എത്രയോ ചെറിയ കുഞ്ഞ് കണ്ടുവളർന്നത് ഇതാണ് അവളുടെ ഭാവിയോർത്ത് എനിക്ക് ശരിക്കും പേടിയാകുന്നുണ്ടായിരുന്നു…

(രചന: J. K)

“” അമ്മേ അച്ഛൻ എപ്പോഴാ വരിക””കുഞ്ഞുമോൾ ചോദിക്കുന്നത് കേട്ട് അവളെ ദേഹത്തേക്ക് ചേർത്ത് പിടിച്ച് അവളുടെ നെറുകിൽ ഒന്ന് തഴുകി മീര..

അച്ഛനെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു പകരം ഭയപ്പെട്ടിട്ടാണ്…

കുഞ്ഞിന് രാത്രി മനസമാധാനമായി ഉറങ്ങാൻ പോലും ഭയമാണ് എപ്പോൾ വേണമെങ്കിലും അയാൾ കുടിച്ച് കയറി വരാം പിന്നെ ഇവിടെ താണ്ഡവമാണ്..

എത്ര നന്നായി ഉറങ്ങിയാലും അവൾ അതെല്ലാം കേട്ടും കണ്ടും ഞെട്ടി എണീറ്റ് കരയും..
എന്നും പതിവുള്ളതായതിനാൽ അവൾക്ക് ഉറങ്ങാൻ പോലും ഭയമാണ്…

“”” ഇന്ന് ഒരു കുഴപ്പവും ഉണ്ടാവില്ല അമ്മ രാവിലെ പോകുമ്പോൾ അച്ഛനോട് പറഞ്ഞിട്ടുണ്ട് കുഞ്ഞുമോൾക്ക് എല്ലാം പേടിയാണ് അതുകൊണ്ട് ഇന്ന് നല്ല കുട്ടിയായി വീട്ടിൽ വരണമെന്ന്…

ശരി എന്ന് പറഞ്ഞിട്ടാണ് അച്ഛൻ പോയത് അതുകൊണ്ട് അമ്മയുടെ പൊന്നു കിടന്നു ഉറങ്ങിക്കോ… “””

എന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞു മിഴികൾ പ്രതീക്ഷയോടെ അമ്മയെ നോക്കി…

അവൾക്കറിയാമായിരുന്നു ഇന്നത്തെ സ്ഥിതിയും മറിച്ചൊന്നും ആവില്ല എന്ന്..
അഞ്ചാറു വർഷമായി ഇതുതന്നെയാണ് പതിവ്..

ഏട്ടന്മാർ അത്യാവശ്യം പ്രായമായതിനുശേഷമാണ് അച്ഛനും അമ്മയ്ക്കും താൻ ഉണ്ടായത് താൻ…

മൂന്ന് ആൺകുട്ടികൾക്ക് ശേഷം പിറന്ന ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് അവിടെ വളരെ സുഖമായിരുന്നു അച്ഛനും അമ്മയും എന്നെ താഴ്ത്ത പോലെ നിർത്താതെ വളർത്തി വലുതാക്കി…

ഞാനും ഏട്ടന്മാരും തമ്മിൽ ഒരുപാട് പ്രായവ്യത്യാസം ഉള്ളതുകൊണ്ട് തന്നെ ഞാൻ,
പത്താംക്ലാസിൽ പഠിക്കുമ്പോൾ തന്നെ അവരുടെയെല്ലാം കല്യാണം കഴിഞ്ഞിരുന്നു..

എല്ലാവരും കൂടി ഒരുമിച്ചാണ് വീട്ടിൽ കഴിഞ്ഞിരുന്നത്…എനിക്ക് കിട്ടുന്ന പ്രത്യേക പരിഗണന അവരിൽ ദേഷ്യം നിറച്ചിരുന്നു.. പക്ഷേ ഒരിക്കലും എനിക്കായി കൂടുതലൊന്നും അവിടെ മാറ്റി വെച്ചിരുന്നില്ല..

അപ്പോഴേ ചേട്ടന്മാരുടെ ഭാര്യമാർക്കിടയിൽ ഒരു മുറുമുറുപ്പ് ഉണ്ടായിരുന്നു അച്ചൻ കൂടി പോയതിനുശേഷം അവരുടെ ഭാര്യമാരെല്ലാം തനി സ്വഭാവം പുറത്തേക്കെടുത്തു..

അമ്മ കൂടി ഇല്ലായിരുന്നെങ്കിൽ എന്റെ അവിടുത്തെ കാര്യം വളരെ കഷ്ടം ആകും എന്ന് എനിക്ക് അറിയാമായിരുന്നു..

എല്ലാവരും ചേർന്ന് വീട് ഭാഗിക്കണം എന്ന് പറഞ്ഞപ്പോൾ അമ്മ ഒറ്റക്കാലിൽ നിന്നിരുന്നു എന്റെ വിവാഹശേഷം മാത്രമേ വീട് ഭാഗം വയ്ക്കുള്ളൂ എന്ന്..

കാരണം അമ്മയ്ക്ക് ഭയമായിരുന്നു എല്ലാവർക്കും ഉള്ളതൊക്കെ വീതിച്ചു കൊടുത്താൽ അവർ അവരുടെയെല്ലാം കാര്യം നോക്കി പോയാലോ എന്ന്..

അതുകൊണ്ടാണ് എല്ലാവരും ചേർന്ന് എത്രയും പെട്ടെന്ന് എന്റെ വിവാഹം നടത്താൻ നോക്കിയത്..

കള്ളുകുടിച്ച് നാടിനു വീടിനും ശല്യമായി നടക്കുന്ന ഒരാളെ വിവാഹം കഴിപ്പിച്ചാൽ അയാൾ നേരെയാകുമോ എന്ന് നോക്കാനായി ഇരുന്നവരുടെ കയ്യിൽ തന്നെ ചെന്ന് പെട്ടു..

നാടൻ പണിക്ക് എല്ലാം പോകും നല്ല ആളാണ് കുടുംബസ്നേഹം ഉള്ളവനാണ് എന്നൊക്കെ പറഞ്ഞ് അമ്മയെ പറ്റിച്ചു.

അയാൾക്ക് ബന്ധുക്കൾ എന്ന് പറയാൻ അകന്ന് ബന്ധത്തിൽ ഒരു ചെറിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ… പക്ഷേ സ്വന്തമായി ഒരു അഞ്ചു സെന്റും ചെറിയൊരു വീടും ഉണ്ട്…

ഇതൊക്കെ പറഞ്ഞപ്പോൾ അമ്മയും സമ്മതിച്ചു ഞങ്ങൾക്കറിയില്ലായിരുന്നു അയാളെ നേരെയാക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഈ വിവാഹം കഴിപ്പിക്കൽ എന്ന്..

ഒരുപക്ഷേ അയാൾ ചെയ്തുവെക്കുന്ന പ്രശ്നങ്ങൾക്കൊക്കെ മറുപടി പറയേണ്ടി വന്ന ബന്ധുക്കൾ കണ്ടുപിടിച്ച മാർഗ്ഗം ആവാം വിവാഹം കഴിപ്പിക്കാം എന്ന് പിന്നെ ചോദ്യവും ഉത്തരവും ഒക്കെ അങ്ങോട്ടല്ലേ പോകുള്ളൂ…

വിവാഹം കഴിച്ച് ഭാര്യമാർ വന്നാൽ പിന്നെ അത്ഭുതങ്ങൾ സംഭവിക്കും എന്നാണല്ലോ പറയപ്പെടുന്നത് ഇവിടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വന്നില്ല അയാൾ വീണ്ടും കള്ളുകുടിക്കാൻ തുടങ്ങി…

ഇടയ്ക്ക് ഒരു കുഞ്ഞും..ആദ്യം ഒന്നും ഉപദ്രവം ഇല്ലായിരുന്നു വായിൽ തോന്നുന്നതൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞു എവിടെയെങ്കിലും ബോധംകെട്ട് കിടന്നുറങ്ങുമായിരുന്നു ഇത് ഇപ്പോൾ തുടങ്ങിയ കലാപരിപാടിയാണ് അടിക്കുക എന്നത് അതും ആ കുഞ്ഞിന്റെ മുന്നിലിട്ട് തന്നെ….

എത്രയോ ചെറിയ കുഞ്ഞ് കണ്ടുവളർന്നത് ഇതാണ് അവളുടെ ഭാവിയോർത്ത് എനിക്ക് ശരിക്കും പേടിയാകുന്നുണ്ടായിരുന്നു…

ഇത്ര ചെറുപ്പത്തിൽ പോലും ഒരു കുഞ്ഞിന് മനസമാധാനമായി രാത്രി കിടന്നുറങ്ങാൻ കഴിയുന്നില്ല എന്ന് വെച്ചാൽ എന്ത് സങ്കടമാണ് അതിന്റെ കാര്യം..

ഞങ്ങളുടെ കാര്യം ഒന്ന് നോക്കുന്നില്ല എന്നത് പോട്ടെ ഞാൻ അപ്പുറത്തെ വീട്ടിൽ എന്തെങ്കിലും സഹായം ചെയ്തു കൊണ്ടുവരുന്ന പണം പോലും അയാൾ എടുത്തുകൊണ്ടുപോയി കുടിക്കും…

ഇത് ഇങ്ങനെ വിട്ട് എല്ലാം സർവ്വം സഹയായി നിന്നാൽ ഇതുതന്നെയായിരിക്കും എന്റെ ഭാവി എന്ന് എനിക്ക് തീർച്ചയായിരുന്നു അതുകൊണ്ടാണ് രണ്ടും കൽപ്പിച്ച് അയാളെ ഇന്ന് കാത്തിരുന്നത്….

കുടിച്ചു വന്ന അയാൾ ബഹളം തുടങ്ങിയിരുന്നു.. അയാളോട് ഞാൻ മര്യാദയ്ക്ക് തന്നെ പറഞ്ഞു എന്റെ കുഞ്ഞു ഉറങ്ങുകയാണ് ഉണർത്തരുത് എന്ന്..

പിന്നെ അതും പറഞ്ഞായിരുന്നു ബഹളം.. കുഞ്ഞിന്റെ പിതൃത്വം വരെ അവിടെ അയാൾ പറഞ്ഞു തീർത്തു.. അയാളുടെ അല്ലത്രേ..

അതുകഴിഞ്ഞ് ദേഹോപദ്രവത്തിനായി എത്തി. അതിന്റെ മുന്നേ ഞാൻ എടുത്തുവച്ച ഒരു ഇരുമ്പ് വടി എടുത്തു…

ഇത്രയും നാളത്തെ ദേഷ്യം മനസ്സിൽ വച്ച് അയാളെ ഞാൻ അടിച്ചു എന്റെ കുഞ്ഞിന് ഒരു നിമിഷം പോലും സ്വൈര്യം കൊടുക്കാത്തതിന് എന്നെ വന്നത് മുതൽ കണ്ണീർ കുടിപ്പിക്കുന്നതിന്..

കുടിച്ച് ലക്കു കെട്ട് വന്നതുകൊണ്ട് തിരിച്ചൊന്നും ചെയ്യാനുള്ള ആവതുണ്ടായിരുന്നില്ല… അടിച്ച് അയാളവിടെ വീണപ്പോഴാണ് ഞാൻ നിർത്തിയത്….

കുഞ്ഞുമോൾ അപ്പോഴേക്കും പേടിച്ച് എന്റെ അടുത്ത് വന്ന് നിന്നു..സാരമില്ല ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞ് ഞാൻ തന്നെ അവളെ ആശ്വസിപ്പിച്ചു പിറ്റേദിവസം രാവിലെ ഒരു വണ്ടി വിളിച്ച് ഞാൻ തന്നെയാണ് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് അയാളുടെ രണ്ട് കൈയും ഒരു കാലും ഒടിഞ്ഞിട്ടുണ്ടായിരുന്നു…

അടുത്ത വീട്ടിലേല്ലാം ജോലി ചെയ്തു എന്നിട്ട് അയാളെ ഞാൻ തന്നെ നോക്കി..
അയാളുടെ കാര്യങ്ങളെല്ലാം ചെയ്തത് കുഞ്ഞുമോൾ ആണ്..

എല്ലാം അയാൾക്ക് വായിൽ വച്ച് കൊടുക്കും ഓരോ പ്രാവശ്യം അവളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുമ്പോഴും അയാളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു..

കാരണം ഒരിക്കൽ പോലും ആ കുഞ്ഞിന് ഒരു മിട്ടായി പോലും ആ മനുഷ്യൻ കൊണ്ടുവന്ന് കൊടുത്തിട്ടില്ല..

ചിലതൊക്കെ ജീവിതത്തിൽ നഷ്ടപ്പെടുമ്പോഴേ നമുക്ക് കിട്ടിയതിന്റെ വില മനസ്സിലാകും എന്ന് വലിയ പാഠം അയാൾ പഠിച്ചിട്ടുണ്ട് എന്ന് എനിക്ക് വ്യക്തമായിരുന്നു..

അയാൾ ഒന്നു തളർന്നു കിടന്നപ്പോൾ ഇതുവരെ അയാളുടെ ചുറ്റിനും ഉണ്ടായിരുന്ന കൂട്ടുകാർ പോലും തിരിഞ്ഞുനോക്കാൻ തയ്യാറായില്ല…

അയാളുടെ ഈ അവസ്ഥയ്ക്ക് കാരണമായ എന്നോടുള്ള വിദ്വേഷം ക്രമേണ അയാൾക്ക് മാറി വന്നു..

ഒരുപക്ഷേ ചെറുപ്പം മുതൽ സ്നേഹം എന്നത് എന്താണെന്ന് അറിയാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ ആവാം അയാൾക്ക്…

ഇപ്പോൾ എന്റെ മോളിൽ നിന്ന് അയാൾ അതെല്ലാം പഠിച്ചു..എല്ലാം മാറി അയാൾ നടക്കാൻ തുടങ്ങുമ്പോൾ തികച്ചും പുതിയൊരു മനുഷ്യനാകും എന്നൊന്നും എനിക്ക് വിശ്വാസമില്ല എങ്കിലും പഴയത് പോലെ ഞങ്ങളെ ഉപദ്രവിക്കില്ല എന്ന സത്യം ഞങ്ങൾക്കറിയാം…

കാരണം സ്നേഹത്തിന് വല്ലാത്തൊരു മാജിക് ഉണ്ട് അത് കൊടുക്കുന്നവരെയും സ്വീകരിക്കുന്നവരെയും പാടെ മാറ്റി കളയാനുള്ള ഒരുതരം മാജിക്…

Leave a Reply

Your email address will not be published. Required fields are marked *