“നിന്റെ ഭാര്യയുടെ വയറ്റിൽ വളരുന്നത് നിന്റെ കുഞ്ഞാണെന്ന് നിനക്ക് ഉറപ്പുണ്ടോ , വിനു?”
ദേവകിയമ്മയുടെ ചോദ്യം കേട്ടതും വിനോദ് ദേഷ്യത്തോടെ കൈയിലെ ഫോൺ താഴെവച്ചു.
“അമ്മ എന്താ ഈ പറയുന്നത്?”
“ഞാൻ വെറുതെ പറയുന്നതല്ല.”
“പിന്നെ?”
ദേവകിയമ്മ അവന്റെ കണ്ണുകളിലേക്ക് നോക്കി.
“നീ വീട്ടിലില്ലാത്ത ഓരോ ദിവസവും ആ പയ്യൻ ഈ വീട്ടിൽ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
വിനോദിന്റെ മുഖം കടുത്തു.
“അവൻ അവളുടെ സുഹൃത്താണ്.”
“സുഹൃത്തുക്കൾ വരുന്നതിൽ എനിക്ക് പ്രശ്നമില്ല.”
അവർ ഒരു നിമിഷം നിശ്ശബ്ദയായി.
“പക്ഷേ സുഹൃത്ത് വന്നാൽ സ്വീകരണമുറിയിൽ ഇരിക്കണം. നിങ്ങളുടെ മുറിയിൽ കയറി വാതിലടച്ച് മണിക്കൂറുകൾ ഇരിക്കേണ്ട കാര്യമെന്താണ്?”
“അമ്മേ, അമ്മയ്ക്ക് അത് തോന്നുന്നതാണ് അവൻ അവളുടെ നല്ല സുഹൃത്ത് ആണ്.. അമ്മ വെറുതെ അവളെ സംശയിക്കുകയാണ്.”
“ഞാൻ വെറുതെ ഒരു കാര്യവും പറയില്ലെന്ന് നിനക്ക് അറിയില്ലേ മാത്രമല്ല എന്റെ വാക്ക് കേട്ട് അവളെ സംശയിക്കാനല്ല ഞാൻ പറയുന്നത്, വിനു. തെറ്റിനെ നീ കണ്ണടച്ച് വിശ്വസിക്കാതിരിക്കാനാണ്.”
വിനോദ് ദേഷ്യത്തോടെ എഴുന്നേറ്റു.
“എന്റെ ഭാര്യയെക്കുറിച്ച് ഇനി ഒരു വാക്ക് പോലും അമ്മ മിണ്ടിപ്പോകരുത്.”
ദേവകിയമ്മ അവനെ നോക്കി.
“ശരി.”
അവർ പിന്നോട്ടു മാറി.
“പക്ഷേ ഒരു കാര്യം മാത്രം ഓർത്തുവെക്കണം.
നീ അവളെ സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. പക്ഷേ അവൾ നിന്റെ സ്നേഹത്തെയാണോ , അതോ നിന്റെ അന്ധമായ വിശ്വാസത്തെയാണോ മുതലെടുക്കുന്നത് എന്ന് ഒരിക്കൽ എങ്കിലും സ്വയം ചിന്തിക്കണം.”
വിനോദ് ഒന്നും മറുപടി പറഞ്ഞില്ല.
ദേഷ്യത്തോടെ മുറിയിലേക്ക് കയറിപ്പോയി.
ദേവകിയമ്മ അവിടെ തന്നെ നിന്നു.
അവർക്ക് അറിയാമായിരുന്നു.
മകൻ ഇപ്പോൾ തന്റെ വാക്കുകൾ വിശ്വസിക്കില്ല എന്ന്.. കാരണം തന്റെ പക്കൽ തെളിവുകൾ ഒന്നുമുണ്ടായിരുന്നില്ല.
പക്ഷേ സത്യം അധികനാൾ മറച്ചുവെക്കാൻ ആകില്ല എന്ന ഒരു വിശ്വാസം അവർക്കുണ്ടായിരുന്നു.
രണ്ട് വർഷം മുമ്പാണ് വിനോദ് രേഷ്മയെ വിവാഹം കഴിച്ചത്.
പ്രണയവിവാഹമായിരുന്നു.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് അവൻ അവളെ സ്വന്തമാക്കിയത്.
“അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.”
വിനോദ് പറഞ്ഞ ആ വാക്കുകൾ ദേവകിയമ്മയ്ക്ക് ഇന്നും ഓർമ്മയുണ്ട്.
അവർ സന്തോഷത്തോടെ മരുമകളെ സ്വീകരിച്ചു.
ആദ്യമൊക്കെ രേഷ്മയും സ്നേഹത്തോടെ തന്നെയായിരുന്നു പെരുമാറിയത്.
പക്ഷേ മാസങ്ങൾ കഴിഞ്ഞപ്പോൾ വിനോദിൽ ചെറിയ ചെറിയ മാറ്റങ്ങൾ തുടങ്ങി.
രേഷ്മയ്ക്ക് ഇഷ്ടമില്ലെങ്കിൽ അവൻ അമ്മയോടൊപ്പം പുറത്തുപോകാതെയായി .
തന്റെ ഭാര്യയ്ക്ക് ഇഷ്ടം അല്ലാത്ത ബന്ധുക്കളിൽ നിന്ന് അവനും ഒഴിഞ്ഞു മാറി. സുഹൃത്തുക്കളെ അകറ്റിനിർത്തി
ഒടുവിൽ ദേവകിയമ്മയ്ക്ക് മകനോട് എന്തെങ്കിലും പറയണമെങ്കിൽ പോലും രണ്ടുതവണ ആലോചിക്കേണ്ടി വന്നു.
അവന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും പതുക്കെ രേഷ്മയുടെ കൈകളിലായി.
വിനോദിന് അതിൽ തെറ്റൊന്നും തോന്നിയില്ല.
“എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നു.” അതുമാത്രമായിരുന്നു അവന്റെ മനസ്സിൽ
ഇതിനിടയിൽ സ്വന്തം വീട്ടിലേക്ക് വിരുന്ന് പോയ രേഷ്മ ഒരു ദിവസം രാവിലെ തിരികെ വന്നതും ഉമ്മറത്തു പത്രം വായിച്ചു കൊണ്ടിരുന്ന വിനുവിനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു
“വിനു…ഒരു സന്തോഷ വാർത്ത ഉണ്ട്.”
“എന്താ?”
“നമുക്ക് ഒരു കുഞ്ഞ് വരാൻ പോകുന്നു.”
വിനോദ് ആദ്യം അവളെ നോക്കി നിന്നു.
“ശരിക്കും?”
രേഷ്മ തലകുനിച്ചു.
അവൻ അവളെ ചേർത്തുപിടിച്ചു.
“എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.”
അവന്റെ കണ്ണുകൾ നിറഞ്ഞു.
ദേവകിയമ്മ വാതിലിനരികിൽ നിന്ന് ആ കാഴ്ച കണ്ടു.
പക്ഷേ രേഷ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ സന്തോഷത്തിനിടയിൽ മറ്റെന്തോ ഒളിപ്പിക്കുന്നത് പോലെ അവർക്ക് തോന്നി.
ഒരു ഭയം.
അല്ലെങ്കിൽ കുറ്റബോധം.
ദേവകിയമ്മയുടെ കണ്ണുകൾ ചുരുങ്ങി.
“ഡോക്ടറെ കണ്ടോ?”
“കണ്ടു.”
“എത്ര മാസം?”
“രണ്ട് മാസം.”
“റിപ്പോർട്ട് എവിടെ?”
രേഷ്മ ഉടനെ ബാഗ് അടച്ചു.
“വീട്ടിലുണ്ട്.എടുക്കാൻ മറന്നു.”
ആ നിമിഷം ദേവകിയമ്മയുടെ സംശയം കൂടുതൽ ശക്തമായി.
വിനോദിന് ജോലിയുടെ ഭാഗമായി ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടിവന്നു.
ഒരു ആഴ്ചത്തേക്ക് പുറത്തുപോകേണ്ടി വന്നാൽ പോലും രേഷ്മയെ വിളിച്ച് മണിക്കൂറുകളോളം സംസാരിക്കും.
“ഭക്ഷണം കഴിച്ചോ?”
“മരുന്ന് കഴിച്ചോ?”
“കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”
രേഷ്മ ചിരിച്ചുകൊണ്ട് എല്ലാത്തിനും മറുപടി പറയും.
പക്ഷേ വിനോദ് ഫോൺ വെച്ചാൽ കുറച്ചുസമയത്തിനു ശേഷം വീട്ടുമുറ്റത്ത് അക്ഷയിന്റെ ബൈക്ക് എത്തും.
അക്ഷയ്.
രേഷ്മയുടെ പഴയ സുഹൃത്ത് ആയിരുന്നു..
ആദ്യമായി അവൻ വന്നപ്പോൾ ദേവകിയമ്മ അത്ര കാര്യമാക്കിയില്ല.
രണ്ടാമതും വന്നപ്പോൾ പോട്ടെ ട്ടെ എന്ന് വെച്ചു .
മൂന്നാമതും വന്നപ്പോൾ അവർ അത് തള്ളി കളഞ്ഞില്ല..
അവൻ നേരെ രേഷ്മയുടെ മുറിയിലേക്ക് കയറി.
വാതിൽ അടഞ്ഞു.
രണ്ട് മണിക്കൂർ കഴിഞ്ഞാണ് പുറത്തുവന്നത്.
അന്ന് രേഷ്മയുടെ മുറിയുടെ വാതിലിന് പുറത്ത് നിൽക്കുമ്പോൾ അകത്തുനിന്ന് കേട്ട ചിരി അവരുടെ സംശയത്തിനെ കെട്ടുറപ്പിച്ചു.
” നീ എന്തിനാണ് ആ ചെറുക്കനെയും കൂട്ടി എപ്പോഴും മുറിയിലേക്ക് പോകുന്നത് ഈ വീട്ടിൽ വേറെ എത്രയോ സ്ഥലങ്ങളുണ്ട് അവിടെയിരുന്നു സംസാരിച്ചു കൂടെ? ” സഹികെട്ടു അവർ അവളോട് ചോദിച്ചു
“അമ്മ എന്താ എന്നെ ചോദ്യം ചെയ്യുകയാണോ?”
” ചോദ്യം ചെയ്യുന്നതല്ല ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ? പ്രത്യേകിച്ചും സ്വന്തം ഭർത്താവില്ലാത്ത നേരത്ത് അന്യപുരുഷനെ മുറിയിൽ കയറ്റുന്നത് ശരിയാണോ? ”
” ആരു പറഞ്ഞു അക്ഷയ് അന്യ പുരുഷനാണെന്ന്..?കോളേജിൽ പഠിക്കുന്ന കാലം മുതലേ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. വിനുവിന് അതറിയാം അമ്മ ലോകം കാണാതെ ഇതിനുള്ളിൽ തന്നെ കിടക്കുന്നതുകൊണ്ടാണ് ബന്ധങ്ങളെ വളച്ചൊടിക്കുന്നത്. ഇനി മേലിൽ ഇതും പറഞ് എന്റെ മുന്നിൽ വന്നിട്ടുണ്ടെങ്കിൽ വിനുവിനെയും വിളിച്ചു ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങും അറിയാലോ ഞാൻ വിളിച്ചാൽ അപ്പോൾ വിനു വരും പിന്നെ വയസ്സാംകാലത്ത് ആരോരുമില്ലാതെ ഇവിടെ ഒറ്റയ്ക്ക് കിടക്കേണ്ടി വരും. “അവൾ ദേഷ്യത്തോടെ പറഞ്ഞു.. പിന്നീട് അവർ ഒന്നും പറയാൻ നിന്നില്ല. കാരണം അവൾ പറഞ്ഞാൽ എന്തും വിനു അനുസരിക്കും ആയിരുന്നു. തന്റെ മകനെയും വിളിച്ച് അവളീ പടിയിറങ്ങിയാൽ പിന്നെ താൻ തനിച്ചാകും ആ അവസ്ഥ അവർക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
ഒരു ദിവസം വിനോദ് ഓഫീസിലേക്ക് പോകുന്നതിനുമുമ്പ് അമ്മയോട് പറഞ്ഞു.
“അമ്മേ, ഞാൻ മൂന്ന് ദിവസത്തേക്ക് പുറത്തായിരിക്കും.”
“ശരി.”അവർ മനസില്ല മനസോടെ തലയാട്ടി.. കാരണം അവൻ പോയാൽ ഇവിടെ എന്താണ് നടക്കാൻ പോകുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു.
“രേഷ്മയെ ഒന്ന് ശ്രദ്ധിക്കണം.”
ദേവകിയമ്മ മകനെ നോക്കി.
“ഞാൻ നോക്കിക്കോളാം.”
വിനോദ് പോയി.
അന്ന് വൈകുന്നേരം അക്ഷയ് വീണ്ടും വന്നു.
ദേവകിയമ്മ ഇക്കുറി അവനെ തടഞ്ഞില്ല.
പകരം അവൻ പോകുമ്പോൾ അവന്റെ വണ്ടിയുടെ നമ്പർ കുറിച്ചുവച്ചു.
അടുത്ത ദിവസം അവർ മറ്റൊരു കാര്യം കണ്ടുപിടിച്ചു.
അക്ഷയ് വന്ന സമയത്ത് രേഷ്മയുടെ ഫോണിലേക്ക് അവർ വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആയിരുന്നു.
വിനോദ് വിളിച്ചാൽ കിട്ടാതിരിക്കാൻ അവൾ മനപ്പൂർവ്വം സ്വിച്ച് ഓഫ് ആക്കിയത് ആണെന്ന് അവർക്ക് മനസിലായി
അവൻ പോയി പത്ത് മിനിറ്റിന് ശേഷം ഫോൺ വീണ്ടും അവൾ ഓൺ ചെയ്തു.
“വിനു നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.” അവർ ഒരു കള്ളം പറഞ്ഞു
“നെറ്റ്വർക്ക് പോയതായിരുന്നു,” രേഷ്മ പരുങ്ങലോടെ പറഞ്ഞു.
ദേവകിയമ്മ ഒന്നും പറഞ്ഞില്ല.
മൂന്നാം ദിവസവും അക്ഷയ് വന്നു. തന്റെ മകൻ വഞ്ചിക്കപ്പെടുന്നതോർത്ത് ദേവകിയമ്മ മൗനമായി കരഞ്ഞു.
അതിനിടയിൽ വിനോദിന്റെ ഓഫീസ് ട്രിപ്പ് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു .
അവൻ ആരെയും അറിയിച്ചില്ല.
“വീട്ടിലെത്തി അവളെ ഞെട്ടിക്കാം.” അവൻ മനസ്സിൽ ഓർത്തു.
കയ്യിൽ ഒരു ചെറിയ സമ്മാനപ്പൊതിയുമായി വിനോദ് വീട്ടിലെത്തി.
ഗേറ്റ് തുറന്നപ്പോൾ തന്നെ വിനോദിന്റെ കണ്ണിൽ പെട്ടത് ഒരു ബൈക്ക് ആയിരുന്നു.
അക്ഷയിന്റെ ബൈക്ക്.
അമ്മ പറയാറുണ്ടെങ്കിലും അത് രേഷ്മയോടുള്ള ഇഷ്ടക്കുറവ് കൊണ്ട് ആണ് എന്നാണ് കരുതിയിരുന്നത് എന്നാൽ ഈ രാത്രിയിൽ ആ ബൈക്ക് കണ്ടതും വിനോദിന്റെ നെറ്റിയിൽ ചുളിവ് വീണു.
വിനോദ് വാതിൽ തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ദേവകിയമ്മ അവനെ കണ്ടു.
മകനെ കണ്ട് അവർക്ക് സന്തോഷം തോന്നിയെങ്കിലും ഉടനെ വിരൽ ചുണ്ടിൽ വെച്ചു.
“ശ്ശ്…”
“എന്താ അമ്മേ?”
“ഒച്ചയുണ്ടാക്കരുത്.”
അവർ അവന്റെ കൈ പിടിച്ചു.
“എന്റെ കൂടെ വാ.”
“എന്താ?”
“ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കാറില്ലല്ലോ ഇന്ന് നേരിൽ തന്നെ കാണ് .”
അവർ അവനെ മുറിയുടെ വാതിലിനരികിലേക്ക് കൊണ്ടുപോയി.
വാതിൽ പൂർണ്ണമായി അടഞ്ഞിരുന്നു എങ്കിലും താക്കോൽ പഴുതിൽ ചെറിയൊരു വിടവ് ഉണ്ടായിരുന്നു.
വിനോദ് ആദ്യം നോക്കാൻ മടിച്ചു.
പിന്നെ ദേവകിയമ്മയുടെ മുഖത്തേക്ക് നോക്കി.
അവർ ഒന്നും പറഞ്ഞില്ല.
മടിച്ച് ആണെങ്കിലും വാതിലിലെ വിടവിലൂടെ വിനോദ് അകത്തേക്ക് നോക്കി.
അവന്റെ ശ്വാസം നിന്നുപോയി.
കട്ടിലിൽ അക്ഷയ് കിടക്കുകയായിരുന്നു.
അവന്റെ നെഞ്ചിൽ ചാരിക്കിടക്കുന്ന രേഷ്മയും.
അവളുടെ വസ്ത്രങ്ങൾ പകുതിയും ശരീരത്തിൽ നിന്ന് വേർപെട്ട് കിടക്കുന്നു.
അക്ഷയിന്റെ കൈ അവളുടെ അരയ്ക്കുചുറ്റും.
വിനോദിന്റെ കൈയിലെ സമ്മാനപ്പൊതി താഴെ വീണു. അവൻ വാതിലിൽ കൊട്ടി കൊണ്ട് അലറി. “വാതിൽ തുറക്കെടി ”
ശബ്ദം കേട്ട് അകത്തുള്ളവർ ഞെട്ടി.
രേഷ്മ തല ഉയർത്തി.
വസ്ത്രം എല്ലാം വാരിയുടുത്ത്.. അവൾ വന്നു വാതിൽ തുറന്നതും.വാതിലിനരികിൽ വിനോദ്.
അവളുടെ മുഖത്തെ രക്തം മുഴുവൻ വറ്റി.
“വിനു…”
“ഇനി എന്നേ നീ അങ്ങനെ വിളിക്കരുത്.”
“വിനു, ഞാൻ പറയട്ടേ..—”
“എന്താണ് പറയാനുള്ളത്?”
അവൻ നിന്റെ സുഹൃത്താണെന്നോ
അല്ലെങ്കിൽ അമ്മയ്ക്ക് തെറ്റിദ്ധാരണയാണെന്നോ? ” അവൾ ഒന്നും പറയാനാകാതെ തലകുനിച്ചു നിന്നു.
അക്ഷയ് ഇടപെടാൻ ശ്രമിച്ചു.
“വിനോദ്, കാര്യങ്ങൾ—”
“ ഛീ നിർത്തടാ ഇനി ഒരക്ഷരം മിണ്ടിയാൽ നിന്നെ ഇവിടെ ഇട്ട് വെട്ടും ഞാൻ .” പറഞ്ഞു തീരും മുന്നേ അവന്റെ കാരണം നോക്കി വിനോദ് ഒന്ന് കൊടുത്തു.
“നിന്നെക്കുറിച്ച് അമ്മ പറഞ്ഞപ്പോൾ ഞാൻ അമ്മയെയാണ് കുറ്റപ്പെടുത്തിയിരുന്നത്.”
കാരണം നിന്നെ ഞാൻ വിശ്വസിച്ചു.”
രേഷ്മ കരയാൻ തുടങ്ങി.
“വിനു, ഞാൻ നിന്നെ സ്നേഹിക്കുന്നു.” അവൾ അവസാനത്തെ അടവും പ്രയോഗിക്കാൻ തുടങ്ങി.
“സ്നേഹമോ?”
അവൻ അവളുടെ വയറിലേക്ക് നോക്കി.
“ നിന്നെയൊക്കെ എങ്ങനെയാണ് ഒരു സ്ത്രീയെന്നു പോലും വിളിക്കുന്നത് മറ്റൊരാളുടെ കുഞ്ഞിനെയും വയറ്റിലിട്ടോണ്ടല്ലേ നീ എന്റെ മുന്നിൽ ഇത്രയും നാൾ അഭിനയിച്ചത്?”
രേഷ്മയുടെ മുഖം മരവിച്ചു.
അവൻ അവളുടെ അടുത്തേക്ക് നടന്നു.
“എന്റെ കുഞ്ഞിനെക്കുറിച്ച് ഞാൻ സ്വപ്നം കണ്ട ഓരോ രാത്രിയും… നീ മറ്റൊരാളുടെ വിഴുപ്പ് എന്റെ തലയിൽ വെച്ച് എന്നെ അച്ഛനാക്കുകയായിരുന്നു, അല്ലേ?” നിന്നെ ഞാൻ ഇവിടെ ഇട്ട് തല്ലാത്തത് ഏതവന്റെ ആയാലും നീ ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് കൊണ്ട് മാത്രമാണ്… ”
രേഷ്മയുടെ കണ്ണുകൾ താഴ്ന്നു.
അവളുടെ ആ നിശ്ശബ്ദത തന്നെ ഏറ്റവും വലിയ മറുപടിയായിരുന്നു.
ദേവകിയമ്മ മകന്റെ അടുത്തേക്ക് വന്നു.
വിനോദ് അമ്മയെ നോക്കി.
“അമ്മേ…”
ഞാൻ അമ്മയെ വിശ്വസിച്ചില്ല.” അവന്റെ കണ്ണുനിറഞ്ഞു
ദേവകിയമ്മ അവന്റെ തോളിൽ കൈവെച്ചു.
“ഇനി അതിന്റെ പേരിൽ നീ വിഷമിക്കരുത് മോനെ… അനുഭവിക്കാനുള്ളതൊക്കെ ഈ ചെറിയ കാലയളവിൽ നീ അനുഭവിച്ചു കഴിഞ്ഞു .”
അവർ രേഷ്മയെ നോക്കി.
“എന്റെ മകനെ വഞ്ചിച്ചതിന് മാത്രം അല്ല… അവന്റെ അമ്മയെ അവനിൽ നിന്ന് അകറ്റിയതിനും നീ മറുപടി പറയേണ്ടി വരും.”
രേഷ്മ കരഞ്ഞുകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു.
പക്ഷേ ദേവകിയമ്മ തടഞ്ഞു.
“ഇനി ഈ കള്ള കരച്ചിൽ വേണ്ട.”
അവരുടെ ശബ്ദം തണുത്തിരുന്നു.
“നീ മാപ്പ് പറയേണ്ടത് അവനോട് മാത്രം അല്ല ജനിക്കാൻ പോകുന്ന കുഞ്ഞിനോടും .. സ്വന്തം മനസാക്ഷിയോടും കൂടിയാണ്.
വിനോദ് അമ്മയെ നോക്കി.
അവന്റെ മുഖത്ത് ഉറച്ച ഒരു തീരുമാനം ഉണ്ടായിരുന്നു. അപ്പോൾ തന്നെ അവൻ രേഷ്മയുടെ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചു. മാത്രമല്ല രണ്ടുപേരുടെയും വീഡിയോ ഫോണിൽ പകർത്തുകയും ചെയ്തു.
നിന്നെ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ചതാണ് പക്ഷേ നീ എന്നെ ചതിച്ചു. ഈ രാത്രിയോടുകൂടി നീയെന്ന അധ്യായം എന്റെ ജീവിതത്തിൽ നിന്ന് തുടച്ചുമാറ്റപ്പെടുകയാണ്.. ഒരു രാത്രിപോലും നീ ഇനി സമാധാനത്തോടെ ഉറങ്ങില്ല.. ഇത് ഒരു തെറ്റും ചെയ്യാത്ത ഒരു അമ്മയുടെയും മകന്റെയും ശാപമാണ്.
അവൻ ഒരു കാര്യത്തിൽ മാത്രം ഉറച്ചുനിന്നു—
താൻ വഞ്ചിക്കപ്പെട്ടതിന്റെ പേരിൽ കുഞ്ഞിനെ ശിക്ഷിക്കില്ല.
ജനിച്ചിട്ടില്ലാത്ത ആ കുഞ്ഞ് എന്ത് ചെയ്തു.
പക്ഷേ രേഷ്മ?
അവൾക്ക് തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും അവൻ തുറന്നുകൊടുത്തില്ല.
സ്നേഹം നഷ്ടപ്പെട്ടതല്ല അവന്റെ വേദന.
താൻ സ്നേഹമെന്ന് കരുതിയതെല്ലാം ഒരു കള്ളമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായിരുന്നു.
അന്ന് രാത്രി പൊട്ടി കരയാൻ തോന്നിയെങ്കിലും അവൻ കരഞ്ഞില്ല.. അവൾ എന്നെന്നേക്കുമായി ആ പടിയിറങ്ങുമ്പോൾ മനസ്സിലെ ഭാരവും അവളോടൊപ്പം അവൻ ഇറക്കിവിട്ടു. കുറേ നാളുകൾക്കു ശേഷം അവൻ അമ്മയുടെ മടിയിൽ ഒരു കുഞ്ഞിനെ പോലെ തല ചായ്ച്ചുറങ്ങി..
അംബിക ശിവശങ്കരൻ.