(രചന: Kannan Saju)
” ഓഹ്… എന്നാ പിന്നെ ഇയ്യാക്കു അവള്ടെ കൂടെ അങ്ങ് പോയി പൊറുത്തൂടെ??? ഒരു കമന്റിട്ടേക്കണു… നൈസ് പിക് മോളെന്നു ”
കട്ടിലിൽ കിടന്നുറങ്ങിയിരുന്ന കണ്ണന്റെ മെത്തേക്കു വെള്ളം കോരി ഒഴിച്ച് കൊണ്ട് അവൾ പറഞ്ഞു…
കലിയോടെ അവളെ നോക്കി കട്ടിലിൽ എണീറ്റിരുന്ന കണ്ണനെ നോക്കി…
” എന്താടോ നോക്കുന്നെ ??? തനിക്കെന്നെ തല്ലണോ ?? എടോ തല്ലണോന്നു ??? ” കലി ഇളകിയ ഭദ്ര കാളിയെ പോലെ അവൾ അവനു നേരെ ചാടി…
” നിനക്കെന്നാ എന്റെ രുക്കു ??? അതിനു ഞാൻ നിന്നോടു ഒന്നും പറഞ്ഞില്ലല്ലോ? ” ഭവ്യതയോടെ കണ്ണൻ പറഞ്ഞു…
” അതെന്താടോ… ??? തനിക്കൊന്നും പറയാൻ ഇല്ലേ??? “അവൾ വീണ്ടും ചാടി കടിച്ചു… കണ്ണൻ മണിച്ചിത്ര താഴിൽ ഗംഗയെ നോക്കിയ സണ്ണിയെ പോലെ അവളെ നോക്കി…
” ഇനി മേലാൽ കണ്ട പെണ്പിള്ളേര്ക്ക് മോളേ മുത്തേ ചക്കരെ എന്നൊക്ക പറഞ്ഞേങ്ങാനും കമന്റിട്ടാ നിങ്ങടെ സാധനം ചെത്തി ഞാൻ പട്ടിക്കിട്ടു കൊടുക്കും ”
” നിനക്കെന്തെടി പ്രാന്താ?? മിനിയാന്നല്ലേ കൊല്ലം മോളുസേ കിടു എന്ന് പറഞ്ഞു നീ തന്നെ എന്റെ അക്കൗണ്ടിന്നു അവക്ക് കമന്റിട്ടത് ?? “”
” ആ.. അത് ഞാനങ്ങനെ പലതും ചെയ്തെന്നിരിക്കും… എന്ന് കരുതി താനും അതിനൊപ്പം തുള്ളാൻ നിക്കണ്ട… ” അവൾ കലി തുള്ളി അടുക്കളയിലേക്കു പോയി…
” താനോ… ഇവക്കിതു എന്നാ പറ്റി ?… ഇനി പെട്ടന്നു വീട്ടിനു മാറിയൊണ്ട് മാനസിക നിലയിൽ വല്ല…. ഏയ് ” കണ്ണൻ ടീവിയിൽ IPL കൊണ്ടിരിക്കെ കൂട്ടുകാരൻ തസ്കീം വന്നു…
” പൊളി മച്ചാണല്ലോ അളിയാ… “” നീ ഇരി… റുക്കൂ… ഒരു ചായേം കൂടി “അവൾ ഹാളിലേക്കു വന്നു…
” ആർക്കാ ഇവനാണോ ചായ ? ” തസ്കീം ഞെട്ടലോടെ കണ്ണനെ നോക്കി… കണ്ണൻ രുക്കുവിനെ കണ്ണടച്ച് കാണിച്ചു…
” നിന്റെ വീട്ടില് രാവിലെ ചായ ഒന്നും ഉണ്ടക്കത്തില്ലേ ??? ” ഇടുപ്പിനു ഇരു കൈകളും കുത്തി തല ചെരിച്ചു പിടിച്ചു കൊണ്ട് റുക്കിയ ചോദിച്ചു…
” ഞാനല്ലടി ഇവനല്ലേ ചോദിച്ചേ ??? “” പിന്നെ നീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ ?? “” ഇതെന്തെടി?? രജിസ്റ്റർ മാര്യേജ് കഴിഞ്ഞു ഞാനല്ലേ നിങ്ങക്കീ ഫ്ലാറ്റെടുത്തു തന്നെ ?? ”
” എന്നും പറഞ്ഞു? “” അല്ലേടി “” എന്നാ നീ ഒരു പായും തലയിണയും കൂടി എടുത്തോണ്ട് വന്നു ഇവിടെ അങ്ങ് കിടക്കട… അല്ല പിന്നെ.. ഒരു ഞായറാഴ്ച ആയിട്ട് അവൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ വന്നേക്കുന്നു.. ”
അവൾ അടുക്കളയിലേക്കു പോയി.. തസ്കീം കണ്ണനെ നോക്കി…” ഇവക്കെന്തടാ പ്രാന്തായോ ??? നാട്ടുകാരും വീട്ടുകാരും ഓടിച്ചിട്ട് തല്ലാൻ നടന്നപ്പോ ഞാനല്ലേ ഉണ്ടായുള്ളൂ നിങ്ങളെ രക്ഷിക്കാൻ ??? ”
” എനിക്കറിയില്ല… തല്ക്കാലം നീ ഒന്ന് ക്ഷമിക്കു.. കാലത്തു കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട് “തസ്കീം സ്ഥലം വിട്ടു…
അടുക്കളയിലെ ബാൽക്കണിയിൽ താഴേക്കും നോക്കി നിക്കുന്ന റുഖിയയുടെ അരികിലേക്കു കണ്ണൻ ചെന്നു.. അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു ..
” എന്നാ എന്റെ കൊച്ചിന് പറ്റ്യേ ?” ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു കണ്ണനെ കെട്ടിപ്പിടിച്ചു… നെഞ്ചിൽ മുഖം ചേർത്തു നിന്നു ”
” നല്ല രസം അല്ലേ കണ്ണേട്ടാ ഇവിടിങ്ങനെ ചേർന്ന് നിന്നു താഴേക്ക് നോക്കുമ്പോ “” അതറിയാവുന്നുണ്ടല്ലേ രുക്കു ഈ ഫ്ലാറ്റ് തന്നെ റെന്റ് എടുത്തേ ” ഞെട്ടലോടെ അവൾ നിവർന്നു.
” അപ്പൊ ഇതിനു മുന്നേ പലരേം കെട്ടിപ്പിടിച്ചു ഇവിടെ നിന്നിട്ടുണ്ടല്ലേ നിങ്ങള്… ”
” ഏഹ് ” കണ്ണന്റെ പാദത്തിനിട്ടു ആഞ്ഞൊരു ചവിട്ടു ചവിട്ടി അവൾ അകത്തേക്ക് പോയി…” ഈശ്വരാ… ഇനി ശരിക്കും ഇവക്കു വട്ടായോ ”
ആരോ ബെല്ലടിച്ചു… കണ്ണൻ വാതിൽ തുറന്നു… കണ്ണന്റെ അച്ഛനും അമ്മയും അനിയനും… റുക്കിയ അവർക്കുള്ള ചായയും ഉണ്ടാക്കി മുന്നിൽ വെച്ചു…
” എന്തായാലും നിങ്ങള് കെട്ടി… ഇനി ഇപ്പോ ഒരു തീരുമാനം എടുക്കണം ” അച്ഛന്റെ വാക്ക് കേട്ടു കണ്ണനും റുക്കിയെം പരസ്പരം നോക്കി…
” ഞാൻ പറഞ്ഞത്.. നിങ്ങൾ വീട്ടിലേക്കു വാ.. നാലാളെ വിളിച്ചു അമ്പലത്തിൽ വെച്ചു നമുക്ക് രണ്ടാളുടെയും കല്ല്യാണം നടത്തണം… അല്ലെങ്കിൽ ഇനി ഒരു കൊച്ചൊക്കെ ഉണ്ടാവുമ്പോ വലിയ പാടാ ”
” അയ്യോ അച്ഛാ…. കണ്ണൻ എന്തോ പറയാൻ വരും മുന്നേ…” അച്ഛൻ ക്ഷമിക്കണം… ഞങ്ങൾ കൃസ്ത്യാനികളായി ” ഞെട്ടലോടെ അച്ഛനും അമ്മയും എണീറ്റു… അതിലും ഞെട്ടിയത് കണ്ണൻ ആയിരുന്നു…
” എന്താ മോളേ ഈ പറയണേ ? ” കണ്ണന്റെ അമ്മ അതിശയത്തോടെ ചോദിച്ചു…” ഞാൻ ഹിന്ദു ആയാൽ എന്റെ വീട്ടുകാർക്കും കണ്ണേട്ടൻ മുസ്ലിം ആയാൽ നിങ്ങക്കും വിഷമാവൂലോന്നു കരുതി രണ്ട് കൂട്ടർക്കും ഒരുപോലെ വിഷമാവട്ടെന്നു കരുതി ഞങ്ങൾ കൃസ്തു മതം സ്വീകരിച്ചു”
അവർ കണ്ണനെ നോക്കി… കണ്ണൻ ഒന്നും മിണ്ടാതെ നിന്നു… അവർ സ്ഥലം കാലിയാക്കി . .. ഒന്നും മിണ്ടാതെ അവൾ കണ്ണനെ അടിമുടി നോക്കി അകത്തേക്ക് പോയി…
” ദേ തള്ളേ… ഒരാളും വരണ്ട… എനിക്ക് ഒന്നിനേം കാണുവോം വേണ്ട…. മര്യാദക്ക് ഞാൻ പറഞ്ഞതാ കെട്ടിച്ചു തരാൻ എന്നിട്ടിപ്പോ പുന്നേരോം പറഞ്ഞോണ്ടു വന്നേക്കുന്നു..
മേലാൽ ഈ ഫോണിലേക്ക് വിളിച്ച എല്ലാത്തിനേം ആളെ വിട്ടു ഞാൻ തല്ലിക്കും ”
അവൾ ഫോൺ വെച്ചു… ഞെട്ടലോടെ ഹാളിലെ വാതിലിൽ നിന്നും മുറിയിലേക്ക് ഒളിഞ്ഞു നോക്കിയാ കണ്ണനോട്…” എന്താടോ “” ഒന്നുലാ.. ആരായിരുന്നു ഫോണിൽ ? ”
” എന്റുമ്മ ” കണ്ണന് ആകെ കിളി പാറി.. അവൻ ഫോണെടുത്തു കൂട്ടുകാരിയെ വിളിച്ചു…” അപ്പൊ അതാവോ കാര്യം ? ”
” ആയിരിക്കും.. ഫോണിൽ നിങ്ങൾ സംസാരിച്ചിരുന്ന പോലെ അല്ലല്ലോ, ഇപ്പൊ ഒരു വീട്ടിൽ അല്ലേ.. അധികം ഒന്നും പിടിച്ചു നിക്കാൻ പറ്റത്തില്ല .. നീ ഞാൻ പറയണ പോലെ ഒന്ന് ചെയ്തു നോക്ക് ” മുറിയിലേക്ക് എത്തി നോക്കി കണ്ണൻ…
” ഞാൻ ഓറഞ്ച് ജ്യൂസ് അടിച്ചിട്ടുണ്ടു… മോൾക്ക് എടുക്കട്ടെ? ” അവൾ തലയാട്ടി…കണ്ണൻ രണ്ട് ഗ്ലാസ് ജ്യൂസ് ആയി വന്നു അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു… ഒരെണ്ണം അവൾക്കു നേരെ നീട്ടി.. അവൾ വാങ്ങി ഒന്ന് സിപ്പ് ചെയ്തു…
” അലീന രാവിലെ ഫബിയിൽ ഇട്ടേക്കണ ഫോട്ടോ മോള് കണ്ടായിരുന്നോ ??? ” അവൾ കണ്ണ് മിഴിച്ചു തിരിഞ്ഞു നോക്കി…” ഒന്നിനും കൊള്ളത്തില്ലെന്നേ.. “.
” എവിടെ നോക്കട്ടെ ” അവൻ ഫോണിൽ ഫോട്ടോ കാണിച്ചു… അവൾ കുറച്ചൂടെ അവനു അരികിലേക്ക് ഇരുന്നു…
” കണ്ടോ… ഒരു ഡ്രസ്സ് സെൻസ് ഇല്ല… മോളേ പോലെ നല്ല സെലെക്ഷൻ ഒന്നും അവക്കില്ല… ” അവൾ മെല്ലെ കണ്ണന്റെ തോളിൽ ചാരി
” ഈ മുക്കൂത്തീം അവക്ക് ചേരുന്നില്ലല്ലേ? ” അവൾ മെല്ലെ ചോദിച്ചു…” എങ്ങനെ ചേരാനാ… അതിനു മോൾടെ പോലെ ഇച്ചിരി ഭംഗിയുള്ള മൂക്ക് വേണ്ടേ? ” അവൾ രണ്ട് കൈകൊണ്ടും അവനെ വട്ടം പിടിച്ചു…
” പീരിയഡ്സ് ആയല്ലേ? ” കണ്ണൻ മെല്ലെ ചോദിച്ചു…” ഉം “” അപ്പൊ മുന്നേ ഒക്കെ എങ്ങനെ ഹാൻഡിൽ ചെയ്തു ?? ”
” ഫോണിൽ അല്ലേ… ഒരുവിധം ക്ഷമിച്ചു… ഇതുപോലൊക്കെ കാണിച്ചാൽ എങ്ങാനും ഇട്ടിട്ട് പോയാലോ”
” അപ്പൊ ഇപ്പോഴോ “” അപ്പോഴും ഇപ്പോഴും പോവൂലാന്ന് നിക്കറിയാം… ചുമ്മാ പറഞ്ഞതാ “” പെയിൻ ഉണ്ടോ? “” രവിലെ മുതൽ.. നല്ല വേദന.. സഹിക്കാൻ പറ്റണില്ല ”
” എവിടെയാ.. ഇവിടെ ആണോ.. അതോ ഇവിടെയോ? ” വയറിൽ മാറി മാറി തലോടിക്കൊണ്ട് അവൻ ചോദിച്ചു…
” അറിഞ്ഞിട്ടപ്പോ എന്തിനാ? ” മുഖം ഉയർത്തി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു…
” ഇല്ല.. ഒരുമ്മ തന്ന ആശ്വാസം കിട്ടുവോന്നറിയാൻ “” എന്റടുത്തിങ്ങനെ ചേർന്നിരുന്ന മതി.. ആശ്വാസം കിട്ടിക്കോളും… ” അവൾ മൊത്തമായി അവനെ ചാരി കെട്ടിപ്പിടിച്ചിരുന്നു..
” അങ്ങനാണേൽ ഞാൻ ഒരു പണി ചെയ്യാം.. ആദ്യം ആ ഡ്രസ്സ് ഒക്കെ ഒന്ന് വാഷ് ചെയ്തു നമുക്കുള്ള ബ്രേക്ഫാസ്റ്റും റെഡി ആക്കിയിട്ട് വരാം.. അതും കഴിച്ചിട്ട് കെട്ടിയോനും കെട്ടിയോൾക്കും കൂടി ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാം.. ”
” വേണ്ട.. ഞാൻ ചെയ്തോളാം “” ആരു ചെയ്താലും ഒരു പണി അല്ലേ.. നീ കിടക്ക്.. ഫുഡ് ആവുമ്പൊ ഞാൻ വിളിക്കാം.. ” കണ്ണൻ അവളെ പിടിച്ചു കിടത്തി….
” വേദന കുറഞ്ഞോളും കെട്ടോ ” അവളുടെ വയറിൽ ചുംബിച്ചുകൊണ്ട് അതും പറഞ്ഞു ഇറങ്ങി കണ്ണൻ അടുക്കളയിലേക്കു നടന്നു….