കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…”

ഉറങ്ങാനാവാത്ത രാത്രികൾ

(രചന: Shincy Steny Varanath)

 

”നിങ്ങക്കിതെന്തിൻ്റെ കേടാ… കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…”

മരുമകളുടെ വായിൽ നിന്ന് വന്ന വാക്കുകൾ ചങ്കിൽ വന്ന് തറച്ചെങ്കിലും, മേരി ടീച്ചർക്ക് ശ്വാസമെടുക്കാൻ കഴിയാതെ പോയത് മകൻ്റെ മൗനത്തിലാണ്…

അമ്മേനെയൊന്ന് തിരിഞ്ഞ് നോക്കി, ഭാര്യ കൈപിടിച്ച് വലിച്ച് കൊണ്ടു പോകുന്ന മകൻ കണ്ണീരിനിടയിലൂടെ മങ്ങിയ കാഴ്ചയായി അകന്ന് പോകുന്നുണ്ട്.

നൈറ്റ് റൈഡിന് പോകാനിറങ്ങിയതായിരുന്നു മകനും മരുമകളും. 8 മാസം പ്രായമായ അവരുടെ കുട്ടിക്ക് ചെറിയൊരു പനിയുള്ളതുകൊണ്ട് ഇന്ന് പോകാതിരിക്കാമോയെന്ന് ചോദിച്ചതിനുള്ള ഉത്തരമാണ് ഇപ്പോൾ കേട്ടത്.

രാത്രിയിൽ മോന് പനി കൂടിയാൽ ഞാൻ തനിയെ എന്ത് ചെയ്യാനാണ്. അടുത്ത ഫ്ലാറ്റിലെ ആളുകളെപ്പോലും പരിചയമില്ല. എല്ലാവരുമായി പരിചയപ്പെടുന്നത് സ്റ്റാൻഡേർഡുള്ളവർക്ക് ചേരുന്നതല്ലെന്ന് പറഞ്ഞ് ആദ്യമെ വിലക്കിയിട്ടുണ്ട്.

‘കെട്ടിയോൻ്റെ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്റ്റ്റേഷൻ…’ വാക്കുകൾ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു. മകൻ്റെ മൗനമല്ലേ അതിലും തന്നെ നോവിക്കുന്നത്…

എല്ലാം അറിയുന്നവനല്ലെയവൻ… തൻ്റെ വിവാഹം കഴിഞ്ഞ് കുറച്ച് നാള് കഴിഞ്ഞപ്പോൾ തന്നെ ഭർത്താവിന് മ ദ്യപാനം തുടങ്ങി… പതിയെ മർദ്ദനവും… കല്യാണം നടക്കാനായിട്ട് കുറച്ചുകാലത്തെയ്ക്ക് മദ്യപാനം നിർത്തിവെച്ചതാണെന്ന് പിന്നീടറിഞ്ഞു.

മ ദ്യപാനം വീണ്ടും തുടങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബക്കാർ, എൻ്റെ കഴിവ് കേടുകൊണ്ടാന്ന് വിധിയെഴുതി മാറ്റി താമസിപ്പിച്ചു. താലിമാല വിറ്റുവരെ കുടി തുടർന്നു.

അതിനിടയിൽ ഇവനും ജനിച്ചു. കുടികൂടും തോറും സംശയവും മർദ്ദനവും കൂടി കൂടി വന്നു. കുട്ടിയായ അവനെയും മർദ്ധിക്കാൻ തുടങ്ങിയപ്പോൾ ആശ്രയത്തിനായി സ്വന്തം വീട്ടിലേയ്ക്ക് പോയി,

കെട്ടിക്കാനുള്ള അനിയത്തീടെയും ആങ്ങളമാരുടെയും ഭാവി, ചോദ്യചിഹ്നമായി മുൻപിൽ നിരത്തി വീട്ടുകാരും, മര്യാദക്കാരൻ്റെ കുപ്പായമണിഞ്ഞ് നല്ല നടനായി അദ്ദേഹവും തകർത്തഭിനയിച്ചപ്പോൾ വിശപ്പിൻ്റെയും വേദനയുടെയും നാളുകളിലേയ്ക്ക് തിരിച്ച് നടക്കേണ്ടി വന്നു.

ഒരിക്കൽ കുടിച്ച് നാലു കാലിൽ കേറി വന്ന ആ മനുഷ്യൻ, നാലു വയസ്സുള്ള മകനെ മുറ്റത്തേയ്ക്ക് വലിച്ചെറിയാൻ തുടങ്ങിയപ്പോൾ, മോനെം എടുത്തോണ്ടോടിയതാണ്.

അന്ന് കൈയിൽ കിട്ടിയതെന്തോവെച്ച് അയാളെറിഞ്ഞത് കൊണ്ട് തല പിളരുന്ന പോലെയാ തോന്നിയത്. അന്ന് തുടങ്ങിയ തലവേദന ഇപ്പഴും കൂട്ടുണ്ട്. “ഇനി ഒരിക്കലും ചാച്ചൻ്റെയടുത്ത് തിരിച്ച് പോകണ്ട…

എനിക്ക് പേടിയാ… അമ്മയ്ക്ക് ഞാനില്ലെ… ഞാൻ പഠിച്ച് വലുതായി അമ്മേനെ പൊന്നുപോലെ നോക്കിക്കോളാം…” എന്നൊക്കെ പറഞ്ഞ മകനാണ് അന്ന് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്. പിന്നെ ജീവിക്കാനുള്ള പോരാട്ടമായിരുന്നു.

അന്നത്തെ അവസ്ഥയറിഞ്ഞ് അടുത്തുള്ള കോൺവെൻ്റ് സ്കൂളിൽ പ്രീപ്രൈമറിയിൽ ടീച്ചറായി സിസ്റ്റേർസ് ഒരു ജോലി തന്നതു കൊണ്ട്, ഒരുപാട് കുഞ്ഞു മക്കൾക്ക് ടീച്ചറുമായി. ഉള്ള വിദ്യാഭ്യാസംവെച്ചും ആരോഗ്യം കൊണ്ടും ഊണും ഉറക്കവുമില്ലാതെ പണിയെടുത്താണ് രണ്ട് ജീവൻ ഇവിടെവരെയെത്തിയത്.

മകൻ പഠിക്കാൻ മിടുക്കനായതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും സങ്കടമില്ലായിരുന്നു. ‘പല രാത്രികളിലും മാനത്തിന് വിലയിട്ട് കതകിന് തട്ടി വിളിച്ചവർക്കൊക്കെ നല്ല മറുപടി കൊടുത്ത് മാറ്റി നിർത്തിയപ്പോൾ, ‘ഇവളുടെ സ്വഭാവ ഗുണം കൊണ്ടാണ് കെട്ടിയോനിട്ടിട്ട് പോയതെന്ന് ‘ പകലിൽ അവർ തന്നെ പറഞ്ഞു നടന്നിട്ടുണ്ട്.

അന്ന് ‘അമ്മയ്ക്ക് ഞാനില്ലെ, എനിക്കമ്മയെ അറിയാമല്ലൊയെന്ന്…’ മകൻ്റെ വാക്കിൽ സങ്കടങ്ങളെല്ലാം അലിഞ്ഞ് പോകുമായിരുന്നു. ഉറങ്ങാനാവാത്ത എത്ര രാത്രികൾ താണ്ടിയിട്ടുണ്ട്.

പഠനം കഴിഞ്ഞ് അവന് ജോലി കിട്ടിയപ്പോൾ മുതൽ എന്നെയവൻ ജോലിക്ക് വിട്ടില്ല. മേലുദ്യോഗസ്ഥൻ്റെ മകളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും, പിന്നീട് അവളെ വിളിച്ചിറക്കികൊണ്ട് വന്നപ്പോഴും ഒരെതിർപ്പും പറഞ്ഞില്ല. സ്വന്തമായി ഒരു മകളെ കിട്ടിയ സന്തോഷമായിരുന്നു…

ജോലിക്ക് പോകാനുള്ള സൗകര്യത്തിന് വീട് മാറണം എന്ന് പറഞ്ഞപ്പോൾ ചെറിയൊരു വേദന തോന്നിയെങ്കിലും സാരമാക്കിയില്ല. വലിയ വീട്ടിൽ കഴിഞ്ഞ കുട്ടിക്ക് നാട്ടിൻ പുറത്ത് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കാൻ എനിക്കാകുമായിരുന്നു.

അവർക്കൊരു കുട്ടിയായി കഴിഞ്ഞപ്പോൾ, ഇങ്ങോട്ട് വരാൻ വിളിച്ചപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു. തീർത്തും ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് കുഞ്ഞുവാവയുടെ കളി ചിരികളിലേയ്ക്കുള്ള മാറ്റം സ്വർഗ്ഗതുല്യമായിരുന്നു.

പതിയെ പതിയെ, കൂലിയില്ലാത്ത വേലക്കാരിയും, ആയയും, കാവൽക്കാരിയുമൊക്കെയായി മാറുന്നതറിഞ്ഞെങ്കിലും മകനുവേണ്ടിയാണല്ലോയെന്നോർത്തപ്പോൾ സങ്കടമൊക്കെ താനെയില്ലാതായി.

ഫോൺ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാണ് മേരി ടീച്ചർ ചിന്തയിൽ നിന്ന് മോചിതയായത്…

നാത്തൂനാണ്… മകന് ജോലിയൊക്കെയായപ്പോൾ പണ്ട് മാറ്റി നിർത്തിയവരോക്കെ ഇപ്പോൾ വലിയ സ്നേഹത്തിലാണ്.

ഹലോ… സാലി… എന്തുണ്ട് നാട്ടിൽ വിശേഷം?

ഇവിടല്ലല്ലോ അവിടല്ലേ വിശേഷം…

ഇവിടെ പ്രത്യേകിച്ച് വിശേഷമൊന്നുമില്ലല്ലോ…

നാത്തൂനിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയല്ലേ…

ഞാനോ?… എന്തിന് ?

ഒന്നുമറിയാത്ത പോലെ പറയല്ലേ… സിങ്കിൾ പേരൻസ് ചലഞ്ചിൽ നമ്മുടെ അരുൺ നാത്തൂൻ്റെ കഥയിട്ടിട്ടില്ലായിരുന്നോ. അവനെ കഷ്ടപ്പെട്ട് വളർത്തിയതിൻ്റെ കാര്യവും, അവനും ഭാര്യയും കൂടി ഇപ്പോൾ നാത്തൂനെ പൊന്നുപോലെ നോക്കുന്നതിൻ്റെ വിശേഷവുമൊക്കെ അതിലുണ്ട്.

അവനും അവളും നാത്തൂനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടൊയെന്നാ രസമാ കാണാൻ… 15Kയാണ് ലൈയ്ക്ക്, 1 K കമൻ്റും. ഒന്നും പറയണ്ട… നാത്തൂൻ കണ്ടില്ലായിരുന്നോ…

ഞാൻ പിന്നെ വിളിക്കാം സാലി… മോനെഴുന്നേറ്റുന്നു തോന്നുന്നു… ok…bye…

മോനെ ഒന്നുകൂടി കൊട്ടിയുറക്കിയതിന് ശേഷം, മേരി ടീച്ചർ മൊബൈലെടുത്തു… മോന് ജോലി കിട്ടിയതിന് ശേഷമുള്ള എൻ്റെ ആദ്യ പിറന്നാളിന് അവൻ സമ്മാനിച്ചതാണ്. അമ്മയ്ക്ക് സമയം പോകാൻ FB അക്കൗണ്ടും whatsappഉം തുടങ്ങി തന്നിരുന്നു. ഇവിടെ എത്തിയതിന് ശേഷം ഫോൺ തൊടാനെ സമയം കിട്ടാറില്ല.

FB തുറന്നപ്പോഴെ കണ്ടു സാലി പറഞ്ഞ ഫോട്ടോയും പോസ്റ്റും… അന്നത്തെ കഷ്ടപ്പാടുകളെല്ലാം ഒന്ന് രണ്ട് വരികളിലൊതുക്കി, മക്കൾ അമ്മയ്ക്കിപ്പോൾ തരുന്ന സുഖ സൗകര്യങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പാരഗ്രാഫ് തീർത്തിട്ടുണ്ട്.

കുടുംബക്കാരും പരിചയക്കാരുമൊക്കെ ഷെയറ് ചെയ്തിട്ടുണ്ട്. 15 ൽ നിന്ന് 16kയായിട്ടുണ്ട് ലൈയ്ക്ക്… അമ്മയെ പൊന്നുപോലെ നോക്കുന്ന മകനും മകൾക്കുമാണ് കൂടുതൽ അഭിനന്ദനവും ആശംസയുമെല്ലാം…

കഴിഞ്ഞ ദിവസം ചേർന്ന് നിന്ന് ഫോട്ടൊയെടുത്തപ്പോൾ നിറഞ്ഞത് മനസ്സാണെങ്കിൽ ഇന്ന് നിറയുന്നത് കണ്ണാണ്… ഇതിനായിരുന്നെന്ന് തന്നോട് പറഞ്ഞതുമില്ല… എല്ലാ ഓൺലൈൻ മീഡിയകളും പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്…

വേറെയും അമ്മമാരും അപ്പൻമാരും വൈറലായവരുടെ കൂട്ടത്തിലുണ്ട്… ചിരിച്ചു നിൽക്കുന്ന അവരുടെയുള്ളും എന്നെപോലെ നീറുന്നുണ്ടാകുമോ…

ഇല്ല… എല്ലാവരും ഒരു പോലല്ലല്ലോ…

ഞാൻ കൊടുത്ത സ്നേഹം തിരികെ പ്രതീക്ഷിക്കുന്ന സ്വാർത്ഥയായതുകൊണ്ടാകും ഇത്ര വേദന… മോള് പറഞ്ഞപോലെ ഭർത്താവിൻ്റ കൂടെ ജീവിക്കാത്തതുകൊണ്ടാകും അവരുടെ സന്തോഷങ്ങളെ ഉൾക്കൊള്ളാനാകാത്തതും…

അങ്ങനെ ഞാനും വൈറലായല്ലോയെന്നോർത്ത് മേരി ടീച്ചർ പുറത്തേയ്ക്ക് വെറുതെ നോക്കിയിരുന്നു…

പുറത്ത് നല്ലയിരുട്ടാണ്…

പണ്ട്, പേടിച്ചുറങ്ങാതിരുന്ന രാത്രികളിൽ പുറത്തുള്ളതിനേക്കാൾ ഇരുട്ട് മുന്നോട്ടുള്ള ജീവിതത്തിനാണെന്ന് തോന്നിയിട്ടുണ്ട്…

തപ്പിത്തടഞ്ഞ്… എങ്ങോട്ടെന്നറിയാതെയുള്ള ഒരു യാത്രയായിരുന്നു അത്…

ഇന്നും ഇരുട്ട് തൻ്റെ ജീവിതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു…വേഷമൊന്ന് മാറിയിട്ടുണ്ടെന്ന് മാത്രം… ഉറങ്ങാനാവാത്ത രാത്രികൾ ഇനിയും തന്നെ തേടിയെത്തും…

Leave a Reply

Your email address will not be published. Required fields are marked *