അയാൾക്ക് പരസ്ത്രീകളോടായിരുന്നു താത്പര്യം പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ

(രചന: Saji Thaiparamabu)

 

ഭർത്താവുമായി ബന്ധം വേർപെടുത്തിയ നീരജ പിന്നെ നാട്ടിൽ നിന്നില്ല

 

ഹൗസ് കീപ്പറിൻ്റെ വിസയിൽ കുവൈറ്റിലേയ്ക്ക് പോയി

 

ഏഴ് വർഷത്തെ ദാമ്പത്യബന്ധം അവസാനിക്കുമ്പോൾ അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല

 

എന്നിട്ടും, ഒന്നിച്ച്ജീവിച്ച കാലത്ത് ഭർത്താവിനെ അവൾ ജീവന് തുല്യം സ്നേഹിച്ചിരുന്നു, പക്ഷേ അയാൾക്ക് പരസ്ത്രീകളോടായിരുന്നു താത്പര്യം

 

പല തവണ അതിൻ്റെ പേരിൽ അവർക്കിടയിൽ കലഹങ്ങളുണ്ടായെങ്കിലും എല്ലാം മറക്കാനും ക്ഷമിക്കാനും നീരജ തയ്യാറായിരുന്നു

 

പക്ഷേ അയാൾക്ക് തൻ്റെ ഭാര്യയെക്കാളിഷ്ടം കാമുകിയോടായിരുന്നു ,അങ്ങനെഅയാൾ തന്നെയാണ് ,ബന്ധം വേർപെടുത്താൻ മുൻകൈയ്യെടുത്തത്

 

ആറ് വർഷങ്ങൾക്കിപ്പുറം നാട്ടിലെത്തിയ നീരജയെ,യാദൃശ്ചികമായി അവളുടെ മുൻ ഭർത്താവ് കാണാനിടയായി

 

താൻ ഉപേക്ഷിക്കുന്ന സമയത്തുള്ള നീരജയിൽ നിന്നും ഇപ്പോഴുള്ള നീരജയിലേക്കുള്ള മാറ്റം അയാൾക്ക് വിശ്വസിക്കാനായില്ല

 

വെളുത്ത് ചുവന്ന കവിളിണകളും മോഡേൺ ഡ്രസ്സിൽ തുളുമ്പി നില്ക്കുന്ന അവളുടെ വടിവൊത്ത ശരീരവും അയാളെ അവളിലേക്ക് ആകർഷിച്ചു

 

അവളോടൊന്ന് സംസാരിക്കാൻ അയാൾ കൊതിച്ചു, താമസിയാതെ അതിനുള്ള അവസരം അയാൾക്ക് ലഭിച്ചു

 

നിരജേ,,, നീ എനിക്ക് മാപ്പ് തരണം അന്നത്തെ എൻ്റെ അറിവില്ലായ്മ കൊണ്ട് എനിക്ക് ചില അബദ്ധങ്ങൾ സംഭവിച്ചു ,കഴിഞ്ഞതൊക്കെ നീ മറക്കണം ഇപ്പോൾ ഞാൻ തനിച്ചാണ്, നമുക്ക് വീണ്ടും പഴയത് പോലെ ഭാര്യാ ഭർത്താക്കൻമാരായി ജീവിച്ച് കൂടെ?

 

ഒരു നിമിഷം അവൾ നിശബ്ദമായി നിന്നു

 

നിങ്ങളീ പറയുന്നത് ആത്മാർത്ഥമായിട്ടാണോ? നിങ്ങൾക്കെന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയുമെന്ന് ഉറപ്പാണോ?

 

അവൾ ജിജ്ഞാസയോടെ ചോദിച്ചു

 

തീർച്ചയായും, പഴയതിനേക്കാൾ ആത്മാർത്ഥമായി നിന്നെ ഞാൻ സ്നേഹിക്കും ,നീ വിചാരിച്ചാൽ എനിക്കും കൂടെ ഒരു വിസ ശരിയാക്കിയാൽ നമുക്ക് വിദേശത്ത് പോയി സെറ്റിൽഡാവാം, നമ്മൾ രണ്ട് പേരും മാത്രമുള്ള ലോകത്ത് നമുക്ക് സന്തോഷമായി ജീവിക്കാം

 

അപ്പോൾ വിദേശത്ത് പോകാനായിരുന്നോ എന്നെ രണ്ടാമത് വിവാഹം കഴിക്കാമെന്നും ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞത്

 

ഹേയ്, അങ്ങനല്ല ,നീ തെറ്റിദ്ധരിച്ചു ,എങ്കിൽ ഞാനിവിടെ തന്നെ ജോലിക്ക് പൊയ്ക്കൊള്ളാം ഇടയ്ക്കിടെ നീ രണ്ട് മൂന്ന് മാസം ലീവിന് വന്നാലും മതി, എന്നാലും വേണ്ടില്ല നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല

 

സത്യമാണോ നിങ്ങളീ പറയുന്നത് എനിക്കിത് വിശ്വസിക്കാനാവുന്നില്ല

 

എന്നെ വിശ്വസിക്കൂ നീരജേ,, ഞാൻ പറയുന്നത് സത്യമാണ് ,,

 

എങ്കിൽ ഞാനിനി വിദേശത്തേയ്ക്ക് മടങ്ങി പോകുന്നില്ല ഇവിടെ നിങ്ങളോടൊപ്പം നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽ നമുക്ക് സന്തോഷമായി ജീവിക്കാം

 

അത് കേട്ട് അയാളൊന്ന് ഞെട്ടി

 

ങ്ഹേ,അതെന്തിനാ മടങ്ങിപ്പോകാതിരിക്കുന്നത് ഇത്രയും നല്ല ശബ്ബളമുള്ള ജോലി ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ?

 

അതിന് ഞാൻ വേണ്ടന്ന് വയ്ക്കുന്നതല്ല

 

പിന്നെ?

 

എനിക്ക് ഇനിയവിടെ ജോലി ചെയ്യാൻ കഴിയില്ല ,ആറ് മാസം മുമ്പ് പതിവായി വരുന്ന തലവേദന ,അതെന്താണെന്നറിയാൻ നടത്തിയ വിശദമായ പരിശോധനയിലാണ് ഞാനൊരു ഫൈനൽ സ്റ്റേജിലെത്തി നില്ക്കുന്ന

ക്യാൻസർ പേഷ്യൻ്റാണെന്നറിയുന്നത്

എൻ്റെ ഹൗസ് ഓണർ വിവരമറിഞ്ഞപ്പോൾ ഇനിയുള്ള അവസാന നാളുകൾ നാട്ടിൽ പോയി വിശ്രമിക്കാനാണ് എന്നോട് പറഞ്ഞത് ,

 

ഇവിടെയെത്തിയാൽ വീട്ടുകാർക്ക് ഞാനൊരു ബാധ്യതയാകുമല്ലോ എന്ന ആശങ്കയിലാണ് വന്നത് ,പക്ഷേ എന്നെ സ്വീകരിക്കാനും പൊന്ന് പോലെ നോക്കാനും എൻ്റെ പഴയ ഭർത്താവിനെ ദൈവം എനിക്കായി കരുതിവച്ചു ,എൻ്റെ ആശങ്കയെല്ലാം മാറി ,ഇപ്പോഴാണ് ഒരു സമാധാനമായത്

 

അവൾ പറഞ്ഞത് കേട്ട് അയാളുടെ മുഖത്തെ രക്തമൊക്കെ വാർന്ന് പോയിരുന്നു

 

എങ്കിൽ നമുക്ക് പോകാം ഞാൻ നിങ്ങടെ ബൈക്കിൻ്റെ പുറകിൽ വരാം എനിക്ക് നിങ്ങടെ പുതിയ വീടറിയില്ലല്ലോ?

 

അവളുടെ ചോദ്യം അയാളെ തളർച്ചയിൽ നിന്നുണർത്തി

 

അല്ല നീയിപ്പോൾ വരണ്ട, ഞാനൊരു വാടക വീട്ടിലാണ് താമസം, കുറച്ച് കൂടെ സൗകര്യമുള്ള വീട് കണ്ട് പിടിച്ചിട്ട് ഞാൻ വന്ന്, നിന്നെ കൂട്ടികൊണ്ട് പോകാം

 

അതും പറഞ്ഞ് അയാൾ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു

 

അല്ല ,വാടക വീടാണേലും സാരമില്ല അതെവിടെയാണെന്ന് പറ, ഞാൻ വരാം

 

അതൊക്കെ പിന്നെ പറയാം

 

എങ്കിൽ ഫോൺ നമ്പര് പറയ്, ഞാൻ വിളിക്കാം

 

വേണ്ട ഞാൻ നേരിൽ വന്ന് കണ്ടോളാം

 

വെപ്രാളം പിടിച്ച് അയാൾ ബൈക്കുമായി പായുന്നത് കണ്ട് അവൾക്ക് ചിരി വന്നു

 

ഉടനെ തന്നെ അവൾ തൻ്റെ മൊബൈലെടുത്ത് കുവൈറ്റിലെ നമ്പരിലേയ്ക്ക് ഡയൽ ചെയ്തു

 

അങ്ങേ തലയ്ക്കൽ അവളുടെ ഇപ്പോഴത്തെ ഭർത്താവാണ് ഫോൺ അറ്റൻ്റ് ചെയ്തത്

 

അവളാദ്യം തൻ്റെ മൂന്ന് വയസ്സുള്ള കുട്ടിയെ കുറിച്ച് അന്വേഷിച്ചു

 

അവൻ അമ്മയുമായിരുന്ന് കളിക്കുന്നു ,എന്താ അവിടെ വിശേഷം ?

 

അവൾ നടന്ന സംഭവങ്ങൾ ചിരിച്ച് കൊണ്ട് അയാളോട് പറഞ്ഞു

 

അയാളിനി നിൻ്റെ ഏഴയലത്ത് വരില്ല

നീ സമാധാനമായിട്ട് വീട്ടുകാരുമൊക്കെയായി കുറച്ച് ദിവസം അടിച്ച് പൊളിച്ചിട്ട് വന്നാൽ മതി,മോൻ്റെ കാര്യമോർത്ത് വിഷമിക്കണ്ട ,അവൻ ഹാപ്പിയാണ്,

പിന്നെ, എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നുണ്ട്, അത് ഞാൻ മാനേജ്ചെയ്തോളാം

 

സ്നേഹനിധിയായ തൻ്റെ ഭർത്താവിൻ്റെ വാക്കുകൾ അവൾക്ക് വലിയ ആശ്വാസമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *