സ്വന്തം അമ്മ കൺമുന്നിലൂടെ കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നത് നോക്കി നിൽക്കാൻ..?

(രചന: രജിത ജയൻ)

“നിങ്ങളുടെ അമ്മ ദാ ഇന്നും കുളിച്ചു കുറീം തൊട്ട് അയാളുടെ കൂടെ പോവാൻ റെഡിയായിട്ട് ഉമ്മറത്ത് നിൽക്കുന്നുണ്ട്..

“നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ സ്വന്തം അമ്മ കൺമുന്നിലൂടെ കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നത് നോക്കി നിൽക്കാൻ..?

“പണ്ട് നിങ്ങളുടെ അച്ഛൻ ഗൾഫിലായിരുന്ന കാലത്തും അവരിങ്ങനെ തന്നെയായിരുന്നൂന്നത് പോട്ടേന്ന് വെക്കാം, ഇതിപ്പോഅച്ഛൻ വീട്ടിലുണ്ട് എന്നിട്ടും ….

സുമി രാവിലെ തന്നെ ജിതേഷിനു മുമ്പിലെത്തി അവന്റെ അമ്മയുടെ കുറ്റങ്ങൾ പറഞ്ഞു തുടങ്ങി.

“അച്ഛൻ ഇല്ലേ സുമി അവിടെ .. ?അവൻ ചോദിച്ചു”ഓ… അച്ഛൻ ഉണ്ട്, കൂട്ടുകാരന്റെ കൂടെ പുറത്തേക്കു പോവാനൊരുങ്ങുന്ന ഭാര്യയുടെ സാരി ഞൊറിവുകൾ നേരെയാക്കി കൊണ്ടിരിപ്പാണ് അങ്ങേര്…

“എന്തൊരു വൃത്തിക്കെട്ട വീട്ടിലേക്കാണീശ്വരാ ഞാൻ വന്നു കയറിയത്…

“എന്തെല്ലാം ഞാൻ കാണണം ,എന്റെ വിധി …പറഞ്ഞും പരിഭവിച്ചും സുമി അടുക്കളയിലേക്ക് നടന്നു.

ജിതേഷ് എന്തോ ചിന്തയിൽ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു..”അച്ഛാ.. അച്ഛന്റെ കൂടെ അറിവോടെയാണോ അമ്മ ഈ ഊരുചുറ്റലിനിറങ്ങി പുറപ്പെട്ടിരിക്കുന്നത്..?

പറമ്പിലെ മറിഞ്ഞുവീഴാറായ നേന്ത്രവാഴയുടെ ചുവട്ടിലേക്ക് കുറച്ച് മണ്ണുകൊത്തി ഇടുന്നതിനിടയിൽ ഗോവിന്ദൻ, മൂത്ത മകന്റെ ചോദ്യം കേട്ടവനെയൊന്ന് നോക്കി…

ദേഷ്യമാണ് മകന്റെ മുഖത്തും സ്വരത്തിലുമെന്ന് തിരിച്ചറിഞ്ഞയാളുടെ ഉള്ളിലൊരു ചിരി പൊട്ടിയെങ്കിലും മകൻ കാണാതെ അതയാൾ ഒതുക്കി …

“അച്ഛനെന്താ ഞാൻ ചോദിച്ചത് കേട്ടില്ലേ..?അവൻ ശബ്ദം ഉയർത്തി”സത്യം പറഞ്ഞാൽ കേട്ടില്ലെടാ മോനെ ,നീയെന്താണ് ചോദിച്ചത് ..?

അയാൾ വീണ്ടും മകന്റെ മുഖത്തേക്ക് നോക്കി …അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറുന്നതു കണ്ടിട്ടും അയാൾ അവനെ തന്നെ നോക്കി നിന്നു..

“എനിക്കറിയാം അച്ഛൻ കേൾക്കാഞ്ഞിട്ടൊന്നും അല്ലാന്ന്, എന്നാലും ഞാൻ വീണ്ടും ചോദിക്കുകയാണ് ,അച്ഛന്റെ സമ്മതത്തോടെയാണോ അമ്മ കൂട്ടുകാരുടെ കൂടെ നാടുചുറ്റാൻ പോണതെന്ന് …?

“നിന്റെ ഭാര്യ പുറത്തു പോവുമ്പോ നിന്നോടനുവാദം വാങ്ങാറില്ലെങ്കിലും എന്റെ ഭാര്യ അതായത് നിന്റെ അമ്മ പുറത്തു പോവുമ്പോൾ എന്റെ സമ്മതവും അനുവാദവും ചോദിക്കാറുണ്ട് ..

“ഈ പ്രാവശ്യവും ചോദിച്ചു, അതു കൊണ്ടു തന്നെ നിന്റെ അമ്മ നാടുചുറ്റാൻ പോണത് ഞാനറിഞ്ഞിട്ടുണ്ട് ..

“ഇനി നിനക്കെന്താണ് അറിയേണ്ടത് ?” അച്ഛനെന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്..?”അതൊന്നും ശരിയാവില്ല… സമ്മതിക്കില്ല ഞങ്ങളിതിന്…

വാശിയോടെ ജിതേഷ് പറഞ്ഞു..”ഞാനെന്തറിഞ്ഞിട്ടില്ലാന്നാ നീ പറഞ്ഞത് ..?അതുപോലെ ആരാ ഈ ഞങ്ങൾ …? പറയെടാ …

അത്രയും നേരം ശാന്തതയോടെ മാത്രം മകനെ കേട്ടു നിന്ന അച്ഛന്റെ ശബ്ദവും മുഖവും മാറിയതും ജിതേഷൊന്ന് പകച്ചു .

അവൻ വീട്ടിലേക്ക് നോക്കിയപ്പോൾ അവരെ നോക്കിക്കൊണ്ട് അവന്റെ ഭാര്യ സുമി നിൽപ്പുണ്ടായിരുന്നു മുറ്റത്ത് ..

“എന്താടാ നിനക്കിപ്പോൾ വായിൽ നാവില്ലേ..?
ഞാനെന്തറിഞ്ഞിട്ടില്ലാന്നാ നീ പറഞ്ഞത് ?” ഞാനറിയാത്ത എന്തെങ്കിലും ഇവിടെ ഉണ്ടായോ ..?

അയാളവനെ ചുഴിഞ്ഞു നോക്കിയതും അവനൊന്നു പതറി.. പിന്നീടൊന്നും മിണ്ടാതെ അവിടെ നിന്ന് വേഗം പോയ് ..

വൈകുന്നേരം നാലു മണി ചായയോടൊപ്പം കഴിക്കാനുള്ള പുഴുക്കിനായ് ചക്ക വെട്ടിയരിഞ്ഞു കൊണ്ട് ഗോവിന്ദൻ നിൽക്കുമ്പോഴാണ് അയാളുടെ ഭാര്യ ശൈല വിയർത്തൊട്ടി ക്ഷീണിച്ചു വീട്ടിലേക്ക് കയറി വന്നത് …

“എന്റെ ഗോവിന്ദേട്ടാ .. ഈ പണി നമ്മുക്ക് ശരിയാവുംന്ന് തോന്നണില്ലാട്ടോ .. ഈ വെയിലത്ത് എന്തൊരു ക്ഷീണാ ..വന്നപാടെ പറഞ്ഞു കൊണ്ടവർ അയാളുടെ ചാരെ ഇരുന്നു ..

“അതൊക്കെ തുടക്കത്തിലെ ബുദ്ധിമുട്ടാണെടോ ,പിന്നെ മെല്ലെ എല്ലാം ശരിയാവും .. തനിക്കിഷ്ട്ടപ്പെട്ട കാര്യമല്ലേടോ ..” ഞാൻ തനിക്ക് കുടിയ്ക്കാൻ ചായ എടുത്തിട്ടു വരാട്ടോ ..

“പറഞ്ഞു കൊണ്ട് ഗോവിന്ദൻ ചായയെടുക്കാൻ അടുക്കളയിലേക്കു ചെന്നതും അവിടെ മരുമകൾ സുമി അവരുടെ സംസാരം ഒളിച്ചു കേട്ടെന്ന പോലെ പതുങ്ങി നിൽക്കുന്നുണ്ടായിരുന്നു..

പെട്ടെന്ന് ഗോവിന്ദനെ മുന്നിൽ കണ്ടതും അവളൊന്നു ചമ്മി …”ആ മോളിവിടെ നിൽപ്പുന്നുണ്ടായിരുന്നോ ?

അയാളവളെ നോക്കി ചോദിച്ചതും അവളൊരു വിളറിയ ചിരി അയാൾക്കു നൽകി ..

പാകത്തിന് മധുരമിട്ട് കടുപ്പത്തിലൊരു ചായയിട്ട് അയാൾ ഭാര്യയ്ക്ക് നൽക്കുന്നതും അവരതു കുടിച്ചു കൊണ്ട് അന്നത്തെ വിശേഷങ്ങൾ അയാളോടു പറയുന്നതും നോക്കിയവൾ കുറച്ചു നേരമവിടെ നിന്നു പിന്നെ മൊബൈലുമായ് സ്വന്തം മുറിയിലേക്ക് നടന്നു ..

പതിവിനു വിപരീതമായ് അന്നു വൈകുന്നേരം ഗോവിന്ദന്റെ രണ്ടാമത്തെ മകനും ,വിവാഹം കഴിപ്പിച്ച യച്ച മകളും തീരെ പ്രതീക്ഷിക്കാതെ വീട്ടിലേക്കു വന്നു കയറിയപ്പോൾ ഗോവിന്ദനും ശൈലയുമൊന്നമ്പരന്നു ..

“എന്താണ് പതിവില്ലാതെ ആങ്ങളയും പെങ്ങളും കൂടിയൊരു വീടു സന്ദർശനം .. ?ഗോവിന്ദൻ ചിരിയോടെ മകൻ രൂപേഷിനോട് ചോദിച്ചപ്പോൾ അവന്റെ നോട്ടം ഉമ്മറത്ത് വിളക്ക് വെയ്ക്കുന്ന അമ്മയിലായിരുന്നു..

കുളി കഴിഞ്ഞിട്ടഴിച്ചിട്ട നീണ്ടമുടിയിലെ വെള്ളം അവരുടുത്ത സെറ്റുമുണ്ടിനെയാകെനനച്ചു കൊണ്ടിരുന്നു ..

പുറം കവിഞ്ഞു പരന്നു കിടക്കുന്ന മുടിയിഴകളിലൊന്നിനു പോലും അശേഷം നര ബാധിച്ചിട്ടില്ല ,വെറുമൊരു ഭസ്മ കുറിയണിഞ്ഞിട്ടു പോലും അമ്മയുടെ മുഖത്തിനെന്തൊരു ഐശ്വര്യമാണ് … അവനോർത്തു..

“നീയെന്താടാ മോനെ എന്നെ ആദ്യമായിട്ടു കാണുന്നതുപോലെ നോക്കുന്നത് .. ?ശൈല ചോദിച്ചു കൊണ്ടവന്റെ അടുത്ത് വന്നിരുന്നു ..

അമ്മയിൽ നിന്നുയർന്ന ചന്ദനസോപ്പിന്റെ മണം അവനെ കുട്ടിക്കാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയ് ..

ഓർമ്മ വെച്ച നാൾ മുതൽ അച്ഛൻ ഗൾഫിലായിരുന്നു ,അമ്മയാണ് തങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ..

കുട്ടിക്കാലം മുതൽ അമ്മയെന്നാൽ അമ്മയുടെ ഈ മണമാണ് ,സ്നേഹത്തിന്റെ നേർമ്മയുള്ള ചന്ദന സോപ്പിന്റെ മണം..”നീയെന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ..?

എന്താ മോളെ ഇവനെന്തു പറ്റി ..നീയെന്താ മക്കളെയൊന്നും കൂട്ടാതെ വന്നിരിക്കുന്നത് ?

അവർ ആധിയോടെ മകൾ രൂപയോട് ചോദിച്ചപ്പോൾ അവൾ അമ്മയുടെ കൈകളിൽ അരുമയോടെ തലോടി…

“ഒന്നും ഇല്ല അമ്മേ.., ഇവിടുന്ന് വല്യേട്ടനും ഏടത്തിയമ്മയും വിളിച്ചിട്ടുണ്ടായിരുന്നു ..”വൈകുന്നേരം വരണംന്നും എന്തോ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞു …

രൂപ പറഞ്ഞതു കേട്ടതും ശൈലയും ഗോവിന്ദനും മുഖത്തോടു മുഖം നോക്കി …”ആ നിങ്ങൾ വന്നായിരുന്നോ ,ഞാനിത്തിരി വൈകി കടയിൽ നിന്നിറങ്ങാൻ .. പറഞ്ഞു കൊണ്ട് ജിതേഷ് അങ്ങോട്ടു വന്നതും ഗോവിന്ദൻ മൂത്ത മകനെ നോക്കി ..

“നീയാണോ ജിതേഷേ ഇവരോടിങ്ങോട്ടു വരാൻ പറഞ്ഞത്?ഗോവിന്ദൻ മൂത്ത മകനോടു ചോദിച്ചു

“അതെ, ഞാൻ തന്നെയാണ് ,അച്ഛനോടൊന്നും പറഞ്ഞിട്ടു കാര്യമില്ലാന്ന് മനസ്സിലായ് ..
അതാണിവരെ വിളിച്ചത് .. ഇവരും കാര്യങ്ങളെല്ലാം അറിയണല്ലോ…

“ആ.. ശരി.. ,പക്ഷെ എന്തു കാര്യമാണ് എന്നോടു പറഞ്ഞിട്ടു കാര്യമില്ലാതെ പോയതെന്നു കൂടി നീയൊന്നു പറഞ്ഞേ ..?ഗോവിന്ദൻ പറഞ്ഞു

“അമ്മയുടെയും നിങ്ങളുടെയും കാര്യം തന്നെ ,അമ്മയെ ഇങ്ങനെ കണ്ടവൻമാരുടെ കൂടെ നാടുചുറ്റാൻ പറഞ്ഞയച്ചിട്ട് അച്ഛൻ വീട്ടിലെന്റെ ഭാര്യക്ക് കാവലിരിക്കുകയല്ലേ ..?

ജിതേഷ് ഉറക്കെ ചോദിച്ചതും ഗോവിന്ദനൊന്നമ്പരന്നു … അവനെന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ..

രൂപേഷും രൂപയും അന്തം വിട്ട് ജിതേഷിനെ നോക്കി, അവനെന്താണ് പറയുന്നതെന്നറിയാതെ …

“നീയെന്താടാ പറഞ്ഞത് ഞാൻ കണ്ടവൻമാരുടെ കൂടെ ഊരു ചുറ്റുന്നെന്നോ ..?

ശൈല ജിതേഷിനോട് ചോദിച്ചു ,അപ്പോൾ അമ്മയുടെ കണ്ണിലെ തീ ജിതേഷിനു താങ്ങാൻ പറ്റുന്നതായിരുന്നില്ല.

“എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ..?
അമ്മരാവിലെ തന്നെ ഉടുത്തൊരുങ്ങി വണ്ടിയിൽ കയറി ഇവിടുന്ന് പോകുമ്പോൾ പുറത്തു നാട്ടുകാർ എന്തൊക്കെയാണ് പറയുന്നതെന്ന് അമ്മയ്ക്കറിയോ ..?

“അല്ലെങ്കിൽ തന്നെ ആ ബാബുവേട്ടനുമായിട്ട് അമ്മയ്ക്കെന്താ ബന്ധംഅയാളാരാ അമ്മയുടെ ..?

ജിതേഷ് ശൈലയുടെ മുഖത്തു നോക്കി ചോദിച്ചതും ശൈലയുടെ കണ്ണുകൾ നിറഞ്ഞു.

പ്ടേ.. ,,,പെട്ടന്നാണ് ഗോവിന്ദന്റെ വലം കൈ ജിതേഷിന്റെ ഇടത്തെ കവിളിൽ ശക്തിയിൽ പതിഞ്ഞത് ..

ജിതേഷുൾപ്പെടെ എല്ലാവരും ഞെട്ടിപ്പോയ് ഗോവിന്ദന്റെ പ്രവർത്തിയിൽ.”എന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ നീ ആരാണെടാ..?

“പിന്നെ ബാബുവും ഇവളുമായുള്ള ബന്ധം നിനക്കറിയില്ല എങ്കിൽ ഞാൻ പറഞ്ഞു തരാം നിനക്ക് …

“എന്റെ ചെറുപ്പക്കാലം മുഴുവൻ നിനക്കും നിന്റെ കൂടപ്പിറപ്പുകൾക്കും വേണ്ടി ഗൾഫ് നാട്ടിൽ ഞാൻ പണിയെടുക്കുമ്പോൾ ,ഇവിടെ വീട്ടിലൊരാവശ്യം വന്നാൽ ഓടിവരാനും സഹായിക്കാനും ഞാൻ പറഞ്ഞേൽപ്പിച്ചതാണ് ബാബുവിനെ..

” മറ്റുള്ളവർക്കവൻ ഒരു രാഷ്ട്രീയക്കാരനായിരിക്കും,
എനിക്കവൻ കൂടെ കളിച്ചു വളർന്ന കളികൂട്ടുക്കാരനായിരുന്നെങ്കിൽ നിങ്ങളുടെ അമ്മയ്ക്കവൻ കൂടെ പിറക്കാത്ത കൂടപ്പിറപ്പാണ്…

“അങ്ങനെയുള്ള അവനെ വെച്ച് സ്വന്തം അമ്മയുടെ മാനത്തെ ചോദ്യം ചെയ്യുന്നോടാ നന്ദിയില്ലാത്ത നായേ….

“അമ്മയ്ക്കും അച്ഛനും അയാൾ കൂട്ടുക്കാരനും കൂടപ്പിറപ്പും ആയിരിക്കും ,നാട്ടുകാരുടെ കണ്ണിൽ അയാൾ അമ്മയുടെ രഹസ്യകാരനാ .. അറിയ്യോ…?

അതുവരെ മിണ്ടാതെ നിന്നിരുന്ന ജിതേഷിന്റെ ഭാര്യ സുമി അവർക്കിടയിലേക്കിറങ്ങി വന്നു പറഞ്ഞതും ഗോവിന്ദനവളുടെ നേരെ തിരിഞ്ഞു..

അതേ…. ശരി,നാട്ടുകാർ കരുതുംപോലെ അവൻ ഇവളുടെ ഇഷ്ട്ടക്കാരൻ ആയ്ക്കോട്ടെ ,അതിലെനിക്ക് പരാതിയില്ല

“ഞാൻ കഴിവില്ലാത്തവനായതുകൊണ്ട് എന്റെ ഭാര്യയെ വേറെ ഒരുത്തനൊപ്പം വിടുന്നു, അതിൽ എനിക്കില്ലാത്ത പ്രശ്നം വേറൊരാൾക്ക് വേണ്ട ,പ്രത്യേകിച്ച് നിനക്ക് .. മനസ്സിലായോ …?

ഗോവിന്ദൻ സുമിയെ കടുപ്പിച്ച് നോക്കി പറഞ്ഞു”എന്താണച്ഛാ പ്രശ്നം?അതുവരെ മിണ്ടാതിരുന്ന രൂപേഷ് അച്ഛനോട് ചോദിച്ചു

“അതു മോനെ, കുറച്ചു ദിവസായിട്ടിവിടെ ഈ വീട്ടിൽ ഇങ്ങനെയൊരു പ്രശ്നം കറങ്ങുന്നുണ്ട് ,

“നിന്റെ അമ്മയെ ഞാനാണ് നിർബന്ധിച്ച് ബാബുവും പാർട്ടിക്കാരും ഇപ്പോൾ തുടങ്ങിയ സ്വയം സേവാ സഹായക സംഘത്തിൽ ചേർത്തത്..

“ഈ വീടിനുപുറത്തൊരു ലോകമില്ലാതെ നിങ്ങളുടെ കാര്യങ്ങൾ മാത്രംനോക്കി ജീവിച്ചവളാ നിങ്ങളുടെ അമ്മ ..

“നിങ്ങളുടെഅമ്മയുടെ മനസ്സിറ്റെ ഏറ്റവും വലിയ നന്മ എന്താണെന്നറിയ്യോ മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ മനസ് ..

“ആരും സഹായത്തിനില്ലാതെ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാൻ ബാബുവും പാർട്ടിയും അങ്ങനെയൊരു കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ ഞാനാണ് നിങ്ങളുടെ അമ്മയെ നിർബന്ധിച്ച് അവരുടെയൊപ്പം പറഞ്ഞയച്ചത് ..

“പക്ഷെ അന്നു മുതൽ നിന്റെ ഏട്ടനും ഭാര്യക്കും പ്രശ്നങ്ങൾ തുടങ്ങി ..”നിങ്ങളുടെ അമ്മയേയും എന്നെയും അറിയുന്ന ഒരാൾക്കും ഒരു പരാതിയും ഇല്ല,

“പക്ഷെ ഇവർക്കുണ്ട് കാരണം ഇവരെ സംബന്ധിച്ച് കുറച്ചു പ്രായമായആണിനും പെണ്ണിനുമിടയിൽ നല്ല സൗഹ്യദങ്ങൾ പാടില്ല..”സൗഹൃദം സൂക്ഷിക്കുന്നവരെല്ലാം കാമം മനസ്സിൽ സൂക്ഷിക്കുന്നവരാണ് …

“ഭാര്യയെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഞാൻ കഴിവുകെട്ട ഭർത്താവും ,അവന്റെ ഭാര്യയ്ക്ക് കാവലിരിക്കുന്നവനുമായ് അവന്റെ കണ്ണിൽ …

ഗോവിന്ദൻ പറഞ്ഞു നിർത്തിയപ്പോൾ രൂപേഷും രൂപയും പുച്ഛത്തോടെ ഏട്ടനെയും ഏടത്തിയേയും നോക്കി

“കഷ്ട്ടം ഉണ്ട് ഏട്ടാ.. സ്വന്തം അമ്മയെ മനസ്സിലാക്കാൻ പോലും പറ്റാത്ത നിങ്ങൾ നാളെ നിങ്ങളുടെ ഭാര്യയേയും സംശയിക്കും ..

“താലികെട്ടിയ പുരുഷനും പ്രസവിച്ച മക്കളും നൽക്കുന്ന ഉറപ്പും വിശ്വാസവുമാണ് ഓരോ ഭാര്യയുടെയും അമ്മയുടെയും ധൈര്യവും ആത്മവിശ്വാസവും ..

“ആ കാര്യത്തിൽ നിങ്ങളൊരു തികഞ്ഞ പരാജയമായ് പോയല്ലോ..?”ഞങ്ങളുടെ അമ്മയേയും അച്ഛനെയും ഞങ്ങൾക്കറിയാം , നിങ്ങൾക്കും അറിയുമായിരുന്നു ,നിങ്ങളുടെ വിവാഹത്തിനു മുമ്പുവരെ

” പക്ഷെ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും വളരെ ഇടുങ്ങിയ മനസ്സും ചിന്താശേഷി കുറവുമുള്ള ഒരാളെ പോലെയാണ്.. നിങ്ങളുടെ ഭാര്യയെ പോലെ ..

അച്ഛനും അമ്മയും അവരുടെ ജീവിതം അവർക്കിഷ്ട്ടപ്പെട്ടതു പോലെ ജീവിച്ചോട്ടെ ,മക്കളായ നമ്മൾക്ക് ജീവിക്കാൻ വേണ്ട സാഹചര്യം അവർ ഒരുക്കി തന്നിട്ടുണ്ടല്ലോ

ഇനി അച്ഛനെയും അമ്മയേയും ഉൾക്കൊള്ളാൻ വയ്യെങ്കിൽ നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ച് മാറി താമസിച്ചോളൂ .. നിങ്ങളുടെ ഭാര്യയുടെ ആവശ്യവും അതാവും…

രൂപേഷ് പറഞ്ഞു നിർത്തി സുമിയ നോക്കിയപ്പോൾ സുമി വേഗം തന്റെ നോട്ടം അവനിൽ നിന്ന് മാറ്റി .. തന്റെ ഉദ്ദേശം അവൻ മനസ്സിലാക്കിയ ചമ്മൽ അവളുടെ മുഖത്ത് തെളിഞ്ഞു ..

തങ്ങളെ മനസ്സിലാക്കുന്ന രണ്ടു മക്കളെ സ്നേഹത്തോടെ തങ്ങളിലേക്കണച്ചുപിടിച്ചു ശൈലയും ഗോവിന്ദനുമപ്പോൾ …

Leave a Reply

Your email address will not be published. Required fields are marked *