തളിരിലകൾ
(രചന: Treesa George)
മോളെ നമ്മുടെ ദിവാകരൻ നല്ലൊരു ആലോചന കൊണ്ട് വന്നിട്ടുണ്ട്.അല്ലേലും എന്റെ മോള് ഭാഗ്യം ഉള്ളവൾ ആണെന്ന് ഞാൻ നിങ്ങളോട് എപ്പോഴും പറയാറില്ലേ.
അച്ചൻ എന്ത് ആലോചനയുടെ കാര്യം ആണ് ഈ പറയുന്നത്.ഈ പെണ്ണിന്റ ഒരു കാര്യം. ചില നേരത്ത് ഒന്നും മനസിലാകാത്ത പോലെ അങ്ങ് പെരുമാറും.
എടി പെണ്ണേ നിനക്ക് ഒരു കല്യാണ ആലോചന വന്നിട്ടുണ്ടെന്നു. ചെറുക്കൻ അങ്ങ് ദുബായിലാ .5 അക്ക ശമ്പളം. ഒറ്റ മോൻ.
പെങ്ങൾ ഉള്ളതിനെ കെട്ടിച്ചു. അമ്മ മാത്രമേ ഉള്ളു. അവർ നിന്നെ കല്യാണം കഴിഞ്ഞു പഠിപ്പിക്കും എന്നാ പറഞ്ഞത്. ഇത് നടന്നാൽ നിന്റെ ഭാഗ്യം.
അമ്മ ആണ് എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ . ഞാൻ പഠിക്കുവല്ലേ. പഠിച്ച് കഴിഞ്ഞു ജോബ് ആകട്ടെ. എന്നിട്ടു മതി.
ലോകത്ത് ഉള്ള മുഴുവൻ പെണ്ണുങ്ങളും ഇത് തന്നെയാ പറയുന്നത്. പഠിച്ചവര് തന്നെ ഇവിടെ ജോലി ഇല്ലാതെ കഷ്ടപെടുന്നു. അപ്പോളാ ഇവിടെ ഒരുത്തി.
എനിക്ക് അവരുടെയും ഇവരുടെയും കാര്യം ഒന്നും അറിയണ്ടാ. എനിക്ക് പഠിക്കണം.
നോക്കിക്കേ. പെണ്ണിന്റെ ഒരു അഹങ്കാരം. ഇത്രെയും നാൾ നിന്നെ നോക്കി വളർത്തിയ ഞങ്ങൾ ഇത് തന്നെ കേൾക്കണം.
നിനക്ക് താഴെ രണ്ട് എണ്ണം കൂടി ഉണ്ടെന്ന് ഓർത്താൽ നല്ലത്. ഒന്ന് എലും രക്ഷപെട്ടാൽ അത്രെയും ആയല്ലോ എന്ന് വിചാരിച്ചപ്പോൾ അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ.
അല്ലേലും പഠിക്കണം എന്നുള്ളവർ എപ്പോൾ ആണേലും പഠിക്കും.മാതാപിതാക്കളെ എതിർത്തു ശീലം ഇല്ലാത്ത കൊണ്ട് അനുവിന്റെ കല്യാണം രാമേഷും ആയിട്ട് നടന്നു.
പുതിയ വീട്, പുതിയ അന്തരീഷം.രമേശിന്റെ മുറിയുടെ ജനാല തുറന്നാൽ ദൂരേ പാടത്തു നിന്നും വരുന്ന തണുത്ത കാറ്റിന്റെ ശബ്ദം കേൾക്കാം.
അനുവിന് ഇവിടം ഒക്കെ ഇഷ്ടം ആയോ.ഇഷ്ടമായി. ആകെ ഒരു വിഷമം മാത്രമേ ഉള്ളു. കോളേജ് ഇവിടുന്ന് ദൂരേ ആയോണ്ട് പോയി വരാൻ കുറച്ചു ബുദ്ധിമുട്ട് ആണ്.
അതിനെ പറ്റി ഓർത്തു നീ എന്തിനാ വിഷമിക്കുന്നത്. അതിനു ഇനിയും സമയം ഉണ്ടെല്ലോ.
രമേശൻ തന്റെ ലീവ് തീർന്നു തിരിച്ചു ജോലി സ്ഥലതോട്ട് പോയി.ഇന്ന് തൊട്ട് കോളേജിൽ പോയി തുടങ്ങണം.
അത് കൊണ്ട് തന്നെ അവൾ നേരത്തെ എണീറ്റ് അമ്മക്കും തനിക്കും ഉള്ള ചോറും പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി വീടും മുറ്റവും പശുവിന്റെ തൊഴുത്തും എല്ലാം അടിച്ചു തൂത്തു വൃത്തിയാക്കി.
കോളേജിൽ പോകാൻ ആയി റെഡിയായി വന്നപ്പോഴേക്കും രമേശിന്റെ അമ്മ എണീറ്റിരുന്നു.
അവളെ കണ്ട് അവർ അവളോട് ചോദിച്ചു.അല്ല അനു നീ ഇത് രാവിലെ ഒരുങ്ങികെട്ടി എങ്ങോട്ട് ആണ്.അമ്മേ ഞാൻ കോളേജിലോട്ട്. ഇന്നലെ പറഞ്ഞിരുന്നല്ലോ.
നീ കോളേജിൽ പോയാൽ പിന്നെ ഇവിടുത്തെ കാര്യം ഒക്കെ ആര് നോക്കും. എനിക്ക് ഒരു സഹായത്തിനാണ് അവൻ പെണ്ണ് കെട്ടിയത്.ഏട്ടൻ കല്യാണം കഴിഞ്ഞും പഠിപ്പിക്കാം എന്ന് ആണല്ലോ അന്ന് പറഞ്ഞത്.
എടി പെണ്ണേ അത് നമ്മുടെ നാട്ടിൽ കാലാങ്ങളായി നടക്കുന്ന ആചാരങ്ങൾ അല്ലേ. പെണ്ണ് കുട്ടികൾ കല്യാണം കഴിഞ്ഞും, പഠിക്കണം എന്ന് പറയുന്നു.
ആണുങ്ങൾ പഠിപ്പിക്കാം എന്നും പറയുന്നു. ഇത് ഒക്കെ ആര് ഓർത്തിരിക്കുന്നു. പെണ്ണ് കുട്ടികൾ പഠിച്ചു ജോലിയിൽ കാണണം എന്ന് ആഗ്രഹം ഉള്ള മാതാപിതാക്കൾ അവരെ പഠിപ്പിക്കുന്നു.
അല്ലാത്തവർ കെട്ടുന്ന ചെക്കൻ പഠിപ്പിക്കും എന്ന് പറഞ്ഞു ബാധ്യത ഒഴിവാക്കുന്നു. നിന്റെ വീട്ടുകാരും അങ്ങനെ ഒഴിവാക്കിയതാ നിന്നെ.എനിക്ക് കോളേജിൽ പോകണം അമ്മേ. ഇത് ലാസ്റ്റ് ഇയർ ആണ്.
ഞാൻ അന്നേ അവനോടു പറഞ്ഞതാ ഗതി ഇല്ലാത്ത വീട്ടിൽ നിന്ന് പെണ്ണ് കെട്ടേണ്ട എന്ന്. എവിടെ. പെണ്ണിന്റെ തൊലി വെളുപ്പ് കണ്ട് അവൻ മയങ്ങി.
ഇപ്പോൾ ഇത്തിരി നല്ല ഭക്ഷണം ഒക്കെ കഴിച്ചു തുടങ്ങിയപ്പോൾ അവൾക്കു എല്ലിന്റെ ഇടയിൽ കുത്തി തുടങ്ങി. അതും പറഞ്ഞു അവർ അവളെ പ്രാകാൻ തുടങ്ങി.
പിന്നീട് അവൾ ഒന്നും പറഞ്ഞില്ല. വൈകിട്ടു അവൾ രമേശൻ വിളിച്ചപ്പോൾ തനിക്ക് പഠിക്കണം എന്ന് പറഞ്ഞു.രമേശന്റെ മറുപടി ആണ് അവളെ കൂടുതൽ വിഷമിപ്പിച്ചത്.
അനു, കഴിഞ്ഞു വർഷം അച്ഛൻ മരിച്ചതിനു ശേഷം അമ്മ അവിടെ തനിച്ചു ആയിരുന്നു. അമ്മക്ക് ഒരു കൂട്ടിനു ആയിട്ട് ആണ് ഞാൻ നിന്നെ കെട്ടിയത്.
അപ്പോൾ നിങ്ങൾക്ക് ഒരു പാർട്ണർ വേണം എന്ന് തോന്നിയിട്ട് എന്നെ കല്യാണം കഴിച്ചത് അല്ലേ.അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഇതാണ് അനു, ഇപ്പോളത്തെ കുട്ടികളുടെ കുഴപ്പം. അവർക്ക് കുടുംബബന്ധങ്ങളുടെ വില അറിയില്ല. അവർക്ക് ഭർത്താവിന്റെ മാതാപിതാക്കൾ എപ്പോളും ബാധ്യത ആണ്.
അങ്ങനെ പഠിക്കാൻ പോകണം എന്ന് ആയിരുന്നേൽ എന്തിനാ കല്യാണം കഴിച്ചത്. സ്വന്തം വീട്ടിൽ അങ്ങ് നിന്നാൽ പോരായിരുന്നോ.
പിന്നീട് അവൾ അവനോടു ഒന്നും പറഞ്ഞില്ല. അവളുടെ അമ്മയോട് അവൾ ഇതെപ്പറ്റി പറഞ്ഞപ്പോൾ അവർ പറഞ്ഞു.
കല്യാണം കഴിഞ്ഞാൽ അതാണ് നിന്റെ വീട്. അവർ പറയുന്നത് കേട്ട് അവിടെ നിന്നാൽ നിനക്ക് കൊള്ളാം.
അല്ലേൽ ആളുകൾ എന്റെ വളർത്തു ദോഷം ആണെന്ന് പറയും. നിങ്ങളെ ഇത്രേം വളർത്തി വലുതാക്കിയ ഞാൻ അതും നാട്ടുകാരുടെ വായിൽ നിന്ന് കേൾക്കണോ.
പിന്നീട് അവൾ ആരോടും ഒന്നും പറഞ്ഞില്ല. മനസിലെ മോഹങ്ങൾ കുഴിച്ചു മൂടി ആ വീടിന്റെ മരുമകൾ ആയി. രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
കുഞ്ഞുങ്ങൾ വളരുന്നതിന് അനുസരിച്ചു അവളുടെ ബുദ്ധിമുട്ടുകളും കൂടി വന്നു.അവൾ എന്തു ചെയ്താലും അവർ അതിൽ എല്ലാം കുറ്റം കണ്ടുപിടിച്ചിരുന്നു.
അവൾ തന്നെ ശെരിക്കും നോക്കുന്നില്ല എന്ന് രമേശന്റെ അടുത്തു പരാതി പറഞ്ഞു അവളെ അവന്റെ അടുത്തുന്നു വഴക്ക് കേൾപ്പിക്കുന്നത് അവർക്ക് ഒരു ഹരം ആയിരുന്നു.
രമേശ് ആണേൽ ഒരിക്കലും പൈസ അവളുടെ പേരിൽ അയച്ചിരുന്നില്ല. എല്ലാം അമ്മയുടെ പേരിൽ ആയിരുന്നു അയച്ചിരുന്നത്. അതിനാൽ തന്നെ എന്ത് ആവിശ്യത്തിനും അവരുടെ മുന്നിൽ കൈ നിട്ടേണ്ടി വന്നു.
അവർ ആണേൽ എന്റെ മകൻ പണി എടുക്കുന്നത് തട്ടി തിന്നാൽ ഒരുത്തി ഇവിടെ ഇരിക്കുന്നു എന്ന് പറഞ്ഞു പ്രാകി നേർന്നു ആയിരുന്നു അവൾക്ക് പൈസ കൊടുത്തിരുന്നത്.
ആ ഇടക്ക് ആണ് അവളെ ഏറെ വിഷമിപ്പിച്ച ആ സംഭവം ഉണ്ടായത്. അവളുടെ കാലിന്റെ മുട്ട് വേദനക്കു ഡോക്ടർ അവളോട് കാലു സ്കാൻ ചെയ്യാൻ പറഞ്ഞു. അതിനായി പൈസ ചോദിച്ച അവളോട് അവൻ പറഞ്ഞു.
അല്ലേലും ഞാൻ ഇവിടെ അധ്വാനിക്കുന്നത് നാട്ടിൽ വെറുതെ ഇരുന്നു തിന്നുവർക്ക് അറിയണ്ടല്ലോ. നീ മേലങ്ങി പണിയാഞ്ഞിട്ടാ ഈ മുട്ട് വേദന.
പണ്ട് ഒക്കെ പെണ്ണുങ്ങൾ അമ്മിയിൽ അരക്കും, കല്ലേൽ തുണി അലക്കും. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇത് ഒന്നും പറ്റില്ലല്ലോ. അത് കൊണ്ട് എന്താ ഇത് പോലെത്തെ അസുഖങ്ങൾ കൂടെന്നു മാറില്ല.
അല്ലേലും ഗൾഫ്കാരൻ ഭർത്താക്കന്മാരെ പണം കായിക്കുന്ന യന്ത്രം ആയിട്ടാ ചില പെണ്ണുങ്ങൾ കാണുന്നത്.
അവൾക്കു ചോദിക്കണം എന്ന് ഉണ്ടായിരുന്നു. ഞാൻ ഇവിടെ ചെയുന്നത് ജോലി അല്ലേ എന്ന്. വീട്ടിലെ ജോലികൾ ചെയുന്നത്, കുഞ്ഞുങ്ങളെ നോക്കുന്നത്.
ഓഹ് അത് എന്റെ കടമ ആണല്ലേ. പിന്നീട് അവൾ ഒന്നും ചോദിക്കാൻ പോയില്ല. അവളുടെ മനസ്സിൽ ചില തിരിച്ചു അറിവുകളുടെ തുടക്കം ആയിരുന്നു അത്.
അതെ. താൻ ഈ അടുക്കളയിൽ കിടന്നു കഷ്ടപെടുന്നത് ആരും മനസിലാക്കുന്നില്ല എന്ന് അവൾ തിരിച്ചു അറിഞ്ഞു. ശമ്പളം ഇല്ലാത്ത ജോലി ആണെല്ലോ.
കണക്കു പറഞ്ഞാൽ താൻ കുടുംബ സ്നേഹം ഇല്ലാത്തവൾ. ഒരു രൂപക്ക് പോലും കൈ നീട്ടേണം. ഇനി ഇങ്ങനെ മുന്നോട്ടു പോയാൽ ശെരി ആവില്ല.
പിറ്റേന്ന് അവൾ വീട്ടിലെ ജോലികൾ എല്ലാം കഴിഞ്ഞു, കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കി വീട്ടിൽ ഇരുന്ന പഴയ വസ്ത്രവും എടുത്തു ഇറങ്ങി.
അവളെ കണ്ടു അമ്മായിഅമ്മ ചോദിച്ചു.രാവിലെ തന്നെ തമ്പുരാട്ടി ഇത് എങ്ങോട്ടാ.അവൾ പറഞ്ഞു. ഞാൻ ഇന്ന് തൊട്ട് തൊഴിൽ ഉറപ്പ് പണിക്ക് പോകുന്നു.ആരോട് ചോദിച്ചിട്ട്.
ആരോടും ചോദിച്ചില്ല. അതിന്റെ ആവിശ്യം ഉള്ളതായിട്ട് തോന്നിയില്ല. കുട്ടികളോട് ഞാൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ തോന്നുമ്പോൾ പോകാനും തോന്നുമ്പോൾ വരാനും ഇത് സത്രം അല്ല. ഇത് ഒരു വീട് ആണ് .
എന്റെ മോൻ ഈ പൂതനക്ക് ചിലവിനു കൊടുക്കാഞ്ഞിട്ട് ആണെന്ന് നാട്ടുകാർ ഇനി പറയുലോ. എന്റെ മോനെ നാണം കെടുത്താൻ ആയിട്ട് അവൾ ഇറങ്ങിയേക്കുവാ.
ആണുങ്ങൾ ജോലിക്ക് പോകുമ്പോൾ അത് കുടുംബത്തിന് അഭിമാനവും പെണ്ണുങ്ങൾ പോകുമ്പോൾ അത് ആണുങ്ങൾക്ക് കുറച്ചിലും ആവുന്നത് എങ്ങനെ ആണ് അമ്മേ . അത് എനിക്ക് മനസിലാവുന്നില്ലലോ.
അവൾ പിന്നിടവർ പറഞ്ഞത് ഒന്നും ശ്രദ്ധിക്കാതെ ജോലിക്ക് പോയി.പിന്നീട് അതെ ചൊല്ലി പല പ്രശ്നങ്ങളും ഉണ്ടായിയെങ്കിലും കുഞ്ഞുങ്ങളുടെ ഉത്തരവാദിത്യം തന്റെ തലയിൽ ആണ് ജോലി കളഞ്ഞു നാട്ടിൽ വന്നു കുഞ്ഞുങ്ങളെ നോക്കേണ്ടി വരുമെന്ന പേടിയിൽ രമേശ് പിന്നീട് അനങ്ങാൻ പോയില്ല.
അവൾ തിരിച്ചു അറിയുക ആയിരുന്നു എന്തായിരുന്നു തന്റെ കുഴപ്പം എന്ന്. തനിക്ക് എല്ലാവരുടെയും good certificate വേണമായിരുന്നു. മാതാപിതാക്കളുടെ, ഭർത്താവിന്റെ, അമ്മായിഅമ്മയുടെ, നാട്ടുകാരുടെ.
ഇപ്പോൾ അവൾ തിരിച്ചു അറിയുന്നു. നമ്മൾ സ്വയം സന്തോഷവതി ആകാതെ മറ്റെന്തും ചെയിതിട്ടു കാര്യം ഇല്ല. വളർന്നു വരുന്ന മക്കൾ എന്ത് ആവിശ്യത്തിന് അച്ഛന്റെ മുന്നിൽ കൈ നിട്ടുന്ന അമ്മേനേ അല്ല കണ്ട് വളരേണ്ടത്.
മറ്റുള്ളവരുടെ മുന്നിൽ ഞാൻ അഹങ്കാരി ആവാം, സ്വാർത്ഥ ആകാം. പക്ഷെ ഞാൻ ഇപ്പോൾ സന്തോഷവതി ആണ്…