(രചന: J. K)
“”നിങ്ങളെ വല്ലതിനും കൊള്ളുമോ അതിന്??””രാവിലെ തന്നെ പ്രിയയുടെ ചോദ്യം കേട്ടപ്പോഴേക്ക് ചൊറിഞ്ഞു വന്നിരുന്നു രാജീവിന്…
കുറെ നാളായി ഇവൾ ഇങ്ങനെയാണ് പരിസരം പോലും നോക്കാതെ തന്നെ എന്തൊക്കെയോ വിളിച്ചു പറയും .. മനപ്പൂർവ്വം ഓരോ കാര്യത്തിന് തന്നെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യനാക്കും…
ഇതിപ്പോൾ അതിർത്തി തർക്കമാണ്.. അനിയൻ അവന്റെ സ്ഥലത്ത് മതില് കെട്ടുകയാണ്.. ഉറക്കത്തിലായിരുന്ന തന്നെ വിളിച്ചുകൊണ്ടുവന്നത് അവളാണ് പ്രിയ എന്നിട്ട് മതില് കുറച്ച് അങ്ങോട്ടേക്ക് മാറ്റി കെട്ടാൻ പറയാൻ പറഞ്ഞു..
അക്ഷരാർത്ഥത്തിൽ അവൻ കെട്ടുന്നത് അവന്റെ അതിർത്തിയിലൂടെ തന്നെയായിരുന്നു. അതിൽ ഒന്നും പറയാനില്ല അത് ഞാൻ അവളോട് പറഞ്ഞപ്പോൾ കേട്ട വാക്കുകളാണ് അത്..
എന്നിട്ടും അവൾ ഇനി ദേഷ്യപ്പെടേണ്ട എന്ന് കരുതി അവനോട് ഞാൻ പോയി ഒരല്പം അങ്ങോട്ടേക്ക് മാറ്റി കെട്ടാൻ പറഞ്ഞു.. ആയിക്കോട്ടെ എന്ന് പറഞ്ഞ് ഒന്നും എതിർത്ത് പറയാതെ അവൻ അനുസരിച്ചു..
അത് കണ്ടിട്ടും അവളുടെ അരിശം മാറിയിരുന്നില്ല പിന്നെയും ആവശ്യമില്ലാതെ എന്തിനൊക്കെയോ അവൾ പിറുപിറുത്തു കൊണ്ടേ ഇരുന്നു..
ഞാൻ അതിലൊന്നും മറുപടി പറയാൻ പോയില്ല കാരണം എനിക്ക് എന്റെ അനിയനെ അറിയാമായിരുന്നു അവൻ ഒരിക്കലും എന്റെ ഒരുപിടി മണ്ണോ പൈസയോ മോഹിക്കില്ല…
ഇവളുടെ ഈ സ്വഭാവം എന്താണ് ഇങ്ങനെ എന്ന് ഒരു പിടിയും കിട്ടുന്നില്ല..വിവാഹം കഴിഞ്ഞപ്പോൾ ഇങ്ങനെയൊന്നുമല്ലായിരുന്നു എല്ലാവരും പറഞ്ഞതാണ് പ്രിയ നിന്റെ ഭാഗ്യമാണ് എന്ന്..
അതുപോലായിരുന്നു അവളുടെ പെരുമാറ്റം എല്ലാം കണ്ടറിഞ്ഞ് ചെയ്യും ആരെയും ദേഷിച്ചു ഒന്നും പറയില്ല എല്ലാവരോടും ഭയങ്കര സ്നേഹം മാത്രം..
പക്ഷേ എപ്പോഴാണ് ഇവൾ ഇങ്ങനെ മാറിയത് എന്ന് അറിയില്ല.. ഇപ്പോൾ എല്ലായിടത്തും പോയി എന്റെ കുറ്റം പറയലാണ് മെയിൻ പണി..
പലപ്പോഴും പല കുടുംബക്കാരും കണ്ടാൽ മുഖം വീർപ്പിക്കുന്നത് കാണാം..
പ്രത്യേകിച്ച് അവളുടെ കുടുംബക്കാർ…
ഭാര്യയെയും കുഞ്ഞുങ്ങളെയും നോക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് നീ കല്യാണം കഴിച്ചത് എന്ന് വരെ ഒരാൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു…
എനിക്ക് അന്നേരം ഒന്നും മനസ്സിലായിട്ടില്ലായിരുന്നു പിന്നീടാണ് അറിഞ്ഞത് അവളാണ് അവിടെ ചെന്ന് പറഞ്ഞത് എന്ന്…
ഞാൻ പണി ചെയ്തു വരുന്ന കാശ് മുഴുവൻ കളിച്ചു കളയുകയാണ് ഒരു രൂപ പോലും വീട്ടിൽ കൊടുക്കില്ല വളരെ കഷ്ടത്തിലാണ് എന്നൊക്കെ ഈ നട്ടാൽ കുരുക്കാത്ത നുണ അവളെന്നെ പറ്റി പറഞ്ഞു ഉണ്ടാക്കുന്നത് എന്തിനാണ് എന്നറിയില്ലായിരുന്നു…
പലയിടത്തുനിന്നും ഇതുപോലെ അനുഭവം ഉണ്ടായപ്പോൾ അവളോട് ചോദിച്ചതാണ് അന്നേരം അവൾ തുടങ്ങും നെഞ്ചത്തടിയും കരച്ചിലും നാട്ടുകാരെല്ലാം ഓടിക്കൂടും അവിടെയും നാണം കെടുന്നത് ഞാനായിരിക്കും…
ഒരുതരം കെട്ടിയിട്ട അവസ്ഥയായി എനിക്ക് എന്ത് ചെയ്യണം എന്നുപോലും വലിയ രൂപമുണ്ടായിരുന്നില്ല… ഒരിക്കൽ ആരോ പറഞ്ഞു നീ ജോലിക്ക് പോകുമ്പോൾ നിന്റെ വീട്ടിൽ ആരോ ഇന്ന് വന്നിരുന്നു എന്ന്…
ജോലി കഴിഞ്ഞു വന്നതും അവൾ അതിനെ പറ്റി എന്നോട് ഒരു അക്ഷരം പോലും മിണ്ടിയില്ല അതുകൊണ്ട് അങ്ങോട്ട് ചോദിച്ചു നോക്കി ഇന്ന് ആരാ ഇവിടെ വന്നത് എന്ന് അവൾ പറഞ്ഞു അവളുടെ അമ്മാവന്റെ മകനാണ് എന്ന്…
പിന്നെ അതിനെപ്പറ്റി വലുതായി ഒന്നും സംസാരിച്ചില്ല ഒരു ദിവസം നേരത്തെ ജോലി കഴിഞ്ഞപ്പോൾ അങ്ങോട്ടേക്ക് വന്നു. അന്നും അവൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ അമ്മാവന്റെ മകൻ…
അവൻ പണ്ട് അവളെ കല്യാണം അന്വേഷിച്ചിരുന്നു ജോലിയും കൂലിയും ഒന്നുമില്ലായിരുന്നു അതുകൊണ്ടുതന്നെ അവളുടെ അച്ഛൻ അവനെ ഓടിച്ചു വിട്ടത് അവൾ പറഞ്ഞു ഞാൻ ഒരിക്കൽ അറിഞ്ഞിരുന്നു..
അതിനുശേഷമാണ് അവൻ ഗൾഫിലേക്ക് പോകുന്നതും വലിയ നിലയിലൊക്കെ ആകുന്നതും. ഇപ്പോൾ വലിയ വീടും കാറും പത്രാസും ഒക്കെയായി..
ഇപ്പോൾ ലീവിന് വന്നതാണ്…
അവനെപ്പറ്റി പറയുമ്പോൾ നൂറ് നാവ് ആയിരുന്നു പ്രിയക്ക്…
എന്തുപറഞ്ഞാലും ചെന്നെത്തുക സജിയേട്ടന്റെ കാര്യത്തിൽ ആയിരുന്നു.. സജിയേട്ടനെ കണ്ടു പഠിക്ക് സജിയേട്ടനെ കണ്ട് പഠിക്ക് എന്ന് എന്നും പറഞ്ഞില്ലെങ്കിൽ അവൾക്ക് ഉറക്കം കിട്ടാത്ത പോലെ…
ആദ്യമൊന്നും എനിക്ക് ഇതിനെപ്പറ്റി വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ക്രമേണ എനിക്കെന്തോ മനസ്സിൽ ചില സംശയങ്ങൾ എല്ലാം തോന്നിത്തുടങ്ങി..
അധികദിവസങ്ങളിലും അവൻ എന്റെ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.. അവളോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത് നിങ്ങൾക്ക് സംശയരോഗമാണ് എന്ന് പറഞ്ഞു..
ഭാര്യയെ സംശയിക്കുന്ന ഒരു സംശയരോഗി ഭർത്താവല്ലായിരുന്നു ഞാൻ… എങ്കിലും ഒരു വിഡ്ഢിയായും നിന്നു കൊടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല അതുകൊണ്ട് എന്തായാലും വരുന്നതുപോലെ കാണാം എന്ന് കരുതി ഞാനും ഇരുന്നു..
ഒരിക്കൽ നേരത്തെ വീട്ടിലെത്തിയ ഞാൻ അവിടെ പൂട്ടിക്കിടക്കുന്നതാണ് കണ്ടത് കുറെ നേരം കാത്തിരുന്നപ്പോൾ കണ്ടു അവന്റെ കാറിൽ വരുന്ന പ്രിയയെ..
വീടും പൂട്ടി മക്കളെ അടുത്ത വീട്ടിലേക്ക് ആക്കി അവളെങ്ങോട്ടാണ് സർക്കീട്ട് പോയത് എന്ന് ചോദിച്ചപ്പോൾ അവൾ വീണ്ടും അവളുടെ അടവ് എടുത്തു..
ഇത്തവണ എനിക്കും നിയന്ത്രണങ്ങൾ വിട്ടു..എങ്കിലും അവളുടെ ദേഹത്ത് തൊടാതെ ഞാൻ സൂക്ഷിച്ചിരുന്നു അവൾ ഉറക്കെ നിലവിളി തുടങ്ങി..
എല്ലാവരും ഓടിവന്ന് എന്നെ സംശയത്തോടെ നോക്കി ഞാൻ അവരോട് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞു..
അവൻ വരുന്നതും അവൾ അവന്റെ കൂടെ പലപ്പോഴും പോകുന്നതും അവരുടെ എല്ലാം ശ്രദ്ധയിൽപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും അവളുടെ നേർക്ക് ചോദ്യങ്ങളുമായി ചെന്നു. അത് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..അവൾ തന്നെ പറഞ്ഞു ഞങ്ങൾ തമ്മിൽ പ്രണയമാണ് എന്ന്…
ഞാനും ഒപ്പം നാട്ടുകാരും ഞെട്ടി..
അവൾ ഒരു അവസരവാദിയാണെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിയിരുന്നു സജീവിന് പണമില്ലാത്തപ്പോൾ അവൾ ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചു ഇപ്പോൾ സജീവന് പണവും പത്രാസും ഒക്കെയായപ്പോൾ മെല്ലെ അങ്ങോട്ട് ചായുന്നു..
നാട്ടുകാരെയും കൂട്ടി സജീവന്റെ വീട്ടിലേക്ക് പോയത്… പക്ഷേ സജീവ് അതെല്ലാം നിഷേധിച്ചു.. അവന്റെ ഭാര്യയും അവിടെ നിൽക്കുന്നത് കൊണ്ടാണോ അറിയില്ല അവൻ പറഞ്ഞു എനിക്ക് അങ്ങനെയൊന്നുമില്ല പ്രിയ എന്റെ സഹോദരിയെപ്പോലെ ആണ് എന്ന്..
തെളിവിനായി അവന്റെ ഫോൺ കാണിച്ചു.അതിൽ മുഴുവൻ അവനെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു കൊണ്ടുള്ള പ്രിയയുടെ മെസ്സേജുകൾ ആയിരുന്നു… എല്ലാത്തിനും പിറകിൽ പ്രിയ ഒറ്റ ആളാണെന്ന് എല്ലാവർക്കും മനസ്സിലായി…
സജിയുടെ പണക്കാരി ഭാര്യയെ വിട്ടുപോരാൻ അയാൾക്ക് ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.. ഇതുവരെ നേരമ്പോക്കായിരുന്നു അയാൾക്ക്…
അതുകൊണ്ടുതന്നെ സജി തീർത്തു പറഞ്ഞു അയാൾ അവളെ ഒരു സഹോദരിയെ പോലെയാണ് കാണുന്നത് എന്ന്…
അവളുടെ മനസ്സിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഉത്തരവാദി അവനല്ല ഇനി മേലിൽ അവളോട് തന്നെ വിളിക്കേണ്ട എന്ന് പറയാൻ പറഞ്ഞു..
നേരെ വീട്ടിൽ ചെന്ന് പ്രിയയെ വിളിച്ചിറക്കി അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി..ആദ്യമൊക്കെ അഹങ്കാരത്തോടെ എന്തൊക്കെയോ എന്നോട് വെല്ലുവിളിച്ച് പറയുന്നുണ്ടായിരുന്നു….
സജി അവളുടെ കൂടെ നിൽക്കും എന്ന വിശ്വാസത്തിൽ ആയിരുന്നു അവളുടെ പെർഫോമൻസ് മുഴുവൻ അത് ഉണ്ടാവില്ല എന്ന് അവൾ മനസ്സിലാക്കിയത് ഇത്തിരി വൈകിയാണ് അതോടെ അവൾ ആകെ തകർന്നു…
അവളുടെ വീട്ടിൽ എല്ലാവരും അവളെ തന്നെ കുറ്റപ്പെടുത്തി.. അവിടെ നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയായി അവൾക്ക്..
നാളുകൾ പോകെ അവളുടെ അഹങ്കാരം ഒതുങ്ങി.. പിന്നെ എന്നെ വിളിച്ച് കരച്ചിലും പിഴിച്ചിലും ആയി…
പുതിയ അടവ്.. അവളെ നന്നായി മനസ്സിലാക്കിയ എനിക്ക് ഇതെല്ലാം അവളുടെ വെറും അഭിനയമാണ് എന്നറിയാമായിരുന്നു.. അതുകൊണ്ടുതന്നെ അർഹിക്കുന്ന അവഗണന കൊടുത്ത് ഞാൻ അതെല്ലാം തള്ളി കളഞ്ഞു.
പിന്നെ ജോലി സ്ഥലത്തും മറ്റുമായി അവൾ കാത്തു നിൽക്കും.. ഒരു പാവത്തെപ്പോലെ അഭിനയിക്കും ഒന്നുമറിയാത്ത ഒരു പാവം… അവളെ സജി പറഞ്ഞു പറ്റിച്ചതാണ് എന്നൊക്കെ പറഞ്ഞ് എന്റെ പുറകെ വരും..
ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോലും പോകാറില്ല…
ഇപ്പോൾ അവളുമായുള്ള ബന്ധം വേർപിരിയാൻ വേണ്ടി കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ് അവൾ അതിനു സമ്മതിക്കാത്തത് കൊണ്ട് അതങ്ങനെ നീണ്ടുപോകുന്നു കുഞ്ഞുങ്ങൾ എന്റെ ഒപ്പം ആണ്… അവരെയും പലതും പറഞ്ഞ് അവൾ സ്വാധീനിക്കാൻ ശ്രമിച്ചു..
വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് ഒരു അമ്മയുടെ സ്നേഹം കിട്ടണം എന്ന് എനിക്കും അറിയാമായിരുന്നു.
അത് അവളുടെ തന്നെ വേണം എന്നില്ലല്ലോ നന്നായി സ്നേഹിക്കാൻ അറിയാവുന്ന ഒരു സ്ത്രീ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവരെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ ഞാൻ തയ്യാറാണ്… എങ്കിലും ഇനി അവൾ വയ്യ…
സ്വന്തം ഭർത്താവിനെ മുന്നിൽ കുഞ്ഞുങ്ങളുടെ മുന്നിൽ അഭിനയിക്കുന്നവൾക്ക് ജീവിതത്തിൽ എന്ത് സത്യസന്ധതയാണ് ഉള്ളത്… അങ്ങനെ ഒരു കൂടെ നിർത്തുക എന്നത് വിഷപ്പാമ്പിന് പാല് കൊടുക്കുന്നത് പോലെയാവും…
ഇനി അവരും ഞാനും മതി എന്റെ ജീവിതത്തിൽ എന്ന് എന്റെ തീരുമാനമായിരുന്നു…