ഉടൽ
(രചന: നിത്യാ മോഹൻ)
“ചില്ല് വാതിൽ തുറന്ന് അവൾ കസേരയിലേക്കിരുന്നു” , ഭിത്തിയിൽ തൂക്കിയിരിക്കുന്ന സ്വർണ്ണ നിറമുള്ള ക്ലോക്കിലേക്ക് നോക്കി..
അയാൾ വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു, ഇന്നിനി വരവുണ്ടാവില്ല, അയാൾ മൂന്നാഴ്ചത്തേക്കു വീട്ടിൽ പോയതാണ്, കുടുംബത്തോടൊപ്പം താമസിക്കുവാൻ.
ജോലിക്കാരി എന്ന പേരിനപ്പുറം, പല പേരുകളും തനിക്കുണ്ടാകാമെന്ന് അവളോർത്തു.പക്ഷെ..
രഹസ്യമായി എന്ന് മാത്രം, അയാളുടെ കുടുംബത്തിനറിയില്ല താനുമായി അയാൾക്കുള്ള ബന്ധം അല്ലെങ്കിൽ തന്നെ അറിഞ്ഞാലും അവർക്കൊന്നും ഇതൊക്കെ പുതിയ കാര്യമാവില്ല..
മിസ്റ്റർ ഹരിദാസ്, അയാളുമായി ഒരിക്കലും അവസാനിക്കാത്ത നീണ്ട കരാർ, പരിചയപ്പെട്ട അന്ന് മുതൽ അയാളുടെ കൂടെ തന്നെ..അവൾ മനസ്സിൽ അതോർത്ത് ചിരിച്ചു.
ചിലപ്പോൾ അവളോർക്കും അയാളൊരു മുരടനാണോയെന്ന്, സ്നേഹമായി ഒന്ന് സംസാരിക്കുകപോലുമില്ല.. പക്ഷെ ചില സമയങ്ങളിൽ അയാളിലൊരു കാമുകനുണരും..
ചേരിയിൽ ജനിച്ചു വളർന്ന അവൾക്ക് ചുരുങ്ങിയ വിദ്യാഭ്യാസം മാത്രമാണ് വിധിച്ചിരുന്നത്, രണ്ടാനച്ഛന്റെ അതിക്രമങ്ങൾ നേരിടേണ്ടി വന്ന ബാല്യം..
പ്രായം തികഞ്ഞപ്പോൾ മുതൽ ഒരിക്കൽ പോലും അമ്മ തന്നെ വീട്ടിലിരുത്തിയിട്ട് പോകില്ല, രണ്ടാനച്ചൻ മറ്റൊരു സ്ത്രീയുടെ കൂടെ താമസമെന്നറിഞ്ഞതിൽ പിന്നെ അമ്മ അയാളെ വീട്ടിൽ കേറ്റാതെയായി,
എന്നും വൈകുന്നേരങ്ങളിൽ വീടിനു മുൻപിൽ വന്ന് അയാൾ തെറിവിളി നടത്തുമായിരുന്നു, അവിടെയാരും ശ്രദ്ധിക്കുക പോലുമില്ല.. അയാൾ മടുക്കുമ്പോൾ നിർത്തി പോകും.. പതിയെ പതിയെ അതില്ലാതെയായി..
ആ ഇടയ്ക്കാണ് അവിടെ അടുത്തൊരു ഫ്ലാറ്റിൽ തൂപ്പ് വേലയ്ക്ക് പോകാനിറങ്ങുന്ന അമ്മ.. വൃത്തിയായി കുളിച്ചു വരാൻ പറഞ്ഞത് , വന്നപ്പോൾ പുതിയ ഡ്രെസ്സെടുത്ത് അവളുടെ നേരെ നീട്ടി.. അങ്ങനെ അമ്മയ്ക്കൊപ്പം എവിടേയ്ക്കെന്നറിയാതെ നടന്നു..
കൊട്ടാരം പോലെയുള്ള ഫ്ലാറ്റ് അവിടെ ചെന്ന് കേറിയ നിമിഷം, ഇപ്പോഴും അവളുടെ മനസ്സിൽ കുളിരു കോരുന്നു..ഇത്രയും വൃത്തിയായുള്ള സ്ഥലം ആദ്യമായി കാണുകയായിരുന്നു..
ഓരോ റൂമികളും കയറി ഇറങ്ങിയപ്പോൾ അമ്മ വിലക്കിയിരുന്നു..സ്വർഗം എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ കാണുകയാണെന്ന് അവളോർത്തു..
പെട്ടെന്നാണ് ഒരു റൂമിന്റെ ചില്ലു വാതിൽ തുറന്നു വരുന്ന അയാളെ കാണുന്നത്, അവളൊന്നു ഞെട്ടി..!
അർത്ഥ നഗ്നനായി വരുന്ന അയാൾ എന്തൊരു സുന്ദരാണെന്ന് മനസ്സിലോർത്തു, ചേരിയുടെ പച്ച കേറി തേഞ്ഞ ചുവരുകളിൽ ഒട്ടിച്ചിരിക്കുന്ന സിനിമ പോസ്റ്ററിലുള്ള നടന്മാരെ പോലെ..
അയാൾ അടുത്തേക്ക് വന്നപ്പോൾ ഹൃദയം പട പട ഇടിച്ചു, ഒരു പുഞ്ചിരി സമ്മാനിച്ച് അവളെയും കടന്നയാൾ പോകുമ്പോൾ, എന്ത് വാസനയായിരുന്നു ..ചാണകത്തിന്റെയും ചേറിന്റെയും മണം മാത്രമുള്ള ചേരി.. ഇതെല്ലാം അവൾക്കു പുതിയ അനുഭൂതിയായിരുന്നു..
അമ്മയോട് എന്തൊക്കെയോ സംസാരിച്ചിട്ട് തിരികെ വന്ന് ഇത്ര മാത്രം അവളോട് ചോദിച്ചു”മാധവി, തനിക്കു പാചകമൊക്കെ നന്നായി അറിയുമല്ലോ അല്ലെ?”
ഉത്തരമൊന്നും പറയാതെ, തല കുമ്പിട്ടിരുന്ന തന്റെ താടിയിൽ പിടിച്ച് അയാൾ മുഖമുയർത്തി..
അപ്പോൾ പേടിച്ച് അവൾ വിറച്ചിരുന്നു.. അത് മനസ്സിലായതിനാലാവണം.. അയാൾ പറഞ്ഞു..
” മാധവി പേടിക്കണ്ട, അറിയുന്ന രീതിയിൽ ഉണ്ടാക്കൂ, പിന്നെ ഇവിടെ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീ
അവര് ഇടയ്ക്ക് വരും.. അവരോടു ചോദിച്ച് പതിയെ എല്ലാം പഠിച്ചാൽ മതി ”
തളർന്നു താഴെ വീണു പോകുമെന്ന് അവൾക്കു തോന്നി, റൂമിലേക്ക് പോകും വഴി തിരിഞ്ഞു നിന്ന് അയാൾ ഒന്ന് കൂടി ചോദിച്ചു..”മാധവിക്ക് എത്ര വയസ്സായി?”
“20”അമ്മയാണ് ഉത്തരം നൽകിയത്..ഉം…ഒന്ന് മൂളി.. അവളെ ആകെയൊന്നു നോക്കിയിട്ട് തിരിഞ്ഞു പോകുന്ന അയാളെ നോക്കി അവൾ പ്രതിമ പോലെ നിന്നു..
“നിനക്ക് ലഭിച്ച ഏറ്റവും ഭാഗ്യമാണ്, അനുസരിച്ചു ഇവിടെ നിന്നാൽ നിനക്ക് എന്നും നല്ലതേ വരൂ” എന്ന അമ്മയുടെ ഉപദേശം, അതിൽ എല്ലാ അർത്ഥങ്ങളുമുണ്ടെന്നറിയാൻ അന്നത്തെ മാധവിക്ക് സാധിച്ചിരുന്നില്ല..
അമ്മ ഇടയ്ക്ക് കാണാൻ വരാം, ഇത് മാത്രം പറഞ്ഞ് അമ്മയിറങ്ങുമ്പോൾ, ആ കണ്ണുകൾ നനഞ്ഞിരുന്നു.. തെരുവിൽ കിടന്ന് മകൾ നശിക്കുന്നത് കാണാൻ കഴിയാത്ത ഒരമ്മയുടെ വേദനയാകാം ഇവിടെ എത്തിച്ചത്.
“സരസൂ”, അതായിരുന്നു ആ ചേച്ചിയുടെ പേര്, അവർ മുബൈയിലുള്ള മകന്റെ വീട്ടിലേക്കു പോകുന്നത് കൊണ്ടാണ് പുതുതായി അവളെ ജോലിക്കെടുത്തത്, കൊച്ചു പെൺകുട്ടികൾ ആരെങ്കിലും മതിയെന്ന നിർദ്ദേശത്തോടൊപ്പം ,
അവളെ ഒരു നാൾ അമ്മയുടെ കൂടെ ചേരിയിൽ വച്ച് കണ്ടിരുന്നത് കൊണ്ടാണ് അയാൾ അങ്ങനെയൊരു നിർദ്ദേശം വച്ചതെന്നുമുള്ള ചേച്ചിയുടെ സംശയം അവർ അവളോട് പങ്കു വച്ചു..ഇതെല്ലാം അവൾ അറിയുന്നത് സരസേച്ചി പറയുമ്പോൾ മാത്രമാണ്.
ആദ്യമായി അയാളുടെ കൂടെ, അയാളുടെ പതുപതുത്ത മെത്തയിൽ കിടക്കുമ്പോൾ അവൾക്ക് പേടി തോന്നിയിരുന്നു..
വലിച്ചവളുടെ വസ്ത്രങ്ങൾ അയാൾ കീറി മുറിക്കുമ്പോൾ.. ഭയം കൊണ്ട് വിറച്ചിരുന്നു.. നഗ്നയായി അയാളുടെ മുൻപിൽ നിൽക്കുമ്പോൾ അവളുടെ ഉടലളവുകൾ കണ്ട് അയാൾ ഉന്മത്തനായിരുന്നു..
ചാമ്പക്ക നിറമുള്ള അവളുടെ അല്പം വിടർന്ന അധരങ്ങൾ അയാൾ ചുംബിച്ചുണർത്തിയിരുന്നു.. ഒരു സർപ്പമായി അവളിലേക്ക് പടർന്നു കയറിയ അയാളായിരുന്നു അവളുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ..
അന്ന് കൊണ്ട് മറ്റ് സ്ത്രീകളുമായുള്ള കോൺട്രാക്ടുകൾ അയാൾ അവസാനിപ്പിച്ചിരുന്നു..ഉടലുകൾ ഒന്നാകുന്ന സമയങ്ങളിൽ അവളെ, അയാൾ..”മാധു” വെന്ന് നീട്ടി വിളിച്ചിരുന്നു…
പിന്നെപ്പിന്നെ, അയാളുടെ എല്ലാ ഇഷ്ടങ്ങളും നോക്കിയവൾ പെരുമാറിയിരുന്നു. അയാളുടെ ആ ചില്ല് വാതിലുള്ള റൂമിൽ അവൾക്കു ഒരു പക്ഷിയുടെ സ്വാതന്ത്ര്യമായിരുന്നു..
അവളുടെ കുസൃതിയും കുറുമ്പും കണ്ട് അയാൾ ഉറക്കെയുറക്കെ ചിരിച്ചിരുന്നു. റൂമിനു പുറത്ത് എപ്പോഴും അവൾ, അയാളെ അനുസരിക്കുന്ന ഒരു ജോലിക്കാരി മാത്രമായിരുന്നു.
അയാളോടൊപ്പം കിടക്കുമ്പോൾ ഏതൊക്കെയോ നിമിഷങ്ങളിൽ അവൾ അറിയാതെ അയാളെ പ്രണച്ചിരുന്നു.. ഉടലുകൾ തമ്മിലുള്ള ബന്ധത്തിനപ്പുറം അയാൾക്ക് മറ്റെന്തെങ്കിലുമുണ്ടോയെന്ന് കണ്ട് പിടിക്കുവാൻ ഇന്ന് വരെ അവൾക്കു കഴിഞ്ഞിട്ടില്ല..
പക്ഷെ..പോകെപ്പോകെ… അവളെറിയാതെ തന്നെ, ഉടലറിയാതെ.. മനസ്സറിഞ്ഞു അവൾ, അയാളെ സ്നേഹിച്ചിരുന്നു..
ഒരു വർഷത്തിന് ശേഷം അമ്മ മരിച്ചു..അവൾക്ക് ആരുമില്ലെന്ന ചിന്ത ഒരിക്കലും അവളെ വേട്ടയാടിയിരുന്നില്ല..
ചിലപ്പോഴെല്ലാം രണ്ടും മൂന്നും ആഴ്ച്ച കുടുംബത്തോടൊപ്പം താമസിച്ച് അയാൾ തിരികെ വന്നിരുന്നു… അവളുടെ പേരിൽ ബാങ്കിൽ അയാൾ അക്കൗണ്ട് തുടങ്ങി മാസാമാസം ഒരു തുക അതിൽ നിക്ഷേപിച്ചിരുന്നു..
ഒരിക്കൽ ഫ്ലാറ്റിൽ വന്ന ഡ്രൈവറോട് കുറച്ചു അടുത്ത് പെരുമാറിയെന്നു പറഞ്ഞ്, കിടപ്പറയിൽ വച്ച് ക്രൂരമായി അവളുടെ ശരീരത്തോട് അയാൾ അതിക്രമം കാണിച്ചിരുന്നു..
കുറച്ചു സമയത്തിന് ശേഷം അയാൾ തന്നെ അവളെ ആശ്വസിപ്പിച്ചിരുന്നു..
ഉടലുകൾ ഒന്നായ അനുഭൂതികളുടെ അങ്ങേയറ്റം ഒരു നാൾ അയാൾ അവളുടെ ചെവിയിൽ മന്ത്രിച്ചിരുന്നു.” നീയെന്റെ മാത്രം, ആർക്കും നിന്നെ വിട്ടുകൊടുക്കില്ല”
എന്തുകൊണ്ടോ ഇന്നുമവൾക്ക് അയാളിൽ നിന്നും അടർന്നു മാറുവാൻ കഴിയുന്നില്ല, ഇന്ന് അയാളവളുടെ ആരൊക്കെയോ ആണ്…
“മാധു”വിളി കേട്ട് അവൾ ചിന്തയിൽ നിന്നും ഞെട്ടിയെഴുന്നേറ്റു..അയാൾ അവളെ, വാരിപ്പുണരുമ്പോൾ.. അവൾ അയാളുടെ മാത്രം മാധുവായി മാറിയിരുന്നു.. ചില്ല് വാതിലുള്ള റൂമിൽ അവർ ഒരേ ഉടലായി മാറിയിരുന്നു !!