തേഞ്ഞു കീറാറായ രണ്ട് ഷർട്ട് മാത്രമാണ് ആ പാവത്തിനുള്ളത്.എങ്കിലും യാതൊരു പരിഭവവും കൂടാതെ, വേറെ

രചന: അംബിക ശിവശങ്കരൻ

“സുധെ.. ഇത് അപ്പുവിന്റെ കുറച്ച് പഴയ ഡ്രസ്സുകൾ ആണ് നിന്റെ മോനും അപ്പുവിന്റെ പ്രായമല്ലേ ഇത് അവന് കൊടുത്തേക്ക്…”

ആ വലിയ വീട്ടിലെ ജോലികൾ എല്ലാം ഓടിനടന്നു ചെയ്യുന്നതിനിടയിൽ ആ സ്ത്രീ അവർക്ക് അരികിലേക്ക് ചെന്നു.

“ചിലതൊക്കെ ഒന്നോ രണ്ടോ ബട്ടൺ വിട്ടിട്ടുണ്ട് അതൊന്ന് തുന്നി എടുത്താൽ മതി. ബാക്കിയൊക്കെ അപ്പു രണ്ടോ മൂന്നോ വട്ടം മാത്രം ഉപയോഗിച്ചതാണ്. അവൻ തടി വെച്ചപ്പോൾ പിന്നെ ഇതൊന്നും അവനു പാകം ആകാതെയായി. ആ പിന്നെ…നിനക്ക് ഞാൻ കുറച്ച് സാരിയെടുത്ത് വച്ചിട്ടുണ്ട് അത് നാളെ തരാം.”

ആ കവറിലേക്ക് നോക്കിയതും അവൾക്ക് പറഞ്ഞറിയിക്കാൻ ആകാത്ത വിധം ഒരു സന്തോഷം തോന്നി. കുറെ നാളുകളായി മകനു ഒരു കുപ്പായം വാങ്ങണമെന്ന് ആഗ്രഹിക്കുന്നതാണ്.

തേഞ്ഞു കീറാറായ രണ്ട് ഷർട്ട് മാത്രമാണ് ആ പാവത്തിനുള്ളത്.എങ്കിലും യാതൊരു പരിഭവവും കൂടാതെ, വേറെ പുതിയതൊന്നു വാങ്ങി തരണമെന്ന് പോലും പറയാതെ അതും ധരിച്ച് മകൻ സ്കൂളിൽ പോകുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നിയിട്ടുണ്ട്.

അതിലേറെ തന്റെ ഇല്ലായ്മകളെ അറിഞ്ഞു വളരാൻ തക്കതായ ഒരു മനസ്സുള്ള കുഞ്ഞിനെയാണ് താൻ ജന്മം നൽകിയത് എന്നുള്ള അഭിമാനവും. ”

“എന്താ സുധെ നീ ഈ ആലോചിക്കുന്നത്?””ഏയ് ഒന്നുമില്ല ചേച്ചി.”അവരത് സന്തോഷത്തോടെ സ്വീകരിച്ചു.

പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയതും അവർ തന്റെ മകന്റെ വരവിനായി കാത്തിരുന്നു. ഇതെല്ലാം കാണുമ്പോൾ അവനു തീർച്ചയായും സന്തോഷമാകും. സന്തോഷം കൊണ്ടവൻ തുള്ളിച്ചാടുന്നത് തനിക്ക് കാണണം.

പതിവുപോലെ വൈകുന്നേരം അഞ്ചുമണിയോടെ അവൻ സ്കൂൾ വീടെത്തി.”അമ്മേ വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ ഉണ്ടോ?”

വന്നു കയറിയതും പതിവ് ചോദ്യം.
തന്റെ മകന്റെ വിശപ്പ് മാറ്റിയിട്ടാകാം ബാക്കിയെല്ലാം എന്ന് കരുതി അവർ ചോറും തേങ്ങ ചമ്മന്തിയും കൊടുത്തു. അവനത് വയറു നിറച്ച് ഉണ്ണുന്നത് കണ്ട് നിർവൃതിയോടെ തന്റെ മകനെ നോക്കി അവർ അവനരികിൽ ആയി ഇരുന്നു.

“കണ്ണാ നിനക്ക് തരാൻ ഒരു കൂട്ടം ഞാൻ കരുതി വച്ചിട്ടുണ്ട്.”
ചോറ് ഉണ്ട് കഴിഞ്ഞതും അവർ ഉത്സാഹത്തോടെ പറഞ്ഞു.

“എന്താ അമ്മേ അത്?”
അവന് ആകാംക്ഷയായി.” അതൊക്കെ കാണിച്ചു തരാം ആദ്യം പോയി കൈ കഴുകി വാ.. ”

വക്ക് പൊട്ടിയ കുടത്തിൽ വെച്ചിരുന്ന വെള്ളത്തിൽ കൈകാലുകൾ കഴുകിയശേഷം തിരികെ അമ്മയുടെ അടുത്തേക്ക് അവൻ ഓടി വന്നു.

“എന്താ അമ്മേ ഇനി കാണിക്..””കാണിക്കാം ആദ്യം നീ ഒന്ന് കണ്ണടച്ചേ..”അമ്മ പറഞ്ഞത് പ്രകാരം അവൻ കണ്ണുകൾ അടച്ചു.

തന്റെ കൈകളിലേക്ക് നീട്ടിയ വിവിധ നിറത്തിലുള്ള വസ്ത്രങ്ങൾ കണ്ടതും അവൻ അമ്പരന്നു. കണ്ണുകളിൽ ഒരു നക്ഷത്രത്തിളക്കം!.

” ഇതെവിടുന്ന അമ്മേ ഇത്രയും ഡ്രസ്സുകൾ? “അവൻ അതിശയത്തോടെ ചോദിച്ചു.

“അമ്മ പണിയെടുക്കുന്ന വീട്ടിലെ സിന്ധു ചേച്ചി തന്നതാ.. സിന്ധു ചേച്ചിയുടെ മകന്റേതാണ്. മോൻ പഠിക്കുന്ന സ്കൂളിലല്ലേ ആ കുട്ടിയും പഠിക്കുന്നത്? ഇത്ര പണമുള്ളവരായിട്ടും എന്താ മകനെ സർക്കാർ സ്കൂളിലെ പഠിപ്പിക്കു എന്ന് നിർബന്ധം. നല്ല മനസ്സുള്ളവരാ..

ഞാനായിട്ട് ആ കുട്ടിയുടെ പഴയ ഷർട്ട് എന്തെങ്കിലുമുണ്ടെങ്കിൽ തരുമോ എന്ന് ചോദിക്കാനിരുന്നതാ. പക്ഷേ ചേച്ചി എന്റെ മനസ്സറിഞ്ഞു തന്നു. പുതിയത് വാങ്ങിത്തരാൻ അമ്മയെ കൊണ്ട് ഇപ്പോൾ നിവർത്തിയില്ലല്ലോ മോനെ…”

അത് കേട്ടതും അവന്റെ മുഖം വാടിയത് അവർ ശ്രദ്ധിച്ചു.”എന്താ മോനെ? ഇതൊന്നും മോനു ഇഷ്ടമായില്ലേ? എന്താ മുഖം വാടിയിരിക്കുന്നത്?”

” എല്ലാം ഇഷ്ടമായി അമ്മേ.. പക്ഷേ ഒരുവട്ടം അമ്മയുടെ കൂടെ വന്നപ്പോൾ ഞാൻ ആ കുട്ടിയെ കണ്ടതാണല്ലോ അവനു എന്നെയും അറിയാം.. ഒരേ ക്ലാസ്സിൽ അല്ലെങ്കിലും ഞാൻ ഇതൊക്കെ സ്കൂളിൽ ഇട്ട് ചെന്നാൽ

അവന്റേതാണെന്ന് അവന് മനസ്സിലാകില്ലേ? കൂട്ടുകാരോടൊക്കെ പറഞ്ഞ് എല്ലാവരും എന്നെ കളിയാക്കില്ലേ? ” അവൻ തലകുനിച്ചു.

“മോനെ…നമ്മൾ പാവങ്ങളാണ്. കീറി പറഞ്ഞതും പഴകിയതുമായുള്ള വസ്ത്രങ്ങൾ ഇട്ട് സ്കൂളിൽ പോകേണ്ടി വരുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇത്. ഇത് അമ്മ കട്ടതോ മോഷ്ടിച്ചതോ ഒന്നുമല്ലല്ലോ.. ആ കുട്ടിയുടെ അമ്മ

മനസ്സറിഞ്ഞ് തന്നതല്ലേ? പിന്നെന്തിനാ എന്റെ മോൻ വിഷമിക്കുന്നത്? ആ കുട്ടി എന്തെങ്കിലും പറയുകയാണെങ്കിൽ പറഞ്ഞോട്ടെ എന്റെ മോൻ അതൊന്നും കാര്യമാക്കാൻ നിൽക്കേണ്ട കേട്ടോ…”

അമ്മ പറഞ്ഞതൊക്കെ കേട്ട് അവൻ അനുസരണ രൂപേണ തലയാട്ടി.”പിറ്റേന്ന് ഒരു ബുധനാഴ്ച ആയിരുന്നു. കൊണ്ടുവന്ന ഡ്രസ്സിന്റെ കൂട്ടത്തിൽ നിന്ന് ഏറ്റവും നല്ലതെന്ന് തോന്നുന്ന ഒരു ഷർട്ടും പാന്റും തന്നെ അവർ തന്റെ മകനു എടുത്തു കൊടുത്തു.

“ആഹ് എന്ത് നല്ല മണം.”ആദ്യമായിട്ടാണ് ഇത്രയും നല്ല മണത്തോടെ ഒരു ഷർട്ട് ഇടുന്നത്. അവനത് മണത്തു കൊണ്ടിരിക്കാൻ തോന്നി. കണ്ണാടിയിൽ നോക്കിയപ്പോൾ അവനു വല്ലാത്തൊരു ചന്തം തോന്നി. ഈ ഡ്രസ്സിൽ താൻ വളരെയധികം സുന്ദരനായിരിക്കുന്നു.

സ്കൂളിൽ എത്തിയപ്പോൾ അപ്പു എന്ന ആദർശിന്റെ കണ്ണിൽ പെടാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ടിരുന്നു. അപ്പുവിനെ കാണുമ്പോഴൊക്കെയും അവൻ എവിടെയെങ്കിലും മറഞ്ഞിരിക്കും. അങ്ങനെ ഉച്ചയാകുവോളം പിടിച്ചുനിന്നു.

ഉച്ചയ്ക്ക് ചോറുണ്ട ശേഷം കൈ കഴുകി തിരിഞ്ഞതും അവന്റെ നെഞ്ച് ഒന്ന് പാളി.അപ്പുവും കൂട്ടുകാരും ഭക്ഷണം കഴിച്ച് കൈ കഴുകാനായി തന്റെ പുറകിൽ നിൽക്കുന്നു ഒരു മങ്ങിയ പുഞ്ചിരി അവന് സമ്മാനിച്ച് കണ്ണൻ അവർക്ക് വഴി മാറി കൊടുത്തു.

” എടാ ആദർശേ…, ആ ചെക്കൻ ഇട്ടിരിക്കുന്നത് നിന്റെ ഷർട്ട് അല്ലേ? നീ അടിക്കുന്ന പെർഫ്യൂമിന്റെ അതേ സ്മെൽ.

അവിടെ നിന്നും മാറിയതും അവന്റെ കൂട്ടുകാർ പറഞ്ഞത് അവന്റെ കാതുകളിൽ ഉടക്കി.അവൻ അവർ കാണാതെ അവിടെ തന്നെ മറിഞ്ഞു നിന്നു.

“ഒന്ന് പോടാ.. അതെന്റെ ഷർട്ട് ഒന്നുമല്ല. ഷർട്ടും പെർഫ്യുമും എല്ലാം ഒരേപോലെ എത്രപേർക്ക് ഉണ്ടാകും.. എന്റെ ഷർട്ട് എന്റെ ഷെൽഫിൽ തന്നെയുണ്ട് വെറുതെ മറ്റുള്ളവരെ കുറിച്ച് അതും ഇതും പറയാതെ..”

അപ്പുവിന്റെ മറുപടി കേട്ടതും കണ്ണൻ ഒരു നിമിഷം അമ്പരന്നു.” ഇനി തനിക്ക് ഷർട്ട് തന്നത് ആ കുട്ടി അറിഞ്ഞു കാണില്ലേ? അതായിരിക്കും ഷെൽഫിൽ ഉണ്ടെന്ന് അവൻ ഉറപ്പിച്ച് പറഞ്ഞത്. ഒരുപക്ഷേ ഇനി ഈ ഷർട്ട് തിരയുമ്പോൾ അതവിടെ കണ്ടില്ലെങ്കിൽ അവൻ അവന്റെ അമ്മയോട് ദേഷ്യപ്പെടില്ലേ? അതിനു മുന്നേ അവനോട് എല്ലാം തുറന്നു പറഞ്ഞാലോ?

അങ്ങനെ അവനെ ഒറ്റയ്ക്ക് കിട്ടുന്ന ഒരു അവസരത്തിനായി കണ്ണൻ കാത്തിരുന്നു. എപ്പോഴും ഒന്നോ രണ്ടോ സുഹൃത്തുക്കൾ കൂടെയുണ്ടാകും. ഒടുക്കം ക്ലാസ് ടൈമിൽ ബാത്റൂമിൽ പോകാൻ ടീച്ചറുടെ അനുവാദം ചോദിച്ച് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോകുമ്പോഴാണ് അപ്പുവും അങ്ങോട്ടേക്ക് വരുന്നത് കണ്ടത്.

പെട്ടെന്ന് അപ്പുവിനെ കണ്ടതും അവൻ നിന്ന് പരുങ്ങിയെങ്കിലും ഇതിനേക്കാൾ നല്ലൊരു അവസരം ഇനി കിട്ടില്ലെന്ന് ഉറപ്പിച്ച് എല്ലാം പറയാൻ തന്നെ തീരുമാനിച്ചു. കണ്ണനെ കണ്ടതും അപ്പു ഒന്ന് പുഞ്ചിരിച്ചു.

” ആദർശ്.. ” വിളി കേട്ടതും അവൻ നിന്നു.”ആദർശ്… ഇത് ആദർശിന്റെ ഷർട്ട് തന്നെയാണ്. എന്റെ അമ്മ ആദർശിന്റെ വീട്ടിൽ പണിക്കു വന്നപ്പോൾ ആദർശിന്റെ അമ്മ എനിക്ക് തരാൻ പറഞ്ഞു അമ്മയെ ഏൽപ്പിച്ചതാണ്. ആദർശ് ഈ കാര്യം അറിഞ്ഞിട്ടില്ലെങ്കിൽ ദയവായി അമ്മയോട് വഴക്കിനു പോകരുത്.”

അത് കേട്ടതും അപ്പു ഒന്ന് പുഞ്ചിരിച്ചു.”എനിക്കറിയാം.. എനിക്കറിയാമെന്ന് മാത്രമല്ല ഞാൻ പറഞ്ഞിട്ടാണ് അമ്മ അതെല്ലാം സുധ ആന്റിയെ ഏൽപ്പിച്ചത്. തമ്മിൽ സംസാരിക്കാറില്ലെങ്കിലും ഞാൻ എന്നും നിന്നെ കാണാറുണ്ട്.നിന്റെ വസ്ത്രങ്ങൾ കാണുമ്പോൾ എനിക്ക് സങ്കടം തോന്നിയിട്ടുണ്ട്.

എനിക്ക് ആവശ്യത്തിലധികം ഡ്രസ്സുകൾ ഉണ്ടെങ്കിൽ നിനക്ക് ആവശ്യത്തിന് പോലും ഡ്രസ്സുകൾ ഇല്ലെന്ന് എനിക്ക് മനസ്സിലായി. വീട്ടിൽ ചെന്ന് അതെല്ലാം ഷെൽഫിൽ നിന്ന് എടുത്ത് അമ്മയെ ഏൽപ്പിച്ചത് ഞാൻ തന്നെയാണ്. ഇതിപ്പോൾ എനിക്കും നിനക്കും മാത്രമേ അറിയുകയുള്ളൂ…

അത് നമുക്കിടയിൽ മാത്രം ഒതുങ്ങി നിന്നാലും മതി. നീയായിട്ട് ഇനി ഇത് ആരോടും പറയാൻ നിൽക്കേണ്ട. പിന്നെ ഈ ഷർട്ട് ഞാൻ ഇടുന്നതിലും ഭംഗി നിനക്ക് തന്നെയാണ് കേട്ടോ.. ഇവിടെ നിന്ന് സമയം കളഞ്ഞു ഇനി ടീച്ചറുടെ വഴക്ക് കേൾക്കേണ്ട ക്ലാസിൽ പൊയ്ക്കോളൂ…”

തിരികെ ക്ലാസിൽ വന്നിരിക്കുമ്പോൾ എന്തുകൊണ്ടോ അവന്റെ മനസ്സ് വിതുമ്പി കൊണ്ടിരുന്നു. താൻ ഇത്ര സമയം ആദർശനെ കുറിച്ച് കരുതിവെച്ചതൊന്നും ആയിരുന്നില്ല സത്യങ്ങൾ. അവൻ ശരിക്കും പാവമാണ്.

വൈകുന്നേരം വീട്ടിലെത്തിയതും അവൻ എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു.അത് കേട്ടതും അമ്മയുടെ കണ്ണുകളും നിറഞ്ഞു.

പിന്നീട് പിന്നീട് അവർ തമ്മിൽ നല്ല സുഹൃത്തുക്കളായി മാറി. കാണുമ്പോൾ പരസ്പരം പങ്കുവെച്ച പുഞ്ചിരിയിൽ നിന്നും എല്ലാം പരസ്പരം തുറന്നു പറയുന്നത നല്ല സുഹൃത്തുക്കളായി അവർ മാറി.

വർഷങ്ങൾ ഒരുപാട് പിന്നിട്ടു ഇന്ന് കണ്ണൻ അറിയപ്പെടുന്ന ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആണ്. അപ്പു തന്റെ അച്ഛന്റെ ബിസിനസുകൾ ഏറ്റെടുത്ത് നടത്തി പോകുന്നു.

ജീവിതത്തിൽ ഉയർന്ന നിലയിൽ എത്തിയപ്പോഴും കണ്ണന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് അപ്പു തന്നെയായിരുന്നു. തിരക്കുകൾക്കിടയിൽ അവർ പരസ്പരം വിളിക്കാൻ മറന്നില്ല, കണ്ടുമുട്ടാൻ മറന്നില്ല, വിശേഷങ്ങൾ പങ്കുവയ്ക്കാനും മറന്നില്ല.

“എടാ അപ്പു ഈ ഷർട്ട് ഏതാണെന്ന് നിനക്ക് ഓർമ്മയുണ്ടോ?”ഒരിക്കൽ തിരക്കുകളില്ലാത്ത ഒരു ദിവസം പരസ്പരം സൗഹൃദ നിമിഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് കണ്ണൻ ചോദിച്ചത്. അത് കേട്ടതും അപ്പു അതിലേക്ക് നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു.

“നീ എനിക്ക് ഡിഗ്രി ഫൈനലിയർ പരീക്ഷ എഴുതാൻ പോകാൻ തന്ന ഷർട്ട്. ആണ് വൺ ഓഫ് മൈ ഫേവറേറ്റ് ഷർട്ട്. ഇന്ന് ഇപ്പോൾ എത്ര എണ്ണം വാങ്ങാനും കയ്യിൽ പണം ഉണ്ടെങ്കിലും ഇത് ഇടുമ്പോൾ ഒരു പ്രത്യേക കോൺഫിഡൻസ് ആണ്. എന്നെ ഞാനാക്കിയ കാലം എനിക്ക് ഓർമ്മ വരും.”

“സാർ ഇവിടെ എൻജോയ് ചെയ്യാൻ വന്നതാണോ അതോ സെന്റി അടിക്കാൻ വന്നതാണോ..” അപ്പു അവനെ കളിയാക്കി.

പരസ്പരം കളി തമാശകൾ പറഞ്ഞ് അവർ എല്ലാം മറന്ന് ആ സുന്ദര നിമിഷങ്ങളെ മതിവരുവോളം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *