മുദ്ര
(രചന: അഭിരാമി അഭി)
” ഇതിത്തിരി കൂടിപ്പോയില്ലേ വേദ്…… “പുറത്തേക്ക് പോകാനൊരുങ്ങി വന്നവനെ നോക്കി മേനോൻ ചോദിച്ചു.” അച്ഛനെന്താ ഉദ്ദേശിച്ചത് ??? ”
” അല്ല….. നിന്റെ ഭാര്യയായി , നിന്റെ കുഞ്ഞുങ്ങളുടെ അമ്മയായി ഈ തറവാട്ടിലുണ്ടാകണമെന്ന് നിന്റമ്മ സ്വപ്നം കണ്ട പെണ്ണാണ് മുദ്ര….. ആ അവളെത്തന്നെ നീ….. ”
മേനോന്റെ സ്വരമൊന്നിടറി.” അമ്മയുടെ ആ ആഗ്രഹം മനസ്സിലായത് കൊണ്ടല്ലേ അച്ഛാ ഞാനവളെത്തന്നെ തിരഞ്ഞെടുത്തത്? പിന്നെ എന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ വേണ്ടി അവളേയെന്റെ ഭാര്യയാക്കേണ്ട കാര്യമൊന്നുമില്ല.
നിങ്ങളുടെ ആഗ്രഹം പോലെ മുദ്ര തന്നെ എന്റെ കുഞ്ഞിനെ പ്രസവിക്കും. അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.
പക്ഷേ.. ഈ വേദിന്റെ ജീവിതത്തോടൊരു പെണ്ണിനെ ചേർത്തുവയ്ക്കാൻ മാത്രം അച്ഛനോ അമ്മയോ ആഗ്രഹിക്കരുത്. അത് നടക്കില്ല….. ”
പറഞ്ഞതും ആരെയും ശ്രദ്ധിക്കാതെ അവൻ പുറത്തേക്ക് പാഞ്ഞു.” മോനെ വേദ്…. ”
” വിളിക്കണ്ട അഞ്ജലി…… തെറ്റുപറ്റിയതെനിക്കാണ്…. നല്ല പ്രായം മുഴുവൻ ബിസിനസ് തിരക്കുകളുമായോടിനടന്ന് ജീവിതത്തേക്കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങിയപ്പോഴേക്കും പ്രായം നാൽപ്പതോടടുത്തിരുന്നു.
പക്ഷേ എന്നിട്ടും എന്റെ നല്ലപാതിയായി നിന്നെയെനിക്ക് കിട്ടി. പിന്നെയും ഒരു കുഞ്ഞിന്റെ പുഞ്ചിരി കാണുവാൻ നമ്മളേറെ കാത്തിരുന്നിട്ടുണ്ട്.
നീണ്ട കാത്തിരിപ്പിനൊടുവിൽ വേദിന് നീ ജന്മനൽകിയപ്പോൾ നമ്മളൊരുപാട് സന്തോഷിച്ചു.
എന്നിട്ട് പോലും എന്നേക്കാൾ മികച്ചയൊരു ബിസിനസുകാരനെ വാർത്തെടുക്കുന്നതിനിടയിൽ ജീവിതത്തിന്റെ മൂല്യങ്ങളവനെ പഠിപ്പിക്കാൻ ഞാൻ മറന്നുപോയി…. ”
ഭാര്യയെ തടഞ്ഞുകൊണ്ട് പറയുമ്പോൾ മേനോന്റെ സ്വരം ചിലമ്പിച്ചിരുന്നു.അപ്പോഴേക്കും ” ആര്യാട്ട് ” എന്ന് സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ആ കൂറ്റൻ ഗേറ്റ് കടന്ന് വേദിന്റെ കാർ പുറത്തേക്ക് പാഞ്ഞിരുന്നു.
” ഞാൻ…. ഞാനിനിയെന്താ വേണ്ടേ….??? ആ കുട്ടിയുടെ മുഖത്ത് ഞാനെങ്ങനെ നോക്കും ??? എന്താ ഞാനതിനോട് പറയേണ്ടത് ??? ”
അഞ്ജലി വേദനയോടെ ചോദിച്ചു.” പോട്ടെടോ നമുക്ക് വിധിച്ചിട്ടില്ല…. “പറഞ്ഞിട്ട് അയാൾ പതിയെ അകത്തേക്ക് നടന്നു.
” മകന്റെ വധുവായ് സ്വപ്നം കണ്ടവളാണ്…. ആ അവളുടെ ജീവിതം തന്നെയാണല്ലോ ഈശ്വരാ എന്റെ മകൻ വിലയ്ക്ക് വാങ്ങിയത്…… ”
ഏതൊക്കെയൊ ചിന്തകളിൽ വിറങ്ങലിച്ചിരിക്കുമ്പോഴും പദംപറഞ്ഞുള്ള അഞ്ജലിയുടെ വിതുമ്പൽ മേനോന്റെ കാതിനെയും മനസിനേയും ഒരുപോലെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
വൈകുന്നേരം വേദ് വരുമ്പോൾ ഒപ്പം അവളുമുണ്ടായിരുന്നു. മുദ്ര…… അവന്റെ പാതിയായി അഞ്ജലി മോഹിച്ചിരുന്ന അതേ പെണ്ണ്…..
കയ്യിലൊരു ചെറിയ ബാഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാരിയായിരുന്നു വേഷം. കുനിഞ്ഞ ആ മുഖത്ത് താനാദ്യം കണ്ടപ്പോഴത്തെ ആ പ്രസരിപ്പില്ലല്ലോയെന്ന് അഞ്ജലി വേദനയോടെ ഓർത്തു. പകരം ആ മുഖമാകെ വിഷാദഛായ പടർന്നിരുരുന്നു.
” വലതുകാലുവച്ച് കേറി വാ മോളെ…. “ഉള്ളിലെ മോഹമപ്പോഴുമതായിരുന്നത് കൊണ്ടോ എന്തോ അഞ്ജലി പറഞ്ഞുപോയി. അതുവരെ മുഖം
കുനിഞ്ഞു നിൽക്കുകയായിരുന്ന ആ പെണ്ണ് പെട്ടന്ന് മുഖമുയർത്തി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിലൊരുതരം നിന്ദ നിറഞ്ഞിരുന്നുവോ….
ആ മിഴികളെ നേരിടാൻ കഴിയാഞ്ഞിട്ടെന്ന പോൽ അഞ്ജലി പെട്ടന്ന് മുഖം കുനിച്ചു. മനസുകൊണ്ടവളുടെ പാദങ്ങൾ സ്പർശിച്ചത് കൊണ്ടാവാം അവരുടെ നോട്ടമൊരുനിമിഷമവളുടെ കാൽച്ചുവട് തേടിച്ചെന്നു.
” അകത്തേക്ക് ചെല്ല്…. എന്റെ കുഞ്ഞിന് നീ ജന്മം നൽകുന്നത് വരെയിനി നിന്റെ വീടിതാണ്. ആഹ് പിന്നെ…. നാളെ രാവിലെ റെഡിയായിരിക്കണം. ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്. ”
അരികിൽ കാഴ്ചക്കാരായുണ്ടായിരുന്ന മേനോനെയൊ അഞ്ജലിയെയോ ശ്രദ്ധിക്കാതെ അവൻ പറഞ്ഞതിന് ഒരു പാവകണക്കേ തലയനക്കി അവൾ സമ്മതമറിയിച്ചു.
പിന്നീടവിടെ നിൽക്കാതെ അവൻ മുകളിലേക്ക് കയറിപ്പോയി. മുകളിൽ അവന്റെ തൊട്ടരികിലെ മുറി തന്നെയായിരുന്നു മുദ്രക്കനുവദിച്ചിരുന്നത്.
മടിച്ചുമടിച്ചതിനുള്ളിലേക്ക് കയറുമ്പോൾ ഉള്ളിലൊരുക്കിയിരുന്ന സൗകര്യങ്ങളിലേക്കുറ്റുനോക്കി അവളൊന്നമ്പരന്നു. പിന്നെ പതിയെ നടന്നുചെന്ന് കട്ടിലിന്റെ തല ഭാഗത്തുണ്ടായിരുന്ന ജനാലവിരി നീക്കി വെറുതെ പുറത്തേക്ക് നോക്കി നിന്നു.
അകലെയെവിടെനിന്നോ വന്നൊരു തണുത്ത കാറ്റിലവളുടെ നേർത്ത മുടിയിഴകൾ പാറിപ്പറന്നു…. ഇലഞ്ഞിപ്പൂക്കളുടെ മത്തുപിടിപ്പിക്കുന്ന മണം സിരകളിൽ ഉന്മാദം നിറച്ചു…… ഒരുനിമിഷത്തേക്ക് എല്ലാം മറന്നവളങ്ങനെ നിന്നു.
” മോളെ….. “അഞ്ജലിയായിരുന്നു. ആ മിഴികളിൽ അപ്പോഴും കുറ്റബോധം നിറഞ്ഞിരുന്നു. ഒരു പൂമൊട്ടുപോലെ പവിത്രമായവളുടെ ജീവിതം കശക്കിയെറിയാൻ മടിച്ചിട്ടെന്നപോലെ അവർ വിതുമ്പി.
” മോൾക്ക് വേണമെങ്കിൽ ഈ നിമിഷം ഇവിടെ നിന്ന് പോകാം….. അമ്മയൊരിക്കലും നിനക്കിതിന് മനസറിഞ്ഞനുവാദം നൽകില്ല. കാരണം പെണ്മക്കളില്ലെങ്കിലും ഞാനുമൊരമ്മയാണ്…. അതിലുപരി സ്ത്രീയാണ്…. ഒന്നുകൂടി ആലോചിക്കെന്റെ മോള്…. ”
രക്ഷപെടാനവൾക്കായൊരവസാന വഴി തുറന്നുനൽകിക്കൊണ്ട് അഞ്ജലി പറഞ്ഞു.
” ഇല്ലമ്മേ….. ഇനിയൊന്നുല്ലെനിക്കാലോചിക്കാൻ…. അമ്മയോ പോയി. ഇനിയെന്റെ നേത്ര മോളെയെങ്കിലും എനിക്ക് വേണം. ഒരു ജന്മം മുഴുവൻ ഞങ്ങൾക്ക് വേണ്ടി ജീവിച്ചുതീർത്തതാ പാവമെന്റമ്മ….
പക്ഷേ കണ്മുന്നിൽകിടന്നമ്മ മരണത്തോട് മല്ലടിക്കുന്നത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കേണ്ടി വന്നവളാ ഞാൻ. അമ്മ കൂടി പോയതോടെ ഈ ഭൂമിയിൽ എനിക്കെന്ന് പറയാൻ ആകെയുള്ളതെന്റനിയത്തി മാത്രാ…. അവളെയെങ്കിലും എനിക്ക് വേണം. പക്ഷേ…..
പക്ഷേ അതിനിപ്പോ എന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരുവഴിയില്ല…പിന്നെ എന്റവസ്ഥ മുതലെടുത്ത് എന്റെ മാനത്തിന് വിലയിട്ടില്ലല്ലോ അമ്മേടെ മോൻ…. അതിൽ കൂടുതൽ സഹാനുഭൂതിയൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ലമ്മേ…. ”
സ്വന്തം കൂടപ്പിറപ്പിന്റെ ജീവന് വേണ്ടി തന്നേത്തന്നെ വിൽക്കാൻ മടിയില്ലാത്ത ആ പെണ്ണിനോടിനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ അഞ്ജലി പതിയെ ആ മുറി വിട്ടറങ്ങി.
ഒരിക്കൽ ക്ഷേത്രത്തിൽ വച്ചായിരുന്നു അവളെയാദ്യം കണ്ടത്. മുദ്ര….. ആദ്യകാഴ്ചയിൽ തന്നെ തന്റെ നെഞ്ചിലേക്ക് വലതുകാൽ വച്ച് കയറിയവൾ. ആ മോഹമായിരുന്നു അവളെക്കുറിച്ച് കൂടുതലറിയാൻ തന്നേ പ്രേരിപ്പിച്ചത്. ഒടുവിലറിഞ്ഞു.
അമ്മയുടെ തണലിൽ ജീവിച്ചിരുന്ന രണ്ട് പെൺകുട്ടികളിൽ മൂത്തവൾ. പക്ഷേ ആറുമാസങ്ങൾ മുൻപ് ബ്ലഡ് ക്യാൻസറിന്റെ രൂപത്തിൽ ആ അമ്മയെയും ദൈവം കവർന്നെടുത്തിരുന്നു.
എന്നിട്ടും പരീക്ഷണം മതിയാകാതെ ആ ഇളയ പെൺകുട്ടിയേയും കാർന്നുതിന്നുകൊണ്ടിരിക്കുകയായിരുന്നു ക്യാൻസർ . അവളെയെങ്കിലും രക്ഷപെടുത്താനുള്ള ഒട്ടത്തിലായിരുന്നു മുദ്ര…. അപ്പോഴും അലിവായിരുന്നില്ല അവളോട് തോന്നിയത്.
വല്ലാത്തൊരുതരം വാത്സല്യമായിരുന്നു.
ആ വാത്സല്യമായിരുന്നു അവളുടെ ഫോട്ടോയ്ക്കൊപ്പം അവൾ മതി തന്റെ മരുമകളെന്ന ആവശ്യവുമായി വേദിന്റെ മുന്നിലേക്കെത്താൻ കാരണവും.
പക്ഷേ എല്ലാപ്രതീക്ഷകളും തച്ചുടച്ചുകൊണ്ട് അവളെത്തന്നെ അവന്റെ കുഞ്ഞിനെ വയറ്റിൽ പേറാനുള്ള വെറും വാടക ഗർഭപാത്രമായവനുറപ്പിക്കുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ലല്ലോ….. ”
താഴേക്ക് നടക്കുമ്പോൾ അഞ്ജലി വെറുതെ ഓർത്തു. പാതിരാത്രിയോടടുത്ത് മ ദ്യ പിച്ച് ലക്ക് കെട്ടായിരുന്നു എപ്പോഴോ പോയ വേദ് തിരികെയെത്തിയത്.
വന്നപാടെ അവൻ നേരെ പോയത് മുദ്രയുടെ മുറിയിലേക്കായിരുന്നു. അപ്പോഴും കിടക്കമേൽ മുട്ടിൽ താടിയൂന്നി തന്റെ ജീവിതത്തിന്റെ ഗതി നോക്കി പകച്ചിരിക്കുകയായിരുന്നു ആ പെണ്ണ്.
” നീയുറങ്ങിയില്ലേ ഇതുവരെ ??? “അവളുടെ അരികിലേക്ക് ചെന്ന് കുഴഞ്ഞസ്വരത്തിൽ അവൻ ചോദിച്ചു.” ഉറക്കം വന്നില്ല….”
” ആഹ് വരില്ല….. കയ്യിലേക്ക് കിട്ടാൻ പോകുന്ന ലക്ഷങ്ങളോർക്കുമ്പോ എങ്ങനെ ഉറക്കം വരാനാ അല്ലേ….???? ”
പരിഹാസത്തോടെ ചിരിച്ചുകൊണ്ട് അവൻ ചോദിച്ചതും മുദ്ര മുഖമുയർത്തി അവനെ തുറിച്ചുനോക്കി.
” വേദ്….. ഞാൻ നിങ്ങളോട് പൈസ വാങ്ങുന്നുണ്ടെങ്കിൽ അത് എന്റെ ഗർഭപാത്രം പത്തുമാസത്തേക്ക് നിങ്ങൾക്ക് വിറ്റിട്ടാണ്….. അല്ലാതെ നിങ്ങളുടേ ഔദാര്യമല്ല. അതും എന്റെ ഗതികേട് കൊണ്ട് മാത്രം.
എന്നുകരുതി എന്തും പറഞ്ഞെന്നെ കുത്തി നോവിക്കാമെന്ന് കരുതണ്ട….. പിന്നെ ഈ പാതിരാത്രിയും എന്റെ മുറിയിലേക്ക് കയറിവരാൻ എന്റെ ഗർഭപാത്രം മാത്രമേ ഞാൻ നിങ്ങൾക്ക് വിറ്റിട്ടുള്ളു. ”
” എന്താടി നീ പറഞ്ഞുവരുന്നത്..???? “വീറോടെ പറഞ്ഞവളെ നോക്കി നിന്നവൻ കലിയോടെ പല്ലിറുമ്മി ചോദിച്ചു.” നിങ്ങളീനിമിഷം ഈ മുറിയിൽ നിന്ന് പുറത്തുപോണമെന്ന് തന്നെ….. ”
” പോവാടി അല്ലേലും നിന്റെ മേനിക്കൊഴുപ്പ് കണ്ട് വന്നതല്ല ഞാൻ ഈ മുറിയിലേക്ക്….. അതൊട്ടെനിക്ക് ആവശ്യവുമില്ല. എനിക്ക് വേണ്ടത് എന്റെ രക്തത്തിൽ പിറന്നൊരു കുഞ്ഞിനെ മാത്രമാണ്. അല്ലാതെ നിന്നെയല്ല…..കേട്ടോടീ ചൂലേ…. ”
പറഞ്ഞിട്ട് അവൻ വേഗത്തിൽ പുറത്തേക്ക് പോയി. അതുവരെ തടഞ്ഞുനിർത്തിയിരുന്ന മിഴിനീരിനെ സ്വതന്ത്രമാക്കിക്കൊണ്ട് അവൾ കിടക്കയിലേക്കുമിരുന്നു. നെഞ്ച് പൊട്ടും പോലെ തോന്നിയാ പെണ്ണിന്….
ഒരുനിമിഷം സകലതും വലിച്ചെറിഞ്ഞിറങ്ങിപ്പോയാലോന്ന് പോലും അവൾ ചിന്തിച്ചു.
പക്ഷേ നേത്രയെന്ന കൂടപ്പിറപ്പിന്റെ ദയനീയമായ മുഖം ഓർമ്മയിലേക്കോടിയെത്തവേ വീണ്ടും വേദ് എന്ന ബന്ധനത്തിലേക്ക് താൻ വലിച്ചെറിയപ്പെടുന്നതവളറിഞ്ഞു.
” ഇത് വേണോ മുദ്രാ….. കഴിയുമോ നിനക്ക് പത്തുമാസം ഉദരത്തിൽ പേറിയ ജീവനെ എല്ലാബന്ധങ്ങളുമറുത്തെറിഞ്ഞവന്റെ കയ്യിലേക്ക് വച്ചുകൊടുത്ത് തിരിഞ്ഞുനടക്കുവാൻ ???? നിന്റെ മാറ് ചുരത്തില്ലേ ??? നിന്റെ നെഞ്ച് പൊട്ടിപ്പോവില്ലെ ??? ”
അവൾ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു.” കഴിയും…. കഴിയണം….. ഞാൻ വെറുമൊരു വാടകഗർഭപാത്രം മാത്രമാണ്…. അമ്മ….. അമ്മയല്ല. അയാളുടെ കുഞ്ഞിനായി എന്റെ മാറ് ചുരത്തില്ല….. എന്നിലെ മാതൃത്വമുണരില്ല….
അപ്പോഴും ഒഴുക്ക് നിലയ്ക്കാത്ത മിഴികൾ വാശിയോടെ അമർത്തിത്തുടച്ച് തന്നേ തന്നെ ബോധിപ്പിക്കാനെന്നപോലെ അവളുടെ ഹൃദയം ആർത്തലച്ചു. മാതൃത്വമെന്ന മഹാഅത്ഭുതമറിയാതെ….. കാലമവൾക്കായ് കാത്തുവച്ചതെന്തെന്നറിയാതെ…..
പിറ്റേദിവസം വേദിനൊപ്പം തന്നെ ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി മുദ്രയും താഴേക്ക് വന്നു. രാത്രി മുഴുവനും കൊണ്ടൊഴുക്കിത്തീർത്ത കണ്ണീരിനെ ഓർമിക്കുന്നതായിരുന്നു അവളുടെ വീർത്ത കൺപോളകളും വരണ്ട അധരങ്ങളും.
അവർ പോകാനിറങ്ങുമ്പോൾ മേനോനും അഞ്ജലിയും പൂമുഖത്തുണ്ടായിരുന്നുവെങ്കിലും അവരിലും വല്ലാത്തൊരു മൗനം തളം കെട്ടിയിരുന്നു.
” ഇറങ്ങാം….. “അവൻ പറഞ്ഞെങ്കിലും ആരുമാരും മറുപടിയൊന്നും നൽകിയില്ല. അതുകൊണ്ട് തന്നെ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവൻ വേഗത്തിൽ പുറത്തേക്ക് നടന്നു. പിന്നാലെ തന്നെയൊരു പാവകണക്കെ മുദ്രയും.
അവന് പിന്നാലെ കാറിലേക്ക് കയറുമ്പോൾ അവൾ വെറുതേയൊന്ന് തിരിഞ്ഞുനോക്കി. ആ നോട്ടം തന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങുന്നത് പോലെ തോന്നി അഞ്ജലിക്ക്. പക്ഷേ ഒന്നും ചെയ്യാൻ ആ അമ്മയ്ക്കും കഴിയുമായിരുന്നില്ല.
അവർ നോക്കിനിൽക്കെ തന്നെ വേദിന്റെ കാർ ആര്യാട്ടെ ഗേറ്റ് കടന്നുപോയി. യാത്രയിലുടനീളം അവളെ മൗനം വിഴുങ്ങിയിരുന്നു. പക്ഷേ നേരെ മറിച്ച് വേദിന്റെ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരിക്കൊപ്പം ഏതോ ഒരു ഹിന്ദിപ്പാട്ടിന്റെ വരികളും സ്ഥാനം പിടിച്ചിരുന്നു.
ആവശ്യങ്ങൾക്കായി സ്വന്തം ഗർഭപാത്രം പോലും വിൽക്കാൻ മടിയില്ലാതെ അടുത്തിരിക്കുന്നവളോടവനൊരുതരം പുച്ഛമായിരുന്നുവെങ്കിലും അവൾ ജന്മം നൽകാൻ പോകുന്ന തന്റെ രക്തത്തിൽ പിറന്നൊരു കുരുന്നിന്റെ പുഞ്ചിരിയവൻ സ്വപ്നം കണ്ടിരുന്നു.
” മുദ്ര…. താൻ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഇങ്ങനെയൊരു തീരുമാനമെടുത്തത് ??? ”
വേദിനൊപ്പം തന്റെ മുന്നിൽ മുഖം കുനിച്ചിരിക്കുകയായിരുന്ന പെണ്ണിനോടായി ഡോക്ടർ അലോക് ചോദിച്ചു. മറുപടിയൊന്നും പറയാതെ അവൾ വെറുതേയൊന്ന് തലയനക്കുക മാത്രം ചെയ്തു. അത് കണ്ടതും വേദിലൊരു പുച്ഛം വിരിഞ്ഞു.
” അവളോക്കെയാണ് ഡോക്ടർ….. “” എനിക്കറിയേണ്ടത് മുദ്രയുടെ മറുപടിയാണ് വേദ്….. പറയൂ മുദ്ര…. വിവാഹം പോലും കഴിയാത്ത ഒരു പെൺകുട്ടിയാണ് താൻ അതുകൊണ്ടാണ് ഞാൻ വീണ്ടും ചോദിക്കുന്നത്. സാധാരണ ഗതിയിൽ തന്നെപ്പോലൊരു പെൺകുട്ടി ഒരിക്കലും ഇങ്ങനൊരു കാര്യത്തിന് തയാറാവില്ല. അതാണ് ഞാൻ വീണ്ടും…. ”
അലോക് വീണ്ടും ചോദിച്ചു.” എനിക്ക്…. എനിക്ക് സമ്മതമാണ് ഡോക്ടർ. “പെട്ടന്ന് തളർന്നതെങ്കിലും ഉറച്ചസ്വരത്തിൽ അവൾ പറഞ്ഞു. നിമിഷങ്ങൾകൊണ്ട് അവളിലുണ്ടായ ഭാവമാറ്റം നോക്കിയിരുന്നുകൊണ്ട് അലോക് വെറുതേയൊന്ന് മൂളി.
” മ്മ്ഹ്…. ഓക്കേ തന്റെ തീരുമാനം ഉറച്ചതാണെങ്കിൽപ്പിന്നെ ഞാനെന്ത് പറയാൻ. മുദ്രയകത്തേക്ക് ചെന്നോളൂ…… ”
ഡോക്ടർ പറഞ്ഞതും അവൾ പതിയെ എണീറ്റ് അയാൾ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് നടന്നു. മരുന്നിന്റെ മണമുള്ള വിറങ്ങലിച്ച കിടക്കയിൽ മുകളിലേക്ക് നോക്കിക്കിടക്കുമ്പോഴും എന്തിനെന്ന് പോലുമറിയാതെ അവളുടെ മിഴികൾ നിറഞ്ഞുതൂവിക്കൊണ്ടിരുന്നു.
പക്ഷേ നേത്രയെന്ന പതിനേഴുകാരിയുടെ മുഖം ഉള്ളിലേക്കോടിയെത്തിയതും ശരീരത്തിന്റെ ഭാരം കൂടിയൊരു പാഴ്ത്തടി പോലവളാ കിടക്കയിലമർന്ന് കിടന്നു.
അതിവേഗമായിരുന്നു മൂന്നുമാസങ്ങൾ കടന്നുപോയത്. അപ്പോഴേക്കും വേദിന്റെ തുടിപ്പുകൾ മുദ്രയിൽ പൂവിട്ടിരുന്നു.
ആ വാർത്ത ആര്യാട്ട് എല്ലാവരിലും സന്തോഷം നിറച്ചു. അഞ്ജലിയും മേനോനും പോലും എല്ലാം മറന്ന് അവൾ ജന്മം നൽകാൻ പോകുന്ന കുഞ്ഞുജീവനെ സ്വപ്നം കണ്ടുതുടങ്ങി. വേദിന്റെ സന്തോഷം അതിനൊക്കെയും മുകളിലായിരുന്നു.
പക്ഷേ ഉള്ളിൽ പേറുന്ന ജീവനെയോർത്ത് പ്രത്യേകിച്ചൊരു വികാരങ്ങളും ഉടലെടുത്തിരുന്നില്ല മുദ്രയിൽ എന്നത് എല്ലാവരിലും വല്ലാത്തൊരു അത്ഭുതം തന്നെയായിരുന്നു.
ഒരു ഗർഭിണിയുടേതായ എല്ലാ അസ്വസ്ഥതകളും അവൾക്കുണ്ടായിരുന്നു. പക്ഷേ അപ്പോഴും വല്ലാത്തൊരു മൗനമായിരുന്നു അവളിൽ.
ഒരിക്കൽ പോലും അവളുടെ കൈകൾ സ്വന്തം ഉദരത്തെയൊന്ന് തഴുകാൻ പോലും മുതിർന്നില്ല. അത്രത്തോളം താനുള്ളിൽ പേറുന്ന ജീവനോട് മനസുകൊണ്ട് അകലാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരോ നിമിഷവും അവൾ.
പക്ഷേ ഒരോ നിമിഷവും അവൾക്കും അവളുദരത്തിൽ പേറുന്ന കുഞ്ഞിനും അവളോളം അല്ലെങ്കിൽ അതിനും മുകളിൽ ശ്രദ്ധ കൊടുത്തിരുന്നു വേദ്.
അവൾക്കായി ഒരോ ചെറിയ കാര്യങ്ങളും അത്രമേൽ ശ്രദ്ധയോടെ ചെയ്യുന്നവനിൽ പഴയ വേദിനെ തിരയുമായിരുന്നു പലപ്പോഴും അഞ്ജലി. അത്രമേൽ ആ പെണ്ണിൽ ശ്രദ്ധയൂന്നിയിരുന്നു അവൻ.
മാസങ്ങൾ ദ്രുതഗതിയിൽ കടന്നുപോയി. മുദ്രക്കിത് ഒൻപതാം മാസമാണ്. അതുകൊണ്ട് തന്നെ എപ്പോഴുമൊരു നിഴൽ പോലെ അഞ്ജലിയവൾക്കൊപ്പമുണ്ടായിരുന്നു.
അവളുടെ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ നോക്കിയും വയറിലെ തുടിപ്പുകൾ വീക്ഷിച്ച് വെറുതെ തലോടിയും ” മോളെപ്പോലൊരു സുന്ദരി മോളായിരിക്കും ഇതും… ” എന്ന അഞ്ജലിയുടെ വാക്കുകൾ കേൾക്കുമ്പോൾ മാത്രം അവളിൽ നേർത്തൊരു പുഞ്ചിരി വിടരാറുണ്ടായിരുന്നു.
ദിനങ്ങളധിവേഗം കടന്നുപോയിക്കോണ്ടിരുന്നു. മുദ്രയുടെ ഡെലിവറി ഡേറ്റിന് ഏതാണ്ടൊരാഴ്ച ബാക്കിനിൽക്കെയൊരു വൈകുന്നേരമായിരുന്നു അവൾക്ക് പെയിൻ തുടങ്ങിയത്.
ഡേറ്റ് അടുത്തിരുന്നത് കൊണ്ട് തന്നെ ലീവെടുത്ത് അവൾക്ക് ചുറ്റുമുണ്ടായിരുന്ന വേദ് തന്നെയായിരുന്നു വേദന കൊണ്ട് ബെഡിൽ കിടന്നുപുളഞ്ഞിരുന്ന ആ പെണ്ണിനെ വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.
ഹോസ്പിറ്റലിലെത്തി തിയേറ്ററിലേക്ക് കയറ്റിയ ശേഷവും ആ ഗ്ലാസ് ഡോറും കടന്ന് അവളുടെ നിലവിളി വേദിന്റെ കാതുകളെ തുളച്ചുകൊണ്ടിരിന്നു.
സമയം ഒച്ചിനേപ്പോലെയിഴഞ്ഞ് നീങ്ങി.
ഒടുവിൽ ആ വാതിൽ തുറന്നുപുറത്തേക്ക് വന്ന അലോകിന്റെ കയ്യിൽ ടവ്വലിൽ പൊതിഞ്ഞ ഒരു ചോരകുഞ്ഞുണ്ടായിരുന്നു.
” പെൺകുട്ടിയാണ്….. “താൻ മാറോട് ചേർത്തുപിടിച്ചിരുന്ന…. ഒരു റോസാപ്പൂവിതൾ പോലെ മനോഹരമായി മിഴികൾ പൂട്ടിയുറങ്ങുകയായിരുന്ന ആ കുഞ്ഞുജീവനെ വേദിന്റെ കയ്യിലേക്ക് വച്ചുകൊടുക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അലോക് പറഞ്ഞു.
എന്തുകൊണ്ടൊ ആ കുരുന്നിനെ മാറോടുചേർത്ത് നെറ്റിയിൽ മുത്തമിടുമ്പോൾ വേദിന്റെ മിഴികൾ നീർഗോളങ്ങളായിരുന്നു. അവന്റെ ഹൃദയം വല്ലാത്ത വേഗതയിൽ മിടിച്ചിരുന്നു.
” വേദ് നിങ്ങൾക്ക് ഇനി പോകാം…. കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നേഴ്സ് പറഞ്ഞുതരും. അവൾ മിടുക്കിയാണ് വേറെ കോംപ്ലിക്കേഷൻസൊന്നുമില്ല. അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോകാം…. ”
അവനെ ശ്രദ്ധിക്കാതെ നേഴ്സ് കൊണ്ടുവന്ന ഏതോ ഫയലിൽ മുഖം പൂഴ്ത്തിക്കൊണ്ടാണ് അലോക് അത് പറഞ്ഞത്.
” മുദ്ര….. ”പെട്ടന്നായിരുന്നു വേദിന്റെ ചോദ്യം.” പേടിക്കണ്ട വേദ്…. തേടിവരില്ലവളിനി തന്നെയോ തന്റെ കുഞ്ഞിനെയോ. ജന്മം കൊടുത്ത കുഞ്ഞിനെയൊന്ന് കണ്ടിട്ടുപോലുമില്ലവൾ…. എന്തിനേറെ പറയുന്നു അതാണാണോ പെണ്ണാണോന്ന് പോലും അവൾക്കറിയില്ല.
ഒരു പ്രാവശ്യമെങ്കിലുമൊന്ന് മു ല പ്പാല് കൊടുക്കാൻ പോലും അവൾ തയ്യാറായില്ല…… അതുകൊണ്ട് അവളെക്കൊണ്ടിനിയൊരു പ്രശ്നമുണ്ടാകുമെന്ന് കരുതി താൻ പേടിക്കണ്ട. ധൈര്യമായി കുഞ്ഞിനേയും കൊണ്ട് പൊക്കോളൂ…. ”
അമ്പരന്ന് നിന്നവനെ നോക്കി പറഞ്ഞിട്ട് അലോക് അകത്തേക്ക് പോകാൻ തിരിഞ്ഞു. അലോകിന്റെ വാക്കുകളുടെ ശക്തിയിൽ ഉലഞ്ഞുപോയിരുന്ന അവനെ തന്റെ കയ്യിലിരുന്ന് ചിണുങ്ങിത്തുടങ്ങിയ കുഞ്ഞിന്റെ സ്വരം പോലും സ്പർശിച്ചില്ല.
” ആഹ് പിന്നെ വേദ്…. “ഡോർ തുറന്നുപിടിച്ച് തിരിഞ്ഞ് നിന്നുകൊണ്ട് അലോക് വീണ്ടും വിളിച്ചു.” ആഹ്….. എന്….എന്താ ഡോക്ടർ ??? ”
” മുദ്രയൊരു കാര്യം കൂടി തന്നോട് പറയാൻ പറഞ്ഞേൽപ്പിച്ചിരുന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയാലുടൻ അവളീ നാട്ടിൽ നിന്ന് തന്നെ പോകുമെന്ന് പറയാൻ പറഞ്ഞു. പിന്നെ അവൾടനിയത്തിയുടെ ഓപ്പറേഷൻ കഴിഞ്ഞു…..
ഇപ്പൊ പ്രശ്നങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ താനവൾക്ക് കൊടുക്കാനുള്ള ബാക്കി പണമിനിയവൾക്ക് ആവശ്യമില്ലെന്നും പറഞ്ഞിട്ടുണ്ട്. ശെരിയെങ്കിൽ…. ”
പറഞ്ഞിട്ട് അലോക് അകത്തേക്ക് തന്നെ പോയി. അപ്പോഴും കേട്ടകാര്യങ്ങളുടെ അമ്പരപ്പിൽ തന്നെയായിരുന്നു വേദ്. അലോകാണെങ്കിൽ കുറച്ചുമിനിറ്റുകൾ മുൻപ് മുദ്ര പറഞ്ഞ വാക്കുകളുടെ ആഴങ്ങൾ തേടുകയായിരുന്നു.
” മുദ്ര….. മുദ്രാ…. “” മ്മ്ഹ്…. മ്മ്….. കു…. ഞ്… ഞ്…. “ഡോക്ടർ അലോകിന്റെ സ്വരമേതോ ഗുഹാമുഖത്തുനിന്നെന്നപോലെ കേട്ട് മിഴികൾ തുറക്കാതെ തന്നെ ഞരങ്ങിക്കൊണ്ട് അവളുടെ അധരങ്ങൾ മന്ത്രിച്ചു.
” കണ്ണ് തുറന്നെ മുദ്ര…. ഇപ്പൊ വേദന തോന്നുന്നുണ്ടൊ…. ??? “അവളുടെ കവിളിൽ പതിയെ തട്ടി അലോക് മൃദുവായ് ചോദിച്ചു. അപ്പോഴേക്കും കണ്ണീരിൽ കുതിർന്ന തളർന്ന മിഴികളെങ്ങനെയൊക്കെയോ വലിച്ചുതുറന്നിരുന്നു അവൾ.
” എന്തൊരുറക്കാഡോ….. എത്ര നേരായി ഞാൻ വിളിക്കുന്നു. ഇപ്പൊ എങ്ങനെയുണ്ട്…… സിസ്റ്റർ….. ”
ചിരിയോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞ ഡോക്ടർ ആരെയോ വിളിച്ചു. പക്ഷേ പെട്ടന്നായിരുന്നു അവളുടെ കൈകൾ അയാളുടെ കൈത്തണയിൽ മുറുകിയത്.
” വേണ്ട ഡോക്ടർ…. “” ഏഹ്….. തനിക്ക് കുഞ്ഞിനെ കാണണ്ടേ ???? “” വേണ്ട ഡോക്ടർ…. എനിക്ക് കാണണ്ട. “ഉറച്ചതായിരുന്നു അവളുടെ മറുപടി.
” മുദ്ര….. താൻ…. താനെന്തൊക്കെയാ ഈ പറയുന്നത് ??? “” ഡോക്ടറ് കേട്ടത് തന്നെയാണ് ഞാൻ പറഞ്ഞത്. ഞാൻ നൊന്തുപ്രസവിച്ച എന്റെ കുഞ്ഞിനെയെനിക്ക് കാണണ്ട ഡോക്ടർ…. അതിനെയൊന്ന് തൊടണ്ട….
മാറോട് ചേർക്കണ്ടാ….. ഒരുമ്മ കൊടുക്കണ്ടാ…. ആ നാവിലേക്കൊരിറ്റ് മു ല പ്പാലിറ്റിക്കണ്ട….. എന്റെ കുഞ്ഞ് ആണാണോ പെണ്ണാണോന്ന് പോലുമെനിക്കറിയണ്ടാ…. ”
അത്രയുമായപ്പോഴേക്കും ഒരു തേങ്ങലിന്റെ അലകൾ അവളുടെ വാക്കുകളിൽ വിറയൽ പടർത്തിയിരുന്നു.” മുദ്രാ !!!!!! ”
” ഈ കുഞ്ഞുദരത്തിൽ നാമ്പിട്ടിതുമുതൽ മറ്റാരുടെയോ സ്വത്തിന്റെ താൽക്കാലികമായ സൂക്ഷിപ്പുകാരി മാത്രമാണ് ഞാനെന്ന് എന്നേ തന്നെ വിശ്വസിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.
കുറച്ചുനിമിഷങ്ങൾ മുൻപ് വരെ എന്റെ മനസതനുസരിച്ചിരുന്നു. പക്ഷേ….. പക്ഷേയിപ്പോ കഴിയുന്നില്ല ഡോക്ടറെനിക്ക്….
എന്റെ ജീവൻ പറിഞ്ഞുപോകുമെന്ന അവസ്ഥയിൽ ജീവിതത്തിന്റെ മുനമ്പ് വരെ പോയി എന്റെ കുഞ്ഞിന് ജന്മം കൊടുത്ത നിമിഷം മുതൽ മനസെന്റെ പിടിവിട്ടുപോകുന്നു.
പറ്റുന്നില്ലെനിക്ക്. അതുകൊണ്ട് എനിക്ക് കാണണ്ട ഡോക്ടർ…… കണ്ടുപോയാൽ….. ഈ നെഞ്ചിലൊന്ന് ചേർത്തുപോയാൽ പിന്നെന്റെ കൈവിട്ടുപോകുമ്പോ എനിക്ക് ഭ്രാന്ത് പിടിച്ചുപോകും…..
എന്റെ പ്രാണനെ ആർക്കും വിട്ടുകൊടുക്കാനെനിക്ക് കഴിഞ്ഞുവെന്ന് വരില്ല ഡോക്ടർ……ഇതുവരെ ആണോ പെണ്ണൊയെന്നറിഞ്ഞല്ലല്ലോ എന്റെ കുഞ്ഞിനെ ഞാൻ ഹൃദയത്തിൽ പേറിയിരുന്നത്….
ഇനിയുമതെനിക്കറിയണ്ട. ചിലപ്പോൾ മോനേന്നോ മോളെന്നോ ഒരു വിളി തൊണ്ടയിൽ കുടുങ്ങുമ്പോൾ തേടിച്ചെന്ന് പോയാലോ ഞാൻ….ഒന്നും…. ഒന്നും വേണ്ട ഡോക്ടർ…. മാതൃത്വം പോലും വിറ്റ ഈ അമ്മയുടെ മാറിലെ ചൂരെന്റെ കുഞ്ഞറിയണ്ട….. അത് വേദിന്റെ മാത്രം സ്വത്തായിരിക്കട്ടെ…. ”
വാക്കുകൾ നേർത്ത് ചുണ്ടുകൾ കടിച്ചുപിടിച്ച്….. വിരലുകൾ കിടക്കയിലള്ളിപ്പിടിച്ച് ഭ്രാന്തമായലറിക്കരഞ്ഞ ആ പെണ്ണിനെയോർത്തെടുക്കെ അലോകിന്റെ മിഴിക്കോണിലുമൊരുറവപൊട്ടി.
മൂന്നുവർഷങ്ങൾക്ക് ശേഷം.
” അലൈഡ ” എന്ന വലിയ ബോർഡ് വച്ച ഗേറ്റ് കടന്ന് വേദിന്റെ കാർ അകത്തേക്ക് വന്നു. മൂന്ന് വർഷങ്ങൾ അവനെയൊരുപാട് മാറ്റിമറിച്ചിരിക്കുന്നു. ഇന്നവൻ ബിസിനസ് മാഗ്നെറ്റ് വേദ് മഹാദേവ് മാത്രമല്ല.
സ്നേഹനിധിയായ ഒരച്ഛൻ കൂടിയാണ്. കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ കണ്ടു പുറത്തേക്ക് വന്ന ഏകദേശം ഇരുപത്തൊന്ന് വയസ് വരുന്ന പെൺകുട്ടിയെ.
” നേത്ര….. “അവന്റെ ചുണ്ടുകൾ വിറച്ചു.” എന്നെങ്കിലുമൊരിക്കൽ സാറെത്തുമെന്ന് ഞാൻ വെറുതേയെങ്കിലും വിചാരിക്കുമായിരുന്നു. ”
നേർത്ത പുഞ്ചിരിയോടെ അവന്റെയരികിലേക്ക് വന്നുകൊണ്ട് അവൾ പറഞ്ഞു.
” മുദ്ര…. ???? “വിറയാർന്ന സ്വരത്തിൽ അവൻ ചോദിച്ചു.” അകത്തുണ്ട്…. ചേച്ചിയുടെ ഒരു ഫ്രണ്ടിന്റെയാണ് ഈ സ്ഥാപനം. .
ഡെലിവറി കഴിഞ്ഞ് ഡിസ്ചാർജ് ആയപ്പോ എന്നേം കൂട്ടി നേരെ ഇങ്ങോട്ടാണ് വന്നത്. ഓട്ടിസം ബാധിച്ച അനാഥരായ നൂറോളം കുഞ്ഞുങ്ങളുണ്ടിവിടെ. അവർക്കൊക്കെ ചേച്ചിയാണിന്നമ്മ….. ”
അവൾ പറഞ്ഞത് കേട്ട് വേദ് വെറുതേയൊന്ന് പുഞ്ചിരിച്ചു.” എനിക്ക്…. എനിക്കൊന്ന് കാണാൻ പറ്റുമോ ??? “കുറച്ചുനിമിഷം മൗനമായി നിന്നിട്ട് അവൻ പതിയെ ചോദിച്ചു.
” സാറകത്തേക്ക് കയറിയിരിക്ക് ഞാൻ ചേച്ചിയെ വിളിക്കാം…. “” വേണ്ട മോളെ ഞാനിവിടെ നിന്നോളാം…. ”
അവൻ പറഞ്ഞത് കേട്ട് പിന്നീട് നിർബന്ധിക്കാൻ നിൽക്കാതെ അവളകത്തേക്ക് പോയി. കുറച്ചുനിമിഷങ്ങൾ കഴിഞ്ഞതും പിന്നിലൊരു കാൽപെരുമാറ്റം കേട്ടാണ് വേദ് തിരിഞ്ഞുനോക്കിയത്.
അവൾ…. മുദ്ര !!!! വലിയ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല അവളിൽ. കോട്ടൺ സാരിയായിരുന്നു വേഷം. വിഷാദഛായയാർന്ന അതേ നീല മിഴികൾ…..
അവളും പ്രതീക്ഷിക്കാത്ത അഥിതിയെക്കണ്ട് തറഞ്ഞ് നിൽക്കുകയായിരുന്നു അപ്പോൾ. അത് കണ്ട് രംഗമൊന്നയക്കാനെന്ന പോലെ അവളുടെ നീല മിഴികളിലേക്ക് നോക്കി
അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചു. ഒരു നിമിഷത്തെ പകപ്പ് മാറിയപ്പോൾ അവൾ പതിയെ സ്റ്റെപ്പുകളിറങ്ങി അവനരികിലേക്ക് ചെന്നു.
” മുദ്രാ….. ”കാറ്റുപോലും ശബ്‌ദിക്കാതെ മൗനമായ് കടന്നുപോയ നിമിഷങ്ങൾക്കൊടുവിൽ അവൻ വിളിച്ചു.
” ഞാൻ…. നമ്മുടെ….. “” മുഖവുര വേണ്ട വേദ്…. പറഞ്ഞോളൂ…”അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.
” ഈ മൂന്ന് വർഷങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും നമ്മുടെ കുഞ്ഞിനെയൊന്ന് കാണണമെന്ന് നിനക്ക് തോന്നിയിട്ടില്ലേ മുദ്രാ…???? അമ്മേയെന്നൊരു വിളി കേൾക്കാൻ നിന്റെയുള്ളം മോഹിച്ചിട്ടില്ലേ ??? ”
അവളുടെ മിഴികളിലേക്ക് തന്നെ നോക്കിയായിരുന്നു അവന്റെ ചോദ്യം.” എന്റെ സ്ഥാനത്തേക്കുറിച്ചെനിക്കുത്തമ ബോധ്യമുണ്ട് വേദ്….. അതുകൊണ്ട് തന്നെ അതിമോഹങ്ങളൊന്നുമെനിക്കില്ല….”പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
” മുദ്ര….. ഞാൻ വന്നത്….. തെറ്റുകൾ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളു നിന്നോടും അത് തന്നെയാണ് ചെയ്തത്. നിന്റെ നിസ്സഹായതയും ഒരു ബിസിനസുകാരന്റെ കൗശലത്തോടെ ചൂഷണം ചെയ്യുകയായിരുന്നു ഞാൻ. മാപ്പ് പറയാൻ അർഹതയില്ല…..
പക്ഷേ…. ഞാനിപ്പോ വന്നത് എന്റെ കുഞ്ഞിനവളുടെ അമ്മയെ തിരികെ വേണം…. അമ്മയാഗ്രഹിച്ച മരുമകളെ…. മകന്റെ കുഞ്ഞിന്റമ്മയെ തിരിച്ചുതരാമെന്ന വാക്കെന്റമ്മയ്ക്കും കൊടുത്തിട്ടാ ഞാൻ വന്നത്. വന്നൂടെ നിനക്കെന്റെയൊപ്പം ???? എന്റെ കുഞ്ഞിന്റെമ്മയായി…. എന്റെ ഭാര്യയായി…
ചോദിക്കുമ്പോൾ അവന്റെ സ്വരം നന്നേ നേർത്തിരുന്നു.” തമാശ പറഞ്ഞതാണോ വേദ്…..വാടകയ്‌ക്കെടുത്ത…. മാതൃത്വം വരെ വിൽക്കാൻ മടിയില്ലാത്ത ഒരുത്തിയെത്തന്നെ വേണോ നിങ്ങൾക്ക് ഭാര്യയാക്കാൻ ??? നിങ്ങടെ കുഞ്ഞിന്റെ അമ്മയാക്കാൻ ??? ”
” മുദ്ര അവളെന്റെ മാത്രം കുഞ്ഞല്ല നിന്റേതുകൂടിയാണെന്ന് നീ മറക്കരുത്….”ഒരു താക്കീതിന്റെ സ്വരത്തിൽ പറയുമ്പോൾ അവന്റെ സ്വരമല്പം ഉയർന്നിരുന്നു.
” മതിയാക്ക് വേദ്….. പത്ത് ലക്ഷം രൂപയ്ക്ക് സ്വന്തം ഗർഭപാത്രം വരെ വിൽക്കാൻ തയാറായവളെന്ന് ഒരിക്കൽ നിങ്ങൾ പരിഹസിച്ചിരുന്ന അതേ മുദ്ര തന്നെയാണ് ഞാൻ ഇന്നും. എന്റെ ഇന്നലകൾ എന്നിൽ തന്നെ കുഴിച്ചുമൂടിയതാണ് ഞാൻ…..
പിന്നെ നൂറോളം കുഞ്ഞുങ്ങളുണ്ട് ഇവിടെ. അച്ഛനമ്മമാർ ഉപേക്ഷിച്ച…..ദൈവത്തിന്റെ വികൃതികളായ ഒരുകൂട്ടം കുഞ്ഞുങ്ങൾ….
ഉദരത്തിൽ പേറിയിട്ടില്ലെങ്കിലും അവർക്കൊക്കെയും ഞാൻ മാത്രമാണ് അമ്മ. വിശേഷബുദ്ധിയില്ലാത്ത ഈ കുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് മുന്നിൽ ജീവിതമെനിക്ക് നൽകിയ ആ മുറിവിനെ ഞാൻ മനഃപൂർവം മറക്കുകയാണ്. അതിനി നിങ്ങളായി വൃണപ്പെടുത്തരുത് വേദ്….. ”
തൊഴുകൈകളോടെ പറഞ്ഞിട്ട് നിറഞ്ഞുവന്ന മിഴികൾ അവനിൽ നിന്നും മറച്ചുകൊണ്ട് അവളകത്തേക്ക് പോകാൻ തുനിഞ്ഞു.
” മുദ്രാ….. ഒരുനിമിഷം…. “പെട്ടന്നായിരുന്നു അവൻ വിളിച്ചത്. തിരിഞ്ഞുനോക്കുകയോ മറുപടിയെന്തെങ്കിലും പറയുകയോ ചെയ്തില്ലെങ്കിലും അവൾ നിശ്ചലമായവിടെത്തന്നെ നിന്നു.
” വിശേഷബുദ്ധിയില്ലാത്ത നൂറോളം കുഞ്ഞുങ്ങൾക്ക് നീയമ്മയാണ് സമ്മതിക്കുന്നു. പക്ഷേ ഞാൻ ഒരേയൊരു കുഞ്ഞിന്റെ അച്ഛനാണ്. ജന്മനാ അരക്ക് താഴേക്ക് ചലനശേഷിയില്ലാത്ത സ്വന്തം മകൾക്ക് വേണ്ടി അവളുടെ പെറ്റമ്മയുടെ മുന്നിൽ യാചിക്കാൻ വന്ന അച്ഛൻ…..
നൂറുകണക്കിന് കുഞ്ഞുങ്ങൾക്കമ്മയാവാനുള്ള തിരക്കിനിടയിൽ പകുതി മരിച്ച എന്റെ കുഞ്ഞിനവളുടമ്മയെ ഒരുനോക്ക് കാണാനുള്ള അവകാശമെങ്കിലും നിഷേധിക്കരുത് നീ….. ഒരച്ഛന്റെ അപേക്ഷയാണ്….. ”
വേദിൽ നിന്നുതിർന്ന ആ വാക്കുകൾ കേട്ടതും ചങ്ക് പൊട്ടുന്നത് പോലെ തോന്നി അവൾക്ക്.” എന്റെ….. എന്റെ കുഞ്ഞ്…. ”
ഒരു നിലവിളിയവളുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. ചലിക്കാൻ പോലും മറന്ന ഒരു നിമിഷത്തിന് ശേഷം അവന് നേരെ തിരിയുമ്പോൾ ഒരായിരം ചോദ്യങ്ങളവളിൽ കൂടുകൂട്ടിയിരുന്നു.” എന്റെ…. എന്റെ മോളെ…. എനിക്ക്…. എനിക്കൊന്ന് കാണിച്ചുതാ….. ”
തൊഴുകൈകളോടെ പറയുന്നവളുടെ നിസ്സഹായതയിൽ അവന്റെ നെഞ്ചുമൊന്ന് പിടഞ്ഞു. പിന്നെ പതിയെ കൈ നീട്ടി കാറിന്റെ ബാക്ക് ഡോർ വലിച്ചുതുറന്നു.
അതിനുള്ളിൽ ചെറിയ വീൽചെയറിൽ ഇരുന്നിരുന്ന മൂന്ന് വയസുവരുന്ന പെൺകുഞ്ഞിലേക്ക് ആർത്തിയോടെ നോക്കുമ്പോൾ നെഞ്ച് പൊട്ടിപ്പോകുമെന്ന് തോന്നി മുദ്രക്ക്.” മോളേ….. ”
ഒരു വിലാപം പോലെ വിളിച്ചുകൊണ്ട് കുഞ്ഞിനെ വാരിയെടുത്തവൾ മാറോട് ചേർത്തു. ആർത്തിയോടെ ആ കുഞ്ഞിമുഖത്തും തലയിലുമെല്ലാം ഉമ്മകൾ കൊണ്ട് മൂടി.
എത്രയൊക്കെ ചുംബിച്ചിട്ടും മതിയാവാത്തത് പോലെ…. ഇനിയിരിക്കലും കൈവിടാൻ വയ്യെന്ന് ഹൃദയമലമുറയിടുമ്പോഴും ആ കുരുന്നിനെ മാറോടമർത്തിപ്പിടിച്ചവൾ.
” മ്മ…. അ…. മ്മ…”ആ കുരുന്നിന്റെ കുഞ്ഞി ചുണ്ടുകളിൽ നിന്നുമാ അക്ഷരങ്ങൾ പുറത്തേക്ക് വന്നതും കണ്ണീരിനിടയിലും നിർവൃതിയോടവൾ പുഞ്ചിരിച്ചു.” ആ…. ആണ്… പൊന്നിന്റമ്മയാ…. വേദ് എന്റെ…. എന്നേ അമ്മ…. വേദ്…. ”
കണ്ണീരിനിടയിലും പുഞ്ചിരിയോടെ മുറിഞ്ഞുപോയ വാക്കുകൾകൊണ്ട് അത്യാഹ്ലാദത്തോടെ പറയുന്നവളെ നോക്കി അവനും പുഞ്ചിരിച്ചു. നിറമിഴികളോടെ…. പിന്നെ പതിയെ അവളെയും അവളുടെ കയ്യിലിരിക്കുന്ന പൊന്നോമനയേയും ഒരുമിച്ച് തന്നിലേക്കണച്ച് പിടിച്ചു അവൻ.
ഒരു കൈ കൊണ്ട് കുഞ്ഞിനേയും മാറോട് ചേർത്ത് മറുകൈ കൊണ്ടവനെ ഇറുകെ പുണർന്ന് ആ മാറിലേക്ക് തല ചായ്ച്ചു അവളും. അതുകണ്ട് വരാന്തയിലും മറ്റുമൊക്കെ ഇരുന്നിരുന്ന ദൈവത്തിന്റെയാ മാലാഖകുഞ്ഞുങ്ങളും പുഞ്ചിരിച്ചു. ഒരു പ്രാർത്ഥനപോലെ….