സ്നേഹിച്ചവൻ വയറ്റിലൊരു കുഞ്ഞിനെ സമ്മാനിച്ചു നാടുവിട്ടു പോയപ്പോൾ ആരാധിച്ചു കൊണ്ടു നടന്നിരുന്ന ദേവിയുടെ മുമ്പിൽ വെച്ചു തന്നെയവൾ

(രചന: രജിത ജയൻ)

“അറിഞ്ഞോ ദേവി മഠത്തിലെ ഉമ കുഞ്ഞിനു വീണ്ടും അസുഖം വന്നൂത്രേ..കേട്ടവർ കേട്ടവർ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ തരിച്ചുനിന്നപ്പോൾ തന്റെ സൈക്കിളിൽ വേലായുധനാ വാർത്ത മംഗലം കുന്നെന്ന ചെറു ഗ്രാമം മുഴുവൻ അറിയിക്കുന്ന തിരക്കിലായിരുന്നു …

“ഹ, ഒന്ന് നിൽക്കെന്റെ വേലായുധാ .. ,,
നീയിങ്ങനെ ധൃതിപ്പെട്ടു പറഞ്ഞു നിന്റെ ശകടത്തിൽ കയറി പാഞ്ഞാൽ നീ പറഞ്ഞതിന്റെ ബാക്കി ഞാൻ ആരോടു ചോദിക്കും …?

വേലായുധന്റെ സൈക്കിൾ തന്റെ രണ്ടു കയ്യും കൊണ്ട് തടഞ്ഞു നിർത്തിയിട്ട് നാണിത്തള്ള ചോദിച്ചപ്പോൾ വേലായുധനവരെ നോക്കിയൊന്നു ചിരിച്ചു, ശേഷം അവർക്കൊപ്പം അദ്രുമാൻകാക്കയുടെ ചായ പീടികയിലേക്ക് നടന്നു.

“എന്താണ്ടായത് വേലായുധാ..?”ഇപ്പോ കുറെ കാലായിട്ട് ഉമകുഞ്ഞിനിങ്ങനൊന്നും ഉണ്ടാവാറില്ലല്ലോ ..?

“എന്താപ്പോ പെട്ടെന്നു സംഭവിച്ചത് ആവോ, വേലായുധനറിയോ വല്ല വിവരവും ..?

ചായ നീട്ടിയടിക്കുന്നതിനിടയിൽ അദ്രുമാൻ ചോദിച്ചെങ്കിലും വേലായുധൻ മൗനത്തിന്റെ കവചമണിഞ്ഞ് മിണ്ടാതിരുന്നു..

ഇതൊരു ചായക്കടയാണ് ,ഇവിടെ പറയുന്ന ഓരോ വാക്കിനും ഒരു മനുഷ്യന്റെ ജീവിതം വളർത്താനും തളർത്താനും കഴിയും, സൂക്ഷിക്കണം ഓരോ വാക്കു പറയുമ്പോഴും, പ്രത്യേകിച്ചും ദേവി മഠത്തിലെ വിഷ്ണു ദേവന്റെ ഭാര്യ ഉമയെ കുറിച്ച് …

വേലായുധന്റെ ഉള്ളിലിരുന്നാരോ മന്ത്രിച്ചു..”നീയെന്താ വേലായുധാ ഒന്നും മിണ്ടാണ്ട് നിക്കണത് അദ്രു ചോദിച്ചതു കേട്ടില്ലേ നീയ്യ്…?

നാണിത്തള്ള വേലായുധന്റെ കയ്യിൽ തോണ്ടി ചോദിച്ചപ്പോൾ വേലായുധൻ തനിക്കു ചുറ്റുമുള്ളവരെ നോക്കി.

താനെന്തു പറയുമെന്നറിയാൻ കടയിലെ എല്ലാവരും തന്നെ തന്നെ നോക്കി നിൽക്കുന്നു, അദ്രുമാനുൾപ്പെടെ ….

“എന്റെ നാണിതള്ളേ, കൂടുതലൊന്നും എനിക്കും അറിയില്ല ,ഇന്നു രാവിലെ മഠത്തിൽ ചെന്നപ്പോൾ അവിടെ ഇതാണ് സംസാരം

“രാത്രി മുതൽ ഉമ കുഞ്ഞ് തനിയെ സംസാരവും ചിരിയുമാണെന്ന് …പുലർച്ചെ എഴുന്നേറ്റ് ദേവികാവിൽ തിരിയും തെളിച്ചൂന്ന് …,,,”ദേവികാവില് തിരി തെളിച്ചൂന്നോ …?

വേലായുധൻ പറഞ്ഞതു കേട്ടവിടെയുള്ളവർ പകച്ചവനെ നോക്കി …വിശ്വാസം വരാതെയവർ പരസ്പരം നോക്കി നിന്നൊരു നിമിഷം..ദേവി മഠത്തിലെ ഉമ കുഞ്ഞ് ദേവികാവിൽ തിരിതെളിച്ചൂത്രേ ….

വാർത്ത മംഗലം കുന്നെന്ന ചെറു ഗ്രാമമാകെ വേഗത്തിൽ പരന്നതും കേട്ടതു വിശ്വസിക്കാൻ കഴിയാതെ കേട്ടവർ കേട്ടവർ ദേവി മഠത്തിലേക്ക് പാഞ്ഞു..

ചുറ്റും നീണ്ടു പരന്നു കിടക്കുന്ന ദേവി കാവിലെ പായൽമൂടിയ കുളത്തിനരികിൽ മുട്ടറ്റം മുട്ടുന്ന നീണ്ട മുടിയഴിച്ചിട്ടിരിക്കുന്ന ഉമ കുഞ്ഞിനെ നോക്കിയവർക്കെല്ലാം തോന്നി അതു ദേവി മഠത്തിലെ വിഷ്ണു ദേവന്റെ ഭാര്യ ഉമയല്ല,

മറിച്ച് എട്ടു പത്തു വർഷങ്ങളായ് പൂജയും വഴിപാടും മുടങ്ങി കിടക്കുന്ന ദേവി കാവിലെ ഭഗവതി നേരിട്ടിറങ്ങി വന്നു നിൽക്കുകയാണെന്ന് …,,

തനിക്കു ചുറ്റുമുള്ളആരെയും ശ്രദ്ധിക്കാതെ കുളത്തിനരുകിലെ ഒറ്റ കല്ലിൻ മേൽ വലം കാലുയർത്തി ഇടം തുടയ്ക്ക് മുകളിൽ വെച്ച് പായൽമൂടിയ കുളത്തിലേക്ക് നോക്കിയിരിക്കുന്ന ഉമയ്ക്ക് പിന്നിലായ് ദേവി കാവിലെ കൽവിളക്കിൽ നിറയെ ഉമ കൊളുത്തി വെച്ച നെയ്തിരികൾ നിറഞ്ഞു കത്തുന്നുണ്ടായിരുന്നു ..പൂർണ്ണ ശോഭയോടെ …

“ദേ വിഷ്ണു ദേവൻ വരുന്നു …കൂട്ടത്തിലാരോ പറഞ്ഞതു കേട്ടവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കയ്യിൽ വാരിയെടുത്ത ഭസ്മവുമായ് ഉമയുടെ നേർക്ക് നടന്നു വരുന്ന ദേവി മഠത്തിലെ വിഷ്ണു ദേവനെ ..

കഴുത്തിൽ നിറയെ രുദ്രാക്ഷവും കയ്യിൽ കെട്ടിയ ജപിച്ച ചരടുകളും, നെറ്റിയിലും ,നെഞ്ചിലും വാരിപൂശിയ ഭസ്മവും ,നെഞ്ചും കവിഞ്ഞു താഴേക്കു നീണ്ടു കിടക്കുന്ന താടിയും മുഖത്തെ ദൈവീകമായ ശാന്തതയും അയാളൊരു മാന്ത്രികനാണെന്ന് ചുറ്റും കൂടിയവരോട് ആരുംപറയാതെ തന്നെ വിളിച്ചോതുന്നുണ്ടായിരുന്നു

” വിഷ്ണു ദേവൻ ഇവിടെ ഉണ്ടായിരുന്നില്ലത്രേ .. ദൂരെയെവിടെയോ കർമ്മങ്ങൾ ചെയ്യാനായ് പോയിരിക്കുകയായിരുന്നൂന്ന് ..

കൂട്ടത്തിലാരോ പറഞ്ഞു..ഉമയ്ക്കരികിലെത്തിയ വിഷ്ണു ദേവൻ അവളുടെ മുഖത്തേക്കു തന്നെയൊരു നിമിഷം നോക്കി നിന്നു ,ശേഷം കണ്ണുകളടച്ചു ഏതോ മന്ത്രമുരുവിട്ടതിനു ശേഷം കയ്യിലെ ഭസ്മമവളുടെ മുഖത്തേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു …

പെട്ടന്നാഭസ്മം തന്റെ മുഖത്ത് പതിക്കുന്നതിനു മുമ്പുതന്നെ ഇരുന്നിരുന്ന ഒറ്റ കല്ലിൽ നിന്ന് നിലത്തേക്ക് ചാടിയിറങ്ങിയിരുന്നു ഉമ …

ആ പ്രവൃത്തി തീരെ പ്രതീക്ഷിക്കാത്ത വിഷ്ണുദത്തൻ പെട്ടന്നു പിന്നിലേക്ക് വേച്ചുപോയ് …”ഉമേ…. ,,,,

പെട്ടന്നവിടെ വിഷ്ണുദത്തന്റെ ശബ്ദം ഉയർന്നു ,ഒപ്പമയാൾ ഉമയുടെ വലംകൈയ്യിൽ ശക്തമായിട്ടൊന്നു പിടിച്ചതും തന്റെ കയ്യിൽ പിടിച്ച വിഷ്ണു ദേവന്റെ കൈ ഉമശക്തിയിൽ കുടഞ്ഞു തെറിപ്പിച്ചതിനു ശേഷം വിഷ്ണു ദേവന്റെ മുഖത്തേക്ക് രൂക്ഷമായിട്ടൊന്നു നോക്കി …

ആ കണ്ണിൽ നിന്ന് തീയാളുന്നുണ്ടെന്ന് ചുറ്റും കൂടിയിരിക്കുന്നവർക്കു തോന്നി..വിഷ്ണു ദേവനെയും ചുറ്റും കൂടിയിരിക്കുന്നവരെയുമൊന്നും ശ്രദ്ധിക്കാതെ ഉമ ചെന്നു ദേവി കാവിന്റെ അടച്ചിട്ട ശ്രീകോവിൽ നട ശക്തിയിൽ തള്ളി തുറന്നതും ഒരു കൂട്ടം അമ്പലപ്രാവുകൾ വലിയ ചിറകടികളോടെ അവിടെ നിന്ന് പറന്നുയർന്നു..

പൊടിയും മാറാലയും നിറഞ്ഞ ശ്രീകോവിലിന്റെ ഉള്ളിൽ ദേവീ വിഗ്രഹം നിന്നിരുന്ന ഇടം ശൂന്യമായി കണ്ടതും അവിടെ കൂടിയിരുന്നവരുടെയെല്ലാം നോട്ടം പായൽ മൂടിനിറഞ്ഞ കുളത്തിൽ പതിച്ചു ..

പത്തുവർഷങ്ങൾക്ക് മുമ്പൊരു ദിവസം ,ദേവി കാവിലിതു പോലെ ആളുകൾ തിങ്ങി നിറഞ്ഞു നിന്നിരുന്നപ്പോഴാണ് ഉമക്കാദ്യമായ് ദീനം വന്നത് ..

കൃത്യമായ് പറഞ്ഞാൽ അന്നായിരുന്നു ദേവി കാവിന്റെ മുമ്പിലെ ആൽമരകൊമ്പിൽ ഉമയുടെ അനിയത്തി ഉത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ..

സ്നേഹിച്ചവൻ വയറ്റിലൊരു കുഞ്ഞിനെ സമ്മാനിച്ചു നാടുവിട്ടു പോയപ്പോൾ ആരാധിച്ചു കൊണ്ടു നടന്നിരുന്ന ദേവിയുടെ മുമ്പിൽ വെച്ചു തന്നെയവൾ പ്രാണൻ വെടിഞ്ഞപ്പോൾ മകളെപ്പോലെ അവളെ സ്നേഹിച്ച ഉമയുടെ മാനസിക നില തെറ്റി ,

ചിരിച്ചും കരഞ്ഞും കാവിലെ ദേവി നടയിൽ ഇരുന്ന ഉമ ആരും തീരെ പ്രതീക്ഷിക്കാത്ത സമയത്തു കാവിനുള്ളിലേക്ക് പാഞ്ഞുകയറി പീഠത്തിലുറപ്പിച്ച ദേവീ വിഗ്രഹം ആളുകൾ നോക്കി നിൽക്കേ കുളത്തിനു നടുവിലേക്ക് വലിച്ചെറിഞ്ഞു …

നടുങ്ങി വിറച്ചു പോയ നാട്ടുകാർക്കിടയിൽ നിന്നാരൊക്കെയോ ദേവീ വിഗ്രഹം എടുക്കാൻ കുളത്തിലേക്കിറങ്ങാൻ തുടങ്ങിയെങ്കിലും വിഷ്ണു ദേവനവരെ തടഞ്ഞു..

ദേവി മഠത്തിലെ ആളുകളെ പോലും സംരക്ഷിക്കാൻ കഴിയാത്തൊരു ദേവിയുടെ കാവലിനി ദേവി മഠത്തിനാവശ്യമില്ലെന്നും വലിച്ചെറിഞ്ഞവൾ സ്വന്തം ബോധത്തിൽ തിരിച്ചെടുത്ത് പ്രതിഷ്ഠിക്കുമ്പോൾ മതിയിനി കാവിനുള്ളിൽ ദേവിയെന്നും കൽപ്പിച്ചപ്പോൾ എതിർക്കാനാരും ഉണ്ടായില്ല…

അന്നു മുതൽ ദേവി കാവ് അടഞ്ഞു കിടക്കാൻ തുടങ്ങിയതാണ്..വിഷ്ണു ദേവനാണെങ്കിൽ തന്റെ മാന്ത്രിക കാര്യങ്ങളും കർമ്മങ്ങളും അന്നു മുതൽ ദേവീ മഠത്തിൽ നിന്ന് മാറ്റി ആവശ്യമനുസരിച്ച്, ദേശങ്ങൾ മാറിയായ് .

കഴിഞ്ഞകാലത്തിന്റെ ഓർമ്മളിൽ മുങ്ങിയും പൊങ്ങിയും ഉമയും ദേവി മഠത്തിനുള്ളിൽ നിന്നു പുറത്തിറക്കാതെയായ്..

വിളക്കും പൂജയും വിഗ്രഹവുമില്ലാത്ത ആ ദേവി കാവിലാണ് ഉമ ഇന്ന് തിരിതെളിയിച്ചിരിക്കുന്നത് .

അത് ബോധത്തിലോ അബോധത്തിലോ ..?നാട്ടുക്കാർ ആശയക്കുഴപ്പത്തിലായ് ..”ഉമേ… വരൂ.. മഠത്തിലേക്ക് പോകാം …

ചുറ്റും കാഴ്ചക്കാരായ് ഒരു ഗ്രാമം തന്നെ നിറഞ്ഞു നിൽക്കുന്നതു കണ്ട വിഷ്ണു ദേവൻ ശാന്തതയോടെ ഉമയുടെ അരികിലെത്തി പറഞ്ഞു

“ഞാൻ വരുന്നില്ല വിഷ്ണുവേട്ടാ …ഉറച്ച ശബ്ദത്തിൽ ഉറപ്പോടെ ഉമ മറുപടി പറഞ്ഞപ്പോൾ നാട്ടുക്കാരെക്കാളധികം അമ്പരന്നത് വിഷ്ണു ദേവനായിരുന്നു ..

“ഉമ കുഞ്ഞിന്റെ അസുഖം മാറുകയാണ് ചെയ്തിരിക്കുന്നത് .. കൂടുകയല്ല …,,അവിടെ കൂടിയിരുന്നവർക്കിടയിൽ മുറുമുറുപ്പുയർന്നു.

“ഉമേ.. വരൂ.. ഞാനാ നിന്നെ വിളിക്കണത്..ശബ്ദത്തിന്റെ കാഠിന്യം കൂട്ടി വിഷ്ണു ദേവൻ പറഞ്ഞപ്പോൾ ഉമയുടെ ചുണ്ടിലൊരു പരിഹാസചിരി വിരിഞ്ഞു

കാര്യങ്ങൾ കേട്ടും പറഞ്ഞും അറിഞ്ഞും കാലു കുത്താനിടമില്ലാത്ത വിധം ആളുകൾ കാവിനു ചുറ്റും കൂടുന്നതു കണ്ടതും വിഷ്ണു ദേവന്റെ നെറ്റിയിൽ വിയർപ്പുകണങ്ങൾ ഉരുട്ടു കൂടിയവ ഭസ്മ കുറിയെ നനച്ചു കൊണ്ട് നിലത്തേക്കിറ്റു വീണു.

ചുറ്റും കൂടിയിരിക്കുന്ന ആളുകളിലേക്ക് ഉമയുടെ ശ്രദ്ധ പോവുന്നതും നോക്കി നിൽക്കുകയായിരുന്ന വിഷ്ണു ദേവനൊന്നു ഞെട്ടി ,ആൾക്കൂട്ടത്തിൽ അവൾ

അഭിരാമി …,തന്റെയും ഉമയുടെയും ഏക മകൾ..വിയർപ്പുകണങ്ങൾ ചാലിട്ടൊഴുക്കുന്ന വിഷ്ണു ദേവനെ നോക്കിയൊരു നിമിഷം നിന്നതിനു ശേഷം ഉമ പതിയേ കുളം ലക്ഷ്യമാക്കി നടന്നു.

നിറയെ പായൽമൂടിയ കുളത്തിലേക്കവൾ സൂക്ഷിച്ചു നോക്കി ,അതിന്റെ അടിതട്ടില്ലെന്തോ തിരയുന്നതു പോലെ ..

പിന്നെ മെല്ലെയാക്കുളത്തിന്റെ കൽപടവുകളിലേങ്ങിയവൾ..അസ്ഥിയെ പോലും തുളക്കുന്ന വെള്ളത്തിന്റെ തണുപ്പവളുടെ കാലുകളിലൂടെ അരിച്ചു കയറവേ വിറച്ചുകുളുർന്നവൾ …

പിൻതിരിഞ്ഞു നോക്കുമ്പോൾ കണ്ടു കുളപടവിനു മുകളിൽ പരിഭ്രാന്തിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണു ദേവനെ …

“നീയല്ലേ വിഷ്ണു ദേവാ പറഞ്ഞത് ,ദേവി വിഗ്രഹം കുളത്തിലേക്ക് വലിച്ചെറിഞ്ഞവൾ തിരിച്ചെടുക്കുന്ന അന്നുമതിയിനി ഈ കാവിൽ വിഗ്രഹവും പൂജയുമെന്ന് ,

“ഞാൻ വലിച്ചെറിഞ്ഞതല്ലേ … ഞാൻ തന്നെ തിരിക്കെയെടുത്തു തരാം …ശാന്തതയോടെ ഉമ പറഞ്ഞപ്പോൾ തങ്ങൾക്കു മുമ്പിൽ നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ മംഗലംകുന്നിലെ ജനങ്ങൾ മിഴിച്ചു നിന്നു..”ഉമേ…

ഉഗ്രദേഷ്യത്തിൽ വിളിച്ചു കൊണ്ട് വിഷ്ണു ദേവൻ ധൃതിയിൽ കുളപടവുകളിറങ്ങാൻ തുടങ്ങിയതും ഉമ കുളത്തിലേക്കെടുത്തു ചാടി …കണ്ടു നിന്നവരെല്ലാം ഞെട്ടിവിറച്ചു പോയ് …

“ചെളിയും പായലും നിറഞ്ഞ് വർഷങ്ങളായ് ആരും ഉപയോഗിക്കാത്ത കുളമാണ്, നീന്തലറിയുന്നവരുണ്ടെങ്കിൽ വേഗം കുളത്തിലിറങ്ങൂ …

കൂടി നിൽക്കുന്ന ആളുകൾക്കിടയിൽ നിന്ന് വേലായുധന്റെ ശബ്ദം ഉയർന്നപ്പോൾ വിഷ്ണു ദേവൻ പകയോടെ വേലായുധനെ നോക്കിയെങ്കിലും വേലായുധനൊട്ടും പതറാതെ അഭിരാമിയെ തന്നോടു ചേർത്തു പിടിച്ചു …

കുളത്തിലിറങ്ങാൻവേലായുധൻ പറഞ്ഞതു കേട്ട് കൂടി നിന്നവരിൽ കുറച്ചു പേർ കുളത്തിലെ പായലിനെ വകഞ്ഞു മാറ്റി വെള്ളത്തിലേക്ക് താഴ്ന്നു..പെട്ടന്നാണ് ദേവി വിഗ്രഹവുമായ് ഉമ കുളത്തിനു മുകളിലേക്ക് ഉയർന്നു വന്നത്..

അതു കണ്ടു കരയിൽ നിന്നവർ സന്തോഷത്തോടെ ആർത്തുവിളിക്കവേ കുളത്തിലേക്ക് ഉമയെ തിരയാൻ ചാടിയവർ വെള്ളത്തിനു മുകളിലേക്ക് പൊന്തി വന്നു..

“കുളത്തിനടിയിൽ കല്ലിൽ കെട്ടി താഴ്ത്തിയ പെൺക്കുട്ടികളുടെ ശവശരീരങ്ങളുണ്ട് ..

അവർ പരിഭാന്തിയോടെ ഉറക്കെ വിളിച്ചു പറഞ്ഞതും കേട്ടു നിന്നവർ പകച്ചു പോയ്..

“കുളത്തിനടിയിൽ ശവശരീരങ്ങളുണ്ട് ,കല്ലിൽ കെട്ടി താഴ്ത്തിയതാണ്.. അവർ വീണ്ടും വിളിച്ചു പറഞ്ഞു..

വിഷ്ണു ദേവനെ നോക്കിയ ഉമ കണ്ടു രക്തം വാർന്നു പോയതുപോലെ വിളറി വെളുത്തയാൾ നിൽക്കുന്നത് ..അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു ,വിജയിയുടെ ചിരി ..

വാർത്ത കാട്ടുതീ പോലെ നാടെങ്ങും പരന്നപ്പോൾ പോലീസിന്റെയോ മാധ്യമങ്ങളുടെയോ ശ്രദ്ധ അതുവരെ കടന്നു വരാതെയിരുന്നമംഗലം കുന്നെന്ന ചെറു ഗ്രാമം വാർത്തകളിൽ നിറഞ്ഞു..

പോലീസും ഫയർഫോഴ്സും ചേർന്ന് കുളത്തിനടിയിൽ നിന്ന് രണ്ടു പെൺകുട്ടികളുടെ ജഡം കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ കുളത്തിൽ നിന്ന് കണ്ടെടുത്തു ഒപ്പം ആരുടേതെന്ന് തിരിച്ചറിയാൻ സാധിക്കാത്തൊരു അസ്ഥികൂടവും..

കൺമുന്നിൽ കണ്ടതും കേട്ടതും വിശ്വസിക്കാൻ കഴിയാതെ ചുറ്റും ഒരു ജനസാഗരം നോക്കി നിൽക്കേ ഉമ പറഞ്ഞു ,കുളത്തിൽ നിന്ന് കണ്ടെടുത്ത പെൺകുട്ടികളുടെ ജഢം അവിടെ ഉപേക്ഷിച്ചത് അവളുടെ ഭർത്താവ് വിഷ്ണു ദേവനാണെന്ന്..

മാന്ത്രിക പൂജയുടെ മറവിൽ അയാൾ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്മകൾ വിവരിക്കവേ ഉമയുടെ കണ്ണിൽ നിന്നും തീയാളി..

പത്തു വർഷങ്ങൾക്കു മുമ്പ് തന്റെ അനിയത്തിയെ കൊന്നു കെട്ടി തൂക്കിയത് വിഷ്ണു ദേവനാണെന്നും അവളെ ചതിച്ചു നാടുവിട്ടെന്ന് എല്ലാവരും കരുതുന്ന ചെറുപ്പക്കാരന്റെ അസ്ഥികൂടമാണ് കുളത്തിൽ നിന്ന് കിട്ടിയതെന്നും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു..

“ഇത്രയെല്ലാം അറിയാമായിരുന്നിട്ടും നിങ്ങളിതൊന്നും എന്തുകൊണ്ട് നേരത്തെ പോലീസിലറിയിച്ചില്ല ..?A.c.pഅൻവർ ചോദിച്ചതും ഉമ തന്റെ മകൾ അഭിരാമിയെ ചേർത്തു പിടിച്ചു..

“ഇവളെ അയാൾ കൊന്നുകളയുമെന്ന് പറഞ്ഞു സാറെ.. എന്റെ കണ്ണെത്താ ദൂരത്ത് മാറ്റി നിർത്തിയിരിക്കുവായിരുന്നു ഇവളെ ഇതുവരെ …

“എന്നെ ഒരു ഭ്രാന്തിയാക്കി, എന്നെ നോക്കാനെന്ന പേരിൽ അയാൾ അയാളുടെ അനുയായികളെ എനിക്ക് കാവലായിട്ടു …

എന്നിട്ടും എന്റെ അനിയത്തിയെ സ്നേഹിച്ചവൻ ആ കുളത്തിനടിയിലുണ്ടെന്ന് ഈ നാട്ടുക്കാർ അറിയാൻ വേണ്ടിയാണ് ദേവി വിഗ്രഹം ഞാൻ കുളത്തിലേക്കിട്ടത് …

“അതെടുക്കാൻ ഇറങ്ങുന്നവർ അവനെ കാണുമെന്ന് കരുതി ..പക്ഷെ ആ വഴിയും വിഷ്ണു ദേവനടച്ചു..

“പിന്നെയിപ്പോൾ ഇങ്ങനെയെല്ലാം ചെയ്യാനുള്ള ധൈര്യം എവിടുന്ന് കിട്ടി….?ഇവിടുത്തെ കാര്യങ്ങളിലെല്ലാം ആദ്യമേ കാര്യസ്ഥൻ വേലായുധന് സംശയം ഉണ്ടായിരുന്നു ,

അപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിലൊരിക്കൽ വിഷ്ണു ദേവൻ തന്റെ കാര്യസാധ്യത്തിനിടയിൽ മരിച്ചു പോയ രണ്ടു പെൺകുട്ടികളെ ഇവിടെ എത്തിച്ചത് വേലായുധൻ അബദ്ധവശാൽ കണ്ടതും കാര്യങ്ങൾ എകദേശം മനസ്സിലാക്കിയതും …

സംശയങ്ങളുമായ്എനിക്കരിക്കിലേക്കെത്തിയ വേലായുധനോട് ഞാനൊന്നേ പറഞ്ഞുള്ളു എന്റെ മോളെ കണ്ടെത്തി സുരക്ഷിതയാക്കിയാൽ വിഷ്ണു ദേവനെന്ന മാന്ത്രിക്കന്റെ മുഖം മൂടി ഈ നാട്ടുകാർക്കു മുമ്പിൽ ഞാൻ തുറന്നു കാട്ടാമെന്ന് …

പിന്നെയും ഒരുപാടു ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായ് വിഷ്ണു ദേവനെ പോലിസു കൊണ്ടുപോയപ്പോൾ പിന്നെയും അവിടെ കുറെ ചോദ്യങ്ങൾ മാത്രം അവശേഷിച്ചു … ഉത്തരം തേടി …

Leave a Reply

Your email address will not be published. Required fields are marked *