അവളുടെ മുന്നിലേക്ക് കുനിഞ്ഞു മുട്ടി കുത്തി നിൽക്കുന്ന ഒരുവൻ,അവളുടെ കൈകൾ പിന്നിലേക്ക്

അതിജീവിത

(രചന: Nisha Pillai)

 

“ഉമ്മാ, ഞാൻ ലക്ഷ്മിയെയും കൂട്ടി ആ കുന്നിന്റെ മുകളിൽ ഒന്ന് പൊയ്ക്കോട്ടേ , അവിടെ നല്ല ഒരു വ്യൂ പോയിന്റ് ഉണ്ട്.

 

പിന്നെ പടർന്നു പന്തലിച്ചു കിടക്കുന്ന വലിയൊരു ഞാവൽ മരം.നല്ല മധുരവും ചവർപ്പുമുള്ള പഴങ്ങളാണ് അതിൽ.ക്ലാസ്സിലെ ആൺകുട്ടികൾ കൊണ്ട് വന്നു ഞങ്ങൾ കഴിച്ചിട്ടുണ്ട്.പോയിട്ട് വരട്ടെ ഉമ്മാ .”

 

“അത് വേണ്ട ,നിങ്ങൾ ഒറ്റയ്ക്ക് പോകണ്ട.ലക്ഷ്മിയുടെ അച്ഛന് ഇഷ്ടമാകില്ല.ആ കുട്ടിക്കും അത്ര ധൈര്യമുണ്ടാകില്ല.നിന്നെ പിന്നെയൊരിക്കൽ ഞാൻ കൊണ്ട് പോകാം.

 

വേഗം മടങ്ങി വാ ,അതൊരു ഒറ്റപ്പെട്ട സ്ഥലമാണ്.നിങ്ങൾ പെൺകുട്ടികളല്ലേ.അതും തനിച്ചു.വെറുതെ റിസ്ക് എടുക്കണ്ട.സാമൂഹ്യവിരുദ്ധന്മാരുടെ ശല്യമുണ്ടാകും.”

 

“ആഹാ ,അത് ശരി,ഇപ്പോൾ വക്കിലിനു ഞാൻ വെറും പെൺകുട്ടിയായോ,അല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗം ആണല്ലോ ഉമ്മാ.ഇപ്പോളെന്തു പറ്റി.ഞങ്ങൾ പോയി പെട്ടെന്ന് വരാം,എന്റെ പൊന്നുമ്മയല്ലേ.ഇനി കൂടുതൽ സംസാരിച്ചാൽ ലക്ഷ്മിയുടെ മൂഡ് മാറും.”

 

അഡ്വക്കേറ്റ് ആദില ഷാജഹാൻ ഫോൺ വച്ച് വിഷമിച്ചിരുന്നു.ഭർത്താവ് ഉപേക്ഷിച്ചു പോയ തനിക്കു ആകെയുള്ളത് മകളാണ്,ഹിബ ഫാത്തിമ .

 

അദ്ദേഹം വേറെ വിവാഹവും കഴിച്ചു.സ്ത്രീകൾക്ക് വിദ്യാഭ്യാസവും ജോലിയും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.അതുപേക്ഷിക്കാൻ ആദിലക്കു കഴിയുമായിരുന്നില്ല.

 

അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഹിബ. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ലക്ഷ്മി. അമേരിക്കൻ പ്രവാസിയായ ലക്ഷ്മണന്റെ ഏക മകളാണ് ലക്ഷ്മി.

 

അമേരിക്കയിൽ നല്ല ജോലി ഉണ്ടായിട്ടും മകൾക്കു പത്തു വയസായപ്പോൾ അവിടത്തെ ജോലി രാജി വച്ച് നാട്ടിൽ വന്നതാണ് ലക്ഷ്മൺ .

 

അവിടത്തെ സംസ്കാരം തന്റെ മകൾക്കു പറ്റിയതല്ലെന്ന തോന്നൽ കൊണ്ടാകാം.ഇപ്പോഴും അയാൾ ലക്ഷ്മിയെ കൂട്ടിലിട്ട കിളിയെ വളർത്തുന്ന പോലെയാണ് വളർത്തുന്നത് .

 

അവൾക്കു പോകാൻ സ്വാതന്ത്ര്യമുള്ള വീട് ഹിബയുടേത് മാത്രമാണ്.കാരണം അവിടെ പുരുഷന്മാർ ഇല്ലാത്തതു കൊണ്ട് തന്നെ. അത്രയ്ക്ക് പേടിയാണ് ആ അച്ഛന് സമൂഹത്തെ.

 

ലക്ഷ്മിക്ക് ആകെ സന്തോഷം ലഭിക്കുന്നത് ഹിബയോടൊപ്പമുള്ള യാത്രകളാണ്.സ്വന്തം മകളെയോർത്തല്ല,ലക്ഷ്മിയെ ഓർത്താണ് ആദില വക്കീലിന് ടെൻഷൻ .പിള്ളേര് പെട്ടെന്ന് തിരിച്ചു വന്നാൽ മതിയായിരുന്നു.വക്കീൽ മുകളിലേക്ക് നോക്കി കൈകൂപ്പി.

 

” നോക്ക് ലച്ചൂ,ഇവിടെ എന്ത് രസമാണ്.”

 

ഹിബ തന്റെ ടു വീലർ ഒരു വശത്തേക്ക് ഒതുക്കി വച്ച്, ലക്ഷ്മിയെയും കൂട്ടി കുന്നിന്റെ മുകളിലേക്ക് നടന്നു.അര കിലോമീറ്ററോളം നടന്നപ്പോൾ അവർ ആ ഞാവൽ മരം കണ്ടു പിടിച്ചു.അവർ അവിടെയൊക്കെ കറങ്ങി നടന്നു .

 

പിന്നെ ലക്ഷ്മിക്ക് വേണ്ടി ഞാവൽ പഴങ്ങൾ പറിക്കാൻ ഹിബ ആ മരത്തിൽ വലിഞ്ഞു കയറി.അവൾ താഴോട്ട് ഇട്ടു കൊടുത്ത ഞാവൽ പഴങ്ങൾ താഴെ വീണു നാശമാകാതിരിക്കാൻ , ലക്ഷ്മി തന്റെ ചുരിദാറിന്റെ ദുപ്പട്ട വിരിച്ചു പിടിച്ചു.

 

കുറെ പഴങ്ങൾ പറിച്ചെടുത്ത ശേഷം മതിയോ? എന്ന് ചോദിച്ച ഹിബ ,മറുപടി കിട്ടാത്തത് കൊണ്ട് താഴോട്ട് നോക്കി.അവിടെ ലക്ഷ്മിയുടെ, ഞാവലിനെ നിറം പടർന്ന ,ചുരുട്ടികൂട്ടിയ ദുപ്പട്ടയും ചതഞ്ഞരഞ്ഞ ഞാവൽ പഴങ്ങളും കിടന്നിരുന്നു.

 

ഇവളിതെവിടെ പോയി.അവൾ മരത്തിൽ നിന്നും താഴോട്ട് ഇറങ്ങിയപ്പോൾ,ബലിഷ്ടങ്ങളായ നാലു കൈകൾ അവളെ പിടിച്ചു വച്ചു.അവൾ കുതറാനും കൂവാനും ശ്രമിച്ചു.

 

ആരോ അവളുടെ വായിലേക്ക് താഴെ കിടന്ന ദുപ്പട്ട തിരുകി വയ്ച്ചു. അവൾ ശ്വാസമെടുക്കാൻ പാടുപെട്ടു,നാലു വശത്തേക്കും ദൃഷ്ടി പായിച്ചു.ബോധം പോയ മട്ടിൽ ലക്ഷ്മി മരത്തണലിൽ കിടന്നിരുന്നു.

 

അവളുടെ മുന്നിലേക്ക് കുനിഞ്ഞു മുട്ടി കുത്തി നിൽക്കുന്ന ഒരുവൻ,അവളുടെ കൈകൾ പിന്നിലേക്ക് കൂട്ടി പിടിച്ചു നിൽക്കുന്ന മറ്റൊരുവൻ.അവർ അവളെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്.

 

അവൾക്കു നോക്കി നിൽക്കാൻ കഴിഞ്ഞില്ല അവൾ ബലമായി കുതറി നോക്കി.അവർ അഞ്ചു പേരുണ്ട് .രണ്ടു പേർ ലക്ഷമിയുടെ അടുത്തും,മൂന്ന് പേർ തന്റെ കൂടെയും.

 

ദൂരെ തന്റെ ടു വീലറിന് സമീപം പാർക്ക് ചെയ്ത വെള്ള ടൊയോട്ട ഫോർച്യൂണർ കാർ അവളുടെ ശ്രദ്ധയിൽ പെട്ടു.അതിന്റെ നമ്പർ മനഃപാഠമാക്കാൻ അവൾ ശ്രമിച്ചു .അതിനു മുൻപേ അവളുടെ പുറത്തേക്കു ഒരു പൂച്ചക്കണ്ണൻ മറിഞ്ഞു വീണു.

 

പിന്നെ അവളൊരിക്കലും കണ്ടിട്ടില്ലാത്തതും എന്നാൽ ധാരാളം കേട്ടിട്ടുള്ളതുമായ രംഗങ്ങളായിരുന്നു .വേദനയും അറപ്പും കൊണ്ടവൾ നിലവിളിച്ചു.

 

പിന്നെ വന്നത് താടി നീട്ടിവളർത്തിയ ഒരുവനാണ്.അവനടുത്തു വന്നപ്പോഴേക്കും മദ്യത്തിന്റെയും പുകയുടെയും രൂക്ഷ ഗന്ധം അവിടെ പടർന്നു.

 

അവന്റെ താണ്ഡവം കഴിഞ്ഞപ്പോഴേക്കും അവൾ അർദ്ധ ബോധാവസ്ഥയിലായി.മൂന്നാമത്തെ ആൾ വെറുമൊരു പയ്യനായിരുന്നു.അവൻ പോകാൻ നേരം അവളുടെ വായിൽ നിന്നും ദുപ്പട്ട നീക്കം ചെയ്തു.

 

രക്തം പുരണ്ട അവളുടെ വസ്ത്രങ്ങൾ അവളുടെ പുറത്തേക്കിട്ടു.അവൻ മാത്രമാണ് നിശബ്ദനായി നോക്കി നിന്നത്.അവർ നടന്നു നീങ്ങുന്നത് അർദ്ധബോധാവസ്ഥയിൽ അവൾ കണ്ടു.രക്തം പുരണ്ട വസ്ത്രങ്ങൾ കൊണ്ട് മുഖം തുടച്ചു .

 

മറ്റൊരു മരച്ചുവട്ടിൽ കിടക്കുന്ന ലക്ഷ്മിയുടെ അടുത്തേയ്ക്കു വേച്ച് വേച്ച് നടക്കാൻ അവൾ ശ്രമിച്ചു,അവൾ കുഴഞ്ഞു വീണു.ഒടുവിൽ ഇഴഞ്ഞു കൊണ്ട് അവൾ അവിടെയെത്തി. ലക്ഷമിക്കു ബോധമില്ല. അവളുടെ വായിൽ നിന്നും മദ്യത്തിന്റെ ഗന്ധം വമിച്ചു.

 

രണ്ടുപേരുടെയും ഫോൺ അവിടെയൊക്കെ നോക്കി ,അതും കണ്ടില്ല.അവരെ കൂടാതെ ഫോണും ഒരു പക്ഷെ അവർ നശിപ്പിച്ചിരിക്കുമോ? . എത്രനേരം ലക്ഷമിയുടെ അടുത്ത് കിടന്നെന്നോർമ്മയില്ല.അവളുടെ ഞെരക്കമാണ് ഹിബയെ ഉണർത്തിയത്.

 

പെട്ടെന്ന് അവൾക്കു ലക്ഷ്മിയുടെ അച്ഛനെ ഓർമ വന്നു.അവൾക്കു കുറ്റബോധം തോന്നി.താനാണ് എല്ലാത്തിനും കാരണം.തന്റെ അഹങ്കാരം.ധിക്കാരം.ഉമ്മ പറഞ്ഞതാണ് ഈ സ്ഥലം അത്ര സുരക്ഷിതമല്ലെന്ന് .

 

അവൾക്കു കരച്ചിൽ വന്നു.അവൾ ഉറക്കെ കരയുകയും കൂവുകയും ചെയ്തു .അപ്പോൾ മൂന്നാലു സ്ത്രീകൾ അതുവഴി വന്നു.ജോലി കഴിഞ്ഞു മടങ്ങുന്നവരാണ്.അവളുടെ നിലവിളി കേട്ട് വന്നതാണ്.

 

അവരുടെ കൂടെയുള്ളവർ പോലീസിനെ അറിയിച്ചു.രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി.പിന്നെയവൾ ലക്ഷ്മിയെ കണ്ടില്ല.അവളുടെ അച്ഛൻ അവളെ മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

 

അവൾ കാണാതെയിരിക്കാനാകും ഉമ്മ മുറിയിലെ ടി വി ഓണാക്കിയതേയില്ല.അവളുടെ നിർബന്ധംമൂലം വച്ച വാർത്ത ചാനലുകളിൽ കുന്നിന്റെ മുകളിലെ പീഡന ന്യൂസ് സ്ക്രോൾ ചെയ്യുന്നുണ്ടായിരുന്നു.പേരില്ലെങ്കിലും അവര് പഠിച്ച കോളേജിന്റെ വിവരങ്ങളൊക്കെ എങ്ങനെയോ പുറത്തു വന്നിരുന്നു.

 

രണ്ടിരകൾ !!!!! രണ്ടു പെൺകുട്ടികൾ.ഒറ്റയ്ക്ക് അസമയത്തു കുന്നിന്റെ മുകളിലെത്തി.അവർ കമിതാക്കളാണോയെന്നു സംശയിക്കുന്നു.

 

ഹിബയ്ക്കു കരച്ചിൽ വന്നു.എന്ത് പ്രശ്നമുണ്ടെങ്കിലും അവളൊരിക്കലും ഉമ്മയുടെ മുന്നിൽ വച്ച് കരയില്ല.

 

ഉമ്മ തനിച്ചാണ് ,താനാണ് ഉമ്മയുടെ ധൈര്യം അതൊക്കെ അവൾക്കറിയാം.പക്ഷെ അവളുടെ ദുഃഖക്കടൽ അറിയാതെ പൊട്ടി പോയി.അവൾ ഉമ്മയെ കെട്ടിപിടിച്ചു ആവോളം കരഞ്ഞു.ഒരാശ്വാസം തോന്നി.

 

സംഭവിച്ചത് സംഭവിച്ചു.ഞാനനുഭവിക്കുന്ന വേദനകൾ.ശാരീരികവും മാനസികവും.എന്റെ ഉമ്മക്കും കുടുംബത്തിനുമേറ്റ അപമാനം.ഇതിനു കാരണക്കാരായവരെ മാക്സിമം ശിക്ഷ വാങ്ങി കൊടുക്കണം.അതുമ്മക്കു എളുപ്പമാകും. അറിയപ്പെടുന്ന ഒരു ക്രിമിനൽ വക്കീലിന്റെ ജൂനിയർ ആണ് ഉമ്മ.

 

പക്ഷെ ലക്ഷ്മി ,അവളുടെ കാര്യം ,അവളുടെ കുടുംബം.അവളുടെ സുരക്ഷയോർത്താണ് അവളുടെ അച്ഛൻ അമേരിക്കയിലെ പ്രാധാന്യമുള്ള ജോലി രാജി വച്ചത്.താൻ കാരണം എല്ലാവരുടെയും സ്വപ്നങ്ങൾ തകർന്നു.

 

കുറ്റബോധം കൊണ്ട് ഹിബ തകർന്നു.അവളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കൗൺസിലർക്കു രണ്ടാഴ്ചത്തെ പ്രയത്നം വേണ്ടി വന്നു .ലക്ഷ്മിയോ ? അവളുടെ ഒരു വിവരവുമില്ല.

 

വളരെ നിർബന്ധിച്ചിട്ടാണ് ലക്ഷ്മിയുടെ വീട്ടിൽ കൊണ്ടുപോകാമെന്ന് ഉമ്മ സമ്മതിച്ചത് .ചെന്നപ്പോൾ അവളുടെ അച്ഛൻ മുഖം വീർപ്പിച്ചു.ലക്ഷ്മിയെ കാണാൻ സമ്മതിച്ചില്ല.മാത്രവുമല്ല അവളെ വളരെ അധികം കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്.

 

“സാർ,അഞ്ചു പ്രതികളാണ് അവർ.വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം.സാറും കൂടി സഹകരിച്ചാൽ.”

 

“നിങ്ങളുടെ മകൾ കാരണം എന്റെ മകളുടെ ജീവിതം കൂടി നശിച്ചു .ഇനിയും ശല്യപെടുത്തരുത്. ലക്ഷ്മിയെ ഞങ്ങൾ ടി സി വാങ്ങി അവളെ നാട്ടിലേക്കു കൊണ്ട് പോകുകയാണ്.

 

ഇനി അവളുടെ പിറകിൽ വരരുത്.കേസിന്റെ കാര്യത്തിൽ ഒരു സഹകരണവും ഉണ്ടാകില്ല.കേസും കൂട്ടവും ഒക്കെ അയാൽ അവളുടെ ഭാവി എന്താകും.

 

മീഡിയ ഇതിനെ വഷളാക്കും.ഇപ്പോൾ തന്നെ ഒരു ലെസ്ബിയൻ പരിവേഷം കിട്ടി.ഞങ്ങൾ കേസിൽ നിന്നും പിന്മാറുകയാ.ഈ കേസിൽ നീതി കിട്ടില്ല.അതിലൊരാൾ നന്ദകുമാർ സാറിന്റെ മകനാണ്.

 

മറ്റൊരാൾ ബഷീർ കോയയുടെ മകനും.വെറുതെ കോടതിൽ കയറ്റി എന്റെ മോളെ ഇനിയും തേജോവധം ചെയ്യാൻ എനിക്ക് വയ്യ.നിങ്ങൾക്ക് പോകാം .ഇനി ഇങ്ങോട്ടു വരരുത്.”

 

“സാറിന്റെ വിഷമം എനിക്ക് നന്നായി അറിയാം,ഞാനൊരു അമ്മയല്ലേ.പക്ഷെ കുട്ടികൾക്ക് നീതി വേണ്ടേ.അവരെന്തു തെറ്റ് ചെയ്തു.അവരൊരു സ്ഥലം കാണാൻ പോയി .

 

ഈ ഭൂമി പെൺകുട്ടികൾക്കും അവകാശപെട്ടതല്ലേ. ഏതോ കാമഭ്രാന്തന്മാർ ചെയ്ത തെറ്റിന് കുട്ടികൾ എന്ത് പിഴച്ചു.ശരീരത്തിൽ മലമൂത്രങ്ങൾ ,ഉമിനീർ ഒക്കെ പറ്റിയാൽ നമ്മൾ നല്ല പോലെ തേച്ചുരച്ചു കുളിക്കും ,മാലിന്യങ്ങൾ നീക്കം ചെയ്യാൻ.

 

ഈ മാലിന്യങ്ങളും ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും നീക്കം ചെയ്യണം.കുട്ടികൾക്ക് നല്ല കൗൺസിലിങ് കൊടുക്കണം.അവന്മാർക്ക് ഞരമ്പ് രോഗത്തിന് ചികിത്സയും.”

 

“മതി നിർത്തൂ ,ഇപ്പോൾ ഇറങ്ങണം ഇവിടെ നിന്ന്.നിങ്ങൾക്ക് നിങ്ങളുടെ വഴി,എനിക്കെന്റെ വഴി.നിങ്ങളുടെ കേസ് വിജയിപ്പിക്കാൻ എന്റെ മകൾ വരില്ല.പോലീസ് അന്വേഷിച്ചാൽ എന്റെ മകൾ ആ സമയത്തു വീട്ടിൽ തന്നെയുണ്ടായിരുനെന്നു ഞാൻ പറയും.”

 

“താനൊക്കെ ഒരു ആണാണോ ,സ്വന്തം മകളെ സംരക്ഷിക്കാൻ പോലുമാവാത്ത ഒരച്ഛൻ .ലജ്ജ തോന്നുന്നു.സാർ പണ്ട് അമേരിക്കയിൽ നിന്നൊളിച്ചോടി,ഇപ്പോൾ ഇവിടെ നിന്നും ഒളിച്ചോടുന്നു.എന്തിനാ വച്ചിരിക്കുന്നത് അവളെ.കൊന്നു കളയൂ .”

 

ആദില ഹിബയുടെ കയ്യും പിടിച്ചു ആ വീട്ടിൽ നിന്നും പുറത്തിറങ്ങി.

 

“ഹിബാ ”

 

ലക്ഷ്മി ആയിരുന്നു അത്,അവളോടി വന്നു ഹിബയെ കെട്ടിപ്പിടിച്ചു.ആദിലയും അവളെ കെട്ടി പിടിച്ചു ആശ്വസിപ്പിച്ചു.നെറുകയിൽ ചുംബിച്ചു.

 

“മോള് പേടിക്കണ്ട ,ഈ ഉമ്മ ജീവനോടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് നീതി ലഭിക്കും.”

 

കേസന്വേഷണം പുരോഗമിക്കുന്നുവെന്നു പോലീസ് പറഞ്ഞെങ്കിലും പ്രതികളിലൊരാൾ മാത്രമേ അറസ്റ്റ് ചെയ്യപ്പെട്ടുള്ളു. അത് പെൺകുട്ടികളെ ഉപദ്രവിക്കാത്ത പയ്യനെ മാത്രമായിരുന്നു.

 

അതും ജനരോഷം പേടിച്ചു അറസ്റ്റ് ചെയ്തതാണ്.അഞ്ചു പേരുടെ ഗാങ്ങിൽ ദരിദ്രൻ അവന്മാത്രം ആയിരുന്നു.

 

പൈസക്കും കഞ്ചാവിനും വേണ്ടി ആസിഫ് കോയയുടെ കൂടെ കൂടിയവനായിരുന്നു അവൻ .അവനായിരുന്നു ഹിബയുടെ വായിൽ തുണി കുത്തി കയറ്റിയത്.പോലീസ് ചോദ്യം ചെയ്യലിൽ അവനാണ് പെൺകുട്ടികളെ ഉപദ്രവിച്ചതെന്നു മൊഴി കൊടുത്തു .

 

ആദില കേസിന്റെ പുറകെയായിരുന്നു.ഹിബ പിന്നെ പുറത്തിറങ്ങിയില്ല. ധൈര്യവതിയായ കുട്ടിയായിരുന്നു. ഇപ്പോൾ ഉറങ്ങാൻ പോലും ഉമ്മ അടുത്ത് വേണം.

 

എല്ലാം ശരിയാകും പതിയെ പതിയെ. മനഃശാസ്ത്രജ്ഞൻ അങ്ങനെയാണ് പറഞ്ഞതു. രാത്രിയിൽ വളരെ വൈകിയാണവൾ ഉറങ്ങുന്നത് ,ചെറിയ ശബ്ദങ്ങൾ പോലും അവളെ ഞെട്ടിയുണർത്തുന്നു.

 

“ഉമ്മാ ഉറങ്ങുമ്പോൾ ആ പൂച്ചക്കണ്ണനും താടിക്കാരനും എന്റെ സ്വപ്നങ്ങളിൽ വരുന്നു .അവരാണ് എന്റെ കിനാവുകൾ എല്ലാം പേക്കിനാവുകളാക്കി മാറ്റിയത്.എനിക്കൊരു തോക്കു സംഘടിപ്പിച്ചു തരാമോ ,ഞാനവരെ കൊല്ലും.

 

എനിക്കവരെ രണ്ടു പേരെയും കൊല്ലണം ഉമ്മാ.ആ ഫോർചൂണറുടെ ഉടമയെ കണ്ടു പിടിക്കണം. എന്നിട്ടെനിക്ക് സമാധാനമായി ഉറങ്ങണം.എന്റെ ഉമ്മ കോടതിയിൽ എനിയ്ക്ക് വേണ്ടി കേസ് വാദിക്കണം.”

 

“നമുക്ക് നിയമങ്ങളുണ്ട്.തെറ്റിന് ശിക്ഷ മറ്റൊരു തെറ്റല്ല.ഈ രാജ്യത്തെ പരമാധികാര കോടതി വരെ ഉമ്മ പോകും,മോള് കിടന്നുറങ്ങൂ.”

 

രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം ടി വി കണ്ടു കൊണ്ടിരുന്ന ഹിബ ഒരു സ്ക്രോളിംഗ് ന്യൂസ് കണ്ടു.യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിൽ.അയാളെ ആശുപത്രിയിൽ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ അവൾ ചാനലിലൂടെ കണ്ടു.

 

പൂച്ച കണ്ണുള്ള അവനെ ഹിബയ്ക്കൊരിക്കലും മറക്കാൻ സാധിക്കില്ല.അവളുടെ ഉറക്കം കെടുത്തുന്ന ആ കണ്ണുകൾ. അടുക്കളയിലായിരുന്ന ആദിലയെ അവൾ ആ ന്യൂസ് കാണിച്ചു.

 

“ഉമ്മ ഇതവനാണ്.ആ പൂച്ച കണ്ണൻ ,അവനാണ് എന്നെ ആദ്യം ഉപദ്രവിച്ചത്.”

 

ഹേമന്ത് നന്ദകുമാർ , എഞ്ചിനീയറിംഗ് വിദ്യാർത്ഥി. മാളിന്റെ പാർക്കിങ്ങിൽ ഗേൾ ഫ്രണ്ടിനെ കാത്തിരുന്ന അവന്റെ അടുത്ത് ആരോ എന്തോ സ്പ്രൈ ചെയ്തു മയക്കി.

 

പുറകിൽ നിന്നായതു കൊണ്ട് ആളെ അവൻ കണ്ടില്ല. അവനെയും കാറിലിട്ടു പോയ പ്രതി,റെയിൽവേ പാലത്തിന്റെ കീഴിൽ കാർ പാർക്ക് ചെയ്താണ് കൃത്യം നിർവഹിച്ചത്.മുറിച്ച അവയവം,സെൽ ഫോൺ ,കാറിൻ്റെ താക്കോൽ ഇവയൊന്നും കണ്ടു കിട്ടിയില്ല.

 

അവന്റെ ശരീരം മുഴുവൻ മദ്യത്തിൽ കുളിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തു. രാത്രിയിൽ ബോധം തെളിഞ്ഞ പ്രതി രാവിലെ വരെ അവശനായി കാറിൽ കിടന്നു.വെളുപ്പിന് പണിക്ക് അത് വഴി പോയ ജോലിക്കാരാണ് സംഭവം പോലീസിനെ അറിയിച്ചത്.

 

“ഉമ്മ ഇതാരാണ് ചെയ്തത്,ഇനി ലക്ഷ്മിയുടെ അച്ഛനെങ്ങാനും ആകുമോ?”

 

“പിന്നെ അയാളോ,ആ പേടിത്തൂറിയോ, ഒരിക്കലും അയാളാകില്ല .ഇവന്മാർ ഉപദ്രവിച്ച മറ്റാരെങ്കിലും ആകും.ദൈവം കൊടുത്ത ശിക്ഷയാകും.”

 

“എന്റെ മനസിനെന്തോ സന്തോഷം തോന്നുന്നു ഉമ്മ ,”

 

പിറ്റേന്ന് രാവിലെ വളരെ നേരത്തെ തന്നെ ഹിബ ഉണർന്നു.അവളാകെ മാറിയ പോലെ .

 

“ഉമ്മ ഞാനിന്നു മുതൽ കോളേജിൽ പോകുന്നു ,എത്രനാൾ എന്ന് വച്ചാണ് ഇങ്ങനെ വീട്ടിൽ തന്നെയിരിക്കുന്നത്.എനിക്കും ഒരു മാറ്റം വേണം.”

 

അവളുടെ ജീവിതം പഴയ പോലെ ആയപ്പോൾ അഡ്വക്കേറ്റ് ആദിലയും സന്തോഷിച്ചു .പക്ഷെ അവൾ ശരിക്കും ലക്ഷ്മിയെ മിസ് ചെയ്യുന്നതായി തോന്നി.പോലീസ് അന്വേഷണം നടക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും പ്രതികൾ ഒളിവിലാണ് എന്ന സന്ദേശമാണ് ഇപ്പോഴും ലഭിക്കുന്നത്.

 

അതിലേക്കു നീതിന്യായ വ്യവസ്ഥയോട് തന്നെ പുച്ഛം തോന്നി തുടങ്ങി. രാത്രിയിൽ ടി വി യുടെ മുന്നിൽ ഇരിക്കുമ്പോഴാണ് ,ഹിബയുടെ നിലവിളി കേൾക്കുന്നത്.

 

“ഉമ്മ ആ ന്യൂസ് കണ്ടോ ,ഇതവനാണ്,ആ താടിക്കാരൻ. വൃത്തികെട്ട ഗന്ധമുള്ളവൻ. അവന്റെയും പ്രത്യുല്പാദന അവയവം ആരോ നീക്കം ചെയ്തിരിക്കുന്നു.

 

ആരാണുമ്മ ഇവരെ പിന്തുടർന്ന് ഇങ്ങനെ ചെയ്യുന്നത്,ഉമ്മയാണോ.അതോ ആരെങ്കിലും കൊട്ടെഷൻ കൊടുത്തതാകുമോ.?”

 

“നീ ഒന്ന് മിണ്ടാതിരിക്ക്,ആരെങ്കിലും കേട്ടാൽ എന്താകും നമ്മുടെ അവസ്ഥ.എന്നെ പോലെ ഒരു സ്ത്രീക്ക് എന്ത് ചെയ്യാൻ കഴിയും.നമുക്ക് പരസ്പരം കെട്ടിപിടിച്ചു കരയാം എന്നല്ലാതെ.ന്യൂസ് മുഴുവൻ കാണട്ടെ .”

 

ബാറിൽ നിന്നും കൂട്ടുകാരുമായി മദ്യപിച്ചിറങ്ങിയ ആസിഫ് ബഷീർ കോയയുടെ പിറകിൽ കോട്ടു ധരിച്ച ആരോ ഉണ്ടായിരുന്നത്രെ .

 

കൂട്ടുകാർ പിരിഞ്ഞു പോയപ്പോൾ അയാൾ അയാളുടെ വെള്ള ഫോർച്ചൂണർ വണ്ടിയിൽ ബീച്ച് റോഡിലൂടെ ഡ്രൈവ് ചെയ്തു.അയാളുടെ വീട് ആ പ്രദേശത്തു അല്ലാത്തതിനാൽ അയാളുടെ ആ യാത്ര ദുരൂഹമെന്ന് പോലീസ്.റോഡിലെ വെളിച്ചം കുറവായ ഒരു ഭാഗത്തു അയാൾ വണ്ടി ഒതുക്കിയിട്ടു.

 

പിന്നെ എന്ത് സംഭവിച്ചു എന്നയാൾക്ക്‌ ഓർമയില്ല. രാവിലെ ജോലിക്കു പോയ മൽസ്യ തൊഴിലാളികളാണ് ഒഴിഞ്ഞു കിടക്കുന്ന കാറിനെയും അതിൽ രക്തം വാർന്നുപോയ നിലയിൽ ആസിഫിനെയും കണ്ടത്.

 

വണ്ടിയുടെ താക്കോലും മുറിച്ച അവയവവും അയാളുടെ മൊബൈലും മിസ്സിംഗ് ആയിരുന്നു. കുറ്റിക്കാട്ടിലും റോഡ് സൈഡിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് തെളിവുകളൊന്നും ലഭിച്ചില്ല.മുൻ എം ൽ എ യുടെ മകനാണ് ആസിഫ് , അതിനാൽ കേസ് ജനശ്രദ്ധ നേടുന്നു.

 

രാത്രിയിൽ ജനലിന്റെ അടുത്ത് ആരോ നടക്കുന്നപോലെ ഹിബയ്ക്കു തോന്നി.

 

“ഉമ്മ നമ്മുടെ മതിൽകെട്ടിൽ ആരോ ഉണ്ട്.”

 

ആദില അവളുടെ വാ പൊത്തി.

 

“പൊലീസാണ്,സന്ധ്യ മുതൽ അവർ നമ്മളെ വാച്ച് ചെയ്യുന്നു,നമ്മൾ നിരീക്ഷണത്തിലാണ്.സൂക്ഷിക്കണം.”

 

പിറ്റേന്ന് ആദില ഓഫീസിൽ പോയില്ല,ഹിബ ഒറ്റക്കായതാണ് കാരണം.അടുത്ത വീട്ടിലെ കാരണവർ ആദിലയെ ഫോണിൽ വിളിച്ചു പോലീസിന്റെ നിരീക്ഷണം അറിയിച്ചത് മുതൽ അവൾ പേടിയിലാണ്.

 

അദ്ദേഹം ഒരു പഴയ പൊലീസുകാരനാണ്. അയാളുടെ സർവീസ് സംബന്ധമായ കേസ് ആദിലയാണ് വാദിച്ചത്.അന്ന് മുതൽ അയാൾക്ക്‌ അവളോടൊരു കടപ്പാടുണ്ട്.

 

രണ്ടു സ്ത്രീകൾ മാത്രമുള്ള വീടാണ്.ആരെങ്കിലും അതിക്രമിച്ചു വന്നാൽ ആരും തുണയില്ല.അന്നത്തെ പകൽ വീട്ടിൽ തന്നെ ശ്വാസം മുട്ടി കഴിച്ചു കൂട്ടി.സന്ധ്യ സമയത്തു ഒരു ഇൻസ്പെക്ടറും മൂന്നാലു പോലീസുകാരും കയറി വന്നു.

 

“നിങ്ങളറിഞ്ഞില്ലേ ബഷീർ സാറിന്റെ മകന് സംഭവിച്ചത്?,അദ്ദേഹം ഭരണ കക്ഷിയിലെ സമുന്നതനായ നേതാവാണ്.അദ്ദേഹത്തിന്റെ സ്വാധീനം നിങ്ങൾക്കറിയാല്ലോ.ഇന്നലത്തെ സംഭവത്തിൽ നിങ്ങളുടെ പങ്കെന്താണ്? തുറന്നു പറയുന്നതാണ് നിങ്ങൾക്ക് നല്ലത്.”

 

“ഇന്നലത്തെ സംഭവത്തിൽ എനിക്ക് പങ്കൊന്നുമില്ല.പിന്നെ സ്ത്രീകൾ മാത്രമുള്ള ഒരു വീട്ടിൽ അസമയത്ത് കയറി വന്നത് തെറ്റ് ,നിങ്ങളുടെ കൂട്ടത്തിൽ ഒരു വനിതാ പോലീസ് കൂടിയില്ല.

 

ഞാൻ ഇതാദ്യം നിങ്ങളുടെ കമ്മീഷണറെ അറിയിക്കട്ടെ. ഇന്നലെ മുതൽ രണ്ടു പോലീസുകാർ മഫ്തിയിൽ എന്റെ വീടിനു ചുറ്റും ഉണ്ട്.ഇവിടെ ഞാനും മകളും മാത്രമാണ് താമസം.

 

ഞങ്ങളുടെ സുരക്ഷയെന്താണ്.ഞാൻ എല്ലാം ഫോട്ടോയെടുത്തു വക്കീലിനെ ഏല്പിച്ചിട്ടുണ്ട്. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരെങ്കിലും ഇതൊക്കെ അറിയണ്ടേ.എന്റെ മകൾക്കു നീതി ലഭിച്ചോ.പ്രതിക്ക് പറ്റിയ പരിക്ക് എന്നെ അലട്ടുന്നില്ല.”

 

“എല്ലാവർക്കും നിങ്ങളെയാണ് സംശയം അഡ്വക്കേറ്റ് ആദില.”

 

“എല്ലാവർക്കും? ആരാണ് സാർ എല്ലാവരും. വെറും സ്ത്രീയായ ഞാൻ അവരെ എന്ത് ചെയ്യാനാണ്?എന്റെ മകളുടെ കൂടെ പീഡനത്തിരയായ മറ്റൊരു പെൺകുട്ടിയുണ്ടല്ലോ ? ലക്ഷ്മി.അവളുടെ അച്ഛനെ എന്ത് കൊണ്ട് സംശയിക്കുന്നില്ല.

 

ഞാൻ സ്ത്രീയായത് കൊണ്ടല്ലേ പോലീസും അധികാരികളും എന്റെ നേരെ.ഞാൻ നാളെ വനിതാ കമ്മിഷനിൽ പോകും.ഞങ്ങളുടെ അവകാശങ്ങൾ എന്ത് കൊണ്ട് സംരക്ഷിക്കപെടുന്നില്ല എന്നെനിക്കറിയണം.”

 

പോലീസ് പോയി ഒരു മണിക്കൂർ കഴിഞ്ഞു ലക്ഷ്മിയുടെ അച്ഛന്റെ ഫോൺ വിളി വന്നു.

 

“നിങ്ങൾക്കിത് എന്തിന്റെ കേടാ ,എന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കില്ലേ.”

 

“ഞാൻ എന്റെ സംശയം പറഞ്ഞതല്ലേ.മകളെ ഇത്രയധികം സ്നേഹിക്കുന്ന ധീരനായ അച്ഛന്റെ പ്രതികാരമായി എനിക്ക് തോന്നി,നിങ്ങൾ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞാൻ സന്തോഷിച്ചേനെ.

 

ഇവന്മാരെ കൊണ്ട് ഇനി ഭൂമിയിൽ ഒരു പെണ്ണും ദുഖിക്കേണ്ടി വരില്ലല്ലോ. ഇവരുടെ ശല്യം കൊണ്ട് പൊരുതി മുട്ടിയ ധീരനായ ഏതോ അച്ഛൻ ചെയ്തതാകും.”

 

ആദില ഫോൺ കട്ട് ചെയ്തു.

 

ആ സംഭവങ്ങൾക്കു ശേഷം മകൾക്കു വന്ന മാറ്റം ആദിലയെ അത്ഭുതപ്പെടുത്തി.അവളിപ്പോൾ പഴയ പോലെ സ്കൂട്ടർ ഓടിച്ചു കോളേജിൽ പോകാൻ തുടങ്ങി .എല്ലാവരോടും പഴയ പോലെ ഇടപഴകാൻ തുടങ്ങി.അവളുടെ ആകെയുള്ള വിഷമം ലക്ഷ്മിയായിരുന്നു.

 

ലക്ഷ്മിയെ കയ്യും കാലും പിടിച്ചു വച്ച് വാ പൊത്തി ക്രൂരമായി ഉപദ്രവിച്ചവർ ഇപ്പോഴും സുരക്ഷിതമായി ഒളിവിൽ കഴിയുകയാണെന്ന് ഓർത്തപ്പോൾ അവൾക്കു നല്ല വിഷമം തോന്നി.മുൻപ് അവളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു പോലീസ് ഓഫീസർ ആകണമെന്നായിരുന്നു.

 

ഇപ്പോളവൾക്കു പോലീസിൽ വിശ്വാസമില്ലാതെയായി. പ്രതികൾ അധികാരവും പണവും ഉള്ളവരാകുമ്പോൾ അധികാര കേന്ദ്രങ്ങൾ അന്വേഷണത്തിൽ ഉഴപ്പും . തങ്ങളുടെ കേസിൽ ആദ്യം മുതലേ ഒരു നിസഹകരണം ഉണ്ടായിരുന്നു.

 

ഒരാഴ്ച കഴിഞ്ഞപ്പോൾ അത്ഭുതം സംഭവിച്ചു, ലക്ഷ്മിയും കോളേജിൽ വരാൻ തുടങ്ങി. അവളിപ്പോൾ ഒറ്റക്കാണ് ആരോടും അധികം സംസാരിക്കാറില്ല.രാവിലെ അച്ഛൻ കൊണ്ട് വിടും,വൈകിട്ട് വിളിച്ചു കൊണ്ട് പോകും.

 

ഇതിനിടയിൽ പുറത്തുണ്ടായിരുന്ന രണ്ടു പ്രതികളെയും ആരോ ആക്രമിച്ചു അവരുടെയും മുറിച്ച ജനനേന്ദ്രിയങ്ങളും മൊബൈൽ ഫോണും വണ്ടിയുടെ താക്കോലും നഷ്ടപ്പെട്ട് ,രക്തം വാർന്ന നിലയിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ നിന്നും ലഭിച്ചു.

 

വീണ്ടും അഡ്വക്കേറ്റ് ആദിലയെ പലപ്രാവശ്യം ചോദ്യം ചെയ്യാൻ പോലീസെത്തി.ആകെ അരക്ഷിതാവസ്ഥ . ആരൊക്കെയോ പുറകെയുള്ളതു പോലെ.വൈകുന്നേരം ആയാൽ വീട് പിടിക്കും .

 

മകൾക്കു നല്ല മാനസിക പിന്തുണ നൽകണം. ഹിബയുടെ കോളേജിൽ പോക്ക് മുടങ്ങാതിരിക്കാൻ അവൾ ആവും വിധം ശ്രമിച്ചു.ഏത് പ്രതിബന്ധങ്ങളെയും ധൈര്യമായി നേരിട്ട ആളാണ് ആദില. അതിന്റെ പരിശീലനം അവർ തന്റെ മകൾക്കും നൽകുന്നു.

 

പാതിരാത്രിയിൽ ആരോ വാതിൽ മുട്ടിയ കേട്ടാണ് ആദില ഉണർന്നത്,സമയം രണ്ടു മണി, ആരാകും ഈ സമയത്തു? .ചുറ്റും ശത്രുക്കൾ , ചതിക്കുഴികൾ.മകൾ കിടക്കുന്ന മുറി പുറത്തു നിന്നും പൂട്ടി,വാപ്പ സ്വയരക്ഷക്കു നൽകിയ ഇറാനിയൻ കത്തിയുമായി അവർ വാതിലിന്റെ അടുത്ത് വന്നു.

 

മെല്ലെ വാതിൽ തുറന്നു,തല മൂടി ഇരുട്ടിൽ മൂടി പുതച്ചു നിൽക്കുന്ന മൂന്ന് പേർ .അതിൽ രണ്ടു പേർ സ്ത്രീകൾ ആണെന്ന് മനസിലായി.കത്തി പുറത്തെടുത്തപ്പോഴേക്കും ലക്ഷ്മി ഓടിയെത്തി.

 

“ആദിലയാന്റി,ഒന്നും ചെയ്യല്ലേ,ഇത് ഞങ്ങളാണ്.ഞങ്ങളുടെ വീടിന്റെ മുന്നിൽ പൊലീസാണ്.പുറകു വശത്തെ വഴിയാണ് ഞങ്ങളെത്തിയത്.ആരും കണ്ടിട്ടില്ല.”

 

“അകത്തു വരൂ.”

 

ആദില ലക്ഷ്മിയെയും മാതാപിതാക്കളെയും അകത്തേക്ക് കയറ്റി വാതിലടച്ചു,

 

“നിങ്ങൾ അകത്തു പോകു,വക്കീലിനോട് എനിക്ക് തനിച്ചു സംസാരിക്കേണ്ടതുണ്ട്.”

 

സ്ത്രീകളെ അകത്തെ മുറിയിൽ വിശ്രമിക്കാനായി അയച്ചിട്ട് ആദില ലക്ഷ്മണന്റെ അടുത്തെത്തി.

 

“വക്കീലേ ,കൂടുതലൊന്നും പറയാനില്ല,നമുക്ക് രണ്ടു പേർക്കുമറിയാം എന്താ സംഭവിച്ചതെന്ന് ,നിങ്ങളുടെ മകളെ ഉപദ്രവിച്ചവർക്കുള്ള ശിക്ഷ നിങ്ങൾ കൊടുത്തു.

 

നിങ്ങളെ പോലൊരു സ്ത്രീക്ക് അതിനു കഴിയും . ഒരു സ്ത്രീയായ നിങ്ങൾ എന്നെ കളിയാക്കിയതും വെല്ലുവിളിച്ചതും എന്റെ കണ്ണ് തുറപ്പിച്ചു.എന്റെ മകളെ ഉപദ്രവിച്ചവർക്കുള്ള ശിക്ഷ ഞാനും കൊടുത്തു.

 

നിങ്ങൾ ഉപയോഗിച്ച അതെ മോഡസ് ഓപ്പറാണ്ടി. ഇപ്പോൾ എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിയുന്നു. ചിലപ്പോൾ പോലിസ് എന്നെ അറസ്റ്റ് ചെയ്യും. എല്ലാം ഞാൻ സധൈര്യം ഏറ്റു പറയും.നിങ്ങൾ ഒരിക്കലും ഉള്ളിലാകാൻ പാടില്ല.എന്റെ മകളെയും ഭാര്യയെയും എനിക്ക് ധൈര്യത്തോടെ ഏല്പിക്കാൻ നിങ്ങളേയുള്ളു.

 

നിങ്ങൾ അവരെ സംരക്ഷിക്കണം.ഒരു വക്കീലെന്ന നിലയിൽ നിങ്ങളുടെ കഴിവെനിക്കറിയാം.എന്നെ പുറത്തിറക്കാനും നിങ്ങൾക്കേ കഴിയൂ.സ്വന്തം പെണ്മക്കളെ സ്നേഹിക്കുന്ന ഏതൊരാളും ചെയ്യുന്നതേ നമ്മൾ ചെയ്തുള്ളു.”

 

“പക്ഷെ ഞാനാണ് അവരെ ശിക്ഷിച്ചതെന്ന കാര്യം നിങ്ങളോടാര് പറഞ്ഞു? ഞാനൊന്നും ചെയ്തിട്ടില്ല ”

 

“ആരും പറഞ്ഞില്ല ,പക്ഷെ നിങ്ങളുടെ കണ്ണിലെ തീ ഞാൻ കണ്ടതാണ്,അത് നിങ്ങൾക്ക് മാത്രമേ പറ്റൂ എന്നെനിക്കറിയാമായിരുന്നു, അതിനുശേഷം ഹിബ പഴയ പോലെ ജീവിതത്തിലേക്ക് വന്നപ്പോൾ ഞാൻ ഉറപ്പിച്ചു.

 

ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ നീതി നേടി.പക്ഷെ മകളെ സ്നേഹിക്കുന്ന അച്ഛന് ,സ്വന്തം മകൾക്കു നീതി നല്കാൻ പറ്റിയില്ല.അന്ന് ഞാൻ തീരുമാനിച്ചു.

 

നിങ്ങൾ തുടങ്ങിയത് ഞാൻ പൂർത്തീകരിക്കുമെന്നു.സമാധാന പാലകർ ആദ്യം നമ്മളെ ചതിച്ചു,ഇനി നീതിന്യായ കോടതികളും കൂടി കൈമലർത്തിയാൽ,പിന്നെ ഞാനും കുടുംബവും ആത്മഹത്യാ ചെയ്യേണ്ടി വരും.”

 

“നിങ്ങളാണ് ശരിയെന്നെനിക്കു തോന്നി.അത് തോന്നലല്ല.നിങ്ങളാണ് ശരി.കണ്ണിനു കണ്ണ് ,പല്ലിനു പല്ല്,പകരത്തിനു പകരം എന്ന സമ്പ്രദായം ശരിയല്ല.പക്ഷെ കുറ്റം ചെയ്യുക സംരക്ഷിക്കപ്പെടുക,അതും ശരിയല്ല.ഇനി ഇവർ ഒരു പെൺകുട്ടിയോടും അങ്ങനെ ചെയ്യാൻ മടിക്കട്ടെ.

 

പണത്തിന്റെയും അധികാരത്തിന്റെയും കളളിന്റെയും കഞ്ചാവിന്റെയും പിൻബലത്തിൽ പെണ്ണിനെ ഉപദ്രവിക്കുന്ന കുറെ പേരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ. പീഡനത്തിനിരയാകുന്ന കുട്ടികളുടെ പ്രിയപ്പെട്ടവർ നിയമം കയ്യിലെടുക്കണമെന്നല്ല.

 

നീതി ലഭിച്ചില്ലെങ്കിൽ ആരെങ്കിലുമൊക്കെ പ്രതികരിക്കുമെന്ന് അവർ അറിയട്ടെ.ഞാൻ പോലീസിൽ കീഴടങ്ങും. ഇവന്മാർ മുൻപും പെൺകുട്ടികളോട് ഇങ്ങനെ ചെയ്തിട്ടുണ്ട്. അതിന്റെ ഡീറ്റെയിൽസ് ഈ ഫയലിൽ ഉണ്ട്.

 

ഇത് വച്ച് വക്കീൽ വാദിക്കണം. ഞാൻ പുറത്തു വരുന്ന വരെ ഇവരെ സംരക്ഷിക്കണം.പിന്നെ എന്റെ ആരോഗ്യ പ്രശ്ങ്ങൾ ,അതിന്റെ ഡീറ്റെയിൽസ് അതിലുണ്ട്.അത് കണ്ടാൽ എന്റെ ശരീരത്തിൽ അവർ കൈ വയ്ക്കാൻ മടിക്കും.”

 

അയാൾ ഇരുട്ടത്ത് ഇറങ്ങി പോകുന്നത് നോക്കി ആദില നിന്നു. ഭാര്യയും മകളും വിതുമ്പുന്നത് കണ്ടിട്ട് അയാളൊന്നു തിരിഞ്ഞു നോക്കി. അവരെ ആശ്വസിപ്പിക്കാനായി ആദില അടുത്ത് ചെന്നു.തന്റെ സംരക്ഷണയിലുള്ള മറ്റു മൂന്ന് പെണ്ണുങ്ങളെ അവർ ചേർത്ത് പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *