(രചന: അംബിക ശിവശങ്കരൻ)
” വർഷ…. താൻ ഒന്ന് പെട്ടെന്ന് റെഡിയായിട്ട് വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം… ”
അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങവേ വാതിൽക്കൽ മുഴങ്ങിയ തന്റെ ഭർത്താവിന്റെ ശബ്ദം കേട്ടവൾ പകച്ചുനിന്നു.
രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയ്ക്ക് ഇങ്ങനെയൊരു വിളി പതിവില്ലാത്തതായിരുന്നു.
പൊരുത്തങ്ങളെകാൾ പൊരുത്തക്കേടുകൾ നിറഞ്ഞുനിന്ന ജീവിതത്തിൽ ഇത്തരത്തിലുള്ള നിമിഷങ്ങൾക്ക് പിന്നെ എന്ത് സ്ഥാനമാണ് ഉള്ളത്?
“താനെന്താ ആലോചിക്കുന്നത്? സമയം കളയാതെ വേഗം റെഡിയാക്. ഇനിയിപ്പോ താൻ ഇവിടെ ഒന്നും കുക്ക് ചെയ്യാൻ നിൽക്കണ്ട. ഭക്ഷണമൊക്കെ നമുക്ക് പുറത്തുനിന്നും കഴിക്കാം.””
അതും പറഞ്ഞ് അയാൾ അവിടെ നിന്ന് അപ്രത്യക്ഷനായി. പ്രതീക്ഷയുടെ ഒരു നേരിയ കണിക അവളിൽ പ്രകടമായി.
നഷ്ടപ്പെടും എന്ന് ഭയന്നിരുന്ന ജീവിതം തിരിച്ചു ലഭിക്കാൻ പോവുകയാണോ…. ഇത്രനാൾ അനുഭവിച്ച അവഗണനകൾക്കെല്ലാം ഒരു അറുതി ഉണ്ടാകുവാൻ പോവുകയാണോ,… അറിയില്ല.
നിറഞ്ഞ ഉത്സാഹത്തോടെ തനിക്കേറെ പ്രിയപ്പെട്ട സാരി കണ്ണാടിയുടെ മുന്നിൽ നിന്ന് പലവട്ടം ഞൊറിഞ്ഞുടുത്തിട്ടും അവൾക്ക് തൃപ്തിയായില്ല. ഒടുക്കം അണിഞ്ഞൊരുങ്ങി തന്റെ ഭർത്താവിന്റെ മുന്നിൽ വന്നു നിന്നതും അയാളുടെ ഒരു നോട്ടം പോലും അവളിൽ പതിച്ചില്ല എന്നതാണ് സത്യം.
യാത്രയിൽ ഉടനീളം തികഞ്ഞ മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു. അയാളുടെ ഗൗരവമേറിയ മുഖഭാവം അവളിൽ എന്തെന്നില്ലാത്ത പരിഭ്രാന്തി പടർത്തി.
” എങ്ങോട്ടാ മനുവേട്ടാ നമ്മൾ പോകുന്നത്…? കുറെ നേരമായല്ലോ യാത്ര തുടങ്ങിയിട്ട്. ”
നീണ്ട നേരത്തെ മൗനം ത്യജിച്ചുകൊണ്ട് മങ്ങിയ പുഞ്ചിരിയോടെ അവൾ ചോദിച്ചു.
” ദാ സ്ഥലം എത്തി. കഷ്ടിച്ച് ഒരു കിലോമീറ്റർ കൂടി ”
അതും പറഞ്ഞയാൾ ഡാഷ്ബോർഡിൽ വെച്ചിരുന്ന ഫോണെടുത്ത് ആരെയോ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്നു.
മനോഹരമായ ഒരു റിസോർട്ടിലേക്ക് ആണ് വണ്ടി ചെന്നു നിന്നത്. ചെത്തി മിനുക്കിയ പുൽത്തകിടുകളും മനോഹരമായി പടർന്നു പന്തലിച്ച് തണൽവിരിപ്പേകുന്ന വൃക്ഷക്കൂട്ടങ്ങളും ആ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കുന്നു.
എത്ര അശാന്തമായ മനസ്സിനെയും പിടിച്ചുനിർത്താൻ പ്രാപ്തിയുള്ള ഒരു അന്തരീക്ഷം.
ഓരോ മരങ്ങളുടെ ചുവട്ടിലും ഭംഗിയുള്ള മരത്തടികൾ കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും മേശയും. അയാൾ അവിടെ ആരോടൊക്കെയോ സംസാരിക്കുന്ന നേരം അവൾ ആ പ്രകൃതിഭംഗി മുഴുവനും ആസ്വദിച്ചു നിന്നു.
” നമുക്ക് അങ്ങോട്ട് ഇരിക്കാം. ”
പുറകിൽ നിന്നും അയാളുടെ ശബ്ദം കേട്ടാണ് സ്വപ്നലോകത്തിൽ നിന്നെന്നതുപോലെ അവൾ തിരികെ വന്നത്.
ഒരു ഒഴിഞ്ഞ മരത്തിന് കീഴെയായി പ്രത്യേകം സജ്ജീകരിച്ച ബെഞ്ചിൽ അയാളോട് ചേർന്നിരിക്കാൻ ഒരുങ്ങിയ അവളോട് തനിക്ക് അഭിമുഖമായിരിക്കാൻ അയാൾ ആംഗ്യം കാട്ടി.
അപ്പോഴേക്കും ഒരു ട്രേയിൽ ഭംഗിയുള്ള ചില്ല് ക്ലാസുകളിൽ കൂൾഡ്രിംഗ്സുമായി ഒരു ചെറുപ്പക്കാരൻ വന്നു. ചമ്മൽ മറച്ചുവെച്ച് അവൾ ആ ചെറുപ്പക്കാരനെ നോക്കി പുഞ്ചിരിച്ചു.
” എനിക്ക് തന്നോട് ഒരു ഇംപോർട്ടന്റ് മാറ്റർ സംസാരിക്കാൻ ഉണ്ട് കുറെവട്ടം ആലോചിച്ചതിനുശേഷം ആണ് ഞാൻ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. താൻ ഇതിനെ വൈകാരികമായി മാത്രം ഉൾക്കൊള്ളരുത്. ”
അയാൾ ഒന്നു നിർത്തി.
“എന്താ മനുവേട്ടാ?”
അവളുടെ ആശങ്ക കൂടി വന്നു. എങ്കിലും എന്തിനെയും നേരിടാൻ മനസ്സിനെ പാകപ്പെടുത്തി.
” നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാം ഇതിന് മുന്നോട്ടു കൊണ്ടുപോയാൽ ശരിയാകില്ല ”
ഒരു മുഖവുരയും കൂടാതെ അയാൾ പറഞ്ഞു.
” രണ്ടുവർഷമായി നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേവരെ താനുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഞാൻ ആഗ്രഹിച്ച തരത്തിലുള്ള ഭാര്യയല്ല താൻ. പലതും…… പലതും എനിക്ക് ഉൾക്കൊള്ളാൻ പ്രയാസവുമുണ്ട്.
മാത്രവുമല്ല ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്.. ശാരീരികവും മാനസികവുമായി ഞങ്ങൾ ഏറെ അടുത്തു കഴിഞ്ഞു.
തന്റെ കൂടെ ജീവിച്ചാലും ഒരു ഭാര്യയായി തന്നെ അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. വെറുതെ എന്തിനാണ് രണ്ടുപേരുടെയും ഇനിയുള്ള ജീവിതം നശിപ്പിക്കുന്നത്. പറഞ്ഞത് തനിക്ക് മനസ്സിലായി എന്ന് കരുതുന്നു.
ഒരു പൊട്ടിക്കരച്ചിലാണ് അയാൾ പ്രതീക്ഷിച്ചതെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. കുറച്ച് സമയത്തേക്ക് മൗനമായി അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
” താനെന്താ ഒന്നും പറയാത്തത് എനിക്കറിയാം തനിക്കിത് ഉൾക്കൊള്ളാൻ പ്രയാസമാകും എന്ന്.”
” എന്തിന് ഞാൻ പ്രയാസപ്പെടണം മനുവേട്ടാ… സോറി മിസ്റ്റർ മനോജ് സുധാകരൻ.
നിങ്ങൾ നിങ്ങളുടെ തീരുമാനം വ്യക്തമാക്കി ഇനി ഞാൻ എന്റെ തീരുമാനവും വ്യക്തമാക്കേണ്ടേ…?”
അവളുടെ ആ മറുപടി അയാൾ തീരെ പ്രതീക്ഷിച്ചില്ല എന്നതിന് തെളിവായിരുന്നു ഞെട്ടലോടെയുള്ള അയാളുടെ നോട്ടം.
” സങ്കടം ഇല്ലെന്നൊന്നും ഞാൻ പറയുന്നില്ല കാരണം എനിക്ക് നിങ്ങളെ വിശ്വാസമായിരുന്നു. പക്ഷേ അർഹിക്കാത്ത ഒരാൾക്ക് വേണ്ടി കളയാൻ ഉള്ളതല്ല ഇനി എന്റെ ജീവിതം.
എനിക്കും നിങ്ങൾ യോജിച്ച ഒരാൾ അല്ല അത് ഞാൻ ഈ നിമിഷം മനസ്സിലാക്കുന്നു. പക്ഷേ നിങ്ങൾ കൂടെയുള്ളപ്പോൾ ഒരിക്കലും ഞാൻ മറ്റൊരു വ്യക്തിയെ തേടി പോയിട്ടില്ല. അക്കാര്യത്തിൽ നിങ്ങളെക്കാൾ മാന്യത പുലർത്തിയത് ഞാൻ തന്നെ.
അംഗീകരിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾക്കത് നേരത്തെ തുറന്നു പറയാമായിരുന്നു. എന്റെ ജീവിതത്തിലെ രണ്ടു വർഷങ്ങൾ ആണ് ഞാൻ നിങ്ങൾക്ക് വേണ്ടി നഷ്ടമാക്കിയത്.
ഇഷ്ടമില്ലാത്തിടത്തുനിന്ന് മാന്യമായി ബൈ പറഞ്ഞു പോകാനുള്ള മിനിമം കോമൺസെൻസ് എനിക്കുണ്ട്.
“വർഷ ഞാൻ…”
ഇടയ്ക്ക് സംസാരിക്കാൻ തുടങ്ങിയ അയാളോട് വേണ്ടെന്ന് കൈകൊണ്ട് തടുത്ത് അവൾ ആംഗ്യം കാണിച്ചു.
” നിങ്ങൾ ഉപേക്ഷിച്ചു എന്ന് കരുതി ഞാൻ പോയി ചാകും എന്നൊന്നും കരുതേണ്ട. അത്യാവശ്യം നല്ല രീതിയിൽ വിദ്യാഭ്യാസം തന്നാണ് എന്റെ പാരന്റ്സ് എന്നെ നിങ്ങൾക്ക് വിവാഹം കഴിച്ചു തന്നത്.
അന്തസായി ജോലി ചെയ്തു തന്നെ ഞാൻ ജീവിക്കും. ഇത് കേൾക്കുമ്പോൾ അവർക്ക് കുറച്ചു വിഷമം ഉണ്ടാകും പക്ഷേ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളുടെ കൂടെ ജീവിച്ചാൽ ഉള്ള ദുരവസ്ഥയെക്കാൾ എത്രയോ ഭേദമാണ് ഇതെന്ന് കരുതി അവർ സമാധാനിച്ചേക്കും.
പിന്നെ നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. രണ്ടുവർഷം മാത്രമല്ലേ എന്നെ വിഡ്ഢിയാക്കിയുള്ളു… പൊരുത്തക്കേടുകൾ മറച്ചുവെച്ച് വേറെ ബന്ധം തേടി പോവുകയല്ല വേണ്ടത് അത് പരസ്പരം തുറന്നു സംസാരിച്ചു പരിഹരിക്കാൻ ശ്രമിക്കണം.
എന്നിട്ടും കഴിഞ്ഞില്ലെങ്കിൽ നല്ല മനസ്സോടെ വേർപിരിയണം. അതിന് ഇതിനേക്കാൾ എത്രയോ അന്തസ്സ് ഉണ്ട്.
എനിവേ ഗുഡ്ബൈ മിസ്റ്റർ മനോജ് സുധാകരൻ… ”
അവിടെനിന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ അയാൾ തടഞ്ഞു.
” നിൽക്കെടോ ഞാൻ ഡ്രോപ്പ് ചെയ്യാം താൻ എന്നോട് ശത്രുത കാണിക്കരുത്. ”
” എനിക്ക് ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത ആളോട് ഞാൻ ഇനി ശത്രുത വയ്ക്കേണ്ട കാര്യമില്ല. തനിച്ചു പോകാൻ എനിക്കറിയാം.
വിവാഹമാണ് ജീവിതത്തിലെ അവസാന ഘടകം എന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഇനിയും ബാക്കിയുണ്ട്. ബെസ്റ്റ് ഓഫ് ലക്ക്. ”
തിരികെ നടക്കുമ്പോൾ എന്തുകൊണ്ടോ അവളുടെ ഉള്ളു പിടഞ്ഞു. എങ്കിലും ഒരിറ്റ് കണ്ണുനീർ പോലും വീഴാൻ അവൾ അനുവദിച്ചില്ല.
പുരുഷന്റെ കീഴിൽ തൊഴുതു വണങ്ങി ജീവിക്കേണ്ടവളാണ് പെണ്ണെന്നുള്ള ചിന്താഗതി തന്നെ പിച്ചി ചീന്തി എറിയപ്പെടണം. അവൾ അവളായി ജീവിക്കട്ടെ സ്വന്തം സ്വപ്നങ്ങളിലേക്ക് പറന്നുയരട്ടെ.