ദൈവം എന്നെ ബാക്കി വെച്ചില്ലെങ്കിലോ… അവസാനായിട്ട് ഹരിയേട്ടനെ ഒന്ന് കാണാൻ പറ്റാത്ത

മാലാഖ

(രചന: തുഷാര)

 

“വാവ വരുമ്പോഴേക്കും ദൈവം എന്നെ ബാക്കി വെച്ചില്ലെങ്കിലോ… അവസാനായിട്ട് ഹരിയേട്ടനെ ഒന്ന് കാണാൻ പറ്റാത്ത സങ്കടം മാത്രേള്ളൂ….” എങ്ങി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

 

“ദേ പെണ്ണെ… പെറാൻ പോവാന്നൊന്നും ഞാൻ നോക്കില്ല. അറം പറ്റുന്ന വർത്തമാനം പറഞ്ഞാ നല്ല തേമ്പ് തരും ഞാൻ…” ഹരി ഫോണിന്റെ മറുതലയ്ക്കൽ ഇരുന്ന് ഗീതുവിന് നേരെ കയർത്തു…

 

“നീ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്ന വാവ വരാൻ ഒത്തിരി കോംപ്ലിക്കേഷൻ ഉണ്ടാവും…. ഒന്ന് സമാധാനപ്പെട് മോളേ….”

 

അവൻ അവളെ ശാന്തയാക്കാൻ ഓരോ ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ടേ ഇരുന്നു.

 

“ഹരിയേട്ടാ….. ഞാൻ എത്ര വട്ടം പറഞ്ഞതാ… പ്രസവം അടുക്കുമ്പോ ഒരു പത്തു ദിവസത്തെ ലീവ് എങ്കിലും എടുത്ത് വരണമെന്ന്…. ഹരിയേട്ടൻ എന്റെ കൂടെ വേണം… നമ്മുടെ വാവയെ ആദ്യം കയ്യിൽ എടുക്കേണ്ടത് ഹരിയേട്ടൻ ആവനാമെന്നായിരുന്നു എന്റെ ആഗ്രഹം”….

 

അവൾക്ക് സ്വയം നിയന്ത്രിക്കാനായില്ല…. ഓരോ വാക്കുകളും മുഴുമിപ്പിക്കാൻ അവളെ കൊണ്ട് സാധിച്ചില്ല… അവളുടെ വാക്കുകൾ കേട്ട് ഹരിയുടെ കണ്ണുകൾ ഈറനണിയുന്നത് ഗീതു സ്ക്രീനിലൂടെ കണ്ടു.

 

“മോളേ…. ഏട്ടന് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ… ലീവ് കിട്ടാത്ത കൊണ്ടല്ലേ…. മാനേജർമാരുടെ മുന്നിലൊക്കെ കെഞ്ചി നോക്കി…. കാലു പിടിക്കാവുന്നവരുടെ ഒക്കെ കാല് പിടിച്ചു നോക്കി….” അവന്റെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്നു….

 

“ഹരിയേട്ടാ…. സോറി…. എനിക്ക് പറ്റുന്നില്ല…. അതോണ്ട് പറഞ്ഞതാ…. ഏട്ടൻ വിഷമിക്കണ്ട”… അവൾ അവനെ നോക്കി പറഞ്ഞു.

 

നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് അവൻ മൊബൈൽ സ്ക്രീനിന്റെ അടുത്തേക്ക് നീങ്ങി അവൾക്ക് ഒരു ഉമ്മ കൊടുത്തു….

 

“എവിടെ…. അച്ഛന്റെ വാവയെ ഒന്ന് കാണട്ടെ”… അവൾ ഫോൺ അവളുടെ വയറിനു നേരെ പിടിച്ചു…

 

“അച്ഛന്റെ കുഞ്ഞു അമ്മയെ വേദനിപ്പിക്കാതെ ഇങ്ങ് പോരണംട്ടോ…”

വാത്സല്യത്തോടെ അവൻ അവളുടെ വയറ്റിൽ തലോടുന്ന പോലെ സ്‌ക്രീനിൽ തടവിക്കൊണ്ടിരുന്നു….പെട്ടെന്ന് വയറ്റിൽ കുഞ്ഞ് അനങ്ങുന്നത് അവൻ കണ്ടു.

 

“ദേ കണ്ടോ… ഓക്കേ അച്ഛാ ന്നാ വാവ പറയണേ…..” അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു….

 

അവൻ സ്‌ക്രീനിൽ വീണ്ടും അവളുടെ വയറ്റിലെന്നോണം തുരുതുരെ ഉമ്മ കൊടുത്തുകൊണ്ടേ ഇരുന്നു…

 

” ഗീതു… എനിക്ക് ഡ്യൂട്ടിക്ക് കേറാൻ സമയമായെടാ… എന്റെ മോള് സമാധാനമായി കിടന്നുറങ്ങ്… നാളെ നമ്മുടെ വാവ വരാനുള്ളതാ…. ” ഹരി പറഞ്ഞു

 

“ഇപ്പൊ പോണോ ഹരിയേട്ടാ…. കുറച്ചൂടെ സംസാരിക്ക് പ്ലീസ്‌….” അവളുടെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി….

 

“നീ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ ഞാനെങ്ങനെ ഇവിടെ സമാധാനത്തോടെ ഇരിക്കും…. ഒന്നാമതെ വാലിൽ തീ പിടിച്ചാ മനുഷ്യൻ ഇരിക്കുന്നത്…. ഇനി കരഞ്ഞു ബിപി വല്ലോം കൂട്ടി വെക്കാതെ ഗീതൂ….എന്റെ മോള് പോയി കിടന്നുറങ്ങ്…”

 

അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് വീണ്ടും നെറുകയിൽ ഒരു മുത്തം നൽകി….

 

“ദേ… അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ…. അമ്മയെ ഒരു ഇത്തിരി പോലും വേദനിപ്പിക്കല്ലേ…. അച്ഛൻ പിണങ്ങുവേ….”

 

ഹരി കുഞ്ഞിനോടായി പറഞ്ഞു…

അവളെ വീണ്ടും സമാധാനിപ്പിച്ചു കൊണ്ട് ഹരി ഫോൺ കട്ട്‌ ചെയ്തു…

 

ഗീതു കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ആ ഹോസ്പിറ്റൽ മുറിയിലൂടെ നടന്നു….അമ്മ ഉറക്കമായിട്ടുണ്ട്. നാളെയാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. 2 ദിവസം മുന്നേ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി…

 

തന്റെ നിറവയർ തലോടിക്കൊണ്ട് അവൾ കട്ടിലിൽ വന്നു കിടന്നു… ഫോണിൽ ഏതോ മേസ്സേജ് മിന്നി മാഞ്ഞു പോയപ്പോൾ അവൾ ആ വാൾപേപ്പറിൽ നോക്കി… അവളുടെ കണ്ണ് വീണ്ടും നിറഞ്ഞൊഴുകി…

 

ഹരി പോകുന്ന അന്ന് എയർപോർട്ടിൽ വെച്ചു എടുത്ത ഫോട്ടോയാണ്. പോകുന്നതിന് മുൻപ് ഒരു ഫോട്ടോ കൂടെ എടുക്കണം എന്ന് പറഞ്ഞപ്പോൾ ഹരി എടുത്ത സെൽഫി….

 

പക്ഷെ അത് ക്ലിക്ക് ആകുന്നതിനു മുൻപ് തന്നെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.

 

ഒടുവിൽ അവളെ തന്റെ മാറിൽ നിന്നും പറിച്ചു മാറ്റി അവൻ ഉള്ളിലേക്കു ലഗേജുമായി നടന്നു നീങ്ങുമ്പോഴായിരുന്നു അവൾ ആദ്യമായി ഒറ്റപ്പെടൽ അനുഭവിച്ചത്…

 

അത്രയും ആളുകളുള്ള എയർപോർട്ടിലും അവൾ തനിച്ചായ പോലെ… തന്റെ ആത്മാവ് ശരീരത്തിൽ നിന്നും വേര്പിരിയുന്ന പോലെ ഉള്ള ഒരു വേദന….

 

അവളുടെ ചിന്തകൾ 10 മാസം മുന്നേ ഉള്ള ആ ദിവസങ്ങളിലേക്ക് പോയി….

ഓണം ആഘോഷിക്കാൻ പട്ടണത്തിൽ നിന്നും തറവാട്ടിലേക്ക് എത്തിയതായിരുന്നു ഗീതാജ്ഞലി.

 

പട്ടണത്തിൽ കോളേജിൽ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയ അവൾ കുറച്ചു ദിവസം ഒന്ന് അടിച്ചു പൊളിക്കാൻ വേണ്ടിയാണു കുടുംബത്തോടൊപ്പം അവൾ മുത്തശ്ശിയുടെ അടുത്തെത്തിയത്.

 

അവിട്ടത്തിന്റെ അന്ന് മുത്തശ്ശിയുടെ സപ്തതിയാണ്. അതുകൊണ്ട് തന്നെ തറവാട്ടിൽ എല്ലാരും തന്നെയുണ്ട്.

അവൾക്ക് ആ വീട് ഒരേസമയം തറവാടും അമ്മവീടുമാണ്.

 

അച്ഛൻ മഹാദേവന്റെ മുറപ്പെണ്ണായിരുന്നു അവളുടെ അമ്മ ശ്രീദേവി. അച്ഛന് പട്ടണത്തിലെ ബാങ്കിൽ ജോലിയുള്ളത് കൊണ്ട് അവർ അവിടെയാണ് താമസം. അമ്മ അവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ പഠിപ്പിക്കുന്നു.

 

അനിയൻ ഗോവിന്ദ് പ്ലസ് ടുവിന് പഠിക്കുന്നു. തറവാട് നല്ല രസമാണ്… മുറ്റത്ത് തന്നെ ഒരു മുട്ടൻ മാവുണ്ട്. ഓണത്തിന് കുട്ടികൾ എല്ലാവരും വരുമ്പോൾ ആ മാവിൽ വല്യച്ഛൻ ഊഞ്ഞാൽ കെട്ടി കൊടുക്കും. പിന്നെ ഒരു ആഘോഷമാണ്.

 

ഇത്തവണയും വല്യച്ഛൻ ഊഞ്ഞാലിട്ടു കൊടുത്തു. കുട്ടികൾ എല്ലാവരും ചുറ്റിനും ഉണ്ട്. എങ്കിലും ഗീതുവാണ് ഊഞ്ഞാലിന്മേൽ ഇരിക്കുന്നത്.

 

“വല്യച്ഛാ… ഈ ഗീതുയേച്ചി ഊഞ്ഞാല തരണില്യാട്ടോ…”

 

സിങ്കപ്പൂർ ഉള്ള സുധി ചെറിയച്ഛന്റെ മോൾ മൈഥിലി ആണ് പരാതി പറഞ്ഞത്…

 

“ന്റെ ഗീതു… നെനക്ക് നാണല്ല്യേ… ഈ പിഞ്ചു കുട്ട്യോൾടെ കൂടെ വഴക്കിടാൻ…” വല്യമ്മ കളിയാക്കി.

 

“കെട്ടിക്കാറായി അവളെ”… ന്നിട്ടും കൊച്ചു കുട്ട്യോളെ കൂട്ട്…. അയ്യേ നാണല്ലല്ലോ ഗീതു…” ചെറിയച്ചന്റെ വക അടുത്തത്…

 

“അല്ല ഏട്ടാ….. ഇവൾക്ക് ഒന്നും നോക്കനില്ലേ…” ചെറിയച്ഛൻ അച്ഛനോട് ചോദിച്ചു.

 

“നോക്കണം സുധിയെ… പഠിത്തം കഴിഞ്ഞ് ജോലി ആയിട്ട് മതീന്നാ… അവൾ ഇപ്പൊ ഒരു ഇന്റർവ്യു ഒക്കെ പാസ്സായി നിക്കാ… അപ്പൊ ഉടനെ നോക്കണം”….

 

“അപ്പൊ ഇനി എല്ലാരും കൂടണത് ഗീതുന്റെ കല്യാണത്തിനാവും… ല്ലേ….” അമ്മായി ആവേശഭരിതയായി.

 

“ന്തൊക്കെ പറഞ്ഞാലും ഈ വീടിന്റെ മുറ്റത്ത് വെച്ചായിരിക്കണം ഗീതുന്റെ കല്യാണം.. അത് മാത്രേ നിക്ക് പറയാനുള്ളു…” മുത്തശ്ശി മുത്തശ്ശിയുടെ കാര്യം പറഞ്ഞു തീർത്തു.

 

“ഓഹ്…. എല്ലാരും കൂടെ എന്നെ ഇപ്പൊ പിടിച്ചങ്ങ് കെട്ടിക്കുല്ലോ…. മനുഷ്യൻ കുറച്ചു സമാദാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ലല്ലേ..”

 

ഗീതു ഒരു രോദനം പോലെ പറഞ്ഞുകൊണ്ട് അകത്തേയ്ക് കയറി പോയി.

 

തിരുവോണമൊക്കെ കെങ്കേമമായി നടന്നു. പിറ്റേന്ന് മുത്തശ്ശിയുടെ സപ്തതി ആയത് കൊണ്ട് തന്നെ ആഘോഷങ്ങൾ അന്നത്തേക്കായിരുന്നു. അത്യാവശ്യം ആളുകളെ ഒകെ കൂട്ടി തന്നെയായിരുന്നു അന്നത്തെ പരിപാടി പ്ലാൻ ചെയ്തത്.

 

അയല്പക്കക്കാരും ബന്ധുക്കാരും കൂടെ കുറെ ആളുകൾ സൽക്കാരത്തിൽ പങ്കെടുക്കാനെത്തി. സദ്യയ്ക്ക് ഇടയിലാണ് അയലത്തെ സുമകുഞ്ഞമ്മ ആ വാർത്ത എല്ലാവരെയും അറിയിക്കുന്നത്.

 

“നിങ്ങളറിഞ്ഞോ…. നമ്മുടെ അംബികേട്ടത്തിടെ മോൻ കെട്ടാൻ ഇരുന്ന പെണ്ണില്ലേ…. ഒരു ചെക്കന്റെ കൂടെ പോയെന്ന്…” ആ വാർത്ത അവിടെ ആകെ കാട്ടുതീ പോലെ പടർന്നു. ഒപ്പം ആളുകളുടെ സഹതാപവാക്കുകളും

 

“കഷ്ടായി… ആ പാവം ചെക്കന് ഇങ്ങനെ ഒരു വിധി വന്നല്ലോ കൃഷ്ണാ… നല്ലൊരു പയ്യനായിരുന്നു….”

 

“ഒരുകണക്കിന് ഇപ്പോഴേ പോയത് നന്നായില്ലേ…. കല്യാണം കഴിഞ്ഞുന്ന് വെച്ചാ… ന്തൊരു നാണക്കേട് ആയേനെ….”

 

“മുറ്റത് പന്തൽ വരെ ഇട്ടിരിക്ക്ണു… മൂന്നാം പക്കം കെട്ട് നടക്കണ്ടത് അല്ലേ… ന്നാലും ഇത്തിരി കഷ്ടം തന്നെ ആയി….”

ഗീതുവും ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.

 

ആരാണെന്ന് അറിയില്ലെങ്കിൽ കൂടെയും അവൾ അയാളെ ഓർത്തു സഹതപിച്ചു.

വീട്ടിലെ പരിപാടികൾ ഒക്കെ കഴിഞ്ഞ് എല്ലാവരും മടങ്ങി പോയപ്പോഴാണ് ഈ വാർത്ത ആണുങ്ങൾക്ക് ഇടയിൽ ചർച്ച ആയത്…

 

“എന്ത്…. നമ്മടെ കൃഷേട്ടന്റെ മോനോ.. നീ ഓർക്കുന്നില്ലേ ദേവി… അവൻ നമ്മുടെ വീട്ടിൽ വന്നത്…” അച്ഛൻ ഓർത്തെടുത്ത് അമ്മയോട് പറഞ്ഞു.

 

അവനു പാസ്സ്പോർട്ടിന്റെ ആവശ്യത്തിന് ടൗണിൽ വന്നപ്പോ കൃഷ്ണേട്ടൻ എന്നെ വിളിച്ചിരുന്നു. ഞാനാ വേണ്ട സഹായം ഒക്കെ ചെയ്ത് കൊടുത്തത്…. നല്ലൊരു പയ്യനാട്ടോ അവൻ… ”

 

“അതെ അതെ…..1 മാസത്തെ ലീവിന് വന്നതാ… ഇനീപ്പോ 15 ദിവസം കഷ്ടി കാണും… അതിനുള്ളിൽ എവിടെന്നു ഒരു പുതിയ പെണ്ണിനെ കിട്ടാനാ…” വല്യച്ഛൻ പറഞ്ഞു.

 

“നമുക്ക് ഒരുപാട് കടപ്പാടുള്ള ഒരു കുടുംബമാണ്‌…. അവരിങ്ങനെ ബുദ്ധിമുട്ടുന്ന കാണുമ്പോ….”

മുത്തശ്ശിയുടെ വായിൽ നിന്ന് ആ ചോദ്യം ഉന്നം തെറ്റിയ ഒരു അമ്പു പോലെ പതിച്ചു…

 

“അല്ല… ഗീതൂന് ഒന്ന് ആലോയ്ചൂടെ… എല്ലാവർക്കും അറിയാവുന്ന ഒരു കുടുംബം… നല്ല പയ്യൻ… പുറത്തൊരു വീട്ടിൽ പറഞ്ഞയക്കണെക്കാളും നല്ലതല്ലേ…” എല്ലാരും ഒന്ന് അമ്പരന്നു….

 

“അതിപ്പോ അമ്മേ…. ”

 

അച്ഛൻ ഒരു മനുഷ്യസ്നേഹിയാണ്. ആർകെങ്കിലും ഒരു ബുദ്ധിമുട്ട് വരുന്നത് കണ്ടാൽ അച്ഛൻ സഹിക്കില്ല… മുത്തശ്ശിയുടെ ആ ചോദ്യം അച്ഛനിൽ ഒരു ചിന്ത ജനിപ്പിച്ചു.

 

അവൾ ഞെട്ടി തരിച്ചു ഇരിക്കുകയാണ്. എല്ലാവരും അതിനെ അനുകൂലിക്കുന്നു എന്ന് കണ്ടപ്പോൾ അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

 

“എല്ലാവരും എന്താ ഈ പറയണേ… ഞാൻ അയാളെ കേട്ടാനോ… ഒന്ന് കണ്ടിട്ട് പോലുമില്ലാത്ത ഒരാളെ… അതും ഈ മൂന്ന് ദിവസത്തിനുള്ളിൽ….” അവൾ ആക്രോശിച്ചു…

 

“മോളെ… നിനക്ക് മോശമായത് അച്ഛൻ ചെയ്യോ…. അവൻ നല്ല പയ്യനാ… നിനക്ക് ചേരും..നി ആഗ്രഹിച്ച പോലെ തന്നെ ആവും അത്….”

 

“എനിക്കുമില്ലേ അച്ഛാ സ്വപ്‌നങ്ങൾ…. അതൊക്കെ കണ്ടില്ല എന്ന് വെച്ച് ഒരു കുടുംബത്തിന്റെ അഭിമാനം കാക്കാൻ എന്നെ ബലിയാടക്കണോ??….”

 

അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു എല്ലാവരും ചേർന്ന് അവളെ സമാധാനിപ്പിച്ചു…

 

“മോളെ… അവൻ 15 ദിവസം കഴിഞ്ഞാൽ നാട്ടിൽ നിന്ന് തിരിച്ചു ദുബൈലേക്ക് പോകും… അത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്താ മതി…. അപ്പൊ നിങ്ങൾക്ക് മനസിലാക്കാൻ ഉള്ള സമയം കിട്ടും…

 

എന്നിട്ട് അവൻ തിരിച്ചു വരുമ്പോ നിങ്ങൾ ജീവിച്ചു തുടങ്ങിയാ മതി…”

ഓരോരോ നിർദേശങ്ങൾ വന്നുകൊണ്ടേ ഇരുന്നു…

 

എല്ലാവർക്കും ഇതിനോട് നല്ല അഭിപ്രായമാണ്‌… ഒരു പ്രണയം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ മാട്രിമോണി വഴി വരുന്ന ആരെയെങ്കിലും തന്നെ കേട്ടണം..

 

ഇതാകുമ്പോ മനസിലാക്കാൻ 1പുള്ളി പോയിട്ടു വരുന്ന വരെ സമയം കിട്ടും. സമാധാനമായി ഇരുന്ന് അലോചിച്ചപ്പോൾ അവൾ ഈ ഒരു ധാരണയിൽ എത്തി…

 

അവളുടെ സമ്മതം അറിഞ്ഞതും അവർ എല്ലാവരും കൂടെ കൃഷ്ണേട്ടന്റെ വീട്ടിൽ പോയി… തൊട്ടടുത്താണ്… ഈ ഒരു കാര്യം അവിടെ അവതരിപ്പിച്ചു… എല്ലാവർക്കും സമ്മതം… ഒരു വലിയ മാനക്കേടിൽ നിന്നും രക്ഷിച്ചതിന് കൃഷ്ണേട്ടൻ അച്ഛന്റെ കൈ കൂട്ടിപിടിച്ചു തൊഴുതു.

 

ശേഷം പയ്യനെയും വീട്ടുകാരെയും കൂട്ടി അവർ വീട്ടിൽ വന്നു. അപ്പോഴാണ് അവൾ ആദ്യമായി ഹരിയെ കാണുന്നത്. പക്ഷെ അംബികമ്മായിയെ അവൾക്ക് അറിയാം… മുന്നേ കണ്ടിട്ടുണ്ട്…

ഒരു സുമുഖനായ ചെറുപ്പക്കാരൻ.

 

മുഖത്ത് ഒരു നിഷ്കളങ്ക ഭാവം… അവളുടെ സങ്കല്പത്തിലെ പുരുഷനുമായി കുറച്ചൊക്കെ സാമ്യമുണ്ട്… അവരെ തമ്മിൽ സംസാരിക്കാൻ വേണ്ടി അമ്മായി പറഞ്ഞു വിട്ടു….ഹരി ചോദിച്ചു…

 

“ഗീതാഞ്ജലിയെ അവർ നിർബന്ധിച്ചിട്ടാണോ ഇത്…” അല്ല എന്നവൾ തലയാട്ടി… എല്ലാം വളരെ പെട്ടെന്നായിരുന്നു… കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം അവർ ഒരുമിച്ച് നടത്തി.

 

ഓണം കൂടാനെത്തിയ ഗീതു മുത്തശ്ശിയുടെ സപ്തതിക്ക് വേണ്ടി ഒരുക്കിയ പന്തലിൽ മൂന്നാം പക്കം ഒരു വധുവായി ഹരിയുടെ ഒപ്പം ഇരിക്കുന്നു… അവൻ അവളുടെ കഴുത്തിൽ താലി കെട്ടി…

 

അവൾ തെളിഞ്ഞ നിലവിളക്കുമായി അവൾ ഹരിയുടെ വീട്ടിൽ പ്രവേശിച്ചു.

ആദ്യരാത്രി അവൾ മുറിയിലേക്ക് വന്നപ്പോൾ ഹരി ഒരു പുഞ്ചിരിയോടെ അവളെ സ്വാഗതം ചെയ്തു.

 

“എനിക്കറിയാം താൻ ഒട്ടും പ്രെപയർഡ് അല്ലെന്ന്… ഞാനുമല്ല…. ഫ്ലൈറ്റ് കേറി ഇങ്ങ് വരുമ്പോ മറ്റൊരു പെൺകുട്ടിയായിട്ടുള്ള ജീവിതമാണ് മനസ്സിൽ കണ്ടത്…

 

പെട്ടെന്ന് ഇങ്ങനെ ഒകെ സംഭവിക്കും എന്ന് കരുതിയില്ല… പിന്നെ അച്ഛന്റെ വാക്ക് കേട്ടിട്ടാണ്… ഞാൻ ഇതിനു സമ്മതിച്ചത്…. പിന്നെ തനിക്ക് എതിർപ്പില്ല എന്നും പറഞ്ഞു… സൊ…..” അവൻ പറഞ്ഞു….

 

“ഇന്ന് മുഴുവൻ നിന്നു ക്ഷീണിച്ചതല്ലേ… കിടന്നോളു….” അവൻ അവളെ കിടക്കാൻ ക്ഷെണിച്ചു.

 

“ഗീതുവിന് ബുദ്ധിമുട്ടാണെൽ ഞാൻ ഹാളിൽ കിടന്നോളാം…” അയാൾ തലയിണ എടുത്തുകൊണ്ടു പറഞ്ഞു

 

“വേണ്ട… ഇവിടെ കിടന്നോളു…” അവൾ പറഞ്ഞു.

 

ആദ്യരാത്രിയിൽ അവർ പരസ്പരം ഒന്നും മിണ്ടാതെ ഒരു കട്ടിലിന്റെ രണ്ട് വശങ്ങളിലായി കിടന്നു.

 

അവൾക്ക് അവളുടേതായ ഒരു ഇടം അവൻ കൊടുന്നുണ്ടായിരുന്നു. വരും ദിവസങ്ങളിൽ അവൻ അവളെ ഒരു കൂട്ടുകാരിയെ പോലെ കൂടെ നിർത്തി… അച്ഛൻ അമ്മയെ പരിചരിക്കുന്ന പോലെ തന്നെ….

 

അവൻ അവളെയും പരിഹരിച്ചു.. അവളുടെ കൂടെ നിന്നു അവളെ ചിരിപ്പിക്കാനും സന്തോധിപ്പിക്കാനും തുടങ്ങി…

 

വെറും മൂന്ന് ദിവസമേ അവൾക്ക് അവനോട് പ്രണയം തോന്നാൻ വേണ്ടിവന്നത് ….ആരും പറഞ്ഞത് വെറുതെ ആയില്ല…

 

അന്ന് കുളി കഴിഞ്ഞ് ഇറങ്ങി വന്ന ഹരിയെ അവൾ പിടിച്ചിരുത്തി തലയിൽ വെള്ളം ഉണ്ടെന്ന് പറഞ്ഞു തല ചുറ്റും തൂവർത്തി…. ഒരു ഭർത്താവിന്റെ സ്വാതന്ത്ര്യം അവൻ അന്നാണ് അവള്ക്കുമേൽ എടുത്തത്….

 

അവളുടെ അരയ്ക്ക് വട്ടം പിടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ അവൻ അമർത്തി ചുംബിച്ചു. അവൾ അത് തീരെ പ്രതീക്ഷിച്ചില്ല…നാണം കൊണ്ടവൾ ചുവന്നു…. ഹരിയെ തട്ടി മാറ്റി അവൾ അടുക്കളപ്പുറത്തേക്ക് ഓടി….

 

അന്ന് തൊട്ട് അവൾ എല്ലാ അർത്ഥത്തിലും അവന്റെ ഭാര്യയായി. എല്ലാ രാത്രികളും പ്രണയനിർഭരമായി….. അവൾ അവനിലേക്ക് കൂടുതൽ ഇഴുകി ചേർന്നു….

 

പ്രണയത്തിന്റെ മൂർദ്ധാന്യാവസ്ഥയിൽ നിൽകുമ്പോഴാണ് അവനു തിരിച്ചു പോകുവാനുള്ള തിയതി ആകുന്നത്.. അവൾക്ക് അത് ഒട്ടും സഹിക്കുവാൻ കഴിയുമായിരുന്നില്ല…. അവനെ പിരിഞ്ഞു ഒരു നിമിഷം പോലും ജീവിക്കാൻ പറ്റിയിരുന്നില്ല.

 

എയർപോർട്ടിൽ നിന്നും തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൻ മാറിയിട്ട ഷർട്ടും കെട്ടിപിടിച്ചു അവൾ കരഞ്ഞു. അവന്റെ വിയർപ്പ് പതിഞ്ഞ ഷർട്ടിൽ അവളുടെ കണ്ണുനീർ തുള്ളി കൊണ്ട് കുതിർന്നു.

 

ആ മുറിയിൽ പിന്നീട് അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല. അവനോടൊത്തുള്ള നിമിഷങ്ങൾ ഭീകരമായി അവളിൽ തോന്നി. ഒരു വല്ലാത്ത വേദന അവളിൽ പിടി മുറുക്കി.

 

അവനെ പ്രണയിച്ചു തുടങ്ങിയ നിമിഷം പ്രവാസം അവനെ തട്ടിയെടുത്തു… ആ ഒരു വേദന പ്രവാസിയുടെ ഭാര്യയ്ക്ക് മാത്രേ മനസ്സിലാവൂ… ഈ ലോകത്ത് മറ്റെന്തിനെക്കാളും അവൾ ഹരിയെ സ്നേഹിക്കുന്നയിരുന്നു.

 

ഒരു മാസം കഴിഞ്ഞപ്പോഴാണ് അടുക്കളപടിയിൽ അവൾ തല ചുറ്റി വീണത്. വെറും 13 ദിവസത്തെ ദാമ്പത്യത്തിൽ അവൻ അവൾക്കു കൊടുത്ത ഏറ്റവും വലിയ സമ്മാനം…..

അമ്മയാണ് ഹരിയെ വിളിച്ചു അറിയിച്ചത്….

 

അവനു എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല…..അത്ര സന്തോഷം… പിന്നീട് ഒരു കുഞ്ഞിനെ പോലെയാണ് അവൻ അവളെ ശ്രദ്ധിച്ചത്. അവളെ ഫോണിലൂടെ പരിചരിക്കാൻ അവനു കഴിഞ്ഞുള്ളു…

 

എപ്പോഴോ അവളൊന്നു മയങ്ങി പോയി

സമയം വെളുപ്പിന് 4 മണി കഴിഞ്ഞു

പെട്ടെന്നാണ് അസഹനീയമായ വേദന അവളിൽ അനുഭവപ്പെട്ടത്. അവളുടെ കരച്ചിൽ കെട്ട് അമ്മ എഴുന്നേറ്റു…. വേദന കൊണ്ട് അവൾ പുളയുകയാണ്…

 

ഇത് പ്രസവ വേദനയാണ്. പെട്ടെന്ന് അമ്മ നഴ്സിനെ വിളിച്ചു. പെട്ടെന്ന് ലേബർ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യണം… സ്‌ട്രച്ചറുമായി അറ്റെൻഡർ ആ മുറിയിൽ എത്തി അവളെ പെട്ടെന്ന് കൊണ്ട് പോകാൻ തുടങ്ങി…

 

“അമ്മേ… എനിക് ഹരിയേട്ടനോട് ഒന്ന് സംസാരിക്കണം… പ്ലീസ്‌…”

 

കൊണ്ട് പോകുന്ന വഴി അവൾ പറഞ്ഞു…. അമ്മ ഹരിയെ വിളിക്കാൻ വേണ്ടി ശ്രമിച്ചു… പക്ഷെ കിട്ടുന്നില്ല…..

 

“എനിക്ക് ഒരു വട്ടം ഹരിയേട്ടനെ ഒന്ന് കാണണം…”

 

അവൾ ആ വേദനയിലും പറഞ്ഞു കൊണ്ടേ ഇരുന്നു. അവളെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു…. അമ്മ വിവരം അറിയിക്കാൻ ഹരിയെ വിളിക്കുന്നുണ്ട്… പക്ഷെ കിട്ടുന്നില്ല….

 

” സാധാരണ വിളിച്ചാൽ എടുക്കാതെ ഇരിക്കില്ല… പിന്നെ ഇപ്പൊ എന്താവോ….”

അവൾ ലേബർ റൂമിൽ വേദന കടിച്ചമർത്തി…. അമ്മായവാൻ പോകുന്നതിന്റെ വേദന…

 

എല്ലാരും പറയും പ്രസവ വേദനയാണ് ഏറ്റവും വലിയ വേദന എന്ന്… എന്നാൽ അത് ശരീരത്തിന്റെ വേദനയാണ്…. അതിലും വലിയ വേദനയുണ്ട് മനസ്സിന്…. കാത്തിരിപ്പിന്റെ വേദന…. ഒറ്റപ്പെടലിന്റെ വേദന….

 

അവൾക്കു കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു…. വിവരം പറയാൻ ഹരിയെ മാറി മാറി വിളിക്കുന്നു….പക്ഷെ കണക്ട് ആകുന്നില്ല… എല്ലാവരും പരിഭ്രാന്തരായി….

 

വൈകിട്ട് 4 മണി ആയിട്ടും അവൾ പ്രസവിച്ചിട്ടില്ല…. ഇനി സിസേറിയൻ തന്നെ ശരണം എന്ന് ഡോക്ടർസ് പറഞ്ഞു. അതിനുള്ള സമ്മത പത്രം അവളുടെ അച്ഛൻ ഒപ്പിട്ടു..

 

ഹരിയെ വിളിച്ചിട്ട് മറുപടിയുമില്ല…. സുഹൃത്തുക്കളെ ഒകെ തിരക്കി… പക്ഷെ ആർക്കും ഒരു അറിവുമില്ല….

 

അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി….സഹിക്കാവുന്നതിന്റെ പരമാവധി വേദന അവൾ സഹിച്ചു. ഒരു ഘട്ടത്തിൽ മരിച്ചുപോകുമെന്ന് വരെ തോന്നി…പാതി ബോധംത്തിലും അവൾ ഹരിയെ തിരിക്കുന്നുണ്ടായിരുന്നു.

 

ഒടുവിൽ വൈകിട്ട് 7 മണിക്ക് അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി… അവൾ ഒരു അമ്മയായിരിക്കുന്നു…. നേഴ്സ് ആ മാലാഖകുഞ്ഞുമായി ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ കാത്തു നില്കുന്നവരുടെ അടുത്തേക്ക് എത്തി…

 

“ഗീതാഞ്‌ജലിയുടെ റിലേറ്റീവ്സ്…. പെൺകുഞ്ഞാണ് കേട്ടോ….” വിറയാർന്ന രണ്ട് കൈകൾ ആ കുഞ്ഞി മാലാഖയെ വാങ്ങി… ആ മാലാഖക്കുഞ്ഞിന്റെ അച്ഛന്റെ കൈകൾ……

 

ആ പിഞ്ചോമനയെ കയ്യിൽ എടുത്തപ്പോൾ…. ആ മുഖം ഒരു നോക്ക് കണ്ടപ്പോൾ….അവൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി…

 

തന്റെ പ്രിയതമയുടെ ആഗ്രഹം സാധിച്ചു. തന്റെ കുഞ്ഞിനെ അവൻ തന്നെ ആദ്യമായി കൈകളിലെന്തി…. അവൻ കുഞ്ഞിനെ അമ്മയെ ഏല്പിച്ചു അവളെ തിരഞ്ഞു.

 

നടക്കുന്ന വഴി അവൻ ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തു…. സൈറ്റിൽ ഗീതുവിന്റെ കോൾ കട്ട്‌ ചെയ്ത ശേഷം ബാത്‌റൂമിൽ നിന്നു പൊട്ടിക്കരയുന്ന അവനെ അവിടെ വിസിറ്റിനു വന്ന ചീഫ് മാനേജർ കണ്ടത്….

 

“സ്വന്തം കുഞ്ഞിനെ ജനിക്കുമ്പോൾ കാണാൻ സാധിക്കാത്ത അച്ഛൻ ഒരു നിർഭാഗ്യവാനാടോ…..

 

ഞാൻ എന്റെ കുഞ്ഞിനെ കണ്ടത് അവളുടെ മൂന്നാമത്തെ വയസിലാ… എനിക്കറിയാം ആ വേദന…. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം… താൻ വേഗം അടുത്ത ഫ്ലൈറ്റ് പിടിക്കാൻ നോക്ക്….” അവിടെ നിന്നും ഒരു ഓട്ടമായിരുന്നു….

 

ഹരി തന്റെ കുഞ്ഞിനെ കയ്യിലേന്തിയ നിമിഷം ആ മാനേജറിനു അവന്റെ മനസ്സിൽ ദൈവത്തിന്റെ പ്രതിരൂപമായിരുന്നു… അവൻ ആ കസേരയിൽ ഇരുന്നു…. ഇന്ന് ലോകത്ത് ഏറ്റവും സന്തോഷമുള്ള ഭർത്താവും അച്ഛനുമാണ് അവൻ…..

Leave a Reply

Your email address will not be published. Required fields are marked *