(രചന: J. K)
ജനിച്ചപ്പോഴേ വരദാനം പോലെ കിട്ടിയതായിരുന്നു വിക്കും അപസ്മാരവും…
അതുകൊണ്ടുതന്നെ കുട്ടികൾക്കിടയിലും മറ്റും ഒറ്റപ്പെടൽ ചെറുപ്പംമുതലേ ശീലവും ആയിരുന്നു…
അച്ഛനും അമ്മയും ചേർത്തുനിർത്തി അതുകൊണ്ട് ചെറുപ്പത്തിൽ അതത്ര ബാധിച്ചിരുന്നില്ല…
പക്ഷേ നീലിമക്ക് വലുതായപ്പോൾ ആണ് മനസ്സിലായത് അത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കുറവ് തന്നെയാണെന്ന്…
കൂട്ടുകാർക്കിടയിലും വിവാഹ കമ്പോളത്തിൽ മറ്റും തന്റെ മാർക്കറ്റ് അടിക്കും എന്ന് അവൾക്ക് അറിയില്ലായിരുന്നു..
അനിയത്തി നിത്യ സുന്ദരിയായിരുന്നു അതുകൊണ്ട് തന്നെ എല്ലായിടത്തും അവൾക്കായിരുന്നു മുൻഗണന….
എന്നോട് കൂട്ട് കൂടാൻ വിമുഖത കാണിച്ചവർ പോലും അവളോട് വല്ലാതെ ഇണങ്ങുമ്പോൾ ചെറിയൊരു നൊമ്പരം പണ്ടേ മനസ്സിനുള്ളിൽ ഉണ്ടായിരുന്നു …
പക്ഷേ എന്റെ അനിയത്തി അല്ലേ എന്ന് കരുതി അത് പ്രകടിപ്പിച്ചിരുന്നില്ല വലുതായപ്പോഴും അങ്ങനെ തന്നെ….
എല്ലായിടത്തും അവൾക്ക് മാത്രം മുൻഗണനയും എനിക്ക് അവഗണനയും… വല്ലാതെ അത് എന്നെ പിടിച്ചു ഉലച്ചു കളഞ്ഞത്,
ഒരു പെണ്ണുകാണൽ ചടങ്ങോട് കൂടി ആയിരുന്നു….
ചെക്കനും ചെക്കന്റെ അച്ഛനും അമ്മാവന്മാരും കൂടിയാണ് അന്ന് പെണ്ണുകാണാൻ വന്നിരുന്നത്….
അമ്മ പറഞ്ഞിട്ടാണ് ഒരുങ്ങി കെട്ടി അവരുടെ മുന്നിൽ ചെന്ന് നിന്നത്…
പേര് ചോദിച്ചപ്പോൾ എങ്ങനെയൊക്കെയോ വിക്കി പറഞ്ഞു
നീലിമ എന്ന്…
“”” ഇതാ വിക്കുള്ള സൂക്കേട് കാരി കുട്ടിയല്ലേ??? ഇവളെ അല്ല താഴെയുള്ള അനിയത്തികുട്ടിയെ ഞാൻ കാണേണ്ടത്!
എന്ന് അതിൽ ഒരാൾ എന്റെ മുഖത്തുനോക്കി പറഞ്ഞപ്പോ തകർന്നു പോയിരുന്നു..
ചെറുപ്പംമുതൽ ആ ഒരു പേരിൽ കളിയാക്കപ്പെടുന്നുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യമായിട്ടായിരുന്നു….
വേഗം അവിടെനിന്ന് ഓടി മുറിയിലേക്ക് പോയി…
എന്നെക്കാൾ നന്നായി അമ്മയും അച്ഛനും വേദനിക്കുന്നുണ്ട് അറിഞ്ഞതുകൊണ്ട്, സങ്കടം അവരെ കാണിച്ചില്ല…..
ഉള്ള നുറുങ്ങി നീറുന്നുണ്ടെങ്കിലും പുറമേ ചിരിച്ചു നിന്നു…
“”””മോളെ അവരറിയാതെ…..””‘ എന്നു പറഞ്ഞ് വന്ന അമ്മയോട് ഇതൊക്കെ ഞാൻ കേട്ടിട്ടുള്ളതല്ലേ അമ്മയ്ക്ക് എന്താ????”””
എന്ന് പറഞ്ഞു അവിടെ നിന്നും പോയി..
ഉള്ളിൽ വിഷമം ഉണ്ടെങ്കിൽ കൂടി..
നിത്യയെ കണ്ടതും അവർക്ക് ഇഷ്ടമായി.. എത്രയും പെട്ടന്ന് വിവാഹം നടത്തണം എന്നവർ പറഞ്ഞു… പക്ഷേ അച്ഛനും അമ്മയും എന്റെ കാര്യം ഓർത്ത് സങ്കടപ്പെട്ടു…
താഴെ ഉള്ളവൾ വിവാഹം ചെയ്താൽ??? പിന്നെ മൂത്തവൾക്ക് ആരെങ്കിലും വരുമോ എന്നായിരുന്നു അവരുടെ ടെൻഷൻ…
അത് കേട്ട് അവൾ ഒരിക്കൽ എന്നോട് പറഞ്ഞു,
“””നീ കാരണം ഞാനും കെട്ടാചരക്ക് ആയി വീട്ടിലിരിക്കും “”” എന്ന്…
അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു..
കണ്ണുകൾ മറയുന്ന പോലെ…എന്റെ ഭാരം കുറഞ്ഞു ഞാൻ വീണു പിടഞ്ഞു… വീണ്ടും സൂക്കേട് വന്നു… അതിന്റെ ക്ഷീണത്തിൽ പോലും അവൾ പറഞ്ഞതാണ് ഓർമ്മയിൽ വന്നത്….
കുറെ കരഞ്ഞു.. പിന്നെ ചിന്തിച്ചപ്പോൾ അവൾ പറയുന്നതിലും കാര്യം ഉണ്ടെന്നു തോന്നി..
എന്നെ പോലൊരാൾക്കു വിവാഹം എന്നത് ഒരു ബാലീ കേറാ മല തന്നെ ആണ്..
വിവാഹ കമ്പോളത്തിൽ അങ്ങനെയാണ്.. മാടുകളെ തിരഞ്ഞെടുക്കും പോലെ.. കുഴപ്പം എന്തേലും ഉള്ളവർ അവശേഷിക്കും…
മറ്റുള്ളവരെ അതിൽ ഉൾപ്പെടുത്തിയാൽ അവരുടെ ജീവിതവും വെറുതെ തകരും…
അച്ഛനെയും അമ്മയേയും പറഞ്ഞു മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടി…
എങ്കിലും അവർ വാക്ക് തന്നു അവളുടെ വിവാഹം ആദ്യം നടത്താം എന്ന്..
അത് പെട്ടന്ന് കഴിയുകയും ചെയ്തു.. അവളുടെ മോഹം പോലെ…
ഏറെ സന്തോഷത്തിൽ ആയിരുന്നു അവൾ… എന്റെ മുന്നിൽ ഗമയിൽ ഭർത്താവിന്റെ കയ്യും പിടിച്ചു നടന്നു..
അസൂയ തോന്നിപ്പിക്കാൻ.. ഒരിക്കലും അങ്ങനെ ഒന്നും എന്റെ മനസ്സിൽ വന്നില്ല… പകരം അവളുടെ സന്തോഷം കണ്ടിട്ട് എന്റെ മനസ് നിറഞ്ഞതെ ഉള്ളൂ..
അവൾ പോയപ്പോൾ വീട്ടിൽ ഒറ്റപ്പെട്ട പോലെ ആയി.. അപ്പോഴാണ് ഭാഗ്യം പോലെ അങ്കണവാടിയിൽ ഹെൽപറിനെ വേണം എന്ന് കേട്ടത്… എന്തോ ഭാഗ്യം എനിക്ക് തന്നെ ആ ജോലി കിട്ടി….
കുഞ്ഞുങ്ങളെ നോക്കലും അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കലും..
അമ്മയുടെ മടിത്തട്ടിൽ നിന്നും പറിച്ചെടുത്തു കൊണ്ടുവരുന്ന കുരുന്നുകളെ അവരുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് നോക്കി… എന്റെ എല്ലാ ദുഖവും മറന്നു..
ആ ജോലി ഒരു അനുഗ്രഹമായിരുന്നു എനിക്ക്..
എന്റെ വീട്ടിലേ ചെലവും നടന്നു പോയി… ഇതിനിടയിൽ നിത്യ അവിടെ നിന്നും വഴക്കിട്ട് വീട്ടിൽ വന്നു…
അവൾ ആറു മാസം ഗർഭിണി ആണെന്ന് കൂടി ഓർക്കാതെ….
അവന് സംശയം ആണത്രേ.
ആരോടെങ്കിലും മിണ്ടിയാൽ ക്രൂരമായി ഉപദ്രവിക്കും പോലും… എല്ലാം സഹിക്കണം പെൺകുട്ടികൾ എന്ന് അവളെ അമ്മ ഉപദേശിച്ചപ്പോൾ ഞാൻ അമ്മയെ തിരുത്തി..
എല്ലാം സഹിക്കാൻ ഉള്ളവരല്ല പെൺകുട്ടികൾ എന്ന്.. അവളിവിടെ നിന്നോട്ടെ എന്നും..
അവളുടെ പ്രസവത്തിനു അന്ന് മുതൽ ഞാൻ പണം സ്വരുക്കൂട്ടി വക്കാൻ തുടങ്ങി…
എല്ലാം ഭംഗിയായി… അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി… ഏറെ വൈകാതെ അവൻ വന്നു മാപ്പ് പറഞ്ഞു അവളെ വിളിച്ചു കൊണ്ട് പോയി..
വീട്ടിൽ എല്ലാർക്കും സന്തോഷമായി…
അംഗനവാടിയിലെ ടീച്ചർ വളരെ കൂട്ടായിരുന്നു… ഒരു ചേച്ചിയെ പോലെ…
ഒരിക്കൽ അവിടെ ഉള്ള ഒരു കുഞ്ഞിനെ കാണിച് പറഞ്ഞു ഇതിന് അമ്മ ഇല്ലെടോ എന്ന് ടീച്ചർ പറഞ്ഞിരുന്നു..
ആ കുഞ്ഞിനെ കാണുമ്പോൾ വല്ലാത്ത നൊമ്പരം ആയിരുന്നു അതിന് ശേഷം..
മുടി ചീവാതെ.. മുഷിയാത്ത ഒരു ഉടുപ്പു പോലും ഇല്ലാതെ.. വരുന്ന കുഞ്ഞിനെ കാണുമ്പോൾ ചങ്ക് പിടയും..
അതിന്റെ അമ്മ മരിച്ചതിൽ പിന്നെ ആ കുഞ്ഞിനെ ആരും
ശ്രദ്ധിക്കാറില്ലത്രെ… സ്വന്തം അച്ഛൻ പോലും അയാൾ കള്ളുകുടിച്ച് നടക്കും….
ആ കുഞ്ഞിന്റെ കാര്യം ഓർത്ത് അവൾക്കായി ഒരു പ്രത്യേക കരുതൽ ഞാൻ നൽകിയിരുന്നു… അത് ടീച്ചർക്കും അറിയാമായിരുന്നു..
ഒരിക്കൽ അംഗനവാടി ടീച്ചർ തന്നെയാണ് ചോദിച്ചത് അയാൾക്കുവേണ്ടി പെണ്ണ് അന്വേഷിക്കുന്നുണ്ട് നിനക്ക് സമ്മതമാണെങ്കിൽ ഞാൻ അവരോട് സംസാരിച്ചു നോക്കട്ടെ എന്ന്…
അതൊന്നും ശരിയാവില്ല എന്നായിരുന്നു എന്റെ മറുപടി… ടീച്ചർ കുറെ നിർബന്ധിച്ചപ്പോൾ ഒരു പാതി സമ്മതം ഞാൻ മൂളി..
അവരോട് സംസാരിച്ചപ്പോൾ അവർക്കും സമ്മതമായിരുന്നു….
ഏറെ അതിൽ സന്തോഷിച്ചത് ആ കുഞ്ഞായിരുന്നു ഞാൻ അവളുടെ അമ്മയായി ചെല്ലുന്നത് അവൾക്ക് ഒരു സ്വപ്നം തന്നെയായിരുന്നു….
എന്റെ സ്നേഹ സമീപനം ആവണം അവളുടെ അച്ഛൻ കുടിയിൽ നിന്നും പിന്മാറിയത്…
മെല്ലെ സ്നേഹിക്കാൻ തുടങ്ങിയത്…
അതൊരു പുതിയ തുടക്കമായിരുന്നു..
ഞങ്ങളുടെ ജീവിതത്തിന്റെ..
അവിടെ അയാൾക്ക് മുന്നിൽ എന്റെ കുറവുകൾ ഒന്നും അളക്കപ്പെട്ടില്ല..
അതിന്റെ പേരിൽ മുറിപ്പെടുത്തിയില്ല.. പകരം സുഖകരമായ ഒരു ജീവിതവും സമാധാനവും മാത്രമായിരുന്നു…
ജീവിതം തീർന്നു പോയെന്നു കരുതുന്നവർക്ക് ചിലപ്പോൾ ഒരു പുതിയ തുടക്കം ലഭിക്കാം എന്നെപ്പോലെ….
അഹങ്കരിക്കുന്നവർക്ക് അത് നഷ്ടപ്പെടാം.. എല്ലാത്തിനും ഒരു നിമിഷം മതി എന്നത് എപ്പോഴും ഓർക്കണം…