സിന്ദൂരപ്പൊട്ടിന്റെ ഓർമ്മക്ക്
(രചന: Jolly Shaji)
അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയ ഗീത സാരിത്തുമ്പുകൊണ്ട് ഉടലാകെ മൂടി തണുപ്പിനെ അകറ്റാൻ പാടുപെട്ടു വേഗം നടക്കുമ്പോളാണ് പിന്നിൽ നിന്നും വിളി…
“ഗീതേച്ചിയെ ഇന്നും മുടക്കിയില്ല അല്ലെ ശിവദർശനം…” അവൾ തിരിഞ്ഞു നോക്കി… ധൃതിയിൽ നടന്നുവരുന്ന കാർത്തിക..
“അല്ല കുട്ടിയും മുടക്കിയില്ല അല്ലെ ഇന്നത്തെ പുലർകാല ദർശനം..”
“എനിക്കിഷ്ടമായിട്ടല്ല ഏച്ചിയേ… അമ്മ സമ്മയിക്കാഞ്ഞിട്ടാ ആളെ രാവിലെ വെറുതെ ശല്യം ചെയ്യുന്നത്…”
അവൾ ചെറിയ പരിഭവത്തോടെ പറഞ്ഞു.. അവളുടെ മുഖത്തെ ഭാവം കണ്ട് ഗീത ചിരിച്ചുകൊണ്ട് ചോദിച്ചു…
“ന്തേ ഇപ്പൊ അമ്മക്ക് ഡിമാൻഡ്…”
“ന്റെ ഏച്ചിയേ അമ്മ പറയാണ് പെൺകുട്ട്യോൾ അക്ഷരം കൂട്ടിവായിച്ചാൽ മാത്രം മതിയെന്ന്… പിന്നെ കെട്ടിച്ചു വിടണം ത്രേ…” അവളുടെ മിഴികളിൽ ലേശം നൊമ്പരം വിരിഞ്ഞത് ഗീത തിരിച്ചറിഞ്ഞു…
“അതിനു കുട്ടി ഡിഗ്രി പാസ്സായില്ലേ ഇനിയിപ്പോ ഒരു ജോലി നോക്കിക്കൂടെ ന്നിട്ട് പ്രൈവറ്റ് ആയി ഏതേലും കോഴ്സ് ചെയ്തൂടെ…”
“നിക്ക് നല്ല പൂതി ഉണ്ട് പക്ഷേ അച്ഛനും അമ്മയും കെട്ടിക്കാൻ തിടുക്കം കൂട്ടുവാ… അമ്മ എപ്പോളും പറയുന്ന ഉദാഹരണം ഗീതേച്ചിയാണ്…’
അവളുടെ വാക്കുകൾ കേട്ട് ഗീത അശ്ചര്യത്തോടെ ചോദിച്ചു… “ഞാനോ..”
“അതെ… പത്തുമുപ്പത് കൊല്ലം മുന്നേ ഡിഗ്രി റാങ്കോടെ പാസ്സായ ഗീത കണ്ടോ കെട്ട്യോന്റെ ആട്ടും തുപ്പും കേട്ട് കിടക്കുന്നെ.. പിന്നെ പഠിച്ചിട്ട് എന്ത് നേടാനാണ്.. ഇതാണ് അമ്മേടെ സ്ഥിരം പല്ലവി..”
“എല്ലാർക്കും ഒന്നുപോലെ ആവില്ല്യ കുട്ട്യേ വിധിപോലെ ഇരിക്കും…'” ലേശം സങ്കടത്തോടെ ഗീത പറഞ്ഞു…
“അന്നത്തെ കാലം അല്ലല്ലോ ഗീതേച്ചി ഇന്ന്… ഓരോ പെൺകുട്ടിയും എത്രയേറെ സ്വപ്‌നങ്ങൾ കണ്ടാണെന്നോ ഓരോ ദിനവും തള്ളി നീക്കുന്നത്… അതൊന്നും പറഞ്ഞാൽ അമ്മക്ക് തലേൽ കേറില്ല്യ…”
“അവർക്കും സ്വപ്‌നങ്ങൾ ഉണ്ടാവും കുട്ട്യേ…”
“അപ്പൊ എന്റെ സ്വപ്നങ്ങളോ… ഞാൻ അല്ലെ ജീവിക്കേണ്ടത്… അപ്പൊ അതെന്റെ ഇഷ്ടം പോലെ അവണ്ടേ..”
അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാൻ ഗീതക്കു കഴിഞ്ഞില്ല… അവർ പിന്നെ ഒന്നും മിണ്ടിയെ ഇല്ല…
“ഗീതേ ഇന്നലെയും കേട്ടല്ലോ പൂരപ്പാട്ട്… ”
റോഡ് സൈഡിൽ മുറ്റമടിച്ചു നിന്ന സാറ ചേച്ചിയാണ്… ഗീത ഒന്ന് പതറി…
“അത് പിന്നെ… ഇന്നലെ അല്പം കൂടിപ്പോയെന്നു തോന്നുന്നു…”
“എന്നാ കുട്ട്യേ അവനു കൂടാത്തത്… വയസ്സിത്രെ ആയില്ലേ ന്നിട്ടും നിർത്താറായില്ലേ…”
“അതൊക്കെ ഗീതേച്ചിയോട് ചോദിച്ചാൽ എങ്ങനെ ഉത്തരം പറയും സാറമ്മാമേ… ഈ പാവത്തിനെ എന്തോന്നിന ഇങ്ങനെ കുത്തി വേദനിപ്പിക്കുന്നെ.. ഗീതേച്ചി വാ..”
കാർത്തിക വേഗം ഗീതയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു…
‘”ഹും അഹങ്കാരി പറഞ്ഞത് കേട്ടില്ലേ… ”
സാറ പല്ലിറുമ്മി പിറുപിറുത്തു… ഗീതയും കാർത്തികയും അപ്പോൾ ഗീതയുടെ വീടിനു മുന്നിൽ എത്തിയിരുന്നു…
“ഗീതേച്ചി പൊയ്ക്കോ, ആളുകളെ മൈൻഡ് ചെയ്യേണ്ട… ന്റെ അച്ഛനെക്കാൾ ഭേദമാണ് ഇവിടുത്തെ വാസുവേട്ടൻ.. മക്കളെ പഠിപ്പിക്കുവെങ്കിലും ചെയ്തല്ലോ…
എന്തൊക്കെ പറഞ്ഞാലും ന്റെ അമ്മ പണിക്കു പോയാണ് ന്നെയും അനിയനെയും പഠിപ്പിക്കുന്നെ… ന്റെ അച്ഛനെപ്പോലെ വേറെ സംബന്ധവും അദ്ദേഹത്തിന് ഇല്ലല്ലോ ഏച്ചി…”
ഗീത മറുപടി പറയും മുന്നേ വിതുമ്പലോടെ അവൾ മുന്നോട്ട് ഓടി.. പടിക്കെട്ടുകൾ കയറി ഗീത മുറ്റത്ത് എത്തുമ്പോൾ വാസു ഇറയത്തു കസേരയിൽ ചാരി കിടപ്പുണ്ട്… അവൾ മെല്ലെ മുരടനക്കി ഇറയത്തേക്ക് കയറി…
“ഓ തമ്പുരാട്ടി ഇന്നും ക്ഷേത്ര ദർശനം മുടക്കിയില്ല ല്ലേ…”
ചിരിയോടെ വാസു ചോദിച്ചു…
“എന്തെ അതും ഞാൻ ഒഴിവാക്കണോ നിങ്ങൾക്ക് വേണ്ടി…”
നേർത്ത പരിഭവചുവയോടെ അവൾ ചോദിച്ചു…
“എന്തൊക്കെ നഷ്ടമായിട്ടുണ്ടെടി നിനക്ക് ഞാൻ കാരണം.. പറയു… ഈ കള്ളുകുടിയൻ കാരണം ചിറ്റേത്തെ ഗീത തമ്പുരാട്ടിക്ക് നഷ്ടങ്ങൾ ഉണ്ടായതു കള്ള് വാസു അറിയട്ടെ…”
വാസു പറഞ്ഞതൊക്കെ ചങ്കിൽ തറക്കുന്ന വാക്കുകൾ ആയി മാറി ഗീതക്ക്…
“പുറത്തിറങ്ങാൻ വയ്യാതായിരിക്കുന്നു എനിക്ക്… ആളുകൾ കുത്തി കുത്തി ചോദിക്കുന്നു ഓരോന്നും..”
“ഹഹഹ… അതാണോ കാര്യം… എന്നാടോ താൻ പുറം ലോകം കണ്ടു തുടങ്ങിയത്… ആളുകൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ആക്കിയത് ആരാണ് തന്നെ…”
“വാസുവേട്ടന് എന്നും എന്തും തമാശ ആണ്… ആളുകൾ പറയുന്നത് സത്യമല്ലേ.. വയസ്സിത്ര ആയില്ലേ… ഇനിയെങ്കിലും നിർത്തിക്കൂടെ ഈ വൃത്തികെട്ട കുടി…”
“എന്നാടി ഞാൻ കുടിയൻ ആയത്… എത്ര കുടിച്ചാലും നീയും നമ്മുടെ മക്കളും പട്ടിണി കിടന്നിട്ടുണ്ടോ… പഠിപ്പ് ഞാൻ മുടക്കിയോ…”
“അതൊക്കെ ശെരിയാണ് പക്ഷേ അവർ മുതിർന്നപ്പോൾ എങ്കിലും നിർത്തിക്കൂടെ ഈ കുടി… വർഷം കുറെ ആയി ഞാൻ സഹിക്കുന്നു… എന്നെപ്പോലെ ആവില്ലല്ലോ വന്നുകേറുന്ന പെണ്മക്കൾ…”
“എടി ഉണ്ടായി മൂന്നിന്റെ അന്ന് തള്ള ചത്തു പോയ നിന്നെ ആ വീട്ടിലും ഈ വീട്ടിലും ഇട്ടു ബന്ധുക്കൾ കഷ്ടപ്പെടുത്തുന്നത് കണ്ടു വളർന്നവനാണെടി ഞാൻ..
പതിനാലാം വയസ്സിൽ തന്ത ഇട്ടേച്ചു പോയപ്പോൾ ബന്ധുക്കൾ പോലും തള്ളിപ്പറഞ്ഞ നിന്നെ എന്റെ അമ്മ കൈപിടിച്ച് വീട്ടിലേക്കു കൊണ്ടുവന്നത് അവരുടെ ഇഷ്ടത്തിന് അല്ലടി…
ഈ വാസുവിന് തോന്നിയ ചെറിയൊരു ഇഷ്ടം കൊണ്ടാണ്…. ന്നിട്ടോ നിന്നെ പൊന്നുപോലെ നോക്കിയില്ലേ എന്റെ വീട്ടുകാർ…
നിന്നെ പഠിപ്പിക്കാൻ ആണെടി വാസു ആദ്യമായി വണ്ടിയുടെ വളയം പിടിച്ചത്… ഡിഗ്രി പഠിത്തം കഴിയും വരെ വാസു നിന്നെ ദുഷിച്ച കണ്ണുമായി നോക്കിയിട്ടുണ്ടോ… നിന്റെ വിരലുകളിൽ ഞാൻ ഒന്ന് തൊട്ടത് എന്നാണെന്നു നീ ഓർക്കുന്നോ….
കുടിച്ചു കൂത്താടി ഏതോ ഒരുത്തനെയും കൂട്ടി കൊണ്ട് വന്ന് നിന്നെ കെട്ടിച്ചു കൊടുക്കാൻ പോവാണെന്നു പറഞ്ഞപ്പോൾ അല്ലേടി നിന്റെ കൈകളിൽ പിടിച്ചു വാസുവിന്റെ പെണ്ണാണ് ഗീത എന്ന് ആദ്യമായി ഞാൻ പറഞ്ഞത്….
എന്നിട്ട് നീ എതിർത്തോ അന്നത്… നേരെ നിന്നെയും വിളിച്ചുകൊണ്ടുപോയി താലിയും മാലയും വാങ്ങി നിന്നെ എന്റെ പെണ്ണാക്കിയതാണോടി വാസു ചെയ്ത തെറ്റ്..”
“അതൊക്കെ ശെരിയാണ്.. പിന്നീട് വാസുവേട്ടനിൽ വന്ന മാറ്റം അത് സഹിക്കാൻ പറ്റുന്നില്ല…ഈ കുടിയും ഒച്ചപ്പാടും കാരണമല്ലേ നമ്മുടെ മക്കൾ ഈ വീട്ടിൽ നിന്നും ഇറങ്ങിപോയത്… എനിക്ക് നമ്മുടെ കൊച്ചുമക്കളെ ലാളിക്കാൻ അവസരം കിട്ടാത്തത്..”
“ഞാൻ കാരണമാണോ അവർ പോയത്…അതോ അവരുടെ ഭാര്യമാരുടെ വാക്ക് കേട്ടോ… പോട്ടെടി പോണോരൊക്കെ പോട്ടെ… എന്താ ഇപ്പൊ നിനക്കും പോണോ… പോണോടി…”
വാസു തെല്ലു ദേഷ്യത്തോടെ ചാടി എഴുന്നേറ്റു…
“മം… ഇന്നലെ അനിമോൻ വിളിച്ചിരുന്നു.. കുഞ്ഞിനെ നോക്കാൻ വരുന്ന ആയ ആയി അവൻ അത്ര ഇണക്കം ഇല്ലെന്നു പറഞ്ഞു… എന്നോട് വിസ എടുക്കട്ടെ എന്നു ചോദിച്ചു..”
“ഓ അപ്പോൾ അതാണ് കാര്യം അല്ലെ… പൊയ്ക്കോടി മോന്റെയും മരുമോൾടെയും ആട്ടും തുപ്പും കേൾക്കാൻ..”
വാസു ദേഷ്യത്തോടെ മുറ്റത്തേക്ക് ഇറങ്ങി…
“ഇവിടുത്തെ ഈ ചീത്ത വിളിയിൽനിന്നും രെക്ഷപെടാമല്ലോ…”
ഗീത വേഗം മുറിയിലേക്ക് കയറിപ്പോയി…
വാസു ദേഷ്യത്തോടെ റോഡിലേക്കിറങ്ങി നടന്നു…
ഗീത അടുക്കളയിൽ ചെന്നിട്ടും ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ ആയിരുന്നു…. വാസുവേട്ടൻ പറയുന്നതൊക്കെ സത്യമാണ്…. ആരോരുമില്ലാത്ത തനിക്ക് ആശ്രയം ആയിരുന്നു…
ഡിഗ്രി കഴിഞ്ഞ് ഒരു ജോലിക്ക് പോകണം എന്ന് നല്ല ആഗ്രഹം ഉണ്ടാരുന്നു…. അപ്പോളാണ് അച്ഛന്റെ മടങ്ങി വരവ്… വാസുവേട്ടനോട് തനിക്ക് മനസ്സിൽ നല്ല സ്നേഹം ഉള്ള സമയത്താണ് അച്ഛൻ ഏതോ ഒരു കുടിയനെ കൊണ്ടുവരുന്നത്…
സത്യത്തിൽ അച്ഛനെ തോല്പിക്കാൻ ആരുന്നു പെട്ടന്ന് കല്യാണത്തിന് സമ്മതിച്ചതും… പിന്നെ കുട്ടികൾ അവരുടെ പഠിത്തം ഒക്കെ ആയി വീട്ടിൽ ഒതുങ്ങിപ്പോയി…
വയറു നിറയെ കള്ള് മോന്തി വരുന്ന വാസുവേട്ടൻ തന്നെയോ മക്കളെയോ ഉപദ്രവിക്കുകയോ ഭക്ഷണത്തിനോ വസ്ത്രത്തിനോ കുറവ് വരുത്തുകയോ ചെയ്തിട്ടില്ല….
പക്ഷേ സന്ധ്യ മുതൽ വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞു ആളുകളെ ദേഷ്യം പിടിപ്പിക്കും… മക്കൾ കുറെ പറഞ്ഞു നോക്കി പക്ഷേ വൈകിട്ടായാൽ അത് പതിവായി…
ആണ്മക്കൾ കോളേജിൽ പഠിക്കുമ്പോൾ തന്നെ അവര്ക്കിഷ്ടമുള്ള പെൺകുട്ടികളെ കണ്ടെത്തി… അച്ഛൻ അവർക്കു കല്യാണവും നടത്തികൊടുത്തു… പക്ഷേ അച്ഛന്റെ കുടി നാൾക്ക് നാൾ കൂടി…
ഓരോന്ന് ചിന്തിച്ച ഗീതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… എത്ര നാൾ ഇങ്ങനെ…
അദ്ദേഹം രാവിലെ പോയാൽ പിന്നെ ഒറ്റപ്പെടൽ ആണ് വീട്ടിൽ… വൈകിട്ട് കുടിച്ചിട് വന്നു ഭക്ഷണം പോലും മിക്കവാറും കഴിക്കില്ല… അദ്ദേഹം കഴിക്കാതാവുമ്പോൾ താനും പോയി പട്ടിണി കിടക്കും… മടുപ്പായി തുടങ്ങി ജീവിതം…
ഒരു വശത്തു തന്നെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന പുരുഷൻ… മറുവശത്തു തന്റെ ഉദരത്തിൽ പിറന്ന മക്കൾ… ആർക്കൊപ്പം പോണം… ആരെ ഉപേക്ഷിക്കണം… ചിന്തകൾ കുമിഞ്ഞു കൂടിയ ഗീത കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് വീണു..
അന്ന് വൈകിട്ട് പതിവിലും നേരത്തെ വാസു വീട്ടിലെത്തി… മദ്യപിച്ചിട്ടുണ്ട് എങ്കിലും അത്രത്തോളം ഇല്ല്യ..
“ഗീതേ, എടി ഗീതേ.. നീയിതെവിടെ.. സന്ധ്യ ആയത് കണ്ടില്ലേ ഉമ്മറത്ത് ലൈറ്റ് പോലും ഇടാതെ…”
അയാൾ ഇറയത്തേക്ക് കയറി… അവിടെങ്ങും ഗീതയെ കണ്ടില്ല… അടുക്കളയിൽ ചെന്നു നോക്കി വാസു… ഭക്ഷണം ഒന്നും ഉണ്ടാക്കിയ ലക്ഷണം ഇല്ല…
“ശെടാ ഇവിളിതെവിടെ പോയി… ഓ എന്നെ തോൽപ്പിക്കാൻ ഇറങ്ങി പോയോ ഇനി…”
അയാൾ തെല്ലു ശങ്കയോടെ പിറുപിറുത്തുകൊണ്ട് കിടപ്പുമുറിയുടെ അകത്തേക്ക് കടന്നു ലൈറ്റ് ഇട്ടു… കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ഗീത..
“എന്താടി ഞാൻ വിളിച്ചത് കേട്ടില്ലേ… അതോ എന്നെ തോൽപ്പിക്കാൻ ആണോ… ആണെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി… വാസു ആർക്കുമുന്നിലും തോൽക്കില്ല…”
അയാൾ എന്തൊക്കെയോ പുലമ്പിയിട്ടും അവൾ തിരിഞ്ഞു പോലും നോക്കുന്നില്ല… അയാൾക്ക് അല്പം കോപം കൂടി…
“കണ്ടോ അവളുടെ അഹങ്കാരം.. ഹും കെട്ടിയോൻ എന്ന വില പോലും ഇനി കല്പിക്കേണ്ട എന്ന് മക്കള് പറഞ്ഞു തന്നോടി…”
വാസു ദേഷ്യത്തോടെ ഗീതയുടെ ചുമലിൽ പിടിച്ചു തിരിച്ചു… പെട്ടന്ന് അവളുടെ വായിൽനിന്നും രക്തം കുടത്തിൽ നിന്നും വെള്ളം കമിഴ്ത്തും പോലെ പുറത്തേക്ക് ഒഴുകി…
“ഗീതേ.. എടി.. എന്താടി ഇത്…”
അയാൾ അവളെ കോരിയെടുത്തു പുറത്തേക്ക് ഓടി… ഹോസ്പിറ്റലിൽ എത്തുമ്പോൾ ഗീതയുടെ നാഡിയിൽ ചെറിയൊരു ചലനം മാത്രേ ഉണ്ടാരുന്നൊള്ളു…
“ഡോക്ടർ എന്താണ് അവൾക്കു പറ്റിയത്…”
“നിങ്ങൾ അവരുടെ ഭർത്താവ് അല്ലെ…”
“അതെ ഡോക്ടർ..”
“മുൻപ് ഇവർക്ക് അറ്റാക് വല്ലതും ഉണ്ടായിട്ടുണ്ടോ.. എന്തെകിലും ലക്ഷണങ്ങൾ എങ്കിലും..”
“ഇല്ല ഡോക്ടർ… ഇടയ്ക്കു നടക്കുമ്പോളൊക്കെ വല്ലാതെ കിതപ്പ് ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്…”
“അറ്റാക് ആണ് അവർക്കുണ്ടായതു… പ്രാർത്ഥിക്കുക അതെ പറയാൻ ഉള്ളു…”
ഡോക്ടർ ഐ സി യു വിനുള്ളിലേക്ക് പോയി..
കുടിയൻ വാസു കരഞ്ഞു അന്നാദ്യമായി ജീവിതത്തിൽ…. മുട്ടിപ്പായി ദൈവത്തെയും വിളിച്ച നിമിഷങ്ങൾ ആയിരുന്നു അയാൾക്കത്… കുറച്ചു കഴിഞ്ഞപ്പോൾ ഐ സി യു വിന്റെ വാതിൽ തുറന്നു….
“ഗീതയുടെ കൂടെ ആരാണ് ഉള്ളത്… വാസു ഓടിച്ചെന്നു അങ്ങോടു…
“ഞാൻ ആണ് സിസ്റ്റർ..”
“അവരുടെ ആരാണ്..”
“ഭർത്താവ് ആണ് സിസ്റ്റർ…”
“മം കേറി കണ്ടോളു..”
സിസ്റ്റർ പറയും മുന്നേ അയാൾ ഡോർ തള്ളി മാറ്റി അകത്തേക്ക് ഓടി… ഡോക്ടർ നിൽക്കുന്നിടത്തു ചെന്ന അയാൾ ഗീതയെ തിരഞ്ഞു…
“ദേ വാസു കണ്ടോളു..”
ഡോക്ടറുടെ അടുത്തുള്ള ട്രോളിക്കു അടുത്തേക്ക് അയാൾ ചെന്നു.. ഡോക്ടർ വെള്ളത്തുണി വലിച്ചു നീക്കി….
കണ്ണുകൾ പൂട്ടി ശാന്തമായി ഉറങ്ങുന്ന ഗീത…. അപ്പോളും അവളുടെ നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ടു മാഞ്ഞിരുന്നില്ല….