വേദിക
(രചന: Megha Mayuri)
“പി. ഡബ്യു. ഡി.. റസ്റ്റ് ഹൗസിലേക്ക് ഒരോട്ടം പോണം.. ” മീറ്റിംഗിനായി തയ്യാറാക്കിയ റിപ്പോർട്ടുകളടങ്ങിയ ഫയൽ ഒന്നു കൂടെ മുറുകെ പിടിച്ചു കൊണ്ട് ഞാൻ ആദ്യം കണ്ട ഓട്ടോയിലേക്ക് കയറാൻ ഭാവിച്ചു..
“മുമ്പിലെ ഓട്ടോയിലേക്കു ചെന്നോളൂ.. അതാണാദ്യം പോവുന്നത്..” അതിന്റെ ഡ്രൈവർ മുമ്പിലേക്കു കൈ ചൂണ്ടിക്കൊണ്ട് വിളിച്ചു…
“മച്ചാനേ….. ഒരോട്ടമുണ്ട്.. “ഞാൻ നേരേ മുമ്പിലോട്ടു ചെന്ന് അതിലേക്കു കയറി…”എവിടേക്കാണ്?” ഡ്രൈവർ സീറ്റിൽ നിന്നും ഒരു കിളിമൊഴി..
“പി. ഡബ്ലിയു. ഡി റെസ്റ്റ് ഹൗസ് ” ഞാൻ മുഖമുയർത്തി പറഞ്ഞു..എന്റെ നേർക്ക് തിരിഞ്ഞ അവളെ കണ്ടതും ഞാൻ അന്താളിച്ചു പോയി..
“വേദു…. നീ… നീയെന്താ ഈ വേഷത്തിൽ?””നിഷാന്താണോ? എന്താ ഇവിടെ?”
“അതൊക്കെ പറയാം… നീയെന്താ ഓട്ടോ ഡ്രൈവറായി… ഞാനിതു തീരെ പ്രതീക്ഷിച്ചില്ല…. ”
“വീടു പുലർത്താൻ ഓട്ടോ ഓടിക്കുന്നു… അച്ഛനെയും അനിയത്തിക്കുട്ടികളെയും ഒക്കെ നോക്കണം.. ” സ്റ്റാർട്ടു ചെയ്തു കൊണ്ട് അവൾ പറഞ്ഞു.
“അപ്പോൾ നിന്റെ പഠനം… നിങ്ങളവിടം വിട്ടതിനു ശേഷം നിന്നെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു.. നീ ക്ലാസിലെ ആരുമായും കോണ്ടാക്ടു ചെയ്തില്ലായിരുന്നല്ലോ…”
“അന്നത്തെ സംഭവത്തിനു ശേഷം അച്ഛനാകെ തളർന്നു… ബിസിനസ്സൊക്കെ തകർച്ചയിലായി… നാട്ടിലൊക്കെ ഞങ്ങളൊരു പരിഹാസപാത്രമായി….
മനസ്സു മടുത്തപ്പോൾ ഞങ്ങളാ സ്ഥലം കിട്ടിയ വിലയ്ക്കു വിറ്റു ആരും തിരിച്ചറിയാത്ത ഈ നാട്ടിലേക്കു തിരിച്ചു… അച്ഛന്റെ കൂട്ടുകാരുടെ സഹായം കൊണ്ട് ഇവിടെ ഒരു വീടുവച്ചു..
അഞ്ചു വർഷമായി അച്ഛൻ കിടപ്പിലായിട്ട്… ഞാനീ ഓട്ടോ ഓടിച്ചു വേണം അച്ഛന് മരുന്നു വാങ്ങിക്കാനും അനിയത്തിമാരെ പഠിപ്പിക്കാനും..”
“അപ്പോൾ നീ ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ലേ…””ഇല്ല””കഷ്ടം… നീ എവിടെയെത്തേണ്ടതായിരുന്നു വേദൂ… നമ്മുടെ ക്ലാസിലെ റാങ്ക് പ്രതീക്ഷയായിരുന്നില്ലേ നീ…” വേദനയോടെ ഞാൻ നിശ്വസിച്ചു.
“അമ്മ…. അമ്മയെക്കുറിച്ച് ഒരു വിവരവുമില്ലേ…” മടിച്ചു മടിച്ച് ഞാൻ ചോദിച്ചു..
അത്ര സമയവും അവളുടെ മുഖത്തുണ്ടായിരുന്ന ശാന്തഭാവം മാറി പകരം ക്രോധത്തിന്റെ അലകൾ തെളിഞ്ഞു..
“അമ്മ.. എനിക്കു കേൾക്കേണ്ട.. ആ സ്ത്രീയെക്കുറിച്ച്….. ഞാനീ ലോകത്ത് ഏറ്റവും വെറുക്കുന്നത് അവരെയാണ്…
കാമുകന്റെ കൂടെ ഒളിച്ചോടുമ്പോൾ അച്ഛനെക്കുറിച്ചോ ഞങ്ങളെക്കുറിച്ചോ അമ്മ ഓർത്തില്ല.. പിന്നീടുള്ള ഞങ്ങളുടെ ജീവിതം എന്തായിത്തീരുമെന്നോർത്തില്ല. അച്ഛനു വയ്യാതായതോടെ ഞാൻ പഠിത്തം നിർത്തി…
ഡ്രൈവിംഗ് പഠിച്ചു.. നിനക്കറിയുമോ നിഷാന്ത്? അമ്മ പോയതിനു ശേഷം ഒരിക്കലും ഞങ്ങൾ അച്ഛനെ ചിരിച്ചു കണ്ടിട്ടില്ല… അധികം വൈകാതെ അച്ഛൻ കിടപ്പിലുമായി…..”
ദേഷ്യത്തിൽ തുടങ്ങിയ അവളുടെ സംസാരം ഒടുവിൽ പതറിപ്പതറി നിന്നു….. കണ്ണു നിറയുന്നത് എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു..
“അതൊക്കെ പോട്ടെ… ഞാൻ എന്റെ കാര്യം മാത്രം പറഞ്ഞു കൊണ്ടിരുന്നു.. നിന്റെ ഫാമിലി, കുട്ടികൾ.. ഇവിടെയെങ്ങനെ എത്തി… അതൊക്കെ പറ.. ”
കണ്ണു തുടച്ചു കൊണ്ട് അവൾ വീണ്ടും തിരിഞ്ഞു..”അയാം സ്റ്റിൽ എ ബാച്ചിലർ… വിവാഹത്തിന് സമയം ആയില്ല.. “”എന്തു പറ്റി?”
“പറ്റിയ പെണ്ണിനെ കിട്ടിയില്ല… ശരി.. റസ്റ്റ് ഹൗസ് എത്തി… പിന്നെ ഇവിടെ ഞാൻ ട്രാൻസ്ഫറായി വന്നതാണ്…
പഞ്ചായത്ത് സെക്രട്ടറിയായിട്ട്.. എം. എൽ. എ. മീറ്റിംഗ് വിളിച്ചിട്ടുണ്ട്.. ഇവിടെ വച്ച്.. അതാണ്… പിന്നെ നിന്റെ നമ്പർ തരൂ.. ഞാൻ വിളിക്കാം…. ” നിർത്തിയ ഓട്ടോയിൽ നിന്നും ഞാനിറങ്ങി…
“അപ്പോൾ വണ്ടിയില്ലേ? “നമ്പർ തന്നു കൊണ്ട് അവൾ ചോദിച്ചു. എന്റെ നമ്പർ അവളും സേവ് ചെയ്തു…
“വണ്ടി വർക് ഷോപ്പിലാ… അതാ ഓട്ടോ യിൽ വന്നത്.. അതു കൊണ്ടെന്താ… നിന്നെ കാണാൻ സാധിച്ചില്ലേ.. അതും എത്രയോ വർഷങ്ങൾക്കു ശേഷം…. അപ്പോൾ ഞാൻ ഇടയ്ക്കു വിളിക്കും… സീ യൂ…”
“ഓകെ… ഡാ.. ” അവൾ ഓട്ടോ റിവേഴ്സെടുത്ത് കൈവീശീക്കാണിച്ച് പോയി..
മീറ്റിംഗ് കഴിഞ്ഞു വരുമ്പോൾ കളഞ്ഞു പോയതെന്തോ തിരികെക്കിട്ടിയ മാനസികാവസ്ഥയിലായിരുന്നു ഞാൻ…
ജോലി കഴിഞ്ഞ് ലോഡ്ജിലെത്തി കുളിച്ചു കഴിഞ്ഞതും ഞാൻ വേദിക തന്ന നമ്പർ ഡയൽ ചെയ്തു….
കുറച്ചു സമയം ബെല്ലടിച്ചതിനു ശേഷം നിന്നു.. ചിലപ്പോൾ തിരക്കിലായിരിക്കും… പത്ത് മിനിറ്റിനു ശേഷം വീണ്ടും ഡയൽ ചെയ്തു… ഒറ്റ റിംഗിൽ തന്നെ വേദിക ഫോണെടുത്തു…
“എടാ… ഞാൻ വണ്ടിയിലാണ്… വീട്ടിലെത്തിയിട്ട് വിളിക്കാം… “”ശരി” എന്റെ സന്തോഷം കെട്ടു.. രാത്രി എട്ടരയ്ക്കു ശേഷമാണ് വേദിക വിളിച്ചത്.
“ങാ…. പറയെടാ… നിന്റെ വിശേഷങ്ങൾ..”ഞങ്ങൾ പഴയ കോളേജ് ലൈഫിലെ കാര്യങ്ങളും ഇപ്പോഴത്തെ വിശേഷങ്ങളുമൊക്കെയായി ഒരുപാടു നേരം കത്തി വച്ചു…..
പിന്നീട് പതിവായി വിളിക്കാൻ തുടങ്ങി….. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ അവളോടു പറയാൻ കഴിയാതെ പോയ,
അവളറിയാതെ പോയ, ആരുമറിയാതെ എന്റെ ഉള്ളിലിട്ടടച്ചു വച്ച പ്രണയം വീണ്ടും പൂർവാധികം ശക്തിയോടെ എന്റെയുള്ളിൽ തളിർക്കുന്നത് ഞാനറിഞ്ഞു…..
പക്ഷേ അവളെങ്ങനെ എന്നെ കാണുന്നു എന്നത് എന്നെ കുഴക്കി…”വേദു… എനിക്ക് നിന്നെയൊന്ന് കാണണം..” ഒരു ദിവസം ഫോൺ ചെയ്യുമ്പോൾ അവളോട് നേരിട്ട് സംസാരിക്കാൻ കുറച്ചു സമയം ആവശ്യപ്പെട്ടു..
“എന്താടാ പറയാനുള്ളത്? ” കടലിലേക്ക് കല്ലെറിഞ്ഞു കൊണ്ട് അവൾ തിരക്കി.. സായാഹ്ന സൂര്യന്റെ കിരണങ്ങൾ അവളുടെ മുഖത്ത് ഒരു പ്രത്യേക ശോഭ പരത്തി.
“നീ നിന്റെ പഠനം തുടരണം..””അതൊക്കെ ഇനി നടക്കാത്ത കാര്യങ്ങളാ.. ”
“എന്തു കൊണ്ട് നടക്കില്ല… പണ്ട് നിന്റെ സ്വപ്നങ്ങളെക്കുറിച്ചൊക്കെ നീ ഞങ്ങളോട് പറയാറുള്ളതല്ലേ…””ഇപ്പോൾ ഞാനതൊന്നും ചിന്തിക്കാറേയില്ല…”
“എന്നാലിനി ചിന്തിക്കണം… ബുക്കുകളും ഒക്കെ ഞാൻ സംഘടിപ്പിച്ചു തരാം… പഠിക്കാനുള്ള വഴിയൊക്കെ ഞാൻ നോക്കിക്കോളാം.. നീ പഠിച്ചാൽ മാത്രം മതി… ഒരൊഴികഴിവും പറയണ്ട….”
ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും എന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി അവൾ വീണ്ടും പഠിക്കാൻ സമ്മതം മൂളി.. ഓട്ടോ ഓടിക്കുന്നതിനൊപ്പം തന്നെ പ്രൈവറ്റായി പഠനവും തുടങ്ങി..
ഇന്ന് സബ് കലക്ടറായി വേദിക ചാർജെടുക്കുന്ന ദിവസമാണ്… അതോടൊപ്പം തന്നെ ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികവും.
എന്റെ പ്രണയാഭ്യർത്ഥനകൾ നിരസിച്ചു കൊണ്ടിരുന്ന വേദുവിന് അധികകാലമൊന്നും എന്റെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല..
ഒളിച്ചോടിപ്പോയവളുടെ മകളെ സ്വീകരിക്കാൻ എന്റെ വീട്ടുകാർ തയ്യാറല്ലായിരുന്നു…. വീട്ടുകാർക്ക് അധികകാലം എന്നെ തടയാനുമായില്ല…
വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ രജിസ്റ്റർ വിവാഹം കഴിക്കുമെന്ന് ഞാൻ ഭീഷണിപ്പെടുത്തി.. ഒടുവിൽ മനസില്ലാ മനസ്സോടെ എന്റെ വീട്ടുകാർ ഞങ്ങളുടെ വിവാഹം നടത്തിത്തന്നു.
വേദുവിന്റെ അനിയത്തിമാർ രണ്ടു പേരും ഇപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു… അച്ഛൻ എഴുന്നേറ്റിരിക്കാൻ പറ്റുന്ന അവസ്ഥയിലായി..
ഇപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും വേദുവിനോടുണ്ടായിരുന്ന അകൽച്ചയൊക്കെ മാറി. അല്ല വേദു മാറ്റിയെടുത്തു എന്നു പറയുന്നതായിരിക്കും ശരി…