(രചന: ആവണി)
എന്നാലും ഇങ്ങനെ ഒരു ക്രൂരത കാണിക്കാൻ അവന് എങ്ങനെ മനസ്സു വന്നു..? മറ്റാരെയും ഓർക്കണ്ട അവന്റെ ഭാര്യയെയും കുഞ്ഞിനെയും എങ്കിലും ഓർക്കാമായിരുന്നില്ലേ..?
ഇത്രത്തോളം വേദനകൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്നു പോലും സംശയമാണ്.
എല്ലായിപ്പോഴും സന്തോഷത്തോടെ പുഞ്ചിരിയോടെ എല്ലാവരോടും വർത്തമാനം പറയുന്ന അവനെ മാത്രമാണ് കണ്ടിട്ടുള്ളത്.
ഇപ്പോൾ കുറച്ചു നാളുകളായിട്ടാണ് അവന്റെ സ്വഭാവത്തിലും സംസാരത്തിലും ഒക്കെ മാറ്റം വന്നു തുടങ്ങിയത്.
ഭിത്തിയിൽ ചില്ലിട്ടു വച്ചിരിക്കുന്ന മകന്റെ ഫോട്ടോയിലേക്ക് നോക്കിയിരിക്കുമ്പോൾ അയാളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ഇത് എന്തൊരു ദാരുണമായ അവസ്ഥയാണ് ദൈവമേ.. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുക എന്നതിനേക്കാൾ ക്രൂരമായ മറ്റൊരു അവസ്ഥയും ഈ ഭൂമിയിൽ ഇല്ല എന്ന് അയാൾക്ക് തോന്നി.
മകൻ ഈ ലോകം ഉപേക്ഷിച്ചു പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. മരണത്തിൽ പങ്കെടുക്കാനും അനുശോചനം അറിയിക്കാനും ഒക്കെ വന്നവർ തങ്ങളുടെ വഴി നോക്കി പിരിഞ്ഞു പോയി.
ഇനി ഇവിടെ അവശേഷിക്കുന്നത് അവനാൽ ഉപേക്ഷിക്കപ്പെട്ട കുറച്ച് ജന്മങ്ങളാണ്. അവന്റെ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും. ഈ കുടുംബത്തിന് ആശ്രയമാകും എന്ന് വിചാരിച്ചവൻ അവന്റെ വഴി തേടി പോയി.
ഇനി ഈ കുടുംബത്തെ താങ്ങി നിർത്താൻ ഇനി ആരാണ് ഉള്ളത്..!
അപ്പോഴേക്കും അകത്തെ മുറിയിൽ നിന്ന് കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടു തുടങ്ങി. അത് കേൾക്കുമ്പോൾ അയാൾക്ക് ആകെ അസ്വസ്ഥത തോന്നി.
ഈ കുഞ്ഞു മുഖം എങ്കിലും അവന് ഒരു നിമിഷം ഓർക്കാമായിരുന്നില്ലേ..?
അയാൾ മൗനമായി ചോദിക്കുന്നുണ്ടായിരുന്നു.
കുഞ്ഞ് കുറച്ചു നേരം കഴിഞ്ഞെങ്കിലും പിന്നീട് അവൻ കളിചിരികൾ ആരംഭിച്ചത് അയാളുടെ ചുണ്ടിലും ചിരി വിടർത്തി.
” നിങ്ങൾ എന്തിനാ മനുഷ്യാ എപ്പോഴും അവന്റെ ഫോട്ടോയിലേക്ക് ഇങ്ങനെ നോക്കിയിരിക്കുന്നത്..? ”
അകത്തു നിന്ന് ഇറങ്ങി വന്നു കൊണ്ട് അയാളുടെ ഭാര്യ ചോദിക്കുന്നത് കേട്ടപ്പോൾ അയാൾ ഫോട്ടോയിൽ നിന്ന് നോട്ടം മാറ്റി.
” ഇങ്ങനെ വിഷമിച്ചിരുന്നത് കൊണ്ട് പോയവരാരും തിരിച്ചു വരില്ലല്ലോ.. ഇവിടെ ജീവനോടെയുള്ളവരുടെ നാളത്തെ ദിവസം എങ്ങനെ ഇരിക്കണം എന്ന് വേണ്ടേ നമ്മൾ ചിന്തിക്കാൻ..? നമ്മുടെയൊക്കെ കാര്യം പോട്ടെന്നു വയ്ക്കാം.
പക്ഷേ അകത്ത് കിടന്ന് കരയുന്ന ആ കുഞ്ഞിന്റെ കാര്യം അങ്ങനെയാണോ..? അവന് സമയാസമയത്ത് ആഹാരം കൊടുക്കണ്ടേ.. അതിനൊക്കെയുള്ള ഒരു വഴി വേണ്ടേ..? ”
അവർ ആദിയോടെ അയാളോട് ഓരോന്ന് പറയുന്നുണ്ട്.അത് കേട്ടപ്പോൾ മുതൽ അയാൾക്കും വല്ലാത്ത വെപ്രാളം തോന്നി.
ശരിയാണ്.. വിഷമം മാത്രം വിചാരിച്ച് ഇരുന്നിട്ട് കാര്യമില്ലല്ലോ.. നാളെ എന്നൊരു ദിവസത്തിനെ കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതാണ്.
” എന്തായാലും നിങ്ങളെ ആരെയും ഞാൻ പട്ടിണികിടില്ല. അതുപോരെ..?”
അയാൾ ഗൗരവത്തോടെ അത് ചോദിച്ചപ്പോൾ അവർക്ക് സങ്കടം തോന്നി.
“നിങ്ങൾക്ക് വയ്യ എന്ന് എനിക്കറിയാം. പക്ഷേ ഈ അവസ്ഥയിൽ നിങ്ങളോട് അല്ലാതെ മറ്റാരോടും എനിക്ക് ഇങ്ങനെ സംസാരിക്കാൻ ആവില്ലല്ലോ.. അവനെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെണ്ണുണ്ട് അകത്തെ മുറിയിൽ.
അവന്റെ ചോരയിൽ പിറന്ന ഒരു കുഞ്ഞും. അവരുടെ കാര്യമെങ്കിലും നമ്മൾ ഓർക്കണ്ടേ..? അവനോ പോയി.. ഇനി നമുക്ക് ആകെ പ്രതീക്ഷയുള്ളത് അവന്റെ കുഞ്ഞാണ്. അവനെയെങ്കിലും നന്നായി വളർത്തണ്ടേ..?”
അവർ ഓരോന്ന് പറയുമ്പോൾ അയാൾ മൂളി കേട്ടു.
” പണ്ടും ഞാൻ കൂലി വേലയ്ക്ക് പോയി തന്നെയാണല്ലോ ഈ കുടുംബം നോക്കിയിരുന്നത്. എന്റെ ആരോഗ്യത്തിന് അനുസരിച്ച് ഇനിയും ഞാൻ ജോലി ചെയ്യും. നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർത്ത് ടെൻഷൻ അടിക്കാൻ നിൽക്കണ്ട.. ”
അവരെ ആശ്വസിപ്പിച്ചു.
അപ്പോഴും അയാളുടെ മനസ്സിൽ മുഴുവൻ മകൻ എന്തിനിങ്ങനെ ചെയ്തു എന്നൊരു ചോദ്യം മാത്രമായിരുന്നു.
അവനെ ഒരുപാട് കൊഞ്ചിച്ചും ലാളിച്ചും തന്നെയാണ് വളർത്തിക്കൊണ്ടു വന്നത്.വിവാഹം കഴിഞ്ഞ് ഒരുപാട് കാലം കാത്തിരുന്നു കിട്ടിയ കുട്ടി ആയതുകൊണ്ട് തന്നെ അതിന്റേതായ എല്ലാ ലാളനകളും അവനു കൊടുത്തിരുന്നു.
അവനു ശേഷം മറ്റൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അതിന്റെ കാരണം തങ്ങളുടെ സ്നേഹം പങ്കിട്ടു പോകും എന്നുള്ള ഭയം തന്നെയായിരുന്നു.
എത്രയൊക്കെ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ച വളർന്നിട്ടും അവൻ ഒരിക്കൽ പോലും വഴിതെറ്റി പോയിട്ടില്ല. അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു മകൻ തന്നെയായിരുന്നു അവൻ.
കഷ്ടപ്പെട്ട് തന്നെയാണ് അവനെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ. തങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് അവൻ പഠിച്ച് നല്ലൊരു നിലയിൽ എത്തുകയും ചെയ്തു.
അതിനിടയിൽ എപ്പോഴോ ആണ് അവന് ഒരു പ്രണയമുണ്ടായത്. അവൻ അത് തങ്ങളോട് തുറന്നു പറഞ്ഞിരുന്നില്ല എന്നൊരു നീരസം തങ്ങൾക്ക് രണ്ടുപേർക്കും അവനോടു ഉണ്ടായിരുന്നു.
പക്ഷേ അവളുടെ സ്നേഹപൂർണ്ണമായ ഇടപെടലുകളിൽ അതൊക്കെ മാറ്റിയെടുക്കാൻ കഴിയുന്നതേ ഉണ്ടായിരുന്നുള്ളൂ.
അധികം വൈകാതെ അവർക്കിടയിൽ ഒരു കുഞ്ഞു കൂടി വരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഞങ്ങൾ ആരും നിലത്തായിരുന്നില്ല.അവളെ അത്രയും കാര്യമായി തന്നെയാണ് നോക്കിയത്.
അതിനിടയിൽ അവന് നല്ലൊരു ശമ്പളത്തിൽ നല്ലൊരു കമ്പനിയിൽ ജോലി കിട്ടി. അത് പക്ഷേ നാട്ടിൽ നിന്ന് ഒരുപാട് ദൂരെ ആയതുകൊണ്ട് പോകാൻ അവന് ഇഷ്ടമുണ്ടായിരുന്നില്ല.
പ്രത്യേകിച്ച് അവൾ ഇങ്ങനെയൊരു അവസ്ഥയിലിരിക്കുമ്പോൾ അവളെ തനിച്ചാക്കി പോകാൻ അവന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
” നീ ഇവളെ വിവാഹം കഴിച്ചു ഇവിടേക്ക് കൊണ്ടു വന്നപ്പോൾ മുതൽ ഇവൾ ഞങ്ങളുടെ മകളാണ്. ഇവളെ ഒരു കുറവും അറിയിക്കാതെ ഞങ്ങൾ നോക്കിക്കോളാം.
പിന്നെ ഇങ്ങനെയൊരു അവസ്ഥയിൽ ഇരിക്കുന്ന പെൺകുട്ടികൾക്ക് സ്വാഭാവികമായും ഭർത്താവിനെ അടുത്ത് കാണണം എന്നൊരു കൊതി ആയിരിക്കും ഉണ്ടാവുക.
അതിപ്പോൾ എല്ലാ ആഴ്ചയും നിനക്ക് ഇവിടേക്ക് വരാൻ പറ്റുമല്ലോ.. അതൊന്നും ഓർത്ത് ടെൻഷൻ അടിക്കാതെ നീ പോയി വരാൻ നോക്ക്..”
അന്ന് താനാണ് അവനെ ആശ്വസിപ്പിച്ചു സമ്മതിപ്പിച്ചു ആ നഗരത്തിലേക്ക് പറഞ്ഞയച്ചത്.
മനസ്സില്ല മനസ്സോടെയാണ് അവൻ പോയതെങ്കിലും പിന്നീട് വീട്ടിലെ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ അവൻ അവിടെ പിടിച്ചു നിൽക്കുക തന്നെ ചെയ്തു. പക്ഷേ പതിയെ പതിയെ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി.
അവന്റെ ഭാര്യയോട് അകാരണമായി ദേഷ്യപ്പെടുന്നതും വഴക്കിടുന്നതും ഒക്കെ പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പക്ഷേ അവരുടെ ഇടയിലുള്ള പ്രശ്നങ്ങൾ അവർ തന്നെ പറഞ്ഞു തീർക്കുന്നതാണ് നല്ലത് എന്ന് തോന്നിയതു കൊണ്ടാണ് ഇടപെടാതിരുന്നത്.
പക്ഷേ ഒരു ചോദ്യത്തിനും ഉത്തരത്തിനും നൽകാതെ അവൻ സ്വയം ദേഹം വെടിഞ്ഞു.
അതിനുള്ള കാരണം എന്താണെന്ന് അറിയാതെ ഒരു വെപ്രാളമായിരുന്നു ഇന്നലെ വരെയും. പക്ഷേ ഇന്ന് എന്താണ് കാരണമെന്ന് തനിക്ക് വ്യക്തമായി അറിയാം.
അതും അവന്റെ സുഹൃത്ത് വിളിച്ച് അറിയിച്ചത് കൊണ്ട്..
” അച്ഛാ.. ഞാൻ പറയാൻ പോകുന്ന കാര്യം അച്ഛനല്ലാതെ മറ്റാരും അറിയരുത്. അവൻ പുതിയ ജോലി കിട്ടി ഈ നഗരത്തിലേക്ക് വന്നപ്പോൾ മുതൽ അവന് വീടിനെ കുറിച്ച് ഓർത്തും വീട്ടുകാരെ കുറിച്ച് ഓർത്തും വല്ലാതെ ഭയമായിരുന്നു.
നിങ്ങളെ നല്ല രീതിയിൽ നോക്കണം എന്ന് മാത്രമാണ് അവൻ കരുതിയിരുന്നത്. പക്ഷേ അതിനിടയിൽ നടന്ന ഒരു ചതി പ്രയോഗം. കമ്പനിയിൽ നിന്ന് ആരോ ഒരു വൻ തുക മോഷ്ടിച്ചു.
പക്ഷേ പ്രതിസ്ഥാനത്ത് ഇപ്പോഴുള്ളത് അവനാണ്. ഒന്നുകിൽ ആ പണം തിരികെ കൊടുക്കണം അതല്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കണം എന്നാണ് കമ്പനി അവനു മുന്നിൽ വച്ച രണ്ടു വ്യവസ്ഥകൾ.
അത് രണ്ടും അവന് സാധ്യമാകില്ല എന്ന് ബോധ്യം വന്നതു കൊണ്ട് ആയിരിക്കണം അവൻ ഇങ്ങനെ ഒരു വിധി സ്വീകരിച്ചത്. പക്ഷേ അവൻ ഒരു ദിവസം കൂടി കാത്തിരുന്നെങ്കിൽ ഒരുപക്ഷേ ഇതിലും സന്തോഷത്തോടെ അവനു ജീവിക്കാമായിരുന്നു.
യഥാർത്ഥ പ്രതി ആരാണെന്ന് കമ്പനി തന്നെ കണ്ടെത്തി. ആ വിവരം അവനെ അറിയിക്കാൻ ശ്രമിച്ചപ്പോഴാണ് അവന്റെ മരണവാർത്ത ഞങ്ങൾ അറിയുന്നതു തന്നെ.”
അവൻ അത്രയും പറയുമ്പോൾ അവനോട് മറുപടിയൊന്നും പറയാതെ താൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
അല്ലെങ്കിൽ തന്നെ ഇനി എന്തു പറഞ്ഞിട്ട് എന്താണ് കാര്യം.. പോകാനുള്ളവരൊക്കെ പോയില്ലേ..?
നെടുവീർപ്പോടെ ചിന്തിച്ചു കൊണ്ട് അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു, ഇനി നാളേക്ക് എന്തുവേണം എന്ന് ഓർത്തുകൊണ്ട്..!