കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് കയറിച്ചെന്ന നാലിന്റെ

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് കയറിച്ചെന്ന നാലിന്റെ അന്ന് മുതൽ തുടങ്ങിയതാണ് ചോദ്യങ്ങൾ…

 

എന്റെ മോൻ വല്ലതും കഴിച്ചോ?

 

അവന്റെ ഡ്രസ്സ് അലക്കിയോ?

 

അവന്റെ കാര്യങ്ങളൊക്കെ മര്യാദയ്ക്ക് നടക്കുന്നുണ്ടോ?

 

അവന് സമയത്തിനുറങ്ങിയോ? എന്നൊക്കെ….

 

ആദ്യമൊക്കെ ഇതെല്ലാം കേൾക്കുമ്പോൾ എനിക്ക് തോന്നിയിരുന്നത് മകനോടുള്ള അമ്മയുടെ സ്നേഹമാണെന്നാണ്.അല്ലേലും സ്വന്തം മകന്റെ കാര്യത്തിൽ ഒരു അമ്മയ്ക്ക് ആശങ്കയുണ്ടാകുന്നതിൽ എന്താണ് തെറ്റ്?

 

പക്ഷേ, പതിയെപ്പതിയെ ആ സ്നേഹത്തിന്റെ മറുവശവും ഞാൻ കണ്ടുതുടങ്ങി.

 

ഭർത്താവിന്റെ സാലറി വന്നാൽ അത് എങ്ങനെ ചെലവാക്കണം എന്നു തീരുമാനിക്കുന്നതവരായിരുന്നു. എവിടെയെങ്കിലും പുറത്തുപോകാൻ തയ്യാറായാൽ കാറിന്റെ മുൻസീറ്റിൽ അമ്മ കയറിയിരിക്കും.ഞാൻ പുറകിലിരുന്നാലും അമ്മയ്ക്ക് അതൊരു പ്രശ്നമായിരുന്നില്ല.ഞങ്ങൾ എവിടെ പോയാലും കൂടെ അമ്മയും വരും…

 

കല്യാണം കഴിഞ്ഞാലും അമ്മയ്ക്കാണ് ആദ്യത്തെ സ്ഥാനം.അതുകഴിഞ്ഞേ ഭാര്യയുള്ളൂ. രക്തബന്ധത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും എന്ന് അമ്മയുടെ വായിൽ നിന്ന് പലതവണ ഞാൻ കേട്ടിട്ടുണ്ട്.

 

അപ്പോഴൊന്നും ഞാൻ തർക്കിച്ചില്ല. കാരണം,അമ്മയും ഞാനും തമ്മിൽ മത്സരമുണ്ടാക്കാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു.ഒരു മകന്റെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനത്തെ ചോദ്യം ചെയ്യേണ്ട ആവശ്യവും എനിക്കില്ലാതത്തു കൊണ്ട് ഞാൻ മിണ്ടാതിരുന്നു.

 

ഇതൊന്നുമല്ല തമാശ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴും ഈ കഥയ്ക്ക് വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

 

അവൻ വല്ലതും കഴിച്ചാരുന്നോടീ?

 

അവനു ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കിക്കൊടുത്തോ?

 

അവനുവേണ്ടി നല്ല ബെഡ്ഷീറ്റ് വിരിച്ചോ?

 

അവന് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകരുത് കേട്ടോ!

 

എന്റെ വീട്ടുകാർക്ക് എന്റെ ഭർത്താവിനെ വലിയ കാര്യമായിരുന്നു. മരുമകൻ വരുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കണം. മുറി വൃത്തിയാക്കണം,അവന് ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കണം.

 

അവരുടെ സ്നേഹത്തിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ ഭർത്താവിനെ സ്വന്തം മകനെപ്പോലെ കാണുന്നതിൽ എനിക്കെന്തിനാണ് വിഷമം?

 

പക്ഷേ, ചിലപ്പോഴൊക്കെ മനസ്സിൽ ഒരു ചോദ്യം ഉയരും.

 

ശെടാ!!എന്റെ ഭർത്താവിനെ നോക്കാൻ എല്ലാവർക്കും ഇത്രയും കരുതലുണ്ട് പക്ഷെ എന്നെ നോക്കാൻ ആരെങ്കിലുമുണ്ടോ?

 

എന്റെ വീട്ടുകാർ മരുമകന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുമ്പോൾ,അവന്റെ വീട്ടിൽ എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ?

 

എന്റെ വീട്ടിൽ അവന് നല്ല മുറിയും വൃത്തിയുള്ള കിടക്കയും ഒരുക്കുമ്പോൾ, അവന്റെ വീട്ടിൽ എനിക്കും അതുപോലൊരു പരിഗണന കിട്ടുന്നുണ്ടോ എന്നെന്റെ വീട്ടുകാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

 

അങ്ങനെ ഓരോരുത്തരും അവനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.

 

പക്ഷെ ഞാനോ?

 

എന്നെക്കുറിച്ച് ചിന്തിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

ഞാൻ എന്തെങ്കിലും പറഞ്ഞാൽ പ്രശ്നമാകും. ഭർത്താവിന്റെ വീട്ടുകാരെ കുറ്റം പറയുന്നവളാകും.സ്വന്തം വീട്ടുകാരോട് പറഞ്ഞാൽ അവർക്ക് വിഷമമാകും. ഭർത്താവിനോട് പറഞ്ഞാൽ അയാൾ അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ കിടന്ന് ബുദ്ധിമുട്ടും.

 

അങ്ങനെ എല്ലാവരുടെയും മനസ്സ് നോക്കി നോക്കി എന്റെ മനസ്സിലെ വിഷമങ്ങൾ ഞാൻ തന്നെ ഉള്ളിലൊതുക്കി.

 

അവർക്കൊക്കെ എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കണമെന്ന് അറിയാമായിരുന്നു പക്ഷേ, എനിക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് അറിയാൻ ആർക്കും സമയമുണ്ടായിരുന്നില്ല.

 

ഞാൻ ഭർത്താവിനെ നന്നായി നോക്കുന്ന ഭാര്യയാകണം.അമ്മായി അമ്മയുടെ പ്രതീക്ഷകൾ നിറവേറ്റുന്ന മരുമകളാകണം. സ്വന്തം വീട്ടിൽ വന്നാലും ഭർത്താവിന് ഒരു കുറവും വരാത്ത മകളാകണം.

 

പക്ഷേ, ഇതിനെല്ലാമിടയിൽ എനിക്കും ഒരു മനസ്സുണ്ടെന്ന കാര്യം ആരെങ്കിലും ഓർക്കേണ്ടേ?

 

എനിക്കും വിശക്കും….

 

എനിക്കും ക്ഷീണം വരും…..

 

എനിക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്…..

 

എനിക്കും ചിലപ്പോൾ ഒന്നും ചെയ്യാതെ വെറുതെയിരിക്കാൻ തോന്നും…..

 

പക്ഷെ ഇതൊന്നും ആരും ശ്രദ്ധിച്ചില്ല, പരിഗണിച്ചുമില്ല.

 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഞാൻ ഭക്ഷണം കഴിച്ചോണ്ടിരിക്കെ അമ്മയെന്നോട് പറഞ്ഞു,

 

അല്ലേ…. ഇതെന്താ പതിവില്ലാത്ത oruഒരു ഏർപ്പാട് അവൻ വന്നിട്ട് ഒരുമിച്ചിരുന്നു കഴിച്ചാൽ പോരേ നിനക്ക്?

 

എന്ത് കാര്യത്തിന്,ഏട്ടൻ വരുമ്പോൾ ഏട്ടൻ കഴിച്ചോളും,എനിക്കിപ്പോ വിശക്കുന്നുണ്ട് അതോണ്ടാണ് ഞാൻ കഴിക്കുന്നത്.ഏട്ടൻ വരാൻ ചിലപ്പോൾ വൈകും അത്രേം നേരം വിശന്നിരിക്കാൻ എനിക്ക് വയ്യാ.

 

അവർ ഒന്നും മിണ്ടിയില്ല…

 

അടുത്ത ദിവസം അമ്മ ഒരു ഷർട്ടുമായി എന്റെ അടുത്തുവന്നു.

 

ദേ, നീ ഇത് തേച്ചത് ശരിയായില്ല. എത്ര പറഞ്ഞാലും നിനക്ക് മര്യാദയ്ക്ക് തേക്കാൻ അറിയില്ല!അവനിത് കണ്ടാൽ ഇനി അത് മതി.

 

ഞാൻ ആ ഷർട്ടിലേക്ക് നോക്കി പിന്നെ അവരുടെ മുഖത്തേക്കും.

 

മാസങ്ങളായി മനസ്സിൽ അടക്കിവെച്ചിരുന്ന എന്തോ ഒന്ന് അന്ന് പുറത്തേക്ക് വരാൻ വെമ്പുന്നതുപോലെ തോന്നി.

 

ഞാൻ ശാന്തമായി അവരോടു പറഞ്ഞു.

 

ശരിയായില്ലെങ്കിൽ അമ്മ പോയി ശരിയായിട്ട് ഒന്ന് തേച്ചുകൊണ്ടുവാ.

 

അവർ എന്നെ തുറിച്ചുനോക്കി.

 

അതെങ്ങനെ ശരിയാകും? നീയല്ലേ അവന്റെ ഭാര്യ? നീയല്ലേ അവന്റെ കാര്യങ്ങളൊക്കെ നോക്കേണ്ടത്?

 

ഞാൻ ചിരിച്ചു.

 

അയ്യോ, അങ്ങനെ പറയല്ലേ അമ്മേ! ഞാൻ വെറും ഭാര്യയല്ലേ? ഈ വീട്ടിലേക്ക് വന്നു കയറിയവൾ. അമ്മയ്ക്കാണല്ലോ ആദ്യത്തെ സ്ഥാനം! രക്തബന്ധത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും!

 

എന്റെ മറുപടി കേട്ടതും അവരുടെ മുഖം മാറി.

 

നീയെന്താ ഉദ്ദേശിക്കുന്നത്?

 

പ്രത്യേകിച്ചൊന്നുമില്ലമ്മേ. അമ്മ പറഞ്ഞത് തന്നെയാണ് ഞാൻ ഓർമിപ്പിച്ചത്. അമ്മയ്ക്ക് മകനോടുള്ള ബന്ധം രക്തബന്ധമാണ്.എനിക്കുള്ളത് വിവാഹത്തിലൂടെ കിട്ടിയ ബന്ധവും,അപ്പോൾ അമ്മയ്ക്കല്ലേ കൂടുതൽ അവകാശം? അതുകൊണ്ട് മോന്റെ കാര്യങ്ങൾ ഇനി അമ്മ തന്നെ നോക്കിയാൽ മതി.

 

നീ എന്തൊക്കെയാ ഈ പറയുന്നത്?

 

ഞാൻ പറയുന്നത് വളരെ സിമ്പിളാണ് അമ്മേ!

 

ഞാൻ ഓരോന്നായി എണ്ണിപ്പറയാൻ തുടങ്ങി.

 

മോനുള്ള ഭക്ഷണം ഇനി മുതൽ അമ്മ തന്നെ ഉണ്ടാക്കിക്കൊടുക്കണം മോനിഷ്ടപ്പെട്ട കറികൾ ഏതൊക്കെയാണെന്ന് അമ്മയ്ക്കല്ലേ കൂടുതൽ അറിയാവുന്നത്?

 

മോന്റെ തുണികൾ അമ്മ തന്നെ അലക്കിക്കോളൂ.ഏത് ഷർട്ട് എങ്ങനെ കഴുകണം, ഏത് ഡ്രസ്സ് എങ്ങനെ തേക്കണം എന്നൊക്കെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമല്ലോ!

 

അത് മാത്രമല്ല പുറത്തുപോകുമ്പോൾ മോന്റെ കൂടെ കാറിന്റെ മുൻസീറ്റിൽ ഇരിക്കണം.സാലറി കിട്ടുമ്പോൾ അത് എങ്ങനെ ചെലവാക്കണമെന്ന് തീരുമാനിക്കണം അങ്ങനെ എല്ലാത്തിനും അമ്മ തന്നെ മുന്നിൽ നിന്നാൽ മതി.

 

കാരണം, കല്യാണം കഴിഞ്ഞാലും അമ്മയ്ക്കാണല്ലോ ആദ്യത്തെ സ്ഥാനം!

 

അവർ ദേഷ്യത്തോടെ എന്നെ നോക്കി.

 

അപ്പോൾ നീ അവനെ നോക്കില്ലെന്നാണോ?

 

എന്റെ പൊന്നമ്മേ,കൊച്ചു പിളേളരെ പോലെ പുറകെ നടന്നു നോക്കാൻ അമ്മയുടെ മകന് അഞ്ചു വയസ്സല്ല പ്രായം… ഇത്രേം വലുതായ ഒരാണിന് സ്വന്തമായി ഭക്ഷണം എടുത്തു കഴിക്കാനും അവനവന്റെ ഡ്രസ്സ്‌ വാഷിങ് മെഷിനിൽ എടുത്തിടാനും കൈ പൊങ്ങില്ലേ?

 

ഞാൻ നിങ്ങടെ മകനോടൊപ്പം ജീവിക്കാൻ വേണ്ടിയണ് ഈ വീട്ടിലേക്ക് വന്നത് അല്ലാതെ നിങ്ങടെ മകന്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ ജോലിക്കാരിയെപ്പോലെ നിയമിക്കപ്പെട്ടതല്ല.

 

പിന്നെ ഞാൻ ഒരു കാര്യം കൂടി പറയാം അമ്മേ…

 

നിങ്ങൾക്ക് നിങ്ങളുടെ മകനെക്കുറിച്ച് ഇത്രയും കരുതലുണ്ടെങ്കിൽ,അവനെ വിവാഹം കഴിച്ചുവന്ന പെൺകുട്ടിക്കും ഒരു കുടുംബമുണ്ടെന്നും അവൾക്കും അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും കൂടി നിങ്ങൾ ഒന്നോർക്കണം.ഒരിക്കൽ എങ്കിലും നിനക്കെന്താ മോളെ ഇഷ്ടം എന്ന് നിങ്ങളെന്നോട് ചോദിച്ചിട്ടുണ്ടോ?

 

ഒരു പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങിവരുമ്പോൾ അവളുടെ ജീവിതം മുഴുവൻ ഉപേക്ഷിച്ചിട്ടല്ല വരുന്നത്.

 

അവളുടെ ഭർത്താവവളെ, സ്നേഹിക്കേണ്ടവളായി കാണണം അല്ലാണ്ട് സേവിക്കേണ്ടവളായി മാത്രം കാണരുത്.

 

അമ്മയ്ക്ക് ആദ്യത്തെ സ്ഥാനം വേണമെങ്കിൽ അത് അമ്മയുടെ സ്നേഹത്തിലൂടെയത് നേടിക്കോളൂ പക്ഷെ മകന്റെ ഭാര്യയെ രണ്ടാമത്തെ സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ട് നേടേണ്ട ഒന്നല്ല ആ സ്ഥാനം.

 

കാരണം,സ്നേഹം ഒരു മത്സരമല്ല അമ്മേ. ആരാണ് ഒന്നാമത്, ആരാണ് രണ്ടാമത് എന്ന കണക്കുപുസ്തകവുമല്ല അത് മാത്രമല്ല ഒരാളെ ഉയർത്തിപ്പിടിക്കാൻ മറ്റൊരാളെ താഴ്ത്തേണ്ട ആവശ്യമില്ല.”

 

അന്നാദ്യമായി എന്റെ ഉള്ളിൽ അടിഞ്ഞുകൂടിയിരുന്ന പല കാര്യങ്ങളും ഞാൻ തുറന്നുപറഞ്ഞു.

 

അതിനുശേഷം വീട്ടിൽ കുറച്ചുദിവസം മൗനമായിരുന്നു. അമ്മയ്ക്ക് എന്റെ വാക്കുകൾ ഇഷ്ടമായില്ല. ഞാൻ മാറിപ്പോയെന്നും പഴയ മരുമകളല്ലെന്നും പലതവണ കേട്ടു.

 

പക്ഷേ, ഇത്തവണ ഞാൻ കരഞ്ഞില്ല. ആരെയും സന്തോഷിപ്പിക്കാൻ വേണ്ടി എന്റെ വാക്കുകൾ വിഴുങ്ങിയതുമില്ല.

 

കാരണം, ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്നെത്തന്നെ ഞാൻ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

 

ഒരു മരുമകൾക്ക് വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ അറിയണം. ഭർത്താവിന്റെ ഇഷ്ടങ്ങൾ അറിയണം.അമ്മായിയമ്മയുടെ പരാതികൾ സഹിക്കണം.സ്വന്തം വീട്ടുകാരുടെ പ്രതീക്ഷകളും നിറവേറ്റണം എന്നൊക്കെ ഡിമാന്റ് വെക്കുന്നവർ

അവളെയും ഒരാളായി കാണണം. അവൾ ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കണം. അവളുടെ ക്ഷീണം മനസ്സിലാക്കണം. അവളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇടം നൽകണം.

 

അല്ലാതെ, വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വന്നതുകൊണ്ട് അവൾക്ക് സ്വന്തം മനസ്സും ആഗ്രഹങ്ങളും ഇല്ലാതാകുന്നില്ലല്ലോ m

 

അവൾ നിങ്ങളുടെ മകനെ സ്നേഹിക്കുന്ന ഭാര്യയാണ്. നിങ്ങളുടെ വീട്ടിലെ മരുമകളാണ്.സ്വന്തം വീട്ടിലെ മകളാണ്.

 

അതിനെല്ലാമപ്പുറം അവൾ ഒരു മനുഷ്യനാണ്.

 

അവളെ സ്നേഹിക്കാനും ബഹുമാനിക്കാനും ഉള്ള തിരിച്ചറിവ് മാത്രം മതി.

 

വീട്ടിൽ അമ്മയ്ക്കാണ് ആദ്യത്തെ സ്ഥാനം എന്ന് പറയുന്നവരോട് ഒരു ചോദ്യം മാത്രം…

 

അമ്മയ്ക്ക് ആദ്യത്തെ സ്ഥാനം കൊടുക്കാൻ വേണ്ടി ഭാര്യയെ എപ്പോഴും അവസാന സ്ഥാനത്തേക്ക് മാറ്റി നിർത്തണോ?

 

ഒരു ഭാര്യ ആയതിനു ശേഷമല്ലേ അവരും അമ്മ ആയത്?

 

അമ്മയ്ക്ക് മകനെ നോക്കാനുള്ള അവകാശമുണ്ടെങ്കിൽ ഭാര്യയ്ക്ക് ഭർത്താവിനോടൊപ്പം സ്വന്തം ജീവിതം ജീവിക്കാനുള്ള അവകാശമില്ലേ?

 

അമ്മയുടെ സ്നേഹത്തിന് വിലയുണ്ടെങ്കിൽ ഭാര്യയുടെ സ്നേഹത്തിനും വിലയില്ലേ?

 

രക്തബന്ധം വലുതാണ്,ശരിയാണ്.

 

പക്ഷേ, അതുകൊണ്ട് വിവാഹബന്ധം ചെറുതാകുന്നില്ല.

 

അമ്മയ്ക്ക് അമ്മയുടെ സ്ഥാനവും ഭാര്യയ്ക്ക് ഭാര്യയുടെ സ്ഥാനവും കൊടുക്കാൻ കഴിയുന്നിടത്താണ് ഒരു കുടുംബം യഥാർത്ഥത്തിൽ കുടുംബമാകുന്നത്.

 

അല്ലാതെ, ഒരാളെ സ്നേഹിക്കാൻ മറ്റൊരാളെ വേദനിപ്പിക്കേണ്ടിവരുന്നിടത്ത് അതിനെ സ്നേഹമെന്നു വിളിക്കാൻ എനിക്ക് കഴിയില്ല.

 

കാരണം,ഒരു പെണ്ണ് നിങ്ങളുടെ വീട്ടിലേക്ക് കയറിവരുന്നത് നിങ്ങളുടെ മകനെ മാത്രം നോക്കാനല്ല.

 

അവൾക്കും അവിടെ ഒരു ജീവിതമുണ്ട്.

 

അവൾക്കും അവിടെ ഒരു സ്ഥാനമുണ്ട്.

 

ആ സ്ഥാനം ആരും അവൾക്ക് ഔദാര്യമായി നൽകേണ്ടതല്ല. അവളും ആ കുടുംബത്തിലെ ഒരംഗമാണ് എന്ന തിരിച്ചറിവിൽ നിന്ന് ലഭിക്കേണ്ടതാണ്😊

 

കഥ :സ്വന്തമെവിടെ ബന്ധമെവിടെ

അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *