ആ വൃത്തികെട്ട പേരെന്നെ വിളിക്കരുതെന്ന്… ഞാനിപ്പോൾ ,മാത്തനല്ല, മാർട്ടിനാണ്

നിശബ്ദതയുടെ യാമങ്ങളിൽ

(രചന: ഭാവനാ ബാബു)

 

“മാഡം, നേരം കുറെ ആയി…ഇറങ്ങുന്നില്ലേ..”?

ഓഫീസിലെ സെക്യൂരിറ്റി മുൻപിൽ വന്ന് നിന്നപ്പോഴാണ് സാന്ദ്ര ക്ളോക്കിലേക്ക് നോക്കിയത്….. ഈശ്വരാ നേരം പത്ത് മണി കഴിഞ്ഞിരിക്കുന്നു.

ഇനിയിപ്പോ ഡ്രൈവ് ചെയ്ത് വീടെത്തുമ്പോഴേക്കും ത്രേസ്സ്യ ചേടത്തി രണ്ടുറക്കം കഴിഞ്ഞിട്ടുണ്ടാകും…. വർക്കിന്റെ ഇടയിൽ അമ്മച്ചിയോട് ലേറ്റ് ആകുമെന്ന് പറഞ്ഞതുമില്ല……

ഒരു പെയിങ് ഗസ്റ്റിന്റെ കഷ്ടപ്പാടുകൾ ഓർത്ത് ലാപ്പ് ഷട്ട് ഡൌൺ ചെയ്ത് അവൾ മെല്ലെ എഴുന്നേറ്റു…..

നഗരത്തിലെ സാമാന്യം തിരക്കുള്ളൊരു വെഡിങ് കമ്പനിയിലെ വെഡിങ് പ്ലാനർ ആണ് സാന്ദ്ര…… അനാഥത്വത്തിന്റെ പൊള്ളുന്ന ഓർമ്മകൾക്കിടയിലും, മനസ്സിലെന്നോ കൂട് കൂട്ടിയ സ്വപ്നത്തിന്റെ പിന്നാലെ ഭ്രാന്തമായി പറക്കുന്നവൾ…….

ഈ പാതി രാത്രി താൻ എങ്ങോട്ട് പോകുമെന്റെ കർത്താവേ??

കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോകുമ്പോഴും സാന്ദ്രയുടെ ചിന്ത അത് മാത്രമായിരുന്നു.

“ഇനിയിപ്പോ ആനിയുടെ വീട്ടിലേക്ക് പോകാം…. അവിടെ ബെന്നിച്ചൻ ഉണ്ടെങ്കിൽ താൻ അവർക്കൊരു ശല്യം ആകുമോ ”

ഓരോന്ന് ഓർത്തു കൊണ്ട് സാന്ദ്ര ആനിയുടെ നമ്പർ ഡയൽ ചെയ്തു….

“എന്താ മോളെ ഈ പാതി രാത്രിയിൽ “?

ഒരു ചെറു ചിരിയോടെയാണ് ആനി ചോദിച്ചത്.

“സാധാരണ രാത്രിയിൽ ഞാനെന്തിനായിരിക്കും വിളിക്കുക എന്ന് നിനക്കറിയില്ലേയെന്റെ ആനി കൊച്ചേ “?

ചെറിയൊരു ചമ്മലോടെ സാന്ദ്ര മൊഴിഞ്ഞു.

“മനസ്സിലായി ന്റെ പെണ്ണെ …. ബെന്നിച്ചൻ ഇവിടെയില്ല…. നീയിനി റിവേഴ്‌സ് എടുക്കാണ്ട് നേരെ ഇങ്ങോട്ട് വിട്ടോ…. ഇന്ന് രാത്രി എനിക്കൊരു കമ്പനിയാകുമല്ലോ ”

ആനിയുടെ വാക്കുകൾ കേട്ടതും സാന്ദ്രക്ക് സമാധാനമായി. ഹൈവേയിൽ തിരക്കൊട്ടും ഇല്ലാത്തത് കൊണ്ട് അവൾ കാർ മാക്സിമം സ്പീഡിൽ വിട്ടു….. പെട്ടെന്നാണ് അവളൊരു കാഴ്ച കണ്ടത്….. പരിഭ്രാന്തിയോടെ ഒരു പെൺകുട്ടി റോഡിന്റെ നടുവിലൂടെ തലങ്ങും വിലങ്ങും ഓടുന്നു.

ഇടയ്ക്കിടെ അവൾ ആരെയോ നോക്കുന്നുമുണ്ട്….. അവളുടെ പേടിച്ചരണ്ട നോട്ടം കണ്ട് സാന്ദ്ര കാർ സൈഡ് ആക്കി സഡൻ ബ്രേക്കിട്ട് നിർത്തി…. അവൾ അതൊന്നും ശ്രദ്ധിക്കാതെ ഓട്ടം തുടരുകയാണ്….. നിർത്താതെയുള്ള ഹോൺ കേട്ടിട്ട് ആകണം അവൾ തിരിഞ്ഞു നോക്കി….

സാന്ദ്ര കാർ സ്റ്റാർട്ട്‌ ചെയ്തു അവളുടെ തൊട്ടരികിലായി നിർത്തി…. ഞൊടിയിടയിൽ അവൾ ഡോർ ഓപ്പൺ ചെയ്ത് കാറിനുള്ളിലേക്ക് ചാടിക്കയറി…..

അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു…. ആകെ വിയർത്തു കുളിച്ചത് കൊണ്ടാകണം അവളുടെ പെർഫ്യൂമിന്റെ സുഗന്ധം അവിടെയാകെ പരന്നത്.

ഡ്രൈവിന്റെ ഇടയിലാണ് മൊബൈലിൽ സ്പീഡിലെന്തോ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന അവളെ സാന്ദ്ര ശ്രദ്ധിച്ചത്.

ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് തോന്നും അവൾക്ക്….. നല്ല ഭംഗിയുള്ള വട്ടമുഖം .കീഴ് ചുണ്ടിന്റെ ഒരറ്റത്തായി എള്ളിന്റെ വലുപ്പത്തിലുള്ള കുഞ്ഞു മറുക് അവളുടെ ഭംഗിക്ക് മാറ്റേറുന്നത് പോലെ തോന്നി…. അവളുടെ മിഴികൾ വളരെ ആർദ്രമായിരുന്നു. ആകൃതിയൊത്ത അവളുടെ ചുണ്ടുകൾ ലിപ്സ്റ്റിക്കിന്റെ ചെറിയൊരു പിങ്ക് കളർ കൊണ്ട് വരഞ്ഞത് പോലെ……

“ഇയാൾക്ക് കുടിക്കാൻ വെള്ളം വേണോ ”

അവളുടെ മുഖത്തേക്കൊന്ന് ഉറ്റു നോക്കിക്കൊണ്ടാണ് സാന്ദ്ര ചോദിച്ചത്….

“എനിക്കൊന്നും വേണ്ട ”

സീറ്റിലേക്ക് ചാരികിടന്നുകൊണ്ടവൾ പറഞ്ഞു.

“തന്നെ ആരെങ്കിലും ഫോളോ ചെയ്തിരുന്നോ? അപ്പോഴത്തെ തന്റെ മട്ടും ഭാവവും കണ്ട് ചോദിച്ചതാണ് “?

സംശയത്തോടെയുള്ള സാന്ദ്രയുടെ ചോദ്യം കേട്ടതും നിഷേധാത്മകമായി അവൾ തലയട്ടി.

 

എന്താ തന്റെ പേര്? എവിടെയാണ് ഇയാൾക്ക് പോകേണ്ടത്?

 

സാന്ദ്രയുടെ നിർത്താത്തെയുള്ള ചോദ്യങ്ങൾക്കൊന്നും അവൾ യാതൊരു മറുപടിയും പറഞ്ഞില്ല…..

 

അവൾ എന്തോ മറയ്ക്കുന്നതായി സാന്ദ്രക്ക് തോന്നി.

 

കുറച്ചു കഴിഞ്ഞപ്പോൾ അവൾ തന്റെ ബാഗിൽ നിന്നും ഒരു ബൗണ്ടി ചോക്ലേറ്റ് എടുത്ത്, പൊളിച്ചു കഴിക്കാൻ തുടങ്ങി…..

 

അത് കണ്ടതും, സാന്ദ്രക്കും വിശക്കാൻ തുടങ്ങി.. അടക്കാൻ പറ്റാത്ത കൊതിയോടെ സാന്ദ്ര അവളെ നോക്കി…..

 

“ഇതാ ഒരു ബൈറ്റ് എടുത്തോ, ബൗണ്ടി സാന്ദ്രക്ക് നേരെ നീട്ടികൊണ്ടവൾ പറഞ്ഞു.

 

അതിൽ നിന്നും കഴിക്കാൻ സാന്ദ്രക്കെന്തോ ചെറിയൊരു മടി തോന്നി…..

 

“കഴിക്കെടോ, എനിക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ, പിന്നെ തനിക്കെന്താ “?

സാന്ദ്രയുടെ മനസ്സിലിരിപ്പ് അറിഞ്ഞത് പോലെയായിരുന്നു അവളുടെ മറുപടി.

 

പിന്നെയൊന്നും ഓർക്കാതെ സാന്ദ്ര ചോക്ലേറ്റ് ഒരു കഷ്ണം കടിച്ചെടുത്തു…..

 

“വല്ലാത്ത വിശപ്പ്…..”

നിസ്സഹായതയോടെയാണ് സാന്ദ്രയത് പറഞ്ഞത്.

 

“എന്റെ പേര് സമീറ…. ഞാനൊരു ഫ്രീ ലാൻസ് ജേർണലിസ്റ്റാണ്…. സത്യത്തിൽ ലിഫ്റ്റ് തന്നപ്പോൾ തന്നെ ഞാൻ തന്നോടൊരു താങ്ക്സ് പറയേണ്ടതായിരുന്നു…. എനി വേ….. താങ്ക്സ് എ ലോട്ട് “.

 

“താങ്ക്സൊക്കെ എന്തിനാ സമീറ “?

അതിശയത്തോടെ സാന്ദ്ര ചോദിച്ചു.

 

“ഒരു അനോണിമസ് കാളിന്റെ പിന്നാലെ ക്യാമറയും തൂക്കി, ഒളിഞ്ഞിരുന്നൊരു സെൻസേഷൻ ന്യൂസ്‌ കവർ ചെയ്യാൻ വന്നതായിരുന്നു ഞാൻ.പക്ഷെ ചെറിയൊരു അശ്രദ്ധ കാരണം എന്നെ അവന്മാർ കൈയോടെ പൊക്കി.ഭാഗ്യം കൊണ്ടാണ് ഞാനിന്ന് രക്ഷപ്പെട്ടത്.”

 

സമീറ പറയുന്നത് കേട്ട് സാന്ദ്രയുടെ ഉള്ളൊന്ന് കിടുങ്ങി…..

 

“പാതിരാത്രിയിൽ ഒന്നുമോർക്കാതെ ഒറ്റക്കിങ്ങനെ എടുത്തു ചാടല്ലേ ….. സൂക്ഷിക്കണം “.

 

മുൻകരുതലെന്നോണം സാന്ദ്ര പറഞ്ഞു.

 

“കാർ ആ കാണുന്ന ബസ്സ്റ്റോപ്പിന്റെ മുന്നിലൊന്ന് സൈഡ് ആക്കുമോ? .അവിടുന്ന് ഒരഞ്ചു മിനിറ്റ് നടന്നാൽ എന്റെ വീടെത്തും “.

 

“ഞാൻ വേണമെങ്കിൽ തന്നെ വീടിന്റെ മുന്നിൽ ഡ്രോപ്പ് ചെയ്യാം …..”

 

“അങ്ങോട്ട് കാർ പോകില്ല…. താൻ ഇവിടെ നിർത്തിക്കോ.”

 

കാർ സൈഡിൽ ഒതുക്കിയതും, ഒരു ബൈ പറഞ്ഞു കൊണ്ട് സെറീന നടന്നു പോയി….. നിലാവ് പൊഴിക്കുന്ന പോലുള്ള അവളുടെ പുഞ്ചിരി കണ്ടതും, കുറെ നാളായി പരിചയമുള്ളൊരാൾ അകന്നു പോകുന്നതിന്റെ വേദനയാണ് സാന്ദ്രക്ക് തോന്നിയത്.

 

പിന്നെയും പത്തു മിനിറ്റ് ഡ്രൈവ് ചെയ്താണ് സാന്ദ്ര ആനിയുടെ വീടെത്തിയത്….. ഹോൺ അടിച്ചതും അവളോടി വന്ന് ഗേറ്റ്‌ തുറന്നു.ഒരു വിളറിയ ചിരിയോടെ സാന്ദ്രയുടെ തോളിൽ കൈയിട്ടു കൊണ്ട് ആനി അവളെയും കൊണ്ട് അകത്തേക്ക് പോയി…..

 

“ഓസിനു കിട്ടിയ കാറിലാണല്ലേ കറക്കം “? ഗേറ്റ് ലോക്ക് ചെയ്ത് കൊണ്ട് ആനി ചോദിച്ചു.

 

“ത്രേസ്യാമ്മ ചേടത്തിയുടെ മോൾ തിരിച്ചു വരുന്നത് വരെ ഇങ്ങനെ കറങ്ങി നടക്കാം…. സത്യം പറഞ്ഞാൽ ഇതിൽ എണ്ണയടിക്കുന്നത് എനിക്ക് മുതലാകില്ല മോളെ…. എനിക്ക് പറ്റിയത് എന്റെ ചക്കട സ്‌കൂട്ടി തന്നെയാ….”

 

സാന്ദ്ര പറയുന്നതെല്ലാം ഒരു ചെറു ചിരിയോടെ ആനി കേട്ടു കൊണ്ട് നിന്നു

 

സാന്ദ്ര കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും ആനി ഡിന്നർ റെഡി ആക്കി വച്ചിരുന്നു…. കുറച്ചു നേരമായിട്ടും ആനി ചപ്പാത്തിയിലൊഴിച്ച കറിയിൽ വെറുതെ വിരലിട്ട് ഇളക്കുന്നതല്ലാതെ ഒന്നും കഴിക്കുന്നത് സാന്ദ്ര കണ്ടില്ല…. അവളെന്തോ ഓർത്ത് വിഷണ്ണയായി ഇരിക്കുകയാണ്.

 

“എന്താടോ തന്റെ മുഖത്ത് ഒരു മ്ലാനത. ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുകയാണ്…. എന്താ പ്രശ്നം “?

 

സാന്ദ്രയുടെ ചോദ്യം കേട്ടതും ആനി തല ഉയർത്തി നോക്കി….

 

“ഏയ്‌ ഒന്നുമില്ലെടോ…. ഞാനെന്തോ ഓർത്ത്…. അതൊക്കെ പോട്ടെ, എന്താ നിന്റെ ഭാവി പരിപാടി?…. സ്വന്തമായി വെഡിങ് കമ്പനി തുടങ്ങുമെന്നൊക്കെ പറഞ്ഞിട്ട്, അതൊന്നും ശെരിയായില്ലേ? ഇനി എന്നാ

കല്യാണമൊക്കെ “?

 

സാന്ദ്രയുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറാനെന്നോണം ആനി ചോദിച്ചു.

 

“വെഡിങ് കമ്പനി തുടങ്ങാ

നൊക്കെ കുറച്ചേറെ ഫണ്ട്‌ വേണം .ഒരുപാട് കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യാനുണ്ട് . ഒരു വെഡിങ് പ്ലാനർ എന്നത് നല്ല റെസ്പോൺസിബിലിറ്റി ഉള്ളൊരു ജോബാണല്ലോ .എങ്കിലും ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ഞാനാ സ്വപ്നം എന്റേയീ കൈവെള്ളയിൽ ഒതുക്കും…”

 

വല്ലാത്തൊരു ആത്മവിശ്വാസത്തോടെ സാന്ദ്ര പറയുന്നതെല്ലാം ആനി ശ്രദ്ധയോടെയാണ് കേട്ടിരുന്നത്.

 

“പൈസയുടെ കാര്യമോർത്ത് നീ ടെൻഷൻ അടിക്കേണ്ട…. ഞാനത് ബെന്നിച്ചനോട് പറഞ്ഞു സെറ്റ് ആക്കാം “.

 

ആനിയുടെ കരുതലോടെയുള്ള സംസാരം കേട്ടപ്പോൾ സാന്ദ്രക്ക് സന്തോഷമായി

 

വിളമ്പി വച്ച ചപ്പാത്തി മുഴുവൻ കഴിച്ചു തീർന്നിട്ടും സാന്ദ്ര അവിടുന്ന് എഴുന്നേറ്റ് പോയില്ല. അവൾ ആനിയെ വെറുതെ നോക്കികൊണ്ടിരുന്നു. ഇടയ്ക്കിടെ എന്തോ ഓർത്തുകൊണ്ട് അവളുടെ കണ്ണ് നിറയുന്നത് സാന്ദ്ര ശ്രദ്ധിച്ചു.

 

തൊട്ടടുത്ത നിമിഷം സാന്ദ്ര ആനിയുടെ അടുത്തേക്ക് പോയി ഇരുന്നു…..

 

“എന്താടോ തനിക്ക് പറ്റിയത്?

 

സാന്ദ്രയുടെ ചോദ്യം കേട്ടതും ആനി പൊട്ടികരഞ്ഞുകൊണ്ട് അവളുടെ ചുമലിലേക്ക് ചാഞ്ഞു…..

 

“ബെന്നിച്ചൻ ആളാകെ മാറിപ്പോയി സാന്ദ്ര…. അവനെന്തോ എന്റെ അടുത്തുനിന്നു മറച്ചു വയ്ക്കുന്നു….. ഇടയ്ക്കിടെ വരുന്ന ഫോൺ കാളുകൾ, അമർത്തിപ്പിടിച്ച സംസാരം, ചിലപ്പോൾ ഒന്നും പറയാതെയുള്ള അവന്റെ ഇറങ്ങിപ്പോക്ക്….. എനിക്കെന്തോ അവന്റെ പെരുമാറ്റത്തിൽ വല്ലാത്ത സങ്കടം തോനുന്നു ”

 

ആനി പറയുന്ന ഓരോ വാക്കുകളും സാന്ദ്രയുടെ നെഞ്ചിലാണ് തറച്ചു കേറിയത്.

 

“എന്നിട്ട് അവന്റെ പെട്ടെന്നുള്ള മാറ്റത്തെ കുറിച്ച് നീ അവനോടൊന്നും ചോദിച്ചില്ലേ “?

 

സാന്ദ്രയുടെ ചോദ്യം കേട്ടതും അവൾ കരച്ചിലടക്കി മെല്ലെ തലയുയർത്തി.

 

“ഒത്തിരി തവണ ചോദിച്ചിട്ടും അവനൊന്നും മിണ്ടാതെ എന്നെ അവഗണിച്ചു കൊണ്ടിരിക്കു ന്നു…. ആ സൈലൻസാണ് എനിക്ക് സഹിക്കാൻ പറ്റാത്തത് “.

 

ആനിയെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ സാന്ദ്ര വിഷമിച്ചു…

 

“നീയെന്തോ തെറ്റിദ്ധരിച്ചിരിക്കുകയാണ് ആനി. എനിക്കറിയാവുന്ന ബെന്നിച്ചൻ നീ വിചാരിക്കുന്ന പോലത്തെ ഒരാളല്ല.”

ഉറച്ച ശബ്ദത്തോടെ സാന്ദ്ര പറഞ്ഞു…

 

അത് കേട്ടതും ആനി ഒന്നും മിണ്ടാതെ എഴുന്നേ റ്റു…. പാത്രങ്ങളെല്ലാം എടുത്ത് കിച്ചനിലേക്ക് നടന്നു…. ഞൊടിയിടയിൽ എല്ലാം കഴുകി വച്ചു അവൾ സാന്ദ്രയോട് ഗുഡ് നൈറ്റ് പറഞ്ഞുകൊണ്ട് സ്വന്തം റൂമിലേക്ക് നടന്നു.

 

പിന്നെയും എന്തൊക്കെയോ പറഞ്ഞു അവളെ സാന്ത്വനിപ്പിക്കണമെന്ന് സാന്ദ്രക്ക് തോന്നിയിരുന്നു…. പക്ഷെ വിറങ്ങലിച്ച മനസ്സുമായി അവളും കിടക്കാനായി റൂമിലേക്ക് പോയി

 

സീറോ വാൾട്ടിന്റെ അരണ്ട വെളിച്ചത്തിൽ സാന്ദ്രയുടെ ഓർമ്മകൾ അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ അടച്ചിട്ട ബാല്യത്തിലേക്ക് പോയി….

 

അനാഥാലയത്തിൽ പല പ്രായത്തിലുള്ള നൂറിലേറെ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും സാന്ദ്രയും, ബെന്നിച്ചനും കൂടപ്പിറപ്പികളെപ്പോലെ കഴിഞ്ഞിരുന്നത്. സാന്ദ്രയെക്കാൾ രണ്ട് വയസ്സിനു മൂപ്പുണ്ടായിരുന്നു ബെന്നിക്ക്…. അത് കൊണ്ട് തന്നെ സാന്ദ്ര അവനു കുഞ്ഞിയായിരുന്നു.അവന്റെ കുഞ്ഞനുജത്തി….. സാന്ദ്രക്ക് ആറ് വയസ്സുള്ളപ്പോഴാണ്, കഷ്ടിച്ച് എട്ട് മാസം പ്രായമുള്ളൊരു ആൺ കുഞ്ഞിനെ മദർ അവളുടെ കൈയിലേൽപ്പിക്കുന്നത്….

 

മുഖത്തൊക്കെ അഴുക്ക് പിടിപ്പിച്ച്, മൂക്കള ഒലിപ്പിച്ച് എല്ലുന്തിയൊരു ചെക്കൻ. അവൻ വിശപ്പ് സഹിക്കാൻ കഴിയാതെ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു.അത് കണ്ടതും സാന്ദ്രക്ക് സഹിക്കാൻ കഴിഞ്ഞില്ല…. അവൾ അവനെ മാറോട് ചേർത്തു പിടിച്ചു…. അവളുടെ കുഞ്ഞി കൈകളിൽ നിന്നും അവൻ കുതറി പോകാൻ ശ്രമിച്ചെങ്കിലും, ആ പ്രായത്തിൽ തന്നെ അവൾ പലരുടെയും പോറ്റമ്മയായത് കൊണ്ട് അവൾ അവനെ വിട്ടില്ല.അപ്പോഴാണ് മദർ അവന്റെ കാതിൽ “മാത്തച്ചൻ “എന്ന പേര് ചൊല്ലി വിളിച്ചത് .

 

അങ്ങനെ അവർ മൂന്ന് പേരും വളർന്നു….. ബെന്നിച്ചന് പത്ത് വയസ്സുള്ളപ്പോഴാണ് അവനെ ധനികനായ ഗിൽബർട്ട് സാറും, അയാളുടെ ഭാര്യയായ മെഴ്‌സി ചേച്ചിയും ദ ത്തെടുത്തു കൊണ്ട് പോകുന്നത്….. ആ വേർപിരിയൽ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല….. സങ്കടത്തോടെ അവർ മൂന്ന് പേരും വാവിട്ട് കുറെ നേരം കരഞ്ഞു…..

 

പിന്നെയും അവർ അനാഥാലയത്തിലേക്ക് ബെന്നിച്ചനെയും കൊണ്ട് ഇടയ്ക്കിടെ വന്നു…. വരുമ്പോൾ കുട്ടികൾക്കുള്ള ഡ്രെസ്സും, കളി പ്പാട്ടങ്ങളും ഒക്കെ ഉണ്ടായിരുന്നു….. ബെന്നിക്ക് വന്ന മാറ്റമാണ് ഞങ്ങളെ അതിശയപ്പെടുത്തിയത്…. വെളുത്തുരുണ്ട് നല്ല ഭംഗി വച്ചിരുന്നു…. പക്ഷെ എന്തൊക്കെ സംഭവിച്ചിട്ടും, ബെന്നിച്ചന് ഞങ്ങളോടുള്ള സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചില്ല….

 

“എന്ത് രസാ ഇപ്പൊ ബെന്നിയെ കാണാൻ അല്ലേടാ ”

 

ഒരു വൈകുന്നേരം ചായകുടിയുടെ ഇടയിലാണ് സാന്ദ്ര മാത്തനോട് ചോദിച്ചത്.

 

അത് കേട്ടതും അവന്റെ മുഖമിരുണ്ടു….

 

“നല്ല കുടുംബത്തിലെ ആരേലും കൊണ്ട് പോയി വളർത്തിയാൽ അങ്ങനെയാ…. നമ്മളെ ഒന്നും ആർക്കും വേണ്ട ”

നിരാശയോടെയായിരുന്നു മാത്തനത് പറഞ്ഞത്.

 

ബെന്നിയുടെ വളർച്ചയിൽ മാത്തനു നേരിയ കുശുമ്പുണ്ടെന്ന് സാന്ദ്രക്ക് മനസ്സിലായി. എങ്കിലും അവൾ അവനെ തിരുത്താനോ ചോദ്യം ചെയ്യാനോ അവൾ മുതിർന്നില്ല.

 

കാലങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു … അവർ മൂന്ന് പേരും വളർന്നു…. ഒരു ജേഷ്ഠ സഹോദരനെ പോലെ ഒന്നും പ്രതീക്ഷിക്കാതെ ബെന്നി അവരെ എല്ലാ കാര്യങ്ങൾക്കും സഹായിച്ചു കൊണ്ടിരുന്നു…. തന്നെക്കാൾ അത് നല്ലപോലെ മുതലെടുത്തത് മാത്തച്ചൻ ആയിരുന്നു.

 

അങ്ങനെ ഉള്ള ബെന്നി ഒരിക്കലും ആനിയെ വഞ്ചിക്കില്ലെന്ന് ഉറപ്പായിരുന്നു….. എങ്കിലും ആനിയുടെ വാക്കുകൾ സാന്ദ്രയുടെ മനസ്സിൽ ഒരു കരടായി അവശേഷിച്ചു…..

 

രാവിലെ റെഡിയായി, അവിടുന്ന് ഇറങ്ങാൻ നേരവും ആനിയുടെ മുഖത്ത് നേരിയൊരു വിഷാദം തങ്ങി നിന്നിരുന്നു…..

 

“ഒക്കെ ശെരിയാകുമെടോ എന്നർത്ഥത്തിൽ സാന്ദ്ര അവളോട് നേരിയൊരു പുഞ്ചിരിയോടെ ബൈ പറഞ്ഞുകൊണ്ട് കാർ സ്റ്റാർട്ട് ആക്കി.

 

വീണ്ടും ഓരോരോ തിരക്കുകളുടെ ലോകത്തായി സാന്ദ്ര….

 

രാത്രിയിലെ യാത്രയിൽ എപ്പോഴൊക്കെയോ അവൾ സെറീനയെ കണ്ടിരുന്നു…. ചിലപ്പോഴൊക്കെ അവൾ സാന്ദ്രയുടെ കാറിൽ അവളുടെ പതിവ് സ്ഥലം വരെ ഉണ്ടായിരുന്നു….. ആ യാത്രകൾ പരസ്പരമുള്ള അവരുടെ സ്നേഹത്തിന്റെ ആഴം കൂട്ടിയത് പോലെ സാന്ദ്രക്ക് തോന്നി.

 

ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വെഡിങ് കമ്പനിയിലെ മാനേജർ ഫിലിപ്പ് സർ, നെക്സ്റ്റ് വെഡിങ് കപ്പിളുമായുള്ള മീറ്റിംഗ് മാത്തച്ചൻ വർക്ക് ചെയ്യുന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ആറേഞ്ച് ചെയ്തത്….

 

മാത്തച്ചൻ ആ ഹോട്ടലിലെ അസിസ്റ്റന്റ് മാനേജറാണ്…..

 

ഹോട്ടലിലേക്ക് കയറി വരുമ്പോഴാണ്, മാത്ത ച്ചൻ റിസെപ്ഷനിലുള്ള പെൺകുട്ടികളുമായി കൊഞ്ചി കുഴയുന്നത് സാന്ദ്രയുടെ കണ്ണിൽ പെട്ടത്….

 

“കാട്ടു കോഴി ഇവനെ ഞാനിന്ന് ശരിയാക്കും ”

മാത്തന്റെ നിൽപ്പ് കണ്ടതും, അവനെയൊന്ന് നാണം കെടുത്തണമെന്ന് സാന്ദ്രക്ക് തോന്നി.

 

“എടാ മാത്താ”….. സാന്ദ്ര ഉറക്കെ വിളിച്ചു….

 

അത് കേട്ടതും ചുറ്റിലും കൂടി നിന്ന പെൺകുട്ടികൾ അവനെ നോക്കി ചിരിക്കാൻ തുടങ്ങി…. മാത്തന്റെ മുഖം ദേഷ്യം കൊണ്ട് കറുത്തിരുണ്ടു.. അവൻ ഒറ്റ കുത്തിപ്പിന് സാന്ദ്രയുടെ അടുത്തെത്തി.

 

“ഡീ ചേച്ചി പെണ്ണെ നിന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞതാണ്, ആ വൃത്തികെട്ട പേരെന്നെ വിളിക്കരുതെന്ന്… ഞാനിപ്പോൾ ,മാത്തനല്ല, മാർട്ടിനാണ്….

പത്താമത്തെ വയസ്സ് തൊട്ട് ഞാനീ കാര്യം നിന്നോട് പറയുന്നതാണ്…. എന്നാലും നീയാ ചീഞ്ഞ പേരേ വിളിക്കു.”

 

പരിഭവത്തോടെ അവൻ സാന്ദ്രയോട് പറഞ്ഞു.

 

“എത്ര കാലം കഴിഞ്ഞാലും, നീയെനിക്കാ പഴയ മാത്തൻ തന്നെയല്ലേടാ ”

 

അവന്റെ നീട്ടി വളർത്തിയ താടി രോമത്തിൽ പിടിച്ചു വലിച്ചു കൊണ്ട് സാന്ദ്ര പറഞ്ഞു.

 

“വേണേൽ നീ ആരും കേൾക്കാതെ എന്നെയാ പേര് വിളിച്ചോ…. പക്ഷെ പെമ്പിള്ളേരുടെ മുന്നിൽ വച്ചു നീയെന്നെ ഇങ്ങനെ നാറ്റിക്കരുത് പ്ലീസ് ”

 

യാചനാസ്വരത്തിൽ പറയുന്ന മാത്തനെ കണ്ടതും, സാന്ദ്രക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല…..

 

പെട്ടെന്നാണ് അവരുടെ തൊട്ടരികിലൂടെ ഒരു പെൺകുട്ടിയും, പുരുഷനും വേഗത്തിൽ നടന്നു പോയത്….. ആ പെർഫ്യുമിന്റെ സ്മെൽ സാന്ദ്രക്ക് പരിചിതമായിരുന്നു….

 

“സെറീനയല്ലേ ആ പോയത്? സാന്ദ്ര മാത്തനോ ട് ചോദിച്ചു…..

 

“നിനക്ക് സെറീനയെ എങ്ങനെ അറിയാം?

അതിശയത്തോടെ മാത്തൻ ചോദിച്ചു.

 

അവന്റെ ചോദ്യത്തിന് അവൾ മൗനം പാലിച്ചു.

 

“അവൾ ആളത്ര ശരിയല്ല കേട്ടോ…. ഇടയ്ക്കിടെ ഓരോരുത്തരെ കൂട്ടി കൊണ്ട് വന്ന് ഇവിടെ റൂം എടുക്കും, കുറച്ചു കഴിയുമ്പോൾ പോകും…. എന്താ അവളുടെ പരിപാടി എന്നൊന്നും എനിക്കറിയില്ല ”

 

മാത്തൻ പറയുന്നത് കേട്ട് സാന്ദ്ര ഞെട്ടി.

 

“ഏയ്‌ അവൾ അങ്ങനെ ഉള്ള കുട്ടിയല്ലെടാ ”

 

തർക്കിക്കാനെന്നോണം സാന്ദ്ര പറഞ്ഞു.

 

“എന്തൊക്കെ ആയാലും സ്നേഹമുള്ള കൊച്ചാണ്…. ഒരിക്കൽ മദർ എന്നെ പൈസക്ക് വേണ്ടി വിളിച്ചപ്പോൾ അവൾ റിസെപ്ഷനിൽ റൂം ബുക്ക്‌ ചെയ്യുവാൻ നിൽക്കുകയായിരുന്നു. മദർ ചോദിച്ച പൈസ എന്റെ കൈയിൽ ഇല്ലായിരുന്നു…. അപ്പോൾ സങ്കടപ്പെട്ടു നിന്ന എന്നോട് അവൾ കാര്യമെന്തെന്ന് അന്വേഷിച്ചു. എല്ലാം മനസ്സിലാക്കിയ അവൾ ആ പൈസ മുഴുവൻ ജി പേ വഴി എനിക്ക് സെൻഡ് ചെയ്തു. അത് മാത്രമല്ല ഈ മാസവും അവൾ മുടങ്ങാതെ എനിക്കത് അയച്ചു തന്നു ”

 

അത് പറയുമ്പോൾ മാത്തന്റെ കണ്ണുകളിൽ സെറീനയോടുള്ള കടപ്പാട് നിഴലിച്ചിരുന്നു….

 

അപ്പോൾ അതാണ് രണ്ട് ദിവസം മുന്നെ, മദർ വിളിച്ചപ്പോൾ പറഞ്ഞ മാത്തന്റെ മാറ്റം.

 

പൊതുവെ സ്വാർത്ഥൻ ആയിരുന്ന മാത്തൻ മുടങ്ങാതെ പൈസ അയക്കുന്നു എന്ന് മദർ പറഞ്ഞപ്പോൾ തന്നെ തനിക്കത് അവിശ്വസനീയമായി തോന്നിയിരുന്നു

 

“എന്നിട്ടാണോ നീ അവളെ കുറിച്ച് വേണ്ടാതീനം പറഞ്ഞത് “.

 

ആസ്വസ്ഥതയോടെ സാന്ദ്ര മാത്തനോട് ചോദിച്ചു.

 

” അവൾക്കെന്തൊക്കെയോ ദുരൂഹത ഉള്ളത് പോലെയെനിക്ക് തോന്നി…. മൂന്നാല് തവണ ഞാൻ അവളെ ചിരിച്ചുല്ലസിച്ചു കൊണ്ട് നമ്മുടെ ബെന്നിച്ചന്റെ ഒപ്പം കണ്ടിരുന്നു “.

 

അത് കേട്ടതും സാന്ദ്ര നടുങ്ങി .അവൾ മാത്തന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി.

 

എന്നിട്ട് നീ ബെന്നിച്ചനോട് ഇതിനെ പറ്റിയൊന്നും ചോദിച്ചില്ലേ “?

 

ദേഷ്യത്തോടെ സാന്ദ്ര ചോദിച്ചു…..

 

“പത്താമത്തെ വയസ്സിൽ സുഖ ജീവിതം തേടിപ്പോയവനെ നമ്മൾ എന്തിന് ചോദ്യം ചെയ്യണം? എനിക്ക് ഈ ലോകത്ത് കൂടപ്പിറപ്പായി നീ മാത്രമേ ഉള്ളു.”

 

സ്വാർത്ഥത നിറഞ്ഞ അവന്റെ സംസാരം സാന്ദ്രക്ക് തീരെ ഇഷ്ടപ്പെട്ടില്ല…..

 

“പിന്നെ ന്തിനാടാ ഇടയ്ക്കിടെ പൈസ ചോദിച്ച് നീയവനെ ബുദ്ധിമുട്ടിക്കുന്നത്, നിന്റെ ആഗ്രഹപ്രകാരം ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിന് ചേർത്തത് അവനല്ലേ …. എന്നിട്ട് ജോലി ഇല്ലാതെ ഈര് തെണ്ടിയ നിന്നെ ആരുടെക്കെയോ കൈയും കാലും പിടിച്ചു ഇവിടെ ജോബ് വാങ്ങിത്തന്നതും അവൻ തന്നെയല്ലേ …. എന്നിട്ട് തെണ്ടിത്തരം പറയുന്നോടോ ചെറ്റേ “.

 

സാന്ദ്ര ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു…..

 

“ഡീ…. സോറി…. നിനക്കെന്നെ അറിയാല്ലോ…. അവനോടുള്ള കുശുമ്പ് മൂക്കുമ്പോൾ ഞാനെന്തൊക്കെയോ വിളിച്ചു പറയും. എന്ന് കരുതി എനിക്കവനോട് സ്നേഹം ഇല്ലെന്നല്ല. ”

 

കുറ്റബോധത്തോടെയുള്ള മാത്തന്റെ ഏറ്റു പറച്ചിൽ കേട്ടു നിൽക്കാതെ സാന്ദ്ര അവിടുന്ന് പോയി…..

 

ഗസ്റ്റ് ലേറ്റ് ആകുമെന്ന മെസേജ് കണ്ടതും ഓരോന്നോർത്തു കൊണ്ട് സാന്ദ്ര ആലോചനയിലായി. ചിന്തകൾ കാട് കേറി അവളെ ഭ്രാന്ത് പിടിപ്പിക്കുമെന്ന് തോന്നി.

 

മാത്തൻ പറയുന്നതൊക്കെ ശരിയാണെങ്കിൽ ആനിയുടെ നിഗമനങ്ങളും സത്യമാണെന്ന് സാന്ദ്രക്ക് തോന്നി…. എന്തായാലും ബെന്നിച്ചനെ ഒന്ന് കാണുവാൻ തന്നെ സാന്ദ്ര തീരുമാനിച്ചു…..

 

അവന്റെ നമ്പർ ഡയൽ ചെയ്തതും, ലാസ്റ്റ് റിങ്ങിൽ അവൻ കോൾ അറ്റൻഡ് ചെയ്തു…..

 

കുറച്ചു ദിവസങ്ങളായി അവനെ വിളിക്കാത്തത് കൊണ്ടാകും സാന്ദ്രയുടെ കോൾ കണ്ടതും അവൻ അതിശയപ്പെട്ടു ….

 

“എന്താ കുഞ്ഞി പതിവില്ലാതെ….. നീ ഓക്കെയാണോ….?

 

“എനിക്ക് നിന്നെയൊന്നു കാണണം… നീ ഫ്രീ ആണെങ്കിൽ മാത്തന്റെ ഹോട്ടലിന്റെ അടുത്തുള്ള ‘ഹോട്ട് കോഫി’ റെസ്റ്റോറണ്ടിലേക്ക് ഒന്ന് വരുമോ “?

 

“എന്താടാ പെട്ടെന്ന് ഇങ്ങനെയൊക്കെ…. നിനക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ? നമ്മുടെ മാത്തൻ വല്ലതും ഒപ്പിച്ചോ “?

 

ഒരു ഏട്ടന്റെ ആകുലതകൾ ആയിരുന്നു അവന്റെ വാക്കുകൾ നിറയെ…..

 

“ബെന്നിച്ചാ, നീ ഓരോന്നോർത്ത് ടെൻഷൻ അടിക്കാതെ വേഗം ഇങ്ങോട്ട് വരാൻ നോക്ക് “?

 

സാന്ദ്രയുടെ വാക്കുകളിൽ നിന്നും കാര്യം ഗൗരവമേറിയ എന്തോ ആണെന്ന് ബെന്നിച്ചന് മനസ്സിലായി….അവൻ പിന്നെ മറു ചോദ്യങ്ങൾക്കൊന്നും മുതിർന്നില്ല.

 

പത്ത് പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം ബെന്നിച്ചൻ റെസ്‌റ്റോറന്റിലെത്തി….സാന്ദ്ര അവനെയും കാത്ത് അക്ഷമയോടെ ഇരിപ്പുണ്ടായിരുന്നു.

 

“എന്താ മോളെ കാര്യം “?

ബെന്നിച്ചന്റെ ചോദ്യം കേട്ടതും സാന്ദ്ര ഒന്ന് പതറി…. എന്ത് ചോദിക്കണം? എങ്ങനെ ചോദിക്കണം…. സാന്ദ്രക്ക് ഒരു ഊഹവും ഇല്ലായിരുന്നു….

 

“ബെന്നിച്ചാ, ആരാ ഈ സെറീന?

കോഫി കപ്പ് ചുണ്ടോട് അടുപ്പിച്ചു കൊണ്ടവൾ ചോദിച്ചു….

 

അവളുടെ ചോദ്യം കേട്ടതും, ബെന്നിച്ചനൊന്ന് ഞെട്ടി.

 

“സെറീനയോ…. ഏത് സെറീന….

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുത്തുള്ളികൾ കർച്ചീഫ് കൊണ്ട് ഒപ്പി ബെന്നി ചോദിച്ചു.

 

“ബെന്നിച്ചാ, നീ എന്നോട് ഒന്നും മറച്ചു വയ്ക്കരുത്…. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ ആനിയാണ് നിന്റെ മാറ്റം എന്നോടാദ്യമായി പറയുന്നത്. അന്നത് അവളുടെ വെറും സംശയം ആയി മാത്രമേ ഞാൻ കരുതിയുള്ളു. ഇതിപ്പോ മാത്ത ച്ചൻ നിന്നെ സെറീനയ്ക്കൊപ്പം കണ്ടെന്നു പറഞ്ഞപ്പോൾ…. എന്താ ബെന്നിച്ചാ ഇതിന്റെയൊക്കെ അർഥം?”

 

“സെറീനയെ നിനക്ക് എങ്ങനെയാണ് പരിചയം”?

 

ബെന്നിച്ചന്റെ ചോദ്യം കേട്ടതും അവൾ ഗൗരവത്തിലായി…..

 

അന്ന് രാത്രി ബെന്നിച്ചന്റെ വീട്ടിലേക്ക് പോകുമ്പോൾ നടന്നതൊക്കെ ഒറ്റ സ്വരത്തിൽ സാന്ദ്ര അവനോട് പറഞ്ഞു…..

 

എല്ലാം കേട്ടിട്ടും അവനൊന്നും മിണ്ടാതെ തല കുനിച്ചിരുന്നതേയുള്ളു…..

 

“നിനക്കൊന്നും പറയാനില്ലേ ബെന്നിച്ചാ?”

 

അവന്റെ മൗനം സാന്ദ്രയെ ശരിക്കും ദേഷ്യം പിടിപ്പിക്കുവാൻ തുടങ്ങിയിരുന്നു.

 

“ഞാനെന്ത് പറയാനാ സാന്ദ്ര…. നിനക്കും എന്നെ സംശയമാണോ “?

 

സങ്കടത്തോടെയായിരുന്നു ബെന്നിച്ചന്റെ ചോദ്യം.

 

“നീയും സെറീനയുമായി എന്താണ് ബന്ധം? എന്നോട് അവളെ കുറിച്ച് അന്വേഷിച്ചത് കൊണ്ട് നിനക്ക് അവളെ അറിയില്ലെന്ന് പറയാൻ കഴിയില്ല. ഇടക്കെപ്പോഴൊക്കെയോ സെറീനയെ പരിചപ്പെട്ടത് കൊണ്ട് കാരണമില്ലാതെ എനിക്കവളെ കുറ്റപ്പെടുത്താനും കഴിയുന്നില്ല “.

 

“സത്യത്തിൽ നീയും ആനിയും കരുതുന്നത് പോലെ എനിക്കവളോട് ഒരു മോശം ബന്ധവുമില്ല…. അഥവാ ഞാൻ എന്തെങ്കിലും മറച്ചു പിടിക്കുന്നുവെങ്കിൽ അതിനെന്തെങ്കിലുമൊരു കാരണം ഉണ്ടാകും “.

 

ബെന്നിച്ചൻ സെറീനയെക്കുറിച്ച് ഒന്നും തുറന്നു പറയുന്നില്ലെന്ന് കണ്ടപ്പോൾ സാന്ദ്രക്ക് ദേഷ്യം വന്നു….. അവൾ തിരികെ പോകാനായി എഴുന്നേറ്റു…..

 

“സാന്ദ്ര, നമ്മൾ അനാഥാലയത്തിൽ വളർന്നത് കൊണ്ട് നമുക്ക് ആരുമില്ലെന്ന് നീ കരുതുന്നുണ്ടോ? ഈ ലോകത്ത് നമ്മുടേതെന്ന് പറയാൻ ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ “?

 

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ടതും, സാന്ദ്ര തെല്ലൊരാശയക്കുഴപ്പത്തിലായി.

 

“ആരൊക്കെ ഉണ്ടെങ്കിലും, ബാല്യത്തിൽ കിട്ടാത്ത സൗഭാഗ്യങ്ങളൊന്നും ഇനിയുമെ നിക്ക് വേണ്ട ബെന്നിച്ചാ ”

 

നിസ്സംഗതയോടെ മറുപടി പറഞ്ഞ് സാന്ദ്ര മാത്തന്റെ ഹോട്ടലിലേക്ക് നടന്നു.

 

മീറ്റിംഗ് കഴിഞ്ഞ് ഡ്രൈവ് ചെയ്തു വീട്ടിലേക്ക് പോകുമ്പോഴും, സെറീനയും ബെന്നിച്ചനും ഉത്തരം കിട്ടാത്തൊരു ചോദ്യമായി സാന്ദ്രയെ അലട്ടി കൊണ്ടിരുന്നു…..

 

നേരം ഒൻപത് കഴിഞ്ഞിരുന്നു….. വിജനമായ റോഡിലൂടെ ഒറ്റക്കുള്ള യാത്ര ആദ്യമായി അവളെ മടുപ്പിച്ചു….. ആനിയും, ബെന്നിച്ചനും ഉള്ളിന്റെ ഉള്ളിൽ അകലുകയാണെന്ന യാഥാർഥ്യം അവളെ നീറ്റിക്കൊണ്ടിരുന്നു…. പെട്ടെന്നാണ് റോഡിന്റെ ഏകദേശം മധ്യ ത്തിലായി ഒരാൾക്കൂട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്…. വണ്ടി സൈഡ് ആക്കി അവൾ മെല്ലെയിറങ്ങി…..

 

ആളുകളെയൊക്കെ കവച്ചു മാറ്റി, ഉദ്വേഗത്തോടെ സാന്ദ്ര മുന്നോട്ട് നടന്നു…..

 

ആക്സിഡന്റാണ്, പാവം സ്പോട്ടിൽ വച്ചു തന്നെ തീർന്നു…. ആളുകളുടെ അടക്കി പിടിച്ച സംസാരം സാന്ദ്ര കേൾക്കുന്നുണ്ടായിരുന്നു.

 

പെട്ടെന്നാണ് അവളാ കാഴ്ച്ച കണ്ടത്.ഒരു പെൺകുട്ടി രക്തത്തിൽ കുളിച്ചു കമിഴ്ന്നു കിടക്കുന്നു…. ചുറ്റിലും, പോലീസും, ഒന്നോ രണ്ടോ ഫോട്ടോ ഗ്രാഫർമാരും…. പോലീസിന്റെ നിർദേശമനുസരിച്ചു തുരു തുരാ ഫ്ലാഷ് മിന്നുന്നുണ്ട് … തിരിഞ്ഞു പോകാൻ തുടങ്ങവേയാണ് പോലീസ് ആ പെൺകുട്ടിയുടെ മൃതദേഹം നേരെ കിടത്തിയത്….. ഒന്നേ നോക്കിയുള്ളു…. ഞെട്ടലോടെ സാന്ദ്ര അവളെ തിരിച്ചറിഞ്ഞു….

സെറീന…. ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു …..

 

“സെറീനേ…..എന്നുറക്കെ അലമുറയിട്ട് കൊണ്ട് സാന്ദ്ര അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു…. പോലീസ് അവളെ ബലമായി അവിടെ നിന്നും പിടിച്ചു മാറ്റി, റോഡിന്റെ ഒരരികത്തായി നിർത്തി….

 

“തന്റെ ആരാണ് ആ കുട്ടി “?

പരുഷസ്വരത്തിലായിരുന്നു പോലീസിന്റെ ചോദ്യം….

 

“എന്റെ ആരുമല്ല സർ…. അറിയാം “.

കരച്ചിലിനിടയിൽ സാന്ദ്ര പറഞ്ഞു….

 

“ആ കുട്ടി റോഡിലൂടെ നടന്നു പോകുകയായിരുന്നു …. പെട്ടെന്നാണ് ഒരു ട്രക്ക് വന്ന് അവളെ ഇടിച്ചു തെറിപ്പിച്ചത്.ഇതെല്ലാം സാക്ഷി മൊഴിയാണ്. ആക്സിഡന്റാണോ, മർഡർ ആണോ എന്നൊക്കെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ടേ പറയാൻ കഴിയു.ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ഇൻഫോം ചെയ്യുന്നത് നല്ലതായിരിക്കും”.

 

മരവിച്ച മനസ്സോടെ പോലീസ് പറയുന്നതെല്ലാം സാന്ദ്ര കേട്ടു നിന്നു.

 

കുറച്ചു കഴിഞ്ഞതും ഒരാമ്പുലൻസ് വന്ന് സെറീനയെ കൊണ്ട് പോയി…. ആളുകൾ ഓരോന്നായി കൊഴിഞ്ഞു പോയി. എന്ത് ചെയ്യണം എന്നൊരു ഊഹവുമില്ലാതെ സാന്ദ്ര പിന്നെയും അവിടെ ചുറ്റി തിരിഞ്ഞു നിന്നു.

 

ബെന്നിയെ അറിയിക്കണ്ടേ.?….തൊട്ടടുത്ത നിമിഷം സാന്ദ്ര അതാണ് ഓർത്തത്…..

 

അവൾ കിടന്നിടത്ത് രക്തം തളം കെട്ടി കിടക്കുന്നു…. സാന്ദ്ര ഒരിക്കൽ കൂടി അവിടേക്ക് മെല്ലെ നടന്നു.സെറീനയെ കുറിച്ചുള്ള ഓർമ്മകൾ അവളെ സങ്കടപ്പെടുത്തി. ഇനി അവളില്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ സാന്ദ്രയുടെ മിഴികൾ നിറഞ്ഞു …

 

അവിടെ നിന്നും തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് എന്തിലോ ചവുട്ടി സാന്ദ്രയുടെ ചുവടുകൾ നിന്നത് … നോക്കിയപ്പോൾ ചെറിയൊരു നോട്ട് പാഡ്…. സെറീനയുടേത് ആകുമെന്ന് ഉറപ്പിച്ചു കൊണ്ട് അവളത് ജീൻസിന്റെ പോക്കറ്റിൽ തിരുകി.

 

കാറിനുള്ളിൽ കയറിയതും സാന്ദ്ര ആകാംഷയോടെ നോട്ട് പാഡ് മറച്ചു നോക്കി…. ചില ഫോൺ നമ്പറുകൾ, അഡ്രെസ്സ് അതൊക്കെയായിരുന്നു ആദ്യ പേജുകളിൽ നിറഞ്ഞിരുന്നത്….

 

അവസാനത്തെ പേജിൽ സെറീനയും , ബെന്നിച്ചനും ചേർന്നിരിക്കുന്ന ചിത്രം കണ്ടതും സാന്ദ്ര ഞെട്ടിത്തരിച്ചു….. അതൊരു പെൻസിൽ ഡ്രോയിങ്ങായിരുന്നു

.”ബെന്നിച്ചന്റെ സ്വന്തം കുഞ്ഞി ”

താഴെ കുറിച്ചിട്ട വരികൾ ആദ്യം അവളിൽ നടുക്കം ഉണ്ടാക്കിയെങ്കിലും സത്യം തിരിച്ചറിഞ്ഞതോടെ അവളാ വരികളിലൂടെ സങ്കടത്തോടെ വിരലോടിച്ചു.

 

റെസ്റ്റോറന്റിൽ നിന്നും തിരികെ പോരുമ്പോൾ ബെന്നിച്ചന്റെ ചോദ്യത്തിനുള്ള ഉത്തരം ആ താളിൽ ഉണ്ടെന്ന് സാന്ദ്രക്ക് മനസ്സിലായി……അവന്റെ തീരാ നഷ്ടത്തെ കുറിച്ചോർത്തതും, സാന്ദ്രയുടെ കണ്ണുകളിൽ ഇരുട്ട് കയറി .സെറീനയുടെ വേർപാട് ബെന്നിച്ചനെ എങ്ങനെ അറിയിക്കുമെന്ന് അപ്പോഴും അവൾക്കൊരു ഊഹവുമില്ലായിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *