നീ അങ്ങ് വല്യ പെണ്ണ് ആയി പോയല്ലോ. അല്ല ചെല്ലമ്മേ ഇവളും നമ്മുടെ ദിവാകരന്റെ മോളും

മറുവശം

(രചന: Treesa George)

 

അമ്മ മോളുടെ ഫീസ് നാളെ തരാട്ടോ. ഇന്ന് ഫിലോമിന ചേച്ചിയുടെ വീട്ടിലേ കള വെട്ടിനു 400 രൂപാ കൂലി തരാന്ന് ആണ് പറഞ്ഞേക്കുന്നത്. അതോടെ കിട്ടിയാൽ മോളുടെ ഫീസിനുള്ള ഉള്ള പൈസ ആകും.

അത്‌ സാരമില്ല അമ്മേ. അമ്മ പൈസ കിട്ടുമ്പോൾ തന്നാൽ മതി. കോളേജിന്നു ഒരാഴ്ചത്തെ സാവകാശം ഒക്കെ കിട്ടും.

അത്‌ എന്തായാലും ആശ്വാസം ആയി. നീ സമയം കളയാണ്ട് റെഡി ആയി കോളേജിൽ പോകാൻ നോക്കു. ഞാൻ എന്തായാലും പണിക്കു പോകാൻ ഇറങ്ങുവാ.

അനുവിന്റെ അമ്മ കട്ടിലിന്റെ അടിയിൽ നിന്നും അരിവളും എടുത്തോണ്ട് പുറത്തോട്ട് പോകാൻ ഇറങ്ങുമ്പോൾ ആണ് അവരുടെ അമ്മയുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അമ്മായി കേറി വന്നത്.

എടി ചെല്ലമ്മേ നീ പണിക്കു പോകാൻ ഇറങ്ങുവായിരുന്നോ.

ആ അമ്മായി . ഇവിടെ അടുത്താ പണി. അമ്മായി ഇവിടിരിക്ക്. ഞാൻ ചായ ഇട്ടോണ്ട് വരാം.

ചായ ഒന്നും വേണ്ടെടി കൊച്ചേ. ഞാൻ ഇവിടെ നമ്മുടെ ദിവാകരന്റെ മോളുടെ കൊച്ചിനെ കാണാൻ വന്നതാ . അവൾ അവിടെ പ്രസവിച്ചു കിടക്കുയല്ലയോ.

ഞാൻ കാപ്പി ഒക്കെ അവിടുന്ന് കുടിച്ചു. ഞാൻ എപ്പോൾ അവിടെ ചെന്നാലും ചായയോ കാപ്പിയോ തരാതെ അവർ എന്നെ വിടില്ല.

അപ്പോൾ ആണ് അനു കോളേജിൽ പോകാൻ ആയി റെഡി ആയി മുറ്റത്തോട്ട് വന്നത്.

അവളെ കണ്ടപ്പോൾ അവർ അവളോട്‌ പറഞ്ഞു.

എടി പെണ്ണേ നീ ഇവിടെ ഉണ്ടായിരുന്നോ. നീ അങ്ങ് വല്യ പെണ്ണ് ആയി പോയല്ലോ. അല്ല ചെല്ലമ്മേ ഇവളും നമ്മുടെ ദിവാകരന്റെ മോളും ഒരേ പ്രായം അല്ലയോ.

ആ പെണ്ണ് ആണേൽ കെട്ടി ഒരു കൊച്ചും ആയി. ഇവളെ ഇങ്ങനെ നിർത്തിയാൽ മതിയോ. ഒരുത്തന്റെ കൈയിൽ ഏൽപ്പിക്കണ്ടേ.

അവൾ ഇപ്പോൾ പഠിക്കുവല്ലേ അമ്മായി. സമയം ഒരുപാട് ഉണ്ടെല്ലോ. അവൾക്ക് ഒരു ജോലി ഒക്കെ ആവട്ടെ. എന്റെ ഈ കഷ്ടപാട് ചേച്ചി കാണുന്നത് അല്ലേ. എന്റെ അവസ്ഥ ഇവൾക്ക് വരരുത്.

എടി പെണ്ണേ, ഈ പെണ്ണ് കൊച്ചിന് ഓരോ ദിവസം കഴിയുമ്പോളും അങ്ങു പ്രായം കൂടി കൊണ്ട് ഇരിക്കുവാ. ഇവിടെ പഠിത്തം കഴിഞ്ഞവർ വരെ ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുവാ.

പെണ്ണിന് എന്നാ പഠിപ്പു ഉണ്ടെന്നു പറഞ്ഞാലും ചൊള എണ്ണി കൊടുക്കാതെ കാര്യം നടക്കില്ല. പഠിപ്പിന് ഒത്ത ചെറുക്കനെ കെട്ടണേ അതേ പോലെ കാശും കൊടുക്കണം.

സ്‌ ത്രീധനം സ്‌ത്രീ വിരുദ്ധതയാണ്, ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞാൽ പെണ്ണ് വീട്ടിൽ നിക്കത്തെ ഉള്ളൂ.

ചോദിക്കുന്ന കാശ് എണ്ണി കൊടുത്തു ജോലി ഉള്ള ചെക്കന്മാരെ കിട്ടാൻ പെണ്ണുങ്ങളു ക്യൂ നിക്കുവാ.

ഇപ്പോൾ ആണേൽ എന്റെ കൈയിൽ ഒരു ചെക്കൻ ഉണ്ട്. അവൻ ഇവളുടെ അത്രെയും പഠിത്തകാരൻ ഒന്നും അല്ലേലും പത്തു പൈസ സ്‌ത്രീധനം വേണ്ട. ഇവളെ പൊന്നു പോലെ നോക്കികൊള്ളും.

അവളുടെ പഠിത്തം കഴിയട്ടെ അമ്മായി.

പഠിത്തം ഒക്കെ കല്യാണം കഴിഞ്ഞും ആവാല്ലോ. പഠിക്കണം എന്നുള്ളർവർക്ക് അത്‌ എപ്പോൾ വേണേലും ആവാം.

അത്‌ ഒന്നും ശെരി അവില്ല. എന്റെ കൂടെ നിൽക്കുമ്പോൾ എനിക്കു ശെരിക്കും കൊടുക്കാൻ പറ്റാത്ത വിദ്യാഭ്യാസം

നാളെ ഒരു ദിവസം ഇവളെ കെട്ടുന്നവനും കൊടുക്കാൻ പറ്റാതെ വരുമ്പോൾ എനിക്കു എങ്ങനെ അവനെ കുറ്റം പറയാൻ ആവും.

മക്കളെ പഠിപ്പിക്കുക എന്നുള്ളത് സ്വന്തം മാതാപിതാക്കളുടെ ഉത്തരവാദിത്യം ആണ്. അല്ലാതെ അവളെ കെട്ടുന്ന വിട്ടുക്കാരുടെ അല്ല.

ആണ് മക്കളെ ആരും ഭാര്യ വീട്ടുക്കാർ പഠിപ്പിച്ചു കൊള്ളും എന്നും പറഞ്ഞു പഠിത്തം പുർത്തിയാക്കാതെ കല്യാണം കഴിപ്പിക്കുന്നില്ലല്ലോ. അത്‌ പോലെ അല്ലേ പെണ്ണ് പിള്ളേരും.

പത്തു പൈസക്ക് ഗതി ഇല്ലേലും ഡയലോഗിനു ഒന്നും ഒരു കുറവും ഇല്ല. നാളെ ഇവൾ ഏതേലും ഒരുത്തന്റെ കൂടെ ചാടി പോകുമ്പോൾ നീ പഠിച്ചോളും. എന്ന് പറഞ്ഞു പിറു പിറുത്തൊണ്ടു അവർ ഇറങ്ങി പോയി.

അമ്മ ഇത് ഒന്നും കേട്ട് വിഷമിക്കണ്ട.

ഞാൻ അത്‌ ഒന്നും ഓർക്കുന്നില്ല. അവർ ഒരു കഥ ഇല്ലാത്ത സ്‌ത്രീ ആണ്. നീ വേഗം ഇറങ്ങാൻ നോക്ക്. അല്ലേൽ ബസ് പോകും.

അവൾ അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു പടി കെട്ടുകൾ ഇറങ്ങി വേഗം ഓടി.

അവളെയും കാത്തു എന്നപോലെ അവൾ പോകുന്ന വഴിയിൽ ഒരു പയ്യൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു . കുറേ ദിവസം ആയി അവളുടെ പുറകെ വിവാഹഅഭ്യർത്ഥനയും ആയി അവൻ ഉണ്ടായിരുന്നു .

പക്ഷെ ഇത് വരെയും അവൾ മറുപടി ഒന്നും കൊടുത്തിട്ടില്ലായിരുന്നു .പക്ഷെ ഇന്ന് അവളുടെ കൈയിൽ മറുപടി ഉണ്ടായിരുന്നു.

അവൾ അവന്റെ അടുത്ത് ചെന്നു പറഞ്ഞു.

ചേട്ടന് എന്നെ അത്ര ഇഷ്‌ടം ആണേൽ എന്റെ പഠിത്തം കഴിഞ്ഞു ജോലി കിട്ടുന്നവരെ കാത്തിരിക്കുക. എന്നിട്ടു എന്റെ വീട്ടിൽ വന്നു എന്റെ അമ്മയുടെ അടുത്ത് അന്തസ് ആയി പെണ്ണ് ചോദിക്കുക.

അത്രെയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.

അപ്പോഴേക്കും അവളുടെ കൂട്ടുകാരി മിനു ഓടി വന്നു അവളോട്‌ ചോദിച്ചു.

നീ എന്തിനാടി അങ്ങനെ പറഞ്ഞത്. നല്ലൊരു ചേട്ടൻ ആയിരുന്നെടി.

എടി മോളെ നമ്മുടെ വീട്ടുകാർ നമ്മളെ ഇല്ലാത്ത കാശും കൊടുത്തു കോളേജിൽ വിടുന്നത് നമ്മൾ പഠിച്ചു രക്ഷപെടും എന്ന വിശ്വാസത്തിൽ ആണ്.

അല്ലാതെ മരം ചുറ്റി പ്രേമിക്കാനും കണ്ടവന്റെ കൂടെ പ്രേമത്തിന്റെ പേരും പറഞ്ഞു ഒളിച്ചോടാനും അല്ല.

അങ്ങനെ നമ്മൾ ഒളിച്ചോടുമ്പോൾ നമ്മുടെ മാതാപിതാക്കളെ നോക്കി നാട്ടുകാർ പറയും. മകളെ വല്യ പഠിത്തംക്കാരി ആക്കാൻ നോക്കിയതാ. ഇപ്പോൾ എന്തായി എന്ന്.

അല്ലേലും ഒളിച്ചോട്ടക്കാരെ ഇത് ഒന്നും ബാധിക്കില്ല. പ്രേമം ആണ് എല്ലാത്തിനും വലുത് എന്ന് പറയുന്ന അവർക്ക് എന്ത് പഠിത്തം, എന്ത് മാതാപിതാക്കൾ,എന്ത് കൂടപ്പിറപ്പുകൾ.

ഞാൻ എന്തായാലും ആ കൂട്ടത്തിൽ പെടാൻ ഉദ്ദേശിച്ചിട്ടില്ല. ഇത്രെയും പറഞ്ഞു ഒറച്ച ചുവടു വെപ്പുകളോടെ അവൾ ബസ് സ്റ്റോപ്പിലോട്ടു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *