സ്വന്തം വീട് ,മകന് വാടകയ്ക്ക് കൊടുത്ത്, മാസം 8000 രൂപ വാങ്ങുന്ന, അച്ഛനെ നിങ്ങൾക്കറിയുമോ ?

സ്വന്തം വീട് ,മകന് വാടകയ്ക്ക് കൊടുത്ത്, മാസം 8000 രൂപ വാങ്ങുന്ന, അച്ഛനെ നിങ്ങൾക്കറിയുമോ ?

അറിയാൻ വഴിയില്ല ,ഈ ലോകത്ത് ഒരു അച്ഛന്മാരും മക്കളോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടാവില്ല ,

സത്യമാണ് ഞാൻ പറയുന്നത്, എൻ്റെ വിവാഹം കഴിയുന്നതുവരെ, യാതൊരു പ്രശ്നവുമില്ലായിരുന്നു, കുടുംബത്തിലെ
ഏക മകനായിരുന്നു ഞാൻ , പക്ഷേ വിവാഹം കഴിഞ്ഞതോടെയാണ് എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയത് ,

കല്യാണം കഴിഞ്ഞ് ,ഏഴാമത്തെ ദിവസം അമ്മ എന്നോട് പറഞ്ഞു ,അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും മാറി താമസിക്കണമെന്ന് , ആദ്യമത് കേട്ടപ്പോൾ ഒരു തമാശയായിട്ടാണ് എനിയ്ക്ക് തോന്നിയത്

പക്ഷേ, പിന്നീടാണ് അമ്മ പറഞ്ഞത് കാര്യത്തിലാണെന്ന് എനിയ്ക്ക് മനസ്സിലായത് സ്ഥിരവരുമാനമില്ലാത്ത ഞാൻ എങ്ങോട്ട് പോകുമെന്ന് അമ്മയോട് ചോദിച്ചപ്പോൾ എവിടെയെങ്കിലും വാടകയ്ക്ക് വീടെടുക്കാനാണ് അമ്മ പറഞ്ഞത്

ആദ്യമൊന്നും എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും, പിന്നീട് എൻ്റെ
ഭാര്യയോട് അമ്മ പോര് കാണിച്ച് തുടങ്ങിയപ്പോൾ ഉറപ്പായി , ഞങ്ങളെ അവിടെനിന്നും പുകച്ച് പുറത്തു ചാടിക്കുന്നതിന് വേണ്ടി അമ്മ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് .

അങ്ങനെ ഞാൻ അച്ഛനോട് എൻ്റെ നിസ്സഹായവസ്ഥ തുറന്ന് പറഞ്ഞു

അപ്പോൾ അച്ഛൻ പറയുവാ , പുറത്ത് ഒരു വീട് വാടകയ്ക്ക് എടുക്കണമെങ്കിൽ
രണ്ട് മാസത്തെ വാടക അഡ്വാൻസ് കൊടുക്കണ്ടേ ? നീയൊരു കാര്യം ചെയ്യ് , നമ്മുടെ വീടിൻ്റെ മുകൾ നിലയിൽ നീയും അവളും കൂടി താമസിച്ചു കൊള്ളൂ
മാസം 8000 രൂപ വാടക തന്നാൽ മതിയെന്ന്

അമ്മ പറഞ്ഞത് കേട്ടപ്പോൾ ഉള്ളതിനേക്കാൾ ഞെട്ടലായിരുന്നു
അച്ഛനത് പറഞ്ഞപ്പോൾ എനിയ്ക്കുണ്ടായത്

എല്ലാം കേട്ട് നിശബ്ദനായി ഞാൻ മുറിയിൽ വന്നിരുന്നപ്പോൾ അവളാണ് പറഞ്ഞത് സാരമില്ല അച്ഛൻ പറഞ്ഞത് പോലെ നമുക്ക് മുകളിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാമെന്ന്

അപ്പോൾ മാസം 8000 രൂപ വാടക കൊടുക്കണ്ടെ? പിന്നെ നമ്മുടെ രണ്ട് പേരുടെയും ചിലവുകൾ നടക്കണ്ടെ അതിനൊക്കെ എന്ത് ചെയ്യും ?

ഞാൻ ആധിയോടെ അവളോട് ചോദിച്ചു

അതെല്ലാം നടക്കുമെടാ, നാളെ നമ്മളൊരുമിച്ച് തൊഴിലന്വേഷിച്ചിറങ്ങുന്നു തരക്കേടില്ലാത്ത ഓരോ ഡിഗ്രികൾ നമുക്കുണ്ടല്ലോ ? അത് മതി ,
അത്യാവശ്യം ശമ്പളമുള്ളാരു ജോലി കിട്ടാതിരിക്കില്ല ,എന്നാലും മനുഷ്യപ്പറ്റില്ലാത്ത നിൻ്റെ അമ്മയുടെയും അച്ഛൻ്റെയും കൂടെ ഇനി ഒരു നിമിഷം നമുക്ക് നിക്കണ്ട

അവള് പറഞ്ഞതാണ് ശരിയെന്ന് എനിയ്ക്ക് തോന്നി. അന്ന് തന്നെ ഞങ്ങളുടെ ഡ്രെസ്സും മറ്റുമെടുത്ത് കൊണ്ട് പുറത്തുള്ള സ്റ്റെയർ കെയ്സ് വഴി ഞങ്ങൾ മുകൾ നിലയിലേയ്ക്ക് താമസം മാറി.

ഒരു വീട്ടിലേയ്ക്കാവശ്യമായ എല്ലാ സാധന സാമഗ്രികളും അവിടെ ഉണ്ടായിരുന്നു , ആറ് മാസങ്ങൾക്ക് മുൻപ് അച്ഛൻ റിട്ടയേഡായപ്പോൾ ഒരുമിച്ച് കിട്ടിയ തുക വച്ചാണ് മുകളിൽ രണ്ട് മുറികളും അടുക്കളയും അറ്റാച്ച്ഡ് ബാത്റൂമുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമുള്ളൊരു അപ്സ്റ്റെയർ പണിതത്.

അന്ന് പണി നടക്കുമ്പോൾ ഞാനൊന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ലായിരുന്നു അച്ഛൻ തന്നെയായിരുന്നു പണിക്കാരുടെ ഒപ്പം നിന്ന് കഷ്ടപ്പെട്ട് ആറ് മാസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കിയത്

ഡാ നോക്കിയേ ,,

അടുക്കളയിൽ നിന്നും അവളുടെ വിളി കേട്ട് ഞാനങ്ങോട്ട് ചെന്നു

ഇത് കണ്ടോടാ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഈ കിച്ചണിലുണ്ട് നമുക്കെന്തായാലും ഒരു മാസത്തേയ്ക്ക് സാധനങ്ങൾ ഒന്നും വാങ്ങേണ്ടി വരില്ല അച്ഛൻ പറഞ്ഞത് നേരാണ് പുറത്തെവിടെയെങ്കിലും വാടക വീട് എടുത്തിരുന്നേൽ ഇതൊക്കെ കിട്ടുമായിരുന്നോ ?

അവൾ സന്തോഷത്തോടെ ചോദിച്ചു

ഉം നീയൊരുപാട് സന്തോഷിക്കണ്ട വേണമെങ്കിൽ വാടക കൊടുക്കുമ്പോൾ ഈ പലചരക്ക് സാധനത്തിൻ്റെ പൈസ കൂടി നമ്മുടെ കൈയ്യീന്ന് കൊടുക്കണ്ടി വരും ,

ഞാനൊരു സാധ്യത പറഞ്ഞു.

ങ്ഹാ അങ്ങനെയുമാവാം, എന്നാലും സാരവില്ലെടാ ,നമുക്ക് രണ്ട് പേർക്കും ജോലി ആയാൽ പിന്നെ, അത് കൊടുക്കാവുന്ന കാര്യമല്ലേ യുള്ളൂ

അവളെന്നെ സമാധാനിപ്പിച്ചു

പിറ്റേന്ന് രാവിലെ തന്നെ
ബ്രേയ്ക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങള്
രണ്ട് പേരും തൊഴിലന്വേഷിച്ചിറങ്ങി.

രണ്ട് ദിവസത്തെ അന്വഷണത്തിനൊടുവിൽ അവൾക്കൊരു സൂപ്പർമാർക്കറ്റിലെ അക്കൗണ്ട് സെക്ഷനിൽ ജോലി കിട്ടി

ഞാൻ പിന്നെയും ജോലിക്കായി
അലഞ്ഞു, ഒടുവിൽ അച്ഛൻ്റെയൊപ്പം
ജോലി ചെയ്തിരുന്ന ,അങ്കിളാണ് പറഞ്ഞത് ,അവിടെയൊരു പോസ്റ്റ് ഒഴിവുണ്ട് പെയ്ഡ് സീറ്റാണ് ,നല്ല റെക്കമൻ്റേഷനുണ്ടെങ്കിൽ കിട്ടുമെന്ന്, നീ അച്ഛനോടൊന്ന് പറയ് ,അച്ഛൻ സംസാരിച്ചാൽ ചിലപ്പോൾ നടക്കുമെന്ന്

അങ്കിള് പറഞ്ഞത് ശരിയാണ്, കാരണം അച്ഛൻ പ്രമുഖ യൂണിയൻ്റെ ജില്ലാ പ്രസിഡൻ്റ് ആയിരുന്നു ,പക്ഷേ അച്ഛനോടുള്ള വൈരാഗ്യം കാരണം ഞാനത് അച്ഛനോട് പറഞ്ഞില്ല പകരം അവളുടെ അച്ഛനോട് കാര്യം അവതരിപ്പിച്ചു,

ഞാനൊന്ന് നോക്കട്ടെ മോനെ പക്ഷേ ഉറപ്പൊന്നുമില്ല

അങ്ങനെ അമ്മായി അപ്പൻ്റെ പാതി ഉറപ്പ് കേട്ട് കൊണ്ടാണ് ഞാൻ വീട്ടിലേയ്ക്ക് വന്നത് പക്ഷേ പിറ്റേന്ന് വൈകുന്നേരം സന്തോഷ വാർത്ത പറയാനാണ് അമ്മായി അപ്പൻ വിളിച്ചത്

മോനേ ജോലി റെഡിയാക്കിയിട്ടുണ്ട് കെട്ടോ നീ നാളെ തന്നെ ചെന്ന് ജോയിൻ ചെയ്യണേ

അന്നെനിയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു

രാവിലെ ഞാൻ കുളിച്ചൊരുങ്ങി തേച്ച് മിനുക്കിയ പാൻ്റും ഷർട്ടുമൊക്കെയിട്ട് സൂപ്പർ ലുക്കിലാണ് ഓഫീസിലേയ്ക്ക് ചെന്നത്

എന്നെ കണ്ട് അവിടെ ഉണ്ടായിരുന്നവരുടെ മുഖത്ത് ഒരു പരിഹാസ ചിരിവിടരുന്നത് കണ്ട് എനിയ്ക്ക് അമ്പരപ്പ് തോന്നി

നാളെ മുതൽ കുറച്ച് കൂടെ നേരത്തെ വരണം കെട്ടോ

അറ്റൻ്റൻസിൽ ഒപ്പിടുപ്പോൾ സൂപ്രണ്ട് എന്നോട് പറഞ്ഞു

ശരി സർ

ഞാൻ വിനയാന്വിതനായി.

ദാ അവിടെയാണ് ഗോഡൗൺ,
അങ്ങോട്ട് ചെന്നോളു

ഞാൻ നേരെ ഗോഡൗണിലേയ്ക്ക് നടന്നു

അപ്പോൾ ഗോഡൗണിലെ മെറ്റീരിയൽസിൻ്റെ കണക്കും കാര്യങ്ങളും നോക്കുന്ന ജോലിയാകാനാണ് സാധ്യത

ഞാൻ മനസ്സിൽ കണക്ക് കൂട്ടിക്കൊണ്ട് ആവേശത്തോടെ നടന്നു

നിങ്ങളാണോ ഇന്ന് ജോയിൻ ചെയ്ത പുതിയ ആള് ?

എന്നെ കണ്ടപ്പോൾ മദ്ധ്യവയസ്‌ക്കനായൊരാൾ ആകാംക്ഷയോടെ ചോദിച്ചു

അതെ ഞാനാണ്,

എങ്കിൽ ഈ പാൻ്റും ഷർട്ടുമൊക്കെ ഊരിയേച്ച് ദേ ഈ കാക്കിനിക്കറും ഷർട്ടുമിട്ട് എൻ്റെ കൂടെ വാ , ഇയാളിന്ന് എൻ്റെ കുടെയാണ്, വൈകുന്നേരത്തിന് മുമ്പ് പത്തടി ചാനല് മുഴുവൻ പുതിയ ഷെഡ്ഡിലേയ്ക്ക് മാറ്റണം

അയാള് പറഞ്ഞത് കേട്ട് ഞാൻ പകച്ച് പണ്ടാരടങ്ങി പോയി

അപ്പോൾ എൻ്റെ ജോലി?

സംശയത്തോടെ ഞാൻ ചോദിച്ചു

എടോ അത് തന്നെയാണ് തൻ്റെ ജോലി എന്താ ബുദ്ധിമുട്ടുണ്ടോ ? ഉണ്ടെങ്കിൽ താൻ പൊയ്ക്കോ, ഈ ജോലി ചെയ്യാൻ അർഹതയുള്ള നൂറ് പേര് പുറത്ത് നില്ക്കുമ്പോഴാണ്, റെക്കമെൻ്റ് ചെയ്ത തന്നെ ,പിൻവാതിലിൽ കൂടെ കയറ്റിയത്, ഇപ്പോൾ ഇത്തിരി കഷ്ടപെട്ടാലെന്താ ?
മരണം വരെ അല്ലലില്ലാതെ ജീവിക്കാനുള്ള ശമ്പളം കിട്ടില്ലേ?

അത് കേട്ട് എനിയ്ക്ക് തലകറങ്ങുന്നത് പോലെ തോന്നി , മുമ്പ് എന്നോട് അച്ഛൻ
ഈ ജോലിയെക്കുറിച്ച് പറഞ്ഞപ്പോൾ ഡിഗ്രിക്കരനായ ഞാൻ ചുമടെടുക്കാൻ പോണോ ? എന്ന് ചോദിച്ച് ,അച്ഛന് നേരെ ഞാൻ ചീറുവായിരുന്നു

ഇപ്പോൾ ഇത് വേണ്ടെന്ന് പറഞ്ഞ് പോയാൽ പഴയത് പോലെ അച്ഛൻ ചിലവിന് തരില്ലെന്നറിയാവുന്നത് കൊണ്ട് , മനസ്സില്ലാമനസ്സോടെ ഞാനാ ജോലിയ്ക്ക് കയറി

ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടേ ഉണ്ടായിരുന്നുള്ളു ,പിന്നെ പിന്നെ ,ഞാനാ ജോലിയുമായി പൊരുത്തപ്പെട്ടു

ഇന്ന് ഒരു മാസത്തെ ശമ്പളം അക്കൗണ്ടിൽ വന്നപ്പോൾ ,സന്തോഷം കൊണ്ട് ഞാൻ
തുള്ളി ച്ചാടി ,

ഇന്നാടീ , വീട്ടുവാടക 8000 രൂപ ,
വേഗം നിൻ്റെ അമ്മായി അപ്പൻ്റെ കൈയ്യിൽ കൊണ്ട് കൊടുക്ക്, പിന്നെ പലചരക്ക് സാധനത്തിൻ്റെ പൈസ എത്രയാണെന്ന് ചോദിയ്ക്ക്, അതും വേണേൽ കൊടുക്കാം

ഞാൻ അഹങ്കാരത്തോടെ പറഞ്ഞു.

അത് നീ തന്നെ കൊണ്ട് കൊടുക്കെടാ ,മാത്രമല്ല, ഇന്ന്
ആദ്യ ശമ്പളം കിട്ടിയതല്ലെ ?
അപ്പോൾ, അച്ഛൻ്റെ കൈയ്യിൽ വേണം കൊടുക്കാൻ ,

അവളെന്നോട് പറഞ്ഞു.

അച്ഛനോ ? ഏതച്ഛൻ?
താഴെ താമസിക്കുന്നത് നമ്മുടെ ഹൗസ് ഓണറ് മാത്രമാണ് /തത്കാലം അത് മതി ,

ഞാൻ അമർഷത്തോടെ പറഞ്ഞു.

എന്തൊക്കെയാടാ നീ പറയുന്നത് ?
നിനക്ക് ദൈവദോഷം കിട്ടും

അവൾ ഭീതിയോടെ പറഞ്ഞു

ഇല്ലെടീ,, മകനെ ശത്രുവിനെ പോലെ കണ്ടവരാണ് ,എൻ്റെ അച്‌ഛനും അമ്മയും, എനിക്കിനി അവരോട് യാതൊരു ദയയും തോന്നില്ല, നീയിത് കണ്ടോ ? ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ് , ഇത് പോലെ ,എല്ലാ മാസവും കിട്ടുന്ന ശമ്പളത്തിൽ നിന്നും ,കുറേശ്ശേ സേവ് ചെയ്ത് ഞാനും ഒരു വീട് വയ്ക്കും ,എൻ്റെ അച്ഛൻ വച്ച ഈ വീടിനെക്കാൾ വലിയൊരു കൊട്ടാരം.

ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു

കൊള്ളാം ,ആൺ കുട്ടികളായാൽ ഇങ്ങനെ വേണം , അദ്ധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ എന്തും നേടാമെന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ? ഇതിന് നീ ആരോടാ നന്ദി പറയേണ്ടതെന്നറിയാമോ?

അറിയാടി ,എൻ്റെ അമ്മായി അപ്പനോട്, അതായത് നിൻ്റെ അച്ഛനോട് ,

അല്ലടാ, നീ നന്ദി പറയേണ്ടത് എൻ്റെ അച്ഛനോടല്ല ,നിൻ്റെ അച്ഛനോടാണ് ,ആ ജോലി നിനക്ക് കിട്ടാനായി അച്ഛൻ പലരെയും കണ്ടു, ഒടുവിൽ അമ്മയുടെ സ്വർണ്ണം വിറ്റ പൈസയും , അച്ഛൻ്റെ ഫിക്സഡ് ഡെപ്പോസിറ്റിലൂണ്ടായിരുന്ന പണവും കൂടി ചെലവഴിച്ചാണ് ,നിനക്കീ ജോലി ശരിയാക്കിയെടുത്തത്.

ങ്‌ഹേ നീ പറഞ്ഞ സത്യമാണോ?

അതേടാ , സത്യത്തിൽ ജോലിക്ക് പോകാത്ത നിൻ്റെ കാര്യത്തിൽ ,അവർക്ക് നല്ല ഉത്‌ക്കണ്ഠയുണ്ടായിരുന്നു, ഒടുവിൽ ,ഞാൻ പറഞ്ഞ് കൊടുത്ത ഐഡിയയായിരുന്നു മുകളിലേയ്ക്കുള്ള ഈ കൂട് മാറ്റവും
വാടകയുമൊക്കെ ,അച്ഛൻ്റെയും അമ്മയുടെയും തണലിൽ നിന്നാൽ നിനക്കൊരിക്കലും ഉത്തരവാദിത്വമുണ്ടായില്ലെന്നും ,അതിന് ഞങ്ങളെ തനിയെ താമസിക്കാൻ അനുവദിക്കണമെന്നും ,ഞാനാണ് അവരോട് പറഞ്ഞത് ,പുറത്തെവിടെയെങ്കിലും വീട് നോക്കാമെന്നാണ് ഞാനാദ്യം പറഞ്ഞത് ,പക്ഷേ ,നിൻ്റെ അച്ഛനും അമ്മയ്ക്കും , നിന്നെ എപ്പോഴും കണ്ടോണ്ടിരിക്കണമത്രേ ,ഇത്രയും സ്നേഹമുള്ള അച്ഛനെയും അമ്മയെയും, എവിടെ കിട്ടുമെടാ,?പാവങ്ങൾ, നീ ആദ്യ ശമ്പളം കിട്ടുമ്പോൾ, അവരെ കാണാൻ ചെല്ലുമെന്ന് കരുതിയാണ് ,അവരവിടെ കാത്തിരിക്കുന്നത്,

അവള് പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് തന്നെ ,വികാരധീനനായ ഞാൻ, സ്റ്റെയർ കെയ്സിറങ്ങി താഴേയ്ക്കോടി.

NB:- മാതാപിതാക്കൾ എന്ത് ചെയ്താലും ഓർക്കുക ,അത് മക്കളുടെ നന്മയ്ക്ക് വേണ്ടി മാത്രമായിരിക്കും .

പിന്നെ ഈ കഥയ്ക്ക് ഒരു പ്രത്യേകതയുണ്ട് അത് കൃത്യമായി പറയുന്ന ഒരാൾക്ക് ,ഒരു സമ്മാനം അയച്ച് തരുന്നതാണ്☺️

തൈപ്പറമ്പൻ

Leave a Reply

Your email address will not be published. Required fields are marked *