മദ്യപാനിയുടെ മകൾ
(രചന: അരുണിമ ഇമ)
“പ്ഫാ… നീ എന്താടീ ഇവിടെ ചെയ്യുന്നത്? എവിടെ നിന്റെ മോൾ?”എന്നത്തേയും പതിവ് പോലെ കള്ളും കുടിച്ചു വന്നുള്ള അച്ഛന്റെ സംസാരം കേട്ട് അവൾക്ക് വല്ലായ്മ തോന്നി.
‘എന്തൊരു കഷ്ടമാണിത്? എന്നും ഇത് തന്നെയാ.. ഇനി പഠിക്കാൻ കഴിയില്ല. പഠിക്കുന്നത് കണ്ടാൽ അച്ഛൻ വന്നു പുസ്തകവും ബുക്കും ഒക്കെ വലിച്ചു കീറും..’
വിഷമത്തോടെ ചിന്തിച്ചു കൊണ്ട് അവൾ തന്റെ പുസ്തകങ്ങളിലേക്ക് നോക്കി.”എടീ.. നിന്റെ ആ സുന്ദരിക്കോത മോൾ എവിടെ എന്ന്?”
വീണ്ടും അച്ഛന്റെ ശബ്ദം കേട്ടതും പുസ്തകങ്ങൾ അടച്ചു ഭദ്രമായി ബാഗിലെക്ക് എടുത്ത് വച്ചിട്ട് അവൾ ഉമ്മറത്തേക്ക് നടന്നു.
” വന്നോ.. മോളെ ഇത്രയും സമയം എവിടെയായിരുന്നു? അച്ഛൻ എവിടെയൊക്കെ അന്വേഷിച്ച് എന്നറിയാമോ?”
അവളെ കണ്ടയുടനെ നാവു കുഴഞ്ഞു കൊണ്ട് അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു. അവൾക്ക് പുച്ഛം തോന്നി.
നിന്നിടത്ത് തന്നെ നിന്ന് എന്തൊക്കെയോ പുലമ്പി. പിന്നെ അവിടെ തന്നെ വീണു കിടപ്പായി. അവൾ അറപ്പോടെ അത് നോക്കി നിന്നു.
” ഇന്നത്തെ പരാക്രമം കഴിഞ്ഞു. “അത്രയും പറഞ്ഞു കൊണ്ട് അമ്മ അപ്പോൾ തന്നെ അകത്തേക്ക് കയറിപ്പോയി.
അച്ഛൻ പെട്ടെന്നു തന്നെ വീണു കിടക്കുന്നത് കണ്ട അവൾക്ക് നേരിയ ഒരു ആശ്വാസം തോന്നാതിരുന്നില്ല. അമ്മയ്ക്ക് പിന്നാലെ അവളും അകത്തെ മുറിയിലേക്ക് പോയി.
തനിക്ക് ചെയ്തു തീർക്കാനുള്ള ഗൃഹ പാഠങ്ങളുമായി വീണ്ടും മല്ലിടാൻ ആരംഭിച്ചു. അവളുടെ പഠനം കഴിഞ്ഞ് വരുമ്പോഴേക്കും അമ്മ കഴിക്കാൻ ആഹാരം എടുത്തിട്ടുണ്ട്.
അവിടെ ചെന്നിരുന്നു ആഹാരം കഴിക്കുമ്പോഴും, ആ കുഞ്ഞു മനസ്സിൽ എന്തിനെന്നറിയാത്ത ഒരു വിങ്ങൽ രൂപപ്പെട്ടിരുന്നു.
തന്റെ അച്ഛൻ എന്തെങ്കിലും കഴിച്ചിരുന്നോ എന്നൊരു ചിന്ത.. പക്ഷേ അത് പുറത്തേക്ക് ചോദിക്കാനോ പറയാനോ അവൾക്ക് ഭയമായിരുന്നു.
അച്ഛനെക്കുറിച്ച് അമ്മയോട് ചോദിച്ചാൽ അമ്മ ദേഷ്യപ്പെടും. അമ്മയ്ക്ക് ഇഷ്ടമല്ല അച്ഛനെ കുറിച്ച് സംസാരിക്കുന്നത്.
മുൻപൊരിക്കൽ ഒരു അനുഭവം ഉള്ളത് കൊണ്ട് തന്നെ അവൾ തന്റെ നാവിൻതുമ്പിൽ എത്തിയ ചോദ്യങ്ങൾ അടക്കി പിടിച്ചു.
ആഹാരം കഴിച്ച പാത്രം കഴുകി വെച്ചു കൊണ്ട് അവൾ തന്റെ കുഞ്ഞു മുറിയിലേക്ക് നടന്നു.
യുപി സ്കൂളിലേക്ക് ആയതു മുതൽ ഒറ്റക്കാണ് കിടക്കുന്നത്. ആ മുറി തന്നെയാണ് പഠിക്കാനും ഉപയോഗിക്കുന്നത്.
മുറിയിലേക്ക് പോകുന്നതിനു മുൻപ് അവൾ ഉമ്മറത്തേക്ക് ഒന്ന് എത്തി നോക്കി. അച്ഛൻ അവിടെ തന്നെ കിടപ്പുണ്ട്. ഇടയ്ക്ക് എന്തോ ഓർമ്മ വന്നത് പോലെ പിറുപിറുക്കുന്നുണ്ട്.
അവളുടെ കണ്ണുകൾ നേരെ ഓപ്പോസിറ്റ് ഉള്ള വീട്ടിലേക്ക് പോയി.’ അച്ഛന്റെ കലാപരിപാടികൾ ഇന്നും അവൾ കണ്ടിട്ടുണ്ടാകും. നാളെ ഞാൻ ക്ലാസ്സിൽ എത്തുന്നതിനു മുൻപ് തന്നെ ഇതൊക്കെ അവൾ ക്ലാസിൽ എത്തിക്കുകയും ചെയ്യും.’
വിഷമത്തോടെ ആ കുരുന്ന് ചിന്തിച്ചു. അത് ഓർത്തപ്പോൾ അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി പോയി. അതോടെ അവൾ വേഗം തന്റെ മുറിയിലേക്ക് നടന്നു.
ഉറങ്ങാൻ കിടക്കുമ്പോഴും നാളെ ക്ലാസ് മുറിയിൽ താൻ എന്തൊക്കെ പരിഹാസ ശരങ്ങൾ ആണ് ഏറ്റു വാങ്ങേണ്ടത് എന്നുള്ളതായിരുന്നു ആ കുഞ്ഞിന്റെ ചിന്ത.
പിറ്റേന്ന് സ്കൂളിലേക്ക് പോകാൻ അവൾക്ക് യാതൊരു ഉത്സാഹവും ഉണ്ടായിരുന്നില്ല. അമ്മയോട് പോകാതിരിക്കാൻ ഒരു കാരണം പറയാൻ അവൾക്ക് കിട്ടിയതുമില്ല.
എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും സ്കൂളിൽ പോകാതിരിക്കാൻ ഉള്ള അടവാണ് എന്ന് മാത്രമേ അമ്മ പറയൂ.
“നീ അറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട്..”ക്ലാസ് മുറിയിലേക്ക് കയറിയതും അവളെ വരവേറ്റത് ആ പാട്ട് ആയിരുന്നു.
അവളുടെ കണ്ണുകൾ വിഷമത്തോടെ ക്ലാസ് മുറിക്കുള്ളിലേക്ക് പാഞ്ഞു. അവിടെ വിജയിയെ പോലെ തലയുയർത്തി നിൽക്കുന്ന ഒരുവളെ അവൾ കണ്ടു.
അവൾ വിഷമത്തോടെ തല കുനിച്ചു. കൂട്ടുകാർ വീണ്ടും കളിയാക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ അവൾ തന്റെ സീറ്റിലേക്ക് പോയി ഇരുന്നു.
“അപ്പോൾ നമുക്ക് ചോദ്യം ചോദിച്ചാലോ?”ഒരു പുഞ്ചിരിയോടെ ടീച്ചർ ചോദിച്ചതും എല്ലാവരും ഒരുമിച്ച് തലകുലുക്കി. ടീച്ചർ ഓരോരുത്തരോടായി ചോദ്യം ചോദിക്കാൻ തുടങ്ങി.
ഒടുവിലത് കറങ്ങി തിരിഞ്ഞ് അവളിൽ എത്തി നിന്നു. നിർഭാഗ്യവശാൽ അതിന് ഉത്തരം പറയാൻ അവൾക്ക് കഴിഞ്ഞില്ല.
” അവളെ വഴക്ക് പറയല്ലേ ടീച്ചറെ.. ഇന്നലെയും അവളുടെ അച്ഛൻ കള്ളും കുടിച്ചു വന്ന് ആകെ ബഹളമായിരുന്നു. എന്റെ വീട്ടിൽ വരെ കേൾക്കാമായിരുന്നു.
ആ ബഹളത്തിനിടയിൽ ഞാൻ തന്നെ വല്ലവിധേനയും കഷ്ടപ്പെട്ടാണ് പഠിച്ചത്. അപ്പോൾ പിന്നെ അവൾക്ക് എങ്ങനെ പഠിക്കാൻ സാധിക്കും? ”
അവളുടെ കൂട്ടുകാരി വിഷമം നടിച്ചു പറഞ്ഞു. ടീച്ചർ രൂക്ഷമായി അവളെ നോക്കി. അവരുടെ കണ്ണുകളിൽ സഹതാപം അലയടിച്ചുയരുന്നത് അവൾ കണ്ടു.
” ആണോ മോളെ..? “അവർ സഹതാപത്തോടെ ചോദിച്ചു. അവൾക്ക് അത് വല്ലാത്ത അപമാനമായി തോന്നി.
ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാൻ പറ്റാതിരുന്നതിനേക്കാൾ, അവളെ വേദനിപ്പിച്ചത് കൂട്ടുകാരുടെ സഹതാപം നിറഞ്ഞ കളിയാക്കലുകൾ ആയിരുന്നു.
അവളുടെ കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞു. അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു.
അന്ന് വൈകിട്ട് ക്ലാസ്സ് വിട്ട് വീട്ടിലേക്ക് നടക്കുമ്പോഴും അവളുടെ മുഖം കടുത്തു തന്നെയായിരുന്നു.
വഴിയിൽ കാണുന്ന പല കുട്ടികളും അച്ഛന്റെ കള്ളുകുടിയെ കുറിച്ച് ചോദിക്കാൻ തുടങ്ങിയതോടെ അവൾക്ക് തന്റെ നിയന്ത്രണം നഷ്ടമായി.
എല്ലാവർക്കും മുന്നിലും തന്നെ പരിഹാസ പാത്രമായി മാറ്റുന്നത് തന്റെ അച്ഛനാണെന്ന് ഓർക്കേ അവൾക്ക് വല്ലാത്ത പുച്ഛം തോന്നി.
പല ചിന്തകൾ കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ ആദ്യമായി താൻ അപമാനിക്കപ്പെട്ട ദിവസമായിരുന്നു.
തന്റെ ചെറിയ പ്രായത്തിൽ അച്ഛൻ ഇത്രയധികം മ ദ്യപിക്കുന്ന ഒരാളായിരുന്നില്ല.
ഇടയ്ക്ക് എപ്പോഴോ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതു കൊണ്ടാണ് അച്ഛൻ മ ദ്യപിക്കാൻ ആരംഭിച്ചത് എന്ന് അവൾക്ക് അറിയാമായിരുന്നു.
അച്ഛൻ മ ദ്യപാനം തുടങ്ങിയതിൽ പിന്നെ അവൾക്ക് സ്വസ്ഥതയും സമാധാനവും കിട്ടിയിട്ടില്ല. അവളെ പഠിക്കാൻ അനുവദിക്കാതെ എപ്പോഴും ബഹളമാണ്.
അച്ഛൻ വന്നാൽ ഉടനെ അവളെ അന്വേഷിക്കും. അവളെ കണ്ടില്ലെങ്കിൽ ബഹളം വയ്ക്കും. ഒരിക്കൽ അച്ഛനോട് ദേഷ്യം തോന്നി, വിളിച്ചിട്ടും അടുത്തേക്ക് പോകാതെ അവൾ പഠിച്ചു.
പക്ഷേ അതിന്റെ ദേഷ്യത്തിൽ അകത്തേക്ക് പാഞ്ഞു വന്ന അച്ഛൻ അവളുടെ പുസ്തകങ്ങൾ വലിച്ചു കീറി. അതോടെ അവൾക്ക് അച്ഛനെ ഭയമായി.
അങ്ങനെയിരിക്കെയാണ് അവളുടെ ക്ലാസിലേക്ക് പുതിയ ഒരു കുട്ടി വരുന്നത്. അവളുടെ വീടിന്റെ തൊട്ടപ്പുറത്തെ വീട്ടിൽ തന്നെയാണ് താമസം.
ആ കുട്ടിയെക്കാൾ പഠിക്കാൻ മിടുക്കി താൻ ആയിരുന്നു അതുകൊണ്ട് തന്നെ ടീച്ചർമാർക്ക് ഒക്കെയും തന്നെ വല്ലാത്ത ഇഷ്ടമായിരുന്നു.
സഹപാഠികൾക്കും അങ്ങനെ തന്നെ. ആ കുട്ടിക്ക് എന്തുകൊണ്ടോ അതൊന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവൾ തന്നെ അപമാനിക്കാൻ ഒരു അവസരത്തിനു വേണ്ടി കാത്തിരുന്നു. അങ്ങനെ അവൾക്ക് കിട്ടിയ ഒരു അവസരം ആയിരുന്നു തന്റെ അച്ഛൻ.
തന്റെ അച്ഛൻ കള്ളുകുടിച്ചു വന്ന് ബഹളം വയ്ക്കുന്നത് അവൾ ക്ലാസിൽ പാട്ടാക്കി. അതോടെ എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടം തന്നിലേക്ക് എത്തിത്തുടങ്ങി.
താൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ഒന്നാണ് സഹതാപം. ആ അവസ്ഥയിലേക്ക് തന്നെ എത്തിച്ചത് അച്ഛനുള്ള പങ്ക് ചെറുതല്ല എന്ന് അവൾക്ക് തോന്നി.
അന്നും പതിവു പോലെ അച്ഛൻ രാത്രിയിൽ കള്ളുകുടിച്ച് വീട്ടിലേക്ക് വന്നു.പതിവ് കലാപരിപാടികൾക്ക് ശേഷം അച്ഛൻ ഉറങ്ങുകയും ചെയ്തു. അച്ഛനോട് സംസാരിക്കാൻ കാത്തിരുന്ന അവൾക്ക് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു അത്.
പക്ഷേ തോറ്റു പിന്മാറാൻ അവൾ തയ്യാറല്ലായിരുന്നു. പിറ്റേന്ന് രാവിലെ അച്ഛൻ ഉണരുന്നത് വരെ അവൾ ക്ഷമാപൂർവ്വം കാത്തിരുന്നു.
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് അച്ഛന് അവളുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത മടി തോന്നി.
” അച്ഛാ എന്റെ മുഖത്തേക്ക് നോക്കാൻ മടിക്കേണ്ട. എനിക്ക് ഇപ്പോൾ ശീലം ആണല്ലോ. അച്ഛന് നാണക്കേടോ അപമാനമോ തോന്നുന്നു ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല.
അച്ഛൻ കള്ളുകുടിച്ച് സ്വയം നശിക്കുന്നത് പോരാഞ്ഞിട്ട് ഞങ്ങളുടെ ജീവിതം കൂടിയാണ് നശിപ്പിക്കുന്നത്.
അച്ഛന്റെ കള്ളുകുടി കാരണം എനിക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. അമ്മയുടെ കാര്യവും മറിച്ചല്ല എന്ന് എനിക്കറിയാം.
ഒരു കുട്ടിയായ എനിക്ക് ഇത്രയും അപമാനം സഹിക്കേണ്ടി വരുന്നുണ്ടെങ്കിൽ അമ്മയ്ക്ക് ചെറുത് ഒന്നും ആയിരിക്കില്ലല്ലോ.. ”
അവൾ പുച്ഛത്തോടെ ചിരിച്ചു. സ്വന്തം മകളുടെ നാവിൽ നിന്നും താൻ കേൾക്കുന്നത് ഓർത്തു അയാൾക്ക് കുറ്റബോധം തോന്നി.
പക്ഷെ, താൻ ഈ കേൾക്കുന്നതിനൊക്കെ താൻ അർഹൻ ആണെന്ന ചിന്ത അയാളെ വല്ലാതെ വേദനിപ്പിച്ചു.
” അച്ഛന് അച്ഛന്റെ ഇഷ്ടം പോലെ ജീവിക്കാം. പക്ഷേ ഞങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്ന് ഒരു അപേക്ഷ മാത്രമേ എനിക്കുള്ളൂ.. ”
അത്രയും പറഞ്ഞ് മകൾ അകത്തേക്ക് പോകുമ്പോൾ അയാളുടെ മിഴികൾ നിറയാൻ തുടങ്ങിയിരുന്നു.
ഇനി ഒരിക്കൽ കൂടി മകളുടെ നാവിൽ നിന്ന് ഇങ്ങനെയൊക്കെ കേൾക്കാൻ താനായി അവസരമൊരുക്കില്ല എന്ന് അയാൾ ആ നിമിഷം ദൃഢനിശ്ചയം ചെയ്തു.