രാത്രികളിലും അവൻ ഇവിടേയും അഭിരാമി എന്ന ആമി അവന്റെ വീട്ടിലും കിടക്കാറുണ്ട്…

വികാരം

രചന: Kannan Saju

 

സമയം രാത്രി പതിനൊന്നു അമ്പതു കഴിഞ്ഞു….

ആമി ഫോണിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു…

 

അപ്പയും അമ്മയും ഗിഫ്റ്റ് ചെയ്ത ഡ്രെസ്സും വാച്ചും എല്ലാം ബെഡിൽ തന്നെ ഉണ്ട്… പക്ഷെ അതൊന്നും അവളെ തെല്ലും അലട്ടിയിരുന്നില്ല…

 

റുക്‌സാനയുടെ കോൾ വന്നു…. ആദ്യത്തെ പതിനഞ്ചു പേരുടെ കോളും കട്ട് ചെയ്ത പോലെ അവൾ റുക്‌സാനയുടെ കോളും കട്ട് ചെയ്തു….

 

എന്താ ആമി ഇത് ???? പിറന്നാൾ ആശംസകൾ അറിയിക്കാൻ വിളിക്കുന്നവരുടെ കോളുകൾ എടുക്കാതെ ഇരിക്കുന്നത് മോശല്ലേ??? അതും രാത്രി പന്ത്രണ്ടാവാറാവുമ്പോൾ ?? ആമിയുടെ മനസ്സ് അവളോട് ചോദിച്ചു…..

 

ഒരിക്കലും അല്ല… എന്റെ ആദി വേണം എന്നെ ആദ്യം വിഷ് ചെയ്യാൻ…. ആമി മനസ്സിന് മറുപടി കൊടുത്തു

 

ആദി… ആമിയുടെ ആദി… ആദിൽ മുഹമ്മദ്… പത്താം ക്ലാസ്സിൽ തുടങ്ങിയ സൗഹൃദം… പ്ലസ്‌ടു ബി ടെക്, എം ടെക് അങ്ങനെ എല്ലാം ഒരുമിച്ചു…. എന്തിനു പല രാത്രികളിലും അവൻ ഇവിടേയും അഭിരാമി എന്ന ആമി അവന്റെ വീട്ടിലും കിടക്കാറുണ്ട്…. പരീക്ഷകളുടെ സമയത്തു അതൊരു സാധാരണ കാര്യം മാത്രമായി മാറും….

 

സമയം 11:58 അവൾക്കു ടെൻഷൻ കൂടി തുടങ്ങി… കട്ടലിൽ നിന്നും ഇറങ്ങി ബാൽക്കണിയിലേക്കു നടന്നു… ബാൽക്കണിക്ക് മുന്നിൽ നീണ്ടു കിടക്കുന്ന റോഡ്… എല്ലാ പോസ്റ്റുകളിലും ബൾബുകൾ തെളിഞ്ഞു കിടക്കുന്നുണ്ട്…

 

ഇനി അവൻ നേരിട്ട് വരുവോ എന്ന ചോദ്യത്തിനുള്ള പ്രസക്തിയും വിജനമായി നീണ്ടു കിടക്കുന്ന ആ പാത തട്ടിയെറിഞ്ഞു….

 

ഷോട്സും ബനിയനും ഇട്ടു അഴിച്ചിട്ടിരിക്കുന്ന മുടിയുമായി അവൾ വിദൂരതയിലേക്ക് നോക്കി നിന്നു…

 

ശക്തമായി വീശിക്കൊണ്ടിരുന്ന കാറ്റിൽ അവളുടെ മുടി പറന്നുകൊണ്ടിരുന്നു….

 

ഇനി അവൻ വിളിക്കാതെ ഇരിക്കുവോ ???

 

മനസ്സിന്റെ ആ ചോദ്യം ആമിയെ വല്ലാതെ കുഴപ്പിച്ച നിക്കവേ കട്ടിലിൽ കിടന്ന ഫോൺ ബെല്ലടിച്ചു

 

ഞെട്ടലോടെ തിരിഞ്ഞ ആമി സ്പീഡിൽ അകത്തേക്കോടി… ബാൽക്കണിയിൽ നിന്നും അകത്തേക്കുള്ള വാതിൽ പടിയിൽ തട്ടി തലയിടിച്ചു നിലത്തു വീണു… എങ്കിലും ഒന്ന് തിരുമുക പോലും ചെയ്യാതെ വീണ്ടും എണീറ്റു ഓടി വന്ന് കട്ടിലിൽ നിന്നും ഫോൺ എടുത്തു നോക്കി….

 

നിരാശയോടെ ആമി ഫോൺ താഴേക്കിട്ടു… ആദിയെ പ്രതീക്ഷിച്ച ആമിക്കു വന്നത് സ്ഥിരം പ്രേമാഭ്യർത്ഥനയുമായി പിന്നാലെ വരാറുള്ള അരുണിന്റെ ഫോൺ ആയിരുന്നു…

 

അവൾ കട്ടിലിൽ ഇരുന്നു… ക്ലോക്കിലേക്കു നോക്കി… സമയം പന്ത്രണ്ടു കഴിഞ്ഞു….. അവളുടെ ഉള്ള് പിടക്കാൻ തുടങ്ങി… എന്തെന്നില്ലാത്ത ഒരു വിങ്ങൽ അവളെ വേട്ടയാടി….

 

ആമി ഫോൺ കയ്യിലെടുത്തു… ആദിയെ ഡയൽ ചെയ്തു, ഉടനെ കട്ട് ചെയ്തു… അതങ്ങനെ പല തവണ ആവർത്തിച്ചു… ഒടുവിൽ സമയം രണ്ടു മണിയായി…. ഇനി ആദി വിളിക്കില്ലെന്നു ഉറപ്പായതോടെ ആമി അവനെ അങ്ങോടു വിളിക്കണം എന്നുറപ്പിച്ചു..

 

ഇത്തവണ ഡയൽ ചെയ്തു കഴിഞ്ഞു കട്ട് ചെയ്തില്ല… പക്ഷെ റിങ്ങിനു പകരം നമ്പർ ബിസി പറയാൻ തുടങ്ങി…. അങ്ങനെ രണ്ടു മണി മുതൽ നാലര വരെ ആമി തുടർച്ചയായി വിളിച്ചു കൊണ്ടിരുന്നു.. പ്രയോജനം ഒന്നും ഉണ്ടായില്ല.. നമ്പർ ബിസി തന്നെ !

 

അവളുടെ കണ്ണുകൾ നിറഞ്ഞു… ഏങ്ങലടിച്ചു കരഞ്ഞു… ഈ ലോകത്തു അവൾ ഒറ്റപ്പെട്ടു പോയ പോലെ ആമിക്കു തോന്നി…

 

ഒന്നായി കിടക്കുന്ന ബൾബിലേക്കും നോക്കി ഒരു ഭ്രാന്തിയെ പോലെ അവൾ ഇരുന്നു.

 

ഫോൺ റിങ് ചെയ്തു…

 

ആമി ഫോണിലേക്കു നോക്കി

 

അതെ ആദി വിളിക്കുന്നുണ്ട്… അവൾ എടുത്തില്ല… ഒന്നായി രണ്ടായി അങ്ങനെ ഇരുപതായി… അവൾ ഫോൺ എടുത്തു

 

ആദി : നിനക്കെന്താടി പ്രാന്താണോ ??? ഒന്നോ രണ്ടോ തവണ വിളിക്കുമ്പോ അറിയില്ലേ ബിസിയാണെന്നു ??? കഴിയുമ്പോ അങ്ങോടു തിരിച്ചു വിളിക്കില്ലേ????

 

അവൻ കിടന്നലറി…. ആമി ഒന്നും മിണ്ടിയില്ല….

 

ആദി : എന്നിട്ടു തിരിച്ചു വിളിച്ചാ ഫോൺ എടുക്കുവോ???? അതും ഇല്ലാ…. മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ടു……

 

ആമി : സോറി ആദി… ഇനിയൊരിക്കലും ഞാൻ വിളിക്കില്ല… പക്ഷെ ഞാൻ ചത്താ എന്റെ ശവം കാണാൻ പോലും നീ വന്നേക്കരുത്

 

അവൾ വിങ്ങി പൊട്ടിക്കൊണ്ടു ഫോൺ കട്ട് ചെയ്തു…

 

ആദി : ഹലോ ആമി… ഹലോ…

 

അവളുടെ ഫോൺ കട്ടായതും ആമിയുടെ അച്ഛന്റെയും അമ്മയുടെയും കോൾ വന്നു

 

ആദി : ഹലോ അങ്കിൾ

 

അച്ഛൻ : ആ… ആദിലെ നിങ്ങളിതെവിടാ?? അവളുടെ ബിർത്ഡേ ആയിട്ട് കറങ്ങി നടക്കുവാ… അവളെ വിളിച്ചിട്ടു എന്താ ഫോൺ എടുക്കാത്തെ ??? മോനേം ഒന്ന് രണ്ടു തവണ വിളിച്ചു, പക്ഷെ നമ്പർ ബിസി ആയിരുന്നു …..

 

ആദിൽ : ഇല്ല ഞങ്ങൾ പുറത്തൊന്നും പോയില്ല.. ഫോണിൽ സംസാരിക്കുവായിരുന്നു അങ്കിൾ…

 

അച്ഛൻ : പക്ഷെ അവളുടെ ഫോൺ റിംഗ് ചെയ്തല്ലോ

 

ആദിൽ : അത്.. അവള് ലാൻഡ് ലൈനിന്ന അങ്കിൾ വിളിച്ചേ.. ഈ പിറന്നാളായൊണ്ട് പിള്ളേരൊക്കെ വിളിക്കുവേ …. അതാ….

 

അച്ഛൻ : ഉം…എന്ന ശരി നടക്കട്ടെ..പിന്നെ ആ ഷെറീനയോടു പറഞ്ഞു അവൾക്കു പുത്തൻ ഡ്രെസ്സും വാങ്ങി കൊടുത്തിട്ടുണ്ട്.. നാളെ നിങ്ങൾ എവിടേലും പോവ്വാന്നേൽ അതിടാൻ പറ അവളോട്.. എന്നിട്ടു മോൻ എനിക്കൊരു ഫോട്ടോയും എടുത്തയക്കണേ… അവളോട് പറഞ്ഞാൽ ചെയ്യില്ല …

 

ആദി : ചെയ്യാം അങ്കിൾ

 

ആമിയുടെ വീട്.

സമയം 5.45 am

 

താഴെ ബൈക്ക് വന്നു നിക്കുന്ന ശബ്ദം കേട്ട് ഓടി വന്നു ബാൽക്കണിയിലെ ഡോർ അടക്കാൻ ശ്രമിക്കുന്ന ആമി അപ്പോളേക്കും ഡോർ തള്ളി തുറന്നു ആദി അകത്തു കയറി.

 

കിതച്ചുകൊണ്ട്

 

ആദി : ആമി ഞാൻ

 

പറഞ്ഞു തീർക്കാൻ അനുവദിക്കാതെ

 

ആമി : എനിക്കൊന്നും കേക്കണ്ട ആദി…. മതിയായി

 

ആദി : മോളെ ഞാൻ.. ആദ്യായിട്ടല്ലേ… പറ്റിപ്പോയി പ്ലീസ് ഒന്നു ക്ഷമിക്ക്

 

നിറ കണ്ണുകളോടെ അവനെ നോക്കിക്കൊണ്ടു

 

ആമി : ഞാനാണോ ??? ഞാൻ പറഞ്ഞിട്ടാണോ ആദി ആവശ്യില്ലാത്ത ശീലങ്ങൾ ഒക്കെ നീ എന്നെ പഠിപ്പിച്ചത് ????

 

ആദി : എന്റെ തെറ്റാണു… മനസ്സിലായി… ഞാൻ.. കുറച്ചു തിരക്കായി പോയി മോളെ

 

ആമി : എന്ത് തിരക്ക് ???? എന്ത് തിരക്കാന്നു ??? ഏഹ് ??? കഴിഞ്ഞേന്റെ മുന്നത്തെ പിറന്നാൾ നീ ഓർക്കണ്ടോ ??? ഉമ്മച്ചി ആശുപത്രി കിടക്കുമ്പോ അവിടുന്ന് നീ രാത്രി ചാടി വന്നിട്ടുണ്ട് എന്നെ വിഷ് ചെയ്യാൻ…. വേണ്ട വരണ്ട… ഒരു കാൾ ചെയ്യാൻ…. നിനക്ക് വേണ്ടി എത്ര പേരുടെ കോളാ ഞാൻ എടുക്കാതെ ഇരുന്നെന്നു അറിയാമോ ???

 

ആദി അരിശത്തിൽ

 

ആദി : ശേ… ഇത് വല്യ ശല്യമായല്ലോ… പറഞ്ഞാലും മനസ്സിലാവില്ല

 

അവന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചുകൊണ്ടു

 

ആമി : നിനക്കിപ്പോ ഞാൻ ശല്യം അല്ലെ ??? ഞാൻ ശല്യം…. തൊലി വെളുപ്പുള്ള ഒരുത്തി വന്നു ഇഷ്ടാന്നു പറഞ്ഞപ്പോ നിന്റെ ബെസ്ററ് ഫ്രണ്ട് നിനക്ക് ശല്യം അല്ലെ….

 

അവൾ ഷിർട്ടിൽ നിന്നും പിടി വിട്ടു കരയാൻ തുടങ്ങി….

 

ആമി : എന്റെ അച്ഛനേം അമ്മെക്കാളും ഏറെ നിന്നെ ഞാൻ സ്നേഹിച്ചു… എന്നിട്ടിപ്പോ..

 

ആദി : ചുമ്മാ ഓവർ ആക്കല്ലേ ആമി….ഇത്രക്കും സീൻ ആക്കണ്ട കാര്യോന്നുല്ല.. പിന്നെ വെറുതെ അവളുടെ പേരിതിലേക്ക് മേലാൽ വലിച്ചിഴക്കരുത് പറഞ്ഞേക്കാം….

 

ആമി കരച്ചിൽ നിർത്തി…. അവൾ ചുവന്ന കണ്ണുകളോടെ ആദിയെ നോക്കി

 

ആമി : അപ്പൊ ഇന്നലെ വന്നു കയറിയ അവളെ പറഞ്ഞാൽ നിനക്ക് കൊള്ളും അല്ലെ ???

 

ആദി : ഹും.. ഇത് അവള് പറഞ്ഞത് തന്നെയാ ശരി.. നിനക്ക് നിനക്കസൂയയാ…. നിനക്കെന്നോടുള്ളത് ഫ്രണ്ട്ഷിപ്പൊന്നും അല്ല പ്രേമാ.. അതാ നീ ഇങ്ങനെ കിടന്നു കാണിക്കുന്നേ

 

ആമിക്കു ആ വാക്കുകൾ താങ്ങാവുന്നതിലും ഏറെ ആയിരുന്നു

 

ആമി : ഉം.. പ്രേമം… അവൾ മെല്ലെ ചിരിച്ചു…. ഈ മുറിയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നമ്മൾ എത്ര തവണ ഒരുമിച്ചു കിടന്നിട്ടുണ്ട് ആദി… എത്ര തവണ എനിക്ക് നിന്നോട് പ്രേമം ഉള്ളതായിട്ടു നിനക്ക് തോന്നി ??? പറ ആദി

 

ആദി : ഞാനും നിന്നെ തൊട്ടിട്ടില്ലല്ലോ… ഇതിപ്പോ… ആമി ഉള്ളത് പറയാം, ഇനി അങ്ങോട്ട് ഇങ്ങനെ ഒക്കെ ഉണ്ടായെന്നിരിക്കും..ഞാൻ പഴയപോലെ സിംഗിൾ അല്ല… എനിക്ക് അവളുടെ സമയവും സൗകര്യവും താല്പര്യങ്ങളും ഒക്കെ കൂടി നോക്കണം.. അത് ഞാൻ പറയാതെ നീ മനസ്സിലാക്കണമായിരുന്നു….

 

ആമി : ആദി…എന്റെ ഒരു ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും നിന്നിൽ നിന്നുമായിരുന്നു ആദി…. അത് മാറി വരാൻ കുറച്ചു സമയം എടുക്കും ആദി…ഞാൻ ദേഷ്യപ്പെടുമ്പോ നിനക്കെന്നെ പഴയപോലെ ഒന്ന് ആശ്വസിപ്പിക്കാൻ വയ്യേ ആദി..

 

ആടി : ഇനി പഴയപോലുള്ള കെട്ടിപ്പിടിച്ചുള്ള ആശ്വസിപ്പിക്കലൊന്നും പറ്റില്ല ആമി…അതൊന്നും അവൾക്കിഷ്ടല്ല…

 

ആമി : നീ പൊയ്ക്കോ….

 

ആദി ഒന്നും മിണ്ടാതെ നിന്നു

 

ആമി : പൊയ്‌ക്കോടാ….

 

ആദി : എനിക്ക് നിന്നെ പേടിയാണ് ആമി… നീ വെല്ലോ അബദ്ധവും കാണിച്ചാൽ ഞാൻ പെടും.. ഞാൻ നിന്നെ ചതിച്ചതിന്റെ വിഷമത്തിൽ നീ അങ്ങനെ ചെയ്തെന്നെ എല്ലാവരും കരുതു… നമ്മൾ തമ്മിൽ ഒരു ഫിസിക്കൽ റിലേഷൻഷിപ്പും ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ ഈ ലോകത്തു ഒരാളും വിശ്വസിക്കില്ല.. എന്തിനു അങ്കിളും ആന്റിയും പോലും…

 

അവൾ ഒരു ജീവച്ഛവം പോലെ നിന്നു

 

ആമി : ഫ്രണ്ട്ഷിപ് എന്നത് എനിക്ക് എല്ലാ ബന്ധങ്ങളെക്കാളും മേലെ ആയിരുന്നു.. ആയിരുന്നു എന്നല്ല ആണ്… ഞാൻ സ്നേഹിക്കുന്നവർ ഞാൻ കാരണം ഒരിക്കലും വിഷമിക്കില്ല… നിനക്കു ധൈര്യമായി പോവാം….

 

ആദി ഒന്നും മിണ്ടാതെ ഇറങ്ങി

 

2060 വർഷത്തിലെ ഒരു സായാഹ്നം.

നഗരത്തിലെ ഒരു വൃദ്ധസദനം.

 

എന്നിട്ട് ????

 

അഭിരാമി (ആമി) അമ്മയുടെ കഥകൾ കേട്ടുകൊണ്ട് ഇരുന്ന വൃദ്ധസദനത്തിലെ ജോലിക്കാരൻ ആയിരുന്ന ബെഞ്ചമിൻ റോബോർട് ചോദിച്ചു.

 

വീൽ ചെയറിൽ ഇരുന്നു കൊണ്ട്

 

ആമി : അന്നാണ് അവസാനമായി ഞാൻ അവനെ കണ്ടത്.. പിന്നെ ആ ലോകം ഞാൻ വെറുത്തു തുടങ്ങി… അവന്റെ ഓർമ്മകൾ നിറഞ്ഞ ലോകത്തു നിന്നും ഞാൻ ഒളിച്ചോടുക ആയിരുന്നു

 

ബെഞ്ചമിൻ റോബോർട്ട് : ഓഹോ… അപ്പൊ അമ്മയുടെ അവസാന ആഗ്രഹം എന്ന കോളത്തിൽ ആദിൽ മുഹമ്മദിനെ കാണണം എഴുതട്ടെ…

 

ആമി : ഉം.. എന്റെ മക്കൾ എവിടെ ?? പോവുന്നെന് മുന്നേ അവരേന്റെടുത്തു വരുവായിരിക്കും അല്ലേ ??

 

ബെഞ്ചമിൻ റോബോർട്ട് : അവർ തീർച്ചയായും വരും.. ഇപ്പോൾ അവർ ബോസ്സിനോട് സംസാരിക്കുകയാണ്.

 

ഓഫീസ്.

 

മാനേജർ : സർ നിങ്ങളിനി ഇവരെ കാണാൻ തിരിച്ചു വരുവോ???

 

മകൻ : അതെന്താ അങ്ങനെ ചോദിച്ചേ ???

 

മാനേജർ : അല്ല ഇതിനു മാത്രമായിട്ട്‌ വരണം എന്നില്ല.. ഒരു അഞ്ചു കോടി കൂടി കെട്ടിവെക്കുവാണെങ്കിൽ ദാ ഇതുപോലെ ഞങ്ങൾ ആർഭാടമായി ചടങ്ങു നടത്തി തരും. നിങ്ങക്കതു ലൈവ് ആയി കാണുകയും ചെയ്യാം

 

മാനേജർ വായുവിൽ വിരലുകൊണ്ട് വായുവിൽ വരച്ചു. ഒരു സ്ക്രീൻ തെളിഞ്ഞു വന്നു. അതിൽ രണ്ടു വര കൂടി വരച്ചപ്പോ മുന്നേ നടന്ന ഒരു മരണാന്തര ചടങ്ങു പ്ലേ ആയി.

 

രണ്ടാമത്തെ മകൻ : ഇത് കൊള്ളാലോ…. ഈ പ്ലാൻ എടുക്കുവാ സർ നല്ലതു… അല്ലാതെ അപ്രതീക്ഷിതമായി മരിച്ചാൽ ഇരുപതു കോടി മുടക്കു വരും…

 

രണ്ടു മകൻമാരും പെങ്ങളെ നോക്കി

 

പെങ്ങൾ : അല്ല അത് കുഴപ്പില്ല.. നല്ല സ്കീമ.. അപ്പൊ ഒരു ഹെല്പ് കൂടി ചെയ്യാൻ പറ്റുവോ ???

 

മാനേജർ : എന്താണ് മാഡം പറഞ്ഞോളൂ

 

പെങ്ങൾ : ഈ ചിതാ ഭസ്മം പാഴ്‌സൽ അയച്ചു തരാൻ പറ്റുമോ ???

 

മാനേജർ : അയ്യോ എന്തിനാണ് മാഡം പാഴ്‌ചിലവൊക്കെ… ഈ ചിതാ ഭസ്മം സബ്സ്റ്റിട്യൂട്ടിനെ വെച്ച് വ്രതം എടുപ്പിച്ചു ആചാര അനുഷ്ടാനങ്ങളോടെ ഞങ്ങൾ തന്നെ ഗംഗയിൽ ഒഴുക്കുന്നതാണ്… അതും ലൈവായി കാണാം.. ഒരു മുപ്പതു കോടി കൂടി കൂടുതൽ ആവും എന്നെ ഉള്ളു..

 

മക്കൾക്ക് സന്തോഷമായി അവർ യാത്ര പറഞ്ഞു ഇറങ്ങി…..

 

അവർ കണ്വെട്ടത്തു നിന്നും മറയും വരെ അഭിരാമിയമ്മ അവരെ നോക്കി ഇരുന്നു..

 

അഭിരാമിയമ്മ ചായക്ക്‌ പഴം വേണോ സ്നാക്ക്സ് വേണോ ??? ബെഞ്ചമിൻ പിന്നിൽ വന്നു ചോദിച്ചു

 

ഒന്നും വേണ്ട മോനെ….

 

ഒന്നും കഴിക്കാതെ ഇരിക്കാൻ പറ്റില്ല.. ഞാൻ ഒരു പഴവും ചായയും കൊണ്ടുവരാം….

 

അവൻ അടുക്കളയിലേക്കു പോയി

 

കുറച്ചു മാറി തൂണിനു അരികിൽ ഇരുന്നു കരയുന്ന വൃദ്ധനെ അഭിരാമി ശ്രദ്ധിച്ചു.. തന്റെ കൈ ആ ദിശയിലേക്കു വീശിയതും വീൽ ചെയർ അങ്ങോട്ട് നീങ്ങി തുടങ്ങി

 

അയ്യാളുടെ അടുത്തെത്തിയ

 

അഭിരാമി : എന്തിനാ കരയണേ ???

 

അയ്യാൾ തല ഉയർത്തി അഭിരാമിയെ നോക്കി.. പക്ഷെ ഒന്നും മിണ്ടിയില്ല

 

പഴവും ചായയും ആയി വന്ന

 

ബെഞ്ചമിൻ : ഓ.. ഓ അയ്യാൾ മറ്റാരോടും സംസാരിക്കില്ല

 

അഭിരാമി : അതെന്തേ ???

 

ബെഞ്ചമിൻ : ഇയ്യാൾ ഇവിടെ വന്നിട്ട് പത്തു വർഷമേ ആയുള്ളൂ… അതിനു മുപ്പതു വര്ഷം മുൻപ് ഇയ്യാളുടെ കാമുകി ഇയ്യാളെ ചതിച്ചു… കാമുകിക്ക് വേണ്ടി ഇയ്യാൾ ഒരുപാടു ത്യാഗം ചെയ്തിരുന്നുവത്രെ… അതിൽ നിന്നും ഉണ്ടായ നിരാശ ഒടുവിൽ ഭ്രാന്തായി മാറി… എന്ത് ചോദിച്ചാലും ഞാൻ ഒരാളുടെ പേര് ഓർത്തെടുക്കാൻ ശ്രമിക്കുവാണെന്നു പറയും.. ഒടുവിൽ എത്ര ശ്രമിച്ചിട്ടും കിട്ടാതെ വരുമ്പോ ഇരുന്നു കരയും….

 

ബെഞ്ചമിൻ ചായയും പഴവും അവിടെ വെച്ച് മടങ്ങി

 

അയാളോട് സഹതാപം തോന്നിയ അഭിരാമി അയ്യാളുടെ തലയിൽ തലോടി… അയ്യാൾ മെല്ലെ മുഖം ഉയർത്തി അഭിരാമിയെ നോക്കി

 

അഭിരാമി : നീ ഓർക്കാൻ ശ്രമിക്കുന്നു.. ഞാൻ മറക്കാൻ ശ്രമിക്കുന്നു… രണ്ടു പേരും ഒരർത്ഥത്തിൽ തുല്യരാടാ… ഈ ലോകത്തു പ്രണയിക്കുന്നവർക്ക് മാത്രേ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയു എന്ന എല്ലാവരുടെയും വിചാരം.. എന്നാൽ ഏറ്റവും കൂടുതൽ ചതിക്കുന്നതും പ്രണയിക്കുന്നവരാ… പക്ഷെ അതൊന്നും പറഞ്ഞ നമ്മുടെ ചങ്ങാതി മാർക്ക് മനസ്സിലാവില്ലട…… പ്രത്യേകിച്ചും എന്റെ ചങ്ങാതിക്ക്

 

ഇത്രയും പറഞ്ഞിട്ടും അനക്കം ഇല്ലാതെ തന്റെ കാലിൽ ചാരി കിടക്കുന്ന അയ്യാളുടെ മുഖം അഭിരാമി ഉയർത്തി നോക്കി.. ചലനം ഇല്ല… അയ്യാൾ മരിച്ചിരിക്കുന്നു…

 

ബെഞ്ചമിനും മറ്റു സഹോദര റോബെർട്ടുമാരും ചേർന്ന് അവളുടെ അരികിൽ നിന്ന് അയാളെ എടുത്തു കൊണ്ട് പോവുമ്പോഴും മരിക്കുന്നതിന് തൊട്ടു മുൻപ് തന്റെ തലയിൽ അവൾ തലോടുമ്പോഴും ഇരുവരും അറിഞ്ഞിരുന്നില്ല അത് തന്റെ ആമിയും ഇത് തന്റെ ആദിയും ആണെന്ന് !

Leave a Reply

Your email address will not be published. Required fields are marked *