ഞാനൊരു പെണ്ണാണ് എനിക്കും വികാരങ്ങൾ ഒക്കെ ഉണ്ട്. അത് ഇപ്പോൾ ഓർമ ഉണ്ടോ നിങ്ങക്ക്.

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“ഈ പന്ന കിളവൻ പിന്നേം ഇവിടെ മുള്ളിയോ.. എനിക്ക് വയ്യ ഇങ്ങനെ തൂത്തും തുടച്ചും പിന്നാലെ നടക്കാൻ.. നാശം.. ”

 

ഹാളിൽ ശോഭയുടെ ഒച്ചയുയരുമ്പോൾ ബെഡ്‌റൂമിനുള്ളിൽ ഇരുന്ന അശോകന്റെ ഉള്ളൊന്ന് നടുങ്ങി. തന്റെ അച്ഛനെ പറ്റിയാണ് അവൾ പറഞ്ഞത് എന്ന് ഓർക്കേ ഉള്ളിലേക്കു ഇരച്ചു കയറിയ രോഷം കടിച്ചമർത്തി ഇരുന്നു അവൻ.

 

“അച്ഛേ…. അമ്മ അപ്പാപ്പനെ വയക്ക് പറേണു ”

 

അരികിലേക്ക് ഓടി വന്ന മകളെ ചേർത്ത് പിടിച്ചു മൗനമായി തന്നെയിരുന്നു അവൻ.

 

“ദേ മനുഷ്യാ .. എനിക്ക് സഹി കെട്ടു. നിങ്ങടെ അച്ഛനേം അമ്മേനേം ഏതേലും വൃദ്ധസദനത്തിലേക്ക് മാറ്റാം അല്ലാണ്ട് എന്നെ കൊണ്ട് പറ്റില്ല ഇനി അവരെ നോക്കാൻ ”

 

അപ്പോഴേക്കും കലി തുള്ളി ബെഡ്റൂമിലേക്ക് കയറി വന്ന ശോഭയുടെ വാക്കുകൾ അശോകനിൽ പ്രത്യേകിച്ച് ഭവമാറ്റം ഒന്നും ഉണ്ടാക്കിയില്ല. കാരണം അവൻ അത് പ്രതീക്ഷിച്ചതായിരുന്നു. അവന്റെ മൗനം ശോഭയെ കൂടുതൽ ചൊടിപ്പിച്ചു.

 

” ഞാൻ നിങ്ങളോട് ആണ് പറയുന്നേ. ഈ വീട്ടിൽ അവരെ കൂടി നോക്കാൻ എനിക്ക് പറ്റില്ല. ഒരാളെങ്ങാൻ ആയിരുന്നേൽ പിന്നും സാരമില്ലായിരുന്നു. ഇതിപ്പോ രണ്ട് പേര്.. മടുത്തു മനുഷ്യന്. ”

 

കലി തുള്ളി അവൾ ബെഡിലേക്ക് വന്നിരിക്കുമ്പോൾ പതിയെ എഴുന്നേറ്റു അശോകൻ.

 

” എടോ.. അതെന്റെ അച്ഛനും അമ്മയും ആണ്. പൊന്നുപോലെ എന്നെ നോക്കി വളർത്തിയവർ. പ്രായമായി എന്ന കാരണം പറഞ്ഞ് അവരെ അങ്ങിനെ ഒഴിവാക്കാൻ പറ്റില്ല എനിക്ക്. തനിക്കു പറ്റോ നിന്റെ രക്ഷകർത്താക്കളെ ഒഴിവാക്കാൻ ”

 

” എന്ന് വച്ച്… ഞാൻ ഇങ്ങനെ അവരേം നോക്കി ഈ വീട്ടിൽ കഴിയണം എന്നാണോ… രണ്ടാൾക്കും നേരേ ബോധം പോലും ഇല്ല… എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് പോലും അറിയാൻ വയ്യ. ഇരിക്കുന്നിടത്തൊക്കെ മുള്ളുവാ നിങ്ങടെ അച്ഛൻ.

 

ഞാൻ നമ്മടെ കൊച്ചിന്റെ കാര്യം നോക്കോ അതോ അവരെ നോക്കോ.. ഇതിനു ഒരു തീരുമാനം വേണം ഇന്ന് തന്നെ അല്ലേൽ ഞാൻ കൊച്ചിനെയും കൊണ്ട് എന്റെ വീട്ടിലേക്ക് പോകും നിങ്ങൾ തള്ളേനേം തന്തേനേം കെട്ടിപ്പിടിച്ചിരുന്നോ ”

 

ഇത്തരം പരാതികൾ പലവട്ടം കേട്ടിരുന്നു എങ്കിലും ഇത്തവണ അല്പം സീരിയസ് ആണ് പ്രശ്നം എന്ന് മനസ്സിലാക്കി അശോകൻ. അവൻ പതിയെ ശോഭ ക്ക് അരികിലായി ഇരുന്നു

 

” ശോഭാ.. അവരെ നിന്റെ സ്വന്തം അച്ഛനും അമ്മയുമായി കണ്ടൂടെ നിനക്ക്‌. അങ്ങിനെ കണ്ടാൽ അവർ നിനക്ക് ഒരു ശല്യം ആയി തോന്നില്ല ഒരിക്കലും. പ്രായമായവർ ആണ്.

 

അവർ ഇനി എത്ര നാൾ ഉണ്ടാകും എന്ന് പോലും അറിയില്ല. അവരോട് ഇങ്ങനെ വെറുപ്പ് കാട്ടണോ.. നമ്മുടെ മകളും വളർന്നു വരികയാണ്. നാളെ ഒരുകാലത്ത് ഇതൊക്കെ കണ്ട് അവള് നമ്മളോടും ഇങ്ങനൊക്കെ കാണിച്ചാലോ.. ഒന്ന് ഓർത്തു നോക്ക് നീ ”

 

ഇത്തവണ സഹികെട്ടു ശോഭക്ക്.

 

” ദേ മനുഷ്യാ ഈ വേദാന്തം പറച്ചിൽ നിർത്ത്. ഭാവിയിലെ കാര്യം നമുക്ക് അന്നേരം നോക്കാം. നിങ്ങൾ എന്നെ കെട്ടിക്കൊണ്ട് വന്നത് നിങ്ങളേം നമ്മുടെ കൊച്ചിനേം നോക്കാനാണ്.

 

അല്ലാണ്ട് ഇവരുടെ മലോം മൂത്രോം കോരാൻ അല്ല. അത് ഓർത്തോ.. നിങ്ങൾക്ക് എപ്പോഴും അച്ഛന്റേം അമ്മേടേം വിചാരം അല്ലേ ഉള്ളു. ബാക്കി ഉള്ളോരേ പറ്റി എന്തേലും ചിന്ത ഉണ്ടോ.. വന്ന് വന്ന് ഇപ്പോൾ ഭാര്യ ഒരുത്തി ഇവിടുണ്ട് എന്ന് പോലും ഓർമ ഇല്ല.”

 

ശോഭയുടെ ആ വാക്കുകൾ ഏതോ ലക്ഷ്യം വച്ചിട്ടാണെന്ന് അശോകന് മനസ്സിലായി.

 

” എന്താ ശോഭേ.. നിന്റെ എന്ത് കാര്യം ആണ് ഞാൻ നോക്കാത്തത്. ഇവിടെ എന്തിന്റെ കുറവാണ് നിനക്ക്‌ ”

 

” ഓ.. കൊള്ളാം നല്ല ചോദ്യം. ഉണ്ണലും ഉടുക്കലും ഉറങ്ങലും മാത്രം ആണോ മനുഷ്യാ ദാമ്പത്യം. ഞാനൊരു പെണ്ണാണ് എനിക്കും വികാരങ്ങൾ ഒക്കെ ഉണ്ട്. അത് ഇപ്പോൾ ഓർമ ഉണ്ടോ നിങ്ങക്ക്. ഒന്നോർത്തു നോക്ക് എത്ര നാളായി നമ്മൾ നേരെ ചൊവ്വേ ഒന്ന്….. വേണ്ട ഞാനൊന്നും പറയുന്നില്ല… അതെങ്ങനാ… തന്തേനേം തള്ളേനേം ഉണ്ണിച്ചു ഉറക്കീട്ട് റൂമിൽ വന്ന് കേറുമ്പോ ഞാൻ ഉറക്കം ആകും പിന്നെങ്ങിനെ നടക്കാൻ.. ”

 

പുച്ഛത്തോടെയുള്ള ആ വാക്കുകൾ കേട്ട് വീണ്ടും മൗനമായി അശോകൻ. അതോടെ ശോഭയുടെ ദേഷ്യം ഇരട്ടിയായി.

 

“ദേ മനുഷ്യാ.. വെറുതെ കിടന്ന് വഴക്ക് കൂടാ വയ്യ എനിക്ക്.. നിങ്ങൾക്ക് എന്റെയും കൊച്ചിനെയും ഒപ്പം ജീവിക്കണേൽ അവരെ കൊണ്ട് വൃദ്ധസദനത്തിൽ ആക്ക്.. അവിടെ സുഖായി കഴിഞ്ഞോളും അവർ.അല്ല അതിനു ബുദ്ധിമുട്ട് ആണേൽ എന്നെയും മോളെയും ഇപ്പോൾ തന്നെ എന്റെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.”

 

ആ വാക്കുകൾ കൂടി കേൾക്കെ പിന്നെ ഒന്നും മിണ്ടിയില്ലഅശോകൻ മൗനമായി തന്നെ പതിയെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു അവൻ. മുറി വിട്ടിറങ്ങുമ്പോൾ കണ്ടത് എല്ലാം കേട്ട് നിറകണ്ണുകളുമായി പുറത്ത് നിൽക്കുന്ന അമ്മയെ ആണ്.

 

” അ.. അമ്മേ.. അമ്മ ഉറങ്ങിയില്ലേ.. സമയം കുറേ ആയല്ലോ.. പോയി ഉറങ്ങ്.. ”

 

പെട്ടെന്നുണ്ടായ പതർച്ച മറയ്ക്കുവാൻ പണിപ്പെട്ടു അശോകൻ.

 

” മോനെ… ഞങ്ങളെ നീ വൃദ്ധസദനത്തിൽ ആക്കിക്കോ.. ഞങ്ങളുടെ പേരിൽ നിനക്ക്‌ നിന്റെ കുടുംബത്തെ നഷ്ടമാകരുത്. ”

 

അമ്മയുടെ വാക്കുകൾ അശോകന്റെ ചങ്കിലാണ് തറച്ചത്.

 

” അമ്മേ.. അമ്മ എന്ത് ഭ്രാന്ത് ആണ് പറയുന്നത്. അവള് അങ്ങിനെ പലതും പറയും എന്ന് കരുതി നിങ്ങളെ എവിടേലും കൊണ്ട് കളയാൻ പറ്റില്ല എനിക്ക്. അമ്മ അതൊന്നും കാര്യമാക്കേണ്ട പോയി ഉറങ്ങ് ”

 

“ഏയ് അങ്ങിനല്ല മോനെ.. അച്ഛനും അമ്മയ്ക്കും അവശത കൂടുകയാണ്. അപ്പോൾ വൃദ്ധസദനം തന്നെയാ നല്ലത് അവിടാകുമ്പോ ഞങ്ങളെ നോക്കാൻ മാത്രമായി എപ്പോഴും ആരേലും ഒക്കെ കാണുമല്ലോ.. നിങ്ങൾ ഇടക്കൊക്കെ വന്ന് കണ്ടാൽ മതി.”

 

അമ്മ പറയുന്നത് എന്ത് അർത്ഥത്തിൽ ആണെന്ന് പെട്ടെന്ന് മനസ്സിലായി അശോകന്.

 

” അമ്മാ.. ചുമ്മാ ആവശ്യം ഇല്ലാത്തത് ചിന്തിക്കല്ലേ ”

 

ഇത്തവണ അവൻ കെഞ്ചുകയായിരുന്നു. അപ്പോഴേക്കും പുറത്തേ ശബ്ദം കേട്ട് ശോഭയും അവിടേക്ക് വന്നിരുന്നു.

 

” എന്താ.. എന്താ ഇവിടെയൊരു ചർച്ച. ഞാനൂടെ കേൾക്കുന്നേൽ പ്രശ്നം ഉണ്ടോ ”

 

“ഏയ് ഒന്നുല്ല മോളെ നീ പറഞ്ഞതാ ശെരി. ഞങ്ങൾ ഏതേലും വൃദ്ധ സദനത്തിലേക്ക് മാറിക്കോളാം. പ്രായമായി വരുവല്ലേ.. അപ്പോ ഞങ്ങളെ നോക്കാൻ എപ്പോഴും ആരേലും ഒക്കെ വേണം. അതിനു വൃദ്ധസദനം തന്നെയാ നല്ലത്.. ”

 

അമ്മയുടെ വാക്കുകൾ കേൾക്കെ ശോഭയുടെ മിഴികൾ വിടരുന്നത് അശോകൻ ശ്രദ്ധിച്ചു.

 

” അത് ശെരിയാ.. അതാ ഞാനും പറഞ്ഞെ. നിങ്ങടെ ഈ മോന് മാത്രം അത് പറഞ്ഞാൽ മനസ്സിലാകില്ല.. വയസാം കാലത്ത് മറ്റുള്ളോർക്ക് ശല്യം ആകാതെ ഒഴിഞ്ഞു പോണം എന്ന് സ്വയം തോന്നിയാൽ അത് തന്നാ നല്ലത് ”

 

അമ്മയുടെ വാക്കുകൾ കേട്ട് ഉള്ള് പിടഞ്ഞു നിന്നിരുന്ന അശോകന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ശോഭയുടെ വാക്കുകൾ. അവന്റെ സിരകളിൽ രോഷം ഇരമ്പി.

 

” ശോഭേ.. മതി നിർത്ത്. ഇതെന്റെ അമ്മയാണ്. അകത്തെ മുറിയിൽ ഉള്ളത് അച്ഛനും. അവരെ പറ്റി കുറച്ചു നാളുകളായി നീ പറയുന്നതെല്ലാം കേട്ട് ഞാൻ സഹിച്ചു നിൽക്കുവാ. അത് ഈ കുടുംബം തകരരുത് എന്ന ഒറ്റക്കാരണം കൊണ്ടാണ്.

 

പക്ഷെ ഇനി പറ്റില്ല എനിക്ക്. ഈ വീട്ടിൽ ഇവരെ സ്വന്തം രക്ഷർത്താക്കളായി കണ്ട് സ്നേഹിച്ചു പരിപാലിക്കാൻ മനസ്സ് ഉണ്ടേൽ മാത്രം നിനക്ക്‌ ഇവിടെ തുടരാം. അതിനു പറ്റില്ലേൽ ഈ നിമിഷം വേണേലും നിന്നെ നിന്റെ വീട്ടിൽ കൊണ്ടാക്കാൻ ഞാൻ തയ്യാറാണ്. ”

 

ആ വാക്കുകൾ ശോഭ ഒരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാത്ത നടുകമായെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ തർക്കിച്ചു.

 

” ആഹാ അപ്പോ അതാണല്ലേ മനസ്സിൽ ഇരിപ്പ്. ശെരി പോകാം ഞാൻ.എന്നാൽ ഒന്ന് ഓർത്തോ ഞാൻ പോണേൽ നമ്മടെ മോളേം കൊണ്ടേ പോകു. പിന്നെ കൊച്ചിനെ കാണണേൽ നിങ്ങൾ എന്റെ മുന്നിൽ കെഞ്ചണം ”

 

ആ വാക്കുകൾ കേട്ട് പുച്ഛത്തോടെ ഒന്ന് ചിരിച്ചു അശോകൻ.

 

” മക്കളെ ദയവു ചെയ്ത് ഞങ്ങടെ പേരിൽ നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലല്ലേ.. ”

 

ഇടക്ക് കയറിയ അമ്മയെ സ്നേഹത്തോടെ തന്നിലേക്ക് പിടിച്ചടുപ്പിച്ചു അശോകൻ. ശേഷം ശോഭക്ക് നേരെ തിരിഞ്ഞു.

 

” ചിരിപ്പിക്കാതെ പോ ശോഭേ.. ഈ നാട്ടിൽ നിയമവും പോലീസും ഒക്കെ കാണാൻ വേണ്ടി അല്ല… എന്റെ കൊച്ചിനെ കാണാനുള്ള എന്റെ അവകാശത്തെ തടുക്കാൻ നിനക്ക്‌ ഒരിക്കലും പറ്റില്ല. എന്റൊപ്പം ഇല്ലേലും ഒരു അച്ഛനായി അവളുടെ എല്ലാ കാര്യങ്ങളിലും ഞാൻ ഉണ്ടാകും. അതോണ്ട് നീ വെറുതെ പേടിപ്പിക്കാം ന്ന് കരുതേണ്ട.”

 

അവൻ രണ്ടും കല്പിച്ചാണെന്ന് മനസ്സിലാക്കവേ ശോഭ ഒന്ന് പതറി.

 

” ദേ.. ദേ… വെറുതെ വാശി കാണിക്കേണ്ട കേട്ടോ.. ഞാൻ അങ്ങ് പോകും…. പിന്നെ നിങ്ങൾ ദുഖിക്കേണ്ടി വരും ”

 

അവസാനമായി ഒരു ശ്രമം കൂടി നടത്തി നോക്കി അവൾ. എന്നാൽ ഇത്തവണ അശോകന്റെ പ്രതികരണം അവളെ ശെരിക്കും നടുക്കി

 

” പോകുന്നേൽ ഇറങ്ങി പോടീ ചുമ്മാ ഡയലോഗ് അടിച്ചു നിൽക്കാതെ… അടങ്ങി ഒതുങ്ങി നിൽക്കാമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി.”

 

അതൊരു അലർച്ചയായിരുന്നു. ഇത്തവണ ശെരിക്കും തോൽവി സമ്മതിക്കേണ്ടി വന്നു ശോഭയ്ക്ക്. കാരണം ഈ ഒരു പ്രശ്നം പറഞ്ഞ് തന്റെ വീട്ടിലേക്ക് ചെന്നാൽ അവിടെ കയറ്റുക പോലുമില്ലെന്ന് അവൾക്ക് നല്ലോണം അറിയാമായിരുന്നു. ”

 

അവളുടെ പതർച്ച കാൺകെ കൂടുതൽ ധൈര്യമായി അശോകന്.

 

” നോക്ക് ശോഭേ.. ഇതിപ്പോ ഞാൻ സഹികെട്ടു പറയുവാ. നിനക്കുള്ള അവസാന അവസരം ആണ് ഇത്. ഒരു ഹോം നഴ്സിനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് .

 

അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ ഇനിയവർ നോക്കും പക്ഷെ ഒപ്പം സ്വന്തം മകളായി നീ കൂടി വേണം. ഈ പറഞ്ഞത് അനുസരിക്കാമെങ്കിൽ മാത്രം നിനക്ക്‌ ബെഡ്റൂമിലേക്ക് പോകാം അല്ലേൽ ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങാം. എന്ത് വേണേലും നീ തീരുമാനിക്ക് ”

 

ഇത്തവണ പരാജയം സമ്മതിക്കാതെ വേറേ വഴിയില്ലായിരുന്നു ശോഭയ്ക്ക്. തല കുമ്പിട്ടുകൊണ്ടവൾ മുറിക്കുള്ളിലേക്ക് പോകുമ്പോൾ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെ തന്നോട് ചേർത്ത് തലോടി അശോകൻ.

 

“ഇനി എന്തിന്റെ പേരിലായാലും നിങ്ങളെ ഒഴിവാക്കാൻ തയ്യാറല്ല ഞാൻ. അങ്ങനൊരു വിഷമം നിങ്ങൾക്ക് തോന്നുകയും വേണ്ട. അമ്മ പോയി ഉറങ്ങിക്കോ അവൾക്ക് ചെറിയൊരു ഡോസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പോൾ ഞാനത് കൊടുത്തപ്പോൾ കുറച്ചു ഓക്കേ ആയിട്ടുണ്ട്. ബാക്കി ഇനി ഞാൻ പതിയെ പതിയെ സംസാരിച്ചു മാറ്റി എടുത്തോളാം ”

 

” മോനെ… ”

 

സ്നേഹത്താൽ അമ്മ പൊട്ടിക്കരയുമ്പോൾ തന്നോട് ചേർത്ത് പുണർന്നു അശോകൻ.

അച്ഛൻ അപ്പോഴും ഈ നടക്കുന്നതൊന്നുമറിയാതെ സുഖ ഉറക്കത്തിൽ ആയിരുന്നു.

 

നല്ലൊരു നാളെയെ സ്വപ്നം കണ്ട് പതിയെ പതിയേ ആ ദിവസം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *