കാര്യം കണ്ട് കഴിയുമ്പോൾ, അവൻമാര് പാട്ടിന് പോകും, പിന്നെ പൊടിയിട്ട് നോക്കിയാൽ പോലും കാണില്ല

രചന: Saji Thaiparambu

 

“ദേ പെണ്ണേ … കൊറേ കാലമായി, ഞാൻ നിൻ്റെ പുറകെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് ,എന്തേലും ഒന്ന് വാ തൊറന്ന് പറ”

 

ടിപ്പർ ലോറിയുടെ ഇരമ്പൽ കേട്ടപ്പോഴെ, മായയ്ക്ക് നെഞ്ചിടിപ്പ് തുടങ്ങിയിരുന്നു, അയാളുടെ കണ്ണിൽ പെടാതിരിക്കാനായി, കുട കൊണ്ട് മറച്ച് പിടിച്ച്, റോഡിൻ്റെ അരിക്ക് പറ്റി നടന്നെങ്കിലും, അയാൾ തന്നെ കണ്ടു പിടിച്ചെന്ന് അവൾക്ക് മനസ്സിലായി.

 

“നിൻ്റെ മറുപടി കിട്ടിയിട്ട് വേണം എൻ്റെ വീട്ടുകാരെ നിൻ്റെ വീട്ടിലേക്ക് അയക്കാൻ ,ഈ നാട്ടിൽ വേറെ പെമ്പിള്ളാരില്ലാഞ്ഞിട്ടല്ല ,പക്ഷേ നിന്നെ കണ്ട് കഴിഞ്ഞപ്പോൾ മുതൽ, എനിക്ക് മറ്റാരെയും ഇഷ്ടപ്പെടാൻ കഴിയുന്നില്ല”

 

ലോറി സൈഡാക്കി നിർത്തിയിട്ട്, അയാളിറങ്ങി വന്ന് അവളോടൊപ്പം നടക്കാൻ തുടങ്ങി.

 

“എനിക്ക് നിങ്ങളെ പേടിയാ ,അത് കൊണ്ട് തന്നെ നിങ്ങളെ എനിക്ക് ഇഷ്ടപ്പെടാനും കഴിയില്ല ,ഞാൻ നിങ്ങളിൽ നിന്നും എത്ര പ്രാവശ്യം ഒഴിഞ്ഞ് മാറി നടന്നിരിക്കുന്നു, എന്നിട്ടും നിങ്ങൾക്കത് മനസ്സിലായില്ലേ?

 

എവിടുന്നോ കിട്ടിയ ധൈര്യം സംഭരിച്ച്, ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു.

 

മുഖമടച്ച് ഒരടി കിട്ടിയ പോലെ അയാൾ സ്തബ്ധനായി നിന്നു പോയി .

 

അയാൾ തന്നെ പിന്തുടരുന്നില്ലെന്നുറപ്പായപ്പോഴാണ്, അവൾക്ക് ശ്വാസം നേരെ വീണത് ,ആശ്വാസത്തോടെ അവൾ കാല് വലിച്ച് വച്ച് നടന്നു.

 

ചൂളത്തെരുവിലെവിടെയോ ആണ് അയാളുടെ വീടെന്ന്, കൂട്ടുകാരി ദേവിക പറഞ്ഞുളള അറിവ് മാത്രമേ മായയ്ക്കുളളു.

 

ആറടി പൊക്കമുള്ള

ആജാനുബാഹുവായ കറുത്തിട്ടൊരാൾ ,കൊമ്പൻ മീശയും, കണ്ണുകളിലെ ചുവപ്പും ആകെ കൂടി ഒരു തെരുവ് ഗുണ്ടയുടെ ലുക്കായിരുന്നു അയാൾക്ക്.

 

“നിൻ്റെ തൊലി വെളുപ്പ് കണ്ടിട്ടാടീ..ഇവൻമാരൊക്കെ നിൻ്റെ പുറകെ മണപ്പിച്ച് വരുന്നത് ,

 

കാര്യം കണ്ട് കഴിയുമ്പോൾ, അവൻമാര് പാട്ടിന് പോകും, പിന്നെ പൊടിയിട്ട് നോക്കിയാൽ പോലും കാണില്ല, അല്ലേലും ഈ ലോറിക്കാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല ,അവര് ചെല്ലുന്നിടത്തൊക്കെ പെണ്ണുങ്ങളുണ്ടാവും”

 

ദേവിക പറഞ്ഞതൊക്കെ വസ്തുതകളാണെന്ന്, മായയ്ക്കും തോന്നിയിരുന്നു.

 

കോളേജ് കാലം തൊട്ടേ, തൻ്റെ പുറകെ പലരും നടന്നിട്ടുണ്ട് ,അത് താൻ സുന്ദരിയായത് കൊണ്ടല്ലേ?

 

അയാൾക്ക് തന്നോട് തോന്നിയത്, തൻ്റെ തൊലി വെളുപ്പിനോടുള്ള ആകർഷണം മാത്രമാണ്, ദേവിക പറഞ്ഞത് പോലെ, തന്നെ അയാൾ ഭ്രമം തീരുമ്പോൾ, കറിവേപ്പില പോലെ പുറം തള്ളും ,അല്ലെങ്കിലും

കോളേജ് ബോയ്സിൽ, പലരും സുന്ദരന്മാരായിരുന്നു, അവരോട് തനിക്ക് പ്രണയം തോന്നിയിട്ടില്ല ,പിന്നെയാ ഇയാളോട് തോന്നാൻ പോകുന്നത്.

 

അയാളുടെ രൂപം മനസ്സിൽ ഒരു പുശ്ചത്തോടെ കുഴിച്ച് മൂടിയിട്ട് മായ വീട്ടിലേക്ക് നടന്നു.

 

##########$$$#########

 

“ചെറുക്കൻ നല്ല വിദ്യാസമ്പന്നനും ,സൽസ്വഭാവിയുമാണ് ,മാത്രമല്ല ബാംഗ്ളൂരിൽ വലിയൊരു കമ്പനിയിലെ അസിസ്റ്റൻ്റ് മാനേജരുമാണ്”

 

അമ്മാവനാണ്, കാർത്തിക്കിൻ്റെ ആലോചനയുമായി വന്നത്.

 

ഫോട്ടോ കണ്ടപ്പോൾ, മായയ്ക്കുo പയ്യനെ ഒരു പാടിഷ്ടമായി.

 

പിന്നെ പെണ്ണ് കാണലും, കല്യാണമുറപ്പിക്കലും വളരെ വേഗത്തിലായിരുന്നു.

 

കല്യാണത്തിനുള്ള മുഹൂർത്തം, ആറ് മാസത്തിന് ശേഷമേയുള്ളു എന്നറിഞ്ഞപ്പോൾ, കാത്തിരിക്കാൻ ഇരുകൂട്ടരും തയ്യാറായി .

 

അപ്പോഴേക്കും, അവർ പരസ്പരം ഒരു പാട് അടുത്ത് കഴിഞ്ഞിരുന്നു.

 

മണിക്കൂറുകളോളം നീളുന്ന ചാറ്റിങ്ങും, വീഡിയോ കോളുകളും അവരുടെ പ്രണയത്തെ ദൃഡമാക്കി.

 

“നീയില്ലാത്തൊരു നിമിഷത്തെക്കുറിച്ച് പോലും, എനിക്കിപ്പോൾ ചിന്തിക്കാനാവുന്നില്ല”

 

“ശരിയാണ് കാർത്തിക്ക്, എൻ്റെ ഹൃദയമിടിപ്പ് പോലും, ഇപ്പോൾ നിൻ്റെ പേരാണ് ഉച്ചരിക്കുന്നത്”

 

പ്രണയാതുരമായ സംഭാഷണങ്ങളിൽ മുഴുകിക്കൊണ്ടാണവൾ, വരാന്തയിലിരുന്ന് അച്ഛൻ വിളിച്ച് ചോദിച്ച, തൈലത്തിൻ്റെ കുപ്പിക്ക് വേണ്ടി, സ്റ്റോർ റൂമിലെ അലമാരയുടെ മുകളിൽ പരതിയത്.

 

പക്ഷേ ,അബദ്ധവശാൽ അവളുടെ കൈ തട്ടി, മുകളിലിരുന്ന റബ്ബർഷീറ്റുണ്ടാക്കാൻ ഉപയോഗിക്കുന്ന വീര്യം കൂടിയ ആസിഡിൻ്റെ ടിന്ന് മറിഞ്ഞ്, അവളുടെ തലവഴി വീണു.

 

അകത്ത് നിന്ന് മായയുടെ അലർച്ചകേട്ട് ഓടി വന്ന, അവളുടെ അച്ഛനും അമ്മയും കണ്ടത് ,മുഖം പൊത്തി പിടിച്ച് നിലവിളിക്കുന്ന മകളെയാണ്,

 

നിലത്ത് വീണ് കിടക്കുന്ന ആസിഡ് കുപ്പി കണ്ടപ്പോൾ, കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ, മായയുടെ അച്ഛൻ ,അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകാനുളള വണ്ടി വിളിക്കാനായി, റോഡിലേക്കിറങ്ങി.

 

നേരമിരുട്ടിയാൽ പിന്നെ, ആ വഴിയിൽ കൂടി അധികം വാഹനങ്ങൾ വരാറില്ല.

 

ദൂരെ നിന്ന്, രണ്ട് ഹെഡ് ലൈറ്റിൻ്റെ വെളിച്ചം കണ്ടപ്പോൾ, അയാൾ റോഡിലേക്ക് കയറി നിന്ന് കൈ വീശിക്കാണിച്ചു.

 

വണ്ടി അടുത്ത് വന്ന് ബ്രേക്കിട്ട് നിന്നപ്പോഴാണ്, അതൊരു ടിപ്പർ ലോറിയാണെന്ന് മനസ്സിലായത്.

 

ഡ്രൈവറോട് കാര്യം പറഞ്ഞപ്പോൾ, അയാളും കൂടി ഇറങ്ങി വന്ന്, മായയെ ലോറിയിലേക്ക് കയറാൻ സഹായിച്ചു.

 

വെന്തുരുകുന്ന വേദനയിൽ, തന്നെ കോരിയെടുത്ത് ,ലോറിക്കുള്ളിലേക്ക് കയറ്റി കിടത്തിയ ഡ്രൈവർ, താൻ വെറുക്കപ്പെട്ടയാളാണെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല.

 

മായയെ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയപ്പോൾ, അച്ഛൻ്റെ ഫോണിലേക്ക് കാർത്തിക്കിൻ്റെ ഫോൺ വന്നു.

 

“എന്താ അച്ഛാ .. മായയ്ക്ക് എന്ത് പറ്റി ,സംസാരിച്ചിരുന്നപ്പോൾ ഒരു നിലവിളി കേട്ട്, ഫോൺ കട്ടായതാ ,പിന്നെ വിളിച്ചിട്ടൊന്നും കിട്ടുന്നില്ല”

 

ഉത്കണ്ഠയോടെ അവൻ ചോദിച്ചു.

 

മായയുടെ അച്ഛൻ വിവരങ്ങൾ ധരിപ്പിച്ചു.

 

പിറ്റേന്ന് ഉച്ചയോട് കൂടി,

കാർത്തികും വീട്ടുകാരുമെത്തി.

 

ICU വിലുള്ള പേഷ്യൻ്റിനെ കാണാൻ, കാർത്തിക്കിനെ മാത്രമേ അനുവദിച്ചുള്ളു.

 

അയാൾ കയറി ചെല്ലുമ്പോൾ, മായ നല്ല മയക്കത്തിലായിരുന്നു ,മുഖത്തിൻ്റെ ഇടത് ഭാഗമൊഴിച്ചെല്ലാം, ബാൻഡേജ് കൊണ്ട് പൊതിഞ്ഞിരുന്നു.

 

കുറച്ച് നേരം നോക്കി നിന്നിട്ട്, അവളെ ഉണർത്താതെ കാർത്തിക് ,അവിടെ നിന്നിറങ്ങി ഡോക്ടറുടെ റൂമിലേക്ക് ചെന്നു.

 

“ജീവൻ തിരിച്ച് കിട്ടിയതിലാശ്വസിക്കാം, പക്ഷേ ആ കുട്ടിയുടെ മുഖത്തിൻ്റെ വലത് ഭാഗവും കണ്ണും ഡാമേജായി പോയി ,പ്ളാസ്റ്റിക് സർജറി കൊണ്ട് ഒരു പരിധി വരെ വൈരൂപ്യത്തെ മറക്കാൻ കഴിഞ്ഞാലും ,നഷ്ടപ്പെട്ടു പോയ കണ്ണിന് പരിഹാരമൊന്നുമുണ്ടാക്കാൻ കഴിയില്ല”

 

ഡോക്ടറുടെ വാക്കുകൾ കേട്ട് തളർന്നിരുന്ന ,കാർത്തിക്കിനെ ഓപ്പറേഷൻ തീയറ്ററിൽ വച്ച്, അദ്ദേഹം മൊബൈലിൽ പകർത്തിയ, മായയുടെ മുഖത്തിൻ്റെ വൈകൃതം കാണിച്ച് കൊടുത്തു.

 

അയാൾ ഒന്നേ നോക്കിയുള്ളു ,യാത്ര പോലും പറയാതെ, കാർത്തിക് വേഗം ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു.

 

കാർത്തിക്കിൻ്റെ കൂടെ വന്നവർ കാര്യമൊന്നുമറിയാതെ, മായയുടെ അച്ഛനോട് പോയിട്ട് വരാമെന്ന് പറഞ്ഞ്, അവനെ അനുഗമിച്ചു.

 

ദിവസങ്ങൾ കടന്ന് പോയി.

 

വാർഡിലേക്ക് കൊണ്ട് വന്ന മായയ്ക്ക്, തൻ്റെ അവസ്ഥയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടിവന്നു.

 

അവൾ മൊബൈലെടുത്ത് നോക്കി .

 

തൻ്റെ ഫോണിൽ, കുമിഞ്ഞ് കൂടി കിടക്കുന്ന ,കാർത്തിക്കിൻ്റെ മിസ്സ്ഡ് കോളുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, നിരാശയായിരുന്നു ഫലം.

 

വാട്സപ്പിലെ മെസ്സേജുകളും, തനിക്ക് ആക്സിഡൻ്റുണ്ടായ ദിവസം വരെ വന്നതേയുണ്ടായിരുന്നുള്ളു.

 

വാട്സപ്പിലും മെസ്സഞ്ചറിലുമൊന്നും, ഓൺലൈനായി അവനെ കിട്ടാതായപ്പോൾ, മായയുടെ ആശങ്ക വർദ്ധിച്ചു.

 

മകളുടെ വെപ്രാളം കണ്ട്, അവളുടെ അച്ഛൻ ,കാർത്തിക്കിൻ്റെ മാതാപിതാക്കളെ വിളിച്ചു.

 

“ങ്ഹാ ,ഞങ്ങളങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു, കാർത്തിക്കിന് പ്രമോഷൻ കിട്ടി, യുഎസ്സിലെ കമ്പനിയിലേക്കവൻ പോയി ,പിന്നെ അവന് വേണ്ടി ഇനി കാത്തിരിക്കേണ്ടെന്ന്, മായയോട് പറയാൻ പറഞ്ഞു, അവൻ്റെ ഭാവിയല്ലേ ?അതിൽ കൈകടത്താൻ ഞങ്ങൾക്കും കഴിയില്ലല്ലോ ?ഞങ്ങളോടൊന്നും തോന്നരുത്”

 

അച്ഛൻ ഫോൺ ചെയ്തപ്പോഴെ , സ്പീക്കർ ഫോണിലിടാൻ പറഞ്ഞത് കൊണ്ട്, മായയും കാർത്തിക്കിൻ്റെ വീട്ടുകാർ പറഞ്ഞത് കേട്ടു.

 

അവളുടെ മുഖത്ത് നിർവ്വികാരത നിറഞ്ഞ് നിന്നു.

 

“ഞാനിത് പ്രതീക്ഷിച്ചിരുന്നതാണച്ഛാ…

എല്ലാ പ്രണയത്തിൻ്റെയും അടിസ്ഥാനം പുറംമോടി മാത്രമാണെന്ന് ഞാനിപ്പോൾ തിരിച്ചറിഞ്ഞച്ഛാ ,

 

സൗന്ദര്യമുണ്ടെങ്കിലേ സ്നേഹമുണ്ടാവു ,

അതില്ലാതാവുന്നതോടെ അവിടെ വെറുപ്പ് നിറയും ,ഇനി മുതൽ എല്ലാവരുടെ മുന്നിലും ,ഞാൻ വെറുക്കപ്പെട്ടവളായി കഴിയണമല്ലേ അച്ഛാ..”

 

അവൾ പൊട്ടിക്കരഞ്ഞു.

 

“ഇല്ല മോളേ.. ആര് വെറുത്താലും അച്ഛനും അമ്മയ്ക്കും, നിന്നെ വെറുക്കാനാവില്ല”

 

അയാൾ മകളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

 

“ആങ്ഹാ… ഇതെന്താ എല്ലാവരും കൂടി കൂട്ട കരച്ചിലാണല്ലോ ?

 

പെട്ടെന്നാണ്, അയാൾ അവിടേക്ക് കടന്ന് വന്നത്.

 

“ങ്ഹാ മോളേ… ഇത് രഘുവാണ് ,ഇയാളുടെ ലോറിയിലാണ്, അന്ന് നമ്മൾ ആശുപത്രിയിലേക്ക് വന്നത് ,അത് മാത്രമല്ല ,അന്ന് മുതലിന്ന് വരെ ദിവസവും ,ഇയാളിവിടെ വന്ന് മോളുടെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്,

 

ചില ദിവസങ്ങളിലൊക്കെ ,മരുന്നും മറ്റും പുറത്ത് പോയി വാങ്ങിത്തരുന്നതും ഇയാളാണ് ,അത് കൊണ്ട് തന്നെ, ഇങ്ങനെയൊരു സാഹചര്യത്തിൽ ,ഒരു മകനില്ലാത്തതിൻ്റെ കുറവ് അച്ഛനറിഞ്ഞില്ല”

 

അച്ഛൻ പരിചയപ്പെടുത്തിയ ആളെക്കണ്ട്, മായ ഞെട്ടി.

 

“അയ്യോ, അങ്ങനെയൊന്നും പറയേണ്ട ,ഏതൊരു സാധാരണ മനുഷ്യനും ചെയ്യുന്നതേ, ഞാനും ചെയ്തുള്ളു ,പിന്നെ നിങ്ങൾ പറഞ്ഞില്ലേ? ഒരു മകനില്ലെന്ന് ,വേണമെങ്കിൽ ഞാനൊരു മരുമകനായിക്കൊള്ളാം ,നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ, എന്നെ മകനായി കണ്ടാൽ മതി”

 

അയാൾ ചിരിച്ച് കൊണ്ട്, ലാഘവത്തോടെ പറയുന്നത് കേട്ട്, അച്ഛനും മകളും ഞെട്ടി.

 

“അയ്യോ മോനേ.. അത് ,അവളെ മോൻ ശരിക്ക് കണ്ടതല്ലേ ,മോനേ പോലെ അരോഗദൃദ്ധഗാത്രനായ ഒരാൾക്ക്, എൻ്റെ മോളെ ഈ കോലത്തിൽ സ്വീകരിക്കാൻ പറ്റുമോ ?മോനത് ബുദ്ധിമുട്ടാവില്ലേ?

 

“എൻ്റെ അച്ഛാ… അതിലൊക്കെ എന്തിരിക്കുന്നു ,ഇവളെ ഞാൻ അതീവ സുന്ദരിയായായിരിക്കുമ്പോഴാണ് ,ആദ്യമായി കാണുന്നത് ,

 

അപ്പോൾ തന്നെ എനിക്കിഷ്ടപ്പെടുകയും, ആ ഇഷ്ടം ഞാൻ ഇവളോട് തുറന്ന് പറയുകയും ചെയ്തതാ, അതേ ഇഷ്ടം തന്നെയാണ്, എനിക്കിപ്പോഴുമുള്ളത് ,ഈ ഉള്ളിൽ തട്ടിയ ഇഷ്ടമെന്ന് പറയുന്നത് ,കോലത്തിനനുസരിച്ച് മാറുന്ന ഒന്നല്ല ,

 

മായയ്ക്ക് സമ്മതമാണെങ്കിൽ, ഇനി ഞാൻ വീട്ടുകാരെ അയയ്ക്കാനൊന്നും നില്ക്കുന്നില്ല ,ഇവിടുന്ന് ഡിസ്ചാർജായി കഴിഞ്ഞാലുടനെ,

അമ്പലത്തിൽ വച്ച്, എല്ലാവരുടെയും അനുഗ്രഹത്തോടെ, ഒരു താലികെട്ട കെട്ട് ,എന്ത് പറയുന്നു”

 

രഘുവിൻ്റെ ചോദ്യത്തിന് മറുപടി പറയാനാവാതെ മായ പൊട്ടിക്കരഞ്ഞ് പോയി.

 

“സാരമില്ല കരയേണ്ട ,എല്ലാം ശരിയാവും ,ഇനി മുതൽ ഞാനുമുണ്ടാവും ഒരു നിഴല് പോലെ ,നിൻ്റെ സമ്മതം കിട്ടുന്നത് വരെ ഞാൻ കാത്തിരിക്കാൻ തയ്യാറാണ് ,ഇപ്പോൾ ഞാൻ പോകുന്നു”

 

മായ മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുന്നത് വരെ, അവളെ സ്വൈര്യമായി വിട്ട് കൊണ്ട്, രഘു പുറത്തേയ്ക്കിറങ്ങി പോയി .

 

ആ പോകുന്ന ആറടി ഉയരമുള്ള ശരീരത്തിനുള്ളിൽ ,അതിലും

എത്രയോ ഇരട്ടി വലുപ്പമുള്ള മനസ്സാണുള്ളതെന്ന് ,അവൾ അഭിമാനത്തോടെ ഓർത്തു.

 

ആ മനുഷ്യൻ്റെ കൊമ്പൻ മീശയും, ചുവന്ന കണ്ണുകളും പുറം  മോടി മാത്രമാണെന്നും, അയാളുടെ ചിറകിനടിയിലാണ് തനിക്ക് ഏറ്റവും സുന്ദരവും സുരക്ഷിതവുമായ ജീവിതമുള്ളതെന്നും മനസ്സിലാക്കിയ, മായയുടെ പ്രതീക്ഷകൾക്ക് നാമ്പ് മുളച്ചുതുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *