അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം സ്വന്തം ഭാര്യയുടെ കാൽകീഴിൽ മകൻ അടിയറവ് വെച്ചത് അയാളെ കൊണ്ട് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു..

(രചന: Jk)

 

ഷുഗർ കൂടി വ്രണം ഉണങ്ങാതെ മുറിച്ചു നീക്കേണ്ടി വന്ന അയാളുടെ കാലിലേക്ക് അവൾ ഒന്ന് നോക്കി….

അയാൾ അവളുടെ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല എങ്ങോട്ടോ മിഴികൾ നട്ട് അയാൾ ഇരിക്കുന്നുണ്ടായിരുന്നു ഒരിക്കൽ പോലും അവൾ അയാളുടെ മുഖത്തേക്ക് അവൾ ദൈന്യത നിറഞ്ഞ ഒരു നോട്ടം നോക്കിയില്ല സഹതാപവും കാണിച്ചില്ല തികച്ചും ഫോർമൽ ആയ ഒരു വിസിറ്റ് ഒരു സുഹൃത്ത് സുഹൃത്തിനെ കാണാൻ വന്നതുപോലെ..

 

“”” സിദ്ധാർത്ഥ് ഞാൻ ഇറങ്ങട്ടെ!!””എന്നും പറഞ്ഞ് അവൾ ഇറങ്ങി അയാൾ ആശ്വസത്തോടെ ഒന്ന് ശ്വാസം വലിച്ചു വിട്ടു..

എല്ലാമാസവും ഈയൊരു ദിവസം താനീ ആശ്രമത്തിലേക്ക് വരാറുണ്ട് ഇവിടത്തെ അന്തേവാസികൾക്ക് എല്ലാം കൂട്ടി ഒരു സദ്യ കൊടുക്കാറുണ്ട് കാരണം ഇത് തങ്ങളുടെ മകളുടെ പിറന്നാൾ ദിവസമാണ്… ഇത്തവണ വന്നപ്പോൾ അവിചാരിതമായി കണ്ടുമുട്ടിയതാണ് സിദ്ധാർത്ഥിനെ..

ആവശ്യമുള്ളതെല്ലാം എത്തിച്ചു കൊടുക്കുന്നതുകൊണ്ടും ഇവിടുത്തെ എല്ലാ കാര്യങ്ങളിലും ധനമായും മറ്റു സഹായങ്ങൾ ആയും കൂടെ നിൽക്കുന്നത് കൊണ്ടും അവിടുത്തെ സ്വാമിക്ക് വലിയ കാര്യമാണ് തങ്ങളുടെ കുടുംബത്തെ…

 

അതുകൊണ്ടാണ് പുതിയ വന്ന അന്തേവാസിയെ പറ്റി അന്വേഷിച്ചത് അത് സിദ്ധാർത്ഥ് തന്നെയാണോ എന്ന് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു….

 

സ്വാമി തന്നെയാണ് പറഞ്ഞത് അത് സിദ്ധാർത്ഥ് എന്ന് പറഞ്ഞ ഒരു ചെറുപ്പക്കാരൻ ആണെന്നും അയാൾക്ക് ഇപ്പോൾ ആരുമില്ല എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, ആരോ വഴി അവിടെ എത്തിച്ചേർന്നതാണെന്നും..

 

മനസ്സിൽ അപ്പോൾ തോന്നിയത് ദേഷ്യം ആയിരുന്നോ അതോ സങ്കടമോ???

തോന്നിയ വികാരം ഒന്ന് വേർതിരിച്ചെടുക്കാൻ നോക്കി സംഗീത പക്ഷേ കഴിഞ്ഞില്ല…

 

സ്വാമിയോട് അനുവാദം ചോദിച്ചിട്ട് തന്നെയാണ് ആളെ പോയി കണ്ടത് തന്നെ കണ്ട ഞെട്ടൽ ആ മുഖത്ത് വ്യക്തമായി കാണാൻ ഉണ്ടായിരുന്നു പക്ഷേ ഒരു നിമിഷം കഴിഞ്ഞതും ആ മുഖത്ത് ഒരു നിസ്സംഗ ഭാവം വന്നു മൂടി നിസ്സഹായതയുടെ…

 

നന്നായി കുറച്ചുനേരം സംസാരിച്ചിട്ട് തന്നെയാണ് അവിടെ നിന്ന് ഇറങ്ങിയത് മോളുടെ ബർത്ത് ഡേ ആണെന്ന് പറഞ്ഞപ്പോൾ ആശംസകൾ അറിയിച്ചു…

അറിയിക്കാം എന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ മോളെയും കൂട്ടി വരുമോ എന്ന് ചോദിച്ചു അതിനും വരാം എന്നായിരുന്നു എന്റെ മറുപടി..

 

വേഗം ഫ്ലാറ്റിലേക്ക് തിരിച്ചു.. ഇന്നെന്തോ തിരികെ ജോലിക്ക് പോകാൻ വേണ്ടി തോന്നിയില്ല..

 

പോകും വഴി, മോഹൻ വിളിച്ചിരുന്നു എന്തൊക്കെയോ ചോദിച്ചു അതിനെല്ലാം എന്തൊക്കെയോ മറുപടിയും പറഞ്ഞു എന്റെ സ്വരത്തിലെ വ്യത്യാസം കണ്ടിട്ടാവണം ആള് ഇത്തിരി നേരത്തെ വീട്ടിലെത്തിയത് മോള് സ്കൂളിൽ നിന്ന് എത്തിയിട്ടില്ല സ്കൂളിൽ പോണം കുട്ടികൾക്കെല്ലാം ചോക്ലേറ്റ് കൊടുക്കണം എന്ന് നിർബന്ധം ആയിരുന്നു..

 

രാത്രി ഇവിടെ ഫ്ലാറ്റിന് താഴെയുള്ള ചെറിയ ഓഡിറ്റോറിയത്തിൽ ഒരു പാർട്ടിയും അറേഞ്ച് ചെയ്തിരുന്നു..

എല്ലാം കാറ്ററിങ് ആയതുകൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല..

 

മോഹൻ വന്നപ്പോൾ തന്നെ എന്നെ ശ്രദ്ധിച്ചു എന്റെ മുഖം വല്ലാതെ വാടി ഇരിക്കുന്നത് കണ്ട ചോദിച്ചു,

എന്തു പറ്റിയെടോ””””

എന്ന്…

 

“”” ഞാനിന്ന് സിദ്ധാർത്ഥിനെ കണ്ടിരുന്നു!!! ആശ്രമത്തിൽ അവിടുത്തെ ഒരു അന്തേവാസിയായി!!””

 

എന്ന് പറഞ്ഞപ്പോൾ തന്നെ ആൾക്ക് എല്ലാം പിടികിട്ടി കാണും കാരണം ഞങ്ങൾ തമ്മിലുള്ള ബന്ധം നന്നായി അറിയാവുന്ന ആളാണ് മോഹൻ..

 

പിന്നെ എന്നെ ഡിസ്റ്റർബ് ചെയ്തില്ല കുറച്ചുനേരം ഒറ്റയ്ക്കിരുന്നോട്ടെ എന്ന് കരുതിയാകും പുറത്തേക്ക് ഇറങ്ങിയത്…

 

ഓർമ്മകൾ എന്റെ നിയന്ത്രണവും വിട്ട് ഒരുപാട് പുറകിലേക്ക് പോയിരുന്നു..

 

എംബിഎ ക്ക് ചേർന്നപ്പോഴാണ്, സിദ്ധാർത്ഥിനെ പരിചയപ്പെടുന്നത് അവൻ ഫൈനൽ ഇയർ ആയിരുന്നു..

 

ഒരേ നാട്ടുകാരാണ് എന്നുള്ള അറിവ് ഞങ്ങളെ തമ്മിൽ ചെറിയൊരു സൗഹൃദത്തിൽ ആക്കി അത് പിന്നീട് വളർന്ന് പ്രണയം വരെ എത്തി നിന്നു. നാട്ടിൽ വലിയൊരു വീട്ടിലെ ഏക ആൺതരിയായിരുന്നു സിദ്ധാർത്ഥ്…

 

ഞാനോ പാവപ്പെട്ട ഒരു വിധവയുടെ മകളും.. എന്നെ പഠിപ്പിച്ച് ഈ നിലയിലാക്കാൻ അമ്മ എടുത്ത കഷ്ടപ്പാട് എനിക്ക് നന്നായി അറിയാമായിരുന്നു സിദ്ധാർത്ഥന് ഇതെല്ലാം ഒരു തമാശയായിരുന്നു അവന്റെ അച്ഛന്റെ ബിസിനസ് ഏറ്റെടുക്കാം, അതിപ്പോൾ പഠിച്ചാലും പഠിച്ചില്ലെങ്കിലും അവന് ഉള്ളത് തന്നെയാണ് എല്ലാം…

 

ഞങ്ങളുടെ പ്രണയത്തെ പറ്റി നാട്ടിൽ അറിഞ്ഞു അവന്റെ അച്ഛൻ വീട്ടിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കി എന്റെ അമ്മ ആകെ ഭയപ്പെട്ടു എന്നെ വിളിച്ച് കാര്യം പറഞ്ഞു ഞാൻ സിദ്ധാർത്ഥിനോടെല്ലാം തുറന്നു പറഞ്ഞു…

 

ഞങ്ങൾ ഒരുമിച്ചാണ് നാട്ടിലെത്തിയത് അവിടെ ചെന്നപ്പോൾ, അവന്റെ അച്ഛൻ ഞാൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞു വീണ്ടും എത്തിയിരുന്നു ഭീഷണിപ്പെടുത്താൻ അവരുടെ മകനെ വലയിൽ വീഴ്ത്തി സ്വത്ത് തട്ടിയെടുക്കാൻ പോകുന്ന ഒരു വില്ലത്തിയുടെ ചിത്രമായിരുന്നു അയാൾ എനിക്ക് കൽപ്പിച്ച് തന്നത്…

 

അയാളുടെ ഒരു തരി സ്വത്ത് പോലും എനിക്ക് വേണ്ടെന്നും ഞങ്ങൾ തമ്മിൽ ആത്മാർത്ഥമായ പ്രണയമാണെന്നും ഞാൻ വാദിച്ചു..

 

അപ്പോഴേക്കും അയാൾ പറഞ്ഞത് എന്റെ അർഹതയില്ലായ്മയെ കുറിച്ച് ആയിരുന്നു.. അതൊന്നും കേട്ട് എനിക്ക് അല്പം പോലും സങ്കടം തോന്നിയില്ല പക്ഷേ അത് കേട്ട് ഒരു വാക്ക് പോലും മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്ന സിദ്ധാർത്ഥ് മാത്രമാണ് എന്നെ അപ്പോൾ തോൽപ്പിച്ചത്…

 

“”” നീ എന്നെ മറക്കണം!!””

 

എന്നൊരു വാക്കിൽ അവൻ ഞങ്ങളുടെ പ്രണയത്തെ കുഴിച്ചുമൂടി.. അവന്റെ പപ്പ കൂടെയില്ലെങ്കിൽ അയാളുടെ സ്വത്ത്‌ കൂടെയില്ലെങ്കിൽ, അവന് ജീവിക്കാൻ കഴിയില്ല..

 

ഞാനൊരു വിഡ്ഢിയായി പോയി അയാളുടെ മുന്നിൽ.. ചിരിയുടെ മകനെയും വിളിച്ച് എന്റെ മുന്നിൽ നിന്ന് അയാൾ പാടിയിറങ്ങി ഞാൻ പക്ഷേ കാര്യമില്ല എനിക്ക് കരയാൻ തോന്നിയില്ല

 

എല്ലാം കണ്ട് ഭയന്നു നിൽക്കുന്ന അമ്മയെ ഞാൻ ആശ്വസിപ്പിച്ചു.. പഠനം കഴിഞ്ഞ് ഒരു ജോലിക്ക് ശ്രമിച്ചു,

ബാംഗ്ലൂരിൽ തന്നെയുള്ള നല്ലൊരു കമ്പനിയിൽ ജോലിയും ശരിയായി..

 

അവിടെ നിന്നാണ് മോഹനനെ കണ്ടതും പരിചയപ്പെട്ടതും ആദ്യം പ്രണയമാണ് എന്ന് പറഞ്ഞത് മോഹനായിരുന്നു പക്ഷേ എനിക്ക് ഭയമായിരുന്നു ഇനിയും ഒരാളെ കൂടി സ്നേഹിക്കാൻ….

എന്റെ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോൾ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല പകരം എന്റെ കൂടെ നിന്നു എല്ലാത്തിനും ഒരു സപ്പോർട്ട് ആയി..

 

അയാളെ അത്ര എളുപ്പത്തിൽ തള്ളിക്കളയാൻ എനിക്കും കഴിയുമായിരുന്നില്ല അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് അതിൽ പിന്നെ എന്റെ കണ്ണ് നിറയാൻ ആള് അനുവദിച്ചിട്ടില്ല ഒരു സുഹൃത്തിനെ പോലെ എന്നും കൂടെയുണ്ടായിരുന്നു മോളു കൂടി വന്നതോടുകൂടി ജീവിതം ഇരട്ടി മധുരമായി…

 

ഇതിനിടയിൽ സിദ്ധാർത്ഥ് വലിയൊരു പാണച്ചാക്കിന്റെ മകളെ കല്യാണം കഴിച്ചെന്നും, അവരുടെ രണ്ടുപേരുടെയും ബിസിനസ് ഒന്നിച്ചാണ് ഇപ്പോൾ അതിന്റെയെല്ലാം ഹെഡ്, സിദ്ധാർത്ഥും ഭാര്യയും ആണ് എന്നെല്ലാം അറിഞ്ഞു…

 

പിന്നെ ഒന്നും ഞാൻ അന്വേഷിക്കാൻ പോയിരുന്നില്ല.. അയാൾക്ക് അസുഖം ബാധിച്ചതും അതോടെ ഭാര്യ മെല്ലെ അയാളെ ഒഴിവാക്കിയതും എല്ലാ ബിസിനസും അവർ തട്ടിയെടുത്തതും എല്ലാം സിദ്ധാർത്ഥിനെ കണ്ടതിനുശേഷം മാത്രമാണ് ഞാൻ അന്വേഷിച്ച് അറിഞ്ഞത്..

 

അതിനു മുന്നേ തന്നെ സിദ്ധാർത്ഥിന്റെ പപ്പ മരിച്ചിരുന്നു പക്ഷേ മരിക്കുന്നതിനു മുമ്പ് ആള് സിദ്ധാർത്ഥിനെ ഉപേക്ഷിച്ചിരുന്നു കാരണം അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം സ്വന്തം ഭാര്യയുടെ കാൽകീഴിൽ മകൻ അടിയറവ് വെച്ചത് അയാളെ കൊണ്ട് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു..

 

സ്വന്തം വീട് പോലുമില്ലാതെ ഭാര്യയും ഒത്ത് വാടകയ്ക്ക് ഒരു വീട്ടിലാണത്രെ അവസാന നാളുകളിൽ അയാൾ കഴിഞ്ഞിരുന്നത്…..

 

മോഹനോട് എല്ലാം തുറന്നു പറഞ്ഞു മോളെ ആള് കാണണം എന്ന് പറഞ്ഞതടക്കം..

മോഹന് തന്നെയായിരുന്നു നിർബന്ധം അവളെയും കൊണ്ട് സിദ്ധാർത്ഥിയെ കാണാൻ പോകണം എന്ന്…

 

അവിടെ ചെന്ന് മോളെ കണ്ടതും ആളുടെ മിഴികൾ നിറഞ്ഞത് കണ്ടു..അവളുടെ കൈയിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകി..

 

എന്നിട്ട് പറഞ്ഞത് കേട്ടു,അമ്മയോട് ചെയ്തതിന് ഇപ്പോൾ കിട്ടിയതൊന്നും എനിക്ക് മതിയാവില്ല!! അനുഭവിക്കാൻ സന്തോഷമേയുള്ളൂ… അവളുടെ നല്ല മനസ്സിനാണ് ഇതുപോലൊരു മോളും ഭർത്താവും അവൾക്ക് കിട്ടിയത്.. കാരണം അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.. പണം കൊണ്ട് അതിനെ വിലയിടാൻ അറിയില്ല!!”

 

എന്ന്…

 

സിദ്ധാർത്ഥിന്റെ കാര്യം ഓർത്ത് അവിടെ നിന്നിറങ്ങുമ്പോൾ വേദന തോന്നിയിരുന്നു എങ്കിലും അറിയാം ഇതാണ് ജീവിതം!! അതിൽ ഉയർച്ചകളും താഴ്ചകളും ഉണ്ട്!! അത് നമ്മൾ അംഗീകരിച്ചേ പറ്റൂ…

Leave a Reply

Your email address will not be published. Required fields are marked *