(രചന: ശിഖ)
ജോലി കഴിഞ്ഞ് വീട്ടിൽ ക്ഷീണിച്ചു വന്നു കയറുമ്പോൾ അരുൺ കാണുന്നത് കാലിന്മേൽ കാല് കയറ്റി വച്ച് ബിഗ് ബോസ് കണ്ടിരിക്കുന്ന ഭാര്യയെയാണ്. കുറച്ചായി ഇപ്പൊ പതിവുള്ള കാഴ്ചയാണ് അത്.
“മിനീ… എനിക്ക് ഒരു കപ്പ് ചായ ഉണ്ടാക്കി തരുമോ? നല്ല തലവേദന.” അവൾക്കടുത്ത് വന്നിരുന്ന് അരുൺ പറഞ്ഞു.
“നീങ്ങിയിരിക്ക് അരുൺ, വിയർപ്പ് നാറിയിട്ട് വയ്യ.” മൂക്ക് ചുളിച്ച് കൊണ്ട് മിനി അവനിൽ നിന്ന് അകന്നിരുന്നു.
ഒരിക്കൽ തന്റെ വിയർപ്പ് മണം പോലും ഹരമാണെന്ന് പറഞ്ഞവളാണ് ഇപ്പൊ ഇങ്ങനെ.
“ഒരു ചായ കിട്ടുമോ?”
“വേണമെങ്കിൽ ഇട്ട് കുടിക്ക് അരുൺ. അല്ലെങ്കിലും രാത്രി ഒൻപത് മണിക്കാണോ ചായ കുടിക്കാൻ തോന്നുന്നത്. ചോറും കറികളും കാസറോളിൽ ഉണ്ട്. എടുത്ത് കഴിച്ചിട്ട് പാത്രം കഴുകി വച്ചേക്ക്. ഞാൻ കഴിച്ചതാ. എനിക്ക് ബിഗ് ബോസ് കാണണം. ഇനി ഓരോന്ന് ചോദിച്ചു ഇങ്ങനെ ശല്യം ചെയ്യരുത്.” മിനിയുടെ സംസാരം കേട്ട് അരുണിന് ആകെ സങ്കടം തോന്നി.
അവൻ ഒന്നും മിണ്ടാതെ കിച്ചണിൽ പോയി ഒരു ഗ്ലാസ് ചായ ഇട്ട് കുടിച്ചു. പിന്നെ റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്ന് കിടന്നു. വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ അവന് തോന്നിയില്ല.
ഒരു വർഷമായി അരുണിന്റെയും മിനിയുടെയും കല്യാണം കഴിഞ്ഞിട്ട്. അറേഞ്ച്ട് മാര്യേജ് ആണ്. അരുൺ സിവിൽ എഞ്ചിനീയറാണ്. മിനി ഫാഷൻ ഡിസൈനറാണ്. ഇരുവരും ബാംഗ്ലൂർ സ്വന്തം ഫ്ലാറ്റിലാണ് താമസം.
മധുവിധു സമയത്ത് അരുണിനോട് ഉണ്ടായിരുന്ന സ്നേഹമൊന്നും മിനിക്ക് ഇപ്പൊ അവനോടില്ല. വിവാഹം കഴിഞ്ഞ് മൂന്ന് മാസം ജോലിക്ക് പോയിട്ട് മടി കാരണം സിക്ക് ലീവിന് എഴുതി കൊടുത്ത് അവൾ വീട്ടിലിരിപ്പാണ്.
ഇനിയും ലീവ് ക്യാൻസൽ ചെയ്ത് കേറിയില്ലെങ്കിൽ അത് പോകും. തിരിച്ചു ജോയിൻ ചെയ്യാൻ പറഞ്ഞാൽ അരുണിന് നല്ല സാലറി ഉള്ളോണ്ട് ജോലി പോയാലും സാരമില്ലെന്ന മട്ടാണ് അവൾക്ക്. ഇപ്പൊ മുഴുവൻ സമയവും ടീവിയോ ഫോണോ നോക്കി സമയം തള്ളി നീക്കും. അരുണിനോട് പോലും സംസാരം കുറഞ്ഞു.
അവൻ മാക്സിമം ഒന്നിനും പരാതി പറയാതെ പരിഭവങ്ങൾ മനസ്സിൽ തന്നെ വയ്ക്കാറാണ് പതിവ്. അന്ന് പക്ഷെ അരുണിന് സങ്കടം താങ്ങാനായില്ല. ജോലി കഴിഞ്ഞു ക്ഷീണത്തോടെ വരുമ്പോൾ വീട്ടിലിരിക്കുന്ന ഭാര്യയുടെ കരുതൽ ആഗ്രഹിക്കാത്ത ഭർത്താക്കന്മാർ ഉണ്ടോ?
ടീവി ഓഫ് ചെയ്ത് മിനി വന്ന് അടുത്ത് കിടക്കുമ്പോൾ അരുൺ അവളെ ചെന്ന് ഇറുക്കെ പുണർന്നു. കെട്ടിപിടിച്ചു കിടക്കാൻ വേണ്ടിയാണ് അവനങ്ങനെ ചെയ്തത്. പക്ഷേ മിനി അത് തെറ്റിദ്ധരിച്ചു.
“ഇത്ര നേരം ഉറങ്ങാതെ കിടന്നത് ഇതിന് വേണ്ടിയാണോ? ഇന്നെനിക്ക് മൂഡില്ല അരുൺ. നമുക്ക് നാളെ നോക്കാം. നീ കിടന്ന് ഉറങ്ങാൻ നോക്ക്. നാളെ ഓഫീസിൽ പോണ്ടേ.” നെഞ്ചിന് മുകളിലിരുന്ന അവന്റെ കൈ അവൾ എടുത്തു മാറ്റി.
“ഒന്നും ചെയ്യാനല്ല മിനി… നിന്നെ കെട്ടിപിടിച്ചു കിടക്കാനാ ഞാൻ വന്നത്.”ഇന്നെനിക്ക് മൂഡില്ല അരുൺ. നമുക്ക് നാളെ നോക്കാം. നീ കിടന്ന് ഉറങ്ങാൻ നോക്ക്
“ഓ… ഈ ചൂടത്തു കെട്ടിപിടിച്ചു കിടക്കാത്തതിന്റെ കുറവേയുള്ളു.” പുതപ്പ് തലവഴി മൂടി അവൾ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് ഫോണിൽ കുത്തി തുടങ്ങി.
മറുത്തൊന്നും പറയാതെ അരുണും തിരിഞ്ഞു കിടന്നു. മിക്കവാറും ദിവസം ഇങ്ങനെയൊക്കെ തന്നെയാണ്. മിനിക്ക് ആദ്യത്തെ താല്പര്യമൊന്നും ഒരു കാര്യത്തിലും ഇപ്പോഴില്ല. തന്റെ വിഷമം ആരോട് പറയണമെന്ന് അവനറിയില്ലായിരുന്നു.
വീക്ക് എൻഡിൽ മിനിയെയും കൂട്ടി സിനിമയ്ക്കോ ബീച്ചിലോ പാർക്കിലോ മാളിലോ പോകാമെന്ന് വച്ചാൽ ആൾറെഡി ഫ്രണ്ട്സിന്റെ കൂടെ താൻ എല്ലാടത്തും പോയി വന്നെന്ന് പറഞ്ഞ് അവൾ മടി പിടിച്ചു ഉറങ്ങും.
സൺഡേ അരുൺ ഫ്രീ ആകുന്നത് നോക്കി നിൽക്കാതെ മിനി തന്റെ കൂട്ടുകാരുടെ കൂടെ സിനിമയ്ക്കും ഷോപ്പിംഗിനുമൊക്കെ പോയി വരാറുണ്ട്. അതുകൊണ്ട് അത്തരം യാത്രകൾ അവർക്കിടയിൽ അന്യമായി തുടങ്ങി.
മനസ്സിലെ ഫ്രസ്ട്രേഷൻ സഹിക്കാൻ പറ്റാതെ വന്നപ്പോൾ അരുൺ തന്റെ സുഹൃത്ത് ജീവനോട് കാര്യങ്ങൾ പങ്ക് വച്ചു.
“എന്റെ പ്രശ്നത്തിന് ഒരു സൊല്യൂഷൻ നിനക്ക് പറഞ്ഞു തരാൻ പറ്റുമോ?” എല്ലാം പറഞ്ഞതിന് ശേഷം അരുൺ ചോദിച്ചു.
“നിന്റെ പ്രശ്നം എനിക്ക് മനസ്സിലായി. ഇന്നത്തെ പെൺപിള്ളേരോട് ഉപദേശമൊന്നും നടക്കില്ല.”
“അതെനിക്കും അറിയാം. എന്തെങ്കിലും സംസാരിക്കാൻ തുടങ്ങിയാൽ അതൊരു അടിയിൽ കലാശിക്കും. അത് വേണ്ടെന്ന് വച്ചാ ഞാൻ ഒന്നും മിണ്ടാതെ പോകുന്നത്. അതവൾക്കൊരു കോളായി.”
“ഇതിലിപ്പോ ഒരു വഴിയുണ്ട്.” ജീവൻ പറഞ്ഞു.
“എന്താ അത്?”
“മിനി ജോലിക്ക് പോയി തുടങ്ങിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.”
“അതിനവൾ പോകില്ലല്ലോ. മടി പിടിച്ചു വീട്ടിലിരിപ്പല്ലേ.”
“ഞാൻ മുഴുവൻ പറയട്ടെ. നിനക്ക് ജോലിയുള്ളത് കൊണ്ടും നിങ്ങൾ രണ്ടുപേർ മാത്രമായത് കൊണ്ടും നിന്റെ സാലറിയിൽ തന്നെ ചിലവുകൾ കഴിഞ്ഞു പോകുമല്ലോ. അത് ഇല്ലാതെയാകണം. നീ ജോലിയില്ലാതെ ഇരുന്നാൽ വീട്ടുകാരോട് കൈനീട്ടാൻ മടിച്ച് അവൾ താനേ പൊക്കോളും.”
“ഈ ജോലി വിടുന്നത് നടക്കണ കാര്യമല്ല ജീവാ. ഈ സാലറിയിൽ വേറെ ജോബ് എവിടെ കിട്ടും. എങ്ങാനും പ്ലാൻ കുളമായാൽ പട്ടിണി ആകും.”
“എടാ ഞാനൊന്ന് കംപ്ലീറ്റ് ആക്കട്ടെ. നിന്നോട് ഞാൻ റിസൈൻ ചെയ്യാനൊന്നും പറഞ്ഞില്ലല്ലോ.”
“പിന്നെ എന്താ നിന്റെ പ്ലാൻ.” അരുൺ അവനെ ആകാംക്ഷയോടെ നോക്കി.
“ഒരു ആറുമാസത്തേക്ക് സൈറ്റിൽ നിന്ന് വീണു പരിക്ക് പറ്റിയെന്ന് ഫേക്ക് റിപ്പോർട്ട് കൊടുത്ത് കുറച്ചു നാൾ നീ വർക്ക് ഫ്രം ഹോം ചെയ്യ്.”
“അത് നടക്കോ ജീവാ.”
“അതെല്ലാം ഞാൻ സെറ്റാക്കാം. നീ ഭാര്യയോട് ജോലി പോയെന്ന് കള്ളം പറയ്യ്.”
“എന്തായാലും നീ പറഞ്ഞത് പോലെ ചെയ്ത് നോക്കാം.”
“നമ്മൾ വിചാരിച്ചത് പോലെ നിന്റെ ജോലി പോയെന്ന് അറിയുമ്പോൾ അവൾ ജോലിക്ക് പോകാൻ തയ്യാറായാൽ അവളാ വീട്ടിൽ നിന്നോട് എങ്ങനെ ബീഹെവ് ചെയ്തോ അതുപോലെ നീയും കാണിക്കാൻ തുടങ്ങണം.”
“അത് ഞാനേറ്റു.”
എന്തായാലും കൂട്ടുകാരൻ ഉപദേശിച്ചത് പോലെ തന്റെ ജോലി പോയെന്ന് കള്ളം പറഞ്ഞ് അരുൺ വീട്ടിലിരിക്കാൻ തുടങ്ങി. ജോലിയില്ലെങ്കിൽ തങ്ങളുടെ നിത്യ ചിലവുകൾ എങ്ങനെ നടക്കുമെന്നോർത്ത് മിനിക്ക് ആശങ്കയായി.
വീട്ടുകാരോട് കാശ് കടം ചോദിക്കുന്നത് മോശമാണെന്ന് അവൾക്കറിയാം. ബാംഗ്ലൂർ പോലെയൊരു സിറ്റിയിൽ ജോലി ഇല്ലാതെ പറ്റുകയുമില്ല. അരുണിന് വേറെ ജോലി കിട്ടും വരെ മിനി തല്ക്കാലം ഓഫീസിൽ പോകാൻ തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം ലീവ് ക്യാൻസൽ ചെയ്ത് മിനി ജോലിക്ക് പോയി തുടങ്ങി.
അരുൺ ജോലിക്ക് പോകുമ്പോൾ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒക്കെ അവൾ റെഡിയാക്കി കൊടുക്കാമായിരുന്നു. അതേ കാര്യം അരുണും ചെയ്തു കൊടുത്തു. അതുപോലെ തന്നെ അവൾ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ അവളെന്താണോ തന്നോട് കാട്ടിയത് അതുതന്നെ അവനും ചെയ്തു.
ഓഫീസിൽ പോയി ക്ഷീണിച്ചു വരുന്നതിനാൽ ഭക്ഷണം കഴിച്ച് കിടന്നാൽ മതിയെന്നാകും മിനിക്ക്. തന്നെയൊന്ന് മൈൻഡ് ചെയ്യാതെ മൊബൈലും ടീവിയും നോക്കി കുത്തിയിരിക്കുന്ന അരുണിനെ കാണുമ്പോൾ മിനിക്ക് സങ്കടം വരും. രണ്ട് മാസം അങ്ങനെ പോയി. അവൾ പോയി കഴിഞ്ഞാൽ അരുൺ തന്റെ വർക്ക് ചെയ്ത് തുടങ്ങും. മിനി വരുമ്പോൾ നിർത്തുകയും ചെയ്യും.
“അരുൺ… ഒരു കോഫി ഉണ്ടാക്കി തരോ? നല്ല തലവേദനയുണ്ട്.” ഒരു ദിവസം നേരം വൈകി വന്ന മിനി സോഫയിലേക്ക് വീണ് കൊണ്ട് ചോദിച്ചു.
അത് കേട്ടപ്പോൾ ഒരിക്കൽ താനിത് പോലെ ചോദിച്ചതാണ് അവനോർമ്മ വന്നത്.
“രാത്രി ഒൻപത് മണിക്കാണോ കോഫി? വേണമെങ്കിൽ നിനക്കിട്ടു കുടിക്ക്. എനിക്ക് ക്രിക്കറ്റ് മാച്ച് മിസ്സാക്കാൻ പറ്റില്ല.” മിനിയെ ഒളി കണ്ണിട്ട് നോക്കി അവൻ പറഞ്ഞു.
“നീയെന്തൊരു ദുഷ്ടനാടാ. ജോലി കഴിഞ്ഞു ക്ഷീണിച്ചു ഞാൻ വരുമ്പോൾ എന്നോടൊരു വാക്ക് മിണ്ടാനോ ഒരു കോഫി ഇട്ട് തരാനോ നിനക്ക് വയ്യ. നിനക്ക് കൂടെ വേണ്ടിയാ ഞാൻ ജോലിക്ക് പോകുന്നത്. നിനക്കിവിടെ സുഖിച്ചിരുന്നാൽ മതിയല്ലോ.” ദേഷ്യത്തോടെ മിനി അലറി.
“നമുക്ക് നാല് നേരം തിന്നാനുള്ളത് ഉണ്ടാക്കുന്നതും വീട് ക്ലീൻ ചെയ്യുന്നതും വാഷിംഗ് എല്ലാം ഞാനല്ലേ ചെയ്യുന്നത്. അതെന്താ ജോലിയല്ലേ. ഞാൻ ഓഫീസിൽ പോയിരുന്ന ടൈം നീയും എന്നോട് ഇങ്ങനെ തന്നെ അല്ലായിരുന്നോ? അപ്പോൾ ഞാൻ പരാതി പറയാൻ വന്നോ?” അരുൺ പറഞ്ഞത് കേട്ട് മിനി ഉത്തരം മുട്ടി നിന്നുപോയി.
അവളപ്പോഴാണ് അതേ കുറിച്ച് ബോധവതി ആയത്.
“നീ പകരം വീട്ടുകയാണോ എന്നോട്?”
“അല്ല.. ചില കാര്യങ്ങൾ നിന്നെ ബോധിപ്പിക്കാൻ ഇതേയുള്ളു വഴിയെന്ന് തോന്നി. എന്റെ ജോലി പോയിട്ടൊന്നുമില്ല. നിന്റെ തെറ്റുകൾ മനസിലാക്കിച്ചു തരാൻ വേണ്ടിയാ ഞാൻ…” അരുൺ അവളോട് എല്ലാം തുറന്നു പറഞ്ഞു.
“ഐആം സോറി അരുൺ… മനഃപൂർവം നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാൻ. ഇങ്ങനെയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ലെടാ. നീയെന്നോട് മിണ്ടാതെ ഒന്നിച്ചിരുന്നു കഴിക്കാതെ ടീവി മൊബൈൽ നോക്കി എന്നെ അവഗണിച്ചിരുന്നപ്പോഴാ എനിക്ക് ഫീലായത്. അപ്പോഴൊന്നും നിന്നോട് ഞാൻ ഇങ്ങനെ ചെയ്തതൊന്നും ഓർമ്മയിൽ പോലും വന്നില്ല.
ഇനി എന്തായാലും ഞാൻ ജോലിക്ക് പോകാതിരിക്കുന്നില്ല. എത്ര തിരക്കാണെങ്കിലും നിന്നോട് മിണ്ടാൻ നമുക്കൊരുമിച്ചു ഔട്ടിങ് പോകാനൊക്കെ ഞാൻ ടൈം കണ്ടെത്തും.” അവളുടെ തെറ്റുകൾ അവൾ മനസ്സിലാക്കി അരുണിനെ കെട്ടിപിടിച്ചു മിനി സോറി പറഞ്ഞു..
ജീവന് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് അരുണും അവളെ ഇറുക്കെ പുണർന്നു.