എല്ലാത്തിനെക്കാളും ഉപരി ശവ ശരീരത്തിന് മുന്നിൽ വന്നു നിന്ന് അയാൾ കരഞ്ഞത് എന്തു കൊണ്ടായിരിക്കും..? അയാൾ ഇത്രയ്ക്ക് സങ്കടപ്പെടാൻ വേണ്ടി ആരായിരുന്നു അയാൾ..?

കർമം

(രചന: ആവണി)

 

“അതാരാ ആ മനുഷ്യൻ..? ഇതിനുമുമ്പ് അയാളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..”

 

മരണ വീട്ടിൽ കൂടിയവർക്ക് ചർച്ച ചെയ്യാനുള്ള ഒരു മുഖം ആയിരുന്നു അയാൾ. ഇതിനു മുമ്പൊരിക്കലും ആ നാട്ടിൽ കണ്ടിട്ടില്ലാത്ത അയാൾ എന്തുകൊണ്ട് ആയിരിക്കും ഇന്ന് മരണത്തിന് എത്തിയത്..?

 

എല്ലാത്തിനെക്കാളും ഉപരി ശവ ശരീരത്തിന് മുന്നിൽ വന്നു നിന്ന് അയാൾ കരഞ്ഞത് എന്തു കൊണ്ടായിരിക്കും..? അയാൾ ഇത്രയ്ക്ക് സങ്കടപ്പെടാൻ വേണ്ടി ആരായിരുന്നു അയാൾ..?

 

മരണവീട്ടിലെ ചർച്ച മുഴുവൻ ആ മനുഷ്യനെ ചുറ്റിപ്പറ്റി ആയിരുന്നു.

 

ഉമ്മറത്ത് അത്തരം ചർച്ചകൾ കൂടി പൊടി

പൊടിക്കുമ്പോൾ മുറിയിൽ മക്കളെല്ലാവരും പരസ്പരം നോക്കിയിരിക്കുകയായിരുന്നു.

 

മരണപ്പെട്ടത് അവരുടെ അമ്മയായിരുന്നു.പെട്ടെന്നുള്ള ഒരു മരണമായിരുന്നു അമ്മയുടേത്.

 

അമ്മയുടെ ശവശരീരം അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആ മനുഷ്യൻ അവിടേക്ക് കയറി വരുന്നത്.

 

അമ്മയുടെ ദേഹത്തേക്ക് നോക്കി അയാൾ കണ്ണ് നിറയ്ക്കുന്നത് വ്യക്തമായും കണ്ടതാണ്. അയാളുടെ മുഖത്ത് വല്ലാത്തൊരു സങ്കടം തങ്ങൾ കണ്ടിരുന്നു.

 

ഇതിനു മുൻപൊരിക്കലും അയാളെ തങ്ങൾ ആരും കണ്ടിട്ടില്ല. അമ്മയുടെ മരണത്തിൽ ഇത്രയധികം വിഷമിക്കാൻ അമ്മയും അയാളും തമ്മിൽ എന്ത് ബന്ധമാണുള്ളത്..?

 

എല്ലാവരുടെയും ഉള്ളിൽ ആ ചോദ്യം ഒരു കനൽ കട്ട പോലെ നീറാൻ തുടങ്ങി.

 

” ഇനി നമ്മൾ ആരും അറിയാതെ അമ്മയ്ക്ക് അയാളുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ..? ”

 

മൂത്തമകൻ ചോദിച്ചത് കേട്ടപ്പോൾ മറ്റു രണ്ടു മക്കളും ഞെട്ടലോടെ അവനെ നോക്കി.

 

” ചേട്ടൻ ഇത് എന്തൊക്കെയാ പറയുന്നത്..? നമ്മുടെ അമ്മയെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാൻ പോലും പാടില്ല. അമ്മയ്ക്ക് നമ്മളല്ലാതെ മറ്റൊരു ലോകവും ഉണ്ടായിരുന്നില്ല. ”

 

മകൾ തർക്കിച്ചു.

 

” അങ്ങനെയാണെങ്കിൽ ഇവിടെ അമ്മയുടെ മൃതദേഹം നോക്കി പൊട്ടിക്കരയാൻ അയാൾ അമ്മയുടെ ആരായിരുന്നു എന്നു കൂടി നീ പറ..”

 

മകൻ ആക്രോശിച്ചു. അതിനൊരു മറുപടി നൽകാൻ മകൾക്ക് ഉണ്ടായിരുന്നില്ല.

 

” വല്യമ്മ എന്തായാലും അങ്ങനെ തെറ്റായ ബന്ധങ്ങൾക്ക് ഒന്നും പോകില്ല. ചേട്ടൻ അങ്ങനെ ചിന്തിക്കരുത്. ”

 

മരണപ്പെട്ടു പോയ ശ്രീദേവിയുടെ ഭർത്താവ് സതീശന്റെ അനിയന്റെ മകൻ പറഞ്ഞു.

 

” എല്ലാവരും നമ്മൾ പുറമേ കാണുന്നതു പോലെ ഒന്നുമാകണമെന്നില്ല.സതീശൻ ചെറിയച്ഛൻ രാവിലെ ജോലിക്ക് പോകും. ഇവർ ഓരോരുത്തരും അവരവരുടെ വഴി നോക്കി പോകും. അതുകഴിഞ്ഞാൽ പിന്നെയുള്ള സമയം മുഴുവൻ ചെറിയമ്മ ഇവിടെ ഒറ്റയ്ക്കായിരുന്നു. ”

 

കൂട്ടത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളവരും ഉണ്ടായിരുന്നു.

 

” ഞാൻ പറഞ്ഞത് തെറ്റായ അർത്ഥത്തിൽ ഒന്നും കാണണ്ട. ഇപ്പോൾ എല്ലാം ഫോൺ വഴിയുള്ള പരിപാടികൾ ആണല്ലോ.

 

ചെറിയമ്മയ്ക്ക് ഉണ്ടായിരുന്നല്ലോ ഒരു സ്മാർട്ട് ഫോൺ. അത് ഒന്നെടുത്തു നോക്കിയാൽ അറിയാം അയാളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന്.”

 

അവൻ മുന്നോട്ടു വച്ച ആശയം മറ്റുള്ളവർക്ക് തൃപ്തികരമായിരുന്നു. അവൻ അത് പറയാൻ കാത്തിരുന്നതു പോലെയാണ് ശ്രീദേവിയുടെ മകൻ അവരുടെ ഫോൺ അന്വേഷിക്കാൻ തുടങ്ങിയത്.

 

” ചേട്ടൻ ഇത് എന്ത് ഭ്രാന്താണ് കാണിച്ചു കൂട്ടുന്നത്.. ഇവരൊക്കെ പറയുന്നതു പോലെ അല്ല.

 

നമ്മുടെ അമ്മയെ നമുക്കറിയില്ലേ..? അമ്മ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല ചേട്ടാ. വെറുതെ അമ്മയെ സംശയിക്കരുത്. അമ്മയുടെ ആത്മാവ് പോലും ചേട്ടനോട് പൊറുക്കില്ല. ”

 

മകൾ സങ്കടം കൊണ്ട് കരയുന്നുണ്ടായിരുന്നു.

 

” നീ നിന്റെ കാര്യം നോക്കി മര്യാദയ്ക്ക് ഇരുന്നോ.ഇവിടെ ഇന്ന് രാവിലെ അരങ്ങേറിയത് കാണാത്തതായി ഈ നാട്ടിൽ ആരും ഉണ്ടാകില്ല. നാളെയും നമുക്ക് ഇവിടെ തലയുയർത്തി നടക്കാനുള്ളതാണ്.”

 

അവന് ദേഷ്യം തന്നെയായിരുന്നു. കാരണം രാവിലെ ചടങ്ങുകൾക്കിടയിൽ പലരും അർഥം വെച്ച് നോക്കിയതും, പലതും അടക്കി പറഞ്ഞു ചിരിച്ചതും ഒക്കെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

പ്രായപൂർത്തിയായ ഒരു ആൺകുട്ടി എന്ന നിലയ്ക്ക് അവന് അതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുതന്നെയായിരുന്നു അവന്റെ ദേഷ്യത്തിന്റെ കാരണവും.

 

പക്ഷേ അകത്തു നടക്കുന്ന വാഗ്വാദങ്ങൾ ഒക്കെ കേട്ട് പ്രതികരിക്കാനാവാതെ ഉമ്മറത്തിരിക്കുകയായിരുന്നു സതീശൻ. രാവിലെ കടന്നു വന്ന ആ മനുഷ്യന്റെ വികാര പ്രകടനങ്ങൾ സതീശനെയും ഉലച്ചു കളഞ്ഞിരുന്നു.

 

“ദേ ഫോൺ കിട്ടി.. ”

 

പറഞ്ഞു കൊണ്ട് അവൻ ഫോൺ ലോക്ക് മാറ്റി.കോൾ ലോഗും കോൺടാക്ട് മെസ്സേജും ഒക്കെ അവൻ അരിച്ചു പെറുക്കി. സംശയം തോന്നുന്ന തരത്തിലുള്ള ഒരു നമ്പർ പോലും അവിടെയൊന്നും ഉണ്ടായിരുന്നില്ല. അവന് വല്ലാത്ത നിരാശ തോന്നി.

 

” ഇതിൽ പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാ നമ്പറുകളും നമുക്ക് അറിയുന്ന ആളുകളുടേത് തന്നെയാണ്. ”

 

നിരാശയോടെ അവൻ പറഞ്ഞത് കേട്ടപ്പോൾ മകൾക്ക് ദേഷ്യം തോന്നി.

 

” ചേട്ടനോട് ഞാൻ അപ്പോൾ തന്നെ പറഞ്ഞതല്ലേ അമ്മയെ വെറുതെ സംശയിക്കരുത് എന്ന്.. ”

 

അവൾ ദേഷ്യത്തോടെ പറഞ്ഞു.

 

” ഇനി അവളുടെ ആദ്യ പ്രണയം എങ്ങാനും ആണോ..? അവളെ മറക്കാൻ പറ്റാതെ വിവാഹം പോലും കഴിക്കാതെ നടക്കുന്ന ആരെങ്കിലും ആണെങ്കിലോ..?”

 

വല്യമ്മ ആയിരുന്നു അത് പറഞ്ഞത്. സതീഷിന്റെ നെഞ്ചിൽ ഒരു കനൽ എടുത്ത് വച്ചതു പോലെ നീറുന്നുണ്ടായിരുന്നു.

 

” അവൾക്ക് പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അവൾ ആകെ പ്രണയിച്ചിട്ടുള്ളത് സതീശനെ മാത്രമാണ്. ”

 

അമ്മായിയാണ് മറുപടി പറഞ്ഞത്.

 

” ഇങ്ങനെയൊന്നും യാതൊരു ബന്ധവും ഇല്ലെങ്കിൽ അയാൾ ആരാണ്..? ”

 

എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നത് ആ ഒരു ചോദ്യം മാത്രമായിരുന്നു.

 

മരണപ്പെട്ടുപോയ ആ ആത്മാവിന്റെ സ്വഭാവ ശുദ്ധിയെ ചൊല്ലി വീട്ടുകാർ പരസ്പരം വഴക്കടിച്ചു.

 

പിറ്റേന്ന് രാവിലെ അയാൾ വീണ്ടും വന്നു. അയാളെ കണ്ടപ്പോൾ തന്നെ ശ്രീദേവിയുടെ മകൻ ദേഷ്യത്തോടെ മുറ്റത്തേക്ക് ഇറങ്ങി.

 

” ആരാടോ താൻ..?”

 

അവൻ ആക്രോശിച്ചു . അയാൾ അവനു നേരെ കൈകൂപ്പി.

 

അയാളെ ഉപദ്രവിക്കാനായി മുന്നോട്ടു വന്ന അവനെ മറ്റുള്ളവർ തടഞ്ഞു വച്ചു.

 

” ഞാൻ അരവിന്ദൻ. എന്നെ നിങ്ങൾക്കറിയില്ല. എനിക്ക് നിങ്ങളെയും അറിയില്ല. പക്ഷേ മരിച്ചു പോയ ആ സ്ത്രീയുടെ ബന്ധുക്കളാണ് എന്നറിയാം. ”

 

അയാൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു തുടങ്ങി.

 

” കുറച്ചു വർഷങ്ങൾക്കു മുമ്പ് എന്റെ മകന് ഒരു ആക്സിഡന്റ് പറ്റിയിരുന്നു. അവനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

 

ഓപ്പറേഷൻ നടക്കാൻ വേണ്ടി കുറച്ച് പണത്തിന്റെ കുറവുണ്ടായിരുന്നു. അതിനു വേണ്ടി ഞങ്ങൾ ഒരുപാട് പേരുടെ മുന്നിൽ കൈ നീട്ടി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല.

 

കൂലിപ്പണിക്കാരനായ ഞാൻ തിരികെ കൊടുത്തില്ലെങ്കിലും എന്നുള്ള ഭയം കൊണ്ട് ആരും ശ്രദ്ധിച്ചു പോലുമില്ല. ആ ആശുപത്രിയിൽ എനിക്ക് പരിചയമുള്ള പലരോടും കൈനീട്ടിയെങ്കിലും എല്ലാവരും മുഖം തിരിച്ചു.

 

അവസാനം ദൈവദൂതയെ പോലെയാണ് ആ സ്ത്രീ എന്റെ മുന്നിലേക്ക് വന്നത്. എന്റെ അവസ്ഥ കണ്ട് കൂടുതലൊന്നും ആലോചിക്കാതെ കയ്യിൽ കിടന്ന ഒരു വള എനിക്ക് ഊരി തന്നു.ഇത് വിറ്റോ പണയം വച്ചോ നിങ്ങളുടെ ആവശ്യം നടത്തിക്കോളൂ.

 

അത്രമാത്രമാണ് അവർ എന്നോട് പറഞ്ഞത്.അവരോട് കൈകൂപ്പി നന്ദി പറഞ്ഞെങ്കിലും, ഒരു നന്ദി വാക്ക് കേൾക്കാൻ പോലും നിൽക്കാതെ അവർ നടന്നകന്നു.

 

അപ്പോഴത്തെ മാനസികാവസ്ഥയിൽ അവരുടെ പേരോ മറ്റു കാര്യങ്ങളും ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ടപ്പോഴാണ് അവരുടെ പേരും അഡ്രസ്സും ഒക്കെ അറിഞ്ഞത്.

 

അന്ന് ആ വള വിറ്റിട്ടാണ് മകന്റെ ഓപ്പറേഷൻ നടത്തിയത്.പിന്നീട് പതിയെ പതിയെ പണം ഒരു കൂട്ടിവെച്ച് അത്രയും തന്നെ തൂക്കത്തിലുള്ള ഒരു വള ഞങ്ങൾ വാങ്ങി വെച്ചിരുന്നു.

 

എന്നെങ്കിലും ഒരിക്കൽ അവരെ കണ്ടുമുട്ടണമെന്നും അവർക്ക് അത് തിരികെ കൊടുക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു കുറച്ചു നാളുകളായി ഞാൻ. പക്ഷേ കണ്ടെത്തി കഴിഞ്ഞപ്പോൾ.. ”

 

അതും പറഞ്ഞ് അയാൾ വിങ്ങിപ്പൊട്ടി. ശ്രീദേവിയുടെ മകനും കുറ്റബോധം തോന്നി.

 

പിന്നീട് കൂടുതൽ സമയം അവിടെ ചിലവഴിക്കാതെ, അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന വള മുന്നിൽ നിന്ന ആരുടെയോ കയ്യിൽ ഏൽപ്പിച്ചിട്ട് അയാൾ പടിയിറങ്ങി.

 

അത് നോക്കി നിൽക്കുമ്പോൾ കുറ്റബോധം കൊണ്ട് ശ്രീദേവിയുടെ മകൻ അലറി കരയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *