ആദ്യമായി ഇഷ്‌ടപ്പെട്ട ആളെന്ന നിലയിൽ, ഏട്ടനെയും എനിക്കിഷ്ടാ

മുപ്പത് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കണ്ടുമുട്ടുമ്പോൾ അവൾക്ക്
47 ഉം ,എനിക്ക് 55 മായിരുന്നു പ്രായം.

എത്ര നാളായി ഏട്ടനെ ഒന്ന് കണ്ടിട്ട്
ഇപ്പോഴും ഏട്ടന് ഒരു മാറ്റവുമില്ല

മുഖം നിറയെ പുഞ്ചിരിയുമായി അവൾ എന്നോടത് പറയുമ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, അവൾക്ക് ഇപ്പോഴും എന്നോട് ആ പഴയ സ്നേഹം ഉണ്ടെന്ന്

അത് നിനക്ക് എന്നോടുള്ള സ്നേഹം
കൊണ്ട് തോന്നുന്നതാണ് ഞാനിപ്പോൾ അന്നത്തെ ആ ഇരുത്തിയഞ്ച്കാരനല്ല
കണ്ടില്ലേ? എന്റെ തലമുടിയിൽ പകുതിയിലധികവും നരച്ചത് ? .

ഞാൻ അവളോട് യാഥാർത്ഥ്യം പറഞ്ഞു

ഹേയ് അതൊന്ന് ഡൈ ചെയ്താൽ
ഏട്ടൻ ഇപ്പോഴും ആ 25 കാരൻ്റെ
ലുക്ക് തന്നെയാവും

അവൾക്ക് വിട്ടു തരാൻ
ഭാവമില്ലായിരുന്നു അവളുടെ
സന്തോഷം തല്ലിക്കൊടുത്താൻ താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ
പിന്നെ തർക്കിച്ചില്ല

അല്ല എന്താ നിന്റെ വിശേഷം ?
നിന്റെ ഹസ്ബൻഡ് നാട്ടിലുണ്ടോ
അതോ ഗൾഫിലാണോ?

ഗൾഫിലായിരുന്നു ഇപ്പോൾ കുറച്ചു ദിവസമായി ലീവിന് വന്നിട്ട്,ആള് പുറത്ത് കാറിൽ ഇരിപ്പുണ്ട്, എനിയ്ക്ക് കുറച്ച് പർച്ചേസ് ഉള്ളത് കൊണ്ട് വന്നതാണ്

ങ്‌ഹേ !അപ്പോൾ പുള്ളിക്കാരൻ നിന്നെ അന്വേഷിച്ച് ഇങ്ങോട്ട് കയറിവന്നാൽ നമ്മൾ സംസാരിക്കുന്നത് കാണില്ലേ ?

ഞാൻ അങ്കലാപ്പോടെ ചോദിച്ചു.

അതിനെന്താ നമ്മൾ സംസാരിച്ചാൽ ? അതൊരു തെറ്റല്ലല്ലോ ?ഏട്ടന് ഇപ്പോഴും
ആ പഴയ പേടി മാറിയിട്ടില്ലല്ലേ ?

അവൾ ഒരു പരിഹാസ ചിരിയോടെ
എന്നോട് ചോദിച്ചപ്പോൾ ഞാനൊന്ന്
ചൂളി പോയി.

അല്ലേലും ചൂട് വെള്ളത്തിൽ വീണപൂച്ച ,പച്ചവെള്ളം കണ്ടാലും പേടിക്കണമല്ലോ?

ജാള്യത പുറത്തുകാട്ടാതെ ഞാൻ
അവളോട് പറഞ്ഞു

ഹേയ് ഏട്ടൻ പേടിക്കണ്ട അദ്ദേഹം ,മൊബൈലിൽ
വീഡിയോ കണ്ടിരിക്കുവാണ് ,
ഞാൻ തിരിച്ചു ചെല്ലുന്നത് വരെ
അവിടെ നിന്ന് ഒരു അടി അനങ്ങില്ല

അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി.

അവളോടൊപ്പം സംസാരിച്ചുകൊണ്ട് പർച്ചേസ് ചെയ്തപ്പോൾ എനിക്ക് വല്ലാത്തൊരു ഫീൽ തോന്നി,

എൻ്റെ ഓർമ്മകൾ 30 വർഷങ്ങൾ
പിറകിലേയ്ക്ക് ഓടിപ്പോയി

അവൾ ക്ളാസ്സ് കഴിഞ്ഞ് വരുമ്പോൾ വെറുതെയൊന്ന് കാണാൻ മാത്രം മണിക്കൂറുകളോളം ഇടവഴിയിൽ കാത്ത് നിന്നതും, നിലത്ത് നോക്കി നടന്ന് വരുന്ന അവൾ എന്നെ കടന്ന് പോയി കഴിയുമ്പോൾ തലയൊന്ന് വെട്ടിച്ച് പാളി നോക്കുന്നതും ഞാൻ കുളിരോടെ ഓർത്തെടുത്തു .

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ അത് മാത്രമായിരുന്നു ഞങ്ങളുടെ പതിവ് ,അതായിരുന്നു ഞങ്ങളുടെ പ്രണയവും

പിന്നെ എപ്പോഴൊ അവൾ ലീവായിരുന്നപ്പോൾ കൂട്ടുകാരികളോട് ഞാനവളെ കുറിച്ച് അന്വേഷിക്കുമായിരുന്നു

അങ്ങനെ ഞങ്ങളുടെ ഉള്ളിൽ മാത്രം ഒതുങ്ങിയിരിക്കുന്ന പ്രണയം നാട്ടുകാർ മുഴുവനും അറിഞ്ഞു

ആണും പെണ്ണും തമ്മിൽ സ്നേഹിക്കുന്നത് പാപമായി കണ്ടിരുന്ന ആ കാലഘട്ടത്തിൽ അവളുടെ വീട്ടുകാർ ഈ വിവരമറിഞ്ഞ് അവളുടെ ക്ലാസ് നിർത്തി

അവളെ കാണാതെ ദിവസങ്ങളും മാസങ്ങളും ഞാനലഞ്ഞു നടന്നു
ഒടുവിലാണറിയുന്നത് അവളുടെ
വിവാഹം ഉറപ്പിച്ചെന്ന്

അന്ന് സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളതുപോലെ അവളുടെ വീട്ടിൽ ചെന്ന് വിളിച്ചിറക്കി കൊണ്ട് വരണമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ട് ഒരു രാത്രിയിൽ ഞാനവളുടെ നാല് കെട്ടിന് തെക്ക് വശത്തുള്ള പുളിമാവിലേയ്ക്ക് വലിഞ്ഞ് കയറി പരിസരം വീക്ഷിച്ചു

അവിടെയിരുന്ന് കൊണ്ട് അവളുറങ്ങുന്ന തെക്കിനിയുടെ ജനാലയെനിയ്ക്ക് കാണാമായിരുന്നു.

അകത്ത്, ഇൻകാൻഡസൻ്റ് ബൾബ് മങ്ങി കത്തുന്നത് അടച്ചിട്ട ജനാലയുടെ ചെറിയ വിടവിലൂടെ കണ്ടപ്പോൾ അവൾ ഉറങ്ങിയിട്ടില്ലെന്ന് എനിയ്ക്ക് മനസ്സിലായി

തുലാമാസമായത് കൊണ്ട്
ചുറ്റിനും കുറ്റാകുറ്റിരുട്ടായിരുന്നു ,
മഴയ്ക്ക് മുന്നോടിയായിട്ടുള്ള കുളിർ കാറ്റടിച്ചിട്ടും , പേടികൊണ്ട് എൻ്റെ ശരീരം വെട്ടിവിയർക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് അടഞ്ഞ് കിടന്ന ജനാല തുറന്നത്, യൂണിഫോമിലല്ലാതെ
അവളെ കണ്ടപ്പോൾ അവൾക്കൊരു പ്രത്യേക ഭംഗി തോന്നി.

അവളുടെ ചുരുണ്ട തലമുടി ചീകി മുകളിലേയ്ക്ക് ഉയർത്തികെട്ടിയിരിക്കുന്നു കൈയ്യിലിരുന്ന പൊഴിഞ്ഞ മുടികൾ ചുരുട്ടിയെടുത്തത് പുറത്തേയ്ക്കെറിഞ്ഞിട്ട് ജനാലയവൾവലിച്ചടയ്ക്കാൻ
ഒരുങ്ങിയപ്പോഴാണ് ഞാൻ ആദ്യമായവളെ പേര് വിളിക്കുന്നത്.

ഞെട്ടലോടെയവൾ മാവിൻ കൊമ്പിലേയ്ക്ക് നോക്കിയപ്പോഴാണ് , എന്നെ കാണുന്നത് ഭയപ്പാടോടെ അവൾ തിരിഞ്ഞും മറിഞ്ഞും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി

എന്തിനാ ഇപ്പോ വന്നേ പൊയ്ക്കോളൂ ആരേലും കാണും

ഭീതിയോടെ അവൾ പറഞ്ഞു

നിൻ്റെ കല്യാണമാണെന്നറിഞ്ഞു അത് കൊണ്ട് നിന്നെ കൊണ്ട് പോകാനാണ് ഞാൻ വന്നത് , നീ പുറകിൽ കൂടെ ഇറങ്ങി വാ

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ശബ്ദം താഴ്ത്തി ഞാനവളോട് പറഞ്ഞു

എങ്ങോട്ട് വരാൻ? എന്നിട്ട് എന്ത് ചെയ്യാൻ ?

അവളത് ചോദിച്ചപ്പോൾ എനിയ്ക്ക് ഉത്തരം മുട്ടി , അത് വരെ അച്ഛൻ അദ്ധ്വാനിച്ച് കൊണ്ട് വന്നത് മാത്രം വെട്ടിവിഴുങ്ങി ശീലിച്ചതെല്ലാം വരണ്ട തൊണ്ടയിലൂടെ പുറത്തേയ്ക്ക് ചാടി.

ഏട്ടൻ പോകാൻ നോക്ക് ,നിങ്ങളെ എനിയ്ക്ക് ഇഷ്ടമൊക്കെയാണ് ,
പക്ഷേ ഇപ്പോൾ ഞാനിറങ്ങി വന്നാൽ
എൻ്റെ വീട്ടുകാർ ,നിങ്ങളെ തച്ച് കൊന്നിട്ടാണേലും അവര് തീരുമാനിച്ച ചെക്കന് കല്യാണം കഴിച്ച് കൊടുക്കും
എനിയ്ക്ക് നിങ്ങളെയെന്നും ജീവനോടെ കാണണം

അത്രയും പറഞ്ഞവൾ ജനാല കൊട്ടിയടച്ചപ്പോൾ ആ മാവിൽ നിന്നും ഞാൻ ഊർന്ന് താഴേയ്ക്ക് വീണ് പോയി

ആ വീഴ്ചയിൽ ശരീരത്തിൽ നിന്നും അടർന്ന് പോയ തൊലി കാലക്രമേണ തിരിച്ച് വന്നെങ്കിലും മനസ്സിലെ മുറിവ് കുറേ നാളുകൾ കഴിഞ്ഞാണ് ഉണങ്ങിയത്.

ഏട്ടൻ എന്താ ആലോചിക്കുന്നത് ?

അവളുടെ ചോദ്യം കേട്ടാണ് ഓർമ്മയിൽ നിന്നും ഞാനുണർന്നത്

അല്ലടോ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?

എന്താ ഏട്ടാ ചോദിച്ചോളൂ ഞാനിത് വരെ കളവ് പറഞ്ഞിട്ടില്ല

അല്ലാ അന്ന് നമ്മൾ അവസാനമായി കണ്ടപ്പോൾ നീയെന്നോട് പറഞ്ഞിരുന്നില്ലേ? എന്നെ ഇഷ്ടമാണെന്ന് ? ആ ഇഷ്ടം, ഇപ്പോഴും നിനക്കുണ്ടോ?

പിന്നില്ലേ? അത് കൊണ്ടല്ലേ? ഞാൻ
ഏട്ടനോട് സ്‌നേഹത്തോടെ സംസാരിക്കുന്നത്?

അത് കേട്ടപ്പോൾ എൻ്റെ ശരീരമാസകലം കുളിര് കോരി.

അവളുടെ ഭർത്താവ് ഒരു പരുക്കനാണെന്നും ദാമ്പത്യജീവിതത്തിൽ അവൾ ഒട്ടും സംതൃപ്തയല്ലെന്നും എൻ്റെ മനസ്സ് പറഞ്ഞു

അങ്ങനെയെങ്കിൽ നിൻ്റെ ഭർത്താവിനെയാണോ എന്നെയാണോ കൂടുതൽ ഇഷ്‌ടം ?

അവൾക്ക് എന്നോടാണ്
ഇഷ്‌ടക്കൂടുതലെന്ന് പറയുമെന്ന ആത്മവിശ്വാസത്തോടെയാണ്
ഞാൻ ചോദിച്ചത്

അങ്ങനെ താരതമ്യം ചെയ്യാൻ എനിക്ക് കഴിയില്ലേട്ടാ ,എനിക്കൊരു ജീവിതം തന്ന എൻ്റെ കുട്ടികളുടെ അച്ഛനെന്ന നിലയിൽ അദ്ദേഹത്തെ എനിക്കിഷ്‌ടമാണ് , അത് പോലെ എന്നെ ആദ്യമായി ഇഷ്‌ടപ്പെട്ട ആളെന്ന നിലയിൽ, ഏട്ടനെയും
എനിക്കിഷ്ടാ, എന്ന് വച്ചാൽ ഇങ്ങനെ ഇടയ്ക്ക് കാണുമ്പോൾ ,വിശേഷങ്ങൾ ചോദിക്കാനും ,പറയാനുമുള്ള ഒരിഷ്ടം, അതെന്ന്മുണ്ടാവും , എന്നാൽ ശരി ഏട്ടാ,
ഇനി എപ്പോഴെങ്കിലും കാണാം,

അവളത് പറഞ്ഞ് തിരിച്ച്പോയപ്പോൾ ,
ഞാൻ മനസ്സിൽ കണക്ക് കൂട്ടിയതൊക്കെ ചില്ല് കൊട്ടാരം പോലെ തകർന്ന് വീണു

അവൾ എന്നെക്കാൾ ഇളയതാണെങ്കിലും കാര്യഗൗരവവും പക്വതയും അവൾക്ക് കൂടുതലായിരുന്നു.

അത് അവൾക്ക് മാത്രമല്ല ,ലോകത്തുള്ള എല്ലാ സ്ത്രീകളും അങ്ങനെ തന്നെയാവും അവർക്ക് പുരുഷനെക്കാൾ ദീർഘവീക്ഷണവും വീണ്ട് വിചാരവും ഉണ്ടാവും , എന്താ ശരിയല്ലേ ?🤔

തൈപ്പറമ്പൻ .

Leave a Reply

Your email address will not be published. Required fields are marked *