കേറിയർ..
രചന: Vijay Lalitwilloli Sathya
മൂന്നു കൂട്ടുകാരികൾ ഗൾഫിലേക്ക് വന്നതാണ് വിസിറ്റിംഗ് വിസയിൽ.. പഠിച്ച ഡിഗ്രി, ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകൾ ഒക്കെ എടുത്തു ഗൾഫിൽ തന്നെയുള്ള ഒരു കൂട്ടുകാരിയുടെ പ്രേരണയോടെ ആണ് അവർ ഗൾഫിലേക്ക് ചാടിയത്..
ഗൾഫിൽ എത്തിയ ആദ്യ അവസരത്തിൽ തന്നെ അതിൽ ഒരു കൂട്ടുകാരി അവളുടെ യാത്രാരേഖകളും സർട്ടിഫിക്കറ്റുകളും അടങ്ങുന്ന ബാഗ് യാത്രയിൽ എവിടെയോ മറന്നു വെച്ചു.ടാക്സിക്കാരൻ കൊണ്ടു തരുമെന്ന പ്രതീക്ഷയിലാണ് ഉള്ളത്.
സർട്ടിഫിക്കേറ്റും മറ്റുകാര്യങ്ങളും ഉള്ളതുകൊണ്ട് രണ്ടുപേർ ജോലിയിൽ കയറി പറ്റി..
സൗമ്യ എന്ന പെൺകുട്ടിക്ക് ആണ് ഈ അബദ്ധം പറ്റിയത്.. ജോലിയും കൂലിയും ഇല്ലാതെ റൂമിൽ കഴിയവേ അവൾക്കു മടുത്തു..
ഇനിയെങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചു പോയാൽ മതിയെന്നായി..സൗമ്യയുടെ ഉത്തരവാദിത്വം ഇപ്പോൾ അവളെ അവിടെ വരുത്തിച്ച യുവതിയിൽ വളരെ തലവേദന സൃഷ്ടിച്ചു..
എംബസി മുഖാന്തിരം ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് ശ്രമിക്കാം എന്ന് വെച്ചാൽ എന്തെങ്കിലും തെളിവ് വേണ്ടേ എല്ലാ റിക്കാർഡും പോയില്ലേ..
സൗമ്യയാണെങ്കിൽ നാട്ടിൽ പോകാൻ വാശിപിടിക്കുന്നു..അങ്ങനെയാണ് ഗോൾഡ് കാരിയർ ആയി സെയിം ഫിഗർ പാസ്പോർട്ടിൽ പോകാൻ പദ്ധതി തയ്യാറാക്കിയത്..
സൗമ്യയ്ക്ക് സന്തോഷമായി..പോകുമ്പോൾ അവർ തരുന്ന അല്പം ഗോൾഡ് കൊണ്ടുപോകണം. അത്രയേ ഉള്ളൂ..
സെക്യൂരിറ്റി ചെക്കിംഗ് ഒക്കെ അവർ നോക്കിക്കൊള്ളും..നാളെ രാവിലത്തെ ഫ്ലൈറ്റിൽ നാട്ടിൽ പോകാൻ തയ്യാറായി.
രാത്രി അവരുടെ റൂമിലേക്ക് ആ യുവതി വന്നു.അവരുടെ കയ്യിൽ കൊണ്ടുപോകേണ്ട സ്വർണം കാർബൺ പേപ്പറിൽ പൊതിഞ്ഞു കൊണ്ടുള്ള ഒരു പൊതിയും ഉണ്ടായിരുന്നു.
അതു സൗമ്യയെ ഏൽപ്പിച്ചിട്ട് പറഞ്ഞു.”ഇതാണ് കൊണ്ടുപോകേണ്ട സ്വർണം.. എയർപോർട്ടുകളിൽ എവിടെയും സൗമ്യയ്ക്കു പേടിക്കാനില്ല എല്ലായിടത്തും അവരുടെ ആൾക്കാർ ഉണ്ടാവും..””ഇത് വെക്കേണ്ടത് ബാഗിൽ ആണോ ഹാൻഡ് ബാഗിലാണോ..? ”
“അയ്യോ അതൊന്നുമല്ല ലഗേജ് ചെക്ക് മെഷീൻന്റെടുത്തൊന്നും ആർക്കും കൺട്രോൾ ഉണ്ടാവില്ല.. ഇത് വ്യക്തികൾ തന്നെ സൂക്ഷിക്കണം.. എങ്കിലേ പാസ്പോർട്ട് കാണുമ്പോൾ അവർക്ക് ആളെ തിരിച്ചറിയാനും സഹായിക്കാനും
സാധിക്കുകയുള്ളൂ.. ടാക്സ് അടച്ചു കൊണ്ടുപോകുന്ന ഗോൾഡ് കേറിയർ ട്രിപ്പ് അല്ല ഇത്.. രഹസ്യമായി കടത്തുന്നതാണ്.. ഗോൾഡ് ഗുഹ്യഭാഗത്താണ് വെക്കേണ്ടത്..”
“ങ്ങേ..എന്ത്…”അതുകേട്ട് സൗമ്യ ഞെട്ടിത്തരിച്ചുപോയി….” ബോഡിയിൽ എവിടെയാ കംഫർട്ട് എന്നുവെച്ചാൽ അവിടെ ട്രയൽ ആയി ഒന്ന് സ്ഥാപിച്ചു നോക്കൂ”
അതും പറഞ്ഞ് അവർ ഗോൾഡ് കവർ സൗമ്യയ്ക്ക് നേരെ വെച്ച് നീട്ടി..
ഇത്രയും നീച പ്രവർത്തി ചെയ്യണോ. മനസ്സു വേണ്ട വേണ്ട എന്ന് ആയിരം വട്ടം പറയുന്നുണ്ടെങ്കിലും
പാസ്പോർട്ടും കാര്യങ്ങൾ ഒന്നും ഇല്ലാതെ തനിക്ക് ഇവിടെ കിടന്നു നരകിക്കേണ്ടിവരും,.
വേറെ ഉപാധി ഒന്നുമില്ല… എടുത്തുചാടി ആൺകുട്ടികളെ പോലെ വിസിറ്റിംഗ് വിസയിൽ വരുമ്പോൾ ആലോചിക്കണമായിരുന്നു. മാത്രമോ പാസ്പോർട്ടും സർട്ടിഫിക്കേറ്റും കളഞ്ഞില്ലേ. രണ്ടും കൽപ്പിച്ച് വിറയ്ക്കുന്ന കരങ്ങളോടെ അവളാ സ്വർണ്ണ പൊതി വാങ്ങി…. എന്നിട്ട് നേരെ ബാത്ത് റൂമിലേക്ക് നടന്നു..!
കൂട്ടുകാരിൽ പ്രമുഖയായ ജാനകിയുടെ വാട്സ്ആപ്പ് ലേക്ക് ഒരു നോട്ടിഫിക്കേഷൻ മെസ്സേജ് വന്നു.. ജാനകി വാട്ട്സ്ആപ്പ് തുറന്നു നോക്കി… അബുദാബി മലയാളി സമാജത്തിന്റെ ഗ്രൂപ്പിൽ നിന്നാണ് ആ മെസ്സേജ് വന്നത്..
സൗമ്യയുടെ പാസ്പോർട്ടും സർട്ടിഫിക്കറ്റും അവിടെ സമാജത്തിന് ഓഫീസിൽ ആ ഡ്രൈവർ എത്തിച്ചിരിക്കുന്നു.. അതിന്റെ കുറെ ഫോട്ടോസ് എടുത്തിട്ടാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്..
ജാനകിക്ക് സന്തോഷമായി..”സൗമ്യ നിൽക്കൂ..നീ നാട്ടിലേക്ക് പോകേണ്ട നിന്റെ സർട്ടിഫിക്കറ്റ് പാസ്പോർട്ട് കിട്ടിയെടി..””ആണോ…?”
അതൊരു അലർച്ചയായിരുന്നു.. സങ്കടക്കടൽ സന്തോഷത്തിരയായി മാറുന്ന
അനര്ഘനിമിഷം….സൗമ്യ പൊട്ടിപൊട്ടിക്കരഞ്ഞു..ഗോൾഡ് മായി വന്ന യുവതി അവളെ സമാധാനിപ്പിച്ചു.
“സൗമ്യ വിഷമിക്കേണ്ട.. ഇഷ്ടമില്ലാത്ത ഒരു കാര്യവും ദൈവം നമ്മളൊക്കെ ചെയ്യിപ്പിക്കില്ല.. ഈ ട്രിപ്പ് സൗമ്യ പോകേണ്ട…
എനിക്കും വലിയ താത്പര്യം ഉണ്ടായിട്ടല്ല ഞാൻ ഇതിന് നിന്നത്…
നിനക്ക് വേറെ വഴി ഇല്ലാത്തതുകൊണ്ട് സഹായിക്കാൻ വേണ്ടിയാണ്.. നിനക്കറിയാമല്ലോ നമ്മളൊക്കെ മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ്.. മുട്ടിയപ്പോൾ സൗഹൃദത്തിന്റെ ഈ ലിങ്ക് ഉപയോഗിച്ച് എന്നുമാത്രം..
ഏതായാലും സൗമ്യ റിക്കാർഡ്സ് ഒക്കെ സമാജത്തിന് ഓഫീസിൽ പോയി എടുത്തുകൊണ്ട് വന്ന് ഇവർ ചെയ്യുന്ന കമ്പനിയിലെ ഒഴിവുള്ള വേക്കൻസിയിൽ കയറാം.. അതിൽ ഇനിയും കുറച്ച് ആൾക്കാരെ വേണ്ടതുണ്ടു..
ശരി എങ്കിൽ ഞാൻ പോകുന്നു.. ഇത് തിരിച്ചേൽപ്പിച്ചാൽ അവരുമായുള്ള ഈ ബന്ധം ഉപേക്ഷിക്കമല്ലോ.. ചുമ്മാ പുലിവാൽ പിടിക്കേണ്ടല്ലോ..”
യുവതി ഗോൾഡുമായി തിരിച്ചുപോയി..അബുദാബി മലയാളി സമാജം ഓഫീസിൽ സൗമ്യയും കൂട്ടുകാരികളും പോയി പാസ്പോർട്ടും സർട്ടിഫിക്കേറ്റ്സ് റിക്കാർഡ്സ് ഒക്കെ വാങ്ങി..
ശേഷം അവരുടെ കമ്പനിയിൽ ജോലിക്ക് കയറി…കൂട്ടുകാരികൾ മൂവരും സീമൻ ടൂറിന് പോയി വിസിറ്റിംഗ് വിസ മാറി വന്നു ജോബ് വിസയാക്കി മാറ്റി..