ശരീരത്തെ ആർത്തിയോടെ നോക്കും. കണ്ണുകൾ കൊണ്ട് അവളെ വിവസ്ത്രയാക്കും.. എന്നിട്ട് രാത്രി ഇവിടെ ഇരുന്നു വർണ്ണിക്കും.. .

ഒറ്റനാണയം

(രചന: Navas Amandoor)

 

“നാട്ടുകാരുടെ മുൻപിൽ വീട്ടുകാരുടെ മുൻപിൽ മാനം നഷ്ട്ടപ്പെട്ട പെണ്ണ് പരിഹാസ കഥാപാത്രമായി മാറിയത് കൊണ്ട് തന്നെയാകും

 

കിടപ്പ്‌ മുറിയിൽ ഫാനിൽ ഷാൾ കെട്ടി ഗ്രീഷ്മ സ്വയം ഈ ജീവിതം അവസാനിപ്പിച്ചത്. അതിനെല്ലാം കാരണമായത് ഞങ്ങളിൽ ഒരാൾ ”

 

ഈ കഥ മനുവിന്റെ ആണ്‌ അവൻ ആണ്‌ നായകൻ. ഞാൻ റോയ്. പിന്നെ കൂടെ ഉള്ളത് അനിൽ. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവർ.

 

മൂന്ന് ഉടലും ഒരു മനസ്സും ഉള്ള കൂട്ട്. കുന്നിന് താഴെയുള്ള കപ്പോളയുടെ അരികിൽ ഇരിക്കാൻ ഉണ്ടാക്കിയ പോസ്റ്റിൽ എന്നും ഞങ്ങൾ ഒരുമിക്കും.

 

എവിടെ പോയാലും അവിടെ ഒരുമിച്ചു കൂടും. മനസ്സിലുള്ളതും കണ്ടതും കേട്ടതും പങ്ക് വെക്കും. എന്നിട്ടും ഒരിക്കലും മനു അവന്റെ മനസ്സിലെ പെണ്ണിന്റെ കാര്യം പറഞ്ഞിട്ടില്ല. അത്‌ മാത്രം ആയിരിക്കും ഞങ്ങളിൽ നിന്നും അവൻ മറച്ചു വെച്ച രഹസ്യം.

 

ഓരോ ദിവസവും ഏത് വിഷയം സംസാരിച്ചാലും അവസാനിപ്പിക്കുക പെണ്ണിൽ ആയിരിക്കും.

 

പെണ്ണിനെ പറ്റി പറയാതെ ഒരു ചർച്ചയും പൂർണ്ണമാവില്ല എന്നും പറയാം. അതല്ലങ്കിൽ പ്രായത്തിന്റെ ബലഹീനത. കാണുന്ന പെണ്ണിനോട് ഇഷ്ടം തോന്നും.

 

ശരീരത്തെ ആർത്തിയോടെ നോക്കും. കണ്ണുകൾ കൊണ്ട് അവളെ വിവസ്ത്രയാക്കും.. എന്നിട്ട് രാത്രി ഇവിടെ ഇരുന്നു വർണ്ണിക്കും.. പെണ്ണിനെ പുൽകാൻ തുടിക്കുന്ന പ്രായം പതിനെട്ടിന്റെ ആർത്തി.

 

അങ്ങിനെ ഓരോന്ന് സംസാരിച്ചു ഇരിക്കുന്ന ഒരു ദിവസം മനു കൂട്ടത്തിൽ നിന്നും പതിവ് ഇല്ലാതെ അന്ന്‌ പെട്ടന്ന് പോകുന്നൂ എന്ന് പറഞ്ഞത് കൊണ്ട് അനിൽ ആണ്‌ അവനോടു ചോദിച്ചത്.

 

“എന്താ എന്ന് മനു ഇത്ര നേരത്തെ… ?”

 

“നാളെ എറണാകുളം പോണം. ബിനു ചാച്ചന്റെ കാർ ചോദിച്ചിട്ടുണ്ട്. അത്‌ എടുക്കണം ”

 

“എറണാകുളത്തു എന്താ പരിപാടി ”

 

“ഒന്നുല്ല…. വന്നിട്ട് പറയാം ”

 

“അത്‌ പറ്റില്ല.. പറഞ്ഞിട്ട് പോട മുത്തേ ”

 

മനുവിന്റെ കണ്ണ് തിളങ്ങി. ചുണ്ടിൽ ചിരി പടർന്നു. കവിള് തുടുത്തു. അവൻ ഞങ്ങളെ നോക്കി ആ കാര്യം പറഞ്ഞു.

 

“ഞാൻ നാളെ ഒരുത്തിയെയും കൊണ്ട് കറങ്ങാൻ പോകുന്നൂ.. നിങ്ങൾ ആരോടും പറയല്ലെട്ടോ ”

 

അവൻ പോയി. പക്ഷെ അവന്റെ നാളത്തെ ദിവസത്തെ ഓർത്തു മനസ്സും മുഖവും വാടി. അവന് മാത്രം പെണ്ണ്. അവൻ മാത്രം സന്തോഷിക്കുന്നു. ഞാനും അനിലും അപാരമായ നഷ്ടത്തിന്റെ പടുകുഴിയിൽ വീണു പോയിരിക്കുന്നു.

 

ഞാൻ പോക്കറ്റിൽ നിന്നും ഒറ്റ നാണയം എടുത്തു വിരലിൽ വെച്ച് മുകളിലേക്ക് കറക്കി എറിഞ്ഞു. അത്‌ കൈയിൽ വന്നു വീണ നേരം കൈ പത്തി കൊണ്ട് പൊത്തി പിടിച്ചു.

 

അനിൽ ;”ഹെഡ് ”

 

അതെ ‘ഹെഡ് ‘ ആണ്‌.

 

രാവിലെ കവലയിൽ നിൽക്കുന്ന ഞങ്ങളുടെ മുൻപിൽ അവൻ കാർ കൊണ്ട് നിർത്തി.

 

“പോയിട്ട് വരാം മക്കളെ ”

 

“പോയി ആഘോഷിച്ചിട്ടു വാ മനു ”

 

അവന്റെ കാർ പോകുന്നതും നോക്കി അങ്ങിനെ നിന്നു.

 

മണിക്കൂറുകൾ കഴിഞ്ഞാണ് മനുവിനെയും ഒരു പെണ്ണിനെയും പോലീസിന്‌ റോഡിൽ നിന്നും പിടിച്ച കാര്യം മനുവിന്റെ വീട്ടിൽ അറിഞ്ഞത്.

 

പരിചയമുള്ള ഏതോ ഒരു പോലീസ് വിളിച്ചു അറിയിച്ചതാണ്. കേട്ടപ്പോൾ തന്നെ അവന്റെ അച്ഛൻ സ്റ്റേഷനിലേക്ക് ചെന്നു.

 

“പപ്പാ .. ഞാനും ഇവളും പ്രണയത്തിൽ ആണ്‌. ഞങ്ങൾ ഒന്ന് കറങ്ങാൻ വേണ്ടി… പോയതാണ്. അമ്മച്ചിയാണേ സത്യം. അല്ലാതെ ഇവർ പറയുന്ന പോലെ ഒന്നും ഇല്ല ….. ”

 

നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ കേസ് ഇല്ലാതെ അച്ഛൻ മകനെ പുറത്തു കൊണ്ട് വന്നു. അവൾ തല കുനിച്ചു.. ഒഴുകുന്ന കണ്ണീര് തുടച്ചു അവരുടെ പിന്നാലെ പടിയിറങ്ങി.

 

പുറത്തു ഇറങ്ങിയ മനുവും അച്ഛനും കാറിൽ പോയി. അവൾ പെരുമഴത്തു കുടയില്ലാതെ പെട്ടുപോയ പോലെ നിന്നു. ചുറ്റും ഒന്നും കാണുന്നില്ല. ഇരുട്ട് മാത്രം.

 

ഇതുപോലുള്ള വാർത്തകൾ പെട്ടന്ന് ആളി പടരും. വാ മൊഴിയായി കാറ്റുപോലെ പരക്കും.

 

അന്ന്‌ മനുവിന് കിട്ടിയ തല്ലും ചീത്തയും പിന്നെ നാട്ടുകാരുടെ പരിഹാസം.. അവൻ എവിടേക്കോ വണ്ടി കയറി. അവൻ എവിടെ ഉണ്ടെന്ന് ആർക്കും അറിയില്ല.

 

ഈ കാരണം കൊണ്ട് അവന്റെ ചേച്ചിയുടെ കല്യാണം മുടങ്ങിയതൊന്നും അവൻ അറിഞ്ഞു കാണില്ല.

 

അവൻ പോയി രണ്ട് ദിവസം കഴിഞ്ഞാണ് ഗ്രീഷ്‌മ മരിക്കുന്നത്. അതും അവൻ അറിഞ്ഞു കാണില്ല. പിന്നെ അവൻ അറിയാത്ത വേറെ ഒരു കാര്യം ക്കൂടി ഉണ്ട്.

 

അവൻ നായകനായ പ്രണയവും മാനവും നഷ്ടപ്പെട്ട് വീടും നാടും ഉപേക്ഷിച്ചു പോയ ഈ കഥയിൽ ഞാനും അനിലും ആണ്‌ വില്ലന്മാർ .

 

അവൻ പ്രണയിക്കുന്ന പെണ്ണ് ഗ്രീഷ്മ ,അവളെയും കൊണ്ടാണ് കറങ്ങാൻ പോയതെന്ന് അറിയാതെ വേറെ ഏതോ ഒരു പെണ്ണുമായി ആഘോഷിക്കാൻ പോയതാണെന്ന് കരുതി ഞങ്ങൾ ചെയ്ത ‘ചതി ‘.

 

കാറിന്റെ നമ്പറും മറ്റു വിവരങ്ങളും അടക്കം കവലയിലെ കോയിൻ ബോക്സിൽ ഒറ്റ നാണയമിട്ട് പോലീസിന് കാൾ ചെയ്തു പറയുന്ന നേരം ഞങ്ങൾക്ക് കിട്ടാത്ത സുഖം അവനും കിട്ടരുത് എന്നേ ഓർത്തുള്ളു. …. പക്ഷെ.

 

വില്ലന്മാരായ ഞങൾ തെറ്റുകാരല്ല. മനുവാണ് തെറ്റുകാരൻ. അവൻ ഇനി മടങ്ങി വന്നാലും.

 

അനിൽ അടുത്തുണ്ട് ഞാൻ പോക്കറ്റിൽ നിന്നും ഒറ്റനാണയം എടുത്തു. വിരലുകൾക്ക് ഇടയിൽ വെച്ച് കറക്കി എറിഞ്ഞു. കൈപത്തി വെച്ച് മറച്ചു.

 

“ഹെഡ് ആണോ…. ?”

Leave a Reply

Your email address will not be published. Required fields are marked *