ലേ

റോണിവേഗം തന്നെ അവളുടെ വായ് പൊത്തി. അങ്ങനെയൊന്നും പറയല്ലേ മോളെ മനുഷ്യരായാൽ തെറ്റും കുറ്റവും ഒക്കെ ചെയ്യും അതിനുള്ള ശിക്ഷയല്ല രോഗം.പിന്നെ അന്നു മോള് പോയപ്പോ ഏട്ടന് സങ്കടം ഉണ്ടായി എന്നുള്ളത് നേരാണ്. എന്നും വെച്ച് ഏട്ടന് ശപിക്കാൻ പറ്റുമോ ഈ അനിയത്തി കുട്ടിയെ ഏട്ടന് ഒരു പരിഭവമേയുള്ളു ഏട്ടൻ്റെ അനിയത്തി കുട്ടിക്ക് അവിടെ സങ്കടവും ദുരിതവും അടിയും പിടിയും ആണന്ന് ഏട്ടനോട് പറയാത്തതിൽ പറഞ്ഞിരുന്നെങ്കിൽ ഏട്ടൻ വന്ന് എൻ്റെ കുട്ടിയെ കൂട്ടികൊണ്ട് പോയേനെ.

ഞാൻ ഏട്ടനെ അറിയിച്ചിരുന്നെങ്കിൽ ഏട്ടൻ വന്ന് എന്നെ കൂട്ടികൊണ്ട് പോയേനെ എനിക്കതറിയാം വീണ്ടും ഞാനെൻ്റെ ഏട്ടനൊരു ബാധ്യത ആയേനെ വീണ്ടും ഏട്ടൻ എനിക്കു വേണ്ടി കഷ്ടപെട്ടേനെ എനിക്കു വേണ്ടി ജീവിതം ത്യജിച്ചേനെ അങ്ങനെ യൊക്കെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഏട്ടത്തിയമ്മയെ കിട്ടുമായിരുന്നോ?

ഏട്ടാ അന്നു ഞാൻ ഏട്ടനോട് ചെയ്തതു ക്ഷമിക്കാൻ പറ്റാത്ത തെറ്റാണന്ന് അറിയാം എന്നാലും ഏട്ടനെന്നോട് ക്ഷമിക്കണം’ ഏട്ടൻ ഏട്ടനു വേണ്ടി ജീവിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. ഇനി എന്നെ നോക്കി ഏട്ടൻ്റെ നല്ല നാളുകൾ കളയണ്ട എന്നെ ഏതെങ്കിലും പാലിയേറ്റീവ് കെയർ യൂണിറ്റിലാക്കി ഏട്ടൻ ഏട്ടത്തിയമ്മയേയും കൂട്ടി വീട്ടിൽ പോകണം. ഏട്ടൻ ഇന്നലെയല്ലേ നാട്ടിലെത്തിയത് ഏറെ നാളു കുടി ഏട്ടൻ നാട്ടിൽ വന്നതല്ലേ ഏടത്തിയമ്മക്കും കാണില്ലേ ആഗ്രഹങ്ങൾ ഏട്ടത്തിയമ്മയും ഏട്ടനുമൊക്കെ വല്ലപ്പോഴും വന്നാൽ മതി എന്നെ കാണാൻ

ഏട്ടത്തിയമ്മയും മടുക്കും കുറച്ചു നാൾ കഴിയുമ്പോൾ – എന്നെ നോക്കി മടുത്തു കഴിയുമ്പോൾ ഏട്ടനോടും ദേഷ്യമാകും ഞാൻ കാരണം നിങ്ങളുടെ ഇടയിൽ ഒരു പ്രശ്നം ഉണ്ടാകുന്നത് എനിക്ക് സഹിക്കില്ല അതുകൊണ്ടാണ് ഞാൻ പറയുന്നത് എന്നെ എവിടേലും ഏൽപ്പിച്ചാൽ മതി എന്ന്

ഇച്ചായാ ഇവൾ എന്തൊക്കെയാ ഈ പറയുന്നത് ഇതെല്ലാം കേട്ടു ഇച്ചായൻ എന്താ മിണ്ടാതിരിക്കുന്നത്.

ഞാൻ എന്തു പറയാനാ അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. അവൾ പറയുന്നതിലും കാര്യമുണ്ടന്ന് തോന്നി

അതുകൊണ്ട് ഇച്ചായൻ ഇവൾ പറയുന്ന പോലെ ഇവളെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ ആക്കാൻ തീരുമാനിച്ചോ.

അല്ലാതെ ഞാനെന്തു ചെയ്യും നിമ്മി ലീവ് തീരുന്നതുവരെ എനിക്ക് ഇവളുടെ കൂടെ ഇരിക്കാൻ കഴിഞ്ഞേക്കും ലീവ് കഴിഞ്ഞ് ഞാൻ പോയി കഴിഞ്ഞാൽ നിമ്മി നിമ്മിയുടെ വീട്ടിലേക്കും പോകില്ലേ എൻ്റെ കുട്ടിയെ ഇനി അവൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാനും വയ്യ പിന്നെ എന്തു ചെയ്യും ഞാൻ

ഇച്ചായാ ഞാനൊരു കാര്യം ചോദിക്കട്ടെ ഇന്ന് ഇച്ചായൻ്റെ അനിയത്തിക്ക് വന്ന ഈ അസുഖം നാളെ എനിക്കു വന്നാൽ എന്നെ ആരു നോക്കും ഇച്ചായൻ ഇതു പോലെ എന്നേയും പാലിയേറ്റീവ് കെയർ യൂണിറ്റൽ കൊണ്ടുചെന്നാക്കുമോ

നിമ്മി….. ആവശ്യമില്ലാത്തതു പറയണ്ട പിന്നെ നിന്നെ ഞാൻ സംരക്ഷിക്കും എനിക്കതിന് കഴിയാതെ വന്നാൽ നിൻ്റെ വീട്ടുകാർ നിനക്ക് ഉണ്ടല്ലോ.

എന്താ റിൻസിക്ക് വീട്ടുകാർ ഇല്ലേ? ഭർത്താവ് സംരക്ഷിക്കാത്തിടത്തോളം അവളുടെ സംരക്ഷണം ഇച്ചായൻ്റെ ഉത്തരവാദിത്വമാണ് .റിൻസിയുടെ ചികിത്സക്കാവശ്യമായ പണം വേണമെങ്കിൽ ഇച്ചായൻ തിരിച്ചു പോയെ പറ്റു അപ്പോ ഇച്ചായൻ ഇവിടെ ഇല്ലാത്ത സാഹചര്യത്തിൽ റിൻസിയെ പരിചരിക്കേണ്ട ഉത്തരവാദിത്വം എനിക്കും ഉണ്ട്. അതു കൊണ്ട് റിൻസിയെ ഞാൻ നോക്കും നമ്മുടെ വീട്ടിൽ കൊണ്ടുപോയി. ഇച്ചായൻ്റെ ജീവനാ ഈ കിടക്കുന്നത് അതു മനസ്സിലാക്കാതെ ഞാൻ മുഖം തിരിച്ചാൽ നാളെ എനിക്ക് ഈ ഗതി വരുമ്പോൾ എൻ്റെ ഏടത്തിയമ്മയും എനിക്കെതിരെ മുഖം തിരിക്കില്ലന്ന് എന്താ ഉറപ്പ്.

നിമ്മി … ഞാൻ … എന്താ ഇപ്പോ പറയുക എൻ്റെ അനിയത്തിയെ നോക്കണം എന്നു ഞാനെങ്ങനെ നിന്നോടു പറയും എന്നോർത്ത് മനസ്സുനീറി ഇരിക്കുമ്പോളാണ് മോള് പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ കാര്യം പറഞ്ഞത്.

ഇച്ചായാ നാളെ നമുക്ക് ജനിക്കുന്ന മക്കൾക്കാണ് ഇങ്ങനെ വന്നാൽ ഞാൻ നോക്കട്ടെ എനിക്കു ബുദ്ധിമുട്ടാണന്നും പറഞ്ഞ് മാറി നിൽക്കുമോ അപ്പോ പിന്നെ ഇച്ചായൻ മകളെ പോലെ കാണുന്ന ഇവളും എൻ്റെ മോളല്ലേ ഞാൻ എൻ്റെ മകളെ അല്ല നമ്മുടെ മകളെ പരിചരിക്കണ്ടേ അവൾക്കാവശ്യമായ സ്നേഹവും സംരക്ഷണവും നൽകണ്ടേ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണ്ടെ?

വേണം നിമ്മി എൻ്റെ മോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം ഡോക്ടർ പറഞ്ഞു ക്യാൻസർ അതിൻ്റെ സെക്കൻ്റ് സ്റ്റേജിലെത്തിയിട്ടുള്ളു എന്ന്‌ ശരിയായ രീതിയിലുള്ള ചികിത്സയും സന്തോഷവും പരിചരണവും നൽകിയാൽ അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പറ്റും എന്ന് തൊണ്ണൂറ് ശതമാനവും ഉറപ്പു പറയുന്നുണ്ട്.

ഇച്ചായൻ്റെ കൂടെ ഞാനും ഉണ്ട് നമുക്ക് നമ്മുടെ മോളെ തിരികെ കൊണ്ടുവരണം

നിമ്മി ഇതിനൊക്കെ ഞാൻ എന്തു പ്രതിഫലമാണ് തരേണ്ടത്. ഞാൻ നിന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെയാണ് നീ പറഞ്ഞത്.

ആശുപത്രിവാസമെല്ലാം കഴിഞ്ഞ് റിൻസിയെ വീട്ടിലേക്കു കൊണ്ടുവന്നു. റിൻസിയിൽ ഏട്ടത്തിയുടെ സ്നേഹപരിചരണത്തിൻ്റെ ഫലമായി നല്ല മാറ്റം കണ്ടുവന്നു. ലീവ് തീർന്ന് റോണി തിരിച്ചു പോയി.

റിൻസിയുടെ ചികിത്സ മുറപ്പോലെ നടന്നു പ്രാർത്ഥനയും ചികിത്സയും ഒരുമിച്ച് വേണ്ട സമയമായിരുന്നു റിൻസിക്ക്. അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും നിമ്മി റിൻസിയെ സ്നേഹിച്ചു റിൻസിയെ കാണാനോ വിവരം തിരക്കാനോ ഒരിക്കൽ പോലും ഭർത്താവ് എത്തിയില്ലന്നു മാത്രമല്ല അയാൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് റിൻസി പൊട്ടിച്ചിരിക്കുകയാണ് ചെയ്തതു്

എന്താ മോളെ നിനക്ക് സങ്കടമില്ലേ

എന്തിനാ ഏടത്തി സങ്കടം എന്നെ വേണ്ടാഞ്ഞിട്ടല്ലേ അയാൾ മറ്റൊരു വിവാഹം കഴിച്ചത്. എന്നെ വേണ്ടവർ ഇവിടെ ഉള്ളപ്പോ ഞാൻ എന്തിന് സങ്കടപെടണം.

റിൻസിയെ നിമ്മിയുടെ നെഞ്ചിലേക്ക് ചാരി നിമ്മി റിൻസിയെ തൻ്റെ നെഞ്ചോടു ചേർത്ത് ആ മൂർദ്ധവിൽ ചുംബിച്ചു.ആ സമയം തനിക്കു നഷ്ടമായ അമ്മയുടെ സ്നേഹം ഏട്ടത്തിയിൽ നിന്ന് അനുഭവിക്കുകയായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു റിൻസി പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വന്നു ഏട്ടൻ്റെ മക്കളേയും കൊഞ്ചിച്ച് ഏട്ടൻ്റെയും ഏട്ടത്തിയുടെയും സ്നേഹം ആവോളം ആസ്വദിച്ച് ജീവിതം മുന്നോട്ട് പൊയ്കൊണ്ടിരുന്നു

ഒരു ദിവസം ഏട്ടത്തിയോട് അടുത്ത വീട്ടിലെ ചേച്ചി പറയുന്നതു കേട്ടു .

റിൻസിയുടെ ഭർത്താവില്ലേ ആ സാജൻ അവനു വായിൽ ക്യാൻസർ ആണന്ന് അതിറഞ്ഞ് ഭാര്യ അവനെ ഇട്ടിട്ടുപോയത്രേ
നോക്കാനാരുമില്ലാത്ത അവനെ വീട്ടുകാർ കന്യാസ്ത്രികൾ നടത്തുന്ന പാലിയേറ്റീവ് കെയറിൽ കൊണ്ടാക്കിയിരിക്കുകയാ

വിതച്ചതേ കൊയ്യു ചേച്ചി മോളിതൊന്നും അറിയണ്ട ചേച്ചി അവളോട് പറയണ്ടാട്ടോ

ഇല്ല നിമ്മി.

അവരുടെ സംഭാഷണം കേട്ടതായി റിൻസി ഭാവിച്ചില്ല

ഒരു ദിവസം ചേച്ചിയേയും കൂട്ടി റിൻസി സാജൻ കിടക്കുന്ന പാലിയേറ്റീവ് സെൻ്ററിൽ ചെന്നു സാജനെ കാണുമ്പോൾ സാജന് താൻ ചെയ്തു പോയ തെറ്റിന് റിൻസിയോട് മാപ്പ് പറയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. റിൻസിയുടെ കൈയിൽ പിടിച്ചു സാജൻ സാജൻ്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. സാജൻ്റെ കൈകൾ കൂട്ടിപിടിച്ച് റിൻസി തൻ്റെ ചുണ്ടോടു ചേർത്തു ആ കൈകൾ വിടുവിച്ച് റിൻസി തിരിഞ്ഞു നോക്കാതെ നടന്നകന്നു നിറഞ്ഞ തൻ്റെ കണ്ണുകൾ ആരും കാണാതിരിക്കാൻ ശ്രമിച്ചുകൊണ്ട് വേഗത്തിൽ നടന്നു പിന്നാലെ നിമ്മിയും

റിൻസി ചെന്നു കണ്ടതിൻ്റെ പിറ്റേന്ന് സാജൻ മരിച്ചു മരണാനന്തര ചടങ്ങിൽ നമ്മിയോടൊപ്പം പോയി പങ്കെടുത്തു. ഒരിറ്റു കണ്ണുനീർ പൊഴിക്കാതെ റിൻസി ആ ചടങ്ങിൽ പങ്കെടുത്തു.

അവസാനിച്ചു

Sneha

Leave a Reply

Your email address will not be published. Required fields are marked *