(രചന: ശാലിനി)
എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദിന്റെ കൂട്ടുകാരൻ വിപിന ചന്ദ്രൻ എന്ന വിപിൻ ആ വിശേഷം പറയുന്നത്.
“അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട്.. ഇനി നിന്റെ തീരുമാനം എന്താണ് ? ”
കാറിൽ സുഹൃത്തുക്കളായ അരവിന്ദും വിപിനും പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഈ യാത്രയിൽ ഒരുപക്ഷെ തന്റെയൊപ്പം ഇരിക്കേണ്ടത് പല്ലവിയായിരുന്നു. വർഷം രണ്ട് കഴിഞ്ഞു താൻ നാട്ടിൽ വന്നിട്ട്..
അതും വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യമായി നാട്ടിലേക്കുള്ള വരവാണ്.
അവൾ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാവുമോ താൻ എത്തുന്ന കാര്യം.
ഭാര്യയാണ്, പക്ഷെ പരസ്പരമുള്ള ബന്ധം നിലച്ചിട്ട് വർഷം ഒന്നര കഴിഞ്ഞു !
പുതുമോടി മാറുന്നതിനു മുൻപ് നാട്ടിൽ നിന്ന് വിദേശത്തേക്ക് വിമാനം കയറിയതാണ്. വിവാഹത്തിനായിട്ടാണ് അവധിക്ക് വന്നത്.
ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും ഒരാളെപ്പോലും മനസ്സിന് പിടിക്കാതെ വന്നപ്പോൾ അവധി തീരുന്നതിനു മുൻപ് തിരിച്ച് ജോലിസ്ഥലത്തേയ്ക്ക് തന്നെ മടങ്ങിപ്പോയാലോ എന്ന് പോലും ചിന്തിച്ചു.
പക്ഷെ, അകന്ന വകയിൽ ഉള്ള ഒരു ചിറ്റയാണ് പരിചയത്തിൽ ഒരു പെൺകുട്ടിയുണ്ട്, പോകുന്നതിനു മുമ്പ് അതും കൂടിയൊന്ന് കണ്ടിട്ട് പോക് എന്ന് പറഞ്ഞു തന്നെ നിർബന്ധിച്ചത്.
അങ്ങനെയാണ് പല്ലവിയെ കണ്ടതും ഇഷ്ടപ്പെടുന്നതും.
അന്ന്, ഒരു മുന്നറിയിപ്പും കൂടാതെ പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
തങ്ങളെ കണ്ട് ഒന്ന് അമ്പരന്നുവെങ്കിലും, പെട്ടന്ന് തന്നെ എല്ലാവർക്കും ചായയും പലഹാരങ്ങളും അവളൊറ്റയ്ക്ക് കൊണ്ട് വെച്ച് വന്നവരുടെ മുൻപിൽ സുസ്മേര വദനയായി നിൽക്കുമ്പോൾ മനസ്സ് പറയുന്നുണ്ട് ഇത് കൊള്ളാം. വീട്ടിലെ ചിട്ട വട്ടങ്ങൾ ഒക്കെ അറിയുന്ന പെൺകുട്ടി.
അച്ഛനും അമ്മയ്ക്കും ആകെയുള്ള പെൺകുട്ടി..
എല്ലാവരും അവിടെ നിന്നിറങ്ങിയത് വളരെ സന്തോഷത്തോടെ ആയിരുന്നു.പോകുന്നതിനു മുൻപ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ജാലക വിരിയുടെ ഓരത്ത് നിന്ന് അവൾ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.
ദിവസങ്ങൾ ഓരോന്നായി തീരുന്നു, അതിന് മുൻപ് പെട്ടന്ന് കല്യാണം നടത്തണമെന്ന് വീട്ടുകാർ ധൃതി കൂട്ടുകയും കൂടി ചെയ്തതോടെ ചടങ്ങുകളെല്ലാം ഒട്ടും വൈകാതെ തന്നെ നടന്നു.
അങ്ങനെ വിവാഹം കഴിഞ്ഞു വിരുന്നുണ്ണലും യാത്രകളുമൊക്കെയായി ദിവസങ്ങൾ വളരെ പെട്ടന്ന് തീർന്ന് പോയി.
തിരിച്ചു പോകുമ്പോൾ പല്ലവി മാത്രമായിരുന്നു അരവിന്ദന്റെ മനസ്സിൽ. അവൾ തീരെ ചെറുപ്പമാണ് , പോരെങ്കിൽ കാണാനും സുന്ദരി !വീട്ടിൽ ആണെങ്കിൽ അമ്മയും,വിവാഹം കഴിയാത്ത സഹോദരൻമാരും മാത്രമാണുള്ളത്.
അവളോടുള്ള ഇഷ്ടക്കൂടുതൽ കാരണം മറ്റൊരാൾ അവളെ നോക്കുന്നത് പോലും താനിഷ്ടപ്പെട്ടിരുന്നില്ല. ഒന്നിച്ച് ഒരുപാട് നാളുകൾ കഴിയാൻ സാധിക്കാത്തത്തിന്റെ വിഷമം അയാളുടെ മനസ്സിൽ തീരാത്ത വേദനയായി അവശേഷിക്കുന്നുണ്ടായിരുന്നു.
ഉറങ്ങാൻ കിടക്കുമ്പോഴും, ഉണ്ണുമ്പോഴും, ജോലിക്ക് പോകുമ്പോഴും, ജോലി ചെയ്യുമ്പോഴും എല്ലാം അവളുടെ കണ്ണീരുണങ്ങിയ മുഖം മാത്രമായിരുന്നു മനസ്സിൽ.
അപ്പോഴും തന്റെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന ആധിയും സംശയവുമൊന്നും ആരോടും പറയാൻ തോന്നിയില്ല. അങ്ങനെ ഒക്കെയുള്ള ചിന്തകൾ ഒരുപക്ഷെ, തനിക്ക് മാത്രമായിരിക്കും ഉണ്ടാവുക.
പുതുമോടികൊണ്ട് തോന്നുന്നതാണ് എന്ന് പറഞ്ഞു സുഹൃത്തുക്കൾ പോലും അതൊക്കെ നിസ്സാരമാക്കിക്കളയുകയേയുള്ളൂ..
അവൾ വിളിക്കുമ്പോഴൊക്കെ ഓരോ വിഷമങ്ങൾ പറഞ്ഞു കരഞ്ഞു. ഈ വിരഹ ദുഃഖം താങ്ങാൻ കഴിയുന്നില്ല.. ഏട്ടനിനി എന്നാണ് വരുന്നത്. കാണാൻ കൊതിയായി എന്നൊക്കെ പറയുമ്പോൾ അവൾ പിടി വിട്ട് പോകുമോ എന്ന ഭയം കൂടി കൂടി വന്നു.
ഇത്രയും പെട്ടന്ന് അവളെ വിട്ട് വരേണ്ടിയിരുന്നില്ല. പാവം, അവളെ കൊതിതീരെ ഒന്ന് സ്നേഹിക്കാൻ കൂടി കഴിഞ്ഞില്ലല്ലോ ..
ആഗ്രഹിച്ചിരുന്ന ഇടങ്ങളിൽ ഒന്നും അവൾക്കൊപ്പം പോകാനും കഴിഞ്ഞില്ല.
തന്നെ കാണാതെയിരിക്കാൻ കഴിയാത്ത അവളെ മാത്രം ഓർത്ത് ഓരോദിനങ്ങളേയും കൊന്നൊടുക്കി..
ദിവസങ്ങൾ എത്രയും പെട്ടന്ന് ഒന്ന് പോയിക്കിട്ടിയിരുന്നെങ്കിൽ.
ഒരു പുതു മണവാളന്റെ സ്നേഹവായ്പ്പോടെ അവളെ കുറിച്ച് മാത്രം ഓർത്ത് നാളുകൾ തള്ളി നീക്കുമ്പോഴാണ് ഒപ്പം ഒരു സംശയവും കൂടെ കൂടിയത് .
തനിക്ക് അവളോടുള്ളത് പോലെ തിരിച്ചും തന്നോട് അവൾക്ക് സ്നേഹമുണ്ടാവുമോ.
പോരെങ്കിൽ തന്നെക്കാൾ സ്മാർട്ട് ആണ് അനിയന്മാർ. അവരുടെ സംസാരങ്ങളിൽ അവൾ വീണു പോകുമോ.
നാട്ടിലുള്ള സകല പെൺപിള്ളേരെയും വളച്ചെടുക്കാൻ പ്രത്യേക കഴിവ് നേടിയ ഇളയ സഹോദരനെക്കുറിച്ച് ഓർക്കുമ്പോൾ അരവിന്ദന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടും. അമ്മയോട് സംസാരിക്കുമ്പോൾ അവനെ കുറിച്ച് പ്രത്യേകം അന്വേഷിക്കാൻ തുടങ്ങി.
അവൻ വീട്ടിൽ തന്നെ ഉണ്ട്, ജോലിക്ക് ഒക്കെ പോയാലും വൈകിട്ട് കൂട്ടുകാരോടൊപ്പം ഇത്തിരി സേവ ഒക്കെ നടത്തി വൈകി വീട്ടിൽ എത്തുന്നവൻ ഇപ്പൊ ഏത് നേരവും വീട്ടിൽ തന്നെ കുത്തിയിരിപ്പാണ് എന്നൊക്കെ അമ്മയുടെ സംസാരങ്ങളിൽ നിന്ന് പിടിച്ചെടുത്തു. അതോടെ
സംശയം മനസ്സിൽ കിടന്നു നീറി തുടങ്ങി.
ആദ്യ ദിവസം തന്നെ കാര്യം സാധിച്ചിരുന്നെങ്കിൽ ഈ ടെൻഷന്റെ വല്ല കാര്യമുണ്ടായിരുന്നോ എന്ന് കൂട്ടുകാർ കളിയാക്കി ചോദിക്കും.
ശരിയാണ്,
ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കിൽ അവൾ അതുമായി സ്വന്തം കാര്യങ്ങൾ നോക്കി കഴിഞ്ഞേനെ. ഇതിപ്പോ ഒറ്റാം തടിയായി നിക്കുവല്ലേ..
“നമ്മൾ മണ്ടന്മാർ ഇവിടെ പട്ടിണിയും കഷ്ടപ്പാടും സഹിച്ച് പൊരിവെയിലിൽ ജോലി ചെയ്ത് നാട്ടിൽ ഉള്ളവർക്ക് സുഖിച്ചു ജീവിക്കാൻ കാശ് സമ്പാദിക്കും.
എന്നിട്ട് വീട്ടിലുള്ളവളുമാര് ദർബാർ അടിച്ചു തോന്ന്യാസം ജീവിക്കും. ഇതൊക്കെ എല്ലാ ഗൾഫുകാരു ഭർത്താക്കന്മ്മാർക്കും സംഭവിക്കുന്നതാടോ.”
മുറിയിലുള്ള പാലക്കാടുകാരൻ പ്രദീപ് ഒരു വലിയ സത്യം പോലെ പറഞ്ഞു നിർത്തും.
അത് കേൾക്കുമ്പോൾ നെഞ്ചിലേയ്ക്ക് ആരോ തീ കോരിയിടുന്ന അവസ്ഥ ആണ്.
ഒരു കുട്ടി ഉണ്ടാകാൻ താൻ ആകുന്നതും ശ്രമിച്ചതാണ്. പക്ഷെ, എല്ലാം കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങുമ്പോഴേയ്ക്കും പല്ലവി എഴുന്നേറ്റു ബാത്റൂമിൽ പോകുന്നത് കാണാം. പലപ്പോഴും ചോദിക്കാൻ തുടങ്ങിയതാണ്. ഇവളെന്തിനാണ് ഇങ്ങനെ ഇത്ര തിടുക്കത്തിൽ ബാത്റൂമിലേയ്ക്ക് പോകുന്നത്.
വിവാഹത്തിനു മുൻപ് നാട്ടിലേയ്ക്ക് വരുമ്പോൾ കൂടെയുള്ള അല്പം മുതിർന്ന ജോസ് ചേട്ടൻ ആരും കേൾക്കാതെ പറഞ്ഞു തന്ന കുറെ കാര്യങ്ങൾ അപ്പോഴും അരവിന്ദന്റെ മനസ്സിൽ വേര് പിടിച്ചു പോയിരുന്നു..
വിവാഹം കഴിഞ്ഞു ഒരു കുഞ്ഞ് ഉണ്ടാകാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ..!
പക്ഷെ, അതിനു നേരെ വിപരീതമായിട്ടാണ് പല്ലവി ഓരോന്നും ചെയ്തു കൂട്ടിയത്.
അവൾ ബാത്റൂമിൽ പോയിട്ട് തിരികെയെത്തുമ്പോൾ മുഖം കടുപ്പിച്ചു അവളെ തീരെ നോക്കാതെ എഴുന്നേറ്റു കസേരയിൽ കുത്തിയിരിക്കുന്ന തന്നെ കണ്ട് അമ്പരപ്പോടെ അവൾ പലതും ചോദിക്കും.പക്ഷെ ഒന്നും മിണ്ടില്ല.
ഇതെന്തു പറ്റി പെട്ടെന്ന് ഈ ഏട്ടന്?
അവൾ പിറുപിറുത്തുകൊണ്ട് പോയി കിടക്കും. പക്ഷെ, അപ്പോഴൊന്നും തന്റെ മനസ്സിലെ ചിന്തകൾ അവളുമായി പങ്കു വെയ്ക്കാൻ കഴിഞ്ഞില്ല. എല്ലാം
അവളുടെ മാത്രം കുറ്റമായി കരുതാനാണ് തോന്നിയത്. വിവാഹം കഴിഞ്ഞു ഒരു വർഷത്തോളം സ്നേഹമായിരുന്നു. എന്നും വിളിയും പറച്ചിലും, കരച്ചിലും പരിഭവവും എല്ലാം ഒട്ടും ചോരാതെ തന്നെ ഉണ്ടായിരുന്നു.
പിന്നെ, എപ്പോഴാണ് തങ്ങളുടെ ഇടയിൽ അകൽച്ചയും ബന്ധങ്ങളും ഇല്ലാതായത്..
ഒന്ന് മാത്രം അറിയാം. റൂമിലെ പ്രായമായ പലരും മനസ്സിനെ തെറ്റിദ്ധാരണയുടെ വക്കിലെത്തിച്ചു.
ഭർത്താവ് അടുത്തില്ലാത്ത ചെറുപ്പക്കാരികളായ ഭാര്യമാർ കിളുന്നില പോലെയാണെന്ന്.
പക്ഷെ ഇല വന്നു മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കുഴപ്പം ഇലയ്ക്കാണല്ലോ.
അതോർത്തായിരുന്നു തന്റെ ടെൻഷൻ മുഴുവനും!
മനസ്സ് ഓരോന്നും ചിന്തിച്ചു കാടുകയറാൻ തുടങ്ങി.
ആ ചിന്തകളെ ശരി വെയ്യ്ക്കുന്ന തരത്തിലാണ് നാട്ടിൽ നിന്ന് ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ പല്ലവിയെ പറ്റി സൂചിപ്പിച്ചത്.
അവൾ മിക്കവാറും ഉടുത്തൊരുങ്ങി എങ്ങോട്ടോ പോകുന്നത് കാണാം..
അമലിനോടൊപ്പം ബൈക്കിൽ ആണ് ഇപ്പൊ സ്ഥിരം യാത്ര..
ഇതിൽ കൂടുതൽ ഒരു ഭർത്താവിന് ഭാര്യയെക്കുറിച്ച് എന്ത് തെളിവാണ് വേണ്ടത്!
അതോടെ സംശയം മുറുകി നിന്ന തന്റെ മനസ്സിന് തീപ്പിടിച്ചു.
അവളെക്കുറിച്ച് കേട്ടതൊക്കെയും സത്യമാണോ എന്നുപോലും തിരക്കാതെ വഞ്ചകി എന്ന് മുദ്ര കുത്തി മനസ്സിൽ നിന്ന് അവളെ അകറ്റി നിർത്താൻ മനസ്സ് വെമ്പൽ കൊണ്ടു.
അവൾ മിസ്സ്കാൾ അടിക്കുമ്പോഴൊന്നും തിരിച്ചു വിളിക്കാൻ തോന്നാതെയായി.
വിളികൾ വല്ലപ്പോഴുമായി ചുരുങ്ങി. അതും പഴയ ആവേശം ഒട്ടുമില്ലാതെ, ഏതൊ പരിചയക്കാരിയോട് സംസാരിക്കുന്നത് പോലെ.
പക്ഷെ മാറി മാറി അവൾ എന്നും വിളിച്ചു കൊണ്ടേയിരുന്നു.
അല്ലെങ്കിലും ഈ പെണ്ണുങ്ങളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല.
ഭർത്താവ് അടുത്ത് ഇല്ലാതെ വന്നാൽ വേലി ചാടുന്ന ടൈപ്പുകൾ.!!
ഉള്ളിൽ വിഷം നിറച്ചു വെച്ച് പുറമെ തേൻ പുരട്ടുന്ന അഭിനയം കാഴ്ച്ച വെയ്ക്കുന്ന അഭിനേത്രികൾ!
അവൾ എല്ലാം തന്നോട് തുറന്നു പറയുന്നതാണ്. ഒരു ദിവസം എന്തെങ്കിലും പ്രത്യേകത ഉണ്ടായാൽ ആദ്യം അവനോട് പറഞ്ഞിട്ടേ അവൾക്ക് സമാധാനം വരൂ.
എന്നിട്ടാണ് അനിയന്റെ ബൈക്കിൽ കറങ്ങാൻ പോയതൊന്നും അവനോട് പറയാതെ വെച്ചത്. തുറന്നു ചോദിക്കാൻ പലപ്പോഴും നാവ് വളച്ചു. പക്ഷെ, അവൾ പറയാത്തിടത്തോളം കാലം അത് തന്റെ മനസ്സിൽ കിടന്നു നീറട്ടെ. നീറി നീറി ഒരിക്കൽ കത്തിയാളട്ടെ.. അവനു തന്നോട് തന്നെ വല്ലാത്ത പക തോന്നി.
അവൾ വിളിക്കുന്നത് കേട്ടുകൊണ്ട് ഫോൺ എടുക്കാതെ മരവിച്ച മനസ്സോടെ ഇരിക്കും. ഒടുവിൽ സ്ഥിരമായി ഫോൺ സ്വിച്ചഡ് ഓഫ് ആക്കി വെച്ചു.
സിം കാർഡുകൾ പലതും മാറി.
അവളെക്കുറിച്ച് ള്ള വിവരങ്ങൾ ഒന്നും അറിയണ്ട എന്ന് തീരുമാനിച്ചു.
വീട്ടിലേക്ക് പോലും വിളിക്കാതെയായി.
വിളിയും പൈസയും ഒന്നും അയക്കാതെ ആരോടോ പ്രതികാരം ചെയ്യുന്ന മനസ്സോടെ
ഒരു യന്ത്രം കണക്കെ ദിവസവും അയാൾ ജോലിക്ക് പോയി.
പല്ലവി എവിടെയാണ്, എങ്ങിനെ ജീവിക്കുന്നു എന്നൊന്നും തിരക്കാതെ ഒരു വർഷം കൂടി ഒരോർമ്മത്തെറ്റ് പോലെ കടന്ന് പോയി.അതിനിടയിൽ പരിചയക്കാർ നാട്ടിലേയ്ക്ക് വരികയും പോകുകയും ചെയ്തു.
നാട്ടിലേക്കു പോകാനുള്ള അവധി കൂടി ലഭിച്ചതോടെ പോകാതിരിക്കാൻ നിവൃത്തി ഇല്ലാതെയായി.
രണ്ട് വർഷം കഴിഞ്ഞു അയാൾ വന്നിട്ട്. അവധിയ്ക്കായി കൊതിച്ചിരുന്ന കുറെ നാളുകൾ, മുമ്പ് അയാൾക്കുണ്ടായിരുന്നു. പക്ഷെ, ഇന്ന് നാട്ടിലേയ്ക്ക് പോകാൻ കൂടി മടി തോന്നുന്നു.
അവധി കിട്ടിയതല്ലേ, വെറുതെ പോകാതിരിക്കണ്ട. ഭാര്യ കാത്തിരിക്കുന്നതല്ലേ.. പോയി അടിച്ചു പൊളിച്ചിട്ട് വാടോ.
കൂട്ടുകാർ ആവേശം കൂട്ടാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എന്തൊക്കെയോ വാങ്ങിച്ചു കൂട്ടി. സഹോദരിമാർക്കും കുട്ടികൾക്കും വേണ്ടത് ഒക്കെ വാങ്ങിച്ചു വെച്ചു. പക്ഷെ പല്ലവിക്കായി അയാൾ ഒന്നും വാങ്ങിച്ചില്ല. എങ്കിലും അവൾ ഒരിക്കൽ അയച്ചു കൊടുത്ത അവരുടെ വിവാഹ ഫോട്ടോ അയാൾ വലിയ ഫ്രയിമിൽ ലാമിനേറ്റ് ചെയ്തു സൂക്ഷിച്ചിരുന്നു.
അവൾക്ക് കൊടുക്കാനായി അത് മാത്രമായിരുന്നു അയാൾ കയ്യിൽ കരുതിയത് ! വരുന്ന കാര്യം ആരോടും പറഞ്ഞില്ല. എങ്കിലും പരിചയക്കാർ നാട്ടിലേയ്ക്ക് കൊടുത്തു വിടാൻ പലതും അയാളുടെ കയ്യിൽ കൊടുത്തു വിട്ടിരുന്നു. അവരൊക്കെ വീട്ടിലും പറഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പ്.
അരവിന്ദ്, സുഹൃത്തായ വിപിനെ മാത്രം വിളിച്ചു എയർപോർട്ടിൽ വണ്ടിയുമായി എത്താൻ ആവശ്യപ്പെട്ടു.
അങ്ങനെ അയാൾ രണ്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
വീട്ടിലേയ്ക്കുള്ള യാത്രയിൽ ആണ് വിപിൻ അവളെ കുറിച്ച് സംസാരിച്ചത്. ആ സ്വരം കേട്ടിട്ട് ഒന്നര വർഷം ആയിരിക്കുന്നു.
അവൾ തന്നെ കാണാൻ അനുവദിക്കുമോ എന്ന് പോലും തീർച്ചയില്ലായിരുന്നു. അവളോട് ഇപ്പോൾ തന്റെ മനസ്സിൽ ഉള്ളത് സംശയം ആണോ പ്രതികാരമാണോ എന്നൊന്നും വേർതിരിച്ചറിയാൻ പറ്റുന്നില്ല.
പക്ഷെ അവൾക്ക് വേറെ വിവാഹം ആലോചിക്കുന്നു എന്ന് വിപിൻ പറഞ്ഞത് കേട്ടപ്പോൾ മുതൽ വല്ലാത്തൊരു പിടച്ചിൽ പോലെ. മനസ്സിൽ അതുവരെ ഉണ്ടായിരുന്ന സന്തോഷം മുഴുവനും കെടുത്തി കളഞ്ഞത് പോലെ..
അല്ലെങ്കിലും ഇത്രയും നാൾ തിരിഞ്ഞു നോക്കാത്ത ഭർത്താവിനെ ഏത് പെൺകുട്ടിയാണ് ഇനി ആഗ്രഹിക്കുന്നത്..
മനസ്സിൽ ഇരുന്ന് ആരോ തന്റെ നേർക്ക് വിരൽ ചൂണ്ടുന്നു.
അവളുടെ ഭാഗത്ത് തെറ്റ് ഉണ്ടോ എന്ന് ഒരിക്കലും ചിന്തിച്ചില്ല. അന്നൊക്കെ വികാരം മാത്രമായിരുന്നു തന്നെ ഭരിച്ചത്.
ഓരോരോ അനാവശ്യ ചിന്തകളും താണ്ടി നിമിഷങ്ങൾ മണിക്കൂറുകളായി ഓടികൊണ്ടിരുന്നു.
കാർ വീട്ടിലേക്ക് അടുക്കുംതോറും വല്ലാത്തൊരു ടെൻഷൻ.
വീട്ടിലേക്ക് വിളിക്കുമ്പോഴൊക്കെ, അമ്മയും അനിയന്മാരും ഓരോന്നും പറഞ്ഞു അയാളെ കുറ്റപ്പെടുത്തുമ്പോൾ അവളുടെ വീട്ടിലേക്ക് പോയി അവളെ ഒപ്പം കൂട്ടിക്കൊണ്ട് വരാൻ തന്നെ തീരുമാനിച്ചു. അതുകൊണ്ട് കാർ നേരെ പല്ലവിയുടെ വീട്ടിലേക്ക് വിടാനാണ് പറഞ്ഞത്.
അവൾ അവിടെയുണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ എങ്ങനെ ആയിരിക്കും സ്വീകരിക്കുക! അവളുടെ വീട് പുതിയ പെയിന്റ് അടിച്ചു മനോഹരമാക്കിയിരുന്നു.ഒരുപാട് ചെടികളും പൂക്കളും കൊണ്ടു മുറ്റം അലങ്കരിച്ചിരിക്കുന്നു.
കയറി ചെല്ലാനുള്ള മടികൊണ്ട് സിറ്റൗട്ടിൽ ഇടർച്ചയോടെ നിൽക്കുമ്പോൾ പുറത്ത് വന്ന വാഹനത്തിന്റെ ശബ്ദം കേട്ട്
പല്ലവിയുടെ അമ്മ ഇറങ്ങി വന്നു.
പ്രതീക്ഷിച്ച ഒരു സന്തോഷവും ആ മുഖത്ത് കണ്ടില്ല.. ഒട്ടും തെളിച്ചമില്ലാതെയാണ് അവർ സംസാരിച്ചത്.
“പല്ലവി ഇപ്പോൾ ഇവിടെ ഇല്ല. ഒരു ജോലി കിട്ടി അവൾ ദൂരെയുള്ള നാട്ടിൽ ആണ്. ഇനി ഈ ബന്ധത്തിന് അവൾക്ക് ഒട്ടും താൽപ്പര്യം ഇല്ല. നീ എന്നെങ്കിലും നാട്ടിൽ വരുമ്പോൾ വക്കീൽ നോട്ടീസ് അയയ്ക്കാൻ പറഞ്ഞിട്ടുണ്ട്. എന്റെ മോൾക്ക് ഭാവി ഇല്ലാതായി പോയിട്ടൊന്നുമില്ല.
ഇതല്ലെങ്കിൽ വേറൊന്ന്.അവളെ ഞങ്ങൾ എന്തായാലും വെറുതെ നിർത്താൻ പോകുന്നില്ല.ഒരു ബന്ധം ചീഞ്ഞു പോയെന്ന് കരുതി മറ്റൊന്ന് വളമാകില്ലെന്ന് പറയാൻ പറ്റില്ലല്ലോ. അമ്മ പറഞ്ഞവസാനിപ്പിച്ചത് പോലെ
തിരിഞ്ഞു നടന്നു.
ഒന്നും തിരിച്ചു പറയാനില്ലാതെ വാക്കുകൾ വറ്റി വരണ്ട് അവിടെ തറഞ്ഞു നിൽക്കുമ്പോൾ കൂടെ വന്നവർ അയാളുടെ ചുമലിൽ പിടിച്ചു.
“നീ വിഷമിക്കണ്ട, എല്ലാം ശരിയാകും. നമുക്ക് ശരിയാക്കാം.”
കണ്ണ് നീർ മൂടി മുന്നിലെ കാഴ്ചകൾ അവ്യക്തമായിരുന്നു. പടിയിറങ്ങുമ്പോൾ മനസ്സ് വല്ലാതെ കുറ്റബോധത്തിന്റെ പിടിയിൽ അമർന്നിരുന്നു. ഒരു ജീവിതം വെച്ചാണ് താൻ കളിച്ചതെന്ന കുറ്റബോധം.
ഒരിക്കലും അവളെ ഒന്ന് വിളിക്കാൻ തോന്നിയില്ല.എത്ര വട്ടം ഏതൊക്കെ നമ്പറിൽ നിന്ന് അവൾ തന്നെ വിളിച്ചിരിക്കുന്നു.
ഒന്ന് കണ്ട് ആ കാലിൽ വീണ് അവളോട് മാപ്പ് പറയാൻ കൊതി തോന്നി.
അവൾക്കിനി തന്നെ വേണ്ടത്രേ!
അതെ, ഏത് പെൺകുട്ടിയായാലും ഇങ്ങനെ ഒക്കെയേ ചിന്തിക്കൂ..ഒരിക്കലും അവളെയും അവളുടെ വീട്ടുകാരെയും കുറ്റം പറയാൻ പറ്റില്ല. എല്ലാം തന്റെ നശിച്ച സംശയം ആണ് കാരണം.
” ഇപ്പൊ നിന്റെ സംശയം എല്ലാം തീർന്നോടാ?’
കാറിന്റെ പിൻ സീറ്റിലേയ്ക്ക് തല ചേർത്തു വെച്ച് കിടക്കുമ്പോൾ ആ കർക്കശ സ്വരത്തിലുള്ള ചോദ്യം കേട്ട് അരവിന്ദ് ഞെട്ടി
തലയുയർത്തി നോക്കി.
പല്ലവിയുടെ തൊട്ടയല്പക്കത്തെ വീട്ടിലെ കൂട്ടുകാരിയുടെ അമ്മയാണ് !
കാറിൽ നിന്ന് പുറത്തിറങ്ങി.
“അങ്ങ് മരുഭൂമിയിൽ കിടക്കുന്നവര് പലതും പറയും.അതൊക്കെ വിശ്വസിച്ചു സ്വന്തം ജീവിതം ഇല്ലാതാക്കുന്നവൻ മണ്ടനാണെന്നെ ഞാൻ പറയൂ..
അവിടെ കഴിയുന്നവർക്ക് ഒരു തോന്നലുണ്ട്. നാട്ടിലുള്ള ഗൾഫുകാരുടെ ഭാര്യമാർ മുഴുവനും പെഴയാണെന്ന്. കിട്ടുന്ന കാശ് വല്ലവൻമാർക്കും കൊടുത്തു സുഖിച്ചു കഴിയുകയാണെന്ന്. പക്ഷെ,എനിക്ക് നന്നായിട്ടറിയാമെടാ അവരെക്കുറിച്ച്.
എനിക്കും ഉണ്ട് ഗൾഫുകാരനായ ഒരു മരുമകൻ . അവന് വേണ്ടി മാത്രം നേർച്ചയും വഴിപാടും കഴിച്ച് അവധി കഴിഞ്ഞു നാട്ടിൽ എത്തുന്നതും കാത്തു ദിവസങ്ങൾ എണ്ണിയെണ്ണി കഴിയുന്ന എന്റെ മകളെ പോലെയേയുള്ളൂ നിന്റെ പല്ലവിയും.
പിന്നെ അവൾക്ക് നീ ദോഷം കണ്ടത് നിന്റെ വീട്ടിൽ ഇളയ അനിയൻമ്മാരുള്ളത് മാത്രം.അവരോടൊപ്പം എന്തെങ്കിലും ഒരാവശ്യത്തിന് പുറത്ത് പോകേണ്ടി വരുന്നത് എങ്ങനെ തെറ്റാകും.
അവരുടെ ഏട്ടത്തിയമ്മയല്ലേടാ അവൾ. നീ ഇല്ലാത്ത വീട്ടിൽ അവരല്ലേ അവൾക്ക് ഒരു സഹായം ആകേണ്ടത്. അതിന് അവരുടെ ഒപ്പം കിടന്നു കൊടുക്കുന്നവൾ എന്നാണോ അർത്ഥം..
നീയിത്ര മനസ്സാക്ഷി ഇല്ലാത്തവനായിപ്പോയല്ലോടാ. തങ്കം പോലത്തെ സ്വഭാവമുള്ള കൊച്ചിനെ കിട്ടിയിട്ടും അതിന്റെ വിലയറിയാതെ കണ്ണുനീര് കുടിപ്പിക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു.
ആ പെങ്കൊച്ചു കരഞ്ഞു നിലവിളിച്ചു ഇവിടെ നിൽക്കാൻ വന്നപ്പോൾ നാട്ടുകാർ എന്ത് കരുതും നാണക്കേട് ആണ് എന്നൊക്കെ അവളുടെ വീട്ടുകാർ പറഞ്ഞത് കേട്ടിട്ടാണ് അവൾ നാടും വീടും വിട്ട് ദൂരെ ജോലിക്ക് പോയത്.
അറിയ്യോ നിനക്ക്?
അതിനെപ്പോലൊരു പെൺകുട്ടിയെ കൈ വിട്ടാൽ നിനക്ക് ഒരിക്കലും ഈ ജന്മത്തിൽ ഗതി കിട്ടില്ല, ഒരിക്കലും..”
അരവിന്ദ് തൊണ്ട വരണ്ട് വാക്കുകൾ വറ്റി കാറിന്റെ ഡോറിൽ പിടിച്ചു നിന്നു.
ചുറ്റുമുള്ള വീടുകളിൽ നിന്ന് ചിലരൊക്കെ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
എത്രയും പെട്ടന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് തോന്നിയത്.
പക്ഷെ,കാലുകൾ ഉറച്ചു പോയിരുന്നു.
ഒരു വിധത്തിൽ അയാൾ കാറിലേയ്ക്ക് കടന്നിരുന്നു.
പോകാം.. മുന്നിൽ ഇരുന്ന ഡ്രൈവറോടായി പറഞ്ഞു. പിന്നെ സീറ്റിലേയ്ക്ക് കണ്ണുകൾ അടച്ച് ചാരിയിരുന്നു.
ഇടയ്ക്ക് എപ്പോഴോ കണ്ണുകൾ അനുവാദം ചോദിക്കാതെ കവിളുകളെ നനയിച്ചു കൊണ്ടിരുന്നു. വിപിൻ മാത്രം ഇടയ്ക്ക് എന്തൊക്കെയോ ഡ്രൈവറോട് സംസാരിച്ചു കൊണ്ടിരുന്നു. അവളെ വിളിക്കാതിരുന്നപ്പോഴൊക്കെയും അവളെ ജീവനായി സ്നേഹിച്ചിരുന്നു.
അവൾ മനസ്സ് കൊണ്ട് പോലും ആരെയും ഓർക്കുന്നതോ ഇഷ്ടപ്പെടുന്നതോ സഹിക്കാൻ കഴിയില്ലായിരുന്നു.. വീട്ടിൽ എത്തിയത് അറിഞ്ഞതേയില്ല. അത്രയ്ക്കും ഓർമ്മകൾ അയാളെ ശ്വാസം മുട്ടിക്കുകയായിരുന്നു..
ഒരു അപരാധിയുടെ ഭാവത്തോടെ തലയും കുനിച്ച് വീട്ടിലേക്ക് കയറി വരുന്ന അരവിന്ദന്റെ മുഖം കണ്ട് വീട്ടിലുള്ളവർ പരസ്പരം നോക്കി.
ഇവനിതെന്തൊരു കോലമാണ്. പോയതിന്റെ പകുതി ആയിരിക്കുന്നു.
വന്ന പാടെ ആരോടും മിണ്ടാതെ ഹാളിലെ ദീവാൻ കോട്ടിലേയ്ക്ക് മറിഞ്ഞു. മനസ്സ് മാത്രമല്ല, ഈ വീടും ശൂന്യമായിരിക്കുന്നു! അവളില്ലാത്ത ഇടത്തേയ്ക്ക് വരേണ്ടിയിരുന്നില്ല. അവന്റെ കിടപ്പ് കണ്ടു അമ്മയും സഹോദരങ്ങളും അന്തം വിട്ടു.
ആകെ നിരാശനായി, ഒന്നും മിണ്ടാതെ..
എത്ര നേരം ആ കിടപ്പ് കിടന്നെന്ന് അറിയില്ല. ആരും അയാളെ ശല്യപ്പെടുത്താനും തുനിഞ്ഞില്ല. എപ്പോഴോ കണ്ണുകൾ വലിച്ചു തുറന്നപ്പോഴാണ്
തന്റെ പിന്നിലായി കണ്ട മുഖം അയാളെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞത് .
പല്ലവിയുടെ നനഞ്ഞ മുഖം!! ഇവൾ ഇവിടെ?
അപ്പോൾ അമ്മ പറഞ്ഞത് കളവായിരുന്നോ, അതോ ഈ കാണുന്നത് വെറും കിനാവ് മാത്രമായിരിക്കുമോ?
പിടഞ്ഞെഴുന്നേറ്റു.
“നീ ഇവിടെ.. അപ്പോൾ ജോലിക്ക് പോയെന്ന് പറഞ്ഞതോ..?”
“ഞാൻ എല്ലാം അവസാനിപ്പിച്ചു പോയതാണ് ഇവിടെ നിന്ന്. പക്ഷെ അച്ഛൻ എന്തൊക്കെയോ കളവുകൾ പറഞ്ഞു എന്നെ ഇവിടെയ്ക്ക് വിളിച്ചു വരുത്തി. അത് പക്ഷെ, നിങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ അറിഞ്ഞില്ല.. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇങ്ങോട്ടേക്ക് വരില്ലായിരുന്നു.”
അവളുടെ ആ മുറുകിയ മുഖം കണ്ടു അമ്പരന്ന് നിൽക്കുമ്പോൾ അവൾ പെട്ടന്ന് അകത്തേയ്ക്ക് കയറി പോകുന്നതാണ് കണ്ടത്..
പൂച്ചക്കുഞ്ഞിനെ പോലെയിരുന്ന ഇവളുടെ
ഈ മാറ്റത്തിനു കാരണക്കാരൻ താൻ തന്നെയാണ്. അതുകൊണ്ട് തന്നെ
അയാൾക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.
പക്ഷെ, അവൾ പോയതിലും വേഗത്തിൽ തിരികെ എത്തിയത് കയ്യിൽ ഒരു ബാഗുമായിട്ടായിരുന്നു. അതുകണ്ടപ്പോൾ ഉള്ള് ഒന്ന് ആളി! ഇവളിതെന്ത് ഭാവിച്ചാണ്.
“ഞാൻ പോകുന്നു. ഇനി നമുക്ക് കോടതിയിൽ വെച്ച് കാണാം.”
ഒട്ടും കൂസലില്ലാതെ അതും പറഞ്ഞിട്ട് തിടുക്കത്തോടെ പോകാൻ തുടങ്ങുന്ന പല്ലവിയുടെ മുന്നിലേക്ക് അരവിന്ദ്
കയറി നിന്നു.
” എന്നോട് ക്ഷമിക്കാൻ നിനക്ക് കഴിയില്ലെങ്കിൽ പൊയ്ക്കോ, എങ്ങോട്ട് വേണമെങ്കിലും.
പക്ഷെ, നീയല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല.
ഞാൻ സമ്മതിക്കുന്നു എന്റെ സംശയമാണ് എല്ലാത്തിനും കാരണമെന്ന്.
അതിന് ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം.. ”
“എങ്കിൽ ഇന്ന് തന്നെ എന്നെയും കൊണ്ട് കാശ്മീരിൽ പോകാമോ..?”
അവൻ ഒന്ന് ഞെട്ടി. കല്യാണം കഴിഞ്ഞ് ഹണിമൂൺ നാളുകളിൽ ആദ്യമായ് അവളാവശ്യപ്പെട്ട ഒരേയൊരു കാര്യം! അന്ന് പക്ഷെ, പോകാൻ കഴിഞ്ഞില്ല.അതിന്റെ പക തീർക്കുകയാണോ?
“അവിടെ മാത്രമല്ല നീ പറയുന്ന എവിടെ വേണമെങ്കിലും കൊണ്ടു പൊയ്ക്കോളാമേ.. പക്ഷെ, കാശ്മീരിൽ ഇന്ന് തന്നെ പോണോ. നാളെയായാലും പോരേ?”
കൈ കൂപ്പി നിൽക്കുന്ന ഭർത്താവിനെ കണ്ട് അവൾക്ക് കണ്ണീരിനിടയിലൂടെയും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
അനുഭവിച്ച വിഷമങ്ങൾ മുഴുവനും മറന്ന് കളയുന്നത് ഞാൻ അഭിമാനമില്ലാത്തവൾ ആയിട്ടല്ല..
വിശ്വാസം ഇല്ലാത്തവന്റെയൊപ്പം ഇനിയും പൊറുത്താൽ അത് ജീവിതം കൂടുതൽ ശ്വാസം മുട്ടലുണ്ടാക്കുമെന്ന് അറിയാഞ്ഞിട്ടുമല്ല. പക്ഷെ, സ്നേഹിച്ചു പോയി..
നിങ്ങളെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയി.ഏതൊരു സാധാരണ പെണ്ണിനേയും പോലെ താലി കെട്ടിയവനോട് ക്ഷമിക്കാനുള്ള ഹൃദയമുണ്ടായിപ്പോയി..
ഒഴുകിയിറങ്ങുന്ന കണ്ണീരൊന്ന് തുടയ്ക്കാൻ പോലും കഴിയാതെ തകർന്ന തംബുരു പോലെ നിൽക്കുന്ന പല്ലവിയെ കണ്ടപ്പോൾ അരവിന്ദന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഒരു ക്ഷമാപണം പോലെ അവളെ അയാൾ നെഞ്ചിലേയ്ക്ക് അടക്കിപ്പിടിച്ചു. ഇനിയൊരിക്കലും വിട്ടു പോകില്ല, നിന്നെ വിഷമിപ്പിക്കില്ല പൊന്നേ..എന്ന് കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞു.
“അപ്പോൾ നാളെ കാശ്മീരിൽ പോകാനുള്ളതാ. സമയം കളയാനില്ല. വേഗം വാ.. ” അയാൾ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ മുറിയിലേയ്ക്ക് നടന്നു.
അപ്പോൾ, പിന്നിൽ അത് കണ്ടു കൊണ്ടു നിന്നിരുന്ന വീട്ടുകാരും, ആ ചിരി കായലിലേക്ക് അറിയാതെ വഴുതി വീഴുകയായിരുന്നു.