തൻ്റെ ഭർത്താവിന്, വേലക്കാരിയുടെ കിടപ്പ് കാണുമ്പോൾ, അവളോട് ആകർഷണം തോന്നുമെന്ന കാര്യം ഉറപ്പാണ്,

രചന: Saji Thaiparambu

 

സമയം രാത്രി 12:30 Am

 

അയാളുടെ കൂർക്കം വലി ഉച്ചസ്ഥായിയിലായപ്പോൾ

അവൾ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് , മുറിയിലെ ലൈറ്റ് ഓൺ ചെയ്തു.

 

മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തിട്ട്, തൻ്റെ കാമുകന് ഒരു മിസ്സ്ഡ് കോൾ അയച്ചു.

 

രാജേഷ് ഇപ്പോൾ തിരിച്ച് വിളിക്കും ,പെട്ടെന്നവൾ ഫോൺ വൈബ്രേഷൻ മോഡിലാക്കി.

 

അല്പസമയത്തിനകം ,അവൾ പ്രതീക്ഷിച്ചിരുന്ന കാമുകൻ്റെ വിളിയെത്തി.

 

ഒട്ടും സമയം കളയാതെ , ധരിച്ചിരുന്ന നൈറ്റി മാറ്റിയിട്ട്, അവൾ നേരത്തെ എടുത്ത് വച്ചിരുന്ന ചുരിദാറെടുത്തണിഞ്ഞു.

 

ഒരിക്കൽ കൂടി കട്ടിലിൽ കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ തിരിഞ്ഞ് നോക്കി ,എന്നിട്ട് പുശ്ചത്തോടെ ചിറി കോട്ടിയിട്ട് അലമാരയ്ക്ക് മുകളിൽ തയ്യാറാക്കി വച്ചിരുന്ന ട്രാവൽ ബാഗുമെടുത്ത് അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു.

 

അപ്പോഴാണ് ,അടുക്കളയോട് ചേർന്ന സ്റ്റോർ റൂമിൻ്റെ തറയിൽ പായ വിരിച്ചുറങ്ങുന്ന വേലക്കാരിയെ അവൾ ശ്രദ്ധിച്ചത് .

 

മുപ്പതിനോടടുത്ത് പ്രായം മാത്രമുള്ള വെളുത്ത് സുന്ദരിയായൊരു യുവതിയായിരുന്നവൾ , ഗാഢമായ ഉറക്കത്തിനിടയിൽ, സ്ഥാനം തെറ്റിയ വസ്ത്രത്തിനിടയിലൂടെ, വേലക്കാരിയുടെ അർത്ഥ നഗ്നമേനി കണ്ട അവൾക്ക്, എന്തോ അരുതായ്ക തോന്നി.

 

കുറച്ച് കഴിയുമ്പോൾ, ഒരു പക്ഷേ തൻ്റെ ഭർത്താവ് ഉണർന്നേക്കാം,

കട്ടിലിൽ ,തന്നെ കാണാതിരിക്കുമ്പോൾ, എവിടെ പോയതാണെന്നന്വേഷിച്ചിറങ്ങാൻ സാധ്യതയുണ്ട്,

 

ആ സമയത്ത്, അടുക്കളയിലെത്തുന്ന തൻ്റെ ഭർത്താവിന്, വേലക്കാരിയുടെ കിടപ്പ് കാണുമ്പോൾ, അവളോട് ആകർഷണം തോന്നുമെന്ന കാര്യം ഉറപ്പാണ്,

 

താനില്ലാത്ത നേരത്ത്, അയാൾ കിട്ടിയ അവസരം മുതലാക്കും,

തന്നെക്കാൾ ചെറുപ്പവും, സുന്ദരിയുമായ ഒരുത്തിയുമായി, ഭർത്താവ് അവിഹിത ബന്ധത്തിലേർപ്പെടുന്ന കാര്യമോർത്തിട്ട് ,അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

 

അവൾ ഉടനെ തന്നെ, തൻ്റെ കാമുകനെ വിളിച്ചു.

 

നമുക്ക് നാളെ രാത്രി ഒളിച്ചോടാമെടാ,,,

ഇന്നെൻ്റെ മൂഡ് ശരിയല്ല,,

 

അത്രയും പറഞ്ഞിട്ട് ,അവൾ ഫോൺ കട്ട് ചെയ്തു.

 

നാളെ നേരം വെളുക്കട്ടെ ,ഇവളെ ഇവിടെ നിന്ന് പറഞ്ഞ് വിട്ടിട്ടേ ബാക്കി കാര്യമുള്ളു,

 

ഒരു ഉറച്ച തീരുമാനമെടുത്തിട്ട്,

അവൾ കിടപ്പ് മുറിയിലേയ്ക്ക് തിരിച്ച് പോയി.

Leave a Reply

Your email address will not be published. Required fields are marked *