അവരുടെ സുഹൃത്ത് ഒരു കുഞ്ഞാണെന്ന് പോലും നോക്കാതെ പിച്ചി ചീന്തുമ്പോൾ വെറും പതിമൂന്ന്

(രചന: J. K)

 

ഒരു തുള്ളി വെള്ളത്തിനായി അവർ പിടയുമ്പോഴും നിധിയുടെ മനസ്സിളകിയില്ല…

അവസാനത്തെ ശ്വാസവും നേർത്തുനേർത്ത് നിൽക്കുന്നത് വരെയും അവൾ അവരുടെ അരികിലിരുന്നു..

ഒടുവിൽ ജീവൻ ആ ശരീരത്തിൽ നിന്നും വിട്ടു പോയെന്ന് ഉറപ്പിച്ച് അവൾ പതിയെ നടന്നു നീങ്ങി.

ചുണ്ടിൽ എപ്പോഴും ഒരു പുച്ഛത്തോടെ ഉള്ള ചിരി സൂക്ഷിച്ചിരുന്നു…

പുറത്ത് അവളുടെ കൂട്ടുകാരൻ അവളെ കാത്തു നിന്നിരുന്നു ഇപ്പഴത്തെ അവളുടെ വലംകൈ.

“””ഹാരിസ്””‘ഏതാണ്ട് രണ്ടു വർഷം മുമ്പ് അവനെ താൻ പരിചയപ്പെടുമ്പോൾ താൻ തീർത്തും തളർന്നു പോയിരുന്നു….

ജീവിതം തോൽപ്പിച്ചിരുന്നു തന്നെ…അവിടെ നിന്നും തുടങ്ങാം എന്ന് കാണിച്ച് തന്നത് അവൻ ആണ്.. ഹാരിസ്”””

ആരോടും കൂട്ടു കൂടാത്ത പ്രകൃതം…അവന്റെ ബുദ്ധികൂർമ്മത മാത്രമാണ് തന്നെ ഞെട്ടിച്ചത്… ഒരു കാര്യം ചെയ്യുമ്പോൾ അത്രത്തോളം ശ്രദ്ധാലുവായിരുന്നു അവൻ..

അതുകൊണ്ടുതന്നെയാണ് തനിക്ക് റിവഞ്ച് ഇത്ര മനോഹരമായി ചെയ്യാൻ കഴിഞ്ഞതും എന്ന് അവൾ ഓർത്തു…

ഫ്ലാറ്റിൽ എത്തിയതും അവൾ റൂമിലേക്ക് നടന്നു വേഷംമാറി ഒരു ടവ്വൽ എടുത്ത് അവൾ ബാത്റൂമിലേക്ക് കയറി ഷവറിന്റെ താഴെ നിൽക്കുമ്പോൾ

തണുത്ത വെള്ളം ദേഹത്തേക്ക് പതിച്ചു അതിൽ അവളുടെ നീറിപ്പുകയുന്ന മനസ്സും ഇത്തിരി തണുത്തത് പോലെ അവൾക്ക് തോന്നി…

മെല്ലെ നെഞ്ചിലെ ഇപ്പോഴും മായാതെ കിടക്കുന്ന കരിഞ്ഞ മുറിപ്പാടിലേക്ക് അവളുടെ കൈകൾ നീണ്ടു….

ഇതുവരേക്കും അതിനൊരു നീറ്റലായിരുന്നു തൊടുമ്പോൾ ഒക്കെ അത് തന്നെ വേദനിപ്പിച്ചു… ഇപ്പോൾ അത് ശമിച്ചത് പോലെ…

ചുണ്ടിൽ വന്യമായ ഒരു ചിരി ഊറി വന്നിരുന്നു അപ്പോഴേക്കും..കുളിച്ചു പുറത്തേക്കിറങ്ങിയപ്പോഴേക്ക് ഹാരിസ് ഫുഡ്‌ വാങ്ങി വന്നിരുന്നു..

ഒപ്പം വിലകൂടിയ ഒരുതരം ഷാമ്പയിനും .അത് രണ്ട് ഗ്ലാസ്സിലേക്ക് പകർന്ന് ഞങ്ങൾ സന്തോഷം പങ്കിട്ടു..

ഹാരിസ്”””നിധി തന്നെയാണ് ഒരു സംഭാഷണത്തിന് തുടക്കമിട്ടത്…ഹാരിസ് മെല്ലെ അവളെ നോക്കി എന്നാണ് പറയാൻ പോകുന്നത് എന്ന രീതിയിൽ..

താൻ എല്ലാത്തിനും കൂട്ടുനിൽക്കുന്നത് അല്ലാതെ ഞാൻ ഇതെല്ലാം എന്തിനു ചെയ്യുന്നു എന്ന് ഇതുവരെ എന്നോട് ചോദിച്ചില്ലല്ലോ???

തനിക്ക് അതൊന്നും അറിയാൻ താല്പര്യമില്ലേ ഹാരിസ് ????സ്വന്തം അമ്മയെ കൊല്ലുക “””” കൂടെ മറ്റൊരാളെ…. അതിനായി തന്റെ സഹായം സ്വീകരിക്കുക.. “””‘

അറിയണ്ടേ തനിക്ക്????

അവളത് പറഞ്ഞപ്പോൾ അയാള്ടെ മുഖത്ത് ഒരു പുച്ഛചിരിയായിരുന്നു..

“”രണ്ട് പേരെ കൊന്നത് നിനക്ക് അവരോടുള്ള സ്നേഹം കൊണ്ടല്ല മറിച് അത്രയും സഹിക്കാൻ പറ്റാത്ത എന്തോ കാര്യം കൊണ്ടാണെന്ന് എനിക്കറിയാം…

ഞാൻ കാണുമ്പോൾ നീ ഒരു പാവം കുട്ടിയായിരുന്നു പക്ഷേ ഉള്ളിൽ ഒരു കനൽ കിടക്കുന്നത് ഞാനറിഞ്ഞിരുന്നു

രണ്ടു പേരെ കൊല്ലാൻ മാത്രം നിനക്ക് കഴിഞ്ഞെങ്കിൽ അത്രയും വലിയ ഒരു അനുഭവമാണ് നിന്റെ ഉള്ളിൽ ഉള്ളത് എന്ന് എനിക്കറിയാം…

ഇത്രയും നാളും അതെന്താണെന്ന് ചോദിക്കാതെ കൂടെ നിന്നതും അതുകൊണ്ട് തന്നെയാണ് …”””

അത്രയും പറഞ്ഞ് നിർത്തി ഗ്ലാസ്സിൽ ഉള്ളത് വായിലേക്ക് കമിഴ്ത്തി ഹാരിസ്….

അത് കാണെ ചെറിയൊരു ചിരിയോടെ നിധി പറഞ്ഞുതുടങ്ങി…

“”” നീ പറഞ്ഞത് ശരിയാണ് ഒരു പാവം കുട്ടി തന്നെയായിരുന്നു ഞാൻ….

അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിൽ മതി മറന്ന് കഴിഞ്ഞ ഒരു പാവം കുട്ടി….

അത് അവളുടെ അമ്മ അല്ലെന്നും രണ്ടാനമ്മ മാത്രമാണെന്നും മനസ്സിലാക്കാൻ അവളുടെ അച്ഛൻ മരിക്കേണ്ടി വന്നു…

ജനിച്ചയുടനെ നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനത്ത് അവരെ കണ്ടു വളർന്ന ഒരു കുട്ടി, അവരെ സ്വന്തം അമ്മയായി തെറ്റിദ്ധരിക്കുകയായിരുന്നു ….

അച്ഛന്റെ മരണശേഷം, അതുവരെ കാണിച്ചിരുന്ന മുഖം മാറി രണ്ടാനമ്മയുടെ വേറൊരു മുഖം അവൾ കണ്ടു….

കുടുംബക്കാരെ മുഴുവൻ അവർ അകറ്റി….ഒന്നുമറിയാത്ത ആ പാവം കുഞ്ഞ് അമ്മയുടെ സ്നേഹം കണ്ടു ആ അമ്മ മാത്രം മതി എന്ന് എല്ലാവരോടും പറഞ്ഞു…

പിന്നെ ആരും ഒന്നും അന്വേഷിക്കാതായി….അവരുടെ സുഹൃത്ത് ഒരു കുഞ്ഞാണെന്ന് പോലും നോക്കാതെ പിച്ചി ചീന്തുമ്പോൾ വെറും പതിമൂന്ന് വയസ്സെ ആയിട്ട് ഉണ്ടായിരുന്നുള്ളൂ…..

അയാൾ ഉപദ്രവിക്കുമ്പോൾ ഒക്കെയും സഹായത്തിനായി വിളിച്ചുപറഞ്ഞത് ആ സ്ത്രീയുടെ പേരായിരുന്നു…. അവർ വരും….രക്ഷിക്കുമെന്ന്, വെറുതെ കരുതി….

അയാളെ അവർ തന്നെ പറഞ്ഞു വിട്ടതാണ് എന്ന് പോലും അറിയാതെ….അച്ഛന്റെ സുഹൃത്ത് ആയിരുന്നു..

വലിയ പണക്കാരൻ ഇപ്പോ അവരുടെ അന്ന ദാതാവ്… അതിന് പകരം കാഴ്ച വച്ചതായിരുന്നു ആ പാവം കുഞ്ഞിനെ….

എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ വേദനയുടെ നടുക്ക്… ആ പാവം പെണ്ണ് ഒരു രാത്രിമുഴുവൻ കഴിഞ്ഞുകൂടി…..

പിന്നീടുള്ള രാത്രികളിൽ പലപ്പോഴും ഇത് ആവർത്തിച്ചുകൊണ്ടിരുന്നു… കൊല്ലുമെന്ന് ഭീഷണിയിൽ അവളുടെ വായ അവർ എന്നേ മൂടി കെട്ടിയിരുന്നു…

അവൾ ആരോടും മിണ്ടാതെ ആയി…. സ്കൂളിൽ പോയാലും ആരെയും കൂട്ടാതെ ആയി….

പത്താം ക്ലാസിലെ അരക്കൊല്ല പരീക്ഷയുടെ നാലു ദിവസം മുന്നേ ആണ് അവൾ സ്കൂളിൽ കുഴഞ്ഞു വീണത്….

എല്ലാരും കൂടി ആശുപത്രിയിലെത്തിച്ചു…

പതിനഞ്ചുകാരി ഗർഭിണി ആയിരുന്നത്രേ….

അത്രയും പറഞ്ഞ് ഗ്ലാസ് ഷാമ്പെയിൻ വലിച്ചു കുടിച്ചു നിധി…

ഏതോ ചെക്കനോടുള്ള പ്രണയം മൂത്ത്… ഞാൻ ചെയ്തുകൂട്ടിയ കാമകേളി ആയി അവർ അത് എല്ലാവരോടും പറഞ്ഞു..

കണ്ണീരും ചേർത്ത് എന്റെ കുഞ്ഞിനെ ജീവിതം പോയെന്നു പറഞ്ഞു ആർത്തു കരഞ്ഞപ്പോൾ എല്ലാവരും അത് വിശ്വസിച്ചു….

അബോഷൻ ചെയ്തു പുറത്തേക്ക് വന്നത് ആകെ തളർന്ന ഒരു നിധി ആയിരുന്നു….

പക്ഷേ ഉള്ളിൽ വല്ലാത്തൊരു കനൽ അപ്പോഴും കേടാതെ സൂക്ഷിച്ചു….

എപ്പോ വേണമെങ്കിലും ഒരു വലിയ തീയായി എല്ലാം എരിക്കാൻ പാകത്തിൽ ഒരു കനൽ””””

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല അവർ കാണാതെ അവിടെ നിന്ന് മെല്ലെ പോന്നു…

എത്തിപ്പെട്ടത് ഇവിടെയാണ്…

രണ്ടുവർഷം മുമ്പ് തന്റെ കാറിന്റെ മുന്നിൽ വന്ന് തളർന്നു വീഴുമ്പോൾ അറിയില്ലായിരുന്നു ഈ ഉള്ളിലെ കനൽ കെടുത്താൻ പാകത്തിന് ഒരു കൂട്ടാണ് താനെന്ന്…

ആദ്യം ഇഞ്ചിഞ്ചായി കൊന്നത് അയാളെ ആയിരുന്നു…ആദ്യമായി എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ, അയാൾ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞിരുന്നു,

വളരെ കുഞ്ഞായിരുന്നപ്പോ തന്നെ ഞാൻ ഒരു മോഹമായി അയാളുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന്….

ഞാനടക്കം എത്ര കുഞ്ഞുങ്ങളെ അയാൾ ഇങ്ങനെ ദ്രോഹിച്ചു കാണും…

അതാണ് ഒറ്റയടിക്ക് കൊല്ലാതെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞത്…

ജീവൻ അയാളിൽ നിന്നും പുറപ്പെട്ടു പോകുന്ന ആ സ്വരം…. അത് മതിയായിരുന്നു എന്റെ ഉള്ളിലെ കനൽ പാതി കെടുത്താൻ…..

അമ്മ എന്ന വാക്കിന്റെ അർത്ഥം പോലും മാലിന്യപ്പെടുത്തിയ അവളെ കൊല്ലുമ്പോൾ എന്റെ കൈ ഒട്ടും വിറച്ചില്ലെടോ..

പകരം വല്ലാത്തൊരു ആശ്വാസമായിരുന്നു…പറ ഹാരിസ് ഇതിനുപകരമായി ഞാൻ തനിക്ക് എന്താണ് നൽകേണ്ടത്??? എന്റെ ജീവൻ.. എന്റെ ജീവിതം…

എനിക്ക് തന്നോട് മാത്രമാണഡോ കടപ്പാട്…

വെറും ഒരു നന്ദി പറഞ്ഞു കേവലം ആക്കാൻ ശ്രമിക്കുന്നില്ല ഞാൻ ഇതിനെ….”””””

ഇത്രയും പറഞ്ഞുനിർത്തി നിധി ഹാരിസിനെ നോക്കി…അയാളുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകിയത് അവൾ കണ്ടു….

അയാൾ മെല്ലെ അവിടെ നിന്നും എണീറ്റു….കുറച്ചപ്പുറത്ത് പോയി നിന്ന് നിധിയെ നോക്കി…..

വർഷങ്ങൾക്കു മുമ്പ്.. ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ഏതോ കാപാലികന്മാരാൽ പിച്ചി ചീന്തപ്പെട്ട തന്റെ സഹോദരിയുടെ രൂപമായിരുന്നു അപ്പോൾ അവൾക്ക്…

വല്ലാതെ പിടിക്കുന്ന ഇടനെഞ്ചിൽ കൈ വച്ചപ്പോൾ അയാളുടെ ഉള്ളിലെ കനലിനുംചെറിയൊരു ശമനം ഉണ്ട് എന്ന് അയാൾക്ക് അപ്പോൾ തോന്നിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *