(രചന: ശിവപദ്മ)
“എനിക്ക് ഈ കല്ല്യാണം വേണ്ടച്ഛാ… ഇത് ശരിയാവില്ല… ” ഇന്ദു അച്ഛനോട് പറഞ്ഞു.
” മോളേ… അച്ഛൻ പറയുന്നത് കേൾക്ക് നല്ല ആലോചനയാ… നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒന്ന്… നിൻ്റെ ജീവിതം സുഖമായിരിക്കും..” വേണു അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു…
” ഇത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് ഈ ആലോചന വേണ്ടന്ന്… നമ്മുടെ കൊക്കിന് ഒതുങ്ങാത്തത് നമുക്ക് വേണ്ടച്ഛാ… ” ഇന്ദു അവളുടെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.
“മോളേ… ”
” വേണ്ടച്ഛാ… ഞാനിറങാ സമയായി… ” ഹാൻഡ് ബാഗിലേക്ക് ചോറും പാത്രവും എടുത്തു വച്ചു കൊണ്ട് അവരോട് യാത്ര പറഞ്ഞു അവൾ ഇറങ്ങി നടന്നു… അവൾ പോകുന്നതും നോക്കി വേണുവും…
ഒരു സാധാരണ കൂലിപണികാരനായ വേണുവിന്റെയും കമലയുടെയും മൂന്ന് പെൺമക്കളിൽ മുതിർന്നവളാണ് ഇന്ദു അതിന് താഴേ ഇരട്ടപെൺകുട്ടികളായ ഇഷാനിയും ഇശലും… ഇഷാനിയുടെയും ഇശലിൻ്റെയും അഞ്ചാം വയസ്സിലാണ് കമല അർബുദം ബാധിച്ച് മരിക്കുന്നത്… അപ്പോൾ ഇന്ദുവിന് പത്ത് വയസ്… അനിയത്തിമാരെ മക്കളായി ആണ് അവൾ വളർത്തിയത്…
ജോലിസ്ഥലത്ത് വച്ച് വേണുവിന് ഉണ്ടായ ഒരപകടം, ആ കുടുംബത്തിൻ്റെ താളം തെറ്റിച്ചു.. അതോടെ ഇന്ദു
പ്ലസ്ടുവിൽ വച്ച് പഠനം നിർത്തി അച്ഛനെ സഹായിക്കാൻ ജോലിയ്ക്ക് പോകാൻ തുടങ്ങി… ആദ്യം ഒരു ഫോട്ടോസ്റ്റാറ്റ് കടയിലും പിന്നീട് കർണിക എന്ന് വലിയ ടെക്സ്റ്റൈൽ ഷോപ്പിലും ജോലിയ്ക്ക് കയറി…
അതിന് ശേഷം അവരുടെ ജീവിതം വലിയ ബുദ്ധിമുട്ട് ഇല്ലാതെ പോവുകയായിരുന്നു. അപ്പോഴാണ് കർണിക എന്ന ടെക്സ്റ്റൈൽ ശൃംഖലയുടെ മേധാവിയായ ഗോവർദ്ധ മേനോൻ തൻ്റെ മൂത്ത ചെറുമകനായ ഹർഷവർദ്ധന് വേണ്ടി വിവാഹ ആലോചനകൾ തുടങ്ങിയത്…
ആരാലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു ഒരറ്റ കൊമ്പനായിരുന്നു ഹർഷൻ… ബിസിനസിലും വ്യക്തിജീവിതത്തിലും ഏറ്റവും ബെസ്റ്റ് ആയിരിക്കണം തനിക്ക് വേണ്ടത് എന്ന് നിർബന്ധം ഉള്ളവൻ… ഏതെങ്കിലും ഒന്നിനെ വേണമെന്ന് ആഗ്രഹിച്ചാൽ അത് ഏത് വിധേനയും നേടിയെടുക്കുന്ന വാശിക്കാരൻ…
ആ ഒറ്റക്കൊമ്പനെ തളയ്ക്കാൻ ഗോവർദ്ധൻ കണ്ടെത്തിയവളാണ് ഇന്ദു… എന്തിനെയും ധൈര്യത്തോടെ നേരിടുന്ന ഒരു തൻ്റേടി… സാമ്പത്തിക തങ്ങളേക്കാൾ താഴെയാണ് എന്നതൊഴിച്ചാൽ ഇന്ദുവിനെ വേണ്ടന്ന് വയ്ക്കാൻ പ്രത്യേക കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… ഹർഷൻ മുത്തച്ഛനല്ലാതെ മറ്റാരും പറയുന്നതിനെ മുഖ വിലയ്ക്ക് എടുക്കാറില്ല… അച്ഛനെയും അമ്മയെയും പോലും…
” വാട്ട് റബ്ബിഷ്… മുത്തശ്ശി… ആഫ്ട്രോൾ ഒരു സെയിൽസ് ഗേളിനെ മാത്രമേ കിട്ടിയുള്ളൂ എനിക്ക് വേണ്ടി വിവാഹമാലോചിക്കാൻ… ” ഹർഷൻ വളരെയധികം ദേഷ്യത്തിലായിരുന്നു.
“ഹർഷാ… ഇന്ദു നല്ല കുട്ടിയാ… ”
” ജസ്റ്റ് സ്റ്റോപ്പിറ്റ് അമ്മാ… ഒരു നല്ല കുട്ടി… എന്ത് യോഗ്യതയുണ്ട് അവൾക്ക് കർണികയിലെ ഹർഷവർദ്ധൻ്റെ ഭാര്യയാകാൻ… പണമുണ്ടൊ വിദ്യാഭ്യാസമുണ്ടോ, കുടുംബമഹിമയുണ്ടോ… ഇതൊന്നും ഇല്ലാത്ത ഒരു ദരിദ്രവാസി പെണ്ണിനെയെ കിട്ടിയുള്ളൂ… ” അവൻ എല്ലാവരോടുമായി ചോദിച്ചു.
” ഹർഷാ… പണം കൊണ്ടും പദവി കൊണ്ടും നേടാൻ കഴിയാത്ത പലതും ഉണ്ട് ലോകത്ത്… അത് മനസിലാക്കി വേണം സംസാരിക്കാൻ… ” ഭൈരവി( ഹർഷൻ്റെ മുത്തശ്ശി) പറഞ്ഞു..
” ഈ കുടുബത്തിലെ ആരും ഇന്നേവരെ പണം കൊണ്ട് ആരെയും അളന്നിട്ടില്ല അത് മറക്കണ്ട നീ…” ഗായത്രി (ഹർഷൻ്റെ അമ്മ) പറഞ്ഞു.
” അതുകൊണ്ട് ഞാനും അത് തന്നെ ചെയ്യണം എന്നാണൊ…”
” വേണ്ടാ… ” പെട്ടെന്ന് വാതുക്കലിൽ നിന്ന് ഗോവർദ്ധൻ അകത്തേക്ക് കയറി… ഹർഷൻ കുറച്ചു സൈഡിലേക്ക് നീങ്ങി നിന്നു…
” നീ ഇനി ആർക്കുവേണ്ടിയും ഒന്നും മാറ്റണ്ട, നിന്നെ ജീവനെ പോലേ സ്നേഹിക്കാനും സ്നേഹം കൊണ്ട് നിന്നെ ഈ മുരട്ട് സ്വഭാവത്തിൽ നിന്നും മാറ്റിയെടുക്കാനും കഴിയും എന്നുറപ്പുള്ളത് കൊണ്ടാണ് ഞാൻ ഇന്ദുവിനെ നിൻ്റെ പാതിയായി തിരഞ്ഞെടുത്തത്… പക്ഷെ നിനക്ക് തിനുള്ള യോഗമില്ല.. അവൾക്ക് ഈ വിവാഹത്തിന് താൽപര്യമില്ല… ” മുത്തശ്ശൻ അതും പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി… പിന്നാലേ മറ്റുള്ളവരും..
പക്ഷേ ഹർഷന് മാത്രം അവിടെ നിന്നും അനങ്ങാൻ സാധിച്ചില്ല… തൻ്റെ പതിപ്പിലും സൗന്ദര്യത്തിലും സാമ്പത്തിക സ്ഥിതിയിലും വളരെയധികം അഹങ്കരിച്ചിരുന്ന ഹർഷന് തൻ്റെ ആത്മാഭിമാനത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു അത്…
” വാട്ട് ദി… എൻ്റെ ഏഴയിലത്ത് വരാൻ യോഗ്യതയില്ലാത്ത ഒരുവള് എന്നെ വേണ്ടെന്നോ… ഹ്മ്… ഇനി ഈ ഹർഷൻ ഒരുവളെ ജീവിതത്തിൽ ചേർക്കുന്നുണ്ട് എങ്കിൽ അത് നിന്നെ മാത്രമായിരിക്കും ഇന്ദു… ” വല്ലാത്ത ഒരു വാശിയോടെ അവൻ മനസിൽ ഉറപ്പിച്ചു…
രണ്ട് ദിവസങ്ങൾക്ക് ശേഷം…
” ഇന്ദു… നിന്നെ മാനേജർ വിളിക്കുന്നുണ്ട്… ” അവൾക്ക് ഒപ്പം ജോലി ചെയ്യുന്ന ചേച്ചി പറഞ്ഞു.
” ഹാ… ” ചെയ്തു കൊണ്ടിരുന്ന ജോലി വേഗം തീർത്തിട്ട് ഇന്ദു മാനേജരുടെ അടുത്തേക്ക് ചെന്നു.
“സർ എന്തിനാ വിളിച്ചത്… ”
” ഹാ ഇന്ദു… എനിക്ക് കുട്ടിയോട് പ്രത്യേകിച്ച് വിരോധം ഒന്നുമില്ല. മുകളിൽ നിന്നും തരുന്ന നിർദേശം അപ്പാടെ അനുസരിക്കുക എന്നതാണ് എൻ്റെ ജോലി ഞാനത് ചെയ്യുന്നു എന്ന് മാത്രം… കുട്ടിയ്ക്ക് എന്നോട് വിരോധം തോന്നരുത്…” മാനേജർ പറഞ്ഞു.
” സർ എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല… ”
” അത്… അത് പിന്നെ… ഇന്ദു ഇനിമുതൽ ഇങ്ങോട്ട് വരണ്ട, തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു, ഇത് ഈ മാസം താൻ ചെയ്ത ജോലിയുടെ ശമ്പളമാണ്… ” അവൾക്ക് മുന്നിലേക്ക് ഒരു കവർ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
ഇന്ദുവിന് ഒരുനിമിഷം അവളുടെ ലോകം കീഴ്മേൽ മറിഞ്ഞപോലെ തോന്നി..
” സർ… സർ ഞാനതിന് എന്ത് തെറ്റാ ചെയ്തെ… ഇപ്പൊ ഇങ്ങനെ… പെട്ടെന്ന് ഇങ്ങനെ പറഞ്ഞാ ഞാൻ… ” അവൾക്ക് കൈയും കാലും കുഴയുന്ന പോലെ തോന്നി. കണ്ണുകൾ നിറഞ്ഞു.
” ഞാൻ പറഞ്ഞില്ലേ ഇന്ദു… ഇത് ഞാനെടുത്ത തീരുമാനമല്ല. മാനേജ്മെൻ്റിൻ്റെയാണ്… കുട്ടി ഈ കവറും എടുത്തു പോകാൻ നോക്ക്.. അതല്ല ഇനി കാരണം അറിഞ്ഞേ പറ്റു എങ്കിൽ ഏറ്റവും മുകൾ ഫ്ലോറിൽ ഓഫീസ് ക്യാബിനിൽ എംഡിയുണ്ട് എന്താണ് എങ്കിലും അങ്ങോട്ട് ചെന്ന് ചോദിക്കൂ… ” അയാൾ മുഷിവോടെ പറഞ്ഞു.
” ചോദിക്കും സർ… ഉറപ്പായും ചോദിക്കും എനിക്ക് വേണ്ട മറുപടി കിട്ടിയിട്ട് ഞാൻ ഈ കവർ വന്ന് വാങ്ങികൊള്ളാം..” വാശിയോടെ കണ്ണ് തുടച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി..
അകത്തേക്ക് സന്തോഷത്തോടെ പോയവൻ സങ്കടത്തോടെ വരുന്നത് കണ്ട് കൂടെ ജോലി ചെയ്യുന്നവർ കാര്യം തിരക്കി… ഇന്ദു നടന്നത് എല്ലാം പറഞ്ഞു.
” ഇതിപ്പോൾ ഇവള് എന്ത് ചെയ്തിട്ടാ പറഞ്ഞ് വിടുന്നത്.. ” ഓരോരുത്തരായി മുറുമുറുപ്പ് തുടങ്ങിയിരുന്നു.
അവരെല്ലാം പറയുന്നത് കേട്ടിട്ടും അവൾ ഒന്നും മിണ്ടാതെ നിന്നു.
” ഞാൻ ഇപ്പൊ വരാം…”
” നീ എങ്ങോട്ടാ ഇന്ദു… ”
” എനിക്ക് അറിയണം എന്തിൻ്റെ പേരിലാണ് എന്നെ പറഞ്ഞ് വിടുന്നത് എന്ന്… ” അവൾ എംഡിയുടെ ക്യാബിനിലേക്ക് പോയി.
“ശ്ശോ, എന്തൊരു കഷ്ടാണല്ലേ… ഈ കൊച്ചിനി എന്ത് ചെയ്യും… ” ഓരോരുത്തരും അവളുടെ അവസ്ഥ ഓർത്ത് സഹതപിച്ച് അവരുടെ ജോലികളിൽ മുഴുകി…
മുന്നോട്ടു ഓരോ കാലടി വയ്ക്കും തോറും അവൾക്ക് സങ്കടമോ ദേഷ്യമോ ഭയമോ എന്തൊക്കെയൊ വന്ന് മൂടിയിരുന്നു… നെഞ്ചൊക്കെ വല്ലാതെ വേഗത്തിൽ ഇടിക്കുന്ന പോലെ തോന്നി… ഒടുവിൽ ക്യാബിന് മുന്നിൽ വന്ന് കണ്ണുകൾ അമർത്തി തുടച്ച് ശ്വാസമൊന്ന് എടുത്തുവിട്ട് ഡോറിൽ മുട്ടി…
അകത്ത് ഇന്ദുവിന്റെ എല്ലാ ചെയ്തികളും വീക്ഷിച്ചു കൊണ്ടിരുന്ന ഹർഷൻ്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…
” യെസ്… ” അവൻ വിളിച്ചു പറഞ്ഞു. ഇന്ദു അകത്തേക്ക് കയറി… ചേർത്ത് വച്ചിരുന്ന ധൈര്യം ചോർന്ന് പോകുന്നത് പോലെ തോന്നിയവൾക്ക്.
” യെസ്! വാട്ട്?…” ഹർഷൻ വളരെയധികം ഗൗരവത്തോടെ ചോദിച്ചു. എന്തും വന്നാലും അറിയാനുള്ളത് അറിഞ്ഞേ പോകു എന്ന ഉറപ്പോടെ ഇന്ദു അവൻ്റെ ടേബിളിനടുത്തേക്ക് ചെന്നു.
” അത്… ഞാൻ…സർ…” അവൾ വിക്കി
” നിന്ന് വിക്കാതെ കാര്യം പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോടോ…
” ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് സർ എന്നെ ഇപ്പൊ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത്, എനിക്ക് അതിന്റെ കാരണം അറിയണം.. ” ഉള്ളിൽ നിറയെ പേടി ഉണ്ടെങ്കിലും അവൾ ഉറപ്പോടെ തന്നെ ചോദിച്ചു. അവൾ ചോദിച്ചതും അതുവരെ ഗൗരവത്തിൽ ആയിരുന്ന അവൻ്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ബ്ലേസറിൻ്റെ ബട്ടൺ അഴിച്ചു അത് ഊരി ചെയറിലേക്ക് ഇട്ട് അവൾക്ക് അടുത്തേക്ക് നടന്നു.
“അറിയണൊ നിനക്ക്… മ്… അറിയണൊ ഞാൻ എന്തിനാ നിന്നെ പറഞ്ഞ് വിടുന്നത് എന്ന്…” അവൾക്ക് അടുത്ത് വന്നു മുഖം അവളിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.
അവൾ ഭയന്ന് രണ്ടടി പിന്നിലേക്ക് മാറി.
” ഹാ പേടിക്കാതെ എൻ്റെ ഇന്ദു… ” അവൻ വല്ലാത്ത ഒരു ചിരിയോടെ പറഞ്ഞു.
” കുറച്ചു നീങ്ങി നിന്നു സംസാരിക്കു സർ… ” അവൾ പറഞ്ഞു.
” ഓഹ്..ഓകെ… മ്… അപ്പൊ ഇന്ദുവിന് അറിയേണ്ടത് ഞാൻ എന്തിന് നിന്ന് പറഞ്ഞ് വിടുന്നത് എന്നല്ലേ… ” രണ്ട് പോക്കറ്റിലും കൈയിട്ട് അവളെ നോക്കി ചോദിച്ചു.
“മ് ” അവൾ അതെയെന്ന് തലയാട്ടി…
” എന്നാ കേട്ടോ… ഞാൻ കല്ല്യാണം കഴിക്കാൻ പോകുന്ന എൻ്റെ പെണ്ണ് എൻ്റെ ശമ്പളം വാങ്ങുന്ന ഒരു സെയിൽസ് ഗേൾ ആവണ്ട എന്നത് കൊണ്ട്…” കൂസലന്യേ പറയുന്നവനെ അവൾ മിഴിച്ച് നോക്കി.
” എന്താ ഇങ്ങനെ നോക്കുന്നെ… ഞനറിഞ്ഞു എൻ്റെ മുത്തശ്ശൻ നിന്നെ എനിക്ക് വേണ്ടി വിവാഹം ആലോചിച്ചതും നീ എന്നെ വേണ്ടന്ന് പറഞ്ഞതും… അപ്പൊ ഞാനങ് തീരുമാനിച്ചു ഈ ഹർഷവർദ്ധൻ്റെ ഭാര്യയായി എന്നെ വേണ്ടന്ന് പറഞ്ഞ നീ തന്നെ മതിയെന്ന്… സോ… ഞാനതങ് ഫിക്സ് ചെയ്തു… ” തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ പറയുന്നവനെ കാണേ ഇതുവരെ ഉള്ളിലുണ്ടായിരുന്ന ഭയം മാറി പൂർണ്ണമായും ദേഷ്യം വന്നു…
” അത് സർ മാത്രം തീരുമാനിച്ചാൽ പോരല്ലൊ… ”
” മതിയല്ലൊ… ”
” പോരെങ്കിലോ… സർ ഈ പറഞ്ഞ കാര്യത്തിന് എനിക്ക് സമ്മതമല്ല… ഇത് നടക്കുകയുമില്ല… ” ഉറപ്പോടെ തന്നെ അവളും പറഞ്ഞു.
” ഗുഡ്… ഇത് നിൻ്റെയീ അഹങ്കാരം തന്നെയാ എനിക്കും വേണ്ടത്… ഒന്ന് നോക്കാനായി പെൺകുട്ടികൾ ക്യൂ നിൽക്കുന്ന ഈ ഹർഷനെ വേണ്ട എന്ന് പറഞ്ഞ ഈ അഹങ്കാരിതന്നെയാ എനിക്ക് വേണ്ടത്… എന്നെ വേണ്ടന്ന് പറഞ്ഞ നിന്നെക്കൊണ്ട് തന്നെ ഞാൻ ഈ വിവാഹത്തിന് സമ്മതം പറയിപ്പിക്കും ഇന്ദു… ഇല്ലെങ്കിൽ ഇത് കർണികയിൽ ഹർഷവർദ്ധനല്ല… ” ഗർവ്വോടെ തന്നെയല്ല പറഞ്ഞത് കേട്ട് അവളുടെ ദേഷ്യം ഇരട്ടിച്ചു.
” സാറിന്റെ വെറും മോഹം മാത്രമാണ് അത്… ഞാൻ പോകുന്നു… ” അവൾ തിരിഞ്ഞ് നടന്നു.
” ഹാ നിൽക്കെൻ്റെ ഇന്ദു… ” അവൻ അവളുടെ കൈയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു.
” ഏയ്… സാറിതെന്താ കാണിക്കുന്നെ വിട്.. വിടാൻ… ” അവൾ അവൻ്റെ കൈയിൽ നിന്ന് കുതറി മാറി… ”
” ഹാ എന്താ എൻ്റെ ഇന്ദു നീയിങ്ങനെ ഒന്നൂല്ലേലും കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ നമ്മൾ ഒന്നാവണ്ടവരല്ലേ… ” അവളിലേക്ക് കൂടുതൽ ചേർന്ന് കൊണ്ട് പറഞ്ഞു.
” മാറങ്ങോട്ട്.. ” അവൾ അവനെ തള്ളിമാറ്റി..
“ഞാൻ നിങ്ങളുടെ സ്റ്റാഫായിരുന്നു… മനസിലായൊ ആയിരുന്നു എന്ന്… ഇനി ഇത് പോലെ തെമ്മാടിത്തരവും കൊണ്ട് അടുത്ത് വന്നാലുണ്ടല്ലൊ, കൈയുടെ ചൂടറിയും താൻ… ” പിന്നെ അവനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി പോയി ഇന്ദു. അവൾ പോകുന്നതും നോക്കി നിന്ന അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
” ഇന്ദുകുട്ടി… മുത്തശ്ശൻ നിന്നെ എനിക്ക് വേണ്ടി ആലോചിച്ചപ്പോൾ എനിക്ക് ദേഷ്യം തോന്നിയിരുന്നു പിന്നീട് നിനക്ക് ഈ വിവാഹത്തിന് സമ്മതമല്ല എന്നറിഞ്ഞപ്പോ ദേഷ്യം മാറി വാശിയായി, പക്ഷേ പിന്നെ നിന്നെ കുറിച്ച് കൂടുതൽ അറിഞ്ഞശേഷം എൻ്റെ മനസ് ആകെ മാറിപ്പോയടി… എനിക്ക് ഇനി നീ മാത്രം മതി… പിന്നെ എൻ്റെ അനിയത്തികുട്ടികളും…
അവളുമാർ പറഞ്ഞിരുന്നു അവരുടെ ഈ ചേച്ചിപെണ്ണിനെ മെരുക്കി എടുക്കാൻ ഈ ചേട്ടൻ കുറച്ചു വെള്ളം കുടിക്കും എന്ന്… നിന്നെ മെരുക്കുന്നതിൻ്റെ ആദ്യപടിയാണ് ഈ പുറത്താക്കൽ… ഇനി നമുക്ക് തുടങ്ങാം… ഒട്ടും വൈകാതെ തന്നെ നീ ഈ ഹർഷൻ്റെ ആവും മോളെ… ” സ്വതവേ ഉള്ള ഗൗരവത്തിൽ നിന്ന് മാറി അധികം ആരും കാണാത്ത ഒരു പുഞ്ചിരിയും ന്നായിരുന്നു അവനിൽ അപ്പോൾ…
ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് വീട്ടിൽ എത്തിയ ഇന്ദു കാണുന്നത് ഹർഷൻ്റെ കുടുംബത്തെയാണ്…
” ഹാ വന്നോ മോളെ… ” വേണു അവളെ അയാളിലേക്ക് ചേർത്ത് പിടിച്ചു.
ഹർഷൻ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിൻ്റെ ദേഷ്യവും അവൻ്റെ പെരുമാറ്റവും എല്ലാം കൊണ്ടും ആകെ ദേഷ്യത്തിലായിരുന്നു ഇന്ദു… അവൻ്റെ കുടുംബത്തോട് മോശമായി ഒന്നും പറയാൻ ഇടവരല്ലേ മനസാലെ ആഗ്രഹിച്ചു പോയവൾ…
” മോളെ ഇവര്… ” വേണു പറയാൻ വന്നത് അവൾ അയാളെ ദയനീയമായി നോക്കി…
” വേണു ഞങ്ങള് തന്നെ പറയാം… മോളേ മോള് എന്ത് കൊണ്ടാണ് ഈ കല്ല്യാണം വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം ഞങ്ങൾക്ക് മനസിലായി… പക്ഷേ കർണികയിലെ ആരും ഇതുവരെ പണത്തിന്റെ അടിസ്ഥാനത്തിൽ ആരെയും ചേർത്ത് പിടിച്ചിട്ടില്ല… ഇപ്പൊ മോളേ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നതും പണത്തിന്റെ മൂല്യം നോക്കിയല്ല… ഞങ്ങൾക്ക് മോളേ ഇഷ്ടമായി ഹർഷനും… മോള് ഇതിന് സമ്മതിക്കണം… ” ഗായത്രി അവളുടെ കൈയിൽ പിടിച്ച് വച്ചു.
” സമ്മതിക്ക് മോളെ… ” വേണു അവളെ നോക്കി പറഞ്ഞു. അവൾ അയാളെ നോക്കിയ ശേഷം അകത്തേക്ക് പോയി. എല്ലാവരുടെയും മുഖം ഒരു നിമിഷത്തേക്ക് വാടി…
” ഹാ വേൾട്ടേജ് കുറയ്ക്കണ്ട മുത്തശ്ശി, ഞങ്ങള് പറഞ്ഞാ ചേച്ചി സമ്മതിക്കും… ഞങ്ങൾടെ ഹർഷേട്ടൻ തന്നെ ചേച്ചിയെ കെട്ടുകയും ചെയ്യും… ” ഇഷാനിയും ഇശലും അവരെ നോക്കി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി…
” ചേച്ചികുട്ടി… ” അകത്തെ മുറിയിൽ ജനലോരം നിന്ന ഇന്ദുവിനെ ഇഷാനി വിളിച്ചു..
വിളി കേട്ടു എങ്കിലും ഇന്ദു അവരെ നോക്കിയില്ല…
” ചേച്ചീ… ” ഇശൽ അവളെ ചുമലിൽ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി.
” എന്താ ഞങ്ങളുടെ ചേച്ചിയ്ക്ക് പറ്റിയെ… ചേച്ചി ഇങ്ങനെ ഒന്നും ആയിരുന്നില്ല ല്ലോ… ”
” നിങ്ങളും ഇങ്ങനെ ഒന്നും ആയിരുന്നില്ല ല്ലോ… എല്ലാരും മാറി… ഇപ്പൊ കുറ്റം മുഴുവൻ എനിക്ക്… ”
” എന്നാരാ പറഞ്ഞേ… ഞങ്ങൾക്ക് ഞങ്ങളുടെ ചേച്ചി തന്നെയാ വലുത്, അത് കൊണ്ടല്ലെ ചേച്ചിയും ഹർഷേട്ടനുമായുള്ള കല്ല്യാണത്തിന് ഞങ്ങൾക്ക് ഇത്ര താല്പര്യം… ” ഇഷാനി അവളുടെ കവിളിൽ തലോടി.
“ദേ… ഇഷു എനിക്ക് ദേഷ്യം വന്നിരിക്കുവ അതിൻ്റെ കൂടെ നിങ്ങളും തുടങ്ങല്ലേ… എനിക്ക് ഇതിന് സമ്മതമല്ല… അയാൾക്ക് ഞാൻ ചേരില്ല, അയാൾക്ക് പറ്റിയ ആളെ കെട്ടട്ടെ അതാ നല്ലത്… ”
” എൻ്റെ ചേച്ചിയ്ക്ക് എന്താ ഒരു കുറവ്… സുന്ദരികോതയല്ലേ… ”
” ശാലു… നീ വാങ്ങും… ”
” ചേച്ചിയെന്ത് കൊണ്ടാ ഈ കല്ല്യാണം വേണ്ടന്ന് പറയണേ… അവരുടെ സ്ഥാനമാനങ്ങൾ ഓർത്താണൊ…” ഇഷാനി ഗൗരവത്തോടെ ചോദിച്ചു.
” അത് മാത്രമല്ല മോളേ… ഞാൻ പോയാൽ നിങ്ങളും അച്ചയും… എനിക്ക് അറിയില്ല.. ഇതിനെയൊക്കെക്കാളും അയാള് ആ ഹർഷൻ… അയാൾക്ക് എന്തോ വാശി പോലെയാ… എനിക്ക് പേടിയാ… “. അവൾ മനസിലുള്ളത് പറഞ്ഞു.
” ഏയ് ഞങ്ങൾടെ ഹർഷേട്ടൻ പാവാണ്… ആ മുട്ടാളൻ്റെ രൂപം ഉണ്ടന്നെയുള്ളു അകം വെറും പൊള്ളയാ… ” ശാലു വിത്ത് ആക്ഷൻ കാണിച്ചു. അത് കണ്ട് ഇന്ദുവിന് ചിരി വന്നു.
” സത്യാ ചേച്ചി ചേട്ടൻ ഒരു പാവാന്നേ… ”
” ഓ അപ്പോ രണ്ടാൾക്കും ഇപ്പൊ അയാളെ മതിയല്ലേ… ”
” ശ്ശേ അങ്ങനല്ലൻ്റെ ചേച്ചിയേ… ചേച്ചി ഇതിന് സമ്മതിക്കണം. ചേട്ടനും ആ വീട്ടിലെ എല്ലാവരും നല്ലതാ… ചേച്ചീടെ ഭാഗ്യമാണ് ഹർഷേട്ടൻ… ഒന്ന് സമ്മതിക്ക് ചേച്ചീ…”
” അതേ.. എൻ്റെ അനിയത്തി കൊച്ചുണ്ണി ഇത്രയും കെഞ്ചുന്നില്ലേ ഒന്ന് സമ്മതിക്ക് എൻ്റെ ഇന്ദുവേ… ” മുറിയ്ക് പുറത്ത് നിന്ന് ഹർഷൻ വിളിച്ചു പറഞ്ഞു…
” ചേട്ടാ… ” ഇഷാനിയും ഇശലും ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു. അവനും അത്യധികം സ്നേഹത്തോടെ അവരെ ചേർത്ത് പിടിച്ചു.
ഇന്ദുവിന് അതിശയം തോന്നി ഇതുവരെ ഇഷുവും ശാലുവും ഇങ്ങനേ ആരോടും അടുത്തിട്ടില്ല, പക്ഷേ ഇയാളോട്… അയാളും അതേ ആ കണ്ണുകളിൽ അവരോടുള്ള അതിയായ സ്നേഹവും വാത്സല്യവും മാത്രമാണുള്ളത്. ഇന്ദു ആലോചിച്ച് നിൽക്കവേ ഹർഷൻ അവളേ നോക്കി… ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.
ഇപ്പൊ അവനിൽ അവളോടുള്ള പ്രണയം അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു… ഇന്ദു വേഗം നോട്ടം മാറ്റി…
ഹർഷൻ അവളെ നോക്കി പുഞ്ചിരിച്ചു…
” അപ്പൊ മക്കള് അങ്ങോട്ട് ചെല്ല് ചേട്ടൻ ചേച്ചിയെ പറഞ്ഞു മനസിലാക്കി സമ്മതിപ്പിക്കാം മ്”… അവൻ കണ്ണിറുക്കി കാണിച്ചു കൊണ്ട് അവരോട് പറഞ്ഞു. അവരും ഒരു ചിരിയോടെ തലയാട്ടി കൊണ്ട് പുറത്തേക്ക് പോയി…
” ഇഷൂ… ശാലൂ… നിക്ക് ഞാനും… ” ഇന്ദു അവർക്ക് അടുത്തേക്ക് പോവാൻ നിന്നതും ഹർഷൻ വാതിലടച്ചു അതിന് മുന്നിൽ കയറി നിന്നു.
” എന്താണീ കാണിക്കുന്നേ എനിക്ക് പോണം മാറ്… ”
” മാറാം എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട്… ”
” അതൊക്കെ ഓഫീസിൽ വച്ച് പറഞ്ഞില്ലേ ഇനിയെന്താ… ”
” ഹ്മ്… എനിക്ക് കുറച്ചു കാര്യം കൂടി പറയാനുണ്ട് വാ… ” അവൻ കട്ടിലിൽ ഇരുന്നു കൊണ്ട് അവളേ അടുത്തേക്ക് വിളിച്ചു.
” അവിടെ ഇരുന്നു പറഞ്ഞാ മതി ഞാൻ കേട്ടോളാം.. ” അവൾ മുഖം വെട്ടിച്ചു.
” മ്… ഇന്ദു… ആദ്യം മുത്തശ്ശൻ ഈ ആലോചന കൊണ്ട് വന്നപ്പോൾ എനിക്ക് ഇഷ്ടമായിരുന്നില്ല, കാരണം ഞാൻ പണ്ട് മുതലേ കുറച്ച് പണം പദവി ഇതിന് ഒക്കെ വില കൽപിച്ചിരുന്നവനാണ്.. എല്ലാത്തിലും ബെസ്റ്റ് വേണം എന്ന നിർബന്ധം ഉള്ളവൻ…
അത് കൊണ്ട് തന്നെ ഈ ആലോചന എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല, പക്ഷേ നീ വേണ്ടന്ന് പറഞ്ഞു എന്നറിഞ്ഞ ശേഷം എനിക്ക് വല്ലാത്തൊരു വാശിയായി… അത് കൊണ്ട് തന്നെ ആദ്യം ഞാൻ വന്നത് ഇവിടെയാണ്…
ഇവിടെ നിന്നും അറിഞ്ഞതാണ് നിന്നെ പറ്റി. ഇഷുവും ശാലുവും പറയുന്നതിൽ നിന്നും അറിഞ്ഞ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു… വാശിയിൽ നിന്ന് പ്രണയത്തിലേക്ക് വഴിമാറി… ഇപ്പോ… ഇപ്പൊ എനിക്ക് നീയില്ലാതെ പറ്റില്ലടി… ശരിക്കും… ശരിക്കും എനിക്ക് നീ വേണം ഇന്ദു … ഇത് വാശിയൊന്നും അല്ല ശരിക്കും മനസിൽ തട്ടിയാ ഞാൻ പറയുന്നെ… Will you marry me…” അവൾക്ക് മുന്നിലായി മുട്ട് കുത്തി നിന്ന് കൊണ്ട് അവൻ കൈ നീട്ടി…
ഇന്ദു ആകെ വല്ലാത്ത ഒരു അവസ്ഥയിൽ അവനെ നോക്കി നിന്നു…
എന്ത് തീരുമാനം എടുക്കണം എന്നറിയാതെ അവൾ അവനെ നോക്കി നിന്നു…
അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൻ്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
അൽപസമയം കഴിഞ്ഞതും അവൻ എഴുന്നേറ്റു.
” ഹ്മ്… എനിക്ക് മനസിലായി തനിക്ക് എന്നെ… ഹ്മ്.. സാരല്ലടോ ഞാൻ അവരെ പറഞ്ഞു മനസിലാക്കി കൊള്ളാം.. ” അവൻ ഡോറിനടുത്തേക്ക് നടക്കാൻ തുടങ്ങിയതും അവൻ്റെ കൈയിൽ ഒരു പിടി വീണിരുന്നു… അവൻ തിരിഞ്ഞ് നോക്കിയതും ഇന്ദു തലകുനിച്ചു നിൽക്കുന്നു പക്ഷേ ഒരു കൈയിൽ അവൻ്റെ കൈയും ഉണ്ട്…
” ഇപ്പഴും എന്ത് തീരുമാനിക്കണം എന്ന് ഒരു ഉറപ്പ് എനിക്ക് ഇല്ല… പക്ഷേ എൻ്റെ ഇഷുവും ശാലുവും ഇത്രത്തോളം സന്തോഷത്തോടെയും അടുപ്പത്തൊടെയും ആരോടും പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല… ഇനിയും അവരെ ഇങ്ങനെ തന്നെ സ്നേഹിക്കുമൊ… ” ഇന്ദു ചോദിച്ചതും അവൻ അവളുടെ കൈയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. അവൻ്റെ കണ്ണിലെ പ്രണയം ആഴത്തിൽ അവളിലേക്ക് ഇറങ്ങുന്നത് അവളറിഞ്ഞു.
” അവരേ ഈ ഹർഷവർദ്ധൻ്റെ അനിയത്തിമാരാ കേട്ടോ ടി… നിനക്കായി ആഗ്രഹമൊന്നുമില്ലേ… ” അവൻ മുഖം താഴ്ത്തി ചോദിച്ചു.
” മ് ഹും…”
” ഒന്നും?… ”
” ഒരേയൊരു കാര്യം ഉണ്ട്… ”
“എന്താദ്…”
” അത്… അത്.. നമ്മുടെ.. ”
” നമ്മുടെ?… ”
“നമ്മുടെ കല്ല്യാണം കണ്ണൻ്റെ മുൻപിൽ വച്ച് മതി… ” പെട്ടെന്ന് പറഞ്ഞു കൊണ്ട് അവൾ അവനിൽ നിന്ന് തിരിഞ്ഞ് നിന്നു.
” അയ്യടാ നാണവാ… നോക്കട്ടേ… ” അവൻ അവളെ തനിക്ക് നേരെ നിർത്തി. അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
രണ്ട് പേരുടെയും മുഖം ഒരു ശ്വാസത്തിന്റെ വ്യത്യാസത്തിലായിരുന്നു… അവളുടെ നെഞ്ച് പടപടാന്നിടിക്കാൻ തുടങ്ങി. കണ്ണുകളിൽ പിടപ്പ് നിറഞ്ഞു… അവൻ്റെ ചുണ്ടുകൾ അവളുടേതിനേ തൊട്ടു തൊട്ടില്ലെന്ന പോലെ വന്നതും അവളവനെ തള്ളി മാറ്റി ചിരിയോടെ പുറത്തേക്ക് ഇറങ്ങി പോയി…
” ഡീ… കിട്ടും നിന്നെ… ” അവൻ ചിരിയോടെ ഒരു കൈയാൽ മുടി കൊടി കൊണ്ട് പറഞ്ഞു…
ദിവസങ്ങൾ ആരെയും കാക്കാതെ ഓടിമറഞ്ഞു… ഇന്ന് ഹർഷൻ്റെയും ഇന്ദുവിന്റെയും വിവാഹമാണ് ഗുരുവായൂരിൽ വച്ച്…
കണ്ണൻ്റെ മുന്നിൽ വച്ച് പ്രണയത്തോ അത്രമേൽ പ്രിയത്തോടെ ഹർഷൻ ഇന്ദുവിനെ തൻ്റെ പാതിയാക്കി…