” ഇപ്പോ എന്റെ ഭാര്യയായിരിക്കെ നിനക്ക് ഇവനുമായി അവിഹിതമുള്ളത് എനിക്ക് നല്ലതുപോലെ അറിയാം മീനു…”
രൂപേഷിന്റെ വാക്കുകൾ കേൾക്കെ ഒന്ന് നടുങ്ങി മീനുവും ഒപ്പമുണ്ടായിരുന്ന ആദർശും.
” നിങ്ങൾ .. എന്താ ഈ പറയുന്നത്.. ”
സംശയത്തിൽ മീനു നോക്കുമ്പോൾ ഒന്ന് ചിരിച്ചു രൂപേഷ്.
” എടീ…നീ കണ്ണടച്ച് പാല് കുടിക്കാൻ നോക്കേണ്ട കേട്ടോ… ഇവനുമായി നീ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറില്ലേ.. നമ്മടെ ബെഡ്‌റൂം കാര്യങ്ങൾ ഉൾപ്പെടെ… എന്താ കരുതിയെ എല്ലാം രഹസ്യമായിരിക്കുമെന്നോ.. ഞാൻ എല്ലാം അറിയുന്നുണ്ട് ”
” രൂപേഷേ.. നീ വെറുതേ വൃത്തികേട് പറയരുത്. ആസ് എ ബെസ്റ്റ് ഫ്രണ്ട് നിങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മീനു എന്നോട് പറഞ്ഞിട്ടുണ്ട്. അതല്ലാതെ വേറൊന്നുമില്ല.. ”
ഒക്കെയും കേട്ട് ആദർശും വല്ലാണ്ടായി.
” ഓ പിന്നേ ഒരു ഫ്രണ്ട്.. ഭർത്താവുമായി സെക്സ് ചെയ്യുമ്പോ സുഖം കിട്ടുന്നില്ല എന്നൊക്കെ ഫ്രണ്ട്സിനോട് പറയാൻ പറ്റുന്ന കാര്യങ്ങൾ ആകും അല്ലെ.. ”
പുച്ഛത്തോടെയാണ് രൂപേഷ് അത് ചോദിച്ചത്.
ഇത്തവണ മീനുവും ആദർശും ശെരിക്കും ഞെട്ടി. കാരണം അവരുടെ വാട്സ്ആപ്പ് ചാറ്റ് കാര്യങ്ങളായിരുന്നു രൂപേഷ് ആ പറഞ്ഞത്
അവരുടെ പരുങ്ങൽ കണ്ട് വീണ്ടും ഒരു വഷളൻ ചിരി ചിരിച്ചു രൂപേഷ്.
” ഒരു രസത്തിനു ഇവളുടെ വാട്സ്ആപ്പ് ഞാൻ എന്റെ ഫോണിൽ കൂടി ആക്കി ഇട്ടു. സംഗതി ഇവളുടെ ഏതേലും കൂട്ടുകാരികളെ വളയ്ക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു. അതുകൊണ്ട് ഇവളുടെ ചാറ്റുകൾ എല്ലാം എനിക്കും കാണാൻ പറ്റും.. അങ്ങിനെ നോക്കി ഇരിക്കുമ്പോ ആണ് നിങ്ങടെ ഈ ചാറ്റ് കണ്ണിൽ പെടുന്നെ…”
ആ മറുപടി ഒട്ടും പ്രതീക്ഷിച്ചില്ല അവർ. രണ്ടാളും ഒരു നിമിഷം മൗനമായി മുഖാമുഖം നോക്കിപ്പോയി
” അതേ പേടിക്കേണ്ട കേട്ടോ.. ഞാൻ ആരോടും ഒന്നും പറയില്ല പക്ഷെ എനിക്ക് ഇച്ചിരി കാശ് വേണം.. ഇച്ചിരി എന്നാൽ ഒരു ലക്ഷം.. വണ്ടിയുടെ സിസി അടച്ചു തീർക്കാൻ ആണ്. ആ കാശ് ആദർശ് ഇങ്ങ് തന്നാൽ മതി മാത്രമല്ല നിങ്ങള് വേണേൽ ഈ ബന്ധം തുടർന്നോ എനിക്ക് അതൊരു പ്രശ്നം അല്ല.. ഇത്പോലെ കാശ് ആവശ്യം ഉള്ളപ്പോ എന്നെ സഹായിച്ചാൽ മതി.. ”
രൂപേഷിന്റെ ആ മറുപടി കേട്ട് അറപ്പോടെ നോക്കിപ്പോയി മീനു. ആദർശിനാകട്ടെ കലിയിളകി
” ടാ നാറി.. ഇത്രക്ക് വൃത്തികെട്ടവനാകരുത് നീ.. സ്വന്തം ഭാര്യയെ വിറ്റ് കാശാക്കാൻ നോക്കുകയാണോ നീ ”
ദേഷ്യത്തിൽ രൂപേഷിന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു അവൻ.
” ഹാ.. നീ ഇങ്ങനെ തിളയ്ക്കല്ലേ ആദർശേ… നല്ല സുന്ദരിയായ ഒരു ഐറ്റത്തിനെ അല്ലെ ഞാൻ തരുന്നത് അതും ഒരു ടെൻഷനും ഇല്ലാതെ കാര്യം നടത്താം… വേണേൽ ഇവിടെ എന്റെ വീട്ടിൽ വച്ച് തന്നെ… നീ ഒന്ന് ആലോചിച്ചു പറഞ്ഞാൽ മതി ലോട്ടറിയാണ് ലോട്ടറി… ഇനീപ്പോ നോ പറഞ്ഞാൽ നിങ്ങടെ ചാറ്റ് ഞാനെടുത്ത് ഫാമിലി ഗ്രൂപ്പിൽ ഇടും.. പിന്നേ അറിയാലോ…”
വഷളൻ ചിരിയോടെ ഒരു കൂസലുമില്ലാതെ രൂപേഷ് മറുപടി പറയുമ്പോൾ ആകെ ചൂളിപ്പോയി മീനു. അവളുടെ ആ ഭാവം കാൺകേ ഒരു നിമിഷം എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പരുങ്ങി പോയി ആദർശ്. എന്നാൽ ഉള്ളിലെ ദേഷ്യം അവന് തടത്തു നിർത്തുവാൻ കഴിഞ്ഞില്ല
കൊടുത്തു ഒരെണ്ണം രൂപേഷിന്റെ ചെക്കിട് നോക്കീട്ട്. ഒട്ടും പ്രതീക്ഷിച്ചില്ല ആ അടി. പിന്നിലേക്ക് വേച്ചു പോയ അവൻ ചുവരിൽ ചെന്നിടിച്ചു നിന്നു. ആ സമയം കുറച്ചു കൂടി മുന്നിലേക്ക് കയറി ആദർശ്.
” അതേ ടാ… ബെഡ് റൂമിൽ നീ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ ഉൾപ്പെടെ പലതും പറഞ്ഞു ഇവൾ എന്നോട്… അത് പക്ഷെ കാമം മൂത്തിട്ട് പറഞ്ഞതല്ല… ഗതികെട്ട ജീവിതം ഒരാളോടെങ്കിലും തുറന്ന് പറയാൻ തോന്നീട്ട്… ഒരു ആശ്വാസ വാക്ക് കേൾക്കാൻ കൊതിച്ചിട്ട് പറഞ്ഞതാണ്. അതൊന്നും കേട്ടിട്ട് എനിക്കും കാമം മൂത്തില്ല… പകരം സഹതാപമാണ് തോന്നിയത് പാവത്തിനോട്.. ഒരു താലിയും കെട്ടി വീട്ടിൽ കൊണ്ട് വന്നത് കൊണ്ട് ഭർത്താവാകില്ല.. പൊന്ന് പോലെ നോക്കണം.. അവിടെയാണ് ഒരു ഭർത്താവിന്റെ മഹിമ… നിന്റെ കള്ള് കുടിയും പെണ്ണ് പിടിയും എല്ലാം ഇവൾ അറിഞ്ഞു… സഹിക്കാവുന്നതിന്റെ അങ്ങേ അറ്റം സഹിച്ചു നിൽക്കുകയാണ്. ഇനിയും ദ്രോഹിച്ചാൽ ചിലപ്പോ ഇവൾ പൊട്ടിത്തെറിക്കും.. അത് ഒരുപക്ഷെ നീ താങ്ങില്ല ”
ഒറ്റ ശ്വാസത്തിൽ ആദർശ് അത്രയും പറഞ്ഞു നിർത്തുമ്പോൾ വല്ലാണ്ട് പരുങ്ങി പോയി രൂപേഷ്. നിറ മിഴികളോടെ നിൽക്കുവാനേ മീനുവിന് കഴിഞ്ഞുള്ളു. അല്പസമയം അവളുടെ മുഖത്തെ ദയനീയത നോക്കി നിൽക്കെ മനസ്സിൽ ആ തീരുമാനം എടുത്തു ആദർശ്.
” മീനൂ… ഇവനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ നീ എന്തായാലും തീരുമാനിച്ചു. ഇന്ന് അല്പം മുന്നേ വരെയും നീ എനിക്ക് ഫ്രണ്ട് മാത്രമായിരുന്നു പക്ഷെ ഇപ്പോൾ ഇവൻ ഇത്രയും പറഞ്ഞപ്പോ നമ്മുടെ ബന്ധത്തെ പറ്റി ഞാൻ ചിന്തിക്കുകയാണ്. നിങ്ങടെ ജീവിതത്തിലെ എല്ലാം എന്നോട് തുറന്ന് പറയുവാൻ നിനക്ക് കഴിഞ്ഞു എങ്കിൽ ഇനിയുള്ള കാലം എന്തുകൊണ്ട് നമുക്ക് ഒന്നായിക്കൂടാ… ”
ആ ചോദ്യം കേൾക്കെ ഞെട്ടലോടെ ആദർശിന്റെ മുഖത്തേക്ക് നോക്കി മീനു.
” ഞാൻ ആത്മാർത്ഥമായി തന്നെ ചോദിക്കുകയാണ്.. എനിക്ക് മനസിലാക്കാൻ പറ്റും നിന്നെ നിന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുവാനും പറ്റും… ഒരു തേപ്പ് കിട്ടിയേ പിന്നേ വിവാഹം വേണ്ട എന്ന് തീരുനിച്ചതാണ്. പക്ഷെ ഇപ്പോൾ ഞാൻ മനസിലാക്കുന്നു എനിക്ക് ചേർന്ന പെണ്ണ് നീ തന്നെയാണ്. എന്നെ മനസിലാക്കുന്ന ഞാൻ മനസിലാക്കുന്ന പെണ്ണ്.. ഒരു ലക്ഷം രൂപ കൊടുത്തു ഇവന്റെ വാ അടപ്പിക്കുന്നതിനു പകരം ആ ഒരു ലക്ഷം ചിലവാക്കി ഒരു താലിമാല വാങ്ങി നിന്റെ കഴുത്തിൽ കെട്ടാം ഞാൻ.. പിന്നേ ഒരു നാറികളെയും പേടിക്കേണ്ട.”
ഒരു നിമിഷം സ്ഥബ്ധയായി അങ്ങിനെ നിന്നു പോയി മീനു ആ സമയം ആകെ നടുക്കത്തിലായിരുന്നു രൂപേഷും.
” ഏയ്. അതൊന്നും പറ്റില്ല….. ആഹാ… ആ പൂതി മനസ്സിൽ വച്ചാൽ മതി.. ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല… ”
കിട്ടിയ അടിയുടെ ക്ഷീണം മറന്നു കൊണ്ട് വീണ്ടും ആദർശിനു നേരെ ചീറിയടുത്തു അവൻ. എന്നാൽ വലത് കൈ കൊണ്ട് അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു വീണ്ടും ചുവരോട് ചേർത്തു ആദർശ്.
” നീ ജീവിച്ചിരുന്നാൽ അല്ലെ എതിർക്കുള്ളു.. ഈ പാവത്തിനോട് ചെയ്തതെല്ലാം വച്ച് നോക്കുമ്പോൾ ഇവിടെ വച്ച് ഇപ്പോൾ അങ്ങ് കൊന്ന് കളയാം നിന്നേ. ”
ശ്വാസം കിട്ടാതെ ഒരു നിമിഷം പിടഞ്ഞു രൂപേഷ്. ഇത്തവണ കളി കാര്യമാണെന്ന് മനസിലാക്കി അവൻ. മീനുവും അവർക്ക് ഇടയിലേക്ക് കയറി.. അല്പസമയം അങ്ങിനെ പിടിച്ച ശേഷം ആദർശ് കൈ വിടുമ്പോൾ ശ്വാസത്തിനായി പിടഞ്ഞു രൂപേഷ്
” ഇനി ഒരു അടിപിടി വേണ്ട… എനിക്ക് സമ്മതമാണ് ചേട്ടാ… ”
ഒറ്റ നിമിഷം കൊണ്ട് മീനുവും ആ തീരുമാനമെടുത്തപ്പോൾ . ആദർശിന്റെ മിഴികൾ വിടർന്നു. ഒക്കെയും നടുക്കത്തിൽ നോക്കി നിന്നു രൂപേഷ്. പതിയെ അവന്റെ മുന്നിലേക്ക് ചെന്നു മീനു.
” മറ്റൊരു വിവാഹമോ കുടുംബ ജീവിതമോ എന്റെ മനസ്സിൽ ഇല്ലായിരുന്നു.. നിങ്ങളിൽ നിന്നും രക്ഷപ്പെടണം അത് മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ ഈ മനുഷ്യന്റെ സപ്പോർട്ട് കിട്ടിയപ്പോ.. പലപ്പോഴും എന്റെ വിഷമങ്ങൾ മനസിലാക്കി ആശ്വസിപ്പിക്കുമ്പോൾ സത്യം പറഞ്ഞാൽ ഒള്ളു കൊണ്ട് ഞാൻ ആഗ്രഹിച്ചു പോയിട്ടുണ്ട്. ഇങ്ങനൊരാളെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന്.. ഇപ്പോൾ ആ ആള് തന്നെ എന്നെ കൂടെ കൂട്ടാം എന്ന് പറയുമ്പോൾ ജീവിക്കാൻ എനിക്കും കൊതി തോന്നുന്നു. നമ്മളെ മനസിലാക്കുക നമുക്കൊപ്പം നിൽക്കുന്നവരോടൊപ്പം ജീവിക്കുന്നത് ഒരു ഭാഗ്യം ആണ്. ആ ഭാഗ്യം അനുഭവിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്. തനിക്കുള്ള വക്കീൽ നോട്ടീസ് ഉടനെ എത്തും… പിരിയാം നമുക്ക്. ”
ഇളിഭ്യനായി കേട്ടു നിൽക്കുവാൻ മാത്രമേ രൂപേഷിനു കഴിഞ്ഞുള്ളു.
” എടാ ഇനി നീ വേണേൽ. ചാറ്റ് വെളീൽ. വിട്ടോ. മ്. ഞങ്ങൾക്ക് പുല്ലാണ്… ”
പുച്ഛത്തോടെയാണ് ആദർശ് അത് പറഞ്ഞത്.. ശേഷം പരസ്പരം കൈകോർത്തു
മീനുവിനൊപ്പം പുറത്തേക്ക് നടന്നു അവൻ. ആ നിമിഷം മുതൽ രണ്ടാളും സുഖവും സന്തോഷവും ശാന്തവുമായ ഒരു ദാമ്പത്യം സ്വപ്നം കണ്ട് തുടങ്ങി..
ദാമ്പത്യം…. അതിൽ ഭാര്യയും ഭർത്താവും ഒന്നാകണം.. എന്നാൽ മാത്രമേ സമാധാനവും സന്തോഷവും ഉണ്ടാകുള്ളൂ..
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു