അതുകൊണ്ട് സാറ് എൻ്റെ കൂടെ ലോഡ്ജിലേക്ക് വാ എൻ്റെ മകൾക്ക് കൊടുത്ത കാശിന് ഒരു മണിക്കൂർ എൻ്റെ കൂടെ ലോഡ്ജിൽ ചിലവഴിച്ചേ പറ്റൂ എന്ന്

പോരുന്നോ ?

എങ്ങോട്ട് ?

തൊട്ടടുത്ത് വന്ന് നിന്ന ഏകദേശം നാല്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന സുന്ദരിയായ സ്ത്രീയുടെ ചോദ്യത്തിന് മറുപടിയായി അയാൾ ചോദിച്ചു

കുറച്ചപ്പുറത്ത് ഒരു ലോഡ്ജ് ഉണ്ട്
1500 രൂപ തന്നാൽ അവിടെപ്പോയി ഒരു മണിക്കൂർ എൻജോയ് ചെയ്യാം
ആ സ്ത്രീ പറഞ്ഞു

ആശയുണ്ട് പക്ഷെ കയ്യിൽ കാശില്ല
അയാൾ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

കുറച്ച് കഴിഞ്ഞപ്പോൾ ആ സ്ത്രീ അയാളുടെ അടുത്തേക്ക് അല്പം കൂടി ചേർന്ന് നിന്ന് ചോദിച്ചു

എനിക്ക് പത്ത് രൂപ തരുമോ ?
ചായ കുടിക്കാനാണ്
രാവിലെ മുതൽ ഒന്നും കഴിച്ചില്ല

പഴ്സിൽ നിന്ന് അയാൾ ഒരു അമ്പത് രൂപ നോട്ട് എടുത്ത് ആ സ്ത്രീക്ക് കൊടുത്തു
ചായ മാത്രമാക്കണ്ട പലഹാരവും കഴിച്ചോളൂ
അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

സന്തോഷത്തോടെ ആ സ്ത്രീ കാശ് മേടിച്ചു

എന്തെ ഇന്ന് ബിസ്സിനസ്സൊന്നും നടന്നില്ലേ ?
അയാൾ ഒരു ചെറുപുഞ്ചിരിയോടെയും ചെറു പരിഹാസത്തോടെയും ചോദിച്ചു

ആ ചോദ്യത്തിന് മറുപടി പറയാതെ ഒരു ചെറുപുഞ്ചിരി അയാൾക്ക് സമ്മാനിച്ചുകൊണ്ട് ആ സ്ത്രീ റോഡിനപ്പുറത്ത് നില്ക്കുന്ന പെൺകുട്ടിയെ ലക്ഷ്യമാക്കി നടന്നു

ആ സ്ത്രീ ആ അമ്പത് രൂപ നോട്ട് ആ കുട്ടിക്ക് കൊടുത്തു
പക്ഷെ അവൾ കരയുകയായിരുന്നു

എന്താണ് അവർക്കിടയിൽ സംഭവിക്കുന്നതെന്നറിയാൻ അയാൾക്ക് ആകാംക്ഷ തോന്നി
അയാൾ പതിയെ അവരുടെ അടുത്ത് ചെന്നു

അയാളെ കണ്ടതും പെൺകുട്ടി കരച്ചിൽ നിറുത്തി

എൻ്റെ മകളാണ് സാറേ
നാളെയാണ് ഇവളുടെ കോളേജിൽ പരീക്ഷ ഫീസ് അടക്കേണ്ട അവസാന ദിവസം
എൻ്റെ കയ്യിലാണെങ്കിൽ ആകെയുള്ളത് ഈ അമ്പത് രൂപയാണ്
ബിസ്സിനസ്സൊന്നും ഇല്ല സാറേ
നീറുന്ന ചങ്കോടെ നിറയുന്ന കണ്ണുകളോടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വരുത്തി ആ സ്ത്രീ അയാളോട് പറഞ്ഞു

അയാൾ പഴ്സിൽ നിന്ന് 1500 രൂപ എടുത്ത് ആ പെൺകുട്ടിക്ക് കൊടുത്തു
ഒരു താങ്ക്സ് പറഞ്ഞ് ആ പെൺകുട്ടി നടന്നകന്നു

അയാൾ തിരിഞ്ഞ് നടന്നപ്പോൾ ആ സ്ത്രീ വിളിച്ചു
സാറേ
എന്നെ പറ്റിച്ചുലേ ?
എൻ്റെ കൂടെ ലോഡ്ജിൽ വരാൻ കാശില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ കാശ് എവിടന്ന് വന്നു ?

എൻജോയ് ചെയ്യാൻ കാശില്ല എന്നാണ് ഞാൻ പറഞ്ഞത്
അയാൾ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

സാറേ
കാശിന് വേണ്ടി ശരീരം വിറ്റിട്ടുണ്ട്
പക്ഷെ ഇന്നേ വരെ ഒരാളിൽ നിന്നും ഓസിയിൽ കാശ് പറ്റിയിട്ടില്ല
ആരുടേയും സഹായവും സഹതാപവും എനിക്ക് ആവശ്യവുമില്ല
അതുകൊണ്ട് സാറ് എൻ്റെ കൂടെ ലോഡ്ജിലേക്ക് വാ
എൻ്റെ മകൾക്ക് കൊടുത്ത കാശിന് ഒരു മണിക്കൂർ എൻ്റെ കൂടെ ലോഡ്ജിൽ ചിലവഴിച്ചേ പറ്റൂ
എന്ന് പറഞ്ഞ് ആ സ്ത്രീ നടന്നു

അയാൾ ഒരു ചെറുപുഞ്ചിരിയോടെ ആ സ്ത്രീയെ പിന്തുടർന്നു

ആ സ്ത്രീ കുളിച്ച് സുന്ദരിയായി ലോഡ്ജ് മുറിയിലെ കണ്ണാടിയുടെ മുമ്പിൽ വന്ന് നിന്ന് പറഞ്ഞു

സാറേ സാറിനറിയോ
ഞാൻ ഒരുപാട് ആണുങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും എൻ്റെ മകളുടെ അച്ഛന് ശേഷം സാറിനാണ് ഞാൻ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ എൻ്റെ ശരീരം തരുന്നത്

നിങ്ങളുടെ ഭർത്താവ് എവിടെ ?
അയാൾ ചോദിച്ചു

എനിക്ക് ഭർത്താവുണ്ടായിരുന്നില്ല
കാമുകനായിരുന്നു
മകളെ സമ്മാനിച്ച് അയാൾ എങ്ങോട്ടോ പോയി
ആ സ്ത്രീ പുഞ്ചിരിച്ച് ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് പറഞ്ഞു

കാമുകനെ ഇപ്പഴും ഓർക്കാറുണ്ടോ ?

അയാളുടെ ആ ചോദ്യത്തിന് മറുപടിയായി ആ സ്ത്രീ അയാളുടെ മുമ്പിൽ വന്ന് നിന്ന് അടിപ്പാവാട പതിയെ താഴ്ത്തി അടിവയറിലെ സ്റ്റിച്ചുകളുടെ അടയാളങ്ങൾ അയാൾക്ക് കാണിച്ച് കൊടുത്തു

എൻ്റെ മകളെ വയറ് കീറിയാണ് പുറത്തെടുത്തത്
ഈ സ്റ്റിച്ചുകളുടെ അടയാളങ്ങൾ മായാത്തിടത്തോളം അവനെ എനിക്ക് മറക്കാൻ കഴിയില്ല സാറേ

ശരീരം വിറ്റ് ജീവിക്കുമ്പോൾ നിങ്ങൾക്ക് സമൂഹത്തിനെ ഭയമില്ലേ ?

അയാളുടെ ആ ചോദ്യത്തിനുള്ള മറുപടി ആ സ്ത്രീയുടെ തുറിച്ച് നോട്ടവും ദേഷ്യത്തോടെ സമൂഹം എന്ന പിറുപിറുക്കലുമായിരുന്നു

പിന്നെ കുറച്ച് നേരത്തേക്ക് അയാൾ ഒന്നും മിണ്ടിയില്ല

ഒരു മണിക്കൂർ കഴിഞ്ഞു
നിങ്ങൾ പോയ്ക്കൊള്ളൂ
അയാൾ പറഞ്ഞു

സാറ് എന്നെ ഒന്നും ചെയ്തില്ലല്ലോ ?

ആ സ്ത്രീയുടെ ചോദ്യത്തിന് അയാൾ ഒരു പുഞ്ചിരി മറുപടിയായി നല്കി

ആ സ്ത്രീ സാരിയുടുത്ത് റൂമിന് പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് അയാളോട് പറഞ്ഞു

എനിക്ക് ഒരു ഭയമേ ഉള്ളൂ സാർ എൻ്റെ മകളുടെ അടിവയറിലും എന്നെപ്പോലെ സ്റ്റിച്ചുകൾ വരുമോ എന്നുള്ള ഭയം…

Leave a Reply

Your email address will not be published. Required fields are marked *