എന്ത് മലമറിക്കുന്ന പണിയാടീ ഈ വീട്ടിൽ നിനക്കുള്ളത്.. മനുഷ്യന് സമാധാനം ആയി ഒരു വായ്ക്ക് വയ്ക്കാൻ പറ്റില്ല..

(രചന: ശിവപദ്മ)

 

മഞ്ജൂ… മഞ്ജൂ… ഉമ്മറത്ത് നിന്നും വിളികേൾക്കുന്നുണ്ട് .

ആ… ദാ വരുന്നു… നനഞ്ഞ കൈ സാരിത്തുമ്പിൽ തുടച്ച് കൊണ്ട് അവൾ വേഗം ഉമ്മറത്തേക്ക് എത്തി.

” എന്താ ഏട്ടാ..” നിനക്ക് ഇവിടെ എന്താടി പണി ദേ ഈ പത്രവും സാധനങ്ങളും വൃത്തിയാക്കി അടിച്ച് വാരി ഇട്ടൂടെ നിനക്ക്. ബാലു അവളുടെ നേരെ ചീറി.

രാവിലെ പിള്ളേര് എടുത്തിട്ടതാ ബാലുവേട്ടാ… അതൊന്ന് എടുത്തു മാറ്റികൂടെ അടുക്കളയിൽ ഒരു നൂറുകൂട്ടം ജോലിയുണ്ട്, അതിനിടയിൽ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ എനിക്ക് പതിനാറു കാലൊന്നും ഇല്ല..

” അല്ലേലും നിനക്ക് എപ്പഴും പറയാൻ ന്യായമുണ്ടല്ലൊ… നീ ഒരു കാര്യം ചെയ് അകത്ത് മുറിയിൽ പോയി കിടന്നൊ ഇത് പറക്കി ഒതുക്കി വയ്ക്കുക മാത്രമല്ല അടുക്കളയിൽ കയറി പാചകവും ഞാൻ ചെയ്ത തരാടി..

* ശരിക്കും ചെയ്യൊ വല്ല്യ ഉപകാരമായി ഏട്ടാ.. അവൾ ഇടുപ്പിൽ കുത്തിയ സാരി വലിച്ചെടുത്തു. ചിരിയോടെ നിന്നു.

“പ്ഫാ.. പോയ് പണി ചെയ്യടിഓ അല്ലേലും എല്ലാ കാര്യവും ഇങ്ങന പറഞ്ഞ് കൊതിപ്പിക്കും എന്നിട്ട് ചെയ്യൊ അതില്ല.. പിറുപിറുത്തു കൊണ്ട് അവൾ നിലത്ത് കിടന്നതൊക്കെ വൃത്തിയാക്കി.

അമ്മാ ഈ കിച്ചുവാ എല്ലാം വലിച്ചിട്ടത് എന്നിട്ട് അമ്മയ്ക്ക് വഴക്ക് കേട്ടു.. * ലച്ചു സങ്കടത്തോടെ പറഞ്ഞു. അത് കേട്ട് കിച്ചൂട്ടൻ്റെ മുഖവും വാടി

* അയ്യേ സാരല്ലാട്ടോ.. അമ്മേടെ മക്കള് വിഷമിക്കല്ലേ… അച്ഛനെ നമുക്ക് വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് ഉറക്കാം കേട്ടോ… ഇപ്പോ രണ്ടാളും പോയ് കുളിച്ചേ…

” അല്ല മജ്ജുവേ രാവിലേ ബാലൂൻ്റെ ഒച്ചയും ബഹളവും കേട്ടല്ലോ… ഇന്ന് കുറച്ചു വൈകിയപ്പോൾ ഞാൻ കരുതി ബാലു നന്നായി കാണുംന്ന്.. അടുത്ത വീട്ടിലെ സീന ചേച്ചിയാണ്..

“ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതല്ലേ ചേച്ചി ഞങ്ങളുടെ വീട്ടിലെ സിസ്റ്റത്തിന് സൗണ്ട് ഇച്ചിരി കൂടുതൽ ആയത് കൊണ്ട് പുറത്തേക്ക് കേൾക്കുന്നു എന്ന് മാത്രം… അവിടെ പറയുന്നത് ഞങളും കേൾക്കാറുണ്ട് എന്നിട്ട് ഞാൻ വരുന്നില്ലല്ലോ ഇത് പോലെ മതിലിന്റെ മുകളിൽ തലയുമായി… അവള് തെല്ല് കെറുവോടെ പറഞ്ഞു.

ഓ ഇപ്പൊ പറഞ്ഞതായി കുറ്റം ഞാൻ പോണ്… അവർ പതിയെ തല വലിച്ചു.

” രാവിലെ എറങ്ങിക്കോളും പെണ്ണുമ്പിള്ള ആരുടെ വീട്ടില് എന്താ നടക്കണേന്ന് അറിയാൻ..

” അവരെ പറയണെ എന്തിനാമ്മേ അച്ഛ ഒച്ച വച്ച് പറഞ്ഞിട്ടില്ലേ… സീന ആൻ്റീടെ മോള് സോഫി എപ്പഴും ഇതും പറഞ്ഞു എന്നെ കളിയാക്കും.. അച്ഛയ്ക്ക് ഇത് വല്ലതും അറിയണൊ.. ലച്ചു മുടി തോർത്തി വന്നു..

” സാരല്ല അവര് പറയട്ടെ നമുക്ക് എന്ത് ചെയ്യാൻ പറ്റും… എൻ്റെ കൊച്ച് വിഷമിക്കല്ലേ…

” ഈ അച്ഛനെ ന്താ അമ്മ ഇങ്ങനെ അമ്മയോട് എപ്പഴും ദേഷ്യാ. ഞങ്ങളോടും കഴിക്കേം ഇല്ല ചിരിക്കേം ഇല്ല… നമ്മളെ ഇഷ്ടമില്ലാത്തോണ്ടാണൊ..

” ഏയ് അങ്ങനെ ഒന്നും ഇല്ലാ… നിന്റെ അഛയെ അറിഞ്ഞൂടെ അച്ഛയ്ക്ക് നമ്മൾ മാത്രല്ലേ ഉള്ളു.. നിങ്ങടെ അച്ഛേടെ മനസ് നിറയെ നമ്മളോട് ഉള്ള സ്നേഹമാണ് പക്ഷേ എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാത്ത പ്രശ്നാണ്… മോള് അതൊന്നും ശ്രദ്ധിക്കാതെ നന്നായി പഠിച്ചാൽ മതി…

അടുത്ത വർഷം ആറാം ക്ലാസിലേക്കാണ് മറക്കരുത്… പെൺകുട്ടികളുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് വിദ്യാഭ്യാസം…

നന്നായി പഠിച്ച് നല്ല ജോലി വാങ്ങി സ്വന്തം കാലിൽ നിന്നീട്ട് നിനക്ക് ഒരു കൂട്ട് വേണമെങ്കിൽ മാത്രം വിവാഹം എന്നതിനെ കുറിച്ച് ആലോചിച്ചാൽ മതിയാകും കേട്ടോ… അമ്മയ്ക്ക് എപ്പോഴും മോളോട് പറയാൻ ഇത് മാത്രമേ ഉള്ളൂ…

” അപ്പൊ എന്നോട് ഒന്നും പറയണിലേ… ” കിച്ചുവാണ്.” ഇയാളോട് പറയാൻ സമയാവട്ടെ അന്നേരം പറഞ്ഞു തരാം.. ഇപ്പൊ പോയ് റെഡിയാവ് രണ്ടും..

” മഞ്ജൂ…”ഓ വിളിയെത്തി നിങ്ങള് ചെന്നേ..പിന്നെ ഒരോട്ടമായിരുന്നു കുറച്ചു നേരത്തേക്ക് മൂന്ന് പേരെയും ഓഫീസിലും സ്കൂളിലുമായി പറഞ്ഞു വിടാനുള്ള നെട്ടോട്ടം..

ഹാവൂ… ൻ്റെ കൃഷ്ണാ നടുവൊടിഞ്ഞു ഓടിയോടി…. ഒരു ദിവസം ഇതിൽ നിന്നും ഒരു ലീവ് തന്നൂടെ… കുറച്ചു നേരം അങ്ങനെയേ ഇരുന്ന ശേഷം അവൻ വീണ്ടും ഓരോ ജോലിയിലാ മുഴുകി.

ഒരുവിധം എല്ലാം തീർത്തപ്പോഴേക്കും കുട്ടികൾ എത്തി… കുറച്ചു കഴിഞ്ഞപ്പോൾ ബാലുവും… വീണ്ടും ജോലി തിരക്ക്…

ദിവസേന ഇതന്നയാണ് അവളുടെ ജോലികൾ… ഒറ്റയ്ക്ക് സമാധാനമായി അൽപം നേരം പോലും ഇരിക്കാൻ കഴിയുന്നുണ്ടായില്ലവൾക്.

രാത്രി പതിവ് പോലെ അച്ഛനും മക്കളും അത്താഴം കഴിക്കുന്നു മഞ്ജു എല്ലാവർക്കും വിളമ്പി കൊടുത്തു.

* ഛേ ഇതെന്താ ടി… നിനക്ക് ഇതൊക്കെ നോക്കി ചെയ്തൂടെ… അതെങനെയാ എന്തിനെങ്കിലും ശ്രദ്ധയുണ്ടോ വൃത്തിയുണ്ടോ… വിവരമില്ലാത്ത കഴുത… * അവൻ മുന്നിലിരുന്ന പാത്രം തട്ടി മാറ്റി.

അവളതിലേക്ക് നോക്കി ഒരു മുടി വീണിട്ടുണ്ട്..സോറി ഏട്ടാ ഞാൻ കണ്ടില്ല..

കാണില്ല എനിക്കറിയാം, ഇതൊക്കെ നോക്കീം കണ്ടും ചെയ്യാനാവാത്ത വിധം എന്ത് മലമറിക്കുന്ന പണിയാടീ ഈ വീട്ടിൽ നിനക്കുള്ളത്.. മനുഷ്യന് സമാധാനം ആയി ഒരു വായ്ക്ക് വയ്ക്കാൻ പറ്റില്ല… അവൾ എണീക്കാൻ ഒരുങ്ങീതും അവളവൻ്റെ കൈയിൽ പിടിച്ചു.

” അവിടെ ഇരിക്ക്… മക്കളെ കഴിച്ച് കഴിഞ്ഞെങ്കിൽ അകത്തേക്ക് പൊയ്ക്കോ.. അവൾ പറഞ്ഞു കുട്ടികൾ അവരെ നോക്കി അകത്തേക്ക് പോയി.

” കൈ വിടടീ…” ഇരിക്ക് മനുഷ്യാ അവിടെ, ഒരു ഫോർക്ക് എടുത്തു അവന് നേരെ ചൂണ്ടി അവൾ പറഞ്ഞതും അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തവൻ അവിടെ തന്നെ ഇരുന്നു.

” എന്തെങ്കിലും ഒരു കാര്യം പറയുന്നുണ്ടെങ്കിൽ അത് നമ്മൾ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞോണം മേലാൽ ഒച്ചയെടുത്താൽ… നിങളാരാന്നാ നിങ്ങടെ വിചാരം ഏഹ്… സഹിക്കുന്നില്ല ഒരു പരിധിയുണ്ട്..

അതിൻ്റെ അങ്ങേയറ്റം കണ്ടിട്ടാണ് ഞാൻ ഈ നിൽക്കുന്നെ… നിങ്ങള് നാവെടുക്കുമ്പോ എല്ലാം ചോദിക്കുവല്ലൊ നിനക്ക് എന്താ ഇവിടെ പണിയെന്നു…

ഒരു വീട്ടിലെ ജോലികൾ എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയോ.. അറിയോന്ന് അവൾ ഫോർക്ക് ഒന്നൂടെ അടുപ്പിച്ചു.

” മ്ഹും ഇല്ല..”” ഹാ ഇതൊന്നും അറിയാതെ വായിൽ തോന്നുന്നത് അങ്ങ് വിളിച്ചു പറയുവാൻ നിങ്ങൾക്ക് ആരാ അധികാരം തന്നത്… നിങ്ങള് രാവിലെ ഇവിടുന്ന് ഇറങ്ങി പോകുന്നത് വെറുതെ ഇരിക്കിനാണ് പോകുന്നേന്ന് പറഞ്ഞ് നിങ്ങള് സമ്മതിക്കോ…

നിങ്ങള് ആണുങ്ങൾ പുറത്ത് പോയി ചെയ്യുന്നത് പോലെ ഞങ്ങൾ സ്ത്രീകളും ജോലി തന്നെയാ ചെയ്യണെ. ഒരു വ്യത്യാസമേ ഉള്ളു നിങ്ങൾക്ക് ശമ്പളവും ഇൻക്രിമെന്റും ലീവും ഉണ്ട് ഞങ്ങൾ വീട്ടമ്മമാർക്ക് അതില്ല… അതിൻ്റെ അഹങ്കാരമാണ് നിങ്ങൾക്ക്.

നിങ്ങളിങനെ ഒക്കെ പെരുമാറുമ്പോൾ അത് കണ്ട് വളരുന്ന രണ്ട് കുട്ടികളുണ്ടിവിടെ അത് മറക്കരുത്… നിങ്ങടെ ഒച്ചയും ബഹളവും കേട്ട് കൂട്ടുകാരൊക്കെ കളിയാകുവ ലച്ചൂനെ.. എന്നെയും കളിയാക്കുന്നുണ്ട് എനിക്ക് അത് വിട്ട് കളയാൻ പറ്റും പക്ഷേ അവൾക്കോ.. അവരുടെ മനസ്സിൽ അച്ഛനെന്നയാൾ വേറെ ആരോ ആണ്..

അവരോട് മിണ്ടുന്നില്ല ചിരിക്കുന്നില്ല കളിക്കുന്നില്ല.. അവരുടെ പരാതികൾ മുഴുവനും എന്നോടാ… ഞാൻ ആരോട് പറയണം എൻ്റെ പരാതികൾ..

” അതിന് നിനക്ക് എന്ത് പരാതിയാ ഉള്ളേ നിനക്കും മക്കൾക്കും എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ ഞാൻ ഇതുവരെ… ബാലു സ്പൂൺ അവളുടെ കൈയിൽ നിന്നും വാങ്ങി എടുത്തു.

” ഹാ… നിങ്ങളുടെ കാഴ്ചപ്പാടിൽ ഒരു കുറവും ഇല്ല… ഞങ്ങൾക്ക് വേണ്ടി തന്നെയാണ് ജീവിക്കുന്നത് എനിക്ക് അറിയാം പക്ഷേ ഉള്ള് തുറന്ന് കാണിക്കാത്ത പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് എന്ത് പ്രയോജനം ആണ് ബാലുവേട്ടാ… നമ്മുടെ മക്കള് അവരെ കൂട്ടി ഒന്ന് പുറത്തേക്ക് പോയിട്ട് നാളെത്രയായി എന്നറിയോ…

അവർക്ക് വിഷമം ഇല്ലന്നാണൊ അവര് പറയാത്തതാണ്… പിന്നെ… പിന്നെ ഞാൻ… ഞാനിവിടെ ശരിക്കും ആരാണെന്ന് പറയാമോ ബാലുവേട്ടാ… ഇതുപോലെ വഴക്ക് പറയാനല്ലാതെ വേറെ എന്തിനെങ്കിലും എന്നോട് സംസാരിക്കാറുണ്ട് നിങ്ങള്… പോട്ടെ ഒരു ദിവസം എങ്കിലും നീ കഴിച്ചോ…

ഇല്ലെങ്കിൽ വാ നമുക്ക് ഒന്നിച്ച് കഴിക്കാം എന്നൊരു വാക്ക് പറഞ്ഞിട്ടുണ്ടോ… എപ്പോഴും ഇങ്ങനെ ഓടി നടന്ന് എല്ലാം ചെയ്യുമ്പോൾ ഇടയ്ക്കിടെ എന്തേലും തെറ്റ് വരും അതിന് ഇതൊക്കെ ആണൊ പറയണ്ടേ…

നിങ്ങളുടെ ഭാഗത്തെ തെറ്റുകൾ നിരത്താൻ തുടങ്ങിയാൽ പിന്നെ അത് തീരില്ല… തെറ്റൊക്കെ കാണുമ്പോൾ വഴക്ക് പറയണം ശകാരിക്കണം അതൊക്കെ എല്ലാ ജീവിത്തിലും സംഭവിക്കുന്നതാ.

പക്ഷേ അത് കഴിഞ്ഞു ഒരിക്കലും ഒന്ന് ചേർത്ത് പിടിച്ചിട്ടില്ല എന്നെ. എന്നെ ഏറെ വേദനിപ്പിക്കുന്നത് അതാണ്…. എന്തിന് ഏറെ ബെഡ് റൂമിൽ പോലും എന്നെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ ബാലുവേട്ടൻ…

പോട്ടെ നിങ്ങൾക്ക് ഒക്കെ ഞായറെങ്കിലും അവധിയുണ്ട് എനിക്കൊ… പീരിയഡ് സമയത്ത് പോലും ഇത്തിരി നേരം റെസ്റ്റ് ഇല്ലെനിക്ക്… അതിന്റെ കൂടെ നിങ്ങളുടെ ഓരോ അയിത്തവും…

അവിടെ തൊടരുത് ഇവിടെ ഇരിക്കരുത്.. ഒരു മാതിരി എൺപതിന്ന് വണ്ടികിട്ടാത്ത അമ്മച്ചിമാരെ പോലെ… ശരിക്കും ചത്ത് കളഞ്ഞാലോന്ന് പോലും തോന്നീട്ടുണ്ട്. ശരീരം നുറുങ്ങുന്ന വേദനയും മനസ് തകർക്കുന്ന നിങ്ങളുടെ വാക്കുകളും കേട്ട്… ആ സമയത്ത് ഒക്കെ ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിലെന്ന് എത്ര കൊതിച്ചിരുന്നു എന്നൊ… അതെങ്ങനെ തൊട്ടുകൂടായ്മ അല്ലേ…

ഞാനൊന്നു ചോദിക്കട്ടെ അന്നേരം ഉണ്ടാക്കി തരുന്നത് കഴിക്കാനും അലക്കുന്നത് ഇടാനും ഈ തൊട്ടുകൂടായ്മ ഒന്നും ഇല്ലേ… കേൾക്കുമ്പോൾ ചെറുത് എന്ന് തോന്നാം പക്ഷേ എനിക്ക് ഏറ്റവും വലുത് ഇതൊക്കെ ആണ് ബാലുവേട്ട… പക്ഷേ ഒരിക്കലും അതൊന്നും നടക്കില്ല… ദയവ് ചെയ്ത് മക്കളുടെ മുമ്പിൽ വച്ചെങ്കിലും ഇങ്ങനെ ഒച്ചയുയർത്തരുത്… ” കവിളിലേക്ക് ഒഴുകിയ കണ്ണീർ തുടച്ച് അവൾ പാത്രങ്ങളും എടുത്തു പോയ്..

ബാലു കുറേനേരം അവിടെ തന്നെ ഇരുന്നു… ശരിയാണ് അവൾ പറഞ്ഞത് ഓരോന്നും ശരിയാണ്… മനസ് തുറന്ന് ഒന്ന് സ്നേഹിച്ചിട്ടില്ല അവരെ എല്ലാം ഒരു കടമ തീർക്കലായി മാത്രമേ കണ്ടിട്ടുള്ളൂ… ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചു പോയ എനിക്ക് ഏങ്ങനെ സ്നേഹിക്കണം എന്നൊന്നും അറിയില്ല അറിയാനൊട്ട് ശ്രമിച്ചിട്ടും ഇല്ല.

സ്നേഹിച്ച് കഴിഞ്ഞാ വീണ്ടും എല്ലാം നഷ്ടമാകുമോ എന്ന പേടി…തെറ്റായിരുന്നു എല്ലാം തെറ്റായിരുന്നു…

അവൾ ജോലി എല്ലാം തീർത്ത് മുറിയിലേക്ക് എത്തിയപ്പോഴേക്കും ബാലുവും എത്തിയിരുന്നു.. കട്ടിലിന്റെ ഹെഡ് ബോഡിൽ തല ചായ്ച്ച് അങനെ കിടപ്പുണ്ട് ആള്.

മഞ്ജു അവനെ നോക്കി കട്ടിലിന്റെ മറുവശത്തേക്ക് കിടന്നു… അവളുടെ മനസിൽ ചെറിയ ഒരു സങ്കടം തോന്നി.

അന്നേരത്തെ ദേഷ്യത്തിന് ഓരോന്ന് വിളിച്ചു പറഞ്ഞതാ നല്ല വിഷമം ആയിട്ടുണ്ടാവും അവളോരുന്ന് മനസിൽ ഓർക്കുമ്പോഴേക്കും ഇടുപ്പിലൂടെ ഒരു കൈ അവളെ ഇറുകെ കെട്ടിപ്പിടിച്ചു.

” സോറി… ” കഴുത്തിടുക്കിലായി ചുണ്ടുകൾ ചേർത്ത് അവൻ പറയുമ്പോൾ അവളാകെ പുളഞ്ഞ് പോയ്..

” ഞാനും… സോറി” അവൾ തിരിഞ്ഞ് അവനെയും ഇറുകെ കെട്ടിപ്പിടിച്ചു

” ഇനി ഒരിക്കലും തനിച്ച് നിന്നെ വേദനിക്കാൻ വിടില്ല സോറി… എനിക്ക് അറിയത്തില്ലടി എങ്ങനെയാ സ്നേഹിക്കാ എന്ന്.. അത് കൊണ്ട് പറ്റി പോയതാ..

” സാരല്ല ഞാൻ പഠിപ്പിച്ചു തരാം… അവളവൻ്റെ നെറുകയിൽ ഒന്ന് ഉമ്മ വച്ചു… അവൻ തിരികെയും..

” എടൊ നാളെ നമുക്ക് ഒരു യാത്ര പോവാം… നമ്മളും നമ്മുടെ മക്കളും മാത്രം ആയി തിരക്കൊക്കെ മാറ്റി മാറ്റത്തിനായി ഒരു യാത്ര..” അവൻ പറഞ്ഞപ്പോൾ വേഗം അവൻ അവനെ നോക്കി.

” ശരിക്കും.”” ആന്നെ ഇനിയും വിശ്വാസം വന്നില്ലേ…” അയ്യൊ ഒന്നും പ്ലാൻ ചെയ്തത് പോലും ഇല്ല..

“അതൊന്നും വേണ്ട പ്ലാൻ ചെയ്തു വലിയ പ്രതീക്ഷയോടെ ഇരുന്ന അതൊന്നും നടക്കില്ല… നാളെ രാവിലെ അത്യാവശ്യം വേണ്ട ഡ്രസുകൾ എടുക്കുന്നു പോകുന്നു അത്രയേ ഉള്ളൂ…. ഇപ്പൊ നീ ഇങ്ങ് വാ ഇവിടെ കുറച്ച് പ്ലാനിങ് ഉണ്ടെനിക്ക്… അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ട് ഇറുകെ പുണർന്നു…

പിറ്റേന്ന് അവർ യാത്ര തിരിച്ചു കുട്ടികൾക്ക് അവരിഗ്രഹിച്ച അച്ഛനെ കിട്ടിയ സന്തോഷത്തിൽ മതിമറന്ന് ചിരിക്കുന്നുണ്ട്. ഉമ്മ കൊണ്ട് അച്ഛനെ മൂടുന്നുണ്ട്… ഇടയ്ക്കിടെ അവളിലേക്കും. വീഴുന്നുണ്ട് ഓരോ ഉമ്മകൾ…

നാളുകൾ ശേഷം അവളാഗ്രഹിച്ചപോലെ പ്രണയം കൊണ്ടൊരു യാത്ര … പ്രണയം പുഴയായി ഒഴുകി തുടങ്ങി അവരിൽ…

അവരുടെ ജീവിതത്തിൽ…

Nb…ഒരു ചേർത്ത് പിടിക്കലിൽ ഒരു കുഞ്ഞ് ചുംബനത്തിൽ തീരാനുള്ള പ്രശ്നങ്ങളെ കാണും മിക്കവരിലും അത് കൊണ്ട് അത് ചെയ്യാൻ മടിച്ച് നിൽക്കരുത്… സമയം നഷ്ടമായാൽ തിരിച്ചു കിട്ടാത്ത ഒന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *