അനാഥർ
(രചന: Gopi Krishnan)
ആ കടൽത്തീരത്തെ സിമന്റ് ബെഞ്ചിലിരുന്ന് ഇന്ദു ദേഷ്യത്തോടെ പറഞ്ഞു…
“ഇനി ഇങ്ങനെ ജീവിക്കാൻ എനിക്ക് കഴിയില്ല എനിക്ക് ഡിവോഴ്സ് വേണം നിങ്ങൾ വേണേൽ അവളുടെ കൂടെ പോയി പൊറുത്തോ ”
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടിരിക്കുന്ന ഇന്ദുവിനെ നോക്കി സങ്കടത്തോടെ ശ്രീഹരി പറഞ്ഞു
” എന്താ ഇന്ദൂ ഇങ്ങനെയൊക്കെ പറയുന്നേ നമ്മൾ എങ്ങനെ സ്നേഹിച്ചു ജീവിച്ചതാണ്..
ദിവ്യ എന്റെ അസിസ്റ്റന്റ് ആണ് അതിലുപരി നല്ലൊരു സുഹൃത്തും അല്ലാതെ നീ കരുതും പോലെ മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല അവളുമായി വിവാഹം ഉറപ്പിച്ച ശ്യാം എനിക്ക് അനിയനെപ്പോലെയാണ് ഇന്നലേം കൂടി അവൻ എന്നെ വിളിച്ചിരുന്നു…
പിന്നെ ജോലിയുടെ ഭാഗമായി പലപ്പോഴും ഒരുമിച്ചു യാത്ര ചെയ്യേണ്ടി വരും … കമ്പനിയിലെ പ്രൊഡക്ഷൻ മാനേജറായ എനിക്ക് അവരുടെ കൂടെ പലയിടത്തും പോകേണ്ടി വരും..
അതിൽ നീ സംശയിക്കരുത്.. നീ ഒരു ടീച്ചർ അല്ലേ എന്നിട്ടും ഇങ്ങനെയൊക്കെ ചിന്തിച്ചാലോ.. ഒന്നൂല്ലേലും നമ്മുടെ മോളെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ അവൾക്ക് ആരും ഇല്ലാതെ ആവില്ലേ.”…?
” അവൾക്ക് ഞാനുണ്ട് അവളെ ഞാൻ വളർത്തിക്കോളാം നിങ്ങളെപ്പോലെ ഒരച്ഛനെ അവൾക്കിനി വേണ്ട നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഡിവോഴ്സ് വേണം ”
ഉള്ളിൽ എരിയുന്ന സങ്കടങ്ങളുടെ പെരുമഴയിൽ നനഞ്ഞ കണ്ണുകളുമായി അവർ രണ്ടുപേരും രണ്ടു വശത്തേക്ക് നോക്കിയിരുന്നു….
ഒന്നുമറിയാതെ ഏഴുവയസ്സുകാരി നന്ദന ഓടിക്കളിച്ചുകൊണ്ടിരുന്നു….അപ്പോഴാണ് ബൈക്ക് നിർത്തി ശ്യാം അങ്ങോട്ട് വന്നത്
രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് ശ്യാം അവരുടെ അരികിൽ ഇട്ട ബെഞ്ചിലിരുന്നു ഓടിവന്ന നന്ദനമോൾക്ക് പോക്കെറ്റിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തുകൊടുത്തുകൊണ്ട് ശ്യാം പറഞ്ഞു….
” ദിവ്യയാണ് എന്നെ ഇങ്ങോട്ട് വിട്ടത് നിങ്ങൾക്കുള്ളിൽ ഒരു പ്രശ്നമായത് അവളുടെ പേരാണ് എന്നറിഞ്ഞപ്പോൾ മുതൽ അവൾക്ക് ആകെ സങ്കടമാണ് …..
നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ ഈ കുഞ്ഞുമോൾ എത്ര വേദനിക്കുന്നു എന്ന ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ..
എനിക്ക് അതറിയാം…. ഞാൻ അനുഭവിച്ചവനാണ് പരസ്പരം വഴക്ക് കൂടുന്ന അച്ഛനും അമ്മയ്ക്കും നടുവിലിരുന്ന കരയാൻ മാത്രം വിധിക്കപ്പെട്ട ബാല്യം..
നിയമത്തിന്റെ സഹായത്തോടെ അവർ രണ്ടു വഴിക്ക് പോയപ്പോൾ നഷ്ടപെട്ടത് എന്റെ കുട്ടിക്കാലം ആയിരുന്നു..
രണ്ടുപേരുടെയും അടുത്ത മാറി മാറി നിൽക്കുമ്പോൾ ഞാൻ കാലുപിടിച്ചു കരഞ്ഞിട്ടുണ്ട്… അവർക്ക് വലുത് വാശി ആയിരുന്നു…ഞാനല്ല….
ഒടുവിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി സ്വയം ജീവിക്കാൻ തുടങ്ങിയപ്പോൾ ഇത്തിരി സ്നേഹം തന്നത് സുഹൃത്ത ആയ ദിവ്യയാണ് പരസ്പരം മനസിലാക്കാൻ കഴിയുമെന്ന് ഉറപ്പായപ്പോൾ ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു…..
ബിസിനസിന്റെ ലാഭം നോക്കി എങ്ങോപോയ അച്ഛനും അമ്മയും ഇനി എന്നെ തേടിവരില്ല.. എന്റെ അവസ്ഥ നന്ദുമോൾക്ക് ഉണ്ടാവരുത് അതും പാവം ദിവ്യ കാരണം…
അടുത്ത മാസമാണ് ഞങ്ങടെ കല്യാണം അത് കഴിഞ്ഞാൽ ആദ്യത്തെ വിരുന്ന് നിങ്ങളുടെ വക ആവണം ഇങ്ങനെ കരഞ്ഞോണ്ട് അല്ല രണ്ടാളും ചിരിച്ചോണ്ട് ഒരേ മനസോടെ ആവണം.. എന്നാൽ ഞാൻ പൊക്കോട്ടെ ഇത്തിരി ജോലി ബാക്കിയുണ്ട് ”
അവരെനോക്കി പുഞ്ചിരിച്ചു ബൈക്ക എടുത്തു ശ്യാം പോയി…. ഒരുനിമിഷം പരസ്പരം നോക്കി ഇരുന്ന ഇന്ദുവും ശ്രീഹരിയും കൈപിടിച്ചു കൊണ്ട് എഴുന്നേറ്റു….
” ആരുമില്ലാത്തവർ മാത്രമല്ല അനാഥർ. … ശ്യാമിനെപോലെ ചിലരും ആ പേരിന് അർഹരാണ്… നമ്മുടെ മോള് ഒരിക്കലും അനാഥ ആകരുത് അവൾക്ക് അമ്മയും വേണം അച്ഛനും വേണം.. അല്ലേ”…..?
അതുപറഞ്ഞ ശ്രീഹരിയെ നോക്കി പുഞ്ചിരിയോടെ ഇന്ദു തലയാട്ടി ഒരുമിച്ചു നടന്ന അവർക്കരികിലേക്ക് നന്ദനമോൾ ഓടിവന്നു…
അവളെയും ചേർത്തുപിടിച്ചുകൊണ്ട് അവർ വീട്ടിലേക്ക് നടന്നു… വീണ്ടും ഒരു വസന്തം തേടിക്കൊണ്ട്…
ആരോരുമില്ലാത്തവർ മാത്രമല്ല എല്ലാവരും ഉണ്ടായിട്ടും അനാഥർ ആയവരുണ്ട് നമുക്കിടയിൽ….
സ്വയം ഉരുകിത്തീരുന്ന മെഴുകുതിരികൾ പോലെ അച്ഛനും അമ്മയ്ക്കും ഇടയിൽ…. കരയാൻ മാത്രം വിധിക്കപ്പെട്ട കുഞ്ഞുമനസുകൾ…. ഈ വരികൾ അവർക്കായി സമർപ്പിക്കുന്നു……….