പ്രണയത്തിന്റെ കാര്യത്തിൽ പ്രായത്തിനൊക്കെ പുല്ല് വിലയാടാ എന്നമ്മ പറഞ്ഞപ്പോൾ

മാരക_ട്വിസ്റ്റ്

(രചന: ആദർശ്_മോഹനൻ)

 

“അമ്മേ, ഞാൻ കെട്ടുന്നുണ്ടെങ്കിൽ മിനിമം എന്നേക്കാൾ രണ്ട് വയസ്സ് മൂത്ത പെണ്ണിനെയേ കെട്ടുന്നുള്ളോ ”

 

അതും പറഞ്ഞ് ഞാനമ്മയുടെ പക്കലിലേക്കൊരു ചൂളിനോട്ടം നോക്കി, മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ലാതെ ഒടിയൻ പയറ് നന്നാക്കുകയായിരുന്നു അമ്മ, വീണ്ടും ഒരു പരീക്ഷണമെന്നോണം ഞാൻ ഉറക്കെ ചോദിച്ചു

 

” വല്ലതും കേക്കണുണ്ടാ അമ്മേ” ?

 

അമ്മയുടെ ക്രൗര്യ മുഖഭാവം പ്രതീക്ഷിച്ചു നിന്നയെനിക്ക് തെറ്റി, ആ തിരുവായിൽ നിന്നുമുള്ള മറുപടി കേട്ട് മാനം നോക്കി മിണ്ടാതെ നിൽക്കാനേയെനിക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളോ.

 

” നിനക്കിപ്പോ എന്താ വേണ്ടെ? ഒരു കല്യാണം കഴിക്കണം അത്രയല്ലേ ഉള്ളൂ, പത്ത് വയസ്സിനു മൂത്തതായാലും എനിക്കൊരു കുഴപ്പമില്ല, കെട്ടണത് പെണ്ണിനെയായിരിക്കണം എന്ന ഒരു നിർബ്ബന്ധമേ എനിക്കുള്ളൂ”

 

പറ്റില്ലെന്ന് പറഞ്ഞാൽ വാദിക്കാനായി എടുത്തു വെച്ച സച്ചിന്റെ , അഭിഷേക് ബച്ചന്റെ എന്തിനേറെ മുഹമ്മദ് നബിയുടെ വരെ ഭാര്യമാരുടെ ഉദ്ദാഹരണങ്ങളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് കാറ്റിൽ പറത്തിക്കളഞ്ഞു അമ്മ

 

പലകാര്യങ്ങളും നാളെയ്ക്ക്, നാളെയ്ക്ക് എന്ന് നീട്ടിവെക്കണ പ്രകൃതക്കാരനായതു കൊണ്ട് തന്നെ ഈ ചോദ്യം ചോദിക്കാനും ഒരുപാടു വൈകിപ്പോയിരുന്നു ഞാൻ, പറയാൻ കാരണം മറ്റൊന്നുമല്ല

 

ഞാൻ ഡിപ്ലോമയ്ക്ക് പഠിക്കുന്ന സമയം, കടുത്ത നിറങ്ങൾ കണ്ണിനു കുളിർമയേകുന്നയാ പ്രായത്തിൽ എന്റെ ക്ലാസിലേക്ക് നേരം വൈകിച്ചേർന്നയാ കറുത്ത പെണ്ണിനോട് ഉള്ളിൽ തോന്നിയ ഒരു ആകർഷണം , എന്റെ മനതാരിൽ മഞ്ഞുമഴ പെയ്യിക്കാൻ തുടങ്ങിയിരുന്നു

 

സാധാരണ പെൺകുട്ടികളിൽ കാണാത്ത എന്തോ ഒരു കാന്തിക ശക്തി അവളിലുണ്ടായിരുന്നു, അന്നൊക്കെ നെഞ്ചോടക്കിപ്പിടിച്ച പുസ്തകങ്ങൾക്കൊപ്പം പലരും പല വർണ്ണത്തിലുള്ള പൂക്കൾ കരുതാറുണ്ട്

 

ചിലർ ചെമ്പകപ്പൂ കരുതുമ്പോൾ ചിലർ മുല്ലപ്പൂവെക്കുo ചിലർ പനിനീർപ്പൂ കയ്യിലേന്തുമ്പോൾ ചിലർ ഉള്ളoകൈയ്യിൽ ജമന്തിപ്പൂവേന്താറുണ്ട്, ഓരോരോ ഫാഷനു വേണ്ടി കൊണ്ടു നടക്കണതാണെങ്കിലും അതെന്തിനു വേണ്ടിയായിരുന്നെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല, അവളുമാർ ഇന്നുവരെയിത് ആർക്കും കൊടുത്തതായും അറിവില്ല

 

പക്ഷെ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി അവൾ കൊണ്ടുവരാറ് നല്ല കട്ടചുവപ്പൻ ചെമ്പരത്തിപ്പൂവായിരുന്നു എന്നതാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയതും

 

ഭ്രാന്തിന്റെ പ്രതീകമല്ലേയീ ചെമ്പരത്തിപ്പൂ അതെന്തിനാ ഇങ്ങനെ കൂടെ കൊണ്ടു നടക്കുന്നത് എന്ന എന്റെ ചോദ്യത്തിനവൾ ചില കാര്യങ്ങളോട് ഇഷ്ട്ടത്തിനേക്കാൾ ഉപരി ഭ്രാന്ത് ആയിരിക്കും എനിക്ക്, അങ്ങിനെയൊരു ഭ്രാന്താണ് എനിക്കീ ചുവന്ന പൂവിനോട് എന്നാണവൾ എനിക്കു തന്ന മറുപടി.

 

ചുവപ്പ് ഒരു ഹരമായി തോന്നിയത് എന്റെ സിരകളിലൂടെ തുടിക്കുന്ന കട്ടച്ചുവപ്പു രക്തം ഇനി മുതൽ അവൾക്കു വേണ്ടി മാത്രമായിരിക്കും ഉള്ളിലൂടെയോടുന്നത് എന്ന് ഊട്ടിയുറപ്പിച്ചതിനു ശേഷo മാത്രമാണ്

 

അവളുടെ ഭ്രാന്തുകളെ സ്നേഹിച്ചു തുങ്ങിയപ്പോൾ അവളോടെനിക്ക് തോന്നിയത് ഇഷ്ട്ടമായിരുന്നില്ല, അന്നവൾ പറഞ്ഞതു പോലെ ഭ്രാന്തായിരുന്നു എനിക്കവളോട് ചികിത്സിച്ച് മാറ്റാനാഗ്രഹിക്കാത്തൊരു തരം ഭ്രാന്ത്

 

ഞങ്ങൾ പരസ്പരം അടുക്കുമ്പോഴും എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ വിലങ്ങുതടിയായ് നിലനിൽക്കുന്നുണ്ടെന്ന് അവളുടെ കരിമഷിക്കണ്ണുകൾ പറയാതെ പറഞ്ഞിട്ടുണ്ടെന്നോട്

 

കാര്യം തിരക്കാറുള്ളപ്പോഴൊക്കെ എന്തേലും ലൊട്ടു ന്യായങ്ങൾ പറഞ്ഞവൾ ഒഴിഞ്ഞു മാറും. എനിക്ക് അവളെയും അവൾക്ക് എന്നെയും ഇഷ്ട്ടമാണെന്നുള്ളത് ഞങ്ങൾ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും അറിയാമായിരുന്നു

 

രണ്ടു പേരും പരസ്പരമത് പറയാതെ പ്രണയിക്കുന്നതിന്റെ ഒരു ഫീൽ ഉണ്ടല്ലോ അതൊന്നു വേറെത്തന്നെയാണ്

 

കോളേജ് യൂണിയൻ ഇനോഗ്രേഷന്റെ അന്നാണ് എന്റെ ചങ്ക് ആ സത്യമെന്നോട് പറയുന്നത് അവൾക്ക് എന്നേക്കാൾ രണ്ട് വയസ്സ് കൂടുതലാണത്രേ അവൻ സ്റ്റാഫ് റൂമിൽ കയറിയപ്പോൾ അവളുടെ സർട്ടിഫിക്കറ്റ് കണ്ടുവെന്നെന്നോട് പറയുമ്പോൾ മനസ്സ് ഞാനറിയാതെത്തന്നെ അസ്വസ്ഥമായിക്കൊണ്ടിരുന്നു

 

അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ് അച്ഛന് ജോലിയിൽ സ്ഥലം മാറ്റം കിട്ടിയപ്പോൾ പഠിച്ചു കൊണ്ടിരുന്ന കോഴ്സ് പാതി വഴിക്ക് ഉപേക്ഷിച്ച് ഇവിടെ ഡിപ്ലോമയ്ക്ക് ചേരുകയായിരുന്നു അവൾ

 

പിന്നീടൊക്കെ അവൾ കാണിച്ച അകലം ഞാനും കാണിച്ചു തുടങ്ങി ഒരു ചോറ്റുപാത്രത്തിലൊതുങ്ങാറുള്ള ഞങ്ങളുടെ വിശപ്പ് ഇരു പാത്രങ്ങളിലേക്കായി വഴിതിരിഞ്ഞു

 

ഭയമായിരുന്നു ഇഷ്ട്ടം തുറന്നു പറയാനായി, ചിലപ്പോൾ ഒരു അനിയന്റെ സ്ഥാനത്താണ് അവളെന്നെ കണ്ടത് എന്നെങ്ങാനുo പറഞ്ഞിരുന്നെങ്കിൽ

 

അത്, അതെനിക്ക് താങ്ങാനാവില്ല, ഒരു പക്ഷെ അവളുടെ മനസ്സിലും ഇതേ ചിന്ത ആയിരിക്കുമോ എന്ന് പോലും ചിന്തിച്ചിരുന്നില്ല ഞാൻ, പിന്നെയൊക്കെ അടുപ്പത്തിന് അതിർവരമ്പുകൾ ഞാൻ സ്വയം തീർത്തു തുടങ്ങിയപ്പോ നെഞ്ചകം ഉരുകിയടിയുകയായിരുന്നു വെണ്ണീറുപോലെ

 

ചിലയിഷ്ട്ടങ്ങൾ അങ്ങനെയാണ് ഹൃദയത്തിന്റെ കോണിലങ്ങനെ തളം കെട്ടിക്കിടക്കുo നീർത്തടത്തിലെ എണ്ണപ്പാട കണക്കേ

 

കോളേജ് കഴിഞ്ഞ് അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇടറിയയെന്റെ ചുണ്ടിലൊരൽപ്പം പുഞ്ചിരിപ്പൂ വിരിയിച്ചെടുത്തുമ്പോൾ ഉള്ളിൽ കലാശക്കൊട്ടിന്റെ ചെണ്ട മേളം മുഴങ്ങുകയായിരുന്നു, സഫലമാകാത്തയെന്റെ പ്രണയത്തിന്റെ അന്ത്യം ആ കോളേജിലെ സെന്റ് ഓഫിന്റെ കൂട്ടക്കയ്യടിയിൽ മുഴങ്ങിത്തീരുകയായിരുന്നു

 

പിന്നീട് വർഷങ്ങൾക്കു ശേഷം ഇന്നാണ് അവളെ കാണുന്നത്

 

കൃഷി ഓഫീസിൽ ആധാർ കാർഡ് അറ്റസ്റ്റ് ചെയ്യാൻ പോയപ്പോൾ കൃഷി ഓഫീസറുടെ ചെയറിൽ ഗൗരവഭാവത്തിൽ ഇരിക്കുന്നുണ്ടായിരുന്നു അവൾ, തികച്ചും ഒഫീഷ്യലായി ഞാനവളെ വിളിച്ചു

 

” മാഡം”

 

എന്താ കാര്യം എന്ന അർത്ഥത്തിൽ അറിയാത്ത ഭാവത്തിലാണ് അവളും ഇരുന്നത്

 

” നമ്മൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, ഓർമ്മയില്ലെ മാഡത്തിന്റെ ക്ലാസ്സിൽ പഠിച്ച ശരൺ ആണ് ഞാൻ ”

 

” പരിചയം പുതുക്കാൻ വന്നതാണോ, ഇയാള് കാര്യം പറ, എനിക്കിവിടെ നൂറ് കുട്ടം പണിയുള്ളതാണ് ”

 

ആധാർ കാർഡിന്റെ കോപ്പി അവളെയും ഏൽപ്പിച്ചപ്പോഴും എന്റെ നോട്ടം അവളുടെ തിരുനെറ്റിയിലേക്ക് മാത്രമായിരുന്നു

 

ഇല്ലാ ആ നെറ്റിയിൽ ഒരു നുള്ള് സിന്ധൂരമാരും തൊടീച്ചിട്ടില്ല

 

” താനൊരു കാര്യം ചെയ്യ്, സീല് ഇപ്പൊ ഇവിടെ ഇല്ല, സന്ധ്യക്ക് എന്റെ വീട്ടിലേക്ക് വന്നാ മതി കോപ്പി ഞാൻ തരാം”

 

അതും പറഞ്ഞ് വീടിന്റെ അഡ്രസ്സെനിക്ക് തന്നു,

 

അതും വാങ്ങി തിടുക്കത്തിൽ ഞാനോടിച്ചെന്നത് അവിടുത്തെ പ്യൂണിന്റെ അരികിലേക്കായിരുന്നു

 

മാഡം മാരീഡ് ആണോയെന്ന് ഞാൻ ചോദിച്ചപ്പോൾ, ഒരു കള്ളച്ചിരിയോടെയയാളെനിക്ക് മറുപടി തന്നു അറിയില്ല സാറിന് നോക്കാനാണോ എന്ന്

 

ആ സംശയവും ഉള്ളിലിട്ടാണ് സന്ധ്യയ്ക്ക് ഞാനവളുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്

 

ഒരു അഥിതിയേപ്പോലെ ആണ് അവിടുത്തെ അമ്മയെന്നെ സ്വീകരിച്ചത്

 

” അമ്മേ ഞാൻ പറഞ്ഞിട്ടില്ലേ ഇതാണ് ശരൺ, ഇത്രനാളായും അമ്മ കാണാൻ കൊതിച്ചിരുന്ന എന്റെ പഴയ കോളേജ് മേറ്റ് ”

 

അവളതു പറഞ്ഞപ്പോൾ ഞാൻ സ്വയം ആലോചിച്ചു ഒരിക്കൽ പോലും അവളേക്കുറിച്ച് ഞാനെന്റെ അമ്മയോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം, സൂചന കൊടുത്തപ്പോത്തന്നെ ഇത്രയും വൈകിപ്പോയി

 

“വിവാഹം കഴിഞ്ഞതാണോ? ഹസ്സ് എന്തു ചെയ്യുന്നു?”

 

ആ ചോദ്യം കേട്ടപ്പോഴേക്കും അവൾ തെല്ലൊന്ന് പുഞ്ചിരിച്ചു

 

” ഇതുവരെ ഇല്ല , ഇനിയങ്ങോട്ട് കഴിക്കണോ വേണ്ടയോ എന്ന് ഇദ്ദേഹം തീരുമാനിക്കും”

 

പറഞ്ഞു തീർന്നതും എന്റെ അമ്മ ചിരിച്ചു കൊണ്ട് അവരുടെ വീടിന്റെ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു

 

പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഞാനമ്മയെ തന്നെ നോക്കി നിന്നു

 

” ചോദിച്ചില്ലെ ഹസ്സ് എന്തു ചെയ്യുന്നു എന്ന് , ഇപ്പോ ദേ എന്റെ മുൻപിലിരുന്ന് ചായ കുടിക്കുന്നു” എന്നവൾ പറഞ്ഞപ്പോൾ അമ്മയുടെ മുൻപിൽ വച്ച് നാണത്താൽ മുഖം മറയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു

 

” ടാ മരക്കോന്താ, നീയെന്നോട് പറഞ്ഞിട്ടില്ലെങ്കിലും ഇവളെന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ അവൾക്ക് ഇഷ്ട്ടമാണെന്ന്, നിന്നേ ആണ് ചോദിക്കാൻ ഇവര് വന്നിണ്ടാർന്നു വീട്ടിലേക്ക്, ഞാനത് മനപ്പൂർവ്വം പറയാതിരുന്നതാ നിന്നോട് ,ഞാനതങ്ങ് ഉറപ്പിച്ചു നിന്നോട് ചോദിക്കാതെത്തന്നെ

 

“പിന്നെ ഇപ്പൊ കഴിഞ്ഞത് വെറുമൊരു ചടങ്ങ് , നിന്റെ പെണ്ണുകാണൽ ചടങ്ങ് ”

 

ടാ ഉണ്ണീ പ്രണയത്തിന്റെ കാര്യത്തിൽ പ്രായത്തിനൊക്കെ പുല്ല് വിലയാടാ എന്നമ്മ പറഞ്ഞപ്പോൾ ഓടിച്ചെന്നാ കവിളിൽ മുത്തുകയായിരുന്നു ഞാൻ

Leave a Reply

Your email address will not be published. Required fields are marked *