എഴുത്ത്: ഷാൻ കബീർ
“നിനക്ക് ഭ്രാന്തൻ എന്ന ഫേക്ക് ഐഡിയിൽ കഥ എഴുതുന്ന ആളെ അറിയോ…?”
ഒരുപാട് ആലോചിച്ചിട്ടാണ് മീനാക്ഷി അശ്വതിക്ക് അങ്ങനൊരു മെസ്സേജ് അയച്ചത്. അശ്വതി ഓൺലൈനിൽ ഉണ്ടായിരുന്നെങ്കിലും കുറച്ചു വൈകിയാണ് മറുപടി കിട്ടിയത്
“എടീ ഞാൻ സ്റ്റോറി വായിക്കായിരുന്നു. നിന്റെ മെസ്സേജ് ഇപ്പോഴാ കണ്ടത്. എന്തുപറ്റി…?””ഹേയ് ഒന്നുല്ല, നിനക്ക് ആളെ അറിയോ…?”
“ഞാനങ്ങനെ എഴുത്തുകാരുടെ പേരൊന്നും നോക്കാറില്ല. കഥ വായിക്കും, ഇഷ്ടപ്പെട്ടാൽ ഒരു ലൈക്ക് കൊടുക്കും. വല്ലാണ്ട് ഇഷ്ടപ്പെട്ടാൽ ഒരു സ്റ്റിക്കർ കമന്റ് ഇടും”
മീനാക്ഷിയൊന്ന് മൂളി. അതിന് ശേഷം അശ്വതി എന്താ കാര്യം എന്ന് അന്വേഷിച്ച് ഒരുപാട് മെസ്സേജ് അയച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി അവൾ ഭ്രാന്തൻ എന്ന ഫേസ്ബുക്ക് ഐഡിയിൽ നോക്കി
“നിങ്ങൾക്ക് ഞാൻ വെറുമൊരു ടൈംപാസ്സ് ആയിരുന്നു അല്ലേ…? എന്തിനാ എന്നെ ഇട്ടിട്ട് പോയേ…? ജീവനുതുല്യം സ്നേഹിച്ചതല്ലേ ഞാൻ, നിങ്ങളെപ്പോലുള്ള എഴുത്തുകാർക്കൊക്കെ ഒരുപാട്
കാമുകിമാർ ഉണ്ടാകുമെന്ന് പലരും എന്നോട് പറഞ്ഞിട്ടും ഞാൻ നിങ്ങളെ വിശ്വസിച്ചു. പ്രാണനെ പോലെ സ്നേഹിച്ചു. എനിക്കറിയില്ലായിരുന്നു നിങ്ങൾക്ക് ഞാൻ പല കാമുകിമാരിൽ ഒരുവൾ മാത്രം ആയിരുന്നെന്ന്”
കണ്ണുകൾ തുടച്ച് ഫോൺ താഴെ വെച്ച് അവൾ ഡയറി കയ്യിലെടുത്തു. അവളുടെ മനസ്സിൽ തോന്നിയതൊക്കെ ആ ഡയറിയിൽ കുറിച്ചു…
“വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ എനിക്ക് നിങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷയായിരുന്നു. നിങ്ങളോട് അടുത്തതിൽ പിന്നെയാണ് എനിക്ക് ജീവിക്കാൻ മോഹം തോന്നി തുടങ്ങിയത്.
അതുവരെ ഒരു പ്രതീക്ഷയും ഇല്ലാതെ ചത്ത് ജീവിച്ചിരുന്ന എന്നിലേക്ക് ജീവിക്കാനുള്ള കൊതിയുടെ വിത്ത് പാകിയത് നിങ്ങളാണ്. വിവാഹത്തിന് ശേഷം ഞാൻ ഉള്ള് തുറന്ന് ചിരിക്കുന്നത് നിങ്ങളോട് സംസാരിച്ചപ്പോഴാണ്.
ദാമ്പത്യ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങൾ സഹിച്ച് മക്കൾക്ക് വേണ്ടി മാത്രം വീർപ്പ് മുട്ടി ജീവിച്ചിരുന്ന എന്നിലേക്ക് സന്തോഷത്തിന്റെ പ്രതീക്ഷയുടെ കാറ്റ് വീശി തുടങ്ങിയത് നിങ്ങളുടെ കഥകൾ വായിച്ച് തുടങ്ങിയതിൽ പിന്നെയാണ്.
ജീവിതം വിഷാദമായ അവസ്ഥയിലേക്ക് വഴുതി വീണപ്പോൾ ഓരോ ദിവസവും മക്കളെ കെട്ടിപ്പിച്ച് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്ന ഞാൻ പിന്നീട് ആകാംഷയോടെ അക്ഷമയോടെ കാത്തിരുന്നത് നിങ്ങളുടെ കഥകൾക്ക് വേണ്ടിയാണ്.
കഥകളിൽ വന്ന് ലൈക്കായും കമന്റായും ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു എനിക്ക്. ആദ്യമായി നിങ്ങളോട് ചാറ്റിയപ്പോൾ എന്റെ ഹൃദയം തുടിച്ചത് പോലും പ്രണയത്തോടെയാണ്. ആദ്യമായി നിങ്ങളുടെ ശബ്ദം
കേട്ടപ്പോൾ……. ആ വോയ്‌സ് മെസ്സേജ് ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല. പതിയെ പതിയെ സംസാരിച്ച് നമ്മുടെ മനസ്സുകൾ തമ്മിൽ ഒന്നായ നിമിഷം ഈ ലോകം വെട്ടിപ്പിടിച്ച റാണിയുടെ അവസ്ഥയിൽ ആയിരുന്നു ഞാൻ.
എന്റെ കണ്ണ് നിറയുമ്പോഴാണ് നിങ്ങളിലെ ദേഷ്യം ഞാൻ കണ്ടിട്ടുള്ളത്. കരയാനല്ല സന്തോഷിക്കാനാ നിന്നെ ഞാൻ
മനസ്സുകൊണ്ട് ചേർത്ത് പിടിച്ചിരിക്കുന്നെ എന്ന് നിങ്ങൾ ഇടയ്ക്കിടെ പറയുമ്പോൾ എനിക്ക് ഉണ്ടാകുന്ന ആത്മവിശ്വാസം ഉണ്ടല്ലോ… എന്നെ ചേർത്ത് പിടിക്കാനും ഒരാളുണ്ട് എന്നുള്ള ആ വിശ്വാസം….”
മീനാക്ഷിയുടെ കൈകൾ വിറച്ചു, അവൻ തനിക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. കുറച്ച് സമയം കണ്ണടച്ചിരുന്ന് അവൾ വീണ്ടും എഴുതി തുടങ്ങി
“ഒരിക്കലും ഞാൻ നിങ്ങളുടെ യഥാർത്ഥ പേരോ മറ്റ് വിവരങ്ങളോ ചോദിച്ചറിയാൻ ശ്രമിച്ചിട്ടില്ല. ഒരുപാട് തവണ നിങ്ങൾ അത് പറയാൻ ഒരുങ്ങിയപ്പോഴും തടഞ്ഞത് ഞാനാണ്.
എനിക്ക് ഈ ഭ്രാന്തനെ അറിഞ്ഞാൽ മതിയായിരുന്നു. ഈ ഭ്രാന്തന്റെ ഭ്രാന്തമായ എന്നോടുള്ള പ്രണയം അറിഞ്ഞാൽ മതിയായിരുന്നു.
നിങ്ങൾക്ക് മറ്റ് അവകാശികൾ ഉണ്ടെന്ന് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തത് കൊണ്ടായിരിക്കാം ഒരുപക്ഷേ, എന്റെ ഈ ഭ്രാന്തനെ മാത്രം ഞാൻ പ്രാണനെപ്പോലെ പ്രണയിച്ചത്. മറ്റൊന്നും എനിക്കറിയേണ്ട…”
തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ചുമാറ്റി അവൾ വീണ്ടും എഴുതി
“ചത്ത് ജീവിച്ചിരുന്ന എന്നെ ജീവിക്കാൻ മോഹിപ്പിച്ച് എന്നെ പാതി വഴിയിൽ ഇട്ടിട്ട് പോയത് എന്തിനാ…? ഒരിക്കലും സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടില്ല, പക്ഷേ… മരിക്കുവോളം എന്നെ ഇങ്ങനെ ചേർത്ത് പിടിച്ചൂടാരുന്നോ…?
എനിക്ക് ആരും ഇല്ലാഞ്ഞിട്ടല്ലേ…? നിങ്ങളും കൂടെ ഇട്ടിട്ട് പോയാൽ എനിക്കിനി ആരാ ഉള്ളേ…? ഇനി ഞാൻ ആരോടാ ഉള്ള് തുറന്ന് സംസാരിക്കാ…?
ഇനി ഞാൻ ആരോടാ എന്റെ മനസ്സ് പങ്കുവെക്കുക…? എന്നെ ഒറ്റക്കാക്കി പോയില്ലേ നിങ്ങൾ…? ഇങ്ങനെ ഇട്ടിട്ട് പോവാനായിരുന്നേൽ എന്നെ ചേർത്ത് പിടിച്ച് മോഹിപ്പിച്ചത് എന്തിനാ”
അവളുടെ കയ്യിൽ നിന്നും നിന്നും പേന താഴെ വീണു. ഒരു കൊച്ചുകുട്ടിയെ പോലെ അവൾ തേങ്ങി കരഞ്ഞു. പ്രാണൻ പൊട്ടുന്ന വേദന തോന്നി അവൾക്ക്. അവൾ എഴുതി വെച്ച അക്ഷരങ്ങളിൽ കണ്ണീർ കലർന്ന് മഷി കലങ്ങി. ഇപ്പോഴുള്ള അവളുടെ ജീവിതം പോലെ….
അന്ന് ഒരുപാട് ഇരുട്ടിയിട്ടും അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല. ഒരുപാട് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാഞ്ഞപ്പോൾ ഫോൺ കയ്യിലെടുത്ത് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചു.
ഭ്രാന്തനില്ലാത്ത ഒരു എഫ്ബി തനിക്ക് വേണ്ട എന്നവൾ തീരുമാനിച്ചു. ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നതിന് മുന്നേ ഒരിക്കൽ കൂടി അവൾ മെസ്സഞ്ചർ നോക്കി, അവന്റെ മെസ്സേജ് വല്ലതും വന്നിട്ടുണ്ടോ എന്ന്…
അപ്പോഴാണ് അവൾ മെസ്സേജ് റിക്വസ്റ്റിൽ ഒരു നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നത് ശ്രദ്ധച്ചത്. അവളത് തുറന്ന് നോക്കി. ഒരാഴ്ച്ച മുന്നേ വന്ന മെസ്സേജ് ആണ്. ശ്രീകാന്ത് ദേവ് എന്ന ഐഡിയിൽ നിന്നുമാണ് മെസ്സേജ് വന്നിട്ടുള്ളത്
“ഈ ഭ്രാന്തന് നിന്നെ വിട്ട് പോവാൻ പറ്റില്ല, ആകാശത്തിലെ ഒരു നക്ഷത്രമായി ഞാൻ കൂടെ ഉണ്ടാകും”
ഇതായിരുന്നു അതിൽ വന്ന മെസ്സേജ്. ഉടൻ അവൾ ആ പ്രൊഫൈൽ തുറന്ന് നോക്കി. പ്രൊഫൈൽ മുഴുവൻ ശ്രീകാന്ത് ദേവിന് ആദരാഞ്ജലികൾ നേർന്നുള്ള പോസ്റ്റുകൾ ആയിരുന്നു. ബൈക്ക് ആക്സിഡന്റിൽ കൊല്ലപ്പെട്ട ശ്രീകാന്ത് ദേവ്…
മീനാക്ഷിയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണു… തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്. വല്ലാത്ത ഒരു അവസ്ഥ, അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. അന്ന് നല്ല നിലാവുണ്ടായിരുന്നു. ആ നിലാവിന്റെ വെളിച്ചത്തിൽ അവൾ ഒരു നക്ഷത്രത്തെ കണ്ടു… ഭ്രാന്തനായ ഒരു നക്ഷത്രത്തെ…