എന്റെ ചെറിയ വീട്ടിലേക്ക് അച്ഛന് മോളെ വിടാൻ ഉള്ള ബുദ്ധിമുട്ട്… ഒരു കാര്യം ഉറപ്പ് തരാം ഞാൻ…

 

(രചന: Vaiga Lekshmi)

 

“”ആഴ്ചയിൽ ആകെ ഉള്ള ഒരു അവധി ദിവസം ആണ്… ആ ദിവസവും അമ്പലത്തിന്റെ പിരിവ്, ധനസഹായം, കൂടെ ജോലി ചെയുന്ന ശിവന്റെ വീടിന്റെ ഗൃഹപ്രവേശം എന്നൊക്കെ പറഞ്ഞു നേരം വെളുക്കുന്നതിനു മുൻപ് തന്നെ ഇറങ്ങണം…

ഒരു ദിവസം വീട്ടിൽ ഇരിക്കരുത്… നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തു പോകുന്നതിനു എന്നോട് പറയേണ്ട കാര്യം എന്താണ്? അല്ലെങ്കിൽ തന്നെ എന്നും എന്നോട് പറഞ്ഞിട്ടാണോ പോകുന്നത്?

എല്ലാം സ്വന്തം ഇഷ്ടം അല്ലേ …. എവിടാണെന്ന് വെച്ചാൽ പൊക്കോ… ഞാനും കുഞ്ഞും ഒന്നും പറയുന്നില്ല… ഇടയ്ക്ക് ഞങ്ങൾ ഈ വീട്ടിൽ ഉണ്ടെന്ന് കൂടി ഒന്ന് ഓർക്കുന്നത് നല്ലതാ…..””

രാവിലെ തന്നെ അമ്പലപിരിവിനു പോകേണ്ട കാര്യം തീർത്ഥ എന്ന തുമ്പിയോട് കണ്ണൻ പറഞ്ഞതും അവളുടെ മറുപടിയായിരുന്നു ഇത്… അവളുടെ പരിഭവങ്ങൾ…

പറഞ്ഞതെല്ലാം സത്യം ആയത് കൊണ്ട് തന്നെ അവൻ അവളെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു…

“”നീ രാവിലെ തന്നെ ഇങ്ങനെ ഭദ്രകാളി ആകേണ്ട തുമ്പി പെണ്ണെ.. ഞാൻ പോയിട്ട് ഉച്ചയാകുമ്പോൾ വരും… അത് കഴിഞ്ഞു നമുക്ക് നിന്റെ വീട്ടിലും പോകാം…

പിന്നെ നിന്റെ ചേച്ചിയുടെ വീട്ടിലേക്കും പോകാം… ഒരു രണ്ട് മണി ആകുമ്പോഴേക്കും നീ ഒരുങ്ങി നിന്നാൽ മതി….””

“”രണ്ട് മണി അല്ല മൂന്ന് മണി… കഴിഞ്ഞാഴ്ചയും ഇത് തന്നെ പറഞ്ഞു പോയ ആള് വീട്ടിൽ കയറി വന്നത് രാത്രി 8 മണിയ്ക്കാണ്… അത് പോലെ തന്നെ ഈ തവണയും വന്നാൽ സത്യമായിട്ടും ഞാനും മോളും ഒരാഴ്ച എന്റെ വീട്ടിൽ പോയി നിൽക്കും…

ഒരു ദിവസം പോലും അവിടെ നിൽക്കാൻ സമ്മതിക്കില്ല… എന്നിട്ട് ഞങ്ങളുടെ കൂടെ ഒന്ന് വരാൻ പറഞ്ഞാൽ മുഴുവൻ തിരക്കും… പഞ്ചായത്ത്‌ മെമ്പറിന് ഇല്ല ഈ തിരക്ക്….””

രാവിലെ തന്നെ തുമ്പി കലിപ്പാണ് എന്ന് കണ്ടതും കണ്ണൻ അവളെ പിറകിലൂടെ ചേർത്ത് പിടിച്ചു…

“”എന്തിനാണ് ഭാര്യേ ഈ വഴക്ക്…??? നിനക്ക് തന്നെ അറിയാം… നിന്റെയും മോളുടെയും കാര്യങ്ങൾക്ക് ഒന്നും ഞാൻ ഒരു കുറവും വരുത്തില്ല എന്ന്…

നിങ്ങളെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ടാണ് നിന്റെ വീട്ടിൽ പോയി നിൽക്കാൻ സമ്മതിക്കാത്തതെന്നും…

പിന്നെ നീ വാശി പിടിച്ചു നിൽക്കും എന്നൊക്കെ പറഞ്ഞു പോയിട്ട് രാത്രി ആകുമ്പോൾ എന്നെ വിളിക്കില്ലേ…

കണ്ണേട്ടാ… കൊണ്ട് പോകാൻ വാ എന്നും പറഞ്ഞു….ഇന്ന് ഞായർ ആണെന്ന് അറിയാം… അടുത്ത മാസം അല്ലേ അമ്പലത്തിലെ ഉത്സവം… അതിന് നമ്മൾ തന്നെ വേണ്ടേ മുന്നിൽ നിൽക്കാൻ…

അല്ലെങ്കിൽ ദേവി പിണങ്ങും… എല്ലാ വർഷവും ചെയ്തു ശീലിച്ചു പോയി… അത് പോലെ നമ്മുടെ ഷീല ചേച്ചിയുടെ ഭർത്താവ് മധു ചേട്ടന് ബ്ലഡ്‌ കാൻസർ…

ചേട്ടന്റെ ചികിത്സയ്ക്ക് വേണ്ടി പിരിവിനും പോകണം.. അതെല്ലാം കഴിഞ്ഞിട്ട് നമുക്ക് കറങ്ങാൻ പോകാം… സത്യം….””

അവൻ ആർദ്രമായി പറഞ്ഞത് കേട്ട് അവൾ ഒന്നയഞ്ഞു.പറഞ്ഞു പറ്റിക്കുമോ?????””ഇല്ലെടി… നമുക്ക് പോകാം… നിങ്ങൾ ഒരുങ്ങി നിന്നാൽ മതി… പിന്നെ മോൾ റോഡിലേക്ക് പോകാതെ നോക്കണേ… ചീറി പാഞ്ഞു വണ്ടി വരുന്ന സ്ഥലമാണ്… അവൾ ഇങ്ങനെ മുഴുവൻ സമയവും ഓട്ടം….””

“”കുഞ്ഞുങ്ങളായാൽ ഓടും… അവളെ അകത്തു നിർത്തുമ്പോൾ ഏട്ടൻ തന്നെയല്ലേ പറയുന്നത് കുട്ടികൾ മണ്ണിൽ കളിക്കണം എന്ന് …

വീടിനു ഗേറ്റ് പോലും ഇല്ല എന്ന് ഞാൻ പറയുമ്പോൾ എന്താ പൊന്ന് മോൻ പറയുന്നത്?? കുഞ്ഞിനെ നീ ശ്രദ്ധിക്കണമെന്ന്…. എന്നിട്ട് കഴിഞ്ഞ ദിവസം മോളെ കൈയിൽ തന്നിട്ട് ഞാൻ ഒന്ന് കുളിക്കാൻ പോയതല്ലേ…

ആ സമയം നിങ്ങൾ എന്താ ചെയ്തേ മനുഷ്യാ???? രണ്ട് വയസുള്ള കുഞ്ഞിനെ താഴെ നിർത്തിയിട്ടു റോഡിന്റെ സൈഡിലുള്ള മാങ്ങ എറിഞ്ഞിടാൻ നോക്കി…

വണ്ടിയുടെ ശബ്ദം കേട്ടു മോൾ റോഡിലേക്ക് ഓടാൻ പോയപ്പോൾ ഞാൻ വന്നത് കൊണ്ടല്ലേ അവൾക്ക് ഒന്നും പറ്റാതെ ഇരുന്നത്… എന്നിട്ട് മോളെ നോക്കണേ പോലും… വെറുതെ രാവിലെ തന്നെ എന്നെ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കാതെ എവിടെ ആണെന്ന് വെച്ചാൽ പോയിട്ട് വാ….””

അവൾ വീണ്ടും കലിപ്പായി.””നീ എന്തൊരു ഭാര്യ ആണെടി… ഒന്ന് ഷർട്ട്‌ എങ്കിലും എടുത്തു താ….””

“”ദേ മനുഷ്യാ… രാവിലെ വെറുതെ എന്നോട് വഴക്കിനു വരരുത്… മുണ്ടും ഷർട്ടും ഞാൻ തേച്ചു സ്റ്റാൻഡിൽ ഇട്ടിട്ട് ഉണ്ട്… പോയ്‌ ഒന്ന് എടുക്ക്… ട്രോഫി ഉണരുന്നതിന് മുൻപ് രാവിലത്തെ ജോലി എല്ലാം ഒന്ന് സെറ്റ് ആക്കണം….””

ഇനിയും അടുക്കളയിൽ നിന്നാൽ തുമ്പി തവി കൊണ്ട് ഏറിയും എന്ന് തോന്നിയതും കണ്ണൻ പതിയെ റൂമിലേക്ക് വലിഞ്ഞു…

“”ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കൊഞ്ചിക്കാൻ ചെന്നാൽ ഇന്ന് പിരിവിനു കുഞ്ഞിനെ കൂടി കൊണ്ട് പോകേണ്ടി വരും…””

ഭീഷണി പോലെ അടുക്കളയിൽ നിന്ന് തുമ്പി പറഞ്ഞതും ഇവൾ ഇനി ബെഡ്‌റൂമിലും cctv വെച്ചിട്ടുണ്ടോ എന്ന് പോലും സംശയിച്ചു, മേശയുടെ മുകളിൽ ഇരുന്ന ഫോണും എടുത്തു കണ്ണൻ പോകാൻ ഇറങ്ങി.

ഉച്ചയ്ക്ക് കണ്ണൻ വരും എന്ന് പറഞ്ഞെങ്കിലും രണ്ട് മണി ആയിട്ടും അവനെ കണ്ടില്ല…. അത് പിന്നെ ശീലമായത് കൊണ്ട് തന്നെ തുമ്പി ഉച്ചയ്ക്ക് കുഞ്ഞിനെ ഉറക്കാൻ വേണ്ടി കയറി….

മോൾ പാൽ കുടിച്ചു കിടന്നതും അവളുടെ ശ്രദ്ധ മുഴുവൻ മേശയിൽ ഇരുന്ന അവരുടെ കല്യാണഫോട്ടോയിൽ ആരുന്നു…

അഞ്ചു വർഷം മുൻപ്… തനിക്ക് കല്യാണം ആലോചിക്കുന്ന സമയം….

ഒരു ദിവസം ബ്രോക്കർ രഘു ചേട്ടൻ വന്നു പറഞ്ഞു ഒരു ചെക്കന് കാണാൻ വരാൻ താല്പര്യം ഉണ്ട്.. നാട്ടിൽ കൂലി പണി ആണെന്ന്…. അച്ഛൻ വരാനും പറഞ്ഞു…

ആദ്യമായി കണ്ടപ്പോൾ എല്ല് പോലെ ഒരു രൂപം… കണ്ടാൽ ഇഷ്ടപെടുകയെ ഇല്ല.. പക്ഷെ തന്നെ ആകർഷിച്ചത് അവന്റെ സംസാരം ആണ്… ആരെയും ഭയക്കാതെ, ഉള്ളത് മുഖത്തു നോക്കി പറയുന്ന പ്രകൃതം….

പിന്നീട് അച്ഛൻ അവരുടെ വീടിന്റെ ചുറ്റും അന്വേഷിച്ചപ്പോൾ എല്ലാവർക്കും പറയാൻ നല്ലത് മാത്രം… മാധവ് എന്ന പേര് അധികം ആർക്കും അറിയില്ല… നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണൻ… പെങ്ങന്മാരുടെ കണ്ണാണൻ..

എല്ലാവരും മോശമല്ലാത്ത അഭിപ്രായം പറഞ്ഞപ്പോൾ പിന്നെ വീട്ടിൽ നിന്ന് കുറച്ചു ബന്ധുക്കൾ കണ്ണേട്ടന്റെ വീട്ടിലേക്ക് പോയി…

പോയി വന്നതും എല്ലാവരും പറഞ്ഞു അവന്റെ വീട് കൊള്ളില്ല, ഒരു കൊട്ടിൽ ആണ്, സൗകര്യങ്ങൾ തീരെ ഉണ്ടാവില്ല.. എനിക്ക് അവിടെ ജീവിക്കാൻ ബുദ്ധിമുട്ട് ആകും എന്നൊക്കെ… പക്ഷെ അച്ഛൻ മാത്രം പറഞ്ഞു അവിടെ തനിക്ക് സമാധാനം കിട്ടുമെന്ന്..

പക്ഷെ, ബന്ധുക്കൾ എല്ലാവരും ഒരേ സ്വരത്തിൽ എതിർത്തപ്പോൾ, അവരുടെ വാക്കിനു വില കൊടുക്കാൻ മാത്രമേ അച്ഛന് കഴിഞ്ഞുള്ളൂ.. കണ്ണേട്ടന്റെ വീട്ടിലേക്ക് അറിയിക്കാനായി ബ്രോക്കറിനോട് വിവാഹത്തിന് താല്പര്യം ഇല്ല എന്ന് അച്ഛൻ വിളിച്ചു പറഞ്ഞത് പൂർണ മനസ്സോടെ ആയിരുന്നില്ല.

അടുത്ത ദിവസം നേരം വെളുത്തപ്പോൾ കാണുന്നത് കണ്ണേട്ടൻ വീടിന്റെ മുന്നിൽ നിൽക്കുന്നതാണ്…

“”അച്ഛൻ ഇല്ലേ????”””ഉണ്ട്….”””ഒന്ന് വിളിക്കാമോ???””വിളിക്കാം…””പെട്ടെന്ന് കണ്ണേട്ടനെ അവിടെ കണ്ടതും അച്ഛനും അത്ഭുതമായിരുന്നു…

“”എന്താ മോനെ രാവിലെ?? ഞങ്ങൾ ഇന്നലെ ബ്രോക്കർ ചേട്ടനെ വിളിച്ചിരുന്നല്ലോ….””

കല്യാണത്തിന് സമ്മതം അല്ല എന്ന് കണ്ണേട്ടന്റെ മുഖത്തു നോക്കി പറയാൻ അച്ഛൻ ബുദ്ധിമുട്ടിയതും ഏട്ടൻ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു…

“”എനിക്ക് മനസിലാകും… എന്റെ ചെറിയ വീട്ടിലേക്ക് അച്ഛന് മോളെ വിടാൻ ഉള്ള ബുദ്ധിമുട്ട്… ഒരു കാര്യം ഉറപ്പ് തരാം ഞാൻ…

അച്ഛന്റെ മോളെ എനിക്ക് കെട്ടിച്ചു തന്നാൽ ഞാൻ കാരണം അവളുടെ കണ്ണ് നിറയില്ല… പിന്നെ വീട് ആണ് പ്രശ്നമെങ്കിൽ എനിക്ക് രണ്ട് അനിയത്തിമാർ ആണ്…

അതിൽ ആദ്യത്തെ ആളുടെ കല്യാണം ഞാൻ നടത്തി… ഇനി ഒരാൾ കൂടി ഉണ്ട്… അവളുടെ കല്യാണം കൂടി നടത്തിയ ശേഷം ഞാൻ വീട് ഉണ്ടാക്കും… ഇത് എന്റെ ഉറപ്പാണ്…അച്ഛനോട് പറയേണ്ട കാര്യങ്ങൾ എല്ലാം നേരിട്ട് പറയുന്നതാണ് ശെരി എന്ന് തോന്നി..

അതാണ്‌ രാവിലെ വന്നത്.. എട്ടു മണി ആകുമ്പോൾ ജോലിക്ക് പോകണം… എനിക്ക് തന്നൂടെ തീർത്ഥയെ??? ആദ്യമായി കാണാൻ വന്ന പെണ്ണാണ്… അത്രയ്ക്ക് ഇഷ്ടം ആയത് കൊണ്ട് ചോദിച്ചതാ… അച്ഛന് താല്പര്യം ഇല്ലെങ്കിൽ ഇനി ഞാൻ ഒരു ശല്യത്തിന് വരില്ല….””

പണവും പ്രതാപത്തിനേക്കാളും നട്ടെല്ല് ഉള്ള ഒരുത്തന്റെ കൈ പിടിച്ചു മോളെ ഏൽപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളായിരുന്നു അച്ഛൻ… അങ്ങനെ രണ്ട് മാസത്തിനുള്ളിൽ താൻ കണ്ണേട്ടന്റെ കൈ പിടിച്ചു ഈ വീട്ടിലേക്കും വന്നു…

ചെറുപ്രായത്തിൽ തന്നെ കണ്ണേട്ടന്റെ അമ്മ മരിച്ചു പോയത് കൊണ്ട് തന്നെ അനിയത്തിമാരെ ഒരു കുറവും വരാതെ വളർത്താൻ വേണ്ടി ഏട്ടൻ കുറെ കഷ്ടപ്പെട്ടിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്ന് മനസിലായി…

അനിയത്തിമാരെ ജീവനെ പോലെ കാണുന്നവൻ കെട്ടുന്ന പെണ്ണിനേയും അങ്ങനെ തന്നെ ആയിരിക്കും നോക്കുക എന്നൊരു വിശ്വാസം…

തന്റെ കല്യാണം കഴിഞ്ഞു ഒരു വർഷത്തിന് ഉള്ളിൽ തന്നെ രണ്ടാമത്തെ അനിയത്തിയുടെയും കല്യാണം നടത്തി.. അതും ഈ പെയിന്റിംഗ് പണിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ പൈസയിൽ നിന്ന്…

ആദ്യം പെയിന്റിംഗ് പണിക്ക് പോയിരുന്ന ആള് പിന്നീട് ഓരോ പണി കോൺട്രാക്ട് പോലെ എടുത്തു ചെയ്യാൻ തുടങ്ങി… അങ്ങനെ പതിയെ ജീവിത സാഹചര്യവും മെച്ചപ്പെട്ടു…. കണ്ണേട്ടനും അച്ഛനും ജോലിക്ക് പോയി കഴിയുമ്പോൾ താൻ മാത്രം തനിച്ചാകും…

തയ്യ്ക്കാൻ ഇഷ്ടമുള്ള തനിക്ക് സമയം പോകാൻ ഏട്ടൻ തന്നെ കണ്ട് പിടിച്ച വഴിയായിരുന്നു വീട്ടിൽ ഇരുന്ന് അടുത്തുള്ളവർക്ക് തുണി തയ്ച്ചു കൊടുക്കുക എന്നത്… അതിന് വേണ്ടി മെഷീൻ വാങ്ങി തന്നതും ഏട്ടൻ തന്നെ…

അങ്ങനെ പതിയെ തുണി തയ്ക്കാൻ ആളും കൂടി, അതിൽ നിന്ന് നല്ല ഒരു വരുമാനവും കിട്ടി തുടങ്ങി… അതിൽ നിന്ന് ഒരു പൈസ പോലും ഏട്ടൻ എടുത്തിരുന്നില്ല… രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും താൻ പ്രെഗ്നന്റ് ആയി…

ഒറ്റയ്ക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ട് ആയപ്പോൾ ഒരു മടിയും ഇല്ലാതെ ഏട്ടനും അച്ഛനും കൂടി അടുക്കളയിലെ ജോലി ഏറ്റെടുത്തു… ഏഴാം മാസം ചടങ്ങ് നടത്തി വീട്ടിൽ പോയി, രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഏട്ടനേക്കാൾ മുൻപ് അച്ഛൻ വന്നു വീട്ടിൽ… താൻ ഇല്ലാതെ പറ്റുന്നില്ല എന്ന് പറഞ്ഞിട്ട്…

കല്യാണം കഴിഞ്ഞ ശേഷം അച്ഛനെയും കണ്ണേട്ടനേയും പിരിഞ്ഞു നിന്നത് മോളെ പ്രസവിച്ച ശേഷമുള്ള രണ്ട് മാസമാണ്… അതും എന്നും വൈകിട്ട് രണ്ട് പേരും കൂടി മോളെ കാണാൻ വരും…

മോൾക്ക് ഒരു വയസ് ആയപ്പോഴേക്കും ഞങ്ങളുടെ സ്വപ്നം പോലെ പുതിയ വീട് ഉണ്ടാക്കി… പക്ഷെ അതിൽ ഒരുപാട് നാൾ താമസിക്കാൻ ഉള്ള ഭാഗ്യം അച്ഛന് ഇല്ലായിരുന്നു… വീട് ഉണ്ടാക്കി ആറ് മാസം കഴിഞ്ഞപ്പോൾ ഒരു അറ്റാക്കിന്റെ രൂപത്തിൽ അച്ഛൻ പോയി…

പിന്നീട് കണ്ണേട്ടനും, കണ്ണേട്ടന്റെ തുമ്പിയും, കുഞ്ഞാറ്റയും മാത്രമുള്ള ജീവിതം…

നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണി… കണ്ണേട്ടനോട് പറയാതെ ആ നാട്ടിൽ ഒന്നും നടക്കാറില്ല എന്ന് പോലും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… എല്ലാവരോടും സ്നേഹത്തോടെയുള്ള സംസാരം കാണുമ്പോൾ കുശുമ്പ് വരും എങ്കിലും വഴക്ക് പേടിച്ചു താൻ ഒന്നും പറയാറില്ല…””

പലതും ആലോചിച്ചു കിടന്നപ്പോഴാണ് കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്…

കണ്ണൻ ആയിരിക്കും എന്ന് കരുതി ഉറങ്ങി പോയ മോളെ ബെഡിൽ കിടത്തി, അവൾ വീഴാതെ ഇരിക്കാൻ സൈഡിൽ തലയണ വെച്ചു, പോയി ഡോർ തുറന്നതും,

അവിടെ മുന്നിൽ അവന്റെ കൂടെ ജോലി ചെയ്യുന്ന ആളുകളെ കണ്ട് അവൾ എന്താ നടക്കുന്നത് എന്ന് മനസിലാകാതെ അവരുടെ മുഖത്തേക്ക് നോക്കി…

പിന്നീട് അതിൽ നിന്ന് ഒരാൾ പറയുന്ന കാര്യം കേട്ടു ഒരു ആശ്രയത്തിനെന്ന പോലെ അടുത്തുള്ള തൂണിലേക്ക് ചാരി നിന്നപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….

മോളെയും എടുത്തു ഹോസ്പിറ്റലിലേക്ക് അവരുടെ കൂടെ പോകുമ്പോൾ കണ്ണന് ഒന്നും പറ്റരുത് എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു അവൾക്ക്…

അമ്പലത്തിലെ പിരിവ് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ ആള് ആദ്യം പോയത് ജോലി സ്ഥലത്തേക്ക്.. അവിടെ പെയിന്റ് അടിക്കുന്ന ചേട്ടൻ ചായ കുടിക്കാൻ പോയതും അവൻ അതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി… പിറകിൽ പെയിന്റ് വീണു കിടന്നത് കണ്ടില്ല… തെന്നി ഷെയഡിൽ നിന്ന് താഴേക്ക് വീണു…

ക്യാഷുവാലിറ്റിയിൽ വേദന സഹിച്ചു കിടക്കുന്ന ചെക്കനെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ അവിടെ തറഞ്ഞു നിന്നു…

എന്നും തുമ്പി ലോകം കണ്ടത് അവളുടെ കണ്ണേട്ടനിലൂടെ ആണ്… കണ്ണൻ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും ആകില്ലാരുന്നു…

ഓരോ ടെസ്റ്റ്‌ നടത്താൻ കൂട്ടുകാർ അവനെ താങ്ങി പിടിച്ചു കൊണ്ട് പോകുന്നത് കാണുമ്പോഴും എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ അവിടെ നിന്നു…

പെട്ടെന്നാണ് തോളിൽ ഒരു കരസ്പർശം അറിഞ്ഞത്…ഹോസ്പിറ്റൽ തൂക്കാൻ നിൽക്കുന്ന, അടുത്ത വീട്ടിലെ ചേച്ചി എന്ന് കണ്ടതും അവൾ ഒരു ആശ്രയം കിട്ടിയത് പോലെ അവരുടെ തോളിലേക്ക് ചാഞ്ഞു… അത്രയും നേരം അടക്കി വച്ച കണ്ണീർ അതിരുകൾ ഭേദിച്ചു പുറത്തേക്ക് ഒഴുകി..

“”എന്താ മോളെ??? എന്താ മോൾ ഇവിടെ??? കണ്ണൻ മോൻ എവിടെ????”””ചേച്ചി… കണ്ണേട്ടൻ… “”

ബാക്കി പറയാതെ കണ്ണും നിറച്ചു സ്കാനിങ് റൂമിന്റെ മുന്നിലേക്ക് നോക്കിയതും കണ്ടു വീൽ ചെയറിൽ ഇരുന്ന് വരുന്ന കണ്ണനെ…

തുമ്പി ഒന്നും പറയുന്നില്ല എന്ന് കണ്ടതും, അവർ കണ്ണന്റെ കൂടെ ഉള്ള കൂട്ടുകാരോട് കാര്യം തിരക്കി….

അവനെ നോക്കാൻ വേണ്ടി ഡോക്ടർ വന്നതും ആ ചേച്ചി ആ ഡോക്ടറിനോട് സംസാരിക്കുന്നത് കേട്ടു തുമ്പിയ്ക്ക് ഒരേ സമയവും സന്തോഷവും സങ്കടവും വന്നു…

“”ഡോക്ടറെ… ഞങ്ങൾക്ക് അന്നം തരുന്നവൻ ആണ് കണ്ണൻ… ഇവന്റെ കൂടെ പണിയ്ക്ക് പോയാണ് മോൻ കുടുംബം നോക്കുന്നത്…

ഈ മോൻ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ എന്റെ ഭർത്താവ് ജീവനോടെ കാണില്ലായിരുന്നു… നാടിനും, വീടിനും എല്ലാം വേണ്ടപ്പെട്ടവൻ ആണ് സാറെ…ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണേ.. ഞങ്ങൾക്ക് തിരികെ തന്നേക്കണേ അവനെ…””

ഇന്റെണൽ ബ്ലീഡിങ് എന്ന് കണ്ടതും ഡോക്ടർ കൂടുതൽ സൗകര്യം ഉള്ള മറ്റൊരു ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകാൻ പറഞ്ഞു… അവന്റെ കൂടെ ആംബുലൻസിൽ ഇരിക്കുമ്പോൾ തുമ്പിയുടെ ശ്രദ്ധ മുഴുവൻ അവളുടെ കണ്ണേട്ടനിൽ ആരുന്നു…

മറ്റൊന്നിനേയും കുറിച്ച് ചോദിക്കാതെ… കുഞ്ഞിനേയും നെഞ്ചോട് ചേർത്ത്… തന്നെ നോക്കി ഇരിക്കുന്ന പെണ്ണിനെ കണ്ട് അവന് പാവം തോന്നി…

“”ഇങ്ങനെ പേടിക്കല്ലേ തുമ്പി പെണ്ണെ… എനിക്ക് ഒന്നുല്ല… എല്ലാം പെട്ടെന്ന് മാറും…””

അവളെ സമാധാനിപ്പിക്കാൻ എന്ന പോലെ കണ്ണൻ പറഞ്ഞതും അത് വരെ തടഞ്ഞു നിർത്തിയതെല്ലാം ഒരു പൊട്ടികരച്ചിൽ ആകാൻ അധികം സമയം വേണ്ടി വന്നില്ല…

ഹോസ്പിറ്റലിലേക്ക് എത്തിയതും, അവന്റെ വയറിന്റെ ഉള്ളിലെ ബ്ലീ ഡിങ് കൂടുതൽ എന്ന് കണ്ടതും, ഉടനെ തന്നെ ഡോക്ടർ ICU വിലേക്ക് മാറ്റി…

ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ എന്ത് ചെയ്യും എന്ന് അറിയാതെ, പുറത്തു നിൽക്കുന്ന ബന്ധുക്കളുടെ ആരുടെ എങ്കിലും കൈയിൽ തന്റെ സ്വർണം പണയം വെക്കാൻ കൊടുക്കാം എന്ന് കരുതി പുറത്തേക്ക് ഇറങ്ങിയ തുമ്പി സ്വപ്നത്തിൽ പോലും ചിന്തിക്കാത്തതാണ് പിന്നീട് അവിടെ നടന്നത്.

കണ്ണന്റെ കൂടെ ജോലി ചെയുന്ന ഒരു ചേട്ടൻ ആദ്യം വന്നു കൈയിൽ പതിനായിരം രൂപ വെച്ചു കൊടുത്തു.. അങ്ങനെ കുറെ ആളുകൾ.. അവരുടെ ഒന്നും പേര് പോലും അവൾക്ക് അറിയില്ല…

എല്ലാവർക്കും പറയാൻ ഉള്ളത് ഒന്ന് മാത്രം…”മോൾ ഒന്നും ആലോചിച്ചു പേടിക്കണ്ട… എത്ര രൂപ വേണമെങ്കിലും ഞങ്ങൾ കൊണ്ട് തരും.. കണ്ണൻ മോനെ ഒരു കുഴപ്പവും ഇല്ലാതെ കിട്ടിയാൽ മതി… അന്നം തരുന്നവൻ ആണ്…

അവന് എന്തെങ്കിലും പറ്റിയാൽ ഒരു കുടുംബം അല്ല, കുറെ കുടുംബങ്ങൾ പട്ടിണിയാകും…കണ്ണന് ഒന്നും പറ്റില്ല മോളെ… ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെ ഉണ്ട്…””

ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് ആരെയും കടത്തി വിടില്ല എന്ന് അറിഞ്ഞിട്ടും അവൻ ഹോസ്പിറ്റലിൽ കിടന്ന ദിവസം അത്രയും ഇവർ മാറി മാറി ഹോസ്പിറ്റലിന്റെ മുന്നിൽ ഇരുന്നു…

ഉള്ളിൽ തുമ്പി കണ്ണന്റെ ജീവന് വേണ്ടി പ്രാർത്ഥനയോടെ ഇരുന്നപ്പോൾ കുഞ്ഞാറ്റയെ കൊണ്ട് നടക്കാൻ ഒരുപാട് പേര് ഉണ്ടാരുന്നു….

ഡോക്ടർമാരുടെ കഴിവും, പ്രാർത്ഥനയുടെ ശക്തിയും… കണ്ണൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു…

രണ്ട് വർഷങ്ങൾക്ക് ശേഷം…”തുമ്പി… ഞാൻ ഒന്ന് ഹോസ്പിറ്റലിൽ പോയി വരാം.. അനീഷിന് ബ്ല ഡ്‌ വേണമെന്ന് പറഞ്ഞു… അതിന് നാല് പേരെ അറേഞ്ച് ചെയ്തു നിർത്തിയിട്ട് പെട്ടെന്ന് വരാമേ…””

“”മ്മ്… അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തിട്ട് വന്നാൽ മതി….””തുമ്പി പറഞ്ഞതും അവൻ അവളെ ചേർത്ത് പിടിച്ചിരുന്നു…

“”ഈ ഒരു ജീവിതം അല്ലെ ഉള്ളു തുമ്പി പെണ്ണെ… നമ്മളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക… അതും ഒന്നും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ആകരുത്… ഒരു സമയത്തു… നമ്മൾ പോലും വിചാരിക്കാത്ത ആളുകൾ ആയിരിക്കും നമ്മുടെ ജീവൻ രക്ഷിക്കുന്നത്…

പിന്നെ സമയത്തിന് ഭക്ഷണം കഴിക്കണം… സൂക്ഷിക്കണം.. ഉള്ളിൽ ഒരാൾ കൂടി ഉണ്ടെന്ന കാര്യം മറക്കരുത്… എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ രമ ചേച്ചിയെ വിളിക്കണം… കുഞ്ഞാറ്റ മോൾക്കുള്ള കളർപെൻസിൽ ഞാൻ രാത്രി വാങ്ങി വരാം….””

തുമ്പിയുടെ വീർത്ത വയറിൽ തലോടി കണ്ണൻ പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു….

കൈയിൽ ആവിശ്യം പോലെ പണം ഉണ്ടായിട്ടും സഹായിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾ ഉള്ള നാട്ടിൽ…

ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ ഓടി നടക്കുന്ന കണ്ണനും അവന്റെ കൂട്ടുകാരും തുമ്പിക്ക് അത്ഭുതം തന്നെ ആയിരുന്നു… നാട്ടുകാർ അവന് കൊടുക്കുന്ന സ്നേഹം കാണുമ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണ് നിറയും…

ഇനിയും ഇങ്ങനെ ഓടി നടക്കാൻ ഉള്ള ആരോഗ്യവും ആയുസും തരണേ ദൈവമേ എന്ന് മാത്രമേ അവൾക്ക് അപ്പോൾ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നുള്ളൂ…

NB: Based on a true story

Leave a Reply

Your email address will not be published. Required fields are marked *