മേധ
(രചന: അഭിരാമി അഭി)
“മേധാ വെറുപ്പ് തോന്നുന്നുണ്ടോ മോളെ നിനക്കെന്നോട്?”
സോപാനത്തിണ്ണയിൽ മുട്ടിലേക്ക് മുഖമൂന്നിയിരുന്ന് വിമ്മിക്കരഞ്ഞുകൊണ്ടിരുന്ന പെണ്ണിന്റെ കാൽപ്പാദങ്ങളിൽ തൊട്ടുകൊണ്ട് ഉമ ചോദിച്ചു.
” എന്താ ചേച്ചി ഇങ്ങനൊക്കെ പറയുന്നേ…. ഇതൊക്കെ പാതിവല്ലേ എനിക്കതിലൊന്നും സങ്കടമില്ല. ഒരു കാര്യത്തിലെ എനിക്ക് നോവുന്നുള്ളു ആ…..
ആ സമയത്ത് ഞാൻ… ഞാനാരാണെന്ന് പോലും ദേവേട്ടനറിയില്ലല്ലോ എന്നോർക്കുമ്പോ മാത്രം ചങ്ക് പറയുവാ ഉമേച്ചി…. ”
തന്നേ ഉറുമ്പടക്കം പുണർന്നലറിക്കരയുന്ന ആ പെണ്ണിനെ എങ്ങനെ ആശ്വാസിപ്പിക്കുമെന്ന് അവൾക്കും അറിയില്ലായിരുന്നു.
അപ്പോഴും ദത്തന്റെ പല്ലുകളാഴ്ന്ന അവളുടെ കഴുത്തിലെ മുറിപാടിൽ നിന്നും ര ക്തം കിനിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉമയുടെ വിരലുകൾ പതിയെ അതിലൂടെ വിരലോടിച്ചു.
ആ പെൺശരീരത്തിൽ ഇങ്ങനെ പലയിടത്തും അവന്റെ ഭ്രാന്തിന്റെ കലകൾ ദൃശ്യമാണല്ലോ എന്നവൾ വെറുതെ ഓർത്തു.
പക്ഷേ അസുഖം വരുമ്പോഴല്ലാതെ അവളുടെ മേത്തൊരു പൂഴി വീഴുന്നത് പോലും സഹിക്കില്ലവൻ. അത്രമേൽ പ്രാണനായിരുന്നു അവനാപെണ്ണ്.
” എന്താ ഉണ്ടായത് ??? ”
ധൃതിയിൽ അങ്ങോട്ട് കയറിവന്ന ശേഖരൻ ചോദിച്ചു. ഉമയുടെയും ദത്തന്റെയും അച്ഛന്റെ അനുജനാണ് ശേഖരൻ.
” അത് ചെറിയച്ഛാ…… പിന്നെയും…. ”
ഉമ വാക്കുകൾ പാതിയിൽ നിർത്തി.
” വീണ്ടുമവന് ഭ്രാന്തിളകിയല്ലേ. ചികിൽസിക്കാതെ അവനെയിങ്ങനെ അഴിച്ചുവിട്ടിരുന്നീ പെണ്ണിനെയവൻ കൊന്ന് തിന്നുന്നത് കാണണോ ഉമേ നിനക്ക്? ”
ചുവരിൽ ചാരി കണ്ണീരോടെ നിന്നിരുന്ന മേധയിലേക്ക് നോക്കി പറയുമ്പോൾ ദേഷ്യത്തിലുമപ്പുറം വേദനയായിരുന്നു അയാളിൽ പ്രകടമായിരുന്നത്.
” ചെറിയച്ഛാ….. ”
” വേദനിപ്പിക്കാൻ പറഞ്ഞതല്ല ഉമേ…. എല്ലാം ഉപേക്ഷിച്ചവനൊപ്പം വന്നതല്ലേ ഇവൾ. എന്നിട്ടിപ്പോ….. ”
ശേഖരന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. ഉമയിലും വേദന മാത്രമായിരുന്നു അപ്പോൾ.
” വേണ്ട ചെറിയച്ചാ കുറച്ചുസമയത്തേ ഈ താളം തെറ്റലൊഴിച്ചാൽ ദത്തേട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ…. പിന്നെ ഭ്രാന്താശുപത്രിയിലൊക്കെ കൊണ്ടിട്ട്.. കാണാൻ വയ്യ ചെറിയച്ചാ അതൊന്നുമെനിക്ക്…. ”
പറയുമ്പോൾ അവൾ തേങ്ങിക്കരഞ്ഞുപോയിരുന്നു. ആ കണ്ണുനീരിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശേഖരൻ തിണ്ണയിലേക്കിരുന്നു.
” നീയിപ്പോ മുറിയിലേക്ക് പോകണ്ട മോളെ….. അവനൊന്നടങ്ങട്ടെ…… ”
കുറച്ചുസമയം കൂടി അവൾക്കൊപ്പമിരുന്നിട്ട് അകത്തേക്ക് നടക്കുമ്പോൾ മുഖത്തേക്ക് നോക്കാതെ ഉമ പറഞ്ഞു. മൗനമായിരുന്നു അപ്പോഴും അവളുടെ മറുപടി. നിമിഷങ്ങൾ പതിയെ ഇഴഞ്ഞുനീങ്ങി.
അകത്തെ മുറിയിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശബ്ദങ്ങളൊക്കെയും നിലച്ചുകഴിഞ്ഞിരുന്നു. എന്താണവിടെ നടക്കുന്നതെന്നറിയാതെ നെഞ്ച് നിന്നുപോകുമെന്ന് തോന്നിയപ്പോൾ അവൾ പതിയെ റൂമിലേക്ക് നടന്നു.
ചാരിയിരുന്ന വാതിൽ തുറന്നകത്തേക്ക് കയറുമ്പോഴെ കണ്ടു ബെഡിൽ കമിഴ്ന്നുകിടന്നുറങ്ങുന്നവനെ. ആ മുറിയാകെ അവന്റെ ഭ്രാന്തിനെ തടുക്കാൻ കഴിയാതെ അലങ്കോലപ്പെട്ട് പോയിരുന്നു.
മുറിക്കകം മുഴുവനും അവനെയുമൊന്ന് പാളിനോക്കുമ്പോൾ അവളുടെ അധരങ്ങൾ വിതുമ്പിപ്പോയിരുന്നു. അത്രമേൽ നെഞ്ചമുരുകുന്നുണ്ടായിരുന്നു ആ പെണ്ണിന്റെ.
തികട്ടിവന്ന കണ്ണുനീരിനെ വായപൊത്തിത്തടയുമ്പോഴും ഒന്നരവർഷം മുൻപുള്ള ആ ദിവസമായിരുന്നു അവളുടെ ഉള്ള് നിറയെ.
” പ്രേമിക്കാനും കെട്ടാനും ഈ ഭ്രാന്തനെ മാത്രേ കിട്ടിയുള്ളോ നിലക്കത്ത് രാജശേഖരന്റെ മകൾക്ക്…. ”
” അരുതച്ഛാ….. ദത്തേട്ടനെ ഇനിയും ഭ്രാന്തനെന്ന് വിളിക്കരുത്. ഇപ്പൊ അസുഖമൊക്കെ മാറി. ഇനിയധവാ ഇല്ലെങ്കിൽ പോലും സ്നേഹിച്ചുപോയി…..
ഉപേക്ഷിക്കാൻ പറയരുത്… അച്ഛനതെന്നോടാവശ്യപ്പെട്ടാൽ ചിലപ്പോൾ എന്റെയീ ശ്വാസം കൂടി എനിക്കുപേക്ഷിക്കേണ്ടി വരും…. ”
” ഓഹോ പൊന്നേപൊടിയേന്ന് കരുതി ഞാൻ വളർത്തിക്കൊണ്ട് വന്ന എന്റെ മകൾ എന്നേ ഭീഷണിപ്പെടുത്താനും തുടങ്ങിയിരിക്കുന്നു….. വേണ്ടെടി വേണ്ട….ഇനിയും എനിക്കിങ്ങനൊരു മകളില്ല … ഇറങ്ങിക്കോണം ഈ നിമിഷം…. ”
പറഞ്ഞതും പിന്നീടൊരുവാക്ക് പോലും മിണ്ടാൻ സമയം തരാതെ മുടിക്ക് കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തള്ളുമ്പോൾ നിലത്തേക്ക് വേച്ചുവീഴാൻ പോയവളെ താങ്ങിപിടിക്കാൻ ആ ബലിഷ്ടമായ കരങ്ങളുണ്ടായിരുന്നു.
ദേവദത്തനെന്ന ഭ്രാന്തന്റെ കൈകൾ…
ജന്മനൽകിയവരെ നഷ്ടപ്പെടുകയാണെന്ന സത്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് ആ നെഞ്ചിൽ മുഖം പൂഴ്ത്തി അലറി ക്കരയുമ്പോഴും ആ കൈകളൊരു താങ്ങായി പൊതിഞ്ഞുപിടിച്ചിരുന്നു.
ചേർത്തുപിടിച്ച് പുറത്തേക്ക് നടക്കുമ്പോഴും ഉറപ്പായിരുന്നു ആ കൈപിടിക്കുള്ളിലെന്നും സുരക്ഷിതമായിരിക്കുമെന്ന്. അവിടെ നിന്നും നേരെ പോയത് മഹാദേവന്റെ തിരുനടയിലേക്കായിരുന്നു.
ആ തിരുസ്വരൂപത്തേ മാത്രം സാക്ഷിയാക്കി ദത്തേട്ടന്റെ കൈകളാൽ മഞ്ഞച്ചരട്ടിൽ കൊരുത്ത ആലിലത്താലി ഹൃദയത്തോട് ചേരുമ്പോഴും വിതുമ്പുകതന്നെയായിരുന്നു മാതാപിതാക്കളോട് ചെയ്ത നീതികേടോർത്ത്. ആളപ്പോഴും നേർത്തൊരുപുഞ്ചിരിയോടെ നെഞ്ചോടുചേർത്തു.
” ദേവമംഗലം ” എന്ന വലിയ തറവാടിന് മുന്നിൽ നിന്ന കാറിൽ നിന്നും ദത്തന്റെ കൈ പിടിച്ചിറങ്ങുമ്പോൾ കാലുകൾക്ക് മുന്നോട്ട് ചലിക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല അവൾക്ക്.
പക്ഷേ ഭയന്നത് പോലെയേ ആയിരുന്നില്ല അവിടുത്തെ സ്വീകരണം. പൂമുഖത്തേക്ക് കയറും മുന്നേ കാത്തുനിന്നിരുന്നത് പോലെ അഞ്ചുതിരിയിട്ട് കത്തിച്ച നിലവിളക്കുമായി മുപ്പത്തഞ്ചോളം പ്രായം വരുന്ന ഒരു സ്ത്രീ ഉമ്മറത്തേക്ക് വന്നു.
” ഇതാണ് ഉമേച്ചി…. ”
കോട്ടൺ സാരിയുടുത്ത് ചന്ദനക്കുറിയണിഞ്ഞ് നിറഞ്ഞ പുഞ്ചിരിയോടെ അവരടുത്തേക്ക് വന്നതും ദത്തൻ പറഞ്ഞു.
വിളക്ക് വാങ്ങും മുൻപ് കുനിഞ്ഞാ പാദത്തിൽ തൊട്ടവളെ കാണെ എന്തുകൊണ്ടോ ഉമയുടെ മിഴികൾ സജലങ്ങളായി. വിളക്ക് മറുകയ്യിലേക്ക് മാറ്റി വലതുകരം കൊണ്ട് അവളുടെ നെറുകയിൽ തൊട്ട് ഹൃദയം കൊണ്ട് തന്നെ അനുഗ്രഹിച്ചു.
” അമ്മയോളം കരുതലുള്ള ഉമേച്ചിയുടെ സ്നേഹത്തിന്റെ കൂട്ടുപിടിച്ച് അതിവേഗമായിരുന്നു ആ വലിയ വീടിനോടിഴുകി ചേർന്നത്.
ദത്തേട്ടനും ചേച്ചിയും താനുമടങ്ങുന്ന ഒരു സ്വർഗമായിരുന്നു പിന്നീടാ വീട്. ജന്മനാ ഒരു കാലിനല്പം സ്വാധീനക്കുറവുള്ള ഉമേച്ചി വിവാഹം കഴിച്ചിരുന്നില്ല.
അച്ഛനും അമ്മയും മരിച്ചത് മുതൽ ദേവദത്തനെന്ന അനുജൻ മാത്രമായിരുന്നു പാവത്തിന്റെ ലോകം. അതേ സ്നേഹം ദത്തേട്ടന് തിരികെയും ഉണ്ടായിരുന്നു. പലപ്പോഴും പരസ്പരം സ്നേഹിക്കാൻ മത്സരിക്കുന്ന ആ കൂടപ്പിറപ്പുകൾ ഒരത്ഭുതമായിരുന്നു.
പലപ്പോഴും എനിക്ക് തോന്നിയിരുന്നു ചേച്ചി വിവാഹം കഴിക്കാത്തിരുന്നത് സ്വന്തം കുറവുകൾ കൊണ്ടല്ല ഇടയ്ക്കിടെ മനസ്സിന്റെ താളം തെറ്റിപ്പോകാറുണ്ടായിരുന്ന ദത്തേട്ടനെയോർത്താണെന്ന്.
” അച്ഛനും അമ്മയും മരിക്കുമ്പോൾ ദത്തന് വെറും പതിനഞ്ചുവയസ് മാത്രമായിരുന്നു പ്രായം. ഞാൻ അമ്മയുടെ തറവാട്ടിലായിരുന്ന ഒരു ദിവസമായിരുന്നു അത് സംഭവിച്ചത്.
അടുക്കളയിൽ നിന്നും അമ്മയുടെ നിലവിളി കേട്ടുകൊണ്ടായിരുന്നു ഉമ്മറത്തിരിക്കുകയായിരുന്ന അച്ഛനും ദത്തനും അങ്ങോട്ടോടിച്ചെന്നത്. അവർ ചെല്ലുമ്പോൾ അഗ്നിയിൽ പൊതിഞ്ഞ അമ്മയേയായായിരുന്നു കണ്ടത്.
സകലതും മറന്നുപോയൊടിച്ചെന്ന് അമ്മയെ കടന്നുപിടിച്ച അച്ഛനെയും അഗ്നി വിഴുങ്ങാൻ അധികസമയമെടുത്തില്ല. എന്റെ ദത്തന്റെ കണ്മുന്നിൽ തന്നെ ഞങ്ങടെ അച്ഛനും അമ്മയും ഒരുമിച്ചൊരുപിടി ചാരമായി മാറി.
അറിഞ്ഞും കേട്ടും ആളുകൾ വരുമ്പോഴേക്കും എന്റെ ദത്തൻ…. അവൻ….. അവന്റെ മനസ് കൈവിട്ട് പോയിരുന്നു. അന്നത്തെ ദിവസത്തിന് ശേഷം മനസ്സിനേൽക്കുന്ന ചെറിയൊരു നോവ് പോലും അവന്റെ മനസ്സിന്റെ താളം തെറ്റിച്ചുകൊണ്ടിരുന്നു. ആ അവനെ വിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോകാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല…. ”
ഒരുദിവസം വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോ ഉമേച്ചി പറഞ്ഞ മറുപടിയതായിരുന്നു. നാലഞ്ചുമാസങ്ങൾ കടന്നുപോയത് വളരേ വേഗത്തിൽ ആയിരുന്നു.
അതിനിടയിൽ ഒരിക്കൽപ്പോലും ദത്തേട്ടനിൽ തലപൊക്കാതിരുന്ന അസുഖവും എല്ലാരിലും ആശ്വാസം നൽകിയിരുന്നു. പക്ഷേ എല്ലാം തകർന്നത് പെട്ടന്നായിരുന്നു.
ഒരുദിവസം കാൽ വഴുതിവീണ് നെറ്റിയൊന്ന് പൊട്ടിയ ചേച്ചിയുടെ മുറിവിൽ മരുന്ന് വയ്ച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പുറത്തെവിടെയോ പോയിരുന്ന ദത്തേട്ടൻ കയറിവന്നത്.
ചേച്ചിക്കെന്തോ വയ്യായ്കയുണ്ടെന്ന് കരുതി ഓടി അടുത്ത് വരുമ്പോൾ കണ്ടത് ചേച്ചിയുടെ നെറ്റിയിലും സാരിത്തുമ്പിലും പടർന്ന ര ക്തമായിരുന്നു..
അല്പനേരം അത് നോക്കി നിന്നിട്ട് തളർച്ചയോടെ സോഫയിലേക്കിരുന്ന ആളിൽ ഉറങ്ങികിടന്നിരുന്ന അസുഖത്തിന്റെ അലകൾ പുനർജനിക്കുന്നത് എന്നിലേക്ക് നീണ്ട കൈകളുടെ പിടുത്തത്തിന്റെ മുറുക്കം കൂടുന്നതിനൊപ്പം ഞാൻ തിരിച്ചറിയുകയായിരുന്നു.
പിന്നീട് അതൊരു പതിവായി പലപ്പോഴും കാരണങ്ങൾ കൂടാതെയും ദേവദത്തനിലെ ഭ്രാന്ത് തലപൊക്കിക്കൊണ്ടിരുന്നു. ”
ചിന്തകൾ കാടുകയറിത്തുടങ്ങിയപ്പോൾ മിഴികളേയൊരിക്കൽക്കൂടി അമർത്തിത്തുടച്ച് സാരിത്തുമ്പിളിയിൽ കുത്തി അവൻ തകർത്തുടച്ചുകളഞ്ഞ ആ മുറിയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിലേക്ക് തിരിഞ്ഞു അവളുടെ ശ്രദ്ധ.
മേശമേൽ തച്ചുടച്ചിട്ടിരുന്ന കുപ്പിച്ചീളുകൾ വൃത്തിയക്കുന്നതിനിടയിലാണ് പിന്നിലെത്തിയവന്റെ കൈകൾ അരക്കെട്ടിൽ മുറുകിയത്.
ഒരുനിമിഷം ഒന്ന് പിടഞ്ഞുപോയ പെണ്ണിന്റെ കയ്യിലേക്ക് കുപ്പിച്ചീള് തറഞ്ഞുവെന്ന് കണ്ടതും ധൃതിയിൽ പിടിവിട്ട് അവന്റെ നോട്ടമവളുടെ വിരൽത്തുമ്പിലേക്കായി.
” ശ്രദ്ധിച്ച് ചെയ്തൂടെ മേധാ നിനക്ക് ??? ”
ര ക്തത്തുള്ളികൾ വീണ്ടുമവന്റെ പിടി വിടുവിക്കുമോ എന്ന് ഭയന്നുനിന്നിരുന്നവളുടെ വിരൽത്തുമ്പ് വായിൽ വച്ച് ചോരത്തുള്ളികൾ വലിച്ചെടുക്കുന്നതിനിടയിലും വെപ്രാളത്തോടെ അവൻ ചോദിച്ചു. അപ്പോഴാണ് ആ മുറിയിലേക്ക് ശരിക്കും അവന്റെ നോട്ടമെത്തിയത്.
” ഓഹ് ഇന്നും എനിക്ക് ഭ്രാന്തിളകിയല്ലേ?” നേർത്തസ്വരത്തിൽ ചോദിച്ചവനെ ആശ്വസിപ്പിക്കും പോലെ ഇറുകെ പുണരുമ്പോൾ അവളുടെ മിഴികൾ പെയ്തുതുടങ്ങിയിരുന്നു വീണ്ടും.
” ഇന്നും നോവിച്ചോ പെണ്ണേ നിന്നേ ??? ”
” മ്മ്ഹൂം… ”
കഴുത്തിലവന്റെ ദന്തങ്ങൾ പതിഞ്ഞിടം നീറിപ്പുകയുമ്പോഴും അവൾ നിഷേധാർഥത്തിൽ മൂളി.
” മേധാ…. മടുപ്പ് തോന്നുന്നില്ലേ നിനക്കീ ഭ്രാന്തന്റെ കൂടെയുള്ള ജീവിതം ??? പൊയ്ക്കോ പെണ്ണേ നീ…. ”
അവളുടെ മുടിയിഴകളെ തഴുകി പറയുമ്പോൾ അവന്റെ സ്വരം വിറച്ചിരുന്നു.
” ഈ ഭ്രാന്തന്റെ ഭ്രാന്തിനേയും പകുക്കാൻ തയാറായിത്തന്നല്ലേ അന്നീ താലിക്ക് മുന്നിൽ കഴുത്തുനീട്ടിയത് ഞാൻ….എന്നിട്ടിപ്പോ വേണ്ടതായോ ന്നേ ??? ”
” മേധാ…. ”
അവൾക്ക് നൽകാനൊരു മറുപടിയില്ലാതെ ഇറുകെ പുണർന്നവളുടെ നെറുകയിൽ ചുണ്ടമർത്തി ദത്തൻ.
” ദ….ദത്….ദത്തേട്ടാ…… ”
ശരീരമാസകലം മുറിവുകളുമായി ICU ബെഡിൽ കിടക്കുമ്പോഴും ഒരുപുകമറയിലെന്നപോലെ കഴിഞ്ഞുപോയ കാലം ചിന്തകളെ കീറിമുറിക്കുമ്പോഴും മണിക്കൂറുകൾ മുൻപേറ്റ ആഘാതത്തിന്റെ ഓർമയിൽ അവളലറികരഞ്ഞു. പക്ഷേ ആ വിളി കേൾക്കാൻ അവനുണ്ടായിരുന്നില്ല. ദേവദത്തനെന്ന ഭ്രാന്തൻ…
” ചേച്ചി ഞങ്ങളൊന്ന് പുറത്തുപോയിട്ട് വരാം…. ”
രാവിലെ അടുക്കളയിലേക്ക് വന്ന ദത്തൻ ഉമയോടായി പറഞ്ഞു.
” മ്മ്….എവിടെക്കാ ദത്താ ??? ”
” മേധക്കൊന്ന് ക്ഷേത്രത്തിൽ പോണമെന്ന്…… അവളുടെ മനസ്സിനെന്തോ ഒരു വെപ്രാളം പോലൊക്കെന്ന് പറഞ്ഞു. അത് കഴിഞ്ഞ് അവളെയും കൊണ്ട് ഒന്ന് പുറത്തേക്കൊക്കെ പോയി വരാം. ഞാനിപ്പോ ഇടയ്ക്കിടെ ഭ്രാന്തനാകുന്നുമുണ്ടല്ലോ അതൊക്കെ കൊണ്ടാകും പാവം…. ”
ഉള്ളിലെ വേദന മറച്ചുവച്ച് നൊമ്പരത്തോടെ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് ഉമയുടെ നെഞ്ച് വിതുമ്പി. പക്ഷേ എന്തുകൊണ്ടോ എന്തെങ്കിലുമൊന്ന് മിണ്ടാൻ അവൾ ഭയന്നു.
” എന്നാ ഞങ്ങള് പോയിട്ട് വരാം ചേച്ചി…. ആഹ് പിന്നേ….. ”
പറഞ്ഞിട്ട് ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങിയ ദത്തൻ പെട്ടന്ന് തിരികെ വന്നുകൊണ്ട് വിളിച്ചു.
” ന്താടാ ??? ”
നനഞ്ഞ കൈകൾ സാരിത്തുമ്പിലൊപ്പിക്കൊണ്ട് ഉമ ചോദിച്ചു.
” അതുപിന്നെ….. ചേച്ചിയാ ഡോക്ടറെ ഒന്ന് വിളിക്കണം. ഹോസ്പിറ്റലിൽ അഡ്മിറ്റാകാൻ നാളെത്തന്നെ വരുമെന്ന് പറയണം. ”
” പക്ഷേ മേധ…..”
അവന്റെ വാക്കുകൾ കേട്ട് സംശയത്തോടെ ഉമ ചോദിച്ചു.
“അവൾക്ക് പേടിയാ.. സിനിമയിലൊക്കെ കാണും പോലെ ആശുപത്രിയിലൊക്കെ കിടന്നാൽ ഞാനൊരു മുഴുഭ്രാന്തനായിപ്പോകുമെന്ന്…
ആ പേടിയവളെ വിട്ട് പോകില്ല. അതുകൊണ്ട് തന്നെ അവളുടെ സമ്മതത്തോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ പറ്റില്ല. അതുകൊണ്ട് ചേച്ചി പറഞ്ഞത് ചെയ്യ്….
എനിക്കിനി വയ്യ അവളെയിങ്ങനെ വേദനിപ്പിക്കാൻ. ഇപ്പൊ ശരീരത്തിലും ഞാൻ മുറിവേൽപ്പിച്ചുതുടങ്ങിയില്ലേ….. എന്റെ ഭ്രാന്തിന്റെ കലകൾ നിറയേണ്ടതല്ല അവളുടെ ശരീരം…. അവളൊരു പരാതിയും പറഞ്ഞില്ലെങ്കിലും എന്റെ നെഞ്ച് പൊള്ളുന്നുണ്ട് ചേച്ചി….
അവളുടെ ശരീരത്തിലെ മുറിപ്പാടുകളൊക്കെ കാണുമ്പോൾ ചിലപ്പോൾ തോന്നിപ്പോകും ഒന്നും വേണ്ടിയിരുന്നില്ലെന്ന്. അവളെക്കൂടി ഈ നരകത്തിലേക്ക് വലിച്ചിടേണ്ടിയിരുന്നില്ലെന്ന്. ”
” വിഷമിക്കല്ലെടാ….ചികിത്സ തുടങ്ങിയാൽ പതിയെ ആണെങ്കിലും അസുഖം പൂർണമായും മാറുമെന്നല്ലേ ഡോക്ടർ പറഞ്ഞത്…. നീ മേധയേ സമ്മതിപ്പിക്കാൻ നോക്ക് ഞാൻ ഡോക്ടറെ വിളിച്ചോളാം…. ”
അവന്റെ തോളിലൊന്ന് തലോടിക്കൊണ്ട് ഉമ പതിയെ പറഞ്ഞു.
” ഇറങ്ങാം ദത്തേട്ടാ ???? ”
അപ്പോഴേക്കും റെഡിയായങ്ങോട്ട് വന്ന മേധയുടെ സ്വരം കേട്ട് അവരിരുവരും പെട്ടന്ന് തിരിഞ്ഞവളെ നോക്കി പുഞ്ചിരിച്ചു.
” പോകാം ??? ”
അവൾ വീണ്ടും ചോദിച്ചു.
” മ്മ് പോകാം…. ശരി ചേച്ചി. ”
ഇരുവരോടുമായി പറഞ്ഞിട്ട് ദത്തൻ പതിയെ പുറത്തേക്ക് നടന്നു..
” പോയിട്ട് വരാം ചേച്ചി…. ”
” മ്മ് ചെല്ല്…. ”
പറഞ്ഞുകൊണ്ട് ഉമയും അവർക്കൊപ്പം ഉമ്മറത്തേക്ക് വന്നു. ഉമ്മറത്തെ തൂണിൽ ചാരി നിന്നിരുന്ന അവളെയൊരിക്കൽ കൂടിയൊന്ന് തിരിഞ്ഞുനോക്കിയിട്ട് മേധയും കാറിലേക്ക് കയറി.
” എന്റെ മഹാദേവാ എന്റെ കുട്ടികളെ കാത്തോണേ…. എല്ലാം നല്ലപടി നടക്കണേ…. ”
കാറകന്ന് പോകുന്നത് നോക്കി നിൽക്കുമ്പോൾ നെഞ്ചിൽ കൈ വച്ച് ഉള്ളുരുകിയവൾ പ്രാർത്ഥിച്ചു.
” ചിലപ്പോൾ നമ്മളൊരുമിച്ചുള്ള അവസാനയാത്രയാവും ഇത്….. പിന്നെ ഉടനെയൊന്നും ഇങ്ങനെയൊന്നുണ്ടാവില്ല…. ”
ഡ്രൈവിംഗിനിടയിൽ ചിരിയോടെ ദത്തൻ പറഞ്ഞതും അവൾ മുഖം കൂർപ്പിച്ചവനെ നോക്കി.
” എന്റെ പെണ്ണേ ഇങ്ങനെ കണ്ണുരുട്ടല്ലേ….. ഇനി ചിലപ്പോൾ ഉടനെയൊന്നും ഇങ്ങനെയൊന്നുമൊന്ന് കറങ്ങാൻ പറ്റിയെന്നുവരില്ല. ഞാനത്രെ ഉദ്ദേശിച്ചുള്ളൂ… ”
അവളുടെ ഭാവം മാറിയത് കണ്ടതും ആ തുടുത്തമൂക്കിൽ തൊട്ടുകൊണ്ട് ചിരിയോടെ ദത്തൻ പറഞ്ഞു.
” ആഹ് പെണ്ണേ…. പിന്നെ ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. ”
” എന്തേ ??? ”
അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് ആർദ്രമായവൾ ചോദിച്ചു.
” നമുക്കിടയിലേക്ക് നിന്റെ ആഗ്രഹം പോലൊരു കുഞ്ഞിക്കുറുമ്പി വരാറായെന്ന്…. ”
കണ്ണുകളിൽ വല്ലാത്തൊരു തിളക്കത്തോടെ അവൻ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ അവളാ മുഖത്തേക്ക് പാളി നോക്കി. ഒപ്പം തന്നെ ഉള്ളിലെവിടെയോ ഒരു തണുപ്പ് നിറയുന്നതുമവളറിഞ്ഞു.
” അസുഖമൊക്കെ മാറിയിട്ട് മതിയെന്നല്ലേ എപ്പോഴും പറയുക ഇപ്പൊ പെട്ടന്നെന്താ ഒരു മാറ്റം ??? ”
കുറച്ചുസമയത്തിന് ശേഷം അവൾ പതിയെ ചോദിച്ചു.
” എന്തോ ഇപ്പൊ അങ്ങനെയൊരു തോന്നൽ…..എനിക്കെന്തെങ്കിലും പറ്റിയാലും നീയൊറ്റയ്ക്കാവരുതല്ലോ… ”
ദീർഘമായൊന്ന് നിശ്വസിച്ചിട്ട് അവൻ പറഞ്ഞു.
” മതി പറഞ്ഞത്…. എന്നേ നോവിക്കാൻ വേണ്ടി മാത്രം എന്തിനാ ദത്തേട്ടാ ഇങ്ങനെയൊക്കെയുള്ള സംസാരം ??? എന്നെ…. എന്നെവിട്ട് പോകാൻ കഴിയുമോ ദത്തേട്ടന് ??? ”
ചോദിക്കുമ്പോൾ വിതുമ്പിപ്പോയിരുന്നു ആ പെണ്ണ്…. അത്രമേൽ അവന്റെ വാക്കുകളവളുടെ നെഞ്ചിനെ നോവിച്ചിരുന്നു. അതറിഞ്ഞത് പോലെ വണ്ടി സൈഡിലേക്കൊതുക്കി അവൻ പെട്ടന്നവളെ തന്നോട് ചേർത്തുപിടിച്ചു.
” ഇല്ല മോളെ…. നിന്നേവിട്ടൊരു ജീവിതമില്ലെനിക്ക്… പക്ഷേ എന്തോ എന്റെ നാവിപ്പോ ഞാൻ പോലുമറിയാതെ പിഴച്ചുപോവുകയാ…. ക്ഷമിക്ക് പെണ്ണേ…… ”
അവളുടെ നെറുകയിലെ സിന്ദൂരച്ചുവപ്പിൽ അമർത്തി ചുംബിച്ചുകൊണ്ട് പറയുമ്പോൾ ആ മാറിൽ മുഖം പൂഴ്ത്തിയിരുന്നവളുടെ കണ്ണീരിന്റെ നനവവൻ ഹൃദയത്തിൽ തൊട്ടറിയുന്നുണ്ടായിരുന്നു.
കാറ് ക്ഷേത്രമുറ്റത്ത് ചെന്ന് നിൽക്കുമ്പോഴും അവനിലേക്ക് ചാഞ്ഞിരിക്കുകയായിരുന്നു മേധ.
” ചെറിയച്ഛാ എന്തെങ്കിലും കുഴപ്പമുണ്ടോ ??? എന്താ ഇങ്ങനെ വിയർക്കുന്നത്….. ”
ഉച്ചയോടെ തറവാട്ടിലേക്ക് വന്ന് പിടിച്ചപിടിയാലേ തന്നെയും കൂട്ടി പോന്ന ശേഖരനിലെ പതർച്ചയും വെപ്രാളവും കണ്ട് പിന്നിലിരുന്ന് ഉമ ചോദിച്ചുവെങ്കിലും അയാളിൽ വ്യക്തമായൊരു മറുപടിയുണ്ടായിരുന്നില്ല. അതവളിലെ ആധിയേറ്റുകയും ചെയ്തുകൊണ്ടിരുന്നു.
” ഇതെന്താ ഹോസ്പിറ്റലിൽ….. ചെറിയച്ഛനിന്തെങ്കിലും വയ്യായ്കയുണ്ടോ ??? ”
ഹോസ്പിറ്റലിന്റെ പാർക്കിങ്ങിലേക്ക് ചെന്നുനിന്ന കാറിൽ നിന്നും ശേഖരന്റെ പിന്നാലെ പുറത്തേക്കിറങ്ങുമ്പോൾ ചോദിച്ചവളുടെ സ്വരമേതൊക്കെയൊ ഭയങ്ങളാൽ ചിലമ്പിച്ചിരുന്നു.
” മോള് വാ…. ”
മറുപടി നൽകാതെ അവളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ അയാളുടെ കയ്യിലെ വിറയൽ തന്നിലേക്കും പടരുന്നത് ഉമയറിഞ്ഞു. മുന്നോട്ട് നടക്കും തോറും അവളിലെ ഭയം മുറുകിക്കൊണ്ടിരുന്നു.
” ഡോക്ടറെ എന്റെ കുട്ടികൾ….. ”
തീവ്രപരിചരണവാർഡിന് മുന്നിലെത്തിയതും പുറത്തേക്ക് വന്ന ഡോക്ടറെ കണ്ട് അവളുടെ കൈവിട്ടയാളുടെ അരികിലേക്കോടിചെന്ന ശേഖരൻ ചോദിച്ചു.
ഒരുനിമിഷം ഉമയുടെ നട്ടെല്ലിലൂടെ ഒരു പെരുപ്പ് കടന്നുപോയി. നെറ്റിയിൽ വിയർപ്പുമണികളുരുണ്ടുകൂടി. ദേഹമൊന്നാകെ വിറയൽ പടരുന്നതറിഞ്ഞതും അടുത്തുള്ള ചുവരിലേക്കവൾ ചാഞ്ഞുനിന്നു.
” സോറി…. ദത്തൻ ഈസ് നോ മോർ. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മേധയുടെ നിലയും ഗുരുതരമാണ് പ്രാർത്ഥിച്ചോളൂ അവളെയെങ്കിലും നമുക്ക് തിരികെക്കിട്ടുവാൻ…. ”
ഡോക്ടറുടെ ആ വാക്കുകൾ ദൂരെയെതോ ഗുഹാമുഖത്ത് നിന്നെന്നപോലെ തന്റെ കർണപടങ്ങളെ തുളച്ചിറങ്ങുന്നത് ഉമയറിഞ്ഞു.
പിന്നാലെ തന്നെ ദേഹം തളർന്ന് ചുവരിലൂടൂർന്നൊരു സൈഡിലേക്ക് വീഴുമ്പോഴും അവളുടെ തുറിച്ച മിഴികളിൽ നീർമുത്തുകളുരുണ്ട് കൂടിയിരുന്നു. ഉമേയെന്ന വിളിയോടെ പാഞ്ഞുവന്ന ശേഖരനരികിലെത്തും മുന്നേ അവളുടെ മിഴികൾ അടഞ്ഞുപോയിരുന്നു.
” എന്റെ…. എന്റെ ദത്തൻ പോയി… ഇനി…. ഇനിയാർക്ക് വേണ്ടിയാ എന്റെയീ ജന്മം ???? ”
മണിക്കൂറുകൾക്ക് ശേഷം ബോധം വരുമ്പോൾ ഉമയുടെ അധരങ്ങൾ പുലമ്പിക്കൊണ്ടേയിരുന്നു.
” ഉമാ…. ഈ അവസരത്തിൽ താനും കൂടിയിങ്ങനെ തളർന്നാൽ മേധയുടെ അവസ്ഥയൊന്നോർത്ത് നോക്ക്. ബോധം വരുമ്പോൾ അവൾ തിരക്കും ദത്തനെ….. നമുക്കവളോട് പറയേണ്ടിയും വരും ദത്തനിനിയില്ലെന്ന സത്യം.
പക്ഷേ അവളതെങ്ങനെ ഉൾക്കൊള്ളുമെന്ന് പറയാൻ കഴിയില്ല. ഈ അവസരത്തിൽ അവളുടെ ശരീരവും മനസും ഒരല്പം പോലും നോവാൻ പാടില്ല. മേധ ഈസ് പ്രെഗ്നന്റ്….. ”
ഡോക്ടറുടെ അവസാനവാക്കുകൾ കേൾക്കെ അതുവരെ പറഞ്ഞതെല്ലാം ഒരു ചലനവുമില്ലാതെ കെട്ടിരിക്കുകയായിരുന്ന ഉമയിൽ നിന്നും ഒരേങ്ങലുയർന്നു. അവൾ പിടയുന്ന മിഴികളുയർത്തി അദ്ദേഹത്തേ നോക്കി.
” എ…. എന്താ ഡോക്ടർ….. എന്റെ… ”
വാക്കുകളെ പൂർണമാക്കാൻ പോലും ആ പെണ്ണ് നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം ഡോക്ടറാ വാചകം പൂർത്തീകരിച്ചു.
” അതേ ഉമാ…. അവസാനയാത്രക്ക് മുൻപ് തന്റെ ജീവനെയവൾക്ക് നൽകിയിട്ടാ തന്റനിയൻ പോയത്. മേധ…. മേധ ഗർഭിണിയാണ്. ”
ആ വാക്കുകൾ ഹൃദയത്തിലുണ്ടാക്കിയ വികാരമെന്തെന്ന് തേടുകയായിരുന്നു അപ്പോൾ ഉമ. ഇതുവരെ ഹൃദയത്തിൽ പേറി വളർത്തിയ കൂടപ്പിറപ്പിനിയില്ല പകരം അവന്റെ ജീവൻ മേധയിൽ തുടിക്കുന്നുവെന്ന സത്യത്തെ എങ്ങനെ സ്വീകരിക്കണമെന്നവൾക്കറിയുമായിരുന്നില്ല.
” മേധാ….. എന്ത് പറയുമെന്റീശ്വരാ ഞാനെന്റെ കുട്ടിയോട്….. ഇതൊക്കെ കാണാനും അനുഭവിക്കാനും വേണ്ടി പാപിയാണോ ഈ ഞാൻ….. ”
സ്വന്തം തലയിൽ മുഷ്ടി ചുരുട്ടിയിടിച്ച് സ്വയം വിലപിക്കുന്ന ആ പെണ്ണിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു അവിടെയുണ്ടായിരുന്ന ആർക്കുമപ്പോൾ.
മോർച്ചറിയിലേ ഘനീഭവിച്ച നിശബ്ദതയിൽ മരണത്തിന്റെ തണുപ്പ് പേറിക്കിടന്നവന്റെ ഹൃദയത്തിലേക്കോരോതവണ കോറിവരയുമ്പോഴും അതൊന്നുമറിയാതെ അവന്റെ ജീവനേയുമുള്ളിൽ പേറിയൊരുപെണ്ണ് ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.
മേധ…..ദത്തന്റെ പ്രാണൻ…
” ബോഡിയെടുക്കാറായി…. അവസാനമായി അതിനെയൊന്ന് കാണിക്കണ്ടെ ??? ”
ആരോ ചോദിച്ചപ്പോഴായിരുന്നു മരുന്നുകളുടെ മയക്കത്തിൽ അകത്തെ മുറിയിൽ കിടത്തിയിരുന്നവളെ ആരൊക്കെയൊ ചേർന്ന് ഉമ്മറത്തേക്ക് കൊണ്ടുവന്നത്.
വീടിനുള്ളിൽ തിങ്ങി നിറഞ്ഞ ആളുകളെയൊക്കെ മയക്കം വിട്ടുമാറാത്ത മിഴികൾ കൊണ്ട് അവൾ ഉഴറി നോക്കി. ആ വീടിനെയാകെ പൊതിഞ്ഞിരുന്ന ചന്ദനത്തിരിയുടെ മണമവളുടെ നാസിക തുളച്ചുകൊണ്ടേയിരുന്നു.
ഉമ്മറത്തേക്ക് കാലുകുത്തിയതും കണ്ടു മുന്നിലെ തണുത്ത തറയിൽ വെള്ളപുതപ്പിച്ച ഒരു രൂപം. ഒരുനിമിഷമവളുടെ കാലുകൾ ദുർബലമായി…. ശരീരം വിറപൂണ്ടു…. ഹൃദയം തീവ്രമായ വേഗത്തിൽ മിടിച്ചു.
” ദത്തേട്ടാ”
ആ തറവാടിനെയാകെയുലക്കുന്നൊരു നിലവിളിയോടെ പിന്നിൽ നിന്നിരുന്നവരെയൊക്കെ തട്ടിമാറ്റി ആ ശരീരത്തിനടുത്തേക്ക് പിടഞ്ഞുവീണുപോയി ആ പെണ്ണ്.
” ദ്….. ദത്തേട്ടാ……എന്താ…. എന്താ ഇതൊക്കെ ??? എണീക്ക് ….. എന്തിനാ…. എന്തിനാ വിളക്കൊക്കെ…. ”
അവന്റെ തലക്കൽ കരിന്തിരിയെരിഞ്ഞിരുന്ന നിലവിളക്ക് തട്ടിയെറിഞ്ഞ് ആ മുഖം കൈക്കുമ്പിളിലെടുത്തവളലറികരഞ്ഞു.
അപ്പോഴും കൈത്തണ്ടയിൽ ഉറപ്പിച്ചിരുന്ന സൂചിക്കിളക്കം തട്ടി അതിൽ നിന്നുമൂർന്നുവീണുകൊണ്ടിരുന്ന രക്തത്തുള്ളികളാൽ അവനെ പുതപ്പിച്ചിരുന്ന വെള്ളത്തുണിയിൽ ചുവപ്പ് രാശി പടർന്നുകൊണ്ടിരുന്നു
” ഞാൻ…. ഞാനപ്പോഴേ പറഞ്ഞതല്ലേ ദത്തേട്ടാ അങ്ങനെയൊന്നും പറയല്ലേന്ന് അതല്ലേ ഇങ്ങനൊക്കെ….. ന്നേ…. ന്നേ തനിച്ചാക്കി പോവാണോ ദത്തേട്ടാ…. പറ്റോ അതിന് ??? ഒന്ന് കണ്ണുതുറന്നെന്നെ നോക്ക് ദത്തേട്ടാ…. ദത്തേട്ടാ…. ”
ഇരുകൈകൊണ്ടും ആ തണുത്തുറഞ്ഞ ഹൃദയത്തിൽ ആഞ്ഞടിച്ചുകൊണ്ടവളലമുറയിട്ടുകൊണ്ടേയിരുന്നു. ചുറ്റും നിന്ന ആളുകളെയൊ ആരുടെയും വാക്കുകളെയോ അവൾ കാണുകയൊ അറിയുകയൊ ചെയ്തില്ല.
” എനിക്ക് തനിച്ചിവിടെ പറ്റില്ല…..എന്നേം കൂടൊന്ന് കൊന്നുതാ…. ”
അവനിലേക്ക് തന്നെ കുഴഞ്ഞുവീണ് ബോധം മറഞ്ഞുപോകുമ്പോഴും അവനിനിയൊരിക്കലുമില്ലെന്ന തിരിച്ചറിവിന് മുന്നിൽ തകർന്നടിഞ്ഞുകഴിഞ്ഞിരുന്ന ആ പെണ്ണിന്റെ അധരങ്ങൾ മൊഴിഞ്ഞു.
ഒരുപക്ഷേ ആ നിമിഷങ്ങളിലൊക്കെയും അവളെയൊന്ന് ചേർത്തുപിടിക്കാൻ കഴിയാതെ ആശ്വസിപ്പിക്കാനായാ നെറുകയിലൊന്ന് ചുമ്പിക്കാൻ കഴിയാതെ അവന്റെയാത്മാവും പിടഞ്ഞിരിക്കാം.
തന്റെ പ്രാണനെ തനിച്ചാക്കാൻ മടിച്ച് ഒരിക്കൽ കൂടിയൊരു തിരിച്ചുവരവ് മോഹിച്ചിരിക്കാം.
അവളൊരിക്കലെങ്കിലും കേട്ടെങ്കിലോയെന്ന് മോഹിച്ച് ഒരായിരംവട്ടം ആ പെണ്ണിന്റെ പേരുച്ചത്തിൽ വിളിച്ചിട്ടുമുണ്ടാകാം….
” ആക്സിഡന്റായിരുന്നു…. എതിരെവന്ന വണ്ടിയിലിടിക്കാതിരിക്കാൻ വെട്ടിമാറിയതാ. പക്ഷേ….. അതല്ല കഷ്ടം ആ പെൺകൊച്ചിനിപ്പോ വയറ്റിലുമുണ്ട്. ഈ ചെറുപ്രായത്തിൽ അതിന്റെ വിധിയിതായിപ്പോയല്ലോ…. ”
തെക്കേപ്പുറത്തൊരുക്കിയ ചിതയിൽ അവനെ അഗ്നി വിഴുങ്ങിത്തുടങ്ങിയിട്ടും അതൊന്നുമറിയാതെ ബോധമറ്റ് കിടന്നിരുന്ന ആ പെണ്ണിനെ നോക്കിനിന്നാരോ അടക്കം പറഞ്ഞു.
ദിവസങ്ങളും ആഴ്ചകളുമധിവേഗമോടിമറഞ്ഞു. ദേവദത്തന്റെ ചോരയേയും പേറി മേധ ജീവിക്കാൻ തുടങ്ങിയിട്ട് ഒൻപത് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.
അവളൊന്ന് കരയാറുപോലുമില്ലിപ്പോൾ. ഇടയ്ക്ക് വല്ലപ്പോഴും വീർത്തുന്തിയ വയറിൽ മെല്ലെയൊന്ന് തലോടും.
പിന്നെ ചിലപ്പോൾ ചുവരിൽ മാലയിട്ട് തൂക്കിയ ദത്തന്റെ ചിത്രത്തിലേക്ക് വെറുതെ മിഴിനട്ടിരിക്കും. ഒടുവിൽ ഒരിറ്റ് മിഴിനീർ മാറിലേക്കിറ്റുവീഴുമ്പോൾ അതുമവസാനിപ്പിക്കും. അവൾക്ക് ഗർഭിണികളുടേതായ മോഹങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഗർഭകാലസുശ്രുഷകളും നിഷേധിച്ചിരുന്നു. അവളുടെയാ പോക്ക് ഉമയെ ഏറെ തളർത്തിയിരുന്നു. പക്ഷേ അവൾക്ക് വേണ്ടിയാണെങ്കിൽ പോലും ആ പെണ്ണിന് മുന്നിലൊന്ന് ഒച്ചയുയർത്താൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല.
” ഉമേച്ചി എനിക്ക് നെയ്യൊഴിച്ചിത്തിരി ചോറ് തരുമോ ??? ”
രാവിലെ പതിവില്ലാതെയുള്ള അവളുടെ ചോദ്യം കേട്ട് അടുക്കളത്തിണ്ണയിൽ ചടഞ്ഞിരിക്കുകയായിരുന്ന ഉമ പിടഞ്ഞെണീറ്റു.
” എ….. എന്താ…. ”
താൻ കേട്ടത് തന്നെയാണോ അവൾ പറഞ്ഞതെന്നറിയാനായി ഉമ വീണ്ടും ചോദിച്ചു.
” എനിക്കൊരിത്തിരി നെയ്യൊഴിച്ച് ചോറുണ്ണാനൊരു കൊതി തോന്നുന്നു ഉമേച്ചി…. ”
നാളുകൾക്ക് ശേഷമവളിൽ വിരിഞ്ഞ പുഞ്ചിരിയിലേക്കൊരമ്പരപ്പോടെ നോക്കി ഉമയൽപനേരം വെറുതെയങ്ങനെ നിന്നു. അതുപോലെയൊരു ശോഭയപ്പോൾ മേധയിൽ നിറഞ്ഞിരുന്നു.
നിർബന്ധിച്ചാൽ പോലും നേരത്തെ കുളിക്കാൻ കൂട്ടാക്കാത്തവൾ കുളിച്ച് മുടി പിന്നിൽ വിടർത്തിയിട്ടിരുന്നു. നെറ്റിയിൽ ഭസ്മക്കുറിയിട്ടിരുന്നു. മിഴികളിൽ വല്ലാത്തൊരു തിളക്കം…. വലതുകരം കരുതലോടെ ഉദരത്തെ വലയം ചെയ്തിരുന്നു.
” എന്താ ഉമേച്ചിയീ നോക്കി നിക്കുന്നേ എനിക്ക് വിശക്കുന്നു…. ”
പുഞ്ചിരിയോടെയുള്ള അവളുടെ ചോദ്യമാണ് ഉമയെ ഉണർത്തിയത്. അവളുടെ കവിളിൽ പതിയെ ഒന്ന് തലോടി അവളേന്തിവലിഞ്ഞ് അടുക്കളയിലേക്ക് കയറി.
വേഗം തന്നെ ഊണ് റെഡിയാക്കി. ചൂട് ചോറിന് മുകളിലേക്ക് പരിപ്പും നടുവിലേക്ക് അല്പം നെയ്യും തൂകികൊടുത്തു. ആസ്വദിച്ച് കഴിക്കുന്നവളെ നോക്കിയിരിക്കുമ്പോൾ എന്തോ മിഴികൾ ഈറനണിഞ്ഞു.
” എനിക്കൊന്ന് കിടക്കണം ഉമേച്ചി…. ”
പറഞ്ഞിട്ട് മുറിയിലേക്ക് പോയിക്കിടന്നവളെ വൈകുന്നേരമായിട്ടും കാണാതെ വന്നപ്പോഴായിരുന്നു ഉമയകത്തേക്ക് ചെന്നത്.
” മോളെ…. ഇങ്ങനെ ഒരുപാട് നേരമുറങ്ങരുത് എണീക്ക്….. ”
കിടക്കയിൽ ചെരിഞ്ഞുകിടന്ന് ശാന്തമായുറങ്ങുന്നവളുടെ പാദങ്ങളിൽ പതിയെ തലോടിക്കൊണ്ട് ഉമ പറഞെങ്കിലും മേധയിൽ ചലനമേതുമുണ്ടായിരുന്നില്ല.
” മോളെ… മേധാ…. മോളെ…. ”
വിളിച്ചിട്ടും അനക്കമൊന്നുമില്ലാതെ കിടന്നവളെ വീണ്ടും തട്ടി വിളിക്കുമ്പോൾ ഉമയിൽ ഭയമാളിത്തുടങ്ങിയിരുന്നു. സ്വാധീനമില്ലാത്ത വലംകാൽ വലിച്ചുവച്ച് പുറത്തേക്കൊടുമ്പോൾ ആദ്യമായി തന്നേയിങ്ങനെയൊരവസ്തയിലാക്കിയതിൽ ഈശ്വരനെപ്പോലും ശപിച്ചുപോയിരുന്നു അവൾ.
” ആൺകുട്ടിയാണ്…. മേധ…. ഇവിടെക്കൊണ്ടുവരുന്നതിന് മുൻപ് തന്നെ നമ്മളെവിട്ട് പോയിരുന്നു. സൈലന്റ് അറ്റാക്ക് ആയിരുന്നു…. ”
ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ കണ്ണീരോടെ നിന്നിരുന്ന ഉമയുടെ കയ്യിലേക്ക് ആ ചോരക്കുഞ്ഞിനെ വച്ചുകൊടുത്തുകൊണ്ട് ഡോക്ടർ മെല്ലെ പറഞ്ഞു. പക്ഷേ ആ കുഞ്ഞ് ജീവന്റെ മുഖത്തേക്ക് നോക്കി ഒന്ന് കരയാൻ പോലും മറന്ന് നിൽക്കുകയായിരുന്നു അവളപ്പോൾ.
വിറയ്ക്കുന്ന കൈകളോടെ ആ കുരുന്നിനെയൊന്നുകൂടി മാറോടമർത്തിപ്പിടിച്ച് വിറയാർന്ന അധരങ്ങൾക്കൊണ്ട് ആ നെറ്റിയിൽ പതിയെ ചുംബിക്കുമ്പോൾ അവളുടെ മിഴികൾ വീണ്ടും പെയ്തുതുടങ്ങിയിരുന്നു.
ദേവദത്തന്റെ കുഴിമാടത്തിനരികിൽ തന്നെ അവന്റെ പ്രാണനായവളും എരിഞ്ഞടങ്ങുമ്പോൾ ഉമയുടെ മാറിൽ പരതിയലറിക്കരയുകയായിരുന്നു അവരിരുവരുടെയും പ്രണയത്തിൽ മൊട്ടിട്ട ആ കുരുന്ന്.
അപ്പോഴും തന്റേടത്തോടെ ആ കുരുന്നിനെ മാറോടടുക്കിപിടിച്ചിരുന്നു ഉമ. വർഷങ്ങൾക്ക് മുൻപ് അവന്റെയച്ചനെ ചേർത്തുപിടിച്ചിരുന്ന അതേ നെഞ്ചുറപ്പോടെ…..
മേധയ്ക്ക് ഇങ്ങനെയൊരവസാനം നൽകാനെ എനിക്ക് കഴിയൂ…. മരണത്തിലായാലും ജീവിതത്തിലായാലും അവൾ ദത്തനോട് ചേരുക തന്നെ ചെയ്യട്ടെ….
ഒരിക്കൽ ദത്തനായി ഉഴിഞ്ഞുവച്ച ഉമയുടെ ജീവിതം ഇനിയുമെരിയും….. അവന്റെ ചോരയിൽ പിറന്ന അവന്റെ മകന് വെളിച്ചമാകുവാൻ. അമ്മയും അച്ഛനുമാകുവാൻ.