(രചന: ശാലിനി)
ഹോസ്പിറ്റൽ വരാന്തയിൽ നിരന്നു കിടന്ന ബഞ്ചുകളിൽ നിറയെ ആളുകൾ സ്ഥാനം പിടിച്ചിരുന്നു..
എന്തെല്ലാം രോഗങ്ങൾ. പലരും പ്രതീക്ഷയോടെയും അല്ലാതെയും മരണം കാത്തും കൊടിയ വേദന തിന്നുമൊക്കെ
ഓരോ ദിനങ്ങളെയും തള്ളിനീക്കുന്നത് ആശുപത്രിയുടെ വെളുത്തു നരച്ച ചുവരുകളെ സാക്ഷി നിർത്തിയായിരിക്കുമല്ലോ !
തലവേദന കൊണ്ട് വല്ലാതെ വലയുന്ന മകളെയും കൊണ്ട് നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങിയതായിരുന്നു വരദ.. അച്ഛനും മകനും ഓഫീസിലേക്കും, സ്കൂളിലേക്കും ഇറങ്ങിയ പിറകെ അവൾ മകളെയും കൂട്ടി ആശുപത്രിയിലേക്കും തിരിച്ചു..
“നേരത്തെ ചെന്നില്ലെങ്കിൽ ഒരുപാട് നേരം ക്യു നിൽക്കേണ്ടിവരും.”
ഭർത്താവ് ജോലിക്ക് പോകാനിറങ്ങിയപ്പോഴും അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു..
പത്താം ക്ലാസ്സിലായ ശ്രീക്കുട്ടി ക്ലാസുകൾ നഷ്ടമാകുന്നതിന്റെ ടെൻഷനിൽ ആയിരുന്നു..
പക്ഷേ, ഏത് നേരവും തലയും പൊത്തിപ്പിടിച്ചു കമിഴ്ന്നു കിടക്കുന്ന അവളെ കണ്ട് വെറുതെ ഇരിക്കുന്നതെങ്ങനെ.. കണ്ണാടി വെച്ചാലും സാരല്ല്യ.. പരീക്ഷയ്ക്ക് ഇനി അധിക ദിവസങ്ങളില്ലല്ലോ .
അതുകൊണ്ട് ഒരു ദിവസത്തെ ലീവ് എടുത്ത് ആണ് മകളെയും കൂട്ടി ഡോക്ടറെ കാണാൻ വരദ വന്നത്.
ചിതറിയ ചിന്തകളെയും ചേർത്ത് പിടിച്ചു കൊണ്ട് മുന്നിലെ ഗാർഡനിലുള്ള പലതരം ചെടികളെ വെറുതെ നോക്കിയിരിക്കുമ്പോഴാണ് ആരോ അവളുടെ ചുമലിൽ തട്ടിയത് !
മാധവേട്ടൻ ! അച്ഛൻ പെങ്ങളുടെ മകനാണ്..
“ഏട്ടനെന്താ ഇവിടെ.. ”
“അമ്മ ഇവിടെ അഡ്മിറ്റ് ആയിട്ട് കുറച്ചുദിവസങ്ങളായി.. നീ അറിഞ്ഞില്ലായിരുന്നോ..”
“അയ്യോ! എന്ത് പറ്റി? ഞങ്ങൾ എങ്ങനെ അറിയാനാ ? ആരെങ്കിലും ഒന്ന് വിളിച്ചുപറയാതെ.. ”
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ മകളുടെ പേര് ഉറക്കെ വിളിച്ചു.. യാത്ര പറഞ്ഞു മാധവേട്ടൻ റൂമിലേക്ക് പോകുമ്പോൾ അപ്പച്ചി കിടക്കുന്ന റൂം നമ്പർ അവൾ ചോദിച്ചു..
മകളെ ഡോക്ടറെ കാണിച്ച് ബില്ലടച്ചു മരുന്നും വാങ്ങി മാധവേട്ടൻ പറഞ്ഞു തന്ന റൂം നമ്പർ തിരക്കി സ്റ്റെപ്പുകൾ കയറാൻ തുടങ്ങി..
മുപ്പത്തി നാല്.. മുപ്പത്തി അഞ്ച്..
“അമ്മേ ദാ അവിടെയാണ് മുപ്പത്തൊമ്പത്ത്..”
അതെ അതുതന്നെ ! അടഞ്ഞു കിടന്ന വാതിലിൽ മൃദുവായി ഒന്ന് മുട്ടി..
മാധവേട്ടൻ തന്നെയാണ് വാതിൽ തുറന്നത്.. തീരെ അവശ നിലയിൽ കിടക്കുന്ന അപ്പച്ചിയെ കണ്ടപ്പോൾ മനസ്സിൽ ഉറങ്ങിക്കിടന്ന പഴയ കുറെ വേദനകൾ തല നീട്ടി.
പാതിയടഞ്ഞ കണ്ണുകളോടെ ഉറങ്ങുന്ന അപ്പച്ചിയെ മാധവേട്ടൻ മെല്ലെ തൊട്ട് വിളിച്ചു. ആയാസപ്പെട്ട് കണ്ണുകൾ രണ്ടും വലിച്ചു തുറന്ന അപ്പച്ചിക്ക് വരദയെ അപ്രതീക്ഷിതമായി അവിടെ കാണേണ്ടി കണ്ടപ്പോൾ ആശ്ചര്യമായി !
“ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടോ..?”
മറുപടി വെറുമൊരു ചിരിയിൽ ഒതുക്കി. അല്ലെങ്കിലും മറുപടികൾ അത് അർഹിക്കുന്നവർക്ക് മതിയല്ലോ! പക്ഷേ, പറയുന്ന വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ അതു ഉദ്ദേശിച്ചിടത്ത് എത്താതെപോയ അസ്ത്രങ്ങൾ പോലെയാവും..
“ഞാൻ മോളെയും കൊണ്ട് ഡോക്ടറെ കാണാൻ വന്നതാ. ഓരോ തിരക്ക് അല്ലേ അപ്പച്ചീ.. ”
“എവിടെ ഇന്ദിര ചേച്ചി.. ” മാധവേട്ടന്റെ ഭാര്യയാണ്.
“അവൾക്ക് ലീവ് ഇല്ലെന്നും പറഞ്ഞു ഓഫീസിൽ പോയി”
അപ്പച്ചിയുടെ മുഖം വല്ലാതെ ഇരുളുന്നത് നോക്കിയിരുന്നു..
“അല്ലെങ്കിലും അവളെന്നെ നോക്കാൻ മെനക്കെട്ട് ഇവിടിരിക്കുമോ.. ”
ഇന്ദിരചേച്ചിയുടെ സ്വഭാവം അല്ലെങ്കിൽ തന്നെ കുറച്ചു കട്ടിയാണ്. ആരുടെയും മുഖത്ത് നോക്കി എന്ത് പറയാനും മടിയില്ല.. അതുകൊണ്ട് തന്നെ അടുപ്പവും കുറച്ചുനാളായിട്ട് കുറഞ്ഞിരിക്കുവായിരുന്നു.
മാധവേട്ടന് പോലും ചേച്ചിയെ പേടിയാണ്.. വീട്ടിൽ ഒരു അലോഹ്യം വേണ്ടെന്നു വെച്ച് സ്വയം ഒതുങ്ങി കഴിയുകയാണ് കക്ഷി !!
അപ്പച്ചിക്ക് രണ്ട് ആൺമക്കൾ ഉള്ളതിൽ ഒരാൾ വിദേശത്ത് ജോലി കിട്ടി കുടുംബ സമേതം കഴിയുന്നു.
പിന്നെ ഉള്ളത് രണ്ട് പെണ്മക്കൾ ആണ്. അവർക്കും വീടും കുടുംബവും ഇട്ട് പോരാനുള്ള സാഹചര്യവും അല്ല. ഇന്ദിരചേച്ചിയും മക്കളും മാധവേട്ടനും രാവിലെ പോയാൽ പിന്നെ പകൽ അപ്പച്ചി മാത്രമേ വീട്ടിൽ ഉണ്ടാവൂ..
“വരദയ്ക്ക് ആരെയെങ്കിലും പരിചയം ഉണ്ടാവുമോ.. വീട്ടിൽ അമ്മയെ ഒന്ന് നോക്കാൻ.. നല്ല ശമ്പളം കൊടുക്കാം.. ”
“സ്വന്തം മക്കൾക്ക് നോക്കാൻ വയ്യെങ്കിൽ പിന്നെ എന്ത് ചെയ്യും. പ്രായമായി കഴിഞ്ഞാൽ അമ്മമാരെല്ലാം മക്കൾക്കൊരു ബാധ്യത തന്നെയാ..”
അപ്പച്ചി എന്തൊക്കെയോ പിറുപിറുത്തു. വരദക്കാകട്ടെ ഒന്നും ചോദിക്കാനും പറയാനും തോന്നിയതുമില്ല ! മാധവേട്ടൻ എന്തോ ആവശ്യത്തിന് പുറത്തേക്ക് ഇപ്പോൾ വരാമെന്നു പറഞ്ഞ് മെല്ലെ അവിടെ നിന്ന് സ്ഥലം വിട്ടു.
അപ്പച്ചി മോളോട് വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു..
“നിന്റെ മുഖം തന്നെയാണ് കേട്ടോ മോൾക്കും കിട്ടിയിരിക്കുന്നത്. നിന്നെ വിഷമിപ്പിച്ചതിന്റെ ശിക്ഷയാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്..”
അപ്പച്ചി മൂക്ക് പിഴിഞ്ഞു. മകൾ ഒന്നും പിടികിട്ടാതെ അമ്മയെ നോക്കി !
“അവൾ എന്നോടൊന്നു മിണ്ടാറുകൂടിയില്ല. മാധവനെ ഏത് നേരവും സംശയമാണ്. അവന്റെ ജീവിതം ഞാനാണ് നശിപ്പിച്ചത്.. കയ്യിലിരുന്ന മാണിക്യത്തിന്റെ വിലയറിയാതെ കുപ്പത്തൊട്ടിയിലേയ്ക്ക് എറിഞ്ഞു കളഞ്ഞതിന്റെ ശിക്ഷ !! ”
വരദയ്ക്കും പറയാൻ മറുപടി ഒന്നുമില്ലായിരുന്നു. എങ്കിലും, കുപ്പത്തൊട്ടിയിലേയ്ക്ക് അല്ല ഒരു കൊച്ചു സ്വർഗ്ഗത്തിലേയ്ക്ക് തന്നെയാണെന്ന് പറയാൻ അവളുടെ നാവ് തരിച്ചു..
അല്ലെങ്കിൽ തന്നെ ഇനിയെന്ത് പറയാൻ? എല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലേ.. ഇപ്പോൾ മുന്നിലുള്ളത് തെളിഞ്ഞ ആകാശമാണ്. അതിലെ കാഴ്ചകൾ ആകട്ടെ വിശാലവും വളരെ മനോഹരവും !
“ഞാൻ നോക്കട്ടെ.. ആരെയെങ്കിലും കിട്ടുമോയെന്ന്. വിശ്വസിച്ച് വീട്ടിൽ ഇപ്പൊ ആരെയും നിർത്താൻ വയ്യാത്ത കാലമാണ് !”
“വെറുതെ എന്തിനാ വരദേ.. നിനക്ക് തോന്നുന്നുണ്ടോ ഇന്ദിര ആരെയെങ്കിലും അടുപ്പിച്ചു രണ്ടു ദിവസം കൂടെ നിർത്തുമെന്ന്!”
“നിന്നെപ്പോലും വെറുതെ വിടാത്തവൾ ആണ്. ഞാൻ എങ്ങനെയെങ്കിലുമൊക്കെ ജീവൻ പോകുന്നത് വരെ കഴിഞ്ഞോളാം.”
അവൾ അതിന് മറുപടി പറയുന്നതിന് മുൻപ് മാധവേട്ടൻ കയറി വന്നു.. വരദ പോകാനായി എഴുന്നേറ്റു.
“എങ്കിൽ ഞങ്ങളിറങ്ങട്ടെ.. മോൾക്ക് ചെന്നിട്ട് മരുന്ന് കൊടുക്കാനുള്ളതാ.. ”
യാത്ര പറയുമ്പോൾ അപ്പച്ചിയുടെ കണ്ണുകൾ വീണ്ടും നിറയുന്നുണ്ടായിരുന്നു..
സ്കൂട്ടർ ഓടിക്കുമ്പോൾ മോൾ എന്തൊക്കെയോ തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നു.. പക്ഷേ ഉത്തരങ്ങൾ പറയാൻ മറന്നുപോയതുപോലെ മരവിച്ച മനസ്സുമായി ഡ്രൈവിങ്ങിൽ മാത്രം അവൾ ശ്രദ്ദിച്ചിരുന്നു..
“മാധവനുള്ളതാണ് വരദ ” കാണുമ്പോഴൊക്കെ അപ്പച്ചി കുട്ടിക്കാലത്തു ഒരോർമ്മപ്പെടുത്തൽ പോലെ പറഞ്ഞുകൊണ്ടിരിക്കും.
അങ്ങനെയങ്ങനെ വലുതാകും തോറും അറിയാതെ രണ്ട് പേർക്കും പരസ്പരം ഒരു ഇഷ്ടം വളർന്നു വന്നു..
പക്ഷേ അപ്പോഴൊന്നും അവളറിഞ്ഞിരുന്നില്ല വിധി വേറൊന്നാണ് തനിക്ക് കണ്ടുവെച്ചിരിക്കുന്നതെന്ന്!
അച്ഛന്റെ മരണത്തോടെ ബിസിനസ് തകർന്ന് കടം കയറിയ അമ്മ, വീട് ജപ്തി ചെയ്യുമെന്ന അവസ്ഥ വന്നപ്പോൾ അപ്പച്ചിയുടെ അടുത്തേക്കാണ് രണ്ട് മക്കളെയും കൊണ്ട് ഓടിച്ചെന്നത്..
ആങ്ങള മരിച്ചു കഴിഞ്ഞ് ഇനി സഹായിച്ചാൽ എനിക്കെന്ത് കിട്ടാനാണെന്ന് അപ്പച്ചി അമ്മയുടെ മുഖത്ത് നോക്കി ഒരു ദയയുമില്ലാതെ ചോദിച്ചു..
“വരദ മാധവൻ കുട്ടിക്കുള്ളതല്ലേ..” അമ്മ ദൈന്യതയോടാണ് അത് പറഞ്ഞത്..
തിരികെ കിട്ടിയ ധാർഷ്ട്ട്യത്തോടെയുള്ള മറുപടി അമ്മയെ മാത്രമല്ല വരദയെയും ഇളയ സഹോദരൻ വിവേകിനേയും പൊള്ളിച്ചു കളഞ്ഞു !!
“ആർക്കു വേണം ഇനി അവളെ.. കാൽക്കാശിനു ഗതിയില്ലാതെ നിൽക്കുന്ന വീട്ടിലെ പെണ്ണിനെ എന്റെ ചെറുക്കന് ഇനി വേണ്ടാ.. അവന് നല്ല ഉദ്യോഗമുള്ള കിളിപോലത്തെ പെണ്ണിനെ കിട്ടും..”
ഒട്ടും അമാന്തിക്കാതെയാണ് ഞെട്ടിത്തരിച്ചു
നിന്ന അമ്മയുടെ കയ്യ് പിടിച്ചു വലിച്ചുകൊണ്ട് തിരിഞ്ഞൊന്നു നോക്കാതെ കൂടി
ആ പടിയിറങ്ങിയത്..
പിന്നെ എങ്ങനെയൊക്കെയോ ആരൊക്കെയോ സഹായിച്ചത് കൊണ്ട് വീട് നഷ്ടമായില്ല..
അച്ഛൻ ഉറങ്ങുന്ന മണ്ണിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങേണ്ടി വരുമോയെന്നു ഭയന്ന ആ നാളുകൾ ഒരു ദുഃസ്വപ്നം പോലെ പതിയെ മാഞ്ഞ് മാഞ്ഞു ഇല്ലാതെയായി ! അപമാനിച്ചവരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്നുള്ള വാശി മാത്രമായിരുന്നു പിന്നെയുള്ള ചിന്ത..
മക്കളുടെ വിജയം കണ്ടു പ്രാർത്ഥനയോടെ അമ്മയും കൂടെത്തന്നെ എപ്പോഴും ഒരു നിഴലുപോലെ ഉണ്ടായിരുന്നു.. ബാങ്ക് ജോലിയുള്ള വിവേകും ഹൈസ്കൂൾ ടീച്ചറായ വരദയും അപ്പച്ചിയുടെ മുന്നിൽ തലയുയർത്തി പിടിച്ചു തന്നെ ജോലിക്ക് പോയി..
ഉദ്യോഗക്കാരിയായ ഒരു മരുമകളെ തന്നെ അപ്പച്ചി മകന് വേണ്ടി കണ്ടു പിടിച്ചു.. പക്ഷേ, അതിന് മുൻപ് ആരുമറിയാതെ ഒരുപാട് തവണ അയാൾ വരദയെ കണ്ടു സംസാരിക്കാൻ സ്കൂളിൽ വന്നിരുന്നു. കഴിഞ്ഞ് പോയതൊന്നും അത്രയെളുപ്പം മായ്ച്ചു കളയാൻ വെറുമൊരു കറുത്ത ബോർഡ് അല്ലല്ലോ മനസ്സ് ..
പോരെങ്കിൽ അതിൽ നിറയെ മുള്ളും മുറിവും മാത്രം അവശേഷിക്കുമ്പോൾ… ഇനിയൊരിക്കലും തന്നെ കാണാൻ വരരുതെന്ന് തീർത്തു തന്നെ പറഞ്ഞു..
തലയും കുമ്പിട്ട് ഇറങ്ങി പോകുന്ന ആളിനോട് അന്ന് പുച്ഛമാണ് തോന്നിയത്.. ഇഷ്ടപെടുന്നതിനെ നഷ്ടമാകാതെയും കൈവിട്ടു കളയാതെയും കാത്തുസൂക്ഷിക്കാൻ അറിയാത്ത വെറുമൊരു കാമുകൻ !!
അമ്മയ്ക്കായിരുന്നു നിർബന്ധം മാധവൻ കുട്ടിയുടെ വിവാഹത്തിന് മുൻപ് വരദയുടെ വിവാഹം നടത്തണമെന്ന്.. ഒരു ഗവണ്മെന്റ് ജോലിയുള്ള പയ്യന്റെ ആലോചന വന്ന സമയമായിരുന്നു അന്ന്..
എല്ലാം പെട്ടെന്ന് തന്നെ വലിയ ആർഭാടങ്ങളില്ലാതെ നടക്കുകയും ചെയ്തു.. അന്ന് തൊട്ട് ഇന്നുവരെ തനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ലെന്ന് അവളോർത്തു..
ഇന്ന് അവധി എടുത്തു മകളെയും കൊണ്ട് ഇറങ്ങിയത് വളരെ നന്നായെന്ന് തന്നെ അവൾക്ക് തോന്നി..
അതുകൊണ്ടല്ലേ ഇങ്ങനെ ഒരു കൂടിക്കാഴ്ച്ചക്ക് ഇടയുണ്ടായത്.. ദൈവം അങ്ങനെ ആണ്.. തള്ളിപ്പറയുന്നവരുടെ നാവിൽ നിന്ന് വിലയേറിയ വാക്കുകൾ കേൾക്കാനുള്ള ഒരവസരം ഉണ്ടാക്കിത്തരും., എത്ര വൈകിയാലും..
വീട് എത്തിയത് അറിഞ്ഞതേയില്ല. സ്കൂട്ടർ ഒതുക്കി വെച്ച് മകളോടൊപ്പം അകത്തേക്ക് കയറുമ്പോൾ ഒരു സംശയം പോലെ അവൾ ചോദിച്ചു..
“അമ്മേ എനിക്കൊരു ഡൌട്ട്.. ആ അങ്കിൾ അമ്മയുടെ പഴയ ലൈൻ ആയിരുന്നോ… ”
കനപ്പെട്ടിരുന്ന മനസ്സിൽ ചിരിയുടെ ഒരു അമിട്ട് പൊട്ടിയെങ്കിലും പുറമെ കാണിക്കാതെ അവൾക്ക് നേരെ വരദ കൈ ഉയർത്തി..
“പൊക്കോണം അവിടുന്ന്.. അവളുടെ ഒരു സംശയം.ഇതായിരുന്നോ ഇത്രയും നേരം കൊണ്ട് ചിന്തിച്ചു കൂട്ടിയത് . ”
“അമ്മയുടെ മുഖത്തെ ചിരി കണ്ടാലറിയാം.. എന്നെ പറ്റിക്കേണ്ട കേട്ടോ.ഞാനിന്ന് അച്ഛനോട് പറഞ്ഞു കൊടുക്കുമല്ലോ.. ”
തലയിൽ കൈ വെച്ച് പോയി വരദ ! “നിന്റെ അച്ഛന് അറിയാത്തതായി ഒരു കഥയുമില്ല എനിക്ക്, അറിയ്യോ !”
അവളപ്പോൾ മുഖവും വക്രിച്ചു മുറിയിലേക്ക് പോകുമ്പോൾ വരദയുടെ മനസ്സിലേക്ക് അതുവരെ തോന്നാതിരുന്ന സുഖമുള്ള, മധുരമായൊരു പ്രതികാരത്തിന്റെ നൊമ്പരക്കാറ്റ് അലയടിച്ചു കൊണ്ടേയിരുന്നു..