(രചന: Jils Lincy)
നീ കല്യാണത്തിന് പോകുന്നില്ലേ..? രാവിലെ അടുക്കളയിലേക്ക് വന്ന് വേണുവേട്ടൻ ചോദിച്ചു…..ഞാനൊന്നും മിണ്ടിയില്ല…
ഡീ.. നിന്നോടാ ചോദിച്ചത്… കല്യാണം എന്റെ വീട്ടിലല്ല നിന്റെ വീട്ടിലാണ്….
ഇനി അതിന്റെ കുറ്റം കൂടി എന്റെ തലക്കിടണം കേട്ടോ…. പോകുന്നുണ്ടെങ്കിൽ ഞാൻ നേരത്തെ വരാം….
രാവിലെ കുട്ടികൾക്കുള്ള ഭക്ഷണം തയാറാക്കുകയായിരുന്നു ഞാൻ… കണ്ണിലൂറിയ ഒരു തുള്ളി കണ്ണീർ തുടച്ചിട്ട് ഞാൻ പറഞ്ഞു… പിന്നെ… പോകാത്ത കുഴപ്പമേ ഉള്ളു….
എനിക്കെങ്ങും വയ്യ ഈ പേച്ച കോലത്തിൽ അങ്ങോട്ട് പോകാൻ…… കാതിലും കഴുത്തിലും ഒരു തരി പൊന്നു പോലും ഇല്ല…. ഇട്ടോണ്ട് പോകാൻ ഒരു നല്ല സാരിയുണ്ടോ……
എന്റേത് പോലെ ധർമ കല്യാണം അല്ല അവിടെ നടക്കുന്നത്… എന്റെ അനിയത്തിയെ കെട്ടുന്നത് എഞ്ചിനീയർ ആണ് … അവിടെ പോയി നാണം കെടാൻ എനിക്ക് വയ്യ…..
വേണുവേട്ടന്റെ മുഖത്തു ഒരു നിമിഷം വല്ലാത്തൊരു വിഷമം നിറയുന്നത് ഞാൻ കണ്ടു….
ഞാനെന്റെ വിഷമം കൊണ്ട് പറഞ്ഞതാ വേണുവേട്ടാ…ഒരു ചടങ്ങിൽ സ്വർണവും നല്ല സാരിയും ഇല്ലാതെ പോകുന്ന വിഷമം എത്ര പറഞ്ഞാലും നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാവില്ല….
ആ…. എന്റെ വിധി…. കണ്ടില്ലേ അനിയത്തിക്ക് ജോലി എഞ്ചിനീയർ ഭർത്താവ്…. നമുക്കൊരു ജോലിയും ഇല്ല…
പഠിപ്പിക്കാൻ അന്ന് പൈസയും ഇല്ല….. ഒന്നും വേണ്ടന്ന് പറഞ്ഞു ഒരാലോചന വന്നപ്പോൾ കല്യാണവും നടത്തി…..
നിനക്കിപ്പോൾ എന്താ വേണ്ടത് എഞ്ചിനീയർ ഭർത്താവിനെ ആണോ…. വേണുവേട്ടന്റെ സ്വരം കടുത്തു….
അല്ല പിന്നെ കല്യാണം കഴിഞ്ഞു 10 വർഷം ആയി എന്നിട്ടും അവൾക്ക് കുറ്റം തീർന്ന നേരമില്ല…..
ആള് ആ ദേഷ്യത്തിൽ ഓട്ടോ എടുത്ത് പോയി.. വേണുവേട്ടൻ ടൗണിൽ തന്നെ ഓട്ടോ ഓടിക്കുകയാണ്… ഒരു രൂപ കളയില്ല..
പക്ഷേ കുട്ടികളുടെ പഠിപ്പ് വീടിന്റെ ലോൺ എല്ലാം കഴിഞ്ഞ് ഒന്നും ബാക്കി ഉണ്ടാവില്ല… തന്റെ വീട്ടിൽ മൂന്ന് മക്കളാണ്… രണ്ടാമത്തെ അനിയത്തിയുടെ കല്യാണം ആണ് നാളെ
അവള് ടീച്ചർ ആണ് പഠിച്ചിറങ്ങിയപാടെ ജോലി കിട്ടി…. അവൾ ഭാഗ്യമുള്ളവളാണ് പഠിക്കുന്നത് കൊണ്ട് കടം മേടിച്ചച്ഛൻ പഠിപ്പി ച്ചു…
കല്യാണം ആയപ്പോൾ വീടിനോട് ചേർന്ന കുറച്ചു സ്ഥലം എയർപോർട്ടിനു വേണ്ടി വിട്ടു കൊടുത്തതിന്റെ പൈസ കിട്ടി….. അതു കൊണ്ട് തന്നെ കല്യാണം അല്പം ആർഭാടമായി നടത്താനാണ് തീരുമാനം…
ഇളയ അനിയൻ പഠിക്കുവാണ്… അവന് വേണ്ടി ബാക്കി പൈസയിൽ നിന്ന് ഒരു വീട് വെക്കണം എന്ന് അച്ഛൻ പറയുന്ന കേട്ടു….
സന്തോഷമാണ് അതെല്ലാം… പക്ഷേ അതിനിടയിൽ അച്ഛൻ തന്നെയും മക്കളെയും ഓർത്തില്ലല്ലോ എന്നോർത്തപ്പോൾ ഒരു സങ്കടം…..
പഠിക്കാൻ താനല്പം പുറകോട്ട് ആയിരുന്നു…. അതു കൊണ്ട് തന്നെ വീട്ടിലെ പണിയും പറമ്പിലെ പണിയും തന്റെ ചുമലിൽ ആയിരുന്നു…
ചില ദിവസങ്ങളിൽ പണിയെടുത്തു തളർന്ന് വന്നു കിടന്നാലും.. പഠിക്കാത്തവൾ , മടിച്ചി എന്ന ചീത്ത പേര് മാത്രമേ ഉണ്ടാകുമായിരുന്നുള്ളു….
വേണുവേട്ടന്റെ ആലോചന വന്നപ്പോൾ അത് നടത്തി…. സ്വർണമായിട്ട് അമ്മയുടെ കഴുത്തിൽ കിടന്ന മാലയും പിന്നെ ബന്ധുക്കൾ എല്ലാം ചേർന്ന് തന്ന ഒരു കമ്മലും വളയും അത്ര തന്നെ….
അന്ന് അതേ തരമുണ്ടായിരുന്നുള്ളു പക്ഷേ പിന്നീട് സ്ഥിതി മാറിയിട്ടും അച്ഛന് തന്നെ സഹായിക്കണമെന്ന് തോന്നിയിട്ടില്ല….
ഒരു തരം അവഗണന…… ഓ.. അവൾക്കതൊക്കെ മതി എന്നൊരു വെപ്പ്…..
ഉച്ച കഴിഞ്ഞപ്പോൾ വേണുവേട്ടൻ വന്നു… കയ്യിൽ രണ്ടു മൂന്ന് കവറുകളും…
ഇന്നാ ഇനി ഇതിന്റെ കുറവിൽ ഇനി കല്യാണം കൂടാതിരിക്കേണ്ട….
തനിക്കും മക്കൾക്കും സാരിയും പുതിയ വസ്ത്രങ്ങളും…. പിന്നെ ചെറിയൊരു കവർ എടുത്തു അതിൽ നിന്നൊരു പാക്കറ്റ് അതിനുള്ളിൽ ഒരു കുഞ്ഞു സ്വർണ മാല…
തന്റെ കണ്ണ് നിറഞ്ഞു പോയി..
എനിക്കറിയാമെടി എല്ലാം….നീ വിഷമിക്കേണ്ട എല്ലാം മേടിച്ചു തരാം….
ചിട്ടി വിളിച്ച പൈസ ബാങ്കിൽ ഇട്ടതാ കുറച്ചു കൂടി പൈസ ഇട്ട് ഒരു 2 പവന്റെ എടുക്കാമെന്ന് വിചാരിച്ചതാ…….
ഓട്ടോ ഓടിക്കുന്നവർ അത്ര മോശക്കാരൊന്നും അല്ലെന്ന് നീ ഒന്ന് മനസ്സിലാക്കിക്കോ കേട്ടോ…
അതും പറഞ്ഞു ആൾ മക്കൾക്കുള്ള ഉടുപ്പും എടുത്തു കൊണ്ട് പോയി..
ഞാനാകട്ടെ സന്തോഷവും സങ്കടവും ഇട കലർന്ന് മരവിച്ചു നിന്നു
വൈകിട്ട് വേണുവേട്ടന്റെ ഓട്ടോയിൽ വീട്ടിലെത്തി…റോഡിൽ നിന്നെ കണ്ടു വെളിച്ചത്തിൽ വീട് കുളിച്ചു നിൽക്കുന്നു….
അനിയത്തിയും അച്ഛനും അമ്മയും അനിയനും എല്ലാം സന്തോഷത്തിൽ ആയിരുന്നു….
പുതിയ വസ്ത്രത്തിലും സ്വർണഭരണത്തിലും അവരെല്ലാം തിളങ്ങി നിന്നപ്പോൾ താനും മക്കളും അല്പം മാറി നിന്നു….
പിറ്റേന്ന് കല്യാണത്തിന് വന്ന ചെക്കന്റെ വീട്ടുകാർ പെണ്ണിന്റെ ചെറിയ വീടിനെ പുച്ഛിച്ചു പറയുന്നത് താൻ കേട്ടിരുന്നു….
ഫോട്ടോ എടുക്കാൻ നേരത്ത് വേണുവിന് ഒരു പാന്റ്സ് ഇട്ടു കൂടായിരുന്നോ എന്ന് അമ്മ എന്നോട് പിറു പിറുത്തു..
പുതിയ മരുമോന്റെ കോട്ടിന്റെ മുൻപിൽ വേണുവേട്ടന്റെ മുണ്ട് അമ്മയ്ക്ക് നാണക്കേട് ആയി തോന്നി കാണും…
പരിചയപെടുന്നതിന് ഇടയിൽ ചേച്ചിയുടെ ഭർത്താവ് എന്ത് ചെയ്യുന്നു എന്ന അനിയത്തിയുടെ ബന്ധുക്കളുടെ ചോദ്യത്തിന് ബിസിനസ്..
എന്ന് അച്ഛൻ പറയുന്നതിന് മുൻപ് ഞാൻ പറഞ്ഞു ഓട്ടോ ഓടിക്കുന്നു എന്ന്…..
വൈകിട്ട് വേണുവേട്ടന്റെ ഒപ്പം ഓട്ടോയിൽ കയറി തിരിച്ചു പോകവേ ഞാൻ ഒന്നും കൂടി വീട്ടിലേക്ക് തിരിഞ്ഞു നോക്കി……..
ഇനി ഒരിക്കലും വരാൻ ഇഷ്ടമില്ലാത്ത പോലെ… പിന്നെ രണ്ടു പെൺ മക്കളെയും ചേർത്തു കെട്ടിപിടിച്ചു ഉമ്മ വെച്ചു. ഒരു വേർതിരിവും ഇല്ലാതെ…