കണ്ടവനെയൊക്കെ വിളിച്ച് വീട്ടിൽ കയറ്റിയ നീയാണോ, എന്നോട് വലിയ പതിവ്രത ചമയ്യുന്നത്?

(രചന: Saji Thaiparambu)

 

പാർവ്വതി ബ്ളൗസ്സ് വാങ്ങാൻ വരുമ്പോൾ, പാകമാണോന്നറിയാൻ എന്തായാലും അവളത് അണിഞ്ഞ് നോക്കാതിരിക്കില്ല,

 

ആ സമയത്ത് അവളറിയാതെ നീ നിൻ്റെ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്യണം, എന്നിട്ടത് എൻ്റെ ഫോണിലേക്ക് സെൻഡ്‌ ചെയ്യണം മനസ്സിലായോ?

 

അയ്യേ ചേട്ടാ… നിങ്ങളെന്ത് വൃത്തികേടാണീ പറയുന്നത്?

സ്വന്തം ഭാര്യയുടെ മുഖത്ത് നോക്കി ഇങ്ങനൊക്കെ പറയാൻ നിങ്ങൾക്ക് യാതൊരു ഉളുപ്പുമില്ലേ?

 

നിനക്ക് വൃത്തികേട് കാണിക്കാമെങ്കിൽ പിന്നെ എനിക്കെന്താടീ കാണിച്ചാല് ?

ഞാനും കുഞ്ഞുങ്ങളുമില്ലാത്ത നേരത്ത് കണ്ടവനെയൊക്കെ വിളിച്ച് വീട്ടിൽ കയറ്റിയ നീയാണോ, എന്നോട് വലിയ പതിവ്രത ചമയ്യുന്നത്?

 

അന്നെന്താ സംഭവിച്ചതെന്ന് ഞാൻ പറഞ്ഞല്ലോ? ഗ്യാസ് സിലിണ്ടറ് കൊണ്ട് വയ്ക്കാൻ വന്ന പയ്യനാണവൻ ,എനിക്ക് പണ്ട് മുതലേ അറിയാവുന്നവൻ എന്നെ പെങ്ങളെ പോലെയാണവൻ കാണുന്നത്

നിങ്ങള് പെട്ടെന്ന് കയറി വന്നപ്പോൾ അവൻ ഷർട്ടില്ലാതെ നിന്നതിനല്ലേ നിങ്ങളെന്നെയിങ്ങനെ സംശയിക്കുന്നത്?

 

അതവൻ സിലിണ്ടറ് കണക്ട് ചെയ്യാൻ നേരം ഷർട്ട് ഗ്രില്ലിൽ ഉടക്കി തയ്യല് വിട്ടത് ഞാൻ തുന്നിക്കൊടുക്കാൻ

വേണ്ടി ഊരി വാങ്ങിയതാണെന്ന് എത്ര പ്രാവശ്യം പറഞ്ഞു, ഇനിയും നിങ്ങൾക്കെന്നെ വിശ്വാസമായില്ലേ?

 

അതൊന്നും അത്ര പെട്ടെന്ന് വിശ്വസിക്കാൻ ഞാനത്ര മണ്ടനൊന്നുമല്ലടീ.. നിൻ്റെ അവിഹിത ബന്ധത്തെക്കുറിച്ച് നിൻ്റമ്മയോടെല്ലാം തുറന്ന് പറഞ്ഞ് ,നിന്നെയും മക്കളെയും വീട്ടിൽ കൊണ്ടാക്കാൻ ശ്രമിച്ച എന്നെ, നീയല്ലേ തടഞ്ഞത് ? ,

 

എന്നിട്ടെന്താ പറഞ്ഞത് ?അമ്മയറിഞ്ഞാൽ,

ഹാർട്ടറ്റാക്ക് വരുമെന്നും,

ഒരു കാരണവശാലും അമ്മയോടൊന്നും പറയരുതെന്നും ,ഏട്ടൻ പറയുന്നതെന്തും ഞാൻ അനുസരിച്ചോളാമെന്നും നീയെനിക്ക് വാക്ക് തന്നത് മറന്ന് പോയോ ?

 

അയ്യോ ചേട്ടാ .. വേണ്ട ,പാവമാണെൻ്റമ്മ ,

ഞങ്ങള് മൂന്ന് പെൺമക്കളെ ഒരു പാട് കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത് ,എന്നിട്ടും എന്നെ മാത്രമേ വിവാഹം കഴിച്ചയക്കാൻ അമ്മയ്ക്ക് സാധിച്ചുള്ളു, ഇനിയും രണ്ട് പേരെ കൂടി ആരുടെയെങ്കിലും കൈയ്യിൽ ഏല്പിച്ചിട്ട് വേണം,

 

എനിക്കൊന്ന് വിശ്രമിക്കാനെന്ന് പറഞ്ഞ്, രാവും പകലും തയ്യൽ മെഷീൻ ചവിട്ടിയാണ് ആ പാവം ജീവിക്കുന്നത് ,ഇല്ലാത്ത കാരണങ്ങളുണ്ടാക്കി നിങ്ങളെന്നെ ഉപേക്ഷിച്ചാൽ എൻ്റെ അമ്മ നെഞ്ച് പൊട്ടി മരിക്കും ,അമ്മ ജീവനോടെയിരുന്നോട്ടെ ചേട്ടാ ..,

 

നിങ്ങൾക്ക് വേണ്ട വീഡിയോ

ഞാൻ എങ്ങനെയെങ്കിലും എടുത്ത് തരാം, പക്ഷേ, ഒരിക്കലും നിങ്ങളല്ലാതെ മറ്റൊരാളെയും, അത് കാണിക്കരുത് ,മാത്രമല്ല നിങ്ങൾ കണ്ടതിന് ശേഷം, അത് ഡിലിറ്റ് ചെയ്ത് കളയുകയും വേണം ,കൊടും പാപമാണ് ഞാൻ ചെയ്യാൻ പോകുന്നത്,

 

എന്നെ പോലെ ഭർത്താവും മക്കളുമൊക്കെയുള്ള ഒരു കുടുംബിനിയാണവൾ ,

വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് ഞാനിത് ചെയ്യുന്നത്, പക്ഷേ ഇതോട് കൂടി നിങ്ങളെന്നെ ബ്ളാക്ക് മെയില് ചെയ്യുന്നത് നിർത്തിക്കോളാമെന്ന്

നിങ്ങളെനിക്ക് വാക്ക് തരണം,

 

ഓഹ് ,അങ്ങനാവട്ടെ,

ഞാനപ്പുറത്തുണ്ടാവും ,

വീഡിയോ

സെൻഡ് ചെയ്യാൻ മറക്കണ്ടാട്ടോ?

 

വളരെ ലാഘവത്തോടെ യാതൊരു കൂസലുമില്ലാതെ

ഭർത്താവ് , ബെഡ്റൂമിലേയ്ക്ക് പോകുമ്പോൾ,തയ്യൽ മെഷീനിന് മുന്നിൽ

ആര്യ തളർന്നിരുന്ന് പോയി.

 

പാറൂ.. നിനക്ക് വീട്ടിൽ പോയിട്ട് ഇട്ട് നോക്കിയാൽ പോരെ ?

 

ബ്ളൗസ് ധരിച്ച് നോക്കാനായി ചുരിദാറിൻ്റെ ടോപ്പ് മുകളിലേയ്ക്ക് ഊരാൻ ശ്രമിക്കുന്ന പാർവ്വതിയോട്, ആര്യ ശബ്ദം താഴ്ത്തി ചോദിച്ചു.

 

പോരെടീ… ഇവിടെ വച്ചാകുമ്പോൾ എന്തെങ്കിലും കുറവുണ്ടെങ്കിൽ ഇപ്പോൾ തന്നെ പരിഹരിച്ചിട്ട് പോകാമല്ലോ?

 

പറഞ്ഞ നിമിഷം കൊണ്ട് പാർവ്വതി ,അർദ്ധനഗ്നയായി ,

 

എന്തോ ,അവളുടെ തുമ്പപ്പൂ നിറമുള്ള കൊഴുത്തുരുണ്ട ശരീരം ആര്യയിൽ അറപ്പുളവാക്കി.

 

അത് തൻ്റെ ഭർത്താവിനോട് തോന്നിയ അവജ്ഞയാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.

 

കഴുത്ത് കുറച്ച് കൂടി ഇറക്കാമായിരുന്നു ആര്യേ …

 

അലമാരയിലെ കണ്ണാടിയിൽ നോക്കിക്കൊണ്ട് പാർവ്വതി പറഞ്ഞു.

 

അതിനി അടുത്ത പ്രാവശ്യമാവട്ടെ ,നീ വേഗം ചുരിദാറെടുത്തിട്പാറൂ.. നിനക്ക് നാണമില്ലേ? ഇങ്ങനെ മാറി നില്ക്കാൻ,,

 

ആര്യ ,അസ്വസ്ഥതയോടെ ചോദിച്ചു.

 

ഹത് കൊള്ളാം ,ഞാൻ നിൻ്റെ മുന്നിലല്ലേ നില്ക്കുന്നത് ? അല്ലാതെ നിൻ്റെ കെട്ടിയോൻ്റെ മുന്നിലല്ലല്ലോ?

 

പാർവ്വതിയുടെ ചോദ്യം കാരമുള്ള് പോലെ, ആര്യയുടെ ഹൃദയത്തിൽ കൊളുത്തി വലിച്ചു .

 

പാറു ,ചുരിദാറണിഞ്ഞ് മുറിക്ക് പുറത്തിറങ്ങുന്നത് വരെ ആര്യയുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു.

 

അവൾ ഗേറ്റ് കടന്ന് പോയിക്കഴിഞ്ഞപ്പോൾ ഷോക്കേയ്സിലെ ,

തുന്നാനുള്ള തുണികൾക്കിടയിൽ നിന്നും വീഡിയോ റെക്കോർഡ് ചെയ്ത് കൊണ്ടിരുന്ന തൻ്റെ മൊബൈൽ ഫോൺ ആര്യ,കൈയ്യിലെടുത്തു.

 

ഈ വീഡിയോ അയാൾക്ക് അയച്ച് കൊടുത്താൽ ചിലപ്പോഴത് ഷെയറ് ചെയ്ത് പോകാനിടയുണ്ട്

 

ഭർത്താവിൻ്റെ വാട്സാപ്പിലേയ്ക്ക് അയൽക്കാരിയുടെ അർദ്ധനഗ്ന വീഡിയോ ഷെയറ് ചെയ്യാതെ, അവൾ നേരെ ബെഡ് റൂമിലേയ്ക്ക് ചെന്നു ,

 

ദാ വേഗം കണ്ടിട്ട് എൻ്റെ ഫോൺ ഇങ്ങ് താ

 

അവൾ ഭർത്താവിൻ്റെ നേർക്ക് തൻ്റെ ഫോൺ വച്ച് നീട്ടി

 

നീയത് സെൻഡ് ചെയ്തേയ്ക്ക്

 

വേണ്ട നിങ്ങളത് എൻ്റെ ഫോണിൽ കണ്ടാൽ മതി

 

ആക്രാന്തത്തോടെ അയാൾ ഫോൺ തട്ടിപ്പറിച്ച് വാങ്ങി ആ വീഡിയോ പ്ളേ ചെയ്തു

 

തൻ്റെ ഭർത്താവ് അയൽക്കാരിയുടെ അർദ്ധനഗ്ന വീഡിയോ ആസ്വദിച്ച് കാണുമ്പോൾ അടുത്ത് തന്നെ നിന്ന ആര്യയ്ക്ക് തൻ്റെ ഉള്ളം കാലിലൂടെ ശരീരമാകമാനം പുഴുക്കൾ അരിച്ച് കയറുന്നത് പോലെയാണ് തോന്നിയത് .

 

മതി കണ്ടത് ,

 

വീഡിയോ തീർന്നതും വേഗം തന്നെയവൾ തൻ്റെ ഫോൺ തിരികെ വാങ്ങി അത് ഡിലിറ്റ് ചെയ്ത് കളഞ്ഞു.

 

തുന്നുന്ന മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആര്യ,കുറ്റബോധത്തോടെ, തയ്യൽ മെഷീനിൽ തല ചായ്ച് കൊണ്ട് ,ഏറെ നേരം കണ്ണീരോടെ കിടന്നു.

 

ആരാടീ ആ പോയത് പുതിയൊരു ഐറ്റമാണല്ലോ?

 

താൻ വന്ന് കയറുമ്പോൾ വെളിയിലേക്കിറങ്ങി പോയ സ്ത്രീയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് അയാൾ ആര്യയോട് ചോദിച്ചു,

 

അത് അപ്പുറത്തെ ക്വാർട്ടേഴ്സിൽ പുതുതായി വാടകയ്ക്ക് വന്നവരാണ് ,കഴിഞ്ഞ ദിവസം അവരൊരു ചുരിദാറിൻ്റെ തുണികൊണ്ട് തയ്ക്കാൻ തന്നിരുന്നു ,അത് തയ്ച്ചോന്നറിയാൻ വന്നതാണ്

 

എന്നിട്ട് നീ തയ്ച്ച് കൊടുത്തോ ?

 

കൊടുത്തുവിട്ടതാണ് ,പക്ഷേ അവരണിഞ്ഞ് നോക്കിയിട്ട് ലൂസുണ്ടെന്നും പറഞ്ഞ് ഇപ്പോൾ തിരിച്ച് കൊണ്ട് വന്നതാണ്, കുറച്ച് കൂടി ടൈറ്റാക്കിയിട്ട് നാളെ തന്നെ കൊടുക്കണമെന്നും പറഞ്ഞു ,

 

അതേതായാലും നന്നായി ,നീയൊരു കാര്യം ചെയ്യ് ,നാളെ അവരോട് ,ഇവിടെ തന്നെ നിന്ന് ചുരിദാറ് ധരിച്ച് നോക്കാൻ പറയ് ,അപ്പോൾ പിന്നെ, കൊണ്ട് പോയിട്ട് തിരിച്ച് വരണ്ടല്ലോ?

ങ്ഹാ പിന്നേ ,നിൻ്റെ മൊബൈൽ വീഡിയോ ഓണാക്കാൻ മറക്കണ്ട കെട്ടോ?

പാർവ്വതിയുടെ വീഡിയോ ഒറ്റത്തവണ കണ്ട് കഴിഞ്ഞപ്പോൾ നീ തന്നെയത് ഡിലിറ്റ് ചെയ്ത് കളഞ്ഞില്ലേ?

 

അയാൾ ഊറിച്ചിരിച്ച് കൊണ്ട് പറഞ്ഞു,

 

ഛെ! നാണം കെട്ട മനുഷ്യൻ ,ആ പോയ സ്ത്രീയ്ക്ക് നിങ്ങടെ അമ്മയുടെ പ്രായം വരും, അറിയാമോ ?

 

ആര്യ, രോഷത്തോടെ ചോദിച്ചു.

 

ഓഹ് പിന്നേ ,ആ ശരീരം കണ്ടാൽ ഒരു മുപ്പത്തിയെട്ട് നാല്പത് ,,, എന്താ ഒരു സ്ട്രെക്ചറ്, നീ ഞാൻ പറഞ്ഞതങ്ങോട്ടനുസരിച്ചാൽ മതി ,കേട്ടല്ലോ?

 

തന്നോട് ആജ്ഞാപിച്ചിട്ട്

ആഭാസനെപ്പോലെ നടന്ന് പോകുന്ന ഭർത്താവിനോടവൾക്ക് കടുത്ത വിദ്വേഷം തോന്നി.

 

നീയിതെങ്ങോട്ടാണ് രാവിലെ കെട്ടിയൊരുങ്ങി പോകുന്നത്?

 

കൈയ്യിലൊരു പൊതിയുമായി വീട്ടിൽ നിന്നിറങ്ങുന്ന ആര്യയോടയാൾ ചോദിച്ചു

 

ഞാൻ കുറച്ച് ദൂരെ ഒരിടം വരെ പോകുവാണ് , ഒരു പാവം സ്ത്രീ, കുറച്ച് ദിവസം മുമ്പ് ,രണ്ട് ബ്ളൗസ് ,തുന്നാൻ തന്നിരുന്നു

ഇന്നലെ രാത്രിയാണ്

അതിൻ്റെ വർക്ക് കഴിഞ്ഞത് ,ഞാനതൊന്ന് കൊണ്ട് കൊടുത്തിട്ട് വരട്ടെ,

 

ഉം, ശരി ശരി ,അടുത്ത പ്രാവശ്യം മുതല്, അവരോടിങ്ങോട്ട് വന്ന് വാങ്ങിക്കൊണ്ട് പോകാൻ പറയണം ,അല്ലാ … നീ പോയാലോ? ,ആ ക്വാർട്ടേഴ്സിലെ സ്ത്രീ ചുരിദാറെടുക്കാൻ വരില്ലേ?

 

അവരോട് ഉച്ചകഴിഞ്ഞ് വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്

 

ഉം എങ്കിൽ വേഗം പോയിട്ട് വാ ,ഫ്രഷ് വീഡിയോ കാണാൻ ഞാനാകെ എക്സൈറ്റഡാണ്,,

 

അയാൾ തൻ്റെ രണ്ട് കൈപ്പത്തികൾ കൂട്ടി തിരുമ്മി കൊണ്ട് പറഞ്ഞു.

 

#################

 

ഡാ, അളിയാ നീയാള് കൊള്ളാമല്ലോ ? സ്വന്തം ഭാര്യയെ ചാക്കിലാക്കിയിട്ട് , നീ കുറെ ചരക്കുകളുടെ വീഡിയോ കണ്ട് മടുക്കുമല്ലോ ?

ഡാ മച്ചൂ…അതൊക്കെ നീയെനിക്കും കാണിച്ച് തരണേടാ,,,

 

തൻ്റെ കൂട്ടുകാരനോടയാൾ ഭാര്യ തനിക്ക്, ഇപ്പോഴൊരു വീഡിയോ അയച്ച് തരുമെന്നും,

ഇനി മുതൽ, നാട്ടിലെ പെണ്ണുങ്ങളുടെയൊക്കെ,

നഗ്ന വീഡിയോ തൻ്റെ മൊബൈലിൽ സ്‌റ്റോക്കായിരിക്കുമെന്നും പറഞ്ഞപ്പോഴായിരുന്നു, കുട്ടുകാരൻ അങ്ങനെ പറഞ്ഞത്.

 

അല്പം കഴിഞ്ഞപ്പോൾ

വാട്സപ്പിൽ മെസ്സേജ് വന്ന ശബ്ദം കേട്ടയാൾ, പോക്കറ്റിൽ നിന്നും ആവേശത്തോടെ മൊബൈൽ കൈയ്യിലെടുത്തു

 

ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒരു വീഡിയോ ക്ളിപ്പ് വന്നത് കണ്ട് ,അയാളുടെ കണ്ണുകൾ തിളങ്ങി.

 

ഇന്നാടാ .. നീ തന്നെ ആദ്യം കണ്ടോളു, എനിക്കിനി ഇതെപ്പോഴും കാണാനുള്ളതല്ലേ?

 

അയാൾ തൻ്റെ ഫോൺ കൂട്ടുകാരന് നേരെ നീട്ടി .

 

ഫോൺ കൈയ്യിലേയ്ക്ക് വാങ്ങി, ആവേശത്തോടെ പ്ളേചെയ്ത കൂട്ടുകാരൻ്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ വിളറി വെളുത്തു .

 

എന്താടാ എന്ത് പറ്റി?

 

കൂട്ടുകാരൻ്റെ മുഖം, വിളറുന്നത് കണ്ട് ,അയാൾ ചോദിച്ചു.

 

നീയിത് നോക്കിക്കേ?

 

കൂട്ടുകാരൻ്റെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി നോക്കിയ അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു .

 

പൊടുന്നനെ വീഡിയോ ഓഫ് ചെയ്തിട്ട് ,അയാൾ തൻ്റെ ഭാര്യയുടെ ഫോണിലേയ്ക്ക് വിളിച്ചു.

 

ഹലോ..

 

അങ്ങേ തലയ്ക്കൽ ഭാര്യയുടെ ശബ്ദം കേട്ട് അയാൾ അലറി..

 

എടീ …കൂ####ച്ചി ,പൊ ####ടീ,,, പന്നപൂ##***##$$### ളേ…

 

അയാൾ രോഷം കൊണ്ട് തിളച്ചു.

 

എടീ ..നീ എന്നെ തോല്പിക്കാനായിട്ട് ,എൻ്റെ അമ്മയുടെ വീഡിയോ എടുത്ത്

സെൻഡ് ചെയ്തത്, ആദ്യം കണ്ടത് എൻ്റെ കൂട്ടുകാരനാടീ..എന്നെയും എൻ്റെ അമ്മയെയും അപമാനിച്ച നിന്നെ ഞാൻ ഇനി വെറുതെ വിടുമെന്ന് കരുതേണ്ട, കേട്ടോടീ .. നീ ഒരുങ്ങിയിരുന്നോ ,ഇപ്പോൾ തന്നെ ഞാൻ നിന്നെ നിൻ്റെ വീട്ടിൽ കൊണ്ട് വിടാൻ പോകുവാണ്

 

അപ്പോൾ നിങ്ങടെ അമ്മയുടെ കാര്യത്തിൽ നിങ്ങൾക്ക് വേദനിച്ചല്ലേ ? രാവിലെ ഞാൻ പോയത് നിങ്ങടെ വീട്ടിലേയ്ക്കാണ് ,ഞാൻ തുന്നിയ നിങ്ങടെ അമ്മയുടെ ബ്ളൗസുകൾ കൊടുക്കാൻ, അതവര് അണിഞ്ഞ് നോക്കുമ്പോൾ ഞാൻ വീഡിയോ എടുത്തത് നിങ്ങളെ കാണിക്കാനായിരുന്നു, എന്തിനാണെന്നറിയാമോ ?

 

അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പോലും കാമ കണ്ണോടെ നോക്കുന്ന നിങ്ങടെ ദു:ശ്ശീലത്തിന് ഒരറുതി വരട്ടേയെന്ന് കരുതി ,

 

പക്ഷേ, നിങ്ങളത് കൂട്ടുകാരനെ കാണിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല ,പിന്നെ നിങ്ങള് പറഞ്ഞല്ലോ? എന്നെ വീട്ടിൽ കൊണ്ട് വിടാൻ പോകുന്നെന്ന് ഇനി അതിൻ്റെയാവശ്യമില്ല, നിങ്ങടെ വൃത്തികെട്ട ശീലങ്ങൾക്ക് ഇനിയും കൂട്ട് നില്ക്കാൻ വയ്യാത്തത് കൊണ്ട് എൻ്റെ സങ്കടങ്ങൾ ,ഞാനെൻ്റെ അമ്മയോട് തുറന്ന് പറഞ്ഞു,

 

അപ്പോൾ എൻ്റെ അമ്മ എന്താ പറഞ്ഞതെന്നറിയാമോ ? ഇന്ന് വീഡിയോ എടുക്കാൻ പറഞ്ഞവൻ, നാളെ നിന്നോട് പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കാൻ പറയുമെന്ന്, അത് കൊണ്ട് ,അങ്ങനെയുള്ളവൻ്റെ ചിലവിൽ, നാണംകെട്ട് ജീവിക്കാതെ, എത്രയും പെട്ടെന്ന് മക്കളെയും കൂട്ടി എൻ്റെ മോള് തിരിച്ച് പോന്നോളാൻ ,

 

ഞങ്ങൾക്ക് കൂടി ചിലവിന് തരാനുള്ള ആരോഗ്യമൊക്കെ അമ്മയ്ക്കുണ്ടെന്ന് ,പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും, അന്തസ്സ് കളഞ്ഞ് നീ ഒരു നിമിഷം പോലും അവിടെ നില്ക്കരുതെന്ന് ,രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാൻ എൻ്റെ അമ്മയുണ്ടെങ്കിൽ പിന്നെ, തന്നെപ്പോലൊരു ആഭാസനായ ഭർത്താവിൻ്റെ ആവശ്യം എനിക്കില്ല ,

 

ഞാനിത് കുറച്ചു നേരത്തെ ചിന്തിക്കേണ്ടതായിരുന്നു, അല്ലേലും, പെണ്ണുങ്ങൾക്ക് നല്ല ബുദ്ധി തോന്നാൻ, കുറച്ച് സമയമെടുക്കുമെന്ന്, എൻ്റെ അമ്മ എപ്പോഴും പറയാറുണ്ട് ,അപ്പോൾ ഗുഡ് ബൈ ,,, ഇനിയൊരിക്കലും ഞാൻ നടക്കുന്ന വഴിയിൽ നിങ്ങളുടെ നിഴല് പോലുമുണ്ടാവരുത്,,,

 

ആര്യയുടെ ഫോൺ

കട്ടായപ്പോൾ, അയാൾ വിറങ്ങലിച്ച് നിന്ന് പോയി.

 

NB :- ആര്യയെ പോലെ ജീവിത സാഹചര്യമുള്ളവർ, ഉചിതമായ

തീരുമാനങ്ങളെടുക്കാൻ ഒരിക്കലും വൈകരുത്, അത് ചിലപ്പോൾ നിങ്ങളെ ആത്മഹത്യയിലേയ്ക്ക് നയിച്ചേക്കാം, നഷ്ടം സംഭവിക്കുന്നത് നിങ്ങളുടെ ഭർത്താവിനായിരിക്കില്ല , ഒരുപാട് കഷ്ടപ്പെട്ട് നിങ്ങൾക്കൊരു നല്ല ഭാവിജീവിതം നേടിത്തരാൻ ശ്രമിച്ച, പാവം നിങ്ങളുടെ മാതാപിതാക്കൾക്ക്

മാത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *