അവളുടെ വീട്ടീന്ന് സ്ത്രീധനം കൊണ്ട് വന്ന പോലെയാ ഇവിടുത്തെ സാധനങ്ങൾ ഓരോന്നും ഉടച്ച് കളയുന്നത്.

(രചന: ശിവ)

 

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് പതിവിലും നേരത്തെയാണ് സുരേന്ദ്രൻ വീട്ടിലെത്തിയത്. വന്ന് കയറിയപ്പോൾ അയാൾ കാണുന്ന കാഴ്ച സുരേന്ദ്രന്റെ അമ്മ രമണി അവന്റെ ഭാര്യയുടെ മുഖത്തടിക്കുന്നതാണ്.

വെള്ളം ഒഴിച്ച് വയ്ക്കുന്ന ഗ്ലാസ്‌ ജഗ് താഴെ വീണ് ഉടഞ്ഞുകിടപ്പുണ്ട്.

“നിന്റെ വീട്ടിൽ നിന്ന് സ്ത്രീധനമായി കൊണ്ട് വന്നതൊന്നുമല്ല ഇതൊന്നും. കുടുംബം മുടിക്കാൻ കെട്ടിയെടുത്ത മൂദേവി.” രമണി മരുമകൾക്ക് നേരെ ആക്രോശിക്കുകയാണ്.

അടികൊണ്ട കവിൾ പൊത്തിപ്പിടിച്ച് വേദന സഹിക്കാനാവാതെ നിൽക്കുകയാണ് രേണുക.

നല്ല രണ്ട് വർത്താനം തിരിച്ചു പറയാൻ തുടങ്ങുമ്പോഴാണ് അവൾ പടി കയറി വരുന്ന ഭർത്താവിനെ കാണുന്നത്. പറയാൻ വന്നത് വിഴുങ്ങി അവൾ സുരേന്ദ്രനെ നോക്കി.

“എന്താ അമ്മേ ഇവിടെ. എന്തിനാ അമ്മയവളെ തല്ലിയത്.?” തെല്ലു ഗൗരവത്തിൽ അവൻ ചോദിച്ചു.

“കണ്ടില്ലേ നിന്റെ ഭാര്യ ചെയ്തുവച്ചേക്കുന്നത്. അവളുടെ വീട്ടീന്ന് സ്ത്രീധനം കൊണ്ട് വന്ന പോലെയാ ഇവിടുത്തെ സാധനങ്ങൾ ഓരോന്നും ഉടച്ച് കളയുന്നത്. അത് ചോദിക്കാൻ ചെന്ന എന്നോട് ഇവൾ തട്ടികേറാൻ വന്നേക്കുന്നു. ഇതൊക്കെ ചോദിക്കാൻ എനിക്കെന്താ അർഹതയെന്ന്. കേട്ടപ്പോൾ അറിയാതെ ഒരെണ്ണം കൊടുത്ത് പോയി.

എന്റെ രണ്ട് ആൺമക്കളും എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ ഒന്ന് മടിക്കും. അപ്പോഴാ ഇന്നലെ കയറി വന്നവൾ എന്റെ മുഖത്ത് നോക്കി തറുതല പറയാൻ വരുന്നത്. നിന്റെ ഭാര്യയെ അടക്കി നിർത്തിയാൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ അവളിനിയും എന്റെ കൈയ്യിൽ നിന്ന് മേടിക്കും.” ഒറ്റ ശ്വാസത്തിൽ രമണി പറഞ്ഞു നിർത്തി.

“സുരേട്ടാ അമ്മ വെറുതെ ഒരു കാര്യവുമില്ലാതെയാണ് എന്നെ തല്ലിയത്. അടുക്കളയിൽ നിന്ന് ജഗ്ഗിൽ വെള്ളവുമായി ഞാൻ വരുമ്പോൾ അമ്മ ശ്രദ്ധിക്കാതെ എന്നെ വന്ന് തട്ടിയപ്പോഴാ കൈയ്യിൽ നിന്ന് ജഗ്ഗ് തറയിൽ വീണ് പൊട്ടിയത്. എന്നിട്ട് ഞാൻ നോക്കി നടക്കാഞ്ഞിട്ടാന്ന് പറഞ്ഞു എന്റെ മെക്കിട്ട് കേറാൻ വന്നു.

അമ്മ വന്ന് എന്റെ മേത്ത് തട്ടിയിട്ടാ ജഗ് വീണതെന്നും ഞാൻ ശ്രദ്ധിച്ചു തന്നെയാ നടന്നതെന്നും ഞാൻ പറഞ്ഞപ്പോൾ തർക്കുത്തരം പറയുന്നോടി എന്ന് പറഞ്ഞു എന്നെ തല്ലി. മനഃപൂർവം വന്ന് ഇടിച്ചതാണോന്നും എനിക്കിപ്പോ സംശയമുണ്ട്. കാരണം അമ്മ എന്നും എന്നോട് വഴക്കിടാൻ ഓരോ കാരണം കണ്ട് പിടിച്ചോണ്ട് വരും.” ദേഷ്യത്തോടെ രേണുക ഭർത്താവിനോട് പറഞ്ഞു.

“ഞാനും കുറച്ചായി ശ്രദ്ധിക്കുന്നു. അവള് വന്ന് കയറിയപ്പോ തൊട്ട് അമ്മയ്ക്ക് ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാനേ നേരമുള്ളൂ. കല്യാണം കഴിഞ്ഞ് മാസമൊന്ന് തികഞ്ഞിട്ടില്ല ഇപ്പഴേ ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും. ഇന്ന് അമ്മ അവളെ അടിച്ചത് ഞാൻ ക്ഷമിച്ചു. ഇനിയെന്റെ ഭാര്യേടെ ദേഹത്ത് അനാവശ്യമായി കൈവച്ചാൽ ഞാൻ ക്ഷമിച്ചെന്ന് വരില്ല. ഒരു പ്രശ്നം വേണ്ടല്ലോന്ന് കരുതിയാണ് ഞാൻ മിണ്ടാതെ പോകുന്നത്.

പിന്നെ ഈ വീട് പുതുക്കി പണിതതും ഇവിടെ ഇരിക്കുന്ന സാധനങ്ങളുമൊക്കെ ഞാൻ അധ്വാനിച്ചു വാങ്ങിയതാ. അല്ലാതെ അമ്മ അമ്മേടെ വീട്ടീന്ന് കൊണ്ട് വച്ചതല്ലല്ലോ. അതുകൊണ്ട് ഇനിമേലിൽ ഇതുപോലെ ഓരോന്ന് മനഃപൂർവം ഉണ്ടാക്കി അവളുടെ മെക്കിട്ട് കേറാൻ ചെന്നേക്കരുത്.

ജോലി കഴിഞ്ഞു ക്ഷീണിച്ചു കയറി വരുമ്പോ ഇത്തിരി മനഃസമാധാനം തരണം എനിക്ക്. വെറുതെ എന്റെ സ്വസ്ഥത കളയാൻ ഓരോന്ന് കാട്ടികൂട്ടരുത്.” അമ്മയ്ക്ക് കണക്കിന് കൊടുത്ത ശേഷം സുരേന്ദ്രൻ മുറിയിലേക്ക് പോയി.

“എന്റെ മോനെ വലവീശി പിടിച്ച് എനിക്ക് നേരെ തിരിച്ചപ്പോ നിനക്ക് തൃപ്തിയായല്ലോടി. നോക്കിക്കോ ഇതിന് പകരം ചോദിച്ചില്ലെങ്കി എന്റെ പേര് രാമണീന്നല്ല. നിന്റെ അഹങ്കാരം തീർക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.” അവർ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൾ വിളിച്ചു.

“അമ്മയൊന്ന് നിന്നേ.”എന്താണെന്ന ഭാവത്തിൽ രമണി അവളെ തുറിച്ചുനോക്കി.

“പകരം ചോദിക്കലൊക്കെ അവിടെ നിക്കട്ടെ. ആദ്യം പൊട്ടിച്ചിട്ട ഈ ചില്ല് ഗ്ലാസ്‌ കഷ്ണങ്ങൾ എടുത്ത് കളഞ്ഞേക്ക്. മര്യാദക്ക് ഞാൻ ചെയ്യുമായിരുന്നു. അപ്പൊ നിങ്ങൾക്കെന്റെ കരണത്ത് അടിക്കണമല്ലേ. കാലിൽ കൊണ്ട് മുറിയണ്ടങ്കിൽ വേഗം എടുത്ത് കളയുന്നതാ അമ്മയ്ക്ക് നല്ലത്. ഇല്ലെങ്കിൽ ഇത് അമ്മടെയോ അമ്മടെ ഇളയ മോന്റെയോ കാലിൽ തന്നെ തുളച്ചുകേറും.”

തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് രേണുക മുറിയിലേക്ക് കയറിപ്പോയി.

വേറെ നിവൃത്തിയില്ലാതെ രമണി അതെല്ലാം പെറുക്കിയെടുത്തു കളഞ്ഞു. ഒന്ന് രണ്ട് കുപ്പിച്ചില്ല് കൈയ്യിൽ തറച്ചുകയറി മുറിയുകയും ചെയ്തപ്പോൾ അവരോർത്തു വെറുതെ ഗ്ലാസ്‌ ജഗ്‌ തട്ടിയിടേണ്ടി ഇരുന്നില്ലെന്ന്.

സുരേന്ദ്രന്റെയും രേണുകയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടേയുള്ളു. പ്രേമ വിവാഹമായിരുന്നു ഇരുവരുടേതും. രേണുകയുടെ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു. പക്ഷേ സുരേന്ദ്രന്റെ അമ്മയ്ക്കും അനിയൻ സുരേഷിനും ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. രമണിയുടെ സഹോദരന്റെ മോളെകൊണ്ട് സുരേന്ദ്രനെ കെട്ടിക്കാൻ ആയിരുന്നു അവർക്കിഷ്ടം.

അമ്മയുടെ താളത്തിനൊത്തു തുള്ളുന്ന ഇളയമകന് ചേട്ടൻ അമ്മയ്ക്കിഷ്ടമില്ലാത്ത വിവാഹം കഴിക്കുന്നതിനു എതിരായിരുന്നു. അതുകൊണ്ട് തന്നെ അമ്പലത്തിൽ വച്ച് ലളിതമായൊരു ചടങ്ങിൽ അമ്മയും അനിയനുമൊന്നും ഇല്ലാതെ തന്നെ സുരേന്ദ്രൻ രേണുകയെ താലികെട്ടി.

രേണുകയെയും കൊണ്ട് വീട്ടിൽ വന്നപ്പോൾ ലഭിച്ചത് ഊഷ്മളമായ സ്വീകരണമായിരുന്നില്ല. എങ്കിലും അവരതൊന്നും കാര്യമാക്കിയില്ല. സുരേന്ദ്രൻ സ്വന്തമായി വർക്ക്‌ഷോപ്പ് നടത്തുന്ന ആളാണ്. രേണുകയ്ക്ക് ഡേകെയറിൽ കുട്ടികളെ നോക്കാൻ പോകുന്ന ജോലിയാണ്.

അതുകൊണ്ട് രാവിലെ നേരത്തെ പോയി വൈകുന്നേരം നേരത്തെ വരാം. സുരേന്ദ്രൻ പത്തുമണിക്ക് പോയി വൈകിട്ട് എഴ് മണിക്ക് വരും.

സുരേന്ദ്രന്റെ അച്ഛൻ രണ്ട് വർഷം മുൻപ് അറ്റാക്ക് വന്ന് മരിച്ചതാണ്. അനിയന് കൃഷി ഭവനിൽ ആണ് ജോലി. അമ്മേടെ ഇഷ്ടമില്ലാതെ നടന്ന വിവാഹമായോണ്ട് രമണി ഇരുവരോടും മിണ്ടാൻ പോയില്ല.

എന്നാൽ എന്തെങ്കിലും കാരണമുണ്ടാക്കി രേണുകയോട് തട്ടിക്കയറാൻ കിട്ടുന്ന അവസരം അവർ പാഴാക്കാറുമില്ല. അങ്ങനെയാണ് ഇന്ന് കൈവാക്കിന് ഒത്തുവന്നപ്പോൾ അവർ രേണുകയുടെ മുഖത്തടിച്ചത്. അത് മകൻ കണ്ടുകൊണ്ട് വന്നത് രമണിക്ക് നാണക്കേട് ആയെങ്കിലും അവരത് പുറമെ പ്രകടിപ്പിച്ചില്ല.

മരുമകളെ വീട്ടിൽ നിന്ന് പുകച്ചു പുറത്ത് ചാടിക്കാൻ രമണി പഠിച്ച വിദ്യ പതിനെട്ടു അടവും പയറ്റാൻ തുടങ്ങി. ഒടുവിൽ ഗതികെട്ട് സുരേന്ദ്രൻ അവരോട് വഴക്കിട്ടു.

“ഇത് എന്റെ അധ്വാനത്തിൽ പുതുക്കി പണിത വീടാണ്. അതുകൊണ്ട് ഇവിടെ എന്നെപോലെ എന്റെ ഭാര്യയ്ക്കും അവകാശമുണ്ട്. ഓരോ ഉടായിപ്പ് കാണിച്ച് അമ്മ അവളെ ഇവിടുന്ന് ഓടിക്കാമെന്ന് വിചാരിക്കണ്ട.” മകന്റെ ആ പ്രഖ്യാപനം അവർക്ക് നല്ലൊരു തിരിച്ചടിയായിരുന്നു.

അതിന് ശേഷം രമണിയൊന്ന് ഒതുങ്ങി. അവസരം കിട്ടുമ്പോൾ എന്തെങ്കിലും പ്രവർത്തിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് സുരേഷ് അക്കാര്യം അമ്മയോട് അവതരിപ്പിക്കുന്നത്.

“അമ്മേ രമേശ്‌ മാമന്റെ മോളെ കെട്ടാൻ എനിക്ക് സമ്മതമാണ്. അമ്മയ്ക്ക് രേഖ ഇവിടെ മരുമകൾ ആയിട്ട് വരണമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ. അതിന് അവളെ ഞാൻ കല്യാണം കഴിച്ചാലും മതിയല്ലോ.

അമ്മായിങ്ങനെ സങ്കടപ്പെട്ട് നടക്കുന്നത് കാണാൻ എനിക്ക് വയ്യ. ഏട്ടനോട് പറഞ്ഞ് എന്റെ കല്യാണം വേഗം നടത്താൻ അമ്മ പറ.” സുരേഷിന്റെ വാക്കുകൾ അവർക്ക് പുതു ജീവനേകി.

“നീ ആത്മാർത്ഥമായി പറഞ്ഞതാണോ മോനെ.”ആ അമ്മേ.”എങ്കിൽ വൈകിട്ട് സുരൻ വരുമ്പോൾ ഞാൻ പറയുന്നുണ്ട്.”

വൈകുന്നേരം വർക്ക്‌ ഷോപ്പ് അടച്ചു എഴ് മണിയോടെ സുരേന്ദ്രൻ വീട്ടിലെത്തി.”മോനെ നമുക്ക് സുരേഷിന്റെ കല്യാണം നടത്തണ്ടേ.” അനുനയത്തിൽ രമണി മകന്റെ അടുത്ത് വന്നിരുന്നു.

“അതൊക്കെ അവന്റെ ഇഷ്ടമല്ലേ.””അവൻ തന്നെയാ ഇന്ന് പറഞ്ഞത്. പെണ്ണ് വേറെയാരുമല്ല. രേഖ തന്നെയാ. ഞാൻ രമേശേട്ടനെ വിളിച്ചു ചോദിച്ചപ്പോൾ ചേട്ടനും രേഖയ്ക്കും സമ്മതം ആണെന്ന് പറഞ്ഞു.”

“എങ്കിൽ അവന്റെ ഇഷ്ടം പോലെ നടക്കട്ടെ. ഇതൊക്കെ അമ്മ എന്തിനാ എന്നോട് വന്ന് പറയുന്നത്.”

“അതുപിന്നെ നീയല്ലേ അച്ഛന്റെ സ്ഥാനത്ത് നിന്ന് അവന്റെ കല്യാണം നടത്താൻ.”

“അതിന് എന്റെ കയ്യിൽ എവിടുന്നാ ഇത്രേം പൈസ. ലോൺ ഒന്നും എടുത്ത് ബാധ്യത വരുത്തി വയ്ക്കാൻ എനിക്ക് പറ്റില്ല. രേണുക ഗർഭിണിയാണ്. ഞങ്ങൾക്ക് തന്നെ ഞങ്ങളുടേതായ ചിലവുകൾ ധാരാളമുണ്ട്.”

“ഓ ഇപ്പൊ അങ്ങനെയാണോ കാര്യങ്ങൾ. അവളുടെ പേറെടുക്കാൻ അവളെ വീട്ടീന്ന് പൈസ തരില്ലേ. അതും നീ തന്നെ ചിലവാക്കണോ.”

“എന്റെ ഭാര്യടേം ജനിക്കാൻ പോവുന്ന കുഞ്ഞിന്റേം കാര്യം നോക്കാൻ എനിക്കറിയാം. അതിന് വേറാരേം സഹായം എനിക്ക് വേണ്ട.”

“സുരേഷ് നിന്റെ അനിയനല്ലേ. അച്ഛനില്ലാത്തോണ്ട് ആ സ്ഥാനത്തു നിന്ന് എല്ലാം നോക്കി നടത്തേണ്ടത് നീയല്ലേ.”

“നോക്കി നടത്താൻ എനിക്ക് സമ്മതമാണ്. വേണോങ്കി കുറച്ചു രൂപ ഞാനും തരാം. അല്ലാതെ എല്ലാ ചിലവും എന്റെ തലയിലോട്ട് ഇടണ്ട. അവന് ജോലി ഉണ്ടല്ലോ അവൻ നടത്തട്ടെ അവന്റെ കല്യാണം. എന്റെ കല്യാണത്തിന് അമ്മേടേം അനിയന്റേം സഹകരണം ഞാൻ കണ്ടതാണല്ലോ. ഇതിപ്പോ മാമന്റെ മോളെയോണ്ട് കാര്യങ്ങൾ അവർക്കും അറിയാമല്ലോ.”

സുരേന്ദ്രന്റ മറുപടി അവരെ ചൊടിപ്പിച്ചു.ഒരു മൂദേവി വീട്ടിൽ വന്ന് കയറിയതോടെ കുടുംബത്തു സമാധാനം നഷ്ടപ്പെട്ടു. നിന്റെ തീരുമാനം ഇതാണെങ്കി എനിക്കും ചിലത് ചെയ്യാനുണ്ട്.”

അതുപറഞ്ഞു രമണി സുരേഷിന്റെ അടുത്തേക്ക് പോയി.പിറ്റേദിവസം തന്നെ രമണി മൂത്ത മോനോടും മരുമകളോടുമുള്ള ദേഷ്യത്തിൽ വീടും അമ്പത് സെന്റ് പുരയിടവും സുരേഷിന്റെ പേരിൽ എഴുതി വച്ചു.

സുരേഷ് വീട് പണയപ്പെടുത്തി ആർഭാടമായി കല്യാണ ഒരുക്കങ്ങളും നടത്താൻ തുടങ്ങി. ഒടുവിലാണ് സുരേന്ദ്രനും രേണുകയും അക്കാര്യമറിഞ്ഞത്.

എനിക്ക് കൂടി അവകാശമുള്ള വീടും പുരയിടവും അമ്മ എന്ത് ധൈര്യത്തിലാ അവന് എഴുതികൊടുത്തത്. ഈ വീട് പുതുക്കി പണിതത് ഞാനാണ്. പിന്നെ ആ കാണുന്ന ഇരുപത്തി അഞ്ചു സെന്റ് സ്ഥലം അമ്മേടെ പേരിൽ വാങ്ങിയിട്ടത് ഞാനാ.

അതിനൊക്കെ എന്റെ കൈവശം തെളിവുകളുമുണ്ട്. മര്യാദക്ക് എനിക്കുള്ള ഓഹരി തന്നില്ലെങ്കിൽ ഈ കല്യാണവും നടക്കില്ല ഞാൻ കോടതിയിൽ കേസും കൊടുക്കും. കുറേ നാളായി എന്റെ ചോരയൂറ്റി നിങ്ങൾ ജീവിക്കുന്നു. എനിക്കൊന്നും മനസിലാവില്ലെന്നാണ് അമ്മേടേം മോന്റേം വിചാരം.

ഇത്രയും നാൾ ഈ വീട്ട് ചിലവ് നോക്കിയതും ഞാനല്ലേ. അമ്മേടെ പുന്നാര മോൻ ജോലിക്ക് കേറീട്ടു പത്ത് പൈസ വീട്ടിൽ തന്നിട്ടുണ്ടോ. നിങ്ങളുടെ ഇഷ്ടം നോക്കി ഞാൻ രേഖയെ കെട്ടാത്തോണ്ട് അല്ലെ എന്നോട്‌ ഈ ചതി ചെയ്തത്.

ഇപ്പോ അമ്മേം മോനും കൂടി രേഖയെ കെട്ടാൻ തീരുമാനിച്ചത് മാമന്റെ സ്വത്ത്‌ കണ്ടിട്ടാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ അവളെ കെട്ടാത്തത്തിൽ അമ്മയ്ക്കിത്ര അമർഷം. അല്ലാതെ ചേട്ടന്റെ മോളോടുള്ള സ്നേഹ കൂടുതൽ അല്ലല്ലോ. അതുകൊണ്ട് എനിക്ക് തരാനുള്ളത് തന്നേക്ക്. ഇന്നുതന്നെ ഞാനും രേണുകയും ഇവിടം വിട്ട് പോവാ.

പിന്നെ ഈ വീട് അതിനി എനിക്ക് വേണ്ട. നീ തന്നെ വച്ചോ. പക്ഷേ വീട് പുതുക്കിയ പണം ഒരാഴ്ചക്കുള്ളിൽ അക്കൗണ്ട് ൽ വന്നിരിക്കണം. പിന്നെ ആ ഇരുപത്തിഅഞ്ചു സെന്റ് പുരയിടവും കല്യാണത്തിന് മുൻപ് തിരിച്ചെഴുതി തന്നില്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. ”

സുരേന്ദ്രന്റെ ആ പെരുമാറ്റം രണ്ടുപേരെയും ഞെട്ടിച്ചിരുന്നു. ഒന്നും മിണ്ടാതെ ആവശ്യത്തിന് മാത്രം സംസാരിച്ചു പാവം പോലെ നടന്നവൻ അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായി മനസിലാക്കുന്നുണ്ടെന്ന് അവർ അന്നാണ് മനസ്സിലാക്കിയത്.

രേണുകയെയും വിളിച്ചുകൊണ്ട് സുരേന്ദ്രൻ അന്നുതന്നെ അവിടുന്ന് ഇറങ്ങി. ഇങ്ങോട്ടില്ലാത്ത സ്നേഹം അങ്ങോട്ടും വേണ്ടെന്ന് അയാൾ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *